രാജാ ഗുരു മഹേശ്വര ഭദ്രാനന്ദ് ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് ചില വിലയിരുത്തലുകള്‍ നടത്തുന്ന ഒരു ചെറിയ കുറിപ്പാണിത്. നമ്മുടെ ദൈവമാതാഭക്തിയുമായി ഇതൊന്ന് തട്ടിച്ചു നോക്കുന്നത് രസകരമായിരിക്കും. നിറം കൊടുത്തിരിക്കുന്ന ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. ഭക്തിയില്‍ കൊള്ളേണ്ടതും തള്ളേണ്ടതും എന്തൊക്കെയെന്ന് നമ്മളും അറിഞ്ഞിരിക്കണം.
പറയാനുള്ളത് പറയ്യാതെ വയ്യ, ഇതിന്റെ പേരില്‍ കാവി കുരങ്ങന്മാര്‍ എന്ത് പറഞ്ഞാലും എനിക്കതൊരു വിഷയമല്ല. എന്തൊരു വിഡ്ഢിത്തരമാണ് ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ അരങ്ങേറുന്നത്. പരമപവിത്രമായ ആറ്റുകാല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിക്കുന്നത് പട്ടിയും പൂച്ചയും പിച്ചക്കാരും പറക്കികളും പെടുക്കുന്നതും തുപ്പുന്നതുമായ റോഡിന്റേയും മലിന ജലം ഒഴുകുന്ന ഓടകളുടേയും അരുകില്‍. അമ്മയോടുള്ള ഭക്തിയും വിശ്വാസവും നല്ലതാണ്, അമ്മയുടെ ശക്തിയും കരുണയും സ്നേഹവും വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ സാധിക്കില്ല. ഞാനും അമ്മയുടെ പുത്രന്‍ തന്നെയാണ്, പക്ഷേ അമ്മക്ക് മക്കള്‍ നല്‍ക്കുന്ന നിവേദ്യം ഇത്തരം നാറിയ സ്ഥലങ്ങളില്‍ നല്‍ക്കുന്നത് ശരിയായ നടപടിയല്ല.
പൊങ്കാല പരിസരത്ത് അരങ്ങേറുന്ന മറ്റൊരു തമാശ, ഒരു വശത്ത് അമ്മേയെന്ന് വിളിക്കുന്നു, മറുവശത്ത് സ്ഥലത്തിന് വേണ്ടി പരസ്പരം തള്ളക്ക് വിളിക്കുന്നു. ചുട്ടുപഴുത്ത വെയിലത്ത് പൂജാരി വിയര്‍ത്തൊലിച്ച് കൊണ്ടുവന്നു തളിക്കുന്ന വെള്ളത്തെ പുണ്യതീര്‍ത്ഥമെന്ന് അപ്പാടെ പറയാനും പ്രയാസമാണ്. ഞാന്‍ താന്ത്രിക കര്‍മ്മം പഠിച്ചവാനാണ്, ആചാരങ്ങളെ മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അതേസമയം ഇത്തരം ശക്തി തെളിയിക്കല്‍ മത്സരത്തിനോട് യോജിക്കുന്നില്ല. ഹൈന്ദവ ആചാര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ മനസ്സും ശരീരവും മാത്രം ശുദ്ധിയായാല്‍ പോര പരിസര ശുദ്ധിയും അനിവാര്യമാണ്.
എന്റെ പ്രിയ അമ്മ പെങ്ങമാരേ, സത്യത്തില്‍ ഇങ്ങനെ ഒന്നുമുള്ളതല്ല യഥാര്‍ത്ഥ ആത്മീയത. അമ്പലം പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ല, മറിച്ച് ഊര്‍ജ്ജം സ്വീകരിക്കാനുള്ള സ്ഥലമാണ്. പെട്രോള്‍ പമ്പില്‍ ചെന്ന് ചായ ചോദിക്കുന്ന പോലെയാണ് അമ്പലങ്ങളില്‍ ചെന്ന് വരം ചോദിക്കുന്നത്. നിങ്ങള്‍ ലഹരിയില്‍ നിന്നും ഉണരണം, ലഹരിയില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഫലം ഉണ്ടാവില്ല. ഭൗതികമായ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കാനുള്ള സ്ഥലമല്ല അമ്പലം. സനാതന സംസ്കാരം കൃത്യമായി പഠിക്കാത്തതിന്റെ കുറവാണ് സര്‍വ്വ കുഴപ്പങ്ങള്‍ക്കും ആധാരം. നിങ്ങള്‍ ഭക്തിയുടെ ലഹരിയിലാണ്, ഹിന്ദു മതം എന്നത് ഒരു അവിയല്‍ മതമാണ്. അത് ഒരു ഘോര വനമാണ് അതിനുള്ളില്‍ സര്‍വ്വ വന്യ മൃഗങ്ങളും പഴങ്ങളും വിഷചെടിയും ഔഷധങ്ങളും എല്ലാമുണ്ട്, ആ വനത്തെ കുറിച്ച് അറിവുള്ള ഒരു വഴിക്കാട്ടി നിങ്ങള്‍ക്കരികില്‍ ഇല്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അകപ്പെട്ടുപോകും.
സ്ത്രീകളുടെ ശബരിമല എന്ന പദത്തെ ചോദ്യം ചെയ്യാന്‍ ആരും ഇതേവരെ ഉണ്ടായില്ല. സ്ത്രീകളെ പൊതുവേ പറ്റിക്കാന്‍ എളുപ്പമാണ്, കേട്ടപടി കേള്‍ക്കാത്ത പാതി ഭക്തിയുടെ ലഹരിയില്‍ സ്ത്രീകളുടെ ശബരിമലയെന്ന പദം എല്ലാവരും അപ്പാടെ സ്വീകരിച്ചു. ശബരി എന്ന സന്യാസിനി വസിച്ചിരുന്ന സ്ഥലമാണ് ശബരിമല. ലങ്കയിലേക്ക് യുദ്ധത്തിന് പോയ ശ്രീരാമനെ തന്റെ തപശക്തിയാല്‍ ആകര്‍ഷിച്ച് അരുകില്‍ വരുത്തി മോക്ഷപ്രാപ്തി നേടിയ ചരിത്രത്തെ വളച്ചൊടിച്ച് സ്ത്രീജനങ്ങളെ കബളിപ്പിക്കുന്ന വാക്കാണ് സ്ത്രീകളുടെ ശബരിമല എന്ന പദം. എല്ലാം പോട്ടെ, ആറ്റുകാല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒരു മലയുടെ മുകളില്‍ ആയിരുന്നെങ്കിലും കുഴപ്പമില്ലായിരുന്നു. യുക്തിയില്ലാതെ ഭക്തിയുടെ ഭ്രാന്ത് മൂത്ത് ഓരോന്നും വിളിച്ചു കൂവും അതുകേട്ട് ഓരിയിടാന്‍ കുറേ സാധനങ്ങള്‍ വേറേയും. ഈ നാടും നാട്ടുക്കാരും ഒരിക്കലും നന്നാവില്ല.
മറ്റൊരു മുറ്റന്‍ തമാശ അവിടുത്തെ പ്രാര്‍ത്ഥനയാണ്. സ്ത്രീ ജനങ്ങങ്ങളുടെ പ്രാര്‍ത്ഥന കേട്ടാല്‍ ചിരിച്ച് പണ്ടാരമടങ്ങും. അമ്മേ ദേവി എനിക്ക് ലോണ്‍ ശരിയാക്കിതരണേ, എന്റെ ചിട്ടിയുടെ ആദ്യ കുറി എനിക്ക് തന്നെ ലഭിക്കണേ, അയല്‍ക്കാരി പുതിയ മാരുതി കാര്‍ എടുത്തു എനിക്ക് ഇത്തവണ പുതിയ ഹോണ്ട കാര്‍ ലഭിക്കേണേ, എന്റെ കടയില്‍ കൂടുതല്‍ വരുമാനം തരണേ, എന്റെ കടം മാറ്റി എന്നെ ഒരു പണക്കാരിയാക്കി തരേണേ, എന്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടം വിജയിപ്പിച്ചു തന്നാല്‍ കിട്ടുന്ന ലഭത്തിന്റെ ഒരു പങ്ക് അമ്മയ്ക്കും തന്നു കൊള്ളാമേ, എന്റെ ഭര്‍ത്താവിന്റെ മറ്റവളുടെ തലയില്‍ ഇടിതീ വീഴേണേ. ഇങ്ങനെ പോകും അവിടുത്തെ പ്രാര്‍ത്ഥനകള്‍.
നിങ്ങളുടെ ഭവനങ്ങളില്‍ ആറ്റുകാല്‍ പൊങ്കാല ദിവസം പൊങ്കാല ഇടുക. ഭൗതികമായ വസ്തുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല ചെയ്യേണ്ടത്, മറിച്ച് പ്രയത്‌നിക്കുകയാണ് വേണ്ടത്. നിങ്ങള്‍ അമ്മയുടെ സൃഷ്ട്ടികളെയാണ് കാണുന്നത്, മറിച്ച് അമ്മയെ അല്ല. സൃഷ്ട്ടാവായ അമ്മ നിങ്ങളുടെ ഉള്ളിലും അമ്മയുടെ സൃഷ്ട്ടികള്‍ പുറത്തുമാണ്. നിങ്ങള്‍ ഒരിക്കലും അമ്മയെ അറിയുന്നില്ല, അറിയാന്‍ ശ്രമിക്കുന്നുമില്ല. നിങ്ങള്‍ എല്ലാവരും അബോധാവസ്തയിലാണ്. നിങ്ങളെ നിങ്ങളുടെ മതനേതാക്കള്‍ ഭക്തിയെന്ന ലഹരി നല്‍കി ബോധരഹിതരാക്കിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയും ഐശ്വര്യവും സ്ത്രീയാണ്.
നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ വേണ്ടി ഒരിക്കലും സ്വാര്‍ത്ഥരായി നിങ്ങള്‍ പൊങ്കാലയിടരുത്, അതേസമയം ഒന്നും പ്രതീക്ഷിക്കാതെ ആഗ്രഹിക്കാതെ നിര്‍മ്മലമായ ഹൃദയത്തോടെ വേണം പൊങ്കാല അര്‍പ്പിക്കാന്‍, അങ്ങനെ ആരും ചെയ്യാറില്ല. അവിടെ തിളച്ചു തൂകുന്നത് നിങ്ങളുടെ ആഗ്രഹങ്ങളും സ്വാര്‍ത്ഥതയുമാണ്. ഒന്നും പ്രതീക്ഷിക്കാതെ നിര്‍മ്മലമായ മനസോടെയുള്ള സ്നേഹ പൊങ്കാലവേണം അമ്മക്ക് അര്‍പ്പിക്കാന്‍. ഇന്ന് മുതല്‍ ഞാന്‍ ധര്‍മ്മം പാലിക്കുമെന്നുള്ള പ്രതിജ്ഞ എടുത്തു കൊണ്ടുള്ള ഒരു ധര്‍മ്മ പൊങ്കാല അര്‍പ്പിക്കണം. നിങ്ങളുടെ ശരീരമായ കുടത്തില്‍ ആഗ്രഹങ്ങളായ അരിയും മോഹങ്ങളായ ശര്‍ക്കരയും കൊണ്ട് ധ്യാനമായ അഗ്നിയില്‍ വേണം പൊങ്കാല അര്‍പ്പിക്കാന്‍, അതാണ് യഥാര്‍ത്ഥ പൊങ്കാല. അതില്‍ നിന്നും ഉണ്ടാവുന്ന മധുരമായ പ്രസാദം വേണം അമ്മക്ക് അര്‍പ്പിക്കാന്‍.
സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും രാഷ്ട്രീയ തെമ്മാടിത്തരങ്ങൾക്കും എതിരേയോ അല്ലെങ്കിൽ നമ്മുക്കിടയിൽ രോഗത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും പീഡനങ്ങൾക്ക് ഇരയായി നരകിക്കുന്നവര്‍ക്കും വേണ്ടിയോ ഇത്തരമൊരു കൂട്ടായ്മ നിങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ആറ്റുകാല്‍ അമ്മ നിങ്ങളുടെ പ്രാര്‍ത്ഥന കേട്ടേനെ. സ്വന്തം കാര്യം കാണാന്‍ വേണ്ടി ഭക്തിയുടെ ലഹരി തലക്കുപ്പിടിച്ച് അടിച്ച് പിമ്പിരിയായി ഇടുന്ന ഈ പൊങ്കാല കണ്ട് അമ്മ ചിരിക്കുകയാണ്. പാര്‍ട്ടിക്കാര്‍ മദ്യം നല്‍കി സമരത്തിന് ആളെ കൂട്ടുന്നപോലെയാണ് മതങ്ങള്‍ ഭക്തി നല്‍കി ആളെ കൂട്ടുന്നതും. പൊങ്കാല അര്‍പ്പിച്ചും, പെരുന്നാള്‍ കൊണ്ടാടിയും പണം വരിയെറിഞ്ഞതുകൊണ്ടൊന്നും നിങ്ങള്‍ക്ക് ആത്മീയ അനുഭൂതി ലഭിക്കാന്‍ പോകുന്നില്ല.
No comments:
Post a Comment