2015 ഫെബ്രുവരി 28-ന് പാലാരിവട്ടം എസ്. എന്‍. ഡി. പി. ഓഡിറ്റോറിയത്തില്‍ നടന്ന
സന്ന്യാസത്തില്‍നിന്നും വൈദികവൃത്തിയില്‍നിന്നും പിരിഞ്ഞവരുടെ യോഗത്തില്‍ കെ. സി. ആര്‍.
എം. പ്രസിഡന്റ് ശ്രീ. കെ. ജോര്‍ജ് ജോസഫ് അധ്യക്ഷതവഹിച്ചു. കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്
മാണി പറമ്പേട്ട് ആണ്. യോഗത്തില്‍ പങ്കെടുത്ത പ്രമുഖരെയെല്ലാം പരിചയപ്പെടുത്തിക്കൊണ്ട്
ശ്രീ റജി ഞള്ളാനി സ്വാഗതം പറഞ്ഞു.
ദൈവവിശ്വാസത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ, മുന്നേറുക
മുഖ്യ പ്രഭാഷണം: ഡോ. എം. പി. മത്തായി
(എമിനെന്റ് പ്രൊഫസര്‍ ഗാന്ധിയന്‍ സ്റ്റഡീസ്, ഗുജറാത്ത് വിദ്യാപീഠ്)
നിര്‍ഭയരായ സത്യാന്വേഷികളേ,
വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഞാന്‍ ഒരു പുരോഹിതനോ മുന്‍ പുരോഹിതനോ കത്തോലിക്കനോ
അല്ല. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാംഗമാണ് ഞാന്‍. ദൈവവിശ്വാസത്തില്‍നിന്ന് അജ്ഞേയവാദത്തിലൂടെ
യുക്തിവാദത്തിന്റെ അതിര്‍വരമ്പുവരെ എത്തിയ ഒരു ബൗദ്ധികജീവിതം എനിക്കുണ്ടെങ്കിലും ഇന്നു
ഞാന്‍ ദൈവവിശ്വാസം അനാവശ്യമാണെന്നു കരുതുന്ന ഒരാളല്ല. സഹോദരതുല്യനും സുഹൃത്തുമായ ജോര്‍ജ്
മൂലേച്ചാലിലിന്റെ നേതൃത്വത്തില്‍ കെ. സി. ആര്‍. എം. തുടങ്ങിയപ്പോള്‍ മുതല്‍ ഞാനതിന്റെ
ഒരു നിരീക്ഷകനാണ്. വെറുമൊരു നിരീക്ഷകനായി ഇവിടെ എത്തിയതാണെങ്കിലും ആ സ്‌നേഹിതന്‍ എന്നോട്
ഇങ്ങനെ ഒരു പ്രഭാഷണം നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ പറയാന്‍ ചിലതുള്ളതുകൊണ്ടുതന്നെ
വളരെ സന്തോഷം തോന്നി. പത്തു മിനിറ്റുകൊണ്ട് രണ്ടു കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കാനേ
ഞാന്‍ കരുതുന്നുള്ളു.
നമ്മള്‍ എന്തിനുവേണ്ടി ജീവിക്കുന്നു എന്ന ചോദ്യം ഗൗരവപൂര്‍വം ചോദിച്ചിട്ടുള്ള കുറെ
ആളുകളാണല്ലോ ഇവിടെ കൂടിയിരിക്കുന്നത്. അതുകൊണ്ടാണ് സംഘടിത മതത്തിനുള്ളിലെ പൗരോഹിത്യത്തിന്റെ
പരിമിതിക്കുള്ളില്‍ അര്‍ഥപൂര്‍ണമായ ജീവിതം നയിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് അനുഭവപ്പെട്ടപ്പോഴാണ്
അതില്‍നിന്നു പുറത്തുവരാന്‍ ഇവിടെ വന്നിട്ടുള്ളവരില്‍ ബഹുഭൂരിപക്ഷവും തയ്യാറായതെന്ന്
ഞാന്‍ കരുതുന്നു. നമ്മുടെ സഭകളുടെ അടിസ്ഥാന പരമായ പ്രശ്‌നം അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ
ആദരിക്കാനോ അംഗീകരിക്കാനോ അനുവദിച്ചുകൊടുക്കാന്‍ പോലുമോ തയ്യാറല്ല എന്നതാണ്. മനുഷ്യമനസ്സിന്റെ
അടിസ്ഥാനസ്വഭാവമാണ് സത്യാന്വേഷണം. സത്യം കണ്ടെത്തുക എന്നത് മനുഷ്യമനസ്സിന്റെ പ്രാഥമികവും
അടിസ്ഥാനപരവുമായ ചോദനയാണ്. സത്യത്തില്‍ കുറഞ്ഞ യാതൊന്നുകൊണ്ടും അതു സംതൃപ്തമാകുകയില്ല.
അതിനാല്‍ത്തന്നെ സ്വയാവബോധമുള്ള ആളുകള്‍ സത്യം കണ്ടെത്താന്‍ നിരന്തരം, തീവ്രമായി, സാഹസികമായി
ശ്രമിച്ചുകൊണ്ടിരിക്കും. ഒരു കാര്യം സത്യമായി തോന്നിയാല്‍ അതംഗീകരിക്കുകയും അതനുസരിച്ചു
ജീവിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ ധര്‍മം.
മഹാത്മാഗാന്ധിയുടെ ജീവിതതത്ത്വശാസ്ത്രമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പഠിച്ചിട്ടുള്ളത്.
കഴിഞ്ഞ പത്തു വര്‍ഷമായി പഠിക്കുന്നത് യേശുദര്‍ശനമാണ്, ക്രിസ്റ്റോളജിയാണ്. ഈ രണ്ടു മഹാത്മാക്കളുടെയും
വീക്ഷണം സത്യത്തില്‍ അധിഷ്ഠിതമാണ്. മഹാത്മാഗാന്ധി സത്യത്തിന്റെ രണ്ടു തലങ്ങളെക്കുറിച്ച്
പറയുന്നു. ഒന്ന് പരമമായ സത്യം. രണ്ട് ആപേക്ഷിക സത്യം. ഓരോ സന്ദര്‍ഭത്തിലും കണ്ടെത്താന്‍
കഴിയുന്ന ആപേക്ഷികസത്യമനുസരിച്ചാണ് ഓരോ വ്യക്തിയും ജീവിക്കേണ്ടത്. അങ്ങനെ മുന്നോട്ടു
പോകുമ്പോള്‍ നമുക്ക് പുതിയ ആപേക്ഷിക സത്യങ്ങള്‍ കണ്ടെത്തേണ്ടിവരും. അതനുസരിച്ച് നമ്മുടെ
നിലപാടുകളില്‍ മാറ്റം വരുത്തേണ്ടിവരും. അതൊന്നും സത്യനിഷേധമല്ല. അവയെ സത്യാന്വേഷണത്തിന്റെ
ഓരോ ഘട്ടങ്ങളായി, സത്യത്തിന്റെ ഓരോ തലങ്ങളായി മനസ്സിലാക്കണം.
ഗാന്ധിജി ഊന്നിപ്പറഞ്ഞ ഒരു സത്യാന്വേഷണപാഠമാണിത്. എന്നാല്‍ ഇതൊന്നും നമ്മുടെ സഭാധികാരികള്‍ക്ക്
ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മംഗലപ്പുഴ സെമിനാരിയില്‍ ഒരിക്കല്‍ ഞാന്‍ ഒരു ക്ലാസ്സെടുക്കുകയുണ്ടായി.
അതില്‍ പങ്കെടുത്ത, തിയോളജിയും ഫിലോസിയും എല്ലാം പഠിച്ച, ഒരു മുതിര്‍ന്ന വിദ്യാര്‍ഥി
രഹസ്യമായി എന്നോട് ഞാന്‍ ഒരു ദൈവവിശ്വാസിയാണോ എന്നു ചോദിക്കുകയും തനിക്ക് ദൈവവിശ്വാസമില്ലെന്നു
തുറന്നുപറയുകയും ചെയ്തത് ഓര്‍മ വരുന്നു. തന്റെ അവിശ്വാസം തെറ്റാണോ എന്നായിരുന്നു അയാള്‍ക്ക്
അറിയേണ്ടിയിരുന്നത്. ഏതാണ്ട് ഇതേ ചോദ്യംതന്നെ (Why should I believe in God?) പ്രമുഖ
ചിന്തകനും ധാര്‍മിക പുനരായുധീകരണ പ്രസ്ഥാനത്തിന്റെ (MRA) നേതാവുമായിരുന്ന പോള്‍ കാംപ്‌ബെല്ലിനോട് (Paul Campbell) ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ''നിങ്ങള്‍ ഈ പ്രശ്‌നം ദൈവത്തിനു
വിട്ടുകൊടുക്കൂ, ദൈവം നിങ്ങള്‍ക്കുവേണ്ടി അതു പരിഹരിച്ചുകൊള്ളും'' (You leave it to God, He will solve it fo you) എന്ന മറുപടി ഞാന്‍ അയാളോടു പറഞ്ഞു. (അയാള്‍ ഇന്ന്
ഒരു പുരോഹിതനാണ്.) ഇങ്ങനെ തുറന്നു സംസാരിക്കാന്‍ ആരും സെമിനാരിയിലില്ല എന്നത് സത്യത്തോടുള്ള
ഉന്മുഖതയെയാണ് നശിപ്പിക്കുന്നത്. ഇത് സഭാസംവിധാനത്തിന്റെ പരിമിതിയാണ്. സത്യത്തിന്റെ
പുതിയ തലങ്ങള്‍ കണ്ടെത്തുമ്പോള്‍ അതുവരെ വിശ്വസിച്ചിരുന്നതെല്ലാം തെറ്റായിരുന്നല്ലോ
എന്നു ചിന്തിക്കരുത്. അവയെയെല്ലാം തന്റെ അന്വേഷണത്തിലെ വിവിധ ഘട്ടങ്ങളായി കാണാന്‍ കഴിയണം.
താന്‍ ഒരു കാലത്തു വിശ്വസിച്ചിരുന്നു എന്നതിന്റെ പേരില്‍ തനിക്ക് മറ്റൊരാശയം കൂടുതല്‍
ശരിയാണെന്നു ബോധ്യം വന്നാലും തന്റെ വിശ്വാസത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നതാണ് തെറ്റ്.
മനസ്സിന്റെ ചൈതന്യത്തെത്തന്നെ നശിപ്പിക്കുന്ന ഈ രീതി അപകടകരവുമാണ്. എന്നാല്‍ സഭകള്‍
ഈ രീതിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അന്ധമായി അനുസരിക്കുന്ന അനുയായികളില്ലെങ്കില്‍
സഭയുടെ നിലനില്പുതന്നെ അപകടത്തിലാണെന്ന ഭയമാണ്, ആത്മവിശ്വാസക്കുറവാണ് യഥാര്‍ഥ പ്രശ്‌നം.
പി. എം. ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം വിവാദവിഷയമായപ്പോള്‍
ഒരു ചര്‍ച്ചയില്‍ ഞാന്‍ ബൈബിളില്‍നിന്നുള്ള യേശുവിന്റെ ഒരു വാക്യം ഉദ്ധരിച്ചതേയുള്ളു:
''അല്പവിശ്വാസികളേ നിങ്ങള്‍ക്കു ഹാ കഷ്ടം! എന്തിനു ഭയപ്പെടുന്നു?'' യഥാര്‍ഥ ക്രിസ്ത്യാനിക്ക്
വെറും ഒരു നാടകത്തെ ഇങ്ങനെ ഭയപ്പെടാനാവുമോ? സഭകളുടെ ഭയത്തിന്റെ അടിസ്ഥാനം അവയ്ക്ക്
യേശു ആവശ്യപ്പെട്ട വിശ്വാസത്തിന്റെ ഉള്‍ക്കരുത്തില്ലാത്തതുമാത്രമാണ്. യേശുവിന്റെ ലൈംഗികജീവിതത്തെപ്പറ്റിവരെ
കൃതികള്‍ പ്രചരിക്കുന്നുണ്ട്. യഥാര്‍ഥ സത്യാന്വേഷകരെ സ്വാധീനിക്കാന്‍ അവയ്‌ക്കൊന്നും
ശേഷിയില്ല എന്നതല്ലേ വസ്തുത? സഭ വിട്ടുപോകുന്നത് ഒരന്വേഷകന് യേശുവിനെക്കുറിച്ചുള്ള
വലിയ ഉള്‍ക്കാഴ്ചകള്‍ നേടാന്‍ സഹായകമാകാം എങ്കില്‍ അതല്ലേ നല്ലത്? എന്റെ യേശുപഠനത്തില്‍
ഇന്ന് ഏറ്റവും ഉത്തേജനം പകരുന്ന, വളരെക്കാലം കത്തോലിക്കാസഭയില്‍ പുരോഹിതനും ദൈവശാസ്ത്രാധ്യാപകനും
ഒക്കെയായി സേവനം ചെയ്തശേഷം സഭയ്ക്കു പുറത്തുവന്ന് യേശുവിനെപ്പറ്റി 'യേശു - ഒരു വിപ്ലവകരമായ
ജീവചരിത്രം' (Jesus - A Revolutionay Biography) എന്ന കൃതി രചിച്ച ഡൊമിനിക്ക് ക്രോസ്സാന്‍ (Dominic Crossan) നല്ലൊരു ഉദാഹരണമാണ്.
ഈ സമ്മേളനത്തെത്തുടര്‍ന്ന്, പൗരോഹിത്യത്തില്‍നിന്നും സന്ന്യാസത്തില്‍നിന്നും പുറത്തു
വരേണ്ടിവന്നവരുടെ പ്രശ്‌നങ്ങള്‍ സഭാധികാരികളുടെയും ബഹുജനങ്ങളുടെയും മുമ്പില്‍ അവതരിപ്പിക്കേണ്ടത്
അത്യാവശ്യമാണ്. അത് സൗമ്യമായും എല്ലാവരുടെയും സഹകരണം ഉറപ്പാക്കാനാവുംവിധവും ആയിരിക്കണം.
സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും, തെറ്റുകള്‍ ചെയ്തവരോ ഉത്തരവാദികളോ ആയ ആരെയെങ്കിലും
പ്രകോപനകരമായ വിധത്തില്‍ വിമര്‍ശിച്ചുകൊണ്ട് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചാല്‍
വിപരീതഫലമുണ്ടാകാനാണ് കൂടുതല്‍ സാധ്യത. ആ രീതി ആശാസ്യമായിരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്.
സത്യങ്ങള്‍ നിര്‍ഭയരായി പറയേണ്ടതുണ്ടെങ്കിലും അവ ജനങ്ങളുടെയെല്ലാം, സാമൂഹ്യശാസ്ത്രജ്ഞരുടെവരെ,
അനുഭാവപൂര്‍ണമായ ശ്രദ്ധ പിടിച്ചുപറ്റുംവിധം ശാന്തമായി, അവതരിപ്പിക്കാന്‍ കഴിയണം.
നാരായണഗുരു പറഞ്ഞ ഒരു സൂക്തം ശ്രദ്ധേയമാണ്: ''അധര്‍മപക്ഷത്തുനിന്നു ജയിക്കുന്നതിനെക്കാള്‍
നല്ലത് ധര്‍മപക്ഷത്തുനിന്നു തോല്ക്കുന്നതാണ്.'' ഇപ്പോള്‍ നാടോടുന്നതിനു വിരുദ്ധമായ
ഒരു കാര്യമാണിവിടെ ഗുരു ചൂണ്ടിക്കാണിക്കുന്നത്. ഏതു പിശാചുമായി കൂട്ടുകൂടിയായാലും എന്തു
വിട്ടുവീഴ്ചചെയ്തും ജയിക്കുക എന്ന നയം മാത്രമേ നമുക്കുള്ളു. അതുമാത്രമേ നാം നമ്മുടെ
കുട്ടികളെ പഠിപ്പിക്കാറുമുള്ളു. തോല്ക്കുക എന്നു ചിന്തിക്കുന്നതുപോലും എളുപ്പമുള്ള
കാര്യമല്ല. അതുകൊണ്ട് ദൈവപരിപാലനയില്‍ പൂര്‍ണമായ വിശ്വാസത്തോടെ, (തന്റെ ചെറു കവിണക്കല്ലുകൊണ്ട്
ഗോലിയാത്തെന്ന രാക്ഷസനെ നേരിട്ട ദാവീദെന്ന ഇടയച്ചെറുക്കനെപ്പോലെ) എല്ലാ വിഭാഗം ജനങ്ങളുടെയും
പിന്തുണ നേടാനാവുംവിധം, ഈ വിഷയം അവതരിപ്പിക്കാന്‍ നമുക്കു കഴിയണം. അന്ധമായ അനുസരണത്തില്‍
ഊന്നി ജനങ്ങളെ നയിക്കുന്ന കത്തോലിക്കാ സഭാധികാരികളുടെ മുമ്പില്‍ ഈ വിഷയം അവതരിപ്പിക്കുമ്പോള്‍
'ദൈവത്തിന് അസാധ്യമായി ഒന്നുമില്ല' എന്ന യേശുവചനം നമുക്കു പ്രത്യാശ പകരട്ടെ. അഹിംസയിലൂടെ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ മാത്രമല്ല, ബ്രിട്ടീഷ് കൊളോണിയലിസത്തെത്തന്നെ
തകര്‍ക്കാനും മഹാത്മാഗാന്ധിയെ സഹായിച്ച സംരംഭത്തിന്റെ തുടക്കം ഇവിടെ ഇന്നു ചേര്‍ന്നതു
പോലെയുള്ള ചെറുയോഗങ്ങളില്‍നിന്നായിരുന്നു എന്ന വസ്തുത നമ്മെ പ്രചോദിപ്പിക്കട്ടെ. സത്യത്തിനും
ധര്‍മത്തിനും വേണ്ടി, അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന കെ. സി.
ആര്‍. എം. ഈ സംരംഭത്തില്‍ വിജയിക്കും എന്ന വിശ്വാസത്തോടെ, എന്നാലാവുന്ന എല്ലാ സഹകരണങ്ങളും
തുടര്‍ന്നും വാഗ്ദാനംചെയ്യുന്നു.
ReplyDelete"നമ്മുടെ സഭകളുടെ അടിസ്ഥാന പരമായ പ്രശ്‌നം അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ആദരിക്കാനോ അംഗീകരിക്കാനോ അനുവദിച്ചുകൊടുക്കാന്‍ പോലുമോ തയ്യാറല്ല എന്നതാണ്."
യേശുവിന്റെ നിലപാടിന് നേരേ വിപരീതമായ ഈ പോക്ക് അനേകരെ സഭയിൽ നിന്ന് അകറ്റുന്നു. അതിനർഥം, ചിന്തിക്കാൻ ധൈര്യമുള്ള മനുഷ്യർ ഇന്നുമുണ്ട്, മതാന്ധത അവരെ ദുർബലരാക്കുന്നില്ല എന്നാണ്. ശ്രീ എം.പി. മത്തായി യുടെ പ്രഭാഷണം അസ്സലായി പോസ്റ്റ് ചെയ്ത ജോസാന്റണിക്കു നന്ദി.
--
Tel. 9961544169 / 04822271922
"പാളം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല"എന്നമട്ടായിരുന്നു സഭയ്ക്കും കത്തനാര്‍ക്കും നാളിതുവരെ ! എന്നാല്‍ "ഘര്‍ വാപ്പാസി" ജനം തുടങ്ങിയാലോ എന്ന ഭയം ഇല്ലാഴികയില്ല ! ളോഹകൊണ്ടാ ഭയം എത്രനാളിവര്‍ മൂടിവൈക്കും ? അടുത്തതലമുറയില്‍ കത്തനാരാകാന്‍ മൂരിക്കുട്ടന്മാരെ ചിലപ്പോള്‍ കിട്ടിയേക്കാം ,പക്ഷെ "മണവാട്ടിക്കളി" അഭയകൊച്ച് ഒരിക്കലായി നിര്‍ത്തലാക്കി ! കര്‍ത്താവിനും തെല്ലൊരാശ്വാസം "നാണക്കേട് കേട്ടത് മതിയായല്ലോ" എന്ന് ! ഹല്ലേലൂയ്യ ...
ReplyDelete'എമിറൈറ്റ്സ് ' എന്ന ലാറ്റിൻ പദം കൊണ്ട് പ്രൊഫസ്സർ ഡോ. .മത്തായീയെ വിശേഷിപ്പിച്ച് പേരിന്റെകൂടെ കണ്ടപ്പോൾ ഇദ്ദേഹം അഭിഷിക്ത പദവിയിൽനിന്നും വിരമിച്ച ഒരു ബിഷപ്പായിരിക്കുമെന്നാണ് വിചാരിച്ചത്. ഗാന്ധിയൻ, കൃസ്റ്റൊളജി എന്നീ തത്ത്വശാസ്ത്രങ്ങളിൽ അഗാധമായി പാണ്ഡിത്യം സമ്പാദിച്ച് വിശിഷ്ട വ്യക്തിയെന്ന മുദ്ര പതിച്ച അദ്ദേഹം എന്തുകൊണ്ടും അങ്ങനെയുള്ള സംബോധനയ്ക്ക് അർഹനാണ്. ഏതായാലും ആ വാഗ്മിയുടെ താത്ത്വിക ചിന്തയോടെയുള്ള ഒരു പ്രസംഗം അല്മായ ശബ്ദത്തിൽ വായിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കഴിയുമെങ്കിൽ കർദ്ദിനാൾ ശ്രീ ആലഞ്ചേരി തൊട്ടുള്ള ഇടയന്മാർ ഈ ലേഖനം മനസിരുത്തിയൊന്നു വായിച്ചിരുന്നെങ്കിൽ സത്യാന്വേഷണം എന്തെന്നുള്ളത് അവർക്കും ബോധ്യപ്പെടുമായിരുന്നു.
ReplyDeleteടെക്കനോളജിയുടെ യുഗത്തിൽ കഴിയുന്നതും 'ഈമെയിലെങ്കിലും' നോക്കാൻ കഴിവുള്ളവരെ ഭാവിയിൽ മെത്രാനോ കർദ്ദിനാളോ ആയി വാഴിച്ചാൽ സഭയ്ക്കൊരു നേട്ടമാകുമായിരുന്നു. ഇന്നുള്ള മെത്രാന്മാർ, അല്മായർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് മറുപടിപോലും നല്കാൻ തയാറാകാത്തത് അവരുടെ അർദ്ധപാണ്ഡ്യത്യവും കഴിവില്ലായ്മ മൂലവുമാണ്. ആശയ വിനിമയം ചെയ്യാനറിയാത്ത അഭിഷിക്തർ ബൌദ്ധിക തലങ്ങളിൽ ഉയർന്നവരായ അല്മായരെ ഭയപ്പെടുകയും ചെയ്യുന്നു. .
സെമിനാരി പഠനം കഴിഞ്ഞ ശേഷം സത്യം അന്വേഷിക്കുന്ന ഒരു പുരോഹിതനും നാളിതുവരെ കേരള സഭയിലുണ്ടായിട്ടില്ല. അറിവും ബോധവുമില്ലാത്ത രണ്ടു പൊട്ടി കന്യാസ്ത്രികളെയും ഒരു പുരോഹിതനെയും വിശുദ്ധരായി കേരള സഭയ്ക്ക് ലഭിച്ച ശേഷമാണ് കേരളത്തിലെ വിചിത്ര ലോകമായ പുരോഹിത വർഗത്തിനെ ലോകമറിയാൻ തുടങ്ങിയത്. തോമസോളജിയും നമ്പൂതിരിയോളജിയും നസ്രാണി പുരോഹിതർ വാതോരാതെ പറയുന്നുവെങ്കിലും സത്യം ആരും അന്വേഷിക്കാറില്ല. ക്രിസ്ത്യൻ വിദേശ മിഷ്യനറീമാരുടെ പൊട്ടച്ചരിത്രങ്ങൾ അപ്പാടെ വിശ്വസിക്കുന്ന വിശ്വാസികളാണ് സഭയ്ക്കുള്ളത്.
സത്യം അന്വേഷിച്ച് ക്രിസ്തുവിനെയെങ്കിലും പഠിക്കാൻ അവർ മെനക്കെടാറില്ല. ഫ്രാൻസീസ് മാർപ്പായ്ക്ക് കീഴ്പ്പെട്ടെങ്കിലും ഈ ഇടയന്മാർ ജീവിച്ചിരുന്നെങ്കിൽ സഭയുടെ നഷ്ടപ്പെട്ട മാന്യത വീണ്ടെടുക്കാമായിരുന്നു. നവോത്വാന ചിന്തകളുടെ കുളിർകാറ്റ് സഭയ്ക്കുള്ളിൽ ആഞ്ഞടിക്കുമായിരുന്നു.
സനാതന തത്ത്വങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ഗാന്ധിജിയും യേശുവിനെപ്പോലെ ദൈവത്തിങ്കലേയ്ക്കുള്ള അന്വേഷണത്തിലായിരുന്നു. അവർണ്ണനീയമായ ദൈവമെന്ന പരമാനന്ദ ശക്തിയ്ക്ക് ഒരു നിർവചനമില്ല. കാണപ്പെടാത്ത ആ ശക്തി അന്വേഷകന്റെ ഉപബോധമനസ്സിൽ കഠിനാദ്ധ്വാത്തിൽകൂടി പ്രത്യക്ഷപ്പെടുമെന്ന് വിശിഷ്ട ദിവ്യന്മാർ രേഖ പ്പെടുത്തിയിട്ടുണ്ട്.
അവിശ്വാസിയും വിശ്വാസിയെപ്പോലെ തന്നെ സത്യത്തെ തേടിയുള്ള അന്വേഷണത്തിലാണ്. സ്വതന്ത്രമായുള്ള അന്വേഷണം മനുഷ്യനെ സത്യത്തിന്റെ പ്രകാശത്തിലേയ്ക്കു നയിക്കുന്നു. ഇന്ദ്രീയങ്ങളാണ് ആ ശക്തിവിശേഷത്തെ നമ്മിൽkക്കൂടി പ്രവഹിപ്പിക്കുന്നത്. സഭയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങിയിരിക്കുന്ന ഒരു പുരോഹിതന് സ്വതന്ത്രമായി ചിന്തിക്കാനോ അത്തരം കണ്ടെത്തലുകൾക്കു വേണ്ടിയുള്ള അന്വേഷണമോ അനുവദനീയമല്ല. അസത്യത്തെ സത്യമാക്കി നിർവചിക്കുന്ന ധർമ്മമായി പുരോഹിത ശാസ്ത്രം വളർന്നിരിക്കുന്നു. ലക്ഷക്കണക്കിനു പുരോഹിതർ പൌരാഹിത്യം വേണ്ടെന്നു വെയ്ക്കുന്നതും പുരോഹിത ശാസ്ത്രം അവരുടെ യുക്തിയ്ക്ക് അനുയോജ്യമല്ലാത്തതിനാലാണ്.
നമുക്ക് ചുറ്റുമുള്ളതും ദൃശ്യവും അദൃശ്യവുമായതെന്തും എക്കാലവും പരിവർത്തന വിധേയങ്ങളാണ്. മാറ്റം വരുന്നതുമാണ്. ജനന മരണങ്ങൾ പ്രകൃതിയുടെ നിയമമനുസരിച്ച് സംഭവിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും നിത്യമായ ഒരു ശക്തി അവയിലെല്ലാമുണ്ടായിരുന്നുവെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. മരണത്തിനു മദ്ധ്യേ ജീവൻ നില നില്ക്കുന്നു. അധർമ്മത്തിന്റെ മദ്ധ്യേ ധർമ്മവും സത്യവും നിലകൊള്ളുന്നു. അന്ധകാരത്തിങ്കൽ പ്രകാശവും ഒളിഞ്ഞിരിപ്പുണ്ട്. ഇവകളിൽ നിന്നുമുള്ള ശേഖരണമാണ് തന്റെ ദൈവമെന്നു ഗാന്ധിജി വിശ്വസിച്ചിരുന്നു. "അവൻ സത്യവും സ്നേഹവും ജീവനുമാകുന്നു. അവനാണ് പരമാനന്ദ സത്യം, ദൈവം."
തിന്മയെ പ്പറ്റി ഒരു നിർവചനം പറയുക അസാധ്യമാണ്. തിന്മയും നന്മയും സഹകാരികളെ പ്പോലെ ഒപ്പം സഞ്ചരിക്കുന്നു. സത്യമായ അന്വേഷി തിന്മയെപ്പറ്റിയും അന്വേഷിക്കും. ദൈവത്തിങ്കൽ തിന്മയില്ലെന്നാണ് വെപ്പ്. ദൈവം തിന്മയുടെ സൃഷ്ടാവല്ലെങ്കിൽ ആ ദൈവത്തെ അപൂർണ്ണനെന്നു വിളിക്കേണ്ടി വരും. അല്ലെങ്കിൽ പൂർണ്ണനായ ദൈവം തിന്മയും ഒപ്പം വഹിക്കുന്നവനാണ്. തിമയോട് മല്ലിട്ടതുകൊണ്ടാണ് ഗാന്ധിജിയിൽ ദൈവവിശ്വാസമുണ്ടായത്. വിശുദ്ധനാവാൻ ശ്രമിക്കുന്നവർ ദൈവത്തിങ്കലേക്കുള്ള വഴിയേ സഞ്ചരിക്കുന്നു. 'അന്വേഷിപ്പിൻ, കണ്ടെത്തുമെന്ന' വചന വാക്യത്തിൽ വിശ്വസിക്കുന്നവൻ, കർമ്മനിരതനായവൻ, പരമാനന്ദവും കണ്ടെത്തുന്നു.