Translate

Thursday, March 12, 2015

എല്ലാം നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ ....?


സര്‍,
ബാര്‍ കോഴ, ബാര്‍ കോഴ; കോഴ മാണി, കോഴ മാണി; അഴിമതി മന്ത്രിസഭ, അഴിമതി മന്ത്രിസഭ എന്നൊക്കെ കേട്ടു തുടങ്ങിയിട്ട് എത്ര നാളായി സാര്‍? നാലര മാസമായി.

കോഴ വാങ്ങിയതും, സ്വന്തം കീശ വീര്‍പ്പിച്ചതും മാണിയാണെങ്കിലും ഇതിന്റെ നാണക്കേട് കേരളത്തിന് ഒന്നടങ്കമാണ്. മാണിക്ക് ഇതില്‍ വലിയ നാണമൊന്നും തോന്നുന്നുണ്ടാവില്ല. കാരണം മാണി കഴിഞ്ഞ അമ്പത് കൊല്ലമായി നടത്തിക്കൊണ്ടിരുന്ന കാര്യം ഇത്തവണയും ആഘോഷപൂര്‍വ്വം നടത്തുകയായിരുന്നു.

പണ്ടൊന്നും ഇത് ആരും അറിഞ്ഞിരുന്നില്ല എന്നേയുള്ളൂ. ഇപ്പോഴാകട്ടെ ജനങ്ങള്‍ ഇത് അറിയുകയും മാണിയുടെ കള്ളി വെളിച്ചത്താവുകയും ചെയ്തു. അത്രയേ ഉള്ളൂ. പക്ഷെ മാണി ഇങ്ങനെ സമാധാനിച്ചാലും ഈ സാക്ഷര സുന്ദര കേരളമാണ് തെരുവില്‍ വിവസ്ത്രമാക്കപ്പെട്ട അവസ്ഥയിലായിരിക്കുന്നത്. ആരാണ് സാര്‍ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കാതിരിക്കുക?

സാര്‍, മാണി കോഴ വാങ്ങിയതിനെപ്പറ്റി ബാര്‍ ഉടമ ബിജു രമേശാണ് മാലോകരോട് ആദ്യം പറഞ്ഞതെങ്കിലും അതിനു മുമ്പേ ഇക്കാര്യം അറിയാവുന്ന ചിലരുണ്ട് സര്‍. അവര്‍ ദാ അപ്പുറത്ത് കള്ളച്ചിരി ഉള്ളിലൊതുക്കി ഇരിക്കുകയാണ് സാര്‍. നമ്മുടെ മുഖ്യമന്ത്രിയുടെയും, ചീഫ് വിപ്പിന്റെയും മുഖത്തേക്ക് ഒന്നു നോക്കണം സാര്‍. ചീഫ് വിപ്പ് എപ്പോഴും സത്യം മാത്രം പറയുന്ന ആളല്ലേ? മുഖ്യമന്ത്രിയാണെങ്കിലോ ഒരിക്കലും സത്യം പറയരുതെന്ന് പ്രതിജ്ഞ എടുത്തിട്ടുളള ആളുമല്ലേ. എന്നാലും മാണിയുടെ കോഴ പ്രശ്‌നത്തില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു സംശയവും ഇല്ല സാര്‍. പക്ഷേ അക്കാര്യം അവര്‍ ഇപ്പോള്‍ ഇവിടെ പറയില്ലെന്ന് മാത്രമേയുള്ളൂ. സര്‍ക്കാരെങ്ങാന്‍ താഴെ വീണാലോ എന്ന ഭയമാണ് 'ഉദര നിമിത്തം ബഹുകൃതവേഷം' എന്ന് കവി പാടിയത് എത്ര അര്‍ത്ഥവത്താണ് സാര്‍.

സാര്‍, മാണി കോഴ വാങ്ങിയ കാര്യം ഉറപ്പിച്ചു പറയുന്നത് ബിജു രമേശോ, പ്രതിപക്ഷമോ മാത്രമാണോ സാര്‍? മാണിയും, ഉമ്മന്‍ചാണ്ടിയുമൊക്കെ നിയന്ത്രിക്കുന്ന, അവരുടെ കീഴില്‍ പണിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയ എഫ്.ഐ.ആര്‍ അല്ലേ സാര്‍, കോഴക്കാര്യം അടിവരയിട്ട് പറയുന്നത്.

എന്താണ് സാര്‍, വിജിലന്‍സ് പോലീസ് സൂപ്രണ്ട് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നത്? 'ബാര്‍-ഹോട്ടല്‍ അസോസിയേഷന്‍ അംഗങ്ങളില്‍ ചിലര്‍ പറഞ്ഞത് അംഗങ്ങളില്‍ നിന്ന് പിരിക്കുന്ന തുക മാണിക്ക് നല്‍കാനാണ് എന്ന് അറിയാമായിരുന്നു എന്നാണ്. ഇങ്ങനെ സമാഹരിച്ച പണം മാണിക്ക് കൈമാറുമ്പോള്‍ തങ്ങള്‍ മാണിയുടെ വീടിന്റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നതായും ബാര്‍-ഹോട്ടല്‍ ഉടമകളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, 2-4-2014-ല്‍ പണം മാണിക്ക് കൈമാറുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ഇതിന് സാക്ഷിയായ ഒരു ബാര്‍-ഹോട്ടല്‍ ഉടമ പറഞ്ഞിട്ടുണ്ട്'.

ഇത്രയും കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ പറഞ്ഞതാണ്. ആ എഫ്.ഐ.ആറിന്റെ കോപ്പി എന്റെ കൈവശമുണ്ട് സാര്‍.

സാര്‍, മാണിയും, മാണിയുടെ ചാവേറുകളായി വരുന്നവരുമൊക്കെ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു കള്ളു കച്ചവടക്കാരന്‍ മാണിക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു എന്നാണ്. അതിന്റെ പേരില്‍ ആഴ്ചകള്‍ ആറ്റുനോറ്റിരുന്ന് മുഹൂര്‍ത്തമെല്ലാം നോക്കി ഒരു വക്കീല്‍ നോട്ടീസ് അയച്ചു. പത്തു കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ആ വക്കീല്‍ നോട്ടീസിന് ആരോപണമുന്നയിച്ച ബിജു രമേശ് ജോര്‍ ജോറായി ഒരു മറുപടിയും നല്‍കി. മറുപടിയില്‍ എന്താണ് പറഞ്ഞത്? മാണി കോഴ വാങ്ങി എന്ന ആരോപണത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനുശേഷം പിന്നെയും പലതും ആരോപിച്ചു.

സാധാരണ നമ്മള്‍ നാട്ടില്‍ കേട്ടിട്ടുള്ളത് മാനഹാനിയുണ്ടാക്കുന്ന ഒരു കാര്യം ഒരാള്‍ പറയുകയോ, എഴുതുകയോ ചെയ്താല്‍, രണ്ടാഴ്ചക്കുള്ളിലോ പരമാവധി ഒരു മാസത്തിനുള്ളിലോ അത് പിന്‍വലിച്ചുകൊണ്ട് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ സിവിലായും, ക്രിമിനലായും ഇത്ര തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുമെന്നാണ്. മാനാഭിമാനബോധമുള്ളവരൊക്കെ മലയാള നാട്ടില്‍ ഇതാണ് ചെയ്യുന്നത്.

എന്നാല്‍ മാണി ഇങ്ങനെ എന്തെങ്കിലുമൊരു കേസ് ഫയല്‍ ചെയ്തതായി നമ്മളാരും കേട്ടിട്ടില്ല. ഒരു കേസ് ഫയല്‍ ചെയ്ത് വാസ്തവവിരുദ്ധമായ ആരോപണം ഉന്നയിച്ച ബിജു രമേശിനെ ശിക്ഷിപ്പിച്ചാല്‍ പോരായിരുന്നോ? 'നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം' എന്ന് പറയുന്നതു പോലെ മാണിക്ക് ഒറ്റയടിക്ക് രണ്ടു കാര്യം നേടാമായിരുന്നില്ലേ. വാസ്തവവിരുദ്ധമായ ആരോപണത്തില്‍ നിന്ന് അഗ്നിശുദ്ധി നേടി തിരിച്ചുവരാമായിരുന്നില്ലേ? മാത്രമാണോ, ബിജു രമേശിന്റെ പക്കല്‍ നിന്ന് പത്തുകോടി രൂപ നഷ്ടപരിഹാരവും കിട്ടുമായിരുന്നില്ലേ? ആ പത്തു കോടി കിട്ടിയാല്‍ ഇനിയുള്ള വര്‍ഷങ്ങളിലെങ്കിലും കോഴ വാങ്ങാതിരിക്കാനും കഴിയുമായിരുന്നില്ലേ? എന്തേ മിസ്റ്റര്‍ മാണി ഇത് ചെയ്യാത്തത്? ശ്രീ. പി.സി. ജോര്‍ജ് എങ്കിലും ഈ ബുദ്ധി മാണിക്ക് പറഞ്ഞുകൊടുക്കണം.

സാര്‍, മാണിക്ക് ഇത് ചെയ്യാന്‍ ചങ്കുറപ്പുണ്ടോ സാര്‍? മാണിയെക്കൊണ്ട് ഇത് ചെയ്യിക്കാന്‍ പി.സി. ജോര്‍ജിന് ധൈര്യമുണ്ടോ സാര്‍? ഇല്ല സാര്‍, അതൊക്കെ പോയി സാര്‍.

സാര്‍, മാണിയും, ഉമ്മന്‍ചാണ്ടിയും ഈ പി.സി. ജോര്‍ജുമൊക്കെ ദൈവവിശ്വാസികളല്ലേ സാര്‍. വിശ്വാസികള്‍ ഇങ്ങനെ കള്ളത്തരം കാണിക്കാമോ സാര്‍? കള്ളത്തരങ്ങളെ വെള്ളപൂശുന്നത് ഏത് വിശ്വാസമാണ് സാര്‍ അംഗീകരിക്കുന്നത്?

മാണിയും, ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജുമൊക്കെ വിശുദ്ധഗ്രന്ഥം നന്നായി വായിച്ചു പഠിച്ചിട്ടുളളവരല്ലേ സാര്‍. അതില്‍ മത്തായിയുടെ സുവിശേഷത്തില്‍ നിന്ന് ഒരു വാചകം ഉദ്ധരിക്കാം സാര്‍. 'ഈ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ പിന്നെ എന്ത് പ്രയോജനം' എന്നല്ലേ സാര്‍ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26...

ഇതൊക്കെ ഉരുവിട്ട് ഹൃദിസ്ഥമാക്കിയിട്ടാണോ സാര്‍ ഇക്കൂട്ടര്‍ ഇക്കണ്ട കള്ളങ്ങളൊക്കെ കാട്ടിക്കൂട്ടുന്നത്? ലജ്ജ തോന്നുന്നില്ലേ സാര്‍.

മിസ്റ്റര്‍ മാണി, ഈ കള്ളത്തരങ്ങളും, വേണ്ടാതീനങ്ങളുമൊക്കെ കാട്ടി നിങ്ങള്‍ക്ക് ഏറെ നാള്‍ മുന്നോട്ട് പോകാനാവില്ലെന്ന് ഓര്‍ക്കണം. സാര്‍, ബൈബിളിലെ മറ്റൊരു തിരുവചനം കൂടി ഞാന്‍ ഉദ്ധരിക്കട്ടെ. 'കള്ളത്തരങ്ങളും, മോഷണങ്ങളും നീ നടത്തിയാല്‍ കെടാത്ത തീയും, ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ നീ വീണുപോകും'

സാര്‍, അതുകൊണ്ട് മാണി ഇക്കണ്ട കള്ളത്തരങ്ങളൊക്കെ കാട്ടിയിട്ട് തൊടുന്യായങ്ങള്‍ പറഞ്ഞ് കടിച്ചുതൂങ്ങി ഇരുന്നാലും ബൈബിള്‍ വചനം സത്യമായി അനുഭവപ്പെടുന്ന ഒരു കാലം വരും. മിസ്റ്റര്‍ മാണി അങ്ങനെ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തില്‍ വീണു പോകുന്നത് എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. അതുകൊണ്ട് മിസ്റ്റര്‍ മാണി മന്ത്രിസ്ഥാനം രാജിവെച്ച്, ചെയ്തുപോയ അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് ഈ മഹാപാപത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കണം.

ഉമ്മന്‍ചാണ്ടിയും ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. കാരണം ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്.

മിസ്റ്റര്‍ മാണിക്ക് റോമാ സാമ്രാജ്യത്തിലെ ജൂലിയസ് സീസറിന്റെ കഥ അറിയാമെന്നാണ് ഞാന്‍ ആശിക്കുന്നത്. ജൂലിയസ് സീസറിനെ അവസാനത്തെ കുത്ത് കുത്തിക്കൊന്നത് സീസറിന്റെ ഏറ്റവും വിശ്വസ്തനായ ബ്രൂട്ടസ് ആയിരുന്നു എന്ന് മാണി ഓര്‍ക്കുന്നില്ലേ? 'ബ്രൂട്ടസേ നീയും' എന്ന പ്രയോഗമൊക്കെ അങ്ങനെ വന്നതല്ലേ. മാണിക്ക് ചുറ്റും ചില ബ്രൂട്ടസുമാര്‍ ഉണ്ടെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ തന്നെ അപ്പുറത്തിരിക്കുന്ന ചിലരുടെ ഉള്ളില്‍ ഒരു ചെറുചിരി പടരുന്നുണ്ട്. പക്ഷെ അവരുടെ പേരൊന്നും പറഞ്ഞ് അത്തരക്കാരെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതൊക്കെ ഇതെല്ലാം കേള്‍ക്കുന്നവരും കാണുന്നവരും തന്നെ തീരുമാനിക്കട്ടെ.

സീസറിനെ കൊന്നതിന് അന്ന് ബ്രൂട്ടസ് പറഞ്ഞ ന്യായം, സീസറിനോട് സ്‌നേഹമില്ലാതിരുന്നതുകൊണ്ടല്ല, മറിച്ച് സീസറിനേക്കാള്‍ കൂടുതല്‍ റോമിനെ സ്‌നേഹിച്ചതു കൊണ്ടാണെന്നാണ്.

ഒടുവില്‍ മാണിയുടെ പതനം ഉറപ്പാകുമ്പോള്‍ ഇവിടത്തെ ബ്രൂട്ടസുമാര്‍ക്കും ഇത്തരത്തില്‍ ന്യായം പറയാന്‍ കഴിഞ്ഞെന്നു വരും. മാണിയോട് സ്‌നേഹമില്ലാത്തതു കൊണ്ടല്ല മറിച്ച് മാണിയേക്കാളും കൂടുതല്‍ യു.ഡി.എഫിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ് മാണിയെ കുത്തിമലര്‍ത്തിയത് എന്നു പറയുന്ന അവസ്ഥയും ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല.

സര്‍, എഫ് ഐ ആര്‍ ഇട്ടതിന്റെ പേരില്‍ ഞങ്ങളുടെ ഒരു എംഎല്‍എ യെ നിങ്ങള്‍ അറസ്റ്റു ചെയ്ത് ജയിലിലാക്കയില്ലേ? എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മാണിക്ക് എങ്ങനെയാണ് ഇവിടെ ഇരിക്കാന്‍ കഴിയുക? അദ്ദേഹത്തെയും അറസ്റ്റു ചെയ്ത് ജയിലിലാക്കേണ്ടേ? ജെയിംസ് മാത്യവിന് ഒരു നീതിയും മാണിക്ക് മറ്റൊരു നീതിയുമാണോ സര്‍?

ഇങ്ങനെ എന്തൊക്കെ പറഞ്ഞാലും മാണിക്കോ, ഉമ്മന്‍ചാണ്ടിക്കോ ഒരു ഉളുപ്പും ഇല്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണല്ലോ ഇത്തരത്തിലുള്ള ഒരു പ്രശ്‌നം പോലും സഭയില്‍ ചര്‍ച്ച ചെയ്യാനോ ജനങ്ങള്‍ അറിയാനോ നിങ്ങള്‍ ആഗ്രഹിക്കാത്തത്. അതുകൊണ്ട് നിങ്ങളുടെ ഇത്തരം കള്ളത്തരങ്ങളിലും, അത് ഒളിച്ചു വയ്ക്കാനും, അതില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി പ്രശ്‌നം ചര്‍ച്ചയ്ക്ക് പോലും എടുക്കില്ല എന്ന നിങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ഞാനും എന്റെ കക്ഷിയും വാക്കൗട്ട് നടത്തുന്നു....

5 comments:

  1. Chandra Sekharan

    പലര്ക്കും സംശയം തോന്നാം, എന്ത് കൊണ്ടാണ് അച്ചുതാനന്ദൻ കടുത്ത ഭാഷയിൽ മാണിയെ വിമര്ശിക്കുന്നത് എന്ന്. കഴിഞ്ഞ ഗവെർന്മെന്റ് ആരോപണ വിധേയരായ രണ്ടു മന്ത്രിമാരെ രാജി വെക്കുന്നതിനു നിർബന്ധിക്കുകയും , അവർ രാജി വെക്കുകയും ഉണ്ടായി. അവർ രണ്ടുപേരും സഖ്യ കക്ഷി യിലെ മന്ത്രിമാരായിരുന്നു. അവരുടെ പേരിലുള്ള കേസില അവരെ ആരും ചാർജുഷീറ്റ് നൽകിയിട്ടുമില്ലായിരുന്നു. എന്ത് കൊണ്ട് ഉമ്മൻ ചാണ്ടി അതേ കീഴ്വഴക്കം അനുസരിച്ച് മാണിയോടു തലക്കാലം മാറിനിന്നു അഗ്നിശുധിയോടെ തിരിച്ചുവരാൻ ആവശ്യപ്പെട്ടില്ല? എന്തുകൊണ്ടാണ് മാണി സ്വയം അതിനു സന്നദ്ധത പ്രകടിപ്പിച്ചില്ല?
    കാരണം വ്യക്തം - അങ്ങനെ ചെയ്‌താൽ അതിനു മുൻപ് ചാണ്ടി തന്നെ രാജി വെക്കേണ്ടി വരും. പിന്നെ ഓരോരുത്തരായി എല്ലാവരും അല്ലെ?

    ReplyDelete
  2. Jijo Kurian

    രാഷ്ട്രീയ വിഷയങ്ങളായ കോഴ, മദ്യം, സോളാര്‍, ഉപരോധം മുതലായവയെക്കുറിച്ച് ഒന്നും പറയാനില്ല, കാരണം ഞാന്‍ പണ്ടേ ഒരരാഷ്ട്രീയവാദിയായിക്കഴിഞ്ഞിരിക്കുന്നു. എനിക്ക് ഒന്നേ പറയാനുള്ളൂ: 70 വയസ്സൊക്കെക്കഴിഞ്ഞ് ആരും സ്വന്തം ആരോഗ്യവും ജീവിതവും കുടുംബവും കൊച്ചു കൊച്ചു സന്തോഷങ്ങളും മറന്ന് നാടിനെ സേവിക്കരുത്. നിങ്ങള്‍ക്കും വേണ്ടേ ഒരു ജീവിതമൊക്കെ? അത്രയൊന്നും നിങ്ങളുടെ സേവനം ഈ നാട് അര്‍ഹിക്കുന്നില്ലെന്നെ.
    (വാല്‍ക്കഷ്ണം: നിങ്ങള്‍ പ്രായമെത്തി മരിച്ചിട്ട് മാത്രം അടുത്തയാള്‍ ആ ആസനത്തില്‍ കയറിയിരിക്കാന്‍ നിങ്ങളാരാ ചക്രവര്‍ത്തിയോ മാര്‍പ്പാപ്പയോ?)

    ReplyDelete
  3. http://youtu.be/ZPROcWvovzw പാലായുടെ സങ്കീര്‍ത്തനം

    ReplyDelete
  4. Pradeep Saraswathyvilasam Sivaramakrishnan Kartha അഴിമതികളുടെ ചാവുകടലിലാണ് ജനം. ജലത്തിന് സാന്ദ്രതയേറുന്നേയുള്ളൂ. കുറയുന്നില്ല. പഴുത്ത് ചീയുന്നതിന് മുന്‍പ് പെറുക്കിക്കളയണം. പുതിയ ആളുകള്‍ വന്നുകോണ്ടിരിക്കണം. അതിന് ജനപ്രതിനിധികള്‍ക്ക് age limit വയ്ക്കണം. പ്രതിപക്ഷത്തും ഭരണപക്ഷത്തും. എങ്കില്‍ ഈ ചീയലുകള്‍ ഒട്ടൊക്കെ കുറക്കാം.

    ReplyDelete
  5. നിര്‍ബന്തിത വിരമിക്കല്‍ /പെന്‍ഷന്‍ മറ്റെല്ലാ ജീവനക്കാര്‍ക്കും എന്നതുപോലെ രാഷ്ട്രീയ / മതനേതാക്കള്‍ക്കും അനിവാര്യമാണ് ! 'ഭഗവത്ഗീത' മനസിലേറ്റാത്ത ഒരുവനും ഒരുനാളും ഈ രണ്ടു കസേരകളിക്കും ചേരാന്‍ അനുവദിക്കരെതെ ജനമേ ..

    ReplyDelete