Translate

Sunday, March 22, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്


ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക, മാർച്ച് 11, 2020 ബുധനാഴ്ച്ച നടത്തിയ ഇരുപത്തിയഞ്ചാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ യോഗത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികംപേർ പങ്കെടുത്തു. മോഡറേറ്റർ ശ്രീ എ സി ജോർജിൻറെ ആമുഖത്തിനുശേഷം മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ ആർച്ച്ഡയോസിസൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (Archdiocesan Movement for Transparency)-യുടെ സ്പോക്സ് പേഴ്സൺ ശ്രീ ഷൈജു ആൻറണി (Shyju Antony) ആയിരുന്നു. വിഷയം: ‘എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും’. വിഷയാവതാരകൻ ശ്രീ ഷൈജു ആൻറണിയെ ടെലികോൺഫെറൻസിൽ സംബന്ധിച്ചവർക്ക് ചാക്കോ കളരിക്കൽ പരിചയപ്പെടുത്തി. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി കച്ചവടത്തെക്കുറിച്ച് ചർച്ച ചെയ്യാൻ  കെസിആർഎം നോർത് അമേരിക്ക കാണിച്ച വലിയ മനസ്സിനെയും കേരള സഭയ്ക്കുവേണ്ടി സംഘടന ചെയ്തുകൊണ്ടിരിക്കുന്ന മഹനീയ പ്രവർത്തനങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് ശ്രീ ആൻറ്റണി തൻറെ വിഷയാവതരണം ആരംഭിച്ചത്.

എറണാകുളം-അങ്കമാലി ഭൂമി കച്ചവടത്തിൽ വിവാദം സൃഷ്ടിക്കാനുള്ള അടിസ്ഥാന കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു രൂപതയെ ഭരിക്കുന്ന മെത്രാന് കാനോൻ നിയമം അനുവദിച്ചുകൊടുക്കുന്നത് അതി ഭയങ്കര അധികാരമാണ്. നിയമനിർമാണം, നിയമനിർവഹണം, നിയമവ്യാഖ്യാനം (Legislative, Executive, and Judiciary) എന്നീ മൂന്ന് അധികാരങ്ങളും ഒരു രൂപതാമെത്രാനിൽ നിഷിപ്തമായിരിക്കുന്നു. പണ്ട് രാജാക്കന്മാരും ചക്രവർത്തിമാരും കൈയ്യാളിയിരുന്ന മേല്പറഞ്ഞ മൂന്ന് അധികാരങ്ങളും ഇന്ന് ലോകത്ത് ഒരു അധികാരിക്കും ഉണ്ടായിരിക്കുകയില്ല, മെത്രാന്മാരൊഴിച്ച്. പഴയ ആ ഭരണരീതിയെ ഇന്ന് ജനാധിപത്യഭരണം മാറ്റിസ്ഥാപിച്ചിരിക്കുന്നു. സഭാംഗങ്ങൾക്ക് മെത്രാനോട് അമിത വിധേയത്വം ഉണ്ടാകാൻ കാരണം മെത്രാനിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങളാണ്. കൂടാതെ അവരെ വിശുദ്ധരായും സഭാപൗരർ കാണുന്നു. മെത്രാന്മാരും സാധാരണ മനുഷ്യരാണെന്നും അവർക്കും തെറ്റുപറ്റാമെന്നും സഭാംഗങ്ങൾ മനസ്സിലാക്കുന്നില്ല. മേല്പറഞ്ഞ കാരണങ്ങൾകൊണ്ട് മെത്രാൻ ചെയ്യുന്ന തെറ്റായ കാര്യങ്ങളെ ചോദ്യം ചെയ്യപ്പെടാറില്ല. ഇനി ആരെങ്കിലും ഏതെങ്കിലും വിഷയത്തിൽ മെത്രാനെ ചോദ്യം ചെയ്‌താൽ അത് അവിടെവെച്ചുതന്നെ തീർന്നു പോകുകയേ ഉള്ളൂ. അതിന് കാരണമുണ്ട്. ഒരു മെത്രാൻ തെറ്റുചയ്താൽ പുനർ വിചാരണ അപേക്ഷ കൊടുക്കേണ്ടത് ആ തെറ്റുചയ്തതും ആ തെറ്റിന്മേൽ വിധികല്പിക്കാൻ അധികാരമുള്ളതുമായ മേത്രാനു തന്നെയാണ്; മറ്റാർക്കുമല്ല.

എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു വില്പനയിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റോം നിയമിച്ച അന്വേഷണ സമതിയുൾപ്പെടെ എല്ലാ സമിതികളും സമ്മതിച്ചിട്ടുണ്ട്. അന്വേഷണ സമിതികളുടെ റിപ്പോർട്ടിൽ പറയുന്നതിൻറെ ഇരട്ടി നഷ്ടമാണ് യഥാർത്ഥത്തിൽ അതിരൂപതയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ സീറോ മലബാർ സഭയുടെ പെർമനെൻറ് സിനഡിനെയാണ് റോം നിയമിച്ചത്. അഞ്ച് മെത്രാപ്പോലീത്തമാർ ഉള്ള പെർമനെൻറ് സിനഡിൻറെ അധ്യക്ഷൻ കുറ്റാരോപിതനായ കർദിനാൾ ആലഞ്ചേരിതന്നെയാണ്. അദ്ദേഹത്തിൻറെ അടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത്.  അദ്ദേഹം തന്നെയാണ് അന്തിമ തീരുമാനമെടുക്കാൻ ഉത്തരവാദപ്പെട്ട ആളും. കർദിനാൾ ആലഞ്ചേരി ചെയ്ത തെറ്റിന് അദ്ദേഹം അധ്യക്ഷനായ പെർമനെൻറ് സിനഡിൻറെ പക്കൽ പരാതിപ്പെട്ടാൽ എന്തായിരിക്കും സംഭവിക്കുന്നതെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളു. ഈ തലതിരിഞ്ഞ രീതിയാണ് നമ്മുടെ സിസ്റ്റം! യഥാർത്ഥത്തിൽ കർദിനാൾ ആലഞ്ചേരി ഒരു പ്രതീകം മാത്രമാണ്. ആലഞ്ചേരി പോയാൽ വേറൊരു മെത്രാപ്പോലീത്ത ആ സ്ഥാനത്തുവരും. ക്യൂരിയ, ഫിനാൻസ് കമ്മറ്റി, ആലോചനാസമതി എന്നുവേണ്ട എല്ലാ നൈയ്യാമിക സമതികളുടെയും അധ്യക്ഷൻ രൂപതാ മെത്രാനാണ്. മെത്രാന്മാർക്ക് പരമാധികാരം കല്പിച്ചുകൊടുക്കുന്ന സിസ്റ്റമാണ് ഈ വിഷയത്തിലെ വില്ലൻ.

എറണാകുളം-അങ്കമാലി അതിരൂപതയുടെ വസ്തു വില്പന യോഗത്തിലെ മിനിറ്റ്സിൽ കർദിനാൾ ആലഞ്ചേരി പല നിർദേശങ്ങളും വച്ചതായി കാണാം. യോഗകാര്യങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ എടുത്തതിനാൽ വിയോജിപ്പുള്ളവർക്ക് ഒന്നും പുറത്തു പറയാൻ സാധിച്ചില്ല. അഴിമതി നടക്കുന്നത് കൺമുമ്പിൽ കണ്ടാലും സമിതി അംഗങ്ങൾക്ക് അത് പുറത്തുപറയാൻ പാടില്ല. എറണാകുളം-അങ്കമാലി അതിരൂപത ഫിനാൻസ് സമതിയിൽ  നാല് പ്രഗത്ഭരായ അല്മായർ ഉണ്ടായിരുന്നു. കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയ അവർ മറ്റു പോംവഴികൾ ഒന്നും കാണാതെ വന്നതിനാൽ ഒടുവിൽ സമതിയിൽനിന്നും രാജിവെച്ചുപോയി. രഹസ്യം സൂക്ഷിക്കണമെന്നുള്ള പ്രതിജ്ഞയാണ് അവർ രാജിവെയ്ക്കാനുള്ള കാരണം. ഗുരുതരമായ തെറ്റുകണ്ടൽപോലും പുറത്തുപറയാൻ പാടില്ല. അതാണ് സഭയുടെ ഇപ്പോഴത്തെ സംവിധാനം. അതുകൊണ്ട് പ്രബുദ്ധരായ സഭാംഗങ്ങൾ നിലവിലുള്ള സഭാ ഭരണ സംവിധാനത്തെ പഠിക്കുകയും ഭാവിയിൽ അടിസ്ഥാനപരമായി സഭാ ഭരണ നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുകയുമാണ് വേണ്ടത്. അപ്രകാരമൊരു മാറ്റം സംഭവിക്കാതെ സഭയിൽ നവീകരണം അഥവാ നവോത്ഥാനം ഉണ്ടാകാൻ പോകുന്നില്ല. രണ്ടാം വത്തിക്കാൻ കൗൻസിലിനുശേഷം പുറത്തിറക്കിയ കാനോൻ നിയമത്തിലെ സഭാഭരണ കാര്യത്തിൽ മെത്രാന്മാർക്കു നൽകുന്ന പരമാധികാരത്തെ പുനർപരിശോധിക്കേണ്ടതാണ്.

സീറോമലബാർ സഭയുടെ പ്രത്യേക നിയമം (particular law) ഉണ്ടാക്കി പ്രസിദ്ധം ചെയ്ത കർദിനാൾ ആലഞ്ചേരിതന്നെയാണ് അതിലെ ആർട്ടിക്കിൾ 214 ലംഘിച്ച്‌ വസ്തുകച്ചവടം നടത്തിയത്. 25 കോടിയിൽ കൂടിയ വസ്തുവില്പനയാണെങ്കിൽ പെർമനെൻറ് സിനഡിൻറെ അംഗീകാരം ആവശ്യമാണ്. ആ അംഗീകാരം വാങ്ങാതെ മാർ ആലഞ്ചേരി വസ്തുവിറ്റ് അദ്ദേഹംതന്നെ കൈയ്യൊപ്പുവെച്ച സീറോ മലബാർ സഭയുടെ പ്രത്യേക നിയമത്തെ നഗ്നമായി ലംഘിച്ചു. കാനോൻ നിയമത്തിൻറെ ലംഘനവും ആ വസ്തു കച്ചവടത്തിൽ ഉടനീളം സംഭവിച്ചിട്ടുണ്ട്. അത്ഭുതകരമായ പണനഷ്ടമാണ് ആ കച്ചവടത്തിൽ സംഭവിച്ചിരിക്കുന്നത്. ആധാരത്തിൽ പൈസ കൈപ്പറ്റിയെന്ന് എഴുതിവെച്ചെങ്കിലും ഒരു രൂപപോലും അതിരൂപതയുടെ കണക്കിൽ വന്നിട്ടില്ല. ആധാരം നടന്നപ്പോൾ മൂന്നുകോടിയിൽപരം തുക വാങ്ങാൻ മറന്നുപോയി എന്നാണ് മാർ ആലഞ്ചേരിയുടെ വിശദീകരണം. പത്തിരുപത്തിനാല് മാസമായിട്ട് എന്തുകൊണ്ട് ആ പൈസ വാങ്ങിയില്ല എന്നുചോദിക്കുമ്പോൾ നിങ്ങൾ കൊണ്ടുപോയി കോടതിയിൽ കേസു കൊടുക്ക്; ഞാൻ കോടതിയോട് മറുപടി പറഞ്ഞോളാം എന്ന ധാർഷ്ട്യഭാവത്തിലുള്ള മറുപടിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നിയമത്തെ ഏതുവിധത്തിലും വളച്ചൊടിക്കാൻ ഒരു മെത്രാന് സാധിക്കും എന്നതിൻറെ തെളിവാണ് നാമിവിടെ കാണുന്നത്. അതിരൂപതയുടെ വസ്തുക്കൾ വിറ്റ് കടം വീട്ടാനുള്ള ആലോചനയ്ക്കായി 2016-ൽ ഫിനാൻസ് കമ്മറ്റി കൂടി. എന്നാൽ  അതിനുമുന്നേ പത്തൊൻപത് ആധാരങ്ങളുടെ രജിസ്ട്രേഷൻ നടന്നുകഴിഞ്ഞു എന്ന ഗൗരവതരമായ തെറ്റും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. ഭൂമികച്ചവടത്തിലെ വസ്തുതാപരമായ തെറ്റുകൾ കാനോൻ നിയമപ്രകാരവും സിവിൽ നിയമപ്രകാരവും ക്രിമിനൽ നടപടിപ്രകാരവും തെറ്റുകൾ തന്നെയാണ്. ഒരു കമ്മറ്റിക്കും ആ തെറ്റുകൾ മറച്ചുവയ്ക്കാൻ സാധിക്കുകയില്ല. അത്രയ്ക്കും വ്യക്തവും കൃത്യവുമായ തെറ്റുകളാണ് വസ്തുവില്പനയിൽ സംഭവിച്ചിരിക്കുന്നത്. നാലഞ്ചു കേസുകളിലെങ്കിലും മാർ ആലഞ്ചേരിയോട് നേരിൽ ഹാജരായി പ്രോസിക്കൂഷന് വിധേയമാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വാധീനമുപയോഗിച്ച് സ്റ്റേവാങ്ങി തല്കാലത്തേയ്ക്ക് അദ്ദേഹം പിടിച്ചുനിൽകുകയാണ്. ഈ വിഷയത്തിൽ പൊതുജനം മനസ്സിലാക്കേണ്ടത് ഒരൊറ്റ കേസിൽപോലും കഴമ്പില്ല എന്ന് ഒരു കോടതിയും ഇതുവരെയും അഭിപ്രായപ്പെട്ടിട്ടില്ല എന്ന വസ്തുതയാണ്.

കേരള സർക്കാരിൻറെ നികുതിവകുപ്പ് ആറുമണിക്കൂറോളം മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മൂന്നരക്കോടി രൂപ നികുതി വകുപ്പിന് അതിരൂപത പിഴയടക്കേണ്ടിവന്നു.

സഭയുടെ പണം ഉപയോഗിച്ച് പ്രഗത്ഭരും വമ്പിച്ച ഫീസ് ഈടാക്കുന്നവരുമായ  വക്കീലന്മാരെവച്ച് കേസു നടത്താൻ കർദിനാൾ ആലഞ്ചേരിക്ക് കഴിയും. മേൽക്കോടതികളിൽ അപ്പീലിനുപോകാനും സഭയ്ക്ക് പണമുണ്ട്. കേസുമായിപോകുന്ന സാധാരണ സഭാംഗങ്ങളുടെ സാമ്പത്തികസ്ഥിതി മോശവുമാണല്ലോ. അതുകൊണ്ട് അവരുടെ വക്കീലന്മാർ സാധാരണ വക്കീലന്മാരുമായിരിക്കും. ഹൈകോടതിയിലേയ്‌ക്കോ സുപ്രീംകോടതിയിലേയ്‌ക്കോ കേസുമായി പോകാൻ സാധാരണക്കാർക്ക് സാധിക്കുകയുമില്ല. ഒരു സാധാരണ സഭാപൗരന് നിയമപരമായിപോലും സഭാധികാരികളുടെ കുറ്റകൃത്യങ്ങളെ നേരിടാൻ സാധിക്കയില്ല എന്ന യാഥാർത്ഥ്യമാണ് നാമിവിടെ മനസ്സിലാക്കേണ്ടത്. അതീവ ഗുരുതരവും, നഗ്നവുമായ ക്രമക്കേടുകളും നിയമ ലംഘനങ്ങളും വസ്തു വിൽപ്പനയിൽ നടന്നിട്ടുണ്ട് എന്ന കാര്യം പകൽപോലെ വ്യക്തമായിട്ടുപോലും മാർ ആലഞ്ചേരി തൻറെ സ്ഥാനത്തുനിന്നും തല്കാലത്തേയ്‌ക്കെങ്കിലും മാറിനിൽക്കാൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു വില്പനയിൽ സംഭവിച്ച ക്രമക്കേടുകളും കാനോൻ-സിവിൽ-ക്രിമിനൽ മിയമലംഘനങ്ങളും ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ക്രിസ്ത്യൻ സഭകൾക്കുവേണ്ടി ചർച്ച് ട്രസ്റ്റ് ബില്ലുപോലുള്ള സിവിൽ നിയമങ്ങൾ സർക്കാർ മുൻകൈയെടുത്ത് നടപ്പിലാക്കേണ്ടതാണ്.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചോദ്യോത്തരങ്ങളും ചർച്ചയും നടക്കുകയുണ്ടായി. ശ്രീ ഷൈജു ആൻറണിക്ക് ഈ വിഷയത്തിലുള്ള ആഴമായ അറിവ് വിഷയാവതരണത്തിലും കോൺഫെറൻസിൽ പങ്കെടുത്തവരുടെ ചോദ്യങ്ങളുടെ വിശദീകരണത്തിലും പ്രകടമായിരുന്നു.         ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ അദ്ദേഹത്തെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ശ്രീ ആൻറണിക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് ഏപ്രിൽ 08, 2020 (April 08, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് റിട്ടയേർഡ് പ്രഫ. ഡോ. എം. കെ. മാത്യു (Dr. M. K. Mathew) ആയിരിക്കും. വിഷയം: മതങ്ങളുടെ മനഃശാസ്ത്രം.

No comments:

Post a Comment