ചാക്കോ കളരിക്കൽ
ലോകമെമ്പാടും ലക്ഷകണക്കിന് പുരോഹിതരും സന്ന്യാസീസന്ന്യാസിനികളും കത്തോലിക്കാസഭയിൽ ഇന്ന് സേവനം ചെയ്യുന്നുണ്ട്. എങ്കിലും അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. വൈദികവൃത്തിയും സന്ന്യസ്തജീവിതവും ഉപേക്ഷിച്ച് പുരോഹിതരും കന്യാസ്ത്രികളും പുറം ലോകത്തേയ്ക്ക് പോകുന്നതാണ് അതിനുള്ള ഒരു കാരണം. ആയിരക്കണക്കിന് പുരോഹിതരും കന്യാസ്ത്രികളും സഭാവസ്ത്രം ഉപേക്ഷിച്ച് പോകുന്ന ഈ കാലഘട്ടത്തിൽ അവരുടെ ഭാവി ക്ഷേമത്തിനായി കത്തോലിക്കാ സഭാധികാരവും അവർ സേവനം ചെയ്തിരുന്ന രൂപതകളോ സന്ന്യാസാശ്രമങ്ങളോ മഠങ്ങളോ കുടുംബക്കാരോ സഭാപൗരർ മൊത്തത്തിലുമോ ക്രിയാത്മകമായി എന്തു ചെയ്യുന്നു എന്നതിലേയ്ക്ക് ഒരെത്തിനോട്ടവും അതിലേയ്ക്കായി ചില നിർദേശങ്ങളുമാണ് ഈ ലേഖനംകൊണ്ട് ഉദ്ദേശിക്കുന്നത്.
പൗരോഹിത്യ/കന്യാസ്ത്രി ജീവിതത്തിൽനിന്നും അല്മായ ജീവിതത്തിലേയ്ക്കുള്ള മാറ്റത്തിൽ വന്നുകൂടുന്ന ജീവിതപ്രശ്നങ്ങൾ വളരെയാണ്. അവർ ഇന്ന് വേദനാജനകമായ ജീവിത സാഹചര്യങ്ങളിൽകൂടിയാണ് കടന്നുപോകുന്നത് എന്ന സത്യം എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്.
ചെറുപ്രായത്തിൽ അവർ സഭാസേവനത്തിനായി ചേരുന്നു; അതല്ലെങ്കിൽ സഭാധികാരികൾ അതിനായി അവരെ റിക്രൂട്ടുചെയ്യുന്നു. കാനോൻ നിയമപ്രകാരം 17 വയസ് തികഞ്ഞ കുട്ടികളെ നോവിഷ്യേറ്റിലേയ്ക്ക് സ്വീകരിക്കാം (കാനോന: 517. 1). 18 വയസ് തികഞ്ഞവർക്ക് താല്കാലിക വ്രതവാഗ്ദാനം ചെയ്യാം. രണ്ട് വ്രതനവീകരണങ്ങൾക്കുശേഷം നിത്യവ്രതവാഗ്ദാനവും ചെയ്യാം. വിവേകം, ഉപവി, അറിവ്, ഭക്തി, സന്ന്യാസാവസ്ഥയുടെ അനുഷ്ടാനത്തിലുള്ള മികവ് എന്നീ ഗുണങ്ങൾ ഉള്ളവരെയാണ് വ്രതവാഗ്ദാനം ചെയ്യാൻ അനുവദിക്കുന്നത്. ഭാവിയിൽ അവർ രൂപതയ്ക്കോ ആശ്രമങ്ങൾക്കോ മഠത്തിനോവേണ്ടി വേലചയ്ത് ജീവിക്കുന്നു. അവർ സഭാസേവനത്തിൽ ആയിരിക്കുന്നിടത്തോളംകാലം പല കാര്യങ്ങളിലും പല വിധത്തിലും സുരക്ഷിതരുമാണ്. രൂപതക്കുവേണ്ടി പട്ടമേക്കുന്നവർ മെത്രാൻറെ ഇഷ്ടപ്രകാരം ഇടവകകളിലോ മറ്റെവിടെയോ സേവനം ചെയ്യുന്നു. സന്ന്യാസീസന്ന്യാസിനികൾ ലക്ഷ്യം, പ്രകൃതി, സ്വഭാവമെല്ലാം സ്ഥിതീകരിക്കപ്പെട്ട ഒരു പ്രത്യേക സമൂഹത്തിൽചേർന്ന് അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ മൂന്ന് പരസ്യവ്രതങ്ങൾ ചെയ്ത് ആ സഭയുടെ പ്രത്യേകമായ ആധ്യാത്മികതയെ അനുധാവനം ചെയ്യുന്നു. ആ സമൂഹത്തിൻറെ പ്രത്യേക വേലകളിൽ പങ്കാളികളായി ജീവിക്കുന്നു. നിത്യവ്രതം കഴിഞ്ഞാൽ അവർ ആ സഭയുടെ പൂർണ്ണഅംഗങ്ങളായി അംഗീകരിക്കപ്പെടുന്നു. അവരുടെ സമൂഹത്തിൻറെ സാമ്പത്തിക അഭിവൃത്തിക്കുവേണ്ടിയുള്ള ജോലികൾപോലും ‘ദൈവസേവനം’ എന്ന പേരിലാണ് അറിയപ്പെടുന്നത്!
കത്തോലിക്കാസഭയിലെ കന്യാസ്ത്രികൾ സഭയിലെ ജോലിക്കാരായ തേനീച്ചകളാണ്. കാരണം വർക്കർ ബീസ് എല്ലാം സ്ത്രീവർഗത്തിൽ പെട്ടതും അവരുടെ ലൈംഗീകത പ്രകൃതിയാൽത്തന്നെ നിഷേധിക്കപ്പെട്ടതും ജീവിതകാലം മുഴുവൻ അവറ്റകളുടെ കോളനിക്കുവേണ്ടി അഹോരാത്രം വേലചെയ്ത് അവസാനം ചത്തടിയുകയും ചെയ്യുന്നു. കന്യാസ്ത്രികൾ സെക്സ് സ്വമനസാ വേണ്ടന്നുവെച്ച് ജീവിതകാലം മുഴുവൻ ശബളമില്ലാതെ സ്വന്തം സഭക്കുവേണ്ടി രാപകലില്ലാതെ വേലചെയ്ത് മരിക്കുമ്പോൾ സ്വർഗം പൂകാമെന്ന് വിശ്വസിക്കുന്നു. കന്യാസ്ത്രികളായ തേനീച്ചകളുടെ ജോലിയുടെ വ്യാപ്തി അളക്കാൻ സാധ്യമല്ല. ഈ പാരിദോഷികമില്ലാത്ത ജോലി സ്ഥാപനവൽക്കരിക്കപ്പെടുകയും ലോകം അതിനെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അത് കഷ്ടം തന്നെയെന്ന് പറയാതിരിക്കാൻ വയ്യ. സഭയിലെ ഈ സാമൂഹിക അനീതിയെ സഭതന്നെ തിരുത്തേണ്ടതാണ്. അതിനുള്ള കാഴ്ചപ്പാടും വീക്ഷണവും മൂല്ല്യവിചാരവും വിവേകപൂർവമായ തീരുമാനങ്ങളും ഉണ്ടായാൽ മാത്രം മതി.
കന്യാസ്ത്രികളുടെ പലവിധജോലികൾ കത്തോലിക്കാസഭയുടെ നടത്തിപ്പിന് ആവശ്യമാണ്. അവരുടെ സേവനസംഭാവനകൾവഴി സഭയുടെ പ്രവർത്തനങ്ങൾ ഫലപ്രദവും സ്വാധീനം ചെലുത്തുന്ന ശക്തിയുമായിത്തീരുന്നു. എഴുപതും എണ്‍പതും വയസ്സുള്ള കന്യാസ്ത്രികളുടെ നീണ്ട ജീവിത അദ്ധ്വാനഫലംകൊണ്ടാണ് മഠങ്ങൾ സാമ്പത്തീകമായി അഭിവൃത്തിപ്പെട്ടിട്ടുള്ളത്. കന്യസ്ത്രികളുടെ വേതനമില്ലാത്ത ബൃഹത്തായ ജോലിസംഭാവനകൾ സ്ഥാപനവൽക്കരിക്കപ്പെടുകമൂലം കോടിക്കണക്കിന് രൂപയുടെ വരുമാനം സഭക്ക് ലഭിക്കുന്നു. ഈ കന്യാസ്ത്രികൾ പലവിധ ജോലികളാണ് സാമ്പത്തീക പ്രതിഫലമില്ലാതെ ചെയ്യുന്നത് - അധ്യാപികമാർ, പ്രഫസർമാർ, ഡോക്ടർമാർ, നേഴ്സുമാർ, കുട്ടികൾക്കും വൃദ്ധർക്കുംവേണ്ടിയുള്ള ആതുരസേവനം, മിഷ്യൻസ്ഥലങ്ങളിലെ സേവനം, മഠങ്ങളിലെ ജോലികൽ, തുടങ്ങിയവ. കൂടാതെ സ്വന്തം സമൂഹത്തിൻറെ അഭിവൃത്തിക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്നു. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ഓർഫണേജുകൾ, മഠങ്ങൾ തുടങ്ങിയ വൻപ്രസ്ഥാനങ്ങൾ എല്ലാം കന്യാസ്ത്രികൾ നിയന്ത്രിച്ച് പണിത് നടത്തികൊണ്ടിരിക്കുന്നു. വളരെ ഉത്തരവാദിത്വമുള്ള നിരവധി സ്ഥാപനങ്ങൾ നടത്തുന്നു. സ്വന്തം സമൂഹത്തിനുവേണ്ടി ധനം ശേഖരിക്കുന്നു. കൂടാതെ മറ്റ് മഠങ്ങളിലേക്കോ സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ സ്ഥലം മാറ്റപ്പെടുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഈ കന്യാസ്ത്രികൾ ധന്യമാക്കുന്നു, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ.
മനുഷ്യർ പലതരക്കാർ എന്നപോലെ കന്യാസ്ത്രികളും പലതരത്തിലുള്ള വ്യക്തികളാണ്.
വ്യക്തിപരമായി നല്ല ഗുണങ്ങൾ ഉള്ളവരും പൊതുസാഹചര്യവുമായി
ഒത്തുചേർന്ന്പോകുന്നവരും നിശ്ചയദാർഡ്യക്കാരും എന്നാൽ വഴങ്ങുന്ന
സ്വഭാവക്കാരും അനുസരണത്തിൻകീഴിൽ ജീവിച്ച് താനായിരിക്കുന്ന സമൂഹത്തിൻറെ
നന്മയ്ക്കായി സ്വയം കാഴ്ച്ചവെച്ച് സഹപ്രവത്തനം നടത്തുന്നവരുമാണവർ.
പണ്ടുകാലങ്ങളിൽ വ്രതംചെയ്ത കന്യാസ്ത്രികൾ ജീവിതകാലം മുഴുവൻ അവരുടെ
സമൂഹത്തിൽത്തന്നെ ജീവിച്ച് മരിക്കുമായിരുന്നു. കാലം മാറി. ഇപ്പോൾ അവർ
അവരുടെ ജീവിതാവസ്ഥയെ പുനർവിചിന്തിനം ചെയ്യുകയും തനിക്ക് പറ്റിയതല്ലെന്ന്
തോന്നിയാൽ വ്രതത്തിൽനിന്ന് ഒഴിവുവാങ്ങി മാത്തിൻറെ നാല് ഭിത്തികളെ ഭേദിച്ച്
പുറം ലോകത്തേയ്ക്ക് കടന്നുപോകുന്നു. രണ്ടാം വത്തിക്കാൻ കൌണ്‍സിലും പോൾ
ആറാമൻ മാർപാപ്പയും സന്ന്യാസ സമൂഹങ്ങൾക്കുള്ളിൽ കാലോചിതമായ നവീകരണം
നടപ്പിലാക്കണമെന്ന് നിർദേശിക്കുകയുണ്ടായി. അതിൻറെ പരിണതഫലമായി
പണ്ടുകാലങ്ങളിൽ ചോദ്യം ചെയ്യാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും ചോദ്യം
ചെയ്യപ്പെട്ടു. സംവാദങ്ങൾ നടത്തി. ആധുനിക കാലഘട്ടത്തിൻറെ ആവശ്യങ്ങളെ
കണ്ടറിഞ്ഞ് വേണ്ട തിരുത്തലുകൾ വരുത്തി സന്ന്യസ്ഥജീവിതത്തെ പുനർനിർവചിക്കാൻ
ആരംഭിച്ചു. കന്യാസ്ത്രികൾ പ്രത്യേകിച്ച് പാശ്ചാത്യദേശങ്ങളിലെ സഹോദരികൾ
വ്യക്തിപരമായിത്തന്നെ സ്വജീവിതത്തിൻറെ അർത്ഥം/ലക്ഷ്യം നിർണയിക്കാൻ തുടങ്ങി.
തല്ഫലമായി ആയിരക്കണക്കിന് കന്യാസ്ത്രികൾ തങ്ങളുടെ ജീവിതാന്തസ്
ഉപേക്ഷിച്ചുപോയി. ഇന്നും ആ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. ഭാവി
കത്തോലിക്കാസഭ ഇന്ന് നാം കാണുന്നതുപോലെ ആയിരിക്കുകയില്ല.
ഓരോ കന്യാസ്ത്രിയും മഠത്തിൽനിന്നും പോകുന്നത് ഓരോരോ
കാരണങ്ങൾകൊണ്ടായിരിക്കും. അത് ആധ്യാത്മികതയായിരിക്കാം; ജോലിയായിരിക്കാം;
ജീവിതരീതിയായിരിക്കാം; ശാരീരികവും മാനസീകവുമായ അനാരോഗ്യമായിരിക്കാം;
സഭാഘടനയായിരിക്കാം; സഭാധികാരികളായിരിക്കാം; കത്തോലിക്കാസഭയുടെ യാഥാസ്ഥിതിക
മനോഭാവമായിരിക്കാം; വെറും വ്യക്തിപരമായിരിക്കാം. ചില കന്യാസ്ത്രികൾക്ക്
കുറെക്കാലം കഴിയുമ്പോൾ വേറൊരു ജീവിതാന്തസായിരിക്കും ഇഷ്ടം. മറ്റുചിലർക്ക്
വിവാഹിതരായി കുട്ടികളെ ജനിപ്പിച്ചുവളർത്തി യഥാർത്ഥ
അമ്മമാരാകുന്നതിലായിരിക്കും താല്പര്യം. ഈ സ്ത്രീകളുടെ കത്തോലിക്കാ
വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിക്കുന്നില്ല. വിശ്വാസത്തിൻറെ പുതിയ
ആവിഷ്ക്കാരത്തിലൂടെ അത് സാക്ഷാൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വന്തം
ജീവിതത്തിൻറെ എല്ലാ തലങ്ങളെയും ആഴമായി പഠിച്ച് പക്വമായ ഒരു തീരുമാനം
വഴിയാണ് വ്രതങ്ങളിൽനിന്നു വിടുതൽ വാങ്ങിക്കുന്നത്. മുമ്പ് ചിന്തിക്കപോലും
ചെയ്തിട്ടില്ലാത്ത അനിശ്ചിതമായ പുറംലോക ജീവിതത്തിലേയ്ക്ക്
കാലെടുത്തുകുത്താൻ ഒരു കന്യാസ്ത്രിക്ക് ആത്മധൈര്യവും ഉദ്ദേശദാർഡ്യവും
ഒപ്പം ആവശ്യമാണ്. കാരണം മഠത്തിലെ സുരക്ഷിതവും ഭദ്രവുമായ ജീവിതം,
ആധ്യാത്മീകത, സന്ന്യസ്ഥജീവിതത്തോടുള്ള മാനസീകവും ശാരീരികവും വൈകാരികവുമായ
അടുപ്പവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നു. തൻറെ യൗവനകാലം മുഴുവൻ മഠത്തിലും
മഠത്തിനുവേണ്ടിയും ജീവിച്ചു. ഇനി ഇതാ പുറം ലോകത്തേയ്ക്കിറങ്ങുന്നു. അതിനാൽ
സങ്കടത്തിൻറെയും കുറ്റബോധത്തിൻറെയും അനിശ്ചിതത്വത്തിൻറെയും
ഗൃഹാതുരത്വത്തിൻറെയും ശീലിച്ച ജീവിതരീതിയെ വിട്ടുപോരുന്നതിൻറെയും സഹപാഠികളെ
ഉപേക്ഷിച്ചുപോരുന്നതിൻറെയുമായ എല്ലാ വേദനകളെയും തരണം ചെയ്യണം. സ്വന്തം
കുടുംബത്തെ ഉപേക്ഷിക്കുന്നതുപോലെത്തന്നെയാണ് സ്വന്തം മഠത്തെ
ഉപേക്ഷിച്ചുപോകുന്നതും.
നിത്യവ്രതം വാഗ്ദാനംചെയ്തവർ ഗുരുതരമായ തെറ്റിലകപ്പെട്ടാൽ മാത്രമെ ആശ്രമങ്ങളിൽനിന്നോ മഠങ്ങളിൽനിന്നോ പുറംതള്ളാവൂ എന്ന് കാനോന അനുശാസിക്കുന്നുണ്ട് (കാനോന: 500. 2. 1). കൂടാതെ പുറത്താക്കലിന് മുന്നോടിയായി പുറത്താക്കൽ ഭീഷണിയോടുകൂടിയ രണ്ട് മുന്നറിയിപ്പ് നൽകേണ്ടതുമാണ് (കാനോന: 500. 2. 2). കാനോൻ നിയമത്തിലെ വകുപ്പുകളൊന്നും സന്ന്യാസസഭാധികാരികൾ പലപ്പോഴും നോക്കാറില്ല. ഒരു കന്യാസ്ത്രിയെ പുറംതള്ളണമെന്നവർ തീരുമാനിച്ചാൽ ആ കന്യാസ്ത്രിയെ പുറംതള്ളിയിരിക്കും. പുറംതള്ളപ്പെടുന്ന ഒരു സാധു സ്ത്രീയ്ക്ക് സഭാധികാരത്തോട് പൊരുതി ജയിക്കാൻ നിർവാഹമൊന്നുമില്ല.ഉത്കൃഷ്ടമായ ഒരു ജീവിതാന്തസായി കന്യാസ്ത്രിജീവിതത്തെ കുടുംബക്കാർ കണ്ടിരുന്നെങ്കിൽ മഠമുപേക്ഷിച്ച് വീട്ടിലേയ്ക്ക് തിരികെചെല്ലുബോൾ അവരുടെ പ്രതികരണം എന്തായിരിക്കും? ഇന്നവൾ പാതിപ്രായക്കാരിയല്ല. മദ്ധ്യവയസ്ക്ക ആയിരിക്കാം. വരുമാനമൊന്നുമില്ലെങ്കിൽ അവൾ എന്തുചെയ്യും?
പൌരസ്ത്യ സഭകളുടെ കാനോനകൾ 503: 1. “ആശ്രമാത്തിൽനിന്ന് നിയമപ്രകാരം വിട്ടുപോവുകയോ അതിൽനിന്നു നിയമാനുസൃതം പുറത്താക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് താൻ അവിടെ ചെയ്ത ഏതെങ്കിലും സേവനത്തെപ്രതി അവിടെനിന്ന് ഒന്നും ആവശ്യപ്പെടാനാവുന്നതല്ല.”
2. “എങ്കിലും ആശ്രമം അതിൽനിന്നു വേർപിരിഞ്ഞ ആളുടെനേരെ ഉചിതവും സുവിശേഷാത്മകവുമായ ഉപവി കാണിക്കണം.”
മഠത്തിൽനിന്നു പുറത്താക്കപ്പെടുന്നവർക്കും സ്വമനസ്സാ പുറത്തേയ്ക്ക് പോകുന്നവർക്കും പ്രതിഫലത്തിനോ നഷ്ടപരിഹാരത്തിനോ അർഹത ഇല്ലന്ന് കാനോന വ്യക്തമായി പറയുന്നു. ഈ കാനോനയിൽ യേശുവിൻറെ സ്നേഹത്തിൻറെ അരൂപി തൊട്ടുതേച്ചിട്ടില്ലന്ന് വ്യക്തമാണ്. കൂടാതെ ആശ്രമം ഉപവിക്കു ചേർന്ന വിധത്തിൽ അവരോട് പെരുമാറണമെന്നും ഉപദേശിക്കുന്നു. ആ ഉപദേശംകൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്? വളരെ അവ്യക്തമാണ് ഈ കാനോന.
മഠംവിട്ടുപോകുന്നവരുടെ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് മേൽപറഞ്ഞ ഈ ഒരു കാനോന മാത്രമേ ഉള്ളൂ. സഭ വിട്ടുപോകുന്ന കന്യാസ്ത്രികളുടെ ജീവിതബുദ്ധിമുട്ടുകളെപ്പറ്റി സഭ പഠിക്കണം. സഭയുടെ ഔദ്യോഗിക വ്യക്തികൾ അത് മനസ്സിലാക്കണം. വേദനാജനകമായ അവരുടെ ജീവിത സാഹചര്യങ്ങളെ സഭ അറിയണം. അവരുടെ വ്രതങ്ങളിൽനിന്നും ഒഴിവ് നല്കുന്നതുമാത്രം പോരാ അവർക്ക് നിത്യവൃത്തിക്കുള്ള ധനസഹായവും ചെയ്യണം. കന്യാസ്ത്രി ജീവിതത്തിൽനിന്നും അല്മായജീവിതത്തിലേയ്ക്കുള്ള മാറ്റത്തിൽ വന്നുകൂടുന്ന ജീവിതപ്രശ്നങ്ങൾക്ക് പുതിയ മാനങ്ങൾ കണ്ടുപിടിക്കാൻ സഭ സഹായകമാകണം.
സന്ന്യാസം വിട്ടുപോകുന്ന സഹോദരികൾ ഒരു പുതിയ ജീവിതത്തെ കണ്ടുപിടിക്കുമ്പോൾ ചില അത്യാവശ്യകാര്യങ്ങൾ (പാർപ്പിടം, വസ്ത്രം, വീട്ടുപകരണങ്ങൾ, ജോലി, താല്കാലിക ചിലവിനുള്ള കുറെ പണം) ഉടനടി നടക്കേണ്ടതായിട്ടുണ്ട്. കൂടാതെ ദീർഘകാലാടിസ്ഥാനത്തിലും പല കാര്യങ്ങളും നടക്കേണ്ടതായിട്ടുണ്ട്.
1. സ്വന്തം കുടുംബവുമായി പുതിയ ബന്ധം സ്ഥാപിക്കണം.
2. കന്യാസ്ത്രി അവസ്ഥയിൽനിന്നും അല്മായ സ്ത്രീ എന്ന അവസ്ഥയിലേക്കുള്ള മാറ്റത്തെ അംഗീകരിക്കണം.
3. സ്വന്തം ശരീരത്തെയും മനസിനെയും ആരോഗ്യപരമായി സംരക്ഷിക്കണം.
4. ഒരു അല്മായ സ്ത്രീയായി പൊതുജനങ്ങളുടെ മുൻപിൽ പ്രത്യക്ഷപ്പെടാൻ പഠിക്കണം.
5. ലൈംഗികതയേയും ലൈംഗികജീവിതത്തെയും പുതുതായി കണ്ടുപിടിക്കണം.
6. വിശ്വസ്ഥരായ പുതിയ സുഹൃത്തുക്കളെ കണ്ടെത്തണം.
7. അനുദിന ജീവിതത്തിനുതകുന്ന സമയനടപടിക്രമം ശീലിക്കണം.
8. സാധാരണക്കാരുടെ ജീവിതത്തെ ആശ്ലേഷിക്കാൻ പഠിക്കണം.
9. സ്ത്രീപുരുഷന്മാരുമായി പുതിയ സ്നേഹബന്ധങ്ങൾ സ്ഥാപിച്ചെടുക്കണം.
10. വരുമാനമുള്ള ഒരു ജോലി കണ്ടുപിടിക്കണം.
ചുരുക്കിപറഞ്ഞാൽ മഠം ഉപേക്ഷിക്കുന്ന ഓരോ കന്യാസ്ത്രിക്കും നവമായ ഒരു സ്വയം തിരിച്ചറിവ് ഉണ്ടാകണം.
മഠം ഉപേക്ഷിക്കുന്ന കന്യാസ്ത്രികളുടെ മുഖ്യപ്രശ്നം സഭയുടെ അവരോടുള്ള പെരുമാറ്റമാണ്. അത് എപ്പോഴുംതന്നെ തൃപ്തികരമല്ലാത്തതും അനീതി നിറഞ്ഞതുമാണ്. സഭതന്നെയാണ് ഈ വിഷയത്തിലെ പ്രധാന പ്രശ്നം. അതിൻറെ അനന്തരഫലം വിദൂരമാണ്.
കന്യാസ്ത്രി സന്ന്യസ്തം ഉപേക്ഷിച്ചുപോയാൽ അതല്ലായെങ്കിൽ എന്തെങ്കിലും കാരണങ്ങൾകൊണ്ട് മഠത്തിൽനിന്നും പുറംതള്ളപ്പെട്ടാൽ അവർ ജനിച്ചുവളർന്ന കുടുംബത്തിൽവരെ ചെന്നുപറ്റാനുള്ള വണ്ടിക്കൂലിമാത്രം കൊടുത്ത് മഠത്തിൻറെ പടിയിറക്കിവിടുന്നത് അതിക്രൂരമല്ലേ? എന്നാൽ കേരളത്തിലെ കത്തോലിക്കാ സഭകളിൽ ഇന്നതാണ് നടക്കുന്നത്.
ഓരോ കന്യാസ്ത്രിയുടെയും പ്രായം, വിദ്യാഭ്യാസം, നിലവാരം, ജോലിസാധ്യത, ആരോഗ്യം, മാനസികവും ശാരീരികവും ആധ്യാത്മികവുമായ അവസ്ഥ, കുടുംബത്തിൽനിന്നുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ധനസഹായത്തിന് വിലയിരുത്തപ്പെടണം. പൌരോഹിത്യവും കന്യാസ്ത്രിജീവിതവും ഉപേക്ഷിച്ചുപോകുന്ന വ്യക്തികളുടെ നിലനില്പിനായി ട്രസ്റ്റ് ഫണ്ട് സ്ഥാപിക്കണം. 1965 മുതൽ പാശ്ചാത്യ രാജ്യങ്ങളിലും ആസ്റ്റ്രേലിയായിലുമെല്ലാം മഠംവിട്ടുപോകുന്ന കന്യാസ്ത്രികൾക്ക് ധനസഹായം ചെയ്യാനായി ട്രസ്റ്റ് ഫണ്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. പുറംലോകത്തുള്ള അവരുടെ ജീവിതത്തെ കെട്ടിപ്പടുക്കാൻ അത് സഹായകമാകുന്നുണ്ട്. സഭവിട്ടുപോകുന്ന സഹോദരികളെ സഹായിക്കാൻ അവർ ആയിരുന്ന സമൂഹത്തിന് കടമയുണ്ട്. അവർ പോകുന്നതിൻറെ കാരണം ഇക്കാര്യത്തിൽ പ്രസക്തമല്ല. അപ്രകാരം ആ സമൂഹം അവരോട് പെരുമാറിയില്ലങ്കിൽ ആ സഹോദരികൾക്ക് നീതി ലഭിക്കുന്നില്ല. സഭാധികാരികളുടെ തീരുമാനങ്ങൾ പലപ്പോഴും നല്ലതോ, ബുധിപൂർവമൊ ന്യായീകരിക്കത്തക്കതോ ആയിരിക്കണമെന്നില്ല. പിരിഞ്ഞുപോകുന്ന കന്യാസ്ത്രികളെ എല്ലാ തലങ്ങളിലും പ്രത്യേകിച്ച് സാമ്പത്തികകാര്യങ്ങളിൽ സഹായിക്കാൻ തയ്യാറാകാത്തത് കഷ്ടമാണ്. മഠങ്ങളിൽനിന്നുള്ള ധനസഹായമോ സാമ്പത്തിക വായ്പ ലഭിക്കാതിരിക്കുകയോ മറ്റ് ബുദ്ധിമുട്ടുകളിൽ സഹായഹസ്തം ഇല്ലാതിരിക്കുകയോ ചെയ്‌താൽ ആ കന്യാസ്ത്രിയുടെ മഠത്തിൽനിന്നുള്ള പോക്ക് ഗുരുതരമായ ഒരവസ്ഥയിൽ ചെന്നവസാനിക്കും. സന്ന്യാസത്തിൽനിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മാറ്റത്തിന് സഹായകമാകുന്നതൊന്നും ഇന്ന് മഠങ്ങൾ ചെയ്യുന്നില്ല. കാരണം വ്യക്തമാക്കാതെ തിരുവസ്ത്രത്തോടെ മഠത്തിൽകയറ്റാതെ ഇറക്കിവിടുന്നത് പച്ച മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തരമാണ്. ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടല്ലോ. സഭാധികാരികളുടെ മനസ്സിലിരിപ്പും അതുതന്നെ. ഇക്കാര്യത്തിൽ ഓർഡെറുകളോ കണ്‍ഗ്രിഗേഷനുകളോ തമ്മിൽ പരസ്പര ധാരണയോ പഠനമോ ഒന്നുമില്ലാത്തത് ഖേദകരം തന്നെ. ഇതു സംബന്ധിച്ച് ലോകവ്യാപകമായ ഒരു ധാരണ കത്തോലിക്കാ സഭയ്ക്ക് ഉണ്ടായിരിക്കേണ്ടതാണ്.
കന്യാസ്ത്രി ജീവിതം ഉപേക്ഷിച്ചുപോകുന്ന സഹോദരികളുടെ നിസഹായാവസ്തയെപ്പറ്റി സഭാധികാരികൾ മനസിലാക്കേണ്ടതാണ്. ഈ വിഷയം അവരുമായി പങ്കുവയ്ക്കുമ്പോൾ സഭയുടെ ഇന്നത്തെ നിലപാടിനാധാരമായ ചില കാര്യങ്ങൾ അവർ പറയാറുണ്ട്. സഭയിൽ ചേരുന്ന കന്യാസ്ത്രികൾക്ക് നിത്യവ്രതവാഗ്ദാനത്തിനുമുൻപ് സഭയിൽനിന്നുപോകാൻ ധാരാളം സമയമുണ്ടായിരുന്നു. കാര്യം ശരിതന്നെ. പക്ഷെ നിത്യവ്രതവാഗ്ദാനാവസരത്തിലും അതിനുശേഷവും ഭാവിയെന്തെന്നും എന്തിലേയ്ക്കാണ് കാലുകുത്തുന്നതെന്നും ആർക്കും അറിയാൻ പാടില്ലന്നുള്ളതാണ് സത്യം. കാലങ്ങൾ കഴിയുമ്പോൾ ചില സഹോദരികൾക്ക് അവരുടെ സന്ന്യാസ ജീവിതം മടുത്തെന്നിരിക്കും. ഇത് സാധാരണ സന്ന്യാസ ജീവിതത്തിൻറെ പരാജയമല്ല; മറിച്ച്, അത് മാനസിക വളർച്ചയുടെ ഭാഗമാണ്. 'ദൈവവിളി' ഇല്ലാതെ മഠങ്ങളിൽ കയറിക്കൂടിയവരാണ് മഠത്തിലെ ജീവിതം ഇട്ടെറിഞ്ഞിട്ടു പോകുന്നതെന്നാണ് മറ്റൊരഭിപ്രായം. എന്താണാവോ ഈ പറയപ്പെടുന്ന ദൈവവിളി? ദൈവവിളി എല്ലാവർക്കുമില്ലേ ഓരോരോ രീതിയിൽ? സാധാരണ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി കണ്ടുപിടിച്ച ഒരു തട്ടിപ്പുപദമാണ് ദൈവവിളി എന്ന പദം. ദൈവവിളി ഉണ്ടോ ഇല്ലയോ എന്നതല്ല ഇക്കാര്യത്തിൽ പ്രധാനം. മഠത്തിലെ ഓരോ കന്യാസ്ത്രിയും സ്വന്തം സമൂഹത്തിൻറെ അഭിവൃത്തിക്കായി അഹോരാത്രം പരിശ്രമിച്ചിരുന്നു എന്നതാണ് ഇവിടെ പ്രസക്തം. അപ്പോൾ ഒരു സഹോദരി അവളുടെ സന്ന്യാസ സമൂഹം വിട്ടുപോകാൻ തീരുമാനിച്ചാൽ മാന്യവും പക്ഷപാതരഹിതവും നീതിപൂർവവുമായ പെരുമാറ്റവും കൈയ്യഴിഞ്ഞ സാമ്പത്തിക സഹായവും ആ സഹോദരിയുടെ പുതുജീവിതത്തിലേയ്ക്കുള്ള കാൽവയ്പ്പിന് ആവശ്യമാണ്.
ചുരുക്കി പറഞ്ഞാൽ അതിനുള്ള ഒരു വീക്ഷണവും മൂല്ല്യബോധവും നന്മനസും അതിനായി മുതൽകൂട്ടും ഉണ്ടായാൽ മതി. ഒന്നാമതായി സീറോ മലബാർ കത്തോലിക്കാ സഭ വൈദികരുടെയും കന്യാസ്ത്രികളുടെയും സേവനങ്ങളെ വിലമതിച്ച് വിലയിരുത്തണം. അതിൻപ്രകാരം സേവനം ഉപേക്ഷിച്ച് പോകുന്നവർക്ക് ജീവസന്ധാരണത്തിനുള്ള സാമ്പത്തിക സഹായം ചെയ്യണം. രണ്ടാമതായി അവരെ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി സഹായിക്കാൻ ഒരു എൻഡോവ്മെൻറ് ഫണ്ട് സ്വരൂപിക്കണം. മൂന്നാമതായി ഈ എൻഡോവ്മെൻറ് ഫണ്ട് വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഒരു സമതി രൂപീകരിക്കണം. പാശ്ചാത്യരാജ്യങ്ങളിൽ കന്യാസ്ത്രികളുടെ റിട്ടയർമെൻറ്റിലേയ്ക്കായി ഫണ്ടുകൾ സ്വരൂപിച്ച് അവരെ വാർദ്ധക്യത്തിൽ സഹായിക്കുന്നുണ്ട്. ഇടവകകളിൽനിന്നുപോലും ആ ഫണ്ടിലേയ്ക്കുള്ള ധനസഹായാഭ്യർത്ഥനകൾ നടത്താറുണ്ട്. എന്തുകൊണ്ട് സീറോ മലബാർ സഭയ്ക്കും ആ വഴിയെ ചിന്തിച്ചുകൂടാ? ഈ ഫണ്ട് സീറോ മലബാർ സഭയുടെ മൊത്തത്തിലുള്ളതായിരിക്കണം. സ്വതന്ത്രമായ ഒരു സമതിയുടെ നിയന്ത്രണത്തിലായിരിക്കണം. മതിയായ തുക ഈ ഫണ്ടിലുണ്ടായിരിക്കണം. ഈ സമതിയിൽ പരിചയ സമ്പത്തുള്ളവരും സത്യസന്ധരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും പ്രഗത്ഭരുമായ വൈദികരും സന്ന്യസ്ഥരും അല്മായരും ഉണ്ടായിരിക്കണം. ഫണ്ട് വിവേകപൂർവം കൈകാര്യം ചെയ്യണം. അർഹതപ്പെട്ടവർക്ക് നീതിയുക്തമായ രീതിയിൽ ഈ ഫണ്ടിൽനിന്നും സാമ്പത്തിക സഹായം ചെയ്യണം. ഫണ്ട് ദാനമായോ ലോണായോ നല്കാൻ സാധിക്കണം. ഫണ്ടിൻറെ കൈകാര്യകത്രിത്വം സുതാര്യമായിരിക്കണം. സഭയിൽനിന്നുള്ള സംഭാവന, ആശ്രമങ്ങളിൽനിന്നുള്ള സംഭാവന, മഠങ്ങളിൽനിന്നുള്ള സംഭാവന, ഇടവകകളിൽനിന്നുള്ള സംഭാവന, സമ്പന്നരായ വ്യക്തികളിൽനിന്നുള്ള സംഭാവന എല്ലാം ഈ ഫണ്ടിൻറെ മുതൽ കൂട്ടിന് ഉപയോഗപ്പെടുത്തണം.
പോയ, പോകാനിരിക്കുന്ന സന്ന്യസ്ഥരുടെയും പുരോഹിതരുടെയും സാമ്പത്തികവും മറ്റ് പല തരത്തിലുമുള്ള ബുദ്ധിമുട്ടുകളെ ആധാരമാക്കി അതിനുള്ള നിവാരണമാർഗത്തിലേയ്ക്കുള്ള ഒരു വിരൽ ചൂണ്ടലാണ് ഈ ലേഖനം. ഈ വിഷയത്തെ സംബന്ധിച്ച് സഭാധികാരികൾ , പുരോഹിതർ, കന്യാസ്ത്രികൾ, സഭാപൌരർ തുടങ്ങിയവരിൽനിന്നുള്ള പ്രതികരണങ്ങൾ പ്രതിക്ഷിക്കുന്നു.
No comments:
Post a Comment