Translate

Saturday, October 24, 2020

ചർച്ച് ആക്ട് ഇല്ലെങ്കിൽ സ്വാതന്ത്ര്യം നുണയാണ്!

 

സ്റ്റീഫൻ മാത്യു ഉഴവൂർ, ഫോൺ : 9605114468


(2018 സെപ്തം. 8-ന് ആരംഭിച്ച് 21-ന് അവസാനിച്ച വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരത്തിൽ ആദ്യവസാനം നിരാഹാരമനുഷ്ഠിച്ച ലേഖകൻ, അതിന്റെ രണ്ടാംവാർഷികദിനമായ 2020 സെപ്തം. 8-ന് മറ്റൊരു സമരം ആരംഭിച്ചിരിക്കുകയാണ്. ചർച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 19 മുതൽ നിരാഹാരസത്യഗ്രഹം നടത്തിവരുന്ന ബർ യൂഹാനോൻ റമ്പാച്ചന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള അനിശ്ചിതകാല നിരാഹാരസത്യഗ്രഹം കോട്ടയം, കുറവിലങ്ങാട്, ഇടയാലിൽ 'ഇഖഅങ' ട്രസ്റ്റ് കെട്ടിടത്തിൽ അദ്ദേഹം നടത്തിവരുന്നു. സമരത്തിനാമുഖമായി അദ്ദേഹമെഴുതിയ ലേഖനമാണ് താഴെ.)

ലോകത്തെമ്പാടുമുള്ള ഇന്ത്യൻ ക്രിസ്ത്യാനികൾ ഒരു പതിറ്റാണ്ടിലേറെയായി നിയമനിർമ്മാണം കാത്തുകഴിയുന്ന ഒരു വിഷയമാണ് ചർച്ച് ആക്ട്. കേരള നിയമപരിഷ്‌കരണകമ്മീഷൻ 2009-ൽത്തന്നെ ഗവണ്മെന്റിനോട് നടപ്പാക്കാൻ ആവശ്യപ്പെട്ട ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി പ്രതികരിക്കാത്ത പ്രമുഖർ ഇല്ലതന്നെ. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച് ആക്ടിനെ പരാമർശിച്ചവർ പക്ഷേ, അറിഞ്ഞോ അറിയാതെയോ അതിന്റെ യഥാർത്ഥ ആവശ്യകത കാണാതെ പോയിരിക്കുന്നു. ഇന്ത്യയിലെ മറ്റു മതസ്ഥർക്ക് ദേവസ്വം ആക്ടും വഖഫ് ആക്ടും ഗുരുദ്വാര ആക്ടും ഉള്ളതുപോലെ ക്രിസ്തുമതസമൂഹത്തിന്റെ പൊതുസ്വത്ത് ഭരിക്കാൻ ഒരു ചർച്ച് ആക്ട് എന്ന തരത്തിലുള്ള കാഴ്ചപ്പാട് താരതമ്യേന ഉപരിപ്ലവമാണ്. ഇന്ത്യയിലെ മറ്റു മതസ്ഥരുടെമേലുള്ള വിദേശാധിപത്യം 1947-ൽ അവസാനിച്ചെങ്കിൽ, ഇന്ത്യൻ ക്രിസ്ത്യാനികളുടെമേലുള്ള വിദേശാധിപത്യം ബ്രിട്ടീഷ് ഭരണകാലത്തേതിനുതുല്യമായി ഇന്നും തുടരുന്നു എന്നുള്ള ഞെട്ടിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം എന്ന നിലയിലാണ് ചർച്ച് ആക്ട് കൂടുതൽ അനിവാര്യമായിരിക്കുന്നത്. ഈ സത്യം ഇന്നത്തെ ഭരണാധികാരികൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്! അതുകൊണ്ട്, ഈ തിരിച്ചറിവിന്റെ ശക്തിയോടെയാകണം ചർച്ച് ആക്ടിനെ നാം സമീപിക്കാൻ.

ഇന്ത്യയിലെ വ്യത്യസ്തസഭാവിഭാഗങ്ങളിൽപ്പെടുന്ന ക്രിസ്ത്യാനികളെ ഭരിക്കുന്ന ഒരു നിയമവും ഇന്ത്യൻ പാർലമെന്റിന്റെയോ സംസ്ഥാന അസംബ്ലികളുടെയോ അംഗീകാരമുള്ളവയല്ല. ഉദാഹരണത്തിന് ഇവിടുത്തെ കത്തോലിക്കർ ഭരിക്കപ്പെടുന്നത് വത്തിക്കാൻ രാഷ്ടത്തിന്റെ ഭരണഘടനയായ കാനോൻ നിയമത്തിൻകീഴിലാണ്. ഓർത്തഡോക്‌സ്-യാക്കോബായ തർക്കപരിഹാരത്തിനു മാനദണ്ഡമാക്കിയ 1934-ലെ സഭാഭരണഘടനയും പാർലമെന്റിൽ അംഗീകാരം നേടിയിട്ടുള്ളതല്ല. പറഞ്ഞുവരുന്നത്, ക്രിസ്ത്യാനികളുടെ പൊതുസ്വത്ത് ഭരിക്കാൻ ഒരു ഇന്ത്യൻ നിയമം ഇല്ലാത്തതുകൊണ്ട് ചർച്ച് ആക്ട് അനിവാര്യമാണ് എന്നത് ശരിയായിരിക്കെത്തന്നെ, അതിലും പ്രധാനപ്പെട്ട ഉദ്ദേശ്യ-ലക്ഷ്യങ്ങൾ ചർച്ച് ആക്ടിന് ഉണ്ട് എന്നാണ്:

1.          ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കായിരിക്കെ, ഇന്ത്യയിലെ ക്രിസ്തീയസഭകളിൽമാത്രം ജനാധിപത്യഭരണം നടക്കുന്നില്ല.  ഉദാഹരണത്തിന്, കത്തോലിക്കാസഭയുടെ ഭരണഘടനയായ കാനോൻ നിയമത്തിൽ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ലെജിസ്ലേക്ചറും വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപാപ്പ എന്ന ഏക വ്യക്തിയിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തിന്റെ അധികാരത്തിൻകീഴിലാണ് കർദ്ദിനാളും ബിഷപ്പും ഇടവക വികാരിയും അവരവരുടെ അധികാരപരിധിക്കുള്ളിൽ സ്വേച്ഛാധിപത്യ ഭരണം നടത്തുന്നത്.  അതുപോലെതന്നെ യാക്കോബായ - ഓർത്തഡോക്‌സ് സഭാ തർക്കത്തിൽ ഒരു നൂറ്റാണ്ടിലധികം നീണ്ട നിയമയുദ്ധത്തിനുശേഷം വിധിപറയാൻ സുപ്രീം കോടതി ആശ്രയിച്ച 1934-ലെ സഭാഭരണഘടനയിലും ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ല. എന്നിട്ടും അതിനെ അടിസ്ഥാനമാക്കിയാണ് 17 ലക്ഷത്തോളം യാക്കോബായ വിശ്വാസികളെ ആട്ടിപ്പുറത്താക്കിയശേഷം, ആറോ ഏഴോ ലക്ഷം വരുന്ന ഓർത്തഡോക്‌സ് വിഭാഗത്തിന് മുഴുവൻ പള്ളികളും തീറെഴുതിക്കൊടുക്കാൻ സുപ്രീം കോടതി വിധിച്ചിരിക്കുന്നത്! ഇത് നീതിയല്ലെന്ന് സുപ്രീംകോടതിക്കും അറിയാം. ഇന്ത്യയിലെ ക്രിസ്ത്യാനികളെ ഭരിക്കാൻ ഒരു ഇന്ത്യൻനിർമ്മിത നിയമമില്ലാത്ത സാഹചര്യത്തിൽ, പാർലമെന്റിന് ഒരു നിയമനിർമ്മാണ നിർദ്ദേശം നൽകാൻ സുപ്രീം കോടതിക്ക് കഴിയുമായിരുന്നില്ലേ എന്ന് സംശയിക്കുന്നു. എന്തായാലും ഒന്നുമുണ്ടായില്ല.

            ചർച്ച് ആക്ട് എന്ന പരിഹാരമാർഗ്ഗം അംഗീകരിച്ച് തങ്ങൾക്ക് നീതി ലഭ്യമാക്കാനാവശ്യപ്പെട്ട് 17 ലക്ഷം വിശ്വാസികൾക്കുവേണ്ടിയും മറ്റു ക്രൈസ്തവസമൂഹങ്ങൾക്കുവേണ്ടിയും 'മക്കാബി' എന്ന സംഘടനയുടെ സ്ഥാപക ഡയറക്ടറായ അഭിവന്ദ്യ ബർ യുഹാനോൻ റമ്പാനച്ചൻ, 2020 ആഗസ്റ്റ് 19 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. 2009-ൽ ശിപാർശ ചെയ്യപ്പെട്ട ചർച്ച് ആക്ട് അന്ന് നിയമമാക്കിയിരുെന്നങ്കിൽ 1934-ലെ  കാലഹരണപ്പെട്ട സഭാഭരണഘടനയെ ആശ്രയിച്ചുകൊണ്ട് അന്യായവിധി നടത്തേണ്ട ഗതികേട് സുപ്രീം കോടതിക്ക് ഉണ്ടാവില്ലായിരുന്നു. നിയമോപദേശത്തിനായി ഇന്ദിരാഗാന്ധിപോലും കാതോർത്തിട്ടുള്ള ലോകാദരണീയ വ്യക്തി വി. ആർ. കൃഷ്ണയ്യർ ശമ്പളംപോലും വാങ്ങാതെ ജോലിചെയ്ത് തയ്യാറാക്കിയ ചർച്ച് ആക്ട് ശിപാർശയാണ് ഒരു പതിറ്റാണ്ടിലധികമായി യു.ഡി.എഫ്-എൽ.ഡി.എഫ് സർക്കാരുകൾ ചവറ്റുകൊട്ടയിൽ തള്ളിയിരിക്കുന്നത്! സരിതയും സ്വപ്നയുമൊക്കെ മുഖ്യമന്ത്രിമാരുടെ ചെവിയിൽ മന്ത്രിക്കുന്ന അനാവശ്യങ്ങൾ നിയമസഭയിലോ ക്യാബിനറ്റിലോപോലും അറിയിക്കാതെ അതിവേഗം നടത്തിക്കൊടുക്കുന്നു എന്നതും ചേർത്തുവെച്ച് വായിക്കുമ്പോഴാണ്, ഏതുതരം രോഗമാണ് നമ്മുടെ ഭരണാധികാരികളെ ബാധിച്ചിരിക്കുന്നത് എന്ന വ്യക്തമാകുന്നത്.

2.          ഇന്ത്യ ഒരു ജനാധിപത്യ റിപ്പബ്ലിക്കായിരിക്കെ, ഇന്ത്യൻ ക്രിസ്തീയസഭകളിലെ ലക്ഷക്കണക്കായ കന്യാസ്ത്രീവിഭാഗത്തിന് ജനാധിപത്യാവകാശങ്ങൾ മാത്രമല്ല; മനുഷ്യാവകാശംപോലും നിഷേധിക്കപ്പെടാൻ കാരണം, ചർച്ച് ആക്ടിന്റെ അഭാവമാണ്. എന്തുകൊണ്ടെന്നാൽ, ചർച്ച് ആക്ട് നടപ്പാകുന്നതുവരെ ഇന്ത്യയിലെ കന്യാസ്ത്രീകൾ ഭരിക്കപ്പെടുന്നത് വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണഘടനയായ കാനോൻ നിയമത്തിൻ കീഴിലാണ്. ആ നിയമപ്രകാരം, നേരത്തെ സൂചിപ്പിച്ചതുപോലെ, നിയമനിർമ്മാണ- നിയമവ്യാഖ്യാന-നിയമനിർവ്വഹണാധികാരങ്ങൾ വഹിക്കുന്ന പുരോഹിതന്റെകീഴിൽ  ദാരിദ്ര്യം, അനുസരണം, കന്യകാത്വം എന്നീ വ്രതങ്ങൾ പാലിച്ച് ഒതുങ്ങി ജീവിക്കാനുള്ള അവകാശംമാത്രമേ അവർക്കുള്ളു. ചവിട്ടിനിൽക്കുന്ന മണ്ണും അന്തിയുറങ്ങുന്ന ഭവനവും പുരോഹിതൻ എന്ന ജന്മിയുടേതായതുകൊണ്ട് വെറും കുടികിടപ്പുകാർ മാത്രമാണവർ. അതുകൊണ്ട് മുമ്പൊരിക്കൽ പി. സി. ജോർജ്ജ് എം. എൽ. എ. പറഞ്ഞതുപോലെ, മൂന്നാമത്തെ വ്രതം ഇവരിൽ എത്രപേർക്കു പാലിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ദൈവത്തിനുമാത്രമേ അറിയൂ. കാരണം, കന്യാസ്ത്രീകളെ മെരുക്കാൻ കാനോൻ നിയമത്തിനുപുറമേ വേറെയും ചില ബൈബിൾ നിയമങ്ങൾ പുരോഹിതർ ഉപയോഗിക്കാറുണ്ട്. ബൈബിളിലെ 'സംഖ്യ' പുസ്തകത്തിൽ കർത്താവായ യഹോവ മോശയോടും മറ്റു പുരോഹിതരോടും പറയുന്നത്, പുരുഷനോടൊപ്പം ശയിച്ചിട്ടില്ലാത്ത കന്യകകളെ തടവിലാക്കി നിങ്ങൾക്കാവശ്യംപോലെ ഉപയോഗിക്കാമെന്നാണ്! പുതിയ നിയമത്തിലെ 1 കോറി 9-ാം അദ്ധ്യായത്തിലും ഈ നിയമത്തിന്റെ വ്യക്തമായ സൂചനയുണ്ട്. കുടികിടപ്പുകാർ തടവുകാരെപ്പോലെയാണല്ലോ. പുരുഷനൊപ്പം ശയിച്ചിട്ടില്ല എന്നുറപ്പാക്കാനാണ് ഹൈസ്‌കൂൾ പ്രായത്തിൽത്തന്നെ കന്യാസ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ പുരോഹിതർ പ്രത്യേകം ശ്രദ്ധിക്കുന്നത്. ഇങ്ങനെ കുടികിടപ്പുകാരും തടവുകാരുമായ കന്യാസ്ത്രീകളോട് ലോകത്തെമ്പാടുമുള്ള പുരോഹിതർ കാളക്കൂറ്റന്മാരെപോലെ പെരുമാറാനിട വരുന്നു.  ചർച്ച് ആക്ട് നിലവിൽ വന്നാൽ ഈ സ്ഥിതി മാറും.

3.         ഇന്ത്യ ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ല'ിക്കായിരിക്കെ, ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഭരിക്കപ്പെടേണ്ടത് ഇന്ത്യയുടെമാത്രം ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. പക്ഷേ, ഇന്ത്യയിലെ നിരവധി ബിഷപ്പുമാരും അവരുടെ വക്കീലന്മാരും ഇന്ത്യൻ കോടതികളിൽ  എത്രയോ തവണ വാദിച്ചിരിക്കുന്നത്, വത്തിക്കാൻ ഭരണഘടനയായ കാനോൻ നിയമമാണ് ക്രൈസ്തവർക്ക് ബാധകം എന്നാണ്. ഇതിനെതിരെ ശ്രീ ജോസഫ് പുലിക്കുന്നേൽ, ശ്രീ. എം. എൽ. ജോർജ്ജ് മാളിയേക്കൽ, പ്രൊഫസർ ജോയി മൈക്കിൾ, ശ്രീ ലാലൻ തരകൻ തുടങ്ങിയ ദേശാഭിമാനികൾ രംഗത്തുവന്ന് വർഷങ്ങളോളം നിയമയുദ്ധം നടത്തിയെങ്കിലും, ഇന്ത്യയുടെ പരമാധികാരത്തെയും ഇന്ത്യൻ ജനാധിപത്യത്തെയും സ്ത്രീസുരക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് കാനോൻനിയമം ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നത്, ഇന്ത്യയുടെ സ്വാതന്ത്ര്യം നുണയാണെന്നതിന്റെ തെളിവല്ലെങ്കിൽ പിന്നെ എന്താണ്? നെഹൃവും കോൺഗ്രസ് നേതാക്കളും ചേർന്ന് ഭാരതത്തിന്റെ ഭരണഘടന ഒപ്പിട്ട് അംഗീകരിച്ചപ്പോൾ അതിൽ വത്തിക്കാനും ക്രൈസ്തവപൗരോഹിത്യത്തിനും അതിരുകളില്ലാത്ത അധികാരങ്ങൾ നൽകപ്പെട്ടിരുന്നോ?  ഭാരതാംബയുടെ കഴുത്തിൽ ഇരട്ടത്താലി ചാർത്തിയതുപോലെ ഇവിടെ നിലനിൽക്കുന്ന ഇരട്ട ഭരണഘടന അക്ഷരാർത്ഥത്തിൽ മുഴുവൻ ഭാരതീയർക്കും ഇരട്ട പിതൃത്വം ചാർത്തിക്കൊടുക്കുന്നതിനു തുല്യമല്ലെങ്കിൽ പിന്നെയെന്താണ്?

ഇന്ത്യയിലെ മുസ്ലീങ്ങളെ ഭരിക്കാൻ സൗദി അറേബ്യയുടെ ഭരണഘടന ആധാരമാക്കിയാൽ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാർട്ടികൾ ചൈനയുടെ ഭരണഘടന തിരഞ്ഞെടുക്കാൻ തീരുമാനിച്ചാൽ, മറ്റുള്ളവർ അടങ്ങിയിരിക്കുമോ? ഇല്ലെങ്കിൽ, പിന്നെയെന്തുകൊണ്ട് വത്തിക്കാൻ ഭരണഘടനയെന്ന ദേശീയ അപമാനത്തെ നിർമ്മാർജ്ജനം ചെയ്യാൻ നമ്മൾ ഇത്രയും കാലം തയ്യാറായില്ല? ഇനിയും തയ്യാറാകുന്നില്ല? ഒരു യുവതി പരാതിയുമായി വന്നപ്പോൾ 80 കോടിയിലധികം ഹൈന്ദവരുടെ ആചാരാനുഷ്ഠാനങ്ങളെ അവഗണിച്ചുകൊണ്ട് ശബരിമല പ്രവേശനത്തിന് അനുമതി നൽകിയ ഇന്ത്യൻ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും വത്തിക്കാൻ ഭരണഘടനയ്‌ക്കെതിരെ മൗനംപാലിക്കുന്നത് മാതൃഹത്യയ്ക്ക് തുല്യമല്ലെങ്കിൽ പിന്നെയെന്താണ്?

17 ലക്ഷത്തോളം യാക്കോബായ വിശ്വാസികളുടെ മിനിമം നീതിയും, അവരുടെ പ്രതിനിധിയായ അഭിവന്ദ്യ ബർ യൂഹാനോൻ റമ്പാനച്ചന്റെ ജീവനും, സർവ്വോപരി 130 കോടി ജനതയുടെ ആത്മാഭിമാനവും ദേശാഭിമാനവും, നമ്മുടെ ജന്മാവകാശമായ സ്വാതന്ത്ര്യവുമെല്ലാം 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നവർ ഒന്നോർക്കുക: ഒറ്റുകാശ് ഉപയോഗിച്ച് നിങ്ങൾ പടുത്തുയർത്തുന്ന രക്ഷാകവചങ്ങൾ ആകാശത്തോളം ഉയരമുള്ളതായാലും അത് തകരാതെ തരമില്ല. എന്തുകൊണ്ടെന്നാൽ, നിങ്ങളും നിങ്ങളുടെ തലമുറകളും അഹങ്കാരത്തോടെ വെച്ചനുഭവിക്കുന്ന ആ ഒറ്റുമുതൽ, നിരവധി നിരപരാധികളുടെയും നിരാഹാരികളുടെയും നീതിബോധമുള്ള അനേകരുടെയും വിയർപ്പും രക്തവും വോട്ടും നേർച്ചയും നികുതിയും ഉൾപ്പെട്ടതാണ്. നിങ്ങളെ ദൈവങ്ങളായി തെറ്റിദ്ധരിക്കുന്ന നിങ്ങളുടെ അനുയായികളോടും ഒരു വാക്ക് പറയട്ടെ; വൈദ്യുതിക്കും വൈദ്യശാസ്ത്രത്തിനും അകറ്റാൻ കഴിയാത്ത നിങ്ങളുടെ അന്ധത എെന്നങ്കിലും മാറുകയോ മാറാതിരിക്കയോ ചെയ്യട്ടെ; പക്ഷേ, യഥാർത്ഥ ദൈവത്തിന് വോട്ടും നേർച്ചയും നികുതിയും ആവശ്യമില്ലാത്തതാകുന്നു.

കാനോൻ നിയമത്തിനുകീഴിൽ ഞെരിഞ്ഞമരുന്ന ഇന്ത്യയിലെ പതിനായിരക്കണക്കിന് കന്യാസ്ത്രീകളുടെ മാനവും ജീവനും കുടികിടപ്പവകാശവും സംരക്ഷിക്കാൻ ചർച്ച് ആക്ട് മാത്രമാണ് പരിഹാരമെന്ന ബോധ്യത്തിൽ അതു നിയമമാക്കണമെന്നാവശ്യപ്പെട്ട്, സിസ്റ്റർ അഭയയുടെ 27-ാം ചരമവാർഷികദിനത്തിൽ ഈ ലേഖകൻ ആരംഭിച്ചിരുന്ന അനിശ്ചിതകാല നിരാഹാരസമരം ഒരു മാസത്തിനുശേഷം ഗവൺമെന്റ് അധികൃതരുടെ ഇടപെടൽമൂലം അസ്ഥിരപ്പെട്ട് വിജയിക്കാതെ പോയിരുന്നു. അതുകൊണ്ട്, ഇന്നത്തെ പുതിയ സാഹചര്യത്തിൽ, നാഥാൻ പ്രവാചകനെപ്പോലെ ഗർജ്ജിക്കുന്ന ബർ യൂഹാനോൻ റമ്പാനച്ചനോടുചേർന്ന് എന്റെ സമരം പുനരാരംഭിക്കാൻ ഞാനാഗ്രഹിക്കുന്നു. അതിന്, വഞ്ചീസ്‌ക്വയർ കന്യാസ്ത്രീസമരത്തിന്റെ രണ്ടാംവാർഷികദിനമായ 2020 സെപ്തം. 8-ാം തീയതി തുടക്കദിവസമായി ഞാൻ തിരഞ്ഞെടുക്കുന്നു.

ഗാന്ധിമാർഗ്ഗത്തെ അസ്ഥിരപ്പെടുത്തുന്നവർ രാജ്യദ്രോഹികളാണ്. അവർക്കെതിരെ ഗാന്ധിജി ചെയ്തതുപോലെ നിയമലംഘനം നടത്തി പ്രതിഷേധിച്ചേപറ്റൂ. ആദ്യഘട്ടമായി വോട്ട്, നേർച്ച, നികുതി എന്നിവ നിഷേധിക്കുക. അടുത്ത ഘട്ടത്തിൽ നീതിക്കുതകാത്ത നിയമങ്ങളും ഫലം കായ്ക്കാത്ത ഭരണഘടനയും വെട്ടി തീയിലെറിയുക. ഗാന്ധിമാർഗ്ഗത്തെ കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ അവസാനഘട്ടമെന്ന നിലയ്ക്ക് സ്വന്തം ശരീരം തീയിലെറിയാൻ തയ്യാറാകണം. എന്തുകൊണ്ടെന്നാൽ, നിയമത്തെക്കാൾ നീതിയും ദേഹത്തെക്കാൾ ദേഹിയും (ആത്മാവ്) മുഖ്യമെന്ന് നമ്മൾ വിശ്വസിക്കുന്നു. 1934-ലേതുൾപ്പെടെയുള്ള ഏതൊരു നിയമവും നീതി നടപ്പാക്കാൻവേണ്ടിയുള്ളതാണ്. എന്നാൽ  നീതിക്കുതകാത്ത നിയമങ്ങൾ തീയിലെറിയപ്പെടുകതന്നെവേണം. നിയമം ദഹിച്ച് നീതിക്ക് വളമാകട്ടെ; ദേഹം ദഹിച്ച് ദേഹിക്കും (ആത്മാവിന്) വളമാകട്ടെ! ആമ്മേൻ!

No comments:

Post a Comment