Translate

Wednesday, October 21, 2020

വേണം നമുക്ക് ഒരു പത്രം, ഒരു ടിവി ചാനൽ!

 ജോർജ് മൂലേച്ചാലിൽ

(എഡിറ്റോറിയൽ, സത്യജ്വാല 2020 ഒക്ടോബർ) 

ഇതെഴുതുന്ന സെപ്റ്റംബർ 25-ന്, ചർച്ച് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബഹു. യൂഹാനോൻ റമ്പാച്ചൻ നിരാഹാരമാരംഭിച്ചിട്ട് 38 ദിവസമാകുന്നു! എന്നിട്ടും കേരളത്തിന്റെ മുഖ്യധാരയിലുള്ള പത്രങ്ങളോ ടിവി ചാനലുകളോ ഈ സംഭവം അറിഞ്ഞിട്ടില്ല! ഈ സമരത്തെ, അദ്ദേഹം നിരാഹാരം കിടക്കുന്ന മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിലെ അധികൃതരെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമർത്തുന്ന ഭരണകൂടഭീകരതയും കേരളത്തിലെ മാധ്യമഭീമന്മാരുടെ കണ്ണിൽപ്പെടുന്നില്ല! ക്യാമറയോടുകൂടിയ സന്ദർശനങ്ങൾക്ക്  വിലക്ക് കൽപ്പിച്ച്, റമ്പാച്ചനെ കാണുവാനോ സംസാരിക്കുവാനോ ഉള്ള സാമാന്യമായ അവകാശം മാധ്യമങ്ങൾക്കുൾപ്പെടെ നിഷേധിച്ചതുപോലും, ഈ മാധ്യമസ്വാതന്ത്ര്യവാദികൾ അറിഞ്ഞിട്ടില്ല! അത് ആശുപത്രിക്കകത്തെ കാര്യം; ആശുപത്രിക്ക് പുറത്ത്, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടുതന്നെ ആയിരത്തോടടുത്ത് ചർച്ച് ആക്ട് പ്രവർത്തകർ, മൂവാറ്റുപുഴ ടൗണിൽ ഏറ്റവും സമാധാനപരമായി പ്രകടനം നടത്തുകയും, നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുസമ്മേളനം നടത്തുകയും ചെയ്തിട്ടും ഒരു ചാനലിന്റെയും ക്യാമറക്കണ്ണുകൾ അതു കണ്ടില്ല! സെപ്റ്റംബർ 16-ന് പ്രാർത്ഥനാ ധർണ്ണയ്ക്കായി ഒരുക്കിയ പന്തൽ പോലീസ് സേനയെത്തി പൊളിച്ചുമാറ്റുകയും പ്രവർത്തകരെ അറസ്റ്റ്‌ചെയ്ത് അതിക്രൂരമായി വലിച്ചിഴച്ച് ജയിലിലടയ്ക്കുകയും ചെയ്തതും ഇവർക്കൊന്നും വാർത്തയായില്ല! അങ്ങനെ, അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാംതന്നെ കാറ്റിൽപറത്തിയിരിക്കുന്നു!

ഗാന്ധിജിയുടെ ഇന്ത്യയിൽ സത്യഗ്രഹസമരത്തിനും സഹനസമരത്തിനും ഇത്ര വിലയില്ലാതായോ? 'നിങ്ങളെന്തെങ്കിലും അക്രമം കാണിക്കൂ'; അല്ലെങ്കിൽ, 'നിങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടു വരൂ, ഞങ്ങൾ ക്യാമറാക്കണ്ണുകൾ തുറന്ന് ഓടിയെത്താം;  വാർത്തയാക്കാം, ചാനൽ ചർച്ചകളും നടത്താം' എന്നു ചോരക്കൊതിയോടെയും മാംസക്കൊതിയോടെയും പറയാതെ പറയുകയാണോ കേരളത്തിലെ പത്രങ്ങളും ചാനലുകളും?

എന്തായാലും ഇവിടത്തെ ക്രൈസ്തവസമൂഹത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട ഒരു അവകാശത്തിനുവേണ്ടി റമ്പാച്ചൻ നടത്തുന്ന ഐതിഹാസികമായ സത്യഗ്രഹസമരത്തെ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ അവഗണിച്ചിരിക്കുന്നു. 'ചർച്ച് ആക്ട്' എന്ന വാക്കിനോട് മതമേലധ്യക്ഷന്മാർക്കും കക്ഷിരാഷ്ട്രീയക്കാർക്കുമുള്ള അലർജി ഇവിടുത്തെ  മാധ്യമങ്ങളിലേക്കും ഒരു പകർച്ചവ്യാധിപോലെ പടർന്നു പിടിച്ചോ? ഈ അലർജിയും അവഗണനയും തമസ്‌കരണവും മുമ്പും കണ്ടതാണ്. ചർച്ച് ആക്ടിനുവേണ്ടി കഴിഞ്ഞ നവംബർ 27-നു രണ്ടുലക്ഷം പേരെ സെക്രട്ടേറിയറ്റിനു മുമ്പിൽ അണിനിരത്തി ചരിത്രം സൃഷ്ടിച്ചപ്പോഴും, ഈ മാധ്യമങ്ങളെല്ലാംതന്നെ കണ്ണടച്ച് ഇരുട്ടാക്കുകയാണല്ലോ ചെയ്തത്! എന്തൊരു മാധ്യമധർമ്മം! ഓരോ ചാനലിന്റെയും ഓരോ പത്രത്തിന്റെയും നെറ്റിത്തടത്തിൽ എഴുതിച്ചേർത്തിട്ടുള്ള 'നേരോടെ, നിർഭയം, നിരന്തരം' എന്നതുപോലുള്ള മുഖവാക്യങ്ങൾ, അപ്പോഴൊക്കെ വിളറിവെളുക്കുന്നതും, അവയുടെ മുതലാളിമാർക്കും തൊഴിലാളികൾക്കുംനേരെ പല്ലിളിക്കുന്നതും ജനങ്ങൾ കാണുന്നുണ്ടെന്ന സത്യം ഇവയുടെയെല്ലാം തലപ്പത്തിരിക്കുന്നവർ അറിയട്ടെ!

മാധ്യമങ്ങളെ നോക്കിക്കാണുന്നത് ജനാധിപത്യസംവിധാനത്തെ താങ്ങിനിർത്തുന്ന നാലാമത്തെ തൂണായിട്ടാണ്. ലോകത്തിലെ ഒരു ശക്തിക്കും വിധേയപ്പെടാതെ വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കാനും, സംഭവങ്ങളെ സ്വതന്ത്രമായി വിശകലനം ചെയ്തവതരിപ്പിച്ച് അവ ജനകീയചർച്ചയ്ക്ക് വിധേയമാക്കാനും, ജനങ്ങളിൽ സ്വതന്ത്രചിന്തയും ജനാധിപത്യബോധവും കർമ്മശേഷിയും ഉണർത്താനുമൊക്കെ ഒരു കാലത്ത് ഈ നാലാമത്തെ തൂണിന് കഴിഞ്ഞിരുന്നു എന്ന വസ്തുത ഇന്നത്തെ മാധ്യമഭീമന്മാർക്ക് അറിയാത്തതല്ല.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ജനകീയമാക്കുന്നതിൽ അക്കാലത്തെ പത്രങ്ങൾ വഹിച്ച പങ്ക് എത്ര നിർണ്ണായകമായിരുന്നുവെന്നോർക്കുക. ഗാന്ധിജിയെയും ബാലഗംഗാധരതിലകിനെയും ലാലാ ലജ്പഥ് റോയിയെയുംപോലുള്ള ദേശീയപ്രസ്ഥാനത്തിന്റെ സാരഥികൾ പത്രാധിപന്മാരായിരുന്ന കാലം! പത്രപ്രവർത്തനമേഖലയിലെ കുലപതികളായിരുന്ന പോത്തൻ ജോസഫും ചലപതി റാവുവും ഫ്രാങ്ക് മൊറേയ്‌സും അരങ്ങു വാണിരുന്ന കാലം. കേരളത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും കെ.പി.കേശവമേനോനുമൊക്കെ പത്രപ്രവർത്തനത്തിന്റെ വഴികൾ വെട്ടിത്തുറന്ന കാലം. അവരുടെയൊക്കെ എഡിറ്റോറിയലുകൾക്കും പംക്തികൾക്കുമായി പ്രഭാതം വിടരുന്നതുംനോക്കി ജനലക്ഷങ്ങൾ കാത്തിരുന്ന കാലം! സ്വാതന്ത്ര്യദാഹികളായ ആ മഹാരഥന്മാരെല്ലാം എത്ര ത്യാഗം സഹിച്ചാണ് തങ്ങളുടെ പത്രപ്രവർത്തനത്തിൽ വ്യാപൃതരായത്! അവർക്കൊന്നും മാധ്യമപ്രവർത്തനം കേവലമൊരു ഉപജീവനമായിരുന്നില്ല, ജീവിതംതന്നെയായിരുന്നു. അതുകൊണ്ടുതന്നെ അവരാരും സ്വന്തം നേട്ടങ്ങൾക്കുവേണ്ടി തങ്ങളുടെ മാധ്യമധർമ്മത്തിൽനിന്നു വ്യതിചലിച്ചില്ല. പത്രമുതലാളിമാരുടെ ഇംഗിതത്തിനു വഴങ്ങി പേനയുന്താൻ തയ്യാറാകുന്നവരായിരുന്നില്ല, അവരാരും. ഉദാഹരണത്തിന്, ഇന്ത്യൻ എക്‌സ്പ്രസ്സ് ഉടമയായ ഗോയങ്ക, സർ സി.പി-ക്കെതിരായുള്ള വിമർശനം ദോഷംചെയ്യും, അത് ഒഴിവാക്കണം എന്നു പറഞ്ഞതേയുള്ളു, പോത്തൻ ജോസഫ് പിന്നീട് ഇന്ത്യൻ എക്‌സ്പ്രസിന്റെ പടിചവിട്ടിയിട്ടില്ല! അതായിരുന്നു അന്നത്തെ പത്രാധിപന്മാരുടെ തലയെടുപ്പ്! ഈ തലയെടുപ്പ് എളുപ്പത്തിലുണ്ടാകുന്ന ഒന്നല്ല; സത്യസന്ധതയും ആദർശധീരതയും ത്യാഗസന്നദ്ധതയും തനതു കാഴ്ചപ്പാടും സ്വന്തം പ്രതിഭയിലുള്ള വിശ്വാസവും ഒത്തുചേർന്ന വ്യക്തിത്വങ്ങൾക്കേ അതു സാധിക്കൂ. അത്തരക്കാരുടെ അഭാവമാണ് ഇന്നിന്റെ പ്രശ്‌നം.

ഇത്തരം വ്യക്തിത്വങ്ങൾ ഉരുത്തിരിയാനും ചില സാഹചര്യങ്ങൾ ഒത്തുവരേണ്ടതുണ്ട്. അടിമത്തം അടിമത്തമാണെന്ന് തിരിച്ചറിഞ്ഞ ഒരു ജനസമൂഹത്തിലുയരുന്ന സ്വാതന്ത്ര്യബോധത്തിന്റെ തീച്ചൂളയിലേ ഇത്തരം കർമ്മയോഗികൾ രൂപപ്പെടൂ. അടിമത്തം വിധിയോ ദൈവഹിതമോ അല്ലെന്നും മാറ്റം സാധ്യമാണെന്നും ബോധ്യപ്പെട്ട ഒരു ജനസമൂഹത്തിൽമാത്രമേ ക്രാന്തദർശിത്വത്തിനും ആദർശധീരതയ്ക്കും ത്യാഗോജ്ജ്വലതയ്ക്കും മനുഷ്യനിൽ ചിറകുമുളയ്ക്കൂ. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഇവിടെ ഉദിച്ചുയർന്ന് വ്യത്യസ്ത രംഗങ്ങളിൽ തേജോഗോളങ്ങളായി വെട്ടിത്തിളങ്ങിയ ആയിരക്കണക്കായ മഹാത്മാക്കൾ ഇപ്രകാരം രൂപപ്പെട്ടവരായിരുന്നുവെന്ന് നമുക്കറിയാം.

ബ്രിട്ടന്റെ കാൽച്ചുവട്ടിൽനിന്നു സ്വാതന്ത്ര്യം നേടിയതോടെ, ഇന്ത്യാക്കാർ മൊത്തത്തിൽ സ്വതന്ത്രരായി എന്നൊരു മിഥ്യാധാരണ ഉയരുകയും, സ്വാതന്ത്ര്യസമരത്തിന് ഊർജ്ജവും വെളിച്ചവും പകർന്ന 'ഗ്രാമസ്വരാജ്'പോലുള്ള വിമോചനസങ്കല്പങ്ങളെല്ലാം കൈവിട്ട് ഉറങ്ങുകയുമാണ് ഇവിടുത്തെ ജനങ്ങൾ ചെയ്തത്. തന്മൂലം, കാർഷികഗ്രാമങ്ങളുടെ ഒരു വിപുലസമുച്ചയമായിരുന്ന ഇന്ത്യയുടെ ഭരണഘടനയിൽപ്പോലും ആ നിലയിലുള്ള ഒരു തനിമയുണ്ടായില്ല. മറിച്ച്, ബ്രിട്ടന്റെയുൾപ്പെടെ വിവിധ വ്യാവസായികരാഷ്ട്രങ്ങളുടെ ഭരണഘടനകളിൽനിന്നു കടംകൊണ്ട ഒന്നായിപ്പോയി, അത്. ഫലത്തിൽ ഇന്ത്യ, ഇന്ത്യൻ സായിപ്പന്മാരാൽ ഭരിക്കപ്പെടുന്ന ഒരു 'ഇംഗ്ലീഷ്സ്ഥാൻ' ആയിമാറി. ഗാന്ധിജി ഈ അപകടം മുന്നിൽക്കണ്ട് 1908-ൽത്തന്നെ ഇപ്രകാരം എഴുതുകയുണ്ടായി: ''....ഇംഗ്ലീഷുകാരില്ലാത്ത ഇംഗ്ലീഷ് ഭരണമാണത്. നിങ്ങൾക്കു പുലിയെ വേണ്ട, പുലിയുടെ സ്വാഭാവം മതി. ഇംഗ്ലീഷുകാർ പോകണം. എന്നാൽ ഇംഗ്ലീഷ് ഭരണം നിലനിൽക്കണം. അങ്ങനെയൊരു നാട് ഹിന്ദുസ്ഥാൻ ആവില്ല, 'ഇംഗ്ലീഷ്സ്ഥാൻ' ആകും. അതല്ല എന്റെ സങ്കല്പത്തിലെ സ്വരാജ്'' (ഹിന്ദ്‌സ്വരാജ്, പേജ് 11; പൂർണ്ണോദയാ ബുക്ക്ട്രസ്റ്റ് പ്രസിദ്ധീകരണം).

പാശ്ചാത്യസാമ്രാജ്യത്വം ലോകത്തിൽ വ്യാവസ്ഥാപിച്ച വ്യാവസായിക-കമ്പോളാധിഷ്ഠിത വികസനകാഴ്ചപ്പാടിന് അനുസൃതമായിമാത്രമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ ഭരിക്കപ്പെട്ടുപോരുന്നത്. 'പുലിസ്വഭാവം' ആർജ്ജിച്ച ഇന്ത്യൻ വരേണ്യവിഭാഗം; 'പുലി'യെമാറ്റി 'ഇംഗ്ലീഷ്സ്ഥാ'ന്റെ 'പുലി'ഭരണത്തുടർച്ച ഏറ്റെടുത്തു എന്നുമാത്രം! യഥാർത്ഥ ഇന്ത്യ ഇന്നും സ്വാതന്ത്ര്യം നേടിയിട്ടില്ല എന്നതാണ് സത്യം; ഇന്ത്യൻ ജനകോടികൾ അടിമത്തത്തിൽത്തന്നെയാണ്. ശബ്ദമില്ലാത്തവർ, ശബ്ദം അടിച്ചമർത്തപ്പെടുന്നവർ!

എന്നാൽ ഈ അടിമത്തം വേണ്ടത്ര തിരിച്ചറിയപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, മുമ്പ് സൂചിപ്പിച്ചതുപോലെ മാധ്യമ പ്രവർത്തനരംഗത്തുമാത്രമല്ല, ഒരു രംഗത്തും വ്യക്തിപ്രഭാവമുള്ള പ്രഗത്ഭമതികൾ ഉദയംകൊള്ളുന്നില്ല. എല്ലാ മേഖലകളും വ്യവസായവൽക്കരിക്കുകയും കമ്പോളവൽക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു; കമ്പോള ശക്തികളുടെ സ്വാധീനത്തിൽപ്പെടുന്ന മാമോൻ ഭക്തരുടെ കൈകളിൽ രാജ്യത്തിന്റെ എല്ലാ നിയന്ത്രണങ്ങളും അധികാരങ്ങളും എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. തന്മൂലം, ജനാധിപത്യസംവിധാനത്തിന്റെ നാലാമത്തെ തൂൺ മാത്രമല്ല, നിയമനിർമ്മാണസഭ, ഭരണകൂടം, ജുഡീഷ്യറി എന്നീ മറ്റു മൂന്നു തൂണുകളും തുരുമ്പിച്ചു കഴിഞ്ഞു. ജനാധിപത്യത്തിനു പകരം, വരേണ്യാധിപത്യം തഴയ്ക്കുകയും, കർഷകരുടെയും എല്ലാ നിസ്വജനവിഭാഗങ്ങളുടെയും ശബ്ദങ്ങൾ അമർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

ക്രൈസ്തവസഭകളിലെ നിസ്വജനത സ്വത്തുവകകളും അധികാരാവകാശങ്ങളും കവർന്നെടുക്കപ്പെട്ട വിശ്വാസിസമൂഹമാണ്. അവർക്ക് അവകാശങ്ങൾ ലഭ്യമാക്കുന്ന ഒരു നിയമത്തിനുവേണ്ടിയുള്ള വിലാപസ്വരങ്ങളും സമാനമായ രീതിയിൽ അടിച്ചമർത്തപ്പെടുന്നു. ഈ അടിച്ചമർത്തൽപ്രക്രിയയ്ക്ക് മാധ്യമരംഗമുൾപ്പെടെ നാല് 'തൂണു'കളും കൈകോർക്കുകയും ചെയ്യുന്നു.

ഇന്ന് മാധ്യമരംഗം കൈയാളുന്നത് വെറും മുതലാളിമാരല്ല, കോർപ്പറേറ്റ് മുതലാളി സംഘങ്ങളാണ്. ഈ രംഗമിന്ന് പണം കായ്ക്കുന്ന വൻ വ്യവസായമായിക്കഴിഞ്ഞു. എഡിറ്റർമാരുൾപ്പെടെ മാധ്യമപ്രവർത്തകരെല്ലാം ഈ കോർപ്പറേറ്റ് സംഘത്തിന്റെ കേവലം കൂലിവേലക്കാർമാത്രം! പരസ്യങ്ങൾ നൽകുന്നവരുടെയും മത-രാഷ്ട്രീയമേഖലകളിലെ നിക്ഷിപ്ത താൽപര്യക്കാരുടെയും പ്രലോഭന-സ്വാധീന-സമ്മർദ്ദങ്ങളെ ഏറ്റവും ലാഭകരവും സുരക്ഷിതവുമായി ബാലൻസ് ചെയ്ത് മാനേജ്‌മെന്റെടുക്കുന്ന നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കാൻമാത്രമേ അവർക്ക് കഴിയൂ. മാധ്യമസ്വാതന്ത്ര്യവും അവകാശവുമൊക്കെ, ന്യൂനപക്ഷാവകാശം പൗരോഹിത്യത്തിന് എന്നപോലെ, ഫലത്തിൽ മാധ്യമമുതലാളിസംഘത്തിനുമാത്രം! ഇതാണവസ്ഥ. ഈ അവസ്ഥ മാറണമെങ്കിൽ നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളെല്ലാം, തങ്ങളിന്നും അടിമത്തത്തിലാണെന്ന തിരിച്ചറിവിലെത്തി സ്വാതന്ത്ര്യവാഞ്ഛയിൽ ഉയിർത്തെണീക്കേണ്ടതുണ്ട.്

നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്ന ഇവിടത്തെ ക്രൈസ്തവരെ സംബന്ധിച്ച്, 1947-ലെ അടിമ ത്താവസ്ഥയിൽത്തന്നെയാണവർ ഇന്നും. അതുകൊണ്ട്, ചർച്ച് ആക്ട് സമരം അവരുടെ ദേശീയ സ്വാതന്ത്ര്യസമരമല്ലാതെ മറ്റൊന്നുമല്ല. ഈ വസ്തുത ഇതുവരെ വേണ്ടത്ര മനസ്സിലാക്കപ്പെട്ടിട്ടില്ല. ദേശീയപ്രസ്ഥാനത്തിന്റെ തുടക്കത്തിലൊന്നും തങ്ങൾ ആരംഭം കുറിച്ചിരിക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനാണെന്ന് അതിന്റെ നേതാക്കൾപോലും അറിഞ്ഞിരുന്നില്ല എന്നതുപോലെയാണത്. സഭയ്ക്കുള്ളിലെ സുതാര്യതയ്ക്കും ജനാധിപത്യത്തിനുംവേണ്ടിയുള്ള ഒരു നിയമനിർമ്മാണം എന്ന അർത്ഥത്തിൽമാത്രമാണ് ഈ സമരത്തിനു ചുക്കാൻ പിടിക്കുന്നവർപോലും ഇത്രനാളും ചർച്ച് ആക്ട് സമരത്തെ കണ്ടിട്ടുള്ളത്. എന്നാൽ യാഥാർത്ഥ്യം അതിനുമപ്പുറത്താണ്.

ഇന്ത്യ സ്വതന്ത്രയായിട്ട് 73 വർഷം കഴിഞ്ഞെങ്കിൽ, 73 വർഷവും ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിന് ആ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. മറ്റൊരു രാഷ്ട്രത്തിന്റെ ഭരണഘടനപ്രകാരമോ, വൈദേശികമായ പൈതൃക-പാരമ്പര്യങ്ങൾക്കും നിയമങ്ങൾക്കും അനുസരിച്ചോ മാത്രമേ, ഇവിടുത്തെ ക്രൈസ്തവർക്ക് തങ്ങളുടെ പൊതുസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാനാവൂ എന്ന സാഹചര്യത്തിൽ, അവർ സ്വതന്ത്രഇന്ത്യയുടെ പൗരന്മാരാണെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്? ഉദാഹരണത്തിന്, സുദീർഘമായ ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കങ്ങൾക്കിടയിൽ തർക്കപരിഹാരത്തിനായി അവർക്കിടയിലുണ്ടായ പല ധാരണാപത്രങ്ങളിൽ ഏതെങ്കിലുമൊന്നിനെ സഭാഭരണഘടനയായിക്കണ്ട്, അതിന് പാർലമെന്റ് അംഗീകരിച്ച് ഒരു നിയമത്തിന്റെ പദവി നൽകി ഇന്ത്യയിലെ ഒരു കോടതി വിധി പ്രഖ്യാപിക്കുമ്പോൾ, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന നിയമപരിരക്ഷയിൽനിന്ന് ഈ രണ്ടു വിഭാഗങ്ങളും പുറന്തള്ളപ്പെടുകയല്ലേ ചെയ്യുന്നത്? അല്ലെങ്കിൽ, കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് വിശ്വാസികൾ നൽകുന്ന സിവിൽ കേസുകളിൽ, വത്തിക്കാൻ രാഷ്ട്രത്തിന്റെ കാനോൻ നിയമം ഇന്ത്യൻ നിയമവ്യവസ്ഥയിലും സാധുവാണ് എന്ന മട്ടിൽ ഇവിടുത്തെ കോടതികൾ വിധി പറയുമ്പോൾ അതിനർഥം, ഇവിടുത്തെ കത്തോലിക്കരുടെ ഇന്ത്യൻ പൗരത്വം ഈ രാജ്യംതന്നെ തിരസ്‌കരിക്കുന്നു എന്നല്ലേ? അഥവാ, വത്തിക്കാൻ പൗരത്വം അവരുടെമേൽ സ്വതന്ത്രഇന്ത്യതന്നെ അടിച്ചേൽപ്പിക്കുന്നു എന്നല്ലേ? ഇന്ത്യയിലെ തങ്ങളുടെ മതസ്വത്തുഭരണവുമായി ബന്ധപ്പെട്ട് സ്വതന്ത്രഇന്ത്യയുടെ ഭരണഘടനയിൽ ഇടം ലഭിക്കാത്ത ക്രൈസ്തവസമൂഹം എങ്ങനെയാണ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുന്നത്?

ഇന്ത്യയിലെ സന്ന്യസ്തർക്ക് മനുഷ്യാവകാശങ്ങൾപോലും നിഷേധിച്ച് അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാനും, എപ്പോൾ വേണമെങ്കിലും അവരെ പുറത്താക്കി അവരുടെ ജീവിതം തകർക്കുവാനുംവരെ ഒരു വിദേശമതനിയമത്തിനു കഴിയുംവിധം അതിനെതിരെ ഇന്ത്യൻ നിയമവ്യവസ്ഥ  കണ്ണുംകെട്ടി നിൽക്കുകയാണെങ്കിൽ, അവിടെയും തെളിയുന്നത്, അവരുടെ ഇന്ത്യൻ പൗരത്വം ഈ രാജ്യത്ത് അംഗീകരിക്കപ്പെടുന്നില്ലെന്നുതന്നെയാണ്; അവർക്ക് ദേശീയസ്വാതന്ത്ര്യം ലഭ്യമായിട്ടില്ലെന്നുതന്നെയാണ്.

ശ്രേണീബദ്ധമായ പുരോഹിതാധികാരഘടനയിലൂടെ,  കാലഹരണപ്പെട്ട രാജഭരണവും ജന്മിവ്യവസ്ഥയും നിലനിർത്തുന്ന സഭാഭരണഘടനകൾക്കും മതനിയമങ്ങൾക്കും ഇന്ത്യൻ മതേതരഭരണഘടനയിൽ എവിടെയാണു സ്ഥാനം? ഇല്ലാത്ത സ്ഥാനം നൽകി ഈ പുരോഹിതജന്മിത്വം ഇന്ത്യയിൽ തുടരാനനുവദിക്കുന്നതും അങ്ങനെ സംസ്ഥാന-ദേശീയതലങ്ങളിലെ രാഷ്ട്രീയമേഖലയിൽ ക്രൈസ്തവമേലദ്ധ്യക്ഷന്മാരുടെ സ്വാധീനമുണ്ടാകുന്നതും മറ്റു മതസമൂഹങ്ങളെയും ദോഷമായി ബാധിക്കുമെന്ന കാര്യം ആർക്കാണറിയാത്തത്? അപ്പോൾ, പുരോഹിതരെ ഭൗതികാധികാരികളാക്കുന്ന എല്ലാ മതനിയമങ്ങളെയും അസാധുവാക്കി രാഷ്ട്രനിയമത്തിനുകീഴിൽ ക്രൈസ്തവസമൂഹങ്ങളെ കൊണ്ടുവരേണ്ടത് മറ്റു മതസമൂഹങ്ങളുടെയും സ്വാതന്ത്ര്യത്തിന് ആവശ്യമാണെന്നു കാണാം. സമൂഹഗാത്രത്തിലെ ഒരവയവം ദുർബലമെങ്കിൽ, അതു മൊത്തം ശരീരത്തെയും ദുർബലമാക്കുമല്ലോ. 

അപ്പോൾ ചർച്ച് ആക്ട്, സഭയ്ക്കകത്തെ കേവലം സുതാര്യതയ്ക്കും ജനാധിപത്യത്തിനുംവേണ്ടി മാത്രമുള്ള ഒരു നിയമനിർദ്ദേശമല്ല; മറിച്ച്, ഇവിടുത്തെ ക്രൈസ്തവരുടെ സ്വാതന്ത്ര്യസമരത്തിന്റെ 'മാഗ്‌ന കാർട്ട'യാണ്. ചർച്ച് ആക്ട് സമരം ഇന്ത്യൻ ക്രൈസ്തവസമൂഹത്തിന്റെ ദേശീയ സ്വാതന്ത്ര്യസമരംതന്നെയാണ്, പൊതുസമൂഹം ഒത്തുചേർന്നു പിന്തുണയ്‌ക്കേണ്ട സ്വാതന്ത്ര്യസമരം!

തങ്ങൾ നിലവിൽ വൈദേശികാധിപത്യത്തിൻകീഴിൽ അടിമത്തത്തിലാണ് എന്ന തിരിച്ചറിവ് ഇവിടത്തെ ക്രൈസ്തവർക്കുണ്ടാകുന്നതോടെ, തീക്ഷ്ണമായ സ്വാതന്ത്ര്യവാഞ്ഛ ഈ സമൂഹത്തെ പുൽകുകയും അതിന്റെ ചൂടിൽ തലയെടുപ്പുള്ള ഉത്കൃഷ്ടവ്യക്തിത്വങ്ങൾ ഈ സമൂഹത്തിൽ രൂപപ്പെട്ടുവരുകയും ചെയ്യും. വയറ്റിപ്പിഴപ്പിലും ഭൗതികനേട്ടങ്ങളിലും തൃപ്തി  കണ്ടെത്താൻ കഴിയാത്ത, ജീവിതത്തെ ധന്യവും സഫലവുമാക്കാൻ എന്തു ത്യാഗം സഹിക്കാനും തയ്യാറാകുന്ന മഹാപുരുഷന്മാരും മഹതികളും സ്വാതന്ത്ര്യസമരകാലത്തെപ്പോലെ ഈ സമൂഹത്തിലും ഉയിർക്കൊള്ളും. ഈ സമുദായത്തിൽ ഗാന്ധിജിയെയും പോത്തൻ ജോസഫിനെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും കെ.പി. കേശവമേനോനെയുംപോലുള്ള പ്രതിഭാശാലികളും ഉന്നതശീർഷകരുമായ സ്വതന്ത്രപത്രാധിപന്മാരും നേതാക്കളും ആവിർഭവിക്കും. ഇതിന്റെയെല്ലാം ഫലമായി, ഇന്ത്യൻക്രൈസ്തവരുടെ ദേശീയസ്വാതന്ത്ര്യസമരത്തെ ഉത്തേജിപ്പിക്കാനും അതിനു വഴിവെട്ടാനും പ്രാപ്തമായ, ഉന്നതനിലവാരം പുലർത്തുന്ന പത്രങ്ങളും ടി.വി. ചാനലുകൾതന്നെയും ആഗോളതലത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുദായത്തിന്റെതന്നെ മുതൽമുടക്കിൽ ഇവിടെയുണ്ടാകും. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾത്തന്നെ, ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ചുനിന്ന് ചർച്ച് ആക്ടിനും കന്യാസ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി പണംമുടക്കി പ്രവർത്തിക്കുന്ന 'ജസ്റ്റീസ് ഫോർ സിസ്റ്റർ ലൂസി' പോലുള്ള ആഗോള കൂട്ടായ്മകളുണ്ട് എന്നതും അവ ശക്തിപ്പെടുകയാണ് എന്നതും ശ്രദ്ധിച്ചാൽ ഇതും സംഭവ്യമാണെന്നു കാണാനാവും.

നിശ്ശബ്ദമാക്കപ്പെടുന്നവരുടെ ശബ്ദം തുറന്നുവിടാൻ ധീരതയും മൂല്യബോധവുമുള്ള ഒരു ദിനപത്രമെങ്കിലും കേരളത്തിലുണ്ടായിരുന്നെങ്കിൽ, ഒരു ടി.വി. ചാനലെങ്കിലും ഉണ്ടായിരുന്നെങ്കിൽ, തങ്ങളുടെ നിലനിൽപ്പിനെപ്രതിയെങ്കിലും മറ്റു പത്രങ്ങളും ടിവി ചാനലുകളും അവരുടെ വാർത്തകൾ നൽകാൻ നിർബന്ധിതരാകുമായിരുന്നു. ഈ  ലക്ഷ്യത്തിൽ വിപുലമായ ഒരു ആഗോള മലയാളി കൂട്ടായ്മയ്ക്കു രൂപംകൊടുക്കാൻ കഴിയുന്ന പക്ഷം, ഇത് യാഥാർഥ്യമാവില്ലേ എന്നൊരു ആലോചന മുന്നോട്ടുവയ്ക്കുന്നു.

ചർച്ച് ആക്ടിനുവേണ്ടി ക്രൈസ്തവരുടേതുമാത്രമായ ഒരു പത്രം എന്നല്ല ഉദ്ദേശിക്കുന്നത്. മുമ്പു സൂചിപ്പിച്ച വിധത്തിൽ, സ്വതന്ത്ര ഇന്ത്യയിൽ ഇപ്പോഴും അടിമത്തവും ചൂഷണവും അനുഭവിച്ചും അടിച്ചമർത്തപ്പെട്ടും കഴിയുന്ന വ്യത്യസ്ത നിശ്ശബ്ദജനവിഭാഗങ്ങളുണ്ട്. അവരുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുംവേണ്ടി പ്രവർത്തിക്കുന്ന നിരവധി ജനകീയപ്രസ്ഥാനങ്ങളും കർഷകപ്രസ്ഥാനങ്ങളും '4 കൊച്ചി' പോലുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനങ്ങളും അവയിലെല്ലാം ആദർശശാലികളായ ഒട്ടേറെ നേതാക്കളും കേരളത്തിലുണ്ട്. അതുപോലെതന്നെ കാണേണ്ടതാണ്, 'വൺ ഇന്ത്യ, വൺ പെൻഷൻ', എറണാകുലത്തെ 'ട്വന്റീ 20' എന്നീ പ്രസ്ഥാനങ്ങളെയും അവയുടെ നേതൃത്വത്തെയും. അവരുടെ ആശയങ്ങളും ശബ്ദങ്ങളും, ചർച്ച് ആക്ട് പ്രവർത്തകരുടേതുപോലെതന്നെ മുഖ്യധാരാമാധ്യമങ്ങൾ അവഗണിക്കുകയാണ്. അസ്വാതന്ത്ര്യം, നീതിനിഷേധം, ജനാഭിലാഷം എന്നീ മാനദണ്ഡങ്ങൾ വച്ചുനോക്കിയാൽ ചർച്ച് ആക്ട് പ്രസ്ഥാനവും അതേ ഗണത്തിൽവരും. പറഞ്ഞുവരുന്നത്, ഈ വിഭാഗങ്ങൾക്കെല്ലാമായിത്തീരണം, നാം വിഭാവനം  ചെയ്യുന്ന ഒരു പത്രം, അല്ലെങ്കിൽ, ടി.വി. ചാനൽ എന്നാണ്. ഇവയുടെയെല്ലാം ഏകോപനം തുടക്കത്തിൽ സാധ്യമല്ലാത്തതിനാൽ, ഇതിലേതെങ്കിലുമൊന്നു തുടങ്ങുന്നതിന്റെ ഉത്തരവാദിത്വം ഒരുപക്ഷേ, നാം ഏറ്റെടുക്കേണ്ടിവരും എന്നുമാത്രം. എന്നാൽ, ഇത്തരത്തിൽ വിശാലലക്ഷ്യമുള്ള ഒരു മുഖ്യധാരാമാധ്യമം ഉണ്ടാകുന്നതോടെ ശബ്ദമില്ലാത്തവരുടെ ഏകോപനം സ്വാഭാവികമായിത്തന്നെ നടന്നുകൊള്ളും എന്നതാണു വസ്തുത. ഒന്നിച്ചുകൂടാൻ ഒരു ഇടമുണ്ടായാൽ തുല്യദുഃഖിതർ ഒന്നിച്ചുവരുമല്ലോ.

എന്തായാലും, സ്വാതന്ത്ര്യസമരകാലത്തെപ്പോലെ, സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നീതിബോധത്തിലേക്കും ജനങ്ങളെ ഉണർത്തി കർമ്മനിരതരാക്കാൻ, ധീരവും ലക്ഷ്യവേധ്യവും പ്രവാചകശക്തി തുളുമ്പുന്നതുമായ ഒരു മാധ്യമസംസ്‌കാരത്തിനു നാം തിരികൊളുത്തിയേ മതിയാവൂ! ഇതു സാധിച്ചാൽ അതൊരുപക്ഷേ, മലീമസമായിത്തീർന്ന ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിനു ബദലായി മൂല്യാധിഷ്ഠിതമായ ഒരു ജനകീയ രാഷ്ട്രീ മുന്നേറ്റത്തിനുതന്നെ നാന്ദികുറിച്ചെന്നും വരാം.                                                   -എഡിറ്റർ

No comments:

Post a Comment