Translate

Thursday, April 23, 2015

രക്താര്‍ബുദം ബാധിച്ച രക്തശുദ്ധിവാദം

ഇപ്പന്‍
(ഏപ്രില്‍ ലക്കം സത്യജ്വാലയില്‍നിന്ന്)

മറിയക്കുട്ടിയുടെ ഞൊറിച്ചിലുവാലില്‍ തൂങ്ങി ഫാ. ബെനഡിക്ടച്ചന്റെ വെഞ്ചരിച്ച 'പുണ്യ'വഴികളിലൂടെ അഞ്ചാറുമാസം സഞ്ചരിച്ചതുകൊണ്ടാവാം, സത്യം പറഞ്ഞാല്‍ സകല പുണ്യവാളന്മാരെക്കുറിച്ചും എനിക്കു സംശയരോഗം ബാധിച്ചിരിക്കുന്നു. പക്ഷേ, വി. ഡോമിനിക് സാവിയോമാത്രം എന്റെ അബോധമനസ്സിലൊരു തൂവല്‍സ്പര്‍ശമായി അവശേഷിച്ചു. വേദപാഠം പഠിപ്പിച്ച സിസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു, 'ഡോമിനിക് സാവിയോ പുണ്യവാളന്റെ പോലെ നിഷ്‌കളങ്കമാണ് നിന്റെ മുഖം. കണിശ്ശമായും നീയൊരച്ചനാകണം. മരണാനന്തരം ഒരു വിശുദ്ധനും.' അതുകൊണ്ട്, ഡോമിനിക് സാവിയോ എന്ന ലേഖകന്റെ പേരു കണ്ടപ്പോള്‍, 'വംശീയതയും സ്വത്വബോധവും - ചില ചിന്തകള്‍' എന്ന അദ്ദേത്തിന്റെ പ്രതികരണം ഞാന്‍ വളരെ താല്പര്യത്തോടെയാണു വായിക്കാന്‍ തുടങ്ങിയത്. പക്ഷേ, ഡോമിനിക് സാവിയോ എന്നെ കഠിനമായി നിരാശപ്പെടുത്തിക്കളഞ്ഞു. പോരാഞ്ഞ് അബോധമനസ്സിലെ പുണ്യാളന്റെ തിളക്കവും ലേശം കുറഞ്ഞതുപോലെ.
 

ഒരുവന്‍ ക്രിസ്ത്യാനിയാവുന്നത് അവന്‍ ക്രിസ്തുവിന്റെ ആശയങ്ങളെ അനുഗമിക്കുമ്പോഴാണ്. ക്രിസ്തുവിന്റെ ആശയങ്ങള്‍ സംഭൃതമായിരിക്കുന്നത് ബൈബിള്‍ എന്ന വെളിച്ചത്തി ന്റെ കവചത്തിനുള്ളിലാണ്. 

രക്തശുദ്ധിവാദത്തെ വിമര്‍ശിക്കാന്‍ ജെയിംസ് ഐസക് സാര്‍ ബൈബിളിനെ ഉപയോഗിച്ചത് ശരിയായില്ലെന്നു വിധിച്ചുകൊണ്ടാണ് സാവിയോയുടെ തുടക്കം. ഐസക് സാര്‍ ബൈബിളിന്റെ അന്തസ്സത്തകൊണ്ടാണ്, സ്വവംശത്തില്‍നിന്നുമാത്രം വിവാഹം എന്ന അനാചാരത്തെ നേരിടുന്നത്. അതായത് ക്രിസ്തുവിന്റെ സ്‌നേഹദര്‍ശനംകൊണ്ട്. രക്തശുദ്ധിവാദം സ്‌നേഹവിരുദ്ധമാണ്. ഐസക് സാറിനെ നേരിടാന്‍വേണ്ടിമാത്രം താന്‍ ജീര്‍ണ്ണിച്ച ബൈബിള്‍ ഭാണ്ഡമഴിക്കുന്നു എന്ന ഭാവത്തില്‍, ഡോമിനിക് സാവിയോ ഇസഹാക്കിനു സ്വവംശത്തില്‍നിന്നു ഭാര്യയെ കണ്ടെത്തിയ കഥയും, മക്കളുടെ അപ്പം നായ്ക്കള്‍ക്കു കൊടുക്കരുതെന്ന ഉപദേശവും, ഇസ്രായേലിന്റെ മക്കളെമാത്രം തേടി യേശു വന്ന കാര്യവും പെറുക്കി നിരത്തുന്നു. ഐസക് സാര്‍ ബൈബിളിന്റെ സമഗ്രചൈതന്യമായ കോഹിന്നൂര്‍ രത്‌നമെടുത്തു പ്രദര്‍ശിപ്പിക്കുമ്പോള്‍, സാവിയോ ബൈബിളിന്റെ കുപ്പക്കൂനയില്‍ കിടക്കുന്ന കരിക്കട്ടകളെടുത്തു വായനക്കാരുടെ നേരെ എറിയുന്നു. രത്‌നവും കരിക്കട്ടയും രസതന്ത്രപരമായി ഒന്നാണെന്നോര്‍ക്കുക. രണ്ടും ബൈബിളില്‍ത്തന്നെ ഉള്ളതാണ്. കൊതുകിന്റെ ചോരക്കൊതി പ്രസിദ്ധമാണല്ലോ. രാജാക്കന്മാര്‍ ആനപ്പുറത്തെഴുന്നള്ളാന്‍ ആഗ്രഹിക്കുമ്പോള്‍ കൃമികള്‍ ആനപ്പിണ്ടത്തില്‍ നുരയ്ക്കാന്‍ ഇഷ്ടപ്പെടുന്നു.
 

അനേകം വൈദികരെയും സന്ന്യാസിനികളെയും ക്‌നാനായസമൂഹം ആഗോളസഭയ്ക്കു നല്‍കിയിരിക്കുന്നു എന്ന സാവിയോയുടെ നിരീക്ഷണം നൂറുശതമാനവും ശരിയാണ്. അച്ചന്മാരെന്നും സിസ്റ്റര്‍മാരെന്നും കേള്‍ ക്കുമ്പോള്‍ ആദ്യം മലയാളിയുടെ മനസ്സില്‍ തെളിയുന്ന പേരുകള്‍ ഫാ. കോട്ടൂരിന്റെയും ഫാ. പുതൃക്കയിലിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും ആണല്ലോ. അതുകഴിഞ്ഞേ ഞങ്ങളുടെ ബെനഡിക്ടച്ചന്റെ പേരുപോലും വരൂ.
വളരെ 'ന്യായ'മാണ് അടുത്ത വാദം. ഒരു വ്യക്തി എവിടെനിന്നു വിവാഹം കഴിക്കണമെന്നു തീരുമാനിക്കേണ്ടത് ആ വ്യക്തിതന്നെയാണ്. ആ വാദത്തിന്റെ ഒരു ചിറക് എഡിറ്റര്‍ തന്റെ പ്രതികരണത്തില്‍ അരിഞ്ഞിട്ടുണ്ട്. ബഹിഷ്‌കൃതരുടെ ചോദ്യവും ഇതുതന്നെ ആണ്. ഇഷ്ടമുള്ള പുറജാതിക്കാരെ വിവാഹം കഴിച്ചതിന് എന്തിനവരെ പുറത്താക്കണം?
 

അടുത്ത ചിറകരിയലിന് മേമ്പൊടിയായി ഒരു സംഭവകഥകൂടി വേണം. പൊന്‍കുന്നത്ത് ഒരു ദളിത് തൊഴിലാളിയെ എസ്.ഐ. ക്രൂരമായി മര്‍ദ്ദിച്ചു. പൊന്‍കുന്നം വര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ചുചെയ്തു. വിരണ്ടുപോയ എസ്.ഐ. മര്‍ദ്ദിതനെ വിളിച്ച് രണ്ടു തുടം കുഴമ്പിനുള്ള കാശുകൊടുത്തിട്ട് അവനുമായിച്ചെന്ന് വര്‍ക്കിയേയും സംഘത്തെയും നേരിട്ടിട്ടു പറഞ്ഞു: 'ഇതാ ഇവനു യാതൊരു പരാതിയുമില്ല.' 'അവനു പരാതിയില്ലെങ്കില്‍ ഞങ്ങള്‍ ആണുങ്ങള്‍ക്കു പരാതിയുണ്ടെടാ', എന്നു ഗര്‍ജ്ജിച്ചുകൊണ്ട് ആ സാഹിത്യസിംഹം മാര്‍ച്ചു തുടര്‍ന്നു. 

രക്തശുദ്ധിദീക്ഷയില്‍ സാവിയോയുടെ നേതൃത്വത്തിലുള്ളവര്‍ക്കു പരാതി കാണില്ല. ഇനി വാദത്തിനുവേണ്ടി റ്റി.ഒ. ജോസഫിന്റെ നേതൃത്വത്തിലുള്ള നവീകരണ സമിതിക്കാര്‍ക്കും പരാതിയില്ലെന്നിരിക്കട്ടെ. പക്ഷേ, കെ.സി.ആര്‍.എം-ന്റെ ആണ്‍പുലിക്കുട്ടികള്‍ക്കു മാത്രമല്ല, പെണ്‍പുലിക്കുട്ടികള്‍ക്കും പരാതി ഉണ്ട്. സാവിയോയുടെ ന്യായം സര്‍വ്വ ഫാസിസ്റ്റുകളും ഉന്നയിക്കുന്ന ന്യായമാണ്-തോക്കിന്‍ തുമ്പത്തു നിര്‍ത്തി ഇഷ്ടം പറയിക്കല്‍. ജനങ്ങളുടെ അറിവില്ലായ്മയെയും ഭീരുത്വത്തെയും അധികാരികള്‍ ചൂഷണം ചെയ്യുമ്പോള്‍ അതിനെ നേരിടേണ്ടത് ബുദ്ധിയുള്ള ധീരന്മാരുടെ കടമയാണ്. സാവിയോയെപ്പോലുള്ളവരുടെ ഒറ്റപ്പെടുത്തലുകളെ ഭയന്നാണ് ക്‌നാനായക്കാരായ സുന്ദരന്മാര്‍ സുന്ദരികളായ പാലാക്കാരികളെക്കണ്ടു കൊതിവെള്ളം ഇറക്കി മതിയാക്കുന്നത്. അല്ലാതെ അവര്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ല.
 

ബഹിഷ്‌കൃത ക്‌നാനായര്‍ പാലാ രൂപത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.സി.ആര്‍.എം-ഉമായി കൈകോര്‍ക്കുന്നതാണ് സാവിയോയുടെ സഹിഷ്ണുത ചോര്‍ത്തുന്നത്. പാലാക്കാര്‍ക്കുനേരെ ബ്രഹ്മാസ്ത്രംതന്നെ അദ്ദേഹം തൊടുക്കുന്നു. പാലാക്കാര്‍ എന്തുകൊണ്ട് ദളിത് ക്രൈസ്തവരെ കല്യാണം കഴിക്കുന്നില്ല? കഴിച്ചിട്ടുണ്ടല്ലോ. ഞങ്ങളവരെ പുറത്താക്കിയിട്ടില്ലല്ലോ. ഇനി ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കെങ്കിലും ജാതിഭ്രാന്തുണ്ടെങ്കില്‍ നിങ്ങളുടെ ജാതിഭ്രാന്തിനെതിരെ ഞങ്ങള്‍ ചെയ്യാന്‍പോകുന്ന സമരം ആ ഭ്രാന്തമാര്‍ക്കെതിരെയുംകൂടിയാണ്.
 

മനുഷ്യര്‍ വംശമായും ജാതിയായും ഭിന്നിച്ചുനില്‍ക്കുന്ന സാമൂഹികപശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം രക്തശുദ്ധിവാദത്തെ നോക്കിക്കാണാനെന്ന് അദ്ദേഹം ആദ്യമായും അവസാനമായും പറയുന്നുണ്ട്. സര്‍വ്വത്ര ചെളിയായതുകൊണ്ടും ആരും കുളിക്കുന്നില്ലാത്തതുകൊണ്ടും ഞാനും കുളിക്കുന്നില്ലെന്നു പറയുംപോലാണിത്. വിവേകമുള്ള മനുഷ്യര്‍ എല്ലായിടവും വൃത്തിയാക്കിയശേഷം കുളിക്കണം. അല്ലാതെ, പന്നിക്കുഴിയില്‍ പോയി കിടക്കുകയല്ല വേണ്ടത്. ഗുരുവിന്റെ ശിവപ്രതിഷ്ഠയും വി.ടി-യുടെ പന്തിഭോജനവും വിധവാവിവാഹവും ഒക്കെ അന്നത്തെ സാമൂഹിക പശ്ചാത്തലത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. ഇന്നതൊക്കെ സാധാരണ സംഭവങ്ങള്‍. ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് ഞങ്ങള്‍, നാനാജാതിമതസ്ഥരായ കുട്ടികള്‍, ഒരേ പാത്രത്തില്‍നിന്ന് എത്രയോ തവണ അളിച്ചുവാരി തിന്നിട്ടുണ്ട്. ശീലത്തിന്റെ അഭാവംകൊണ്ടുമാത്രമാണ് മിശ്രവിവാഹം നമുക്കുള്‍ക്കൊള്ളാനാവാത്തത്.
 

പന്നിയെക്കാള്‍ എത്രയോ വൃത്തിയുള്ള ജന്തുവാണ് പാമ്പ്. പന്നിയിറച്ചി കാണുമ്പോഴേ കമഴ്ന്നുവീഴുന്ന പാലാക്കാര്‍ പാമ്പിറച്ചിയുടെ കാര്യം ഓര്‍ക്കുമ്പോഴേ ഓക്കാനിക്കുന്നു. ചൈനാക്കാര്‍ മൂര്‍ഖന്‍ പാമ്പിന്റെ പച്ചച്ചോരവരെ റമ്മിലൊഴിച്ചു കുടിക്കുമെന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ സാക്ഷ്യപ്പെടുത്തുന്നു. സംഘടിതമതമാഫിയാകളും കപടസദാചാരവും തകര്‍ന്നാല്‍ 25 കൊല്ലത്തിനകം മിശ്രവിവാഹം സര്‍വ്വസാധാരണമായിത്തീരും.
ക്‌നാനായക്കാരുടെ ശുദ്ധരക്തവാദവും സുറിയാനി ക്രിസ്ത്യാനികളുടെ ബ്രാഹ്മണരക്തവാദവും ജാതിക്കിറുക്കാണെന്നു സൗമ്യനും സാത്വികനുമായ ജയിംസ് സാര്‍ പറഞ്ഞത്, അദ്ദേഹത്തിന് അതിലും മിതമായ ഒരു പദം ഈ മുഴുക്കിറുക്കിനെ വിശേഷിപ്പിക്കാന്‍ ശബ്ദതാരാവലി മുഴുവന്‍ പരതിയിട്ടും കിട്ടാഞ്ഞിട്ടാണ്. ലോകത്ത് ഒരു വ്യക്തിയുടെപോലും സിരയില്‍ ശുദ്ധരക്തം ഓടുന്നില്ലെന്ന് കോവിലനും ഡോ. എസ്.കെ. നായരും  സാക്ഷ്യപ്പെടുത്തുന്നു. നരവംശശാസ്ത്രപരമായ സൈദ്ധാന്തികസാധുത അവരുടെ വാദത്തിനുണ്ട്. 


ലോകത്തിതുവരെ ജനിച്ച സ്ത്രീകളെല്ലാം ശീലാവതിയെപ്പോലെ ചാരിത്രവതികളാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍പ്പോലും, ചരിത്രാതീതകാലം മുതലുള്ള യുദ്ധങ്ങളും വര്‍ഗ്ഗീയകലാപങ്ങളും ബലാല്‍സംഗോത്സവങ്ങളിലായിരുന്നു കലാശിച്ചിരുന്നതെന്ന അപ്രിയസത്യം ആര്‍ക്കു നിഷേധിക്കാനാവും? തങ്ങള്‍ യഹൂദ വംശജരാണെന്നാണല്ലോ ക്‌നാനായക്കാരുടെ അഭിമാനം. അങ്ങനെയെന്നുതന്നെ ഇരിക്കട്ടെ. പഴയനിയമം പരിശോധിച്ചാല്‍ യുദ്ധം ഇന്നത്തെപ്പോലെ അന്നും യഹൂദന്റെ കൂടപ്പിറപ്പാണെന്നു കാണാം. ഉപ്പോളം വരുമോ ഉപ്പിലിട്ടത്? യഹൂദന്മാര്‍ക്കില്ലാത്ത രക്തശുദ്ധി യഹൂദന്മാരില്‍ നിന്നുദ്ഭവിച്ചെന്നു പറയുന്ന ക്‌നാനായക്കാര്‍ക്കെങ്ങനെ വരും?  ബൈബിളില്‍ ബഹുഭാര്യത്വ കഥകള്‍ പലതുണ്ടെങ്കിലും, രണ്ടായിരം ഭാര്യമാരുണ്ടായിരുന്ന ദാവീദിന്റെയും ആ അപ്പന്റൊപ്പം ഭാര്യമാരുണ്ടായിരുന്ന സോളമന്റെയും കഥകള്‍ ആരെയും ഞെട്ടിക്കാന്‍ പോന്നതാണ്. അവരുടെ ഭാര്യമാരൊക്കെയും വിവിധ വംശങ്ങളിലും ഗോത്രങ്ങളിലും നിന്നുള്ളവരായിരുന്നുതാനും. അപ്പോള്‍ അവരില്‍ പിറന്നവര്‍ക്കെവിടെ യഹൂദരക്തശുദ്ധി? സുറിയാനിക്കത്തോലിക്കരുടെ ബ്രാഹ്മണരക്തവാദത്തിന്റെ ഗതിയും ഇതുതന്നെ.
 

പ്രാദേശികസംസ്‌കാരത്തിന്റെ തനിമ വീണ്ടെടുക്കാന്‍ ഉദ്‌ബോധിപ്പിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സാവിയോ കൂട്ടുപിടിക്കുന്നു. സഭാചരിത്രത്തിലാദ്യമായി പുരോഗമനസ്വഭാവം പുലര്‍ത്തിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കണിശ്ശമായും പ്രാദേശികസംസ്‌കാരത്തിന്റെ ജീര്‍ണ്ണതകളെ പുനരുദ്ധരിക്കാന്‍ നിര്‍ദ്ദേശിക്കില്ല. മാമ്പഴച്ചാറു പിഴിഞ്ഞു ശീലിച്ച ബട്ട്‌ളര്‍ ആദ്യമായി കണ്ട കരിക്കിന്റെ തൊണ്ടുപൂളി കുത്തിപ്പിഴിഞ്ഞ് സായിപ്പിനുകൊടുത്ത കഥ ഇവിടെ ഓര്‍മ്മ വരുന്നു. ശുദ്ധരക്തവാദം ബൈബിളിന്റെ മാത്രമല്ല, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെയും അന്തസ്സത്തയ്ക്കു വിരുദ്ധമാണ്.
 

അവസാനം, കെ.സി.ആര്‍.എം-കാര്‍ ബഹിഷ്‌കൃതരായ ക്‌നാനായക്കാരുടെ കൂടെക്കൂടിയതിന്റെ കാരണം സാവിയോ കണ്ടെത്തി! 'കാരണം, കറുത്തവന് വെളുത്ത പെണ്ണിനെ കെട്ടണം.' ക്‌നാനായക്കാരികള്‍ മുഴുവന്‍ വെളുത്തവരാണെന്ന്! സമ്മതിച്ചിരിക്കുന്നു. വ്യംഗ്യമോ? കേരളത്തിലെ നസ്രാണി കത്തോലിക്കരെല്ലാം കറുമ്പന്മാരാണെന്ന്! അതും വാദത്തിനുവേണ്ടി സമ്മതിച്ചിരിക്കുന്നു. പക്ഷേ, ഈ വെളുപ്പാണ് സൗന്ദര്യത്തിന്റെ ശാശ്വതമാനദണ്ഡമെന്ന് ആരാണ് സാവിയോയോടു പറഞ്ഞത്? ഉടമയായ സായിപ്പിന്റെ മുമ്പില്‍ അടിമയ്ക്കനുഭവപ്പെട്ട അപകര്‍ഷതാബോധമാണ് വെളുപ്പിനെ സൗന്ദര്യത്തിന്റെ പിഴയ്ക്കാത്ത മാനദണ്ഡമാക്കി പ്രതിഷ്ഠിച്ചത്. 'അര്‍ക്കശുഷ്‌കഫലകോമളസ്തനി'(എരിക്കിന്‍ കായ്‌പോലെ ശുഷ്‌കിച്ച സ്തനങ്ങളോടുകൂടിയവള്‍) യും, 'നിംബപല്ലവസമാന കേശിനി'(പുളിയിലക്കുരുന്നുപോലെ അല്പമാത്രമായ തലമുടിയോടുകൂടിയവള്‍)യുമായവള്‍ എത്ര വെളുത്തിരുന്നിട്ടും എന്തു പ്രയോജനം? പോരാഞ്ഞ് സൗന്ദര്യം വ്യക്തിനിഷ്ഠവുമാണ്. ഗാന്ധിജി ധാര്‍മ്മികസൗന്ദര്യത്തിലാണ് മുറുകെപ്പിടിച്ചത്.
 

സ്വത്വം അവകാശപ്പെടുന്ന മിക്ക സമൂഹങ്ങള്‍ക്കും സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ജീവിതരീതികളുണ്ട്. എന്നാല്‍, കള്ളുകുടിയുടെ കാര്യത്തില്‍പ്പോലും പാലാക്കാരും ക്‌നാനായക്കാരും ഏകോദരസഹോദരങ്ങളാണെന്നുള്ളതാണു സത്യം. ഏറ്റവും വലിയ സ്വത്വസൂചകം ഭാഷയാണ്. കേരളത്തിലെ പട്ടരെയും അയ്യരെയും കൊങ്ങിണിയെയും നോക്കുക. അവര്‍ക്കെല്ലാം സ്വന്തം ഭാഷയുണ്ട്.  എന്തിന് ഈരാട്ടുപേട്ടയിലെ മുസ്ലീങ്ങള്‍ക്കുപോലും തമ്മില്‍ സംസാരിക്കാന്‍ തനതു ഭാഷയുണ്ട്. ക്‌നാനായക്കാര്‍ക്കോ?
 

ശ്രീ ജോര്‍ജ് മൂലേച്ചാലിലിന്റെ ഒരു ഗ്രന്ഥത്തില്‍നിന്നുള്ള ഉദ്ധരണിയോടുകൂടി പ്രശസ്ത സാഹിത്യകാരനായ സി. രാധാകൃഷ്ണന്‍ അസ്സീസിയില്‍ മുമ്പ് ഒരു ലേഖനമെഴുതി. അതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട്, 'നമ്മുടെ ചുവരുകള്‍ അവര്‍ക്കായി തുറന്നു കൊടുക്കരുതായിരുന്നു' എന്നു ചൂണ്ടിക്കാട്ടിയും, ജോര്‍ജ് മൂലേച്ചാലിലിനെ 'ക്രൈസ്തവനാമധാരി' എന്നു പരിഹസിച്ചും, ഒരു റവ.ഡോ. അച്ചന്‍ അസ്സീസി പത്രാധിപര്‍ക്കെഴുതിയതോര്‍ക്കുന്നു. എന്നാല്‍, 'നമ്മുടെ ചുവര് അവര്‍ക്കായി തുറന്നു കൊടുത്ത'തിനു ഞാന്‍ 'സത്യജ്വാല' എഡിറ്റര്‍ക്കു നന്ദി പറയുന്നു. വില്ലനാണ് സിനിമയെ വിജയിപ്പിക്കുന്നത്. വില്ലനില്ലാതെ നായകന്‍ എങ്ങനെ തിളങ്ങും?
                                                                                                                   ഫോണ്‍: 9446561252

2 comments:

 1. അമ്മാവന്റെ കഷ്ടപ്പാടിൽ സഹോദരി പുത്രന് ആവലാതിയും ഉൽക്കണ്ടയും!!!.
  .........................................

  അമ്മാവന്റെ കഷ്ടപ്പാടും ആവലാതിയും, അതോടൊപ്പം സഭയിൽ സഹിക്കേണ്ടിവരുന്ന പീഡനകഥകളും
  ഓർത്ത് സഹോദരി പുത്രനായ ഫാ. സെബാസ്റ്റ്യൻ വെത്താനത്ത് കുർബാനമദ്ധ്യെ തന്റെ ദു:ഖം അല്മാ
  യരുമായി പങ്കുവച്ചു. ഒരു ദിവസം പോലും സന്തോഷവാനായി ഇരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
  പ്രശ്നങ്ങൽ ഒന്നിന് പുറകെ മറ്റൊന്നായി അദ്ദേഹത്തെ വേട്ടയാടുന്നു. ഇപ്പോൾ ഇതാ രണ്ടുമില്ല്യനോളം
  ഡോളർ ഉടനെ ഉണ്ടാക്കണം. ഒരു സഹോദരനേപ്പോലെ കണ്ട് കൂടെ കൂട്ടിയതായിരുന്നു എന്റെ അമ്മാവൻ
  കറിയാച്ചനെ, എന്നിട്ട് അവനും അമ്മാവനെ ചതിച്ചു. കറിയാച്ചന്റെ സഹോദരി അന്യമതസ്തന്റെ കൂടെ
  പോയിട്ടും ആ സ്ത്രീ വച്ചുനീട്ടിയ ഡോളർ കെട്ടുകൽ കണ്ടപ്പോൽ ആമാവന് അത് വേണ്ടെന്നു പറയുവാൻ
  അന്ന് തോന്നിയില്ല. അങ്ങനെയാണ് കറിയാച്ചനെ അമ്മാവൻ അമേരിക്കയിൽ എത്തിച്ചത്. ആളു തരികിട
  യാണെന്നറിഞ്ഞിട്ടും അമ്മാവൻ കൂടെ കൂട്ടി. പലപ്രാവശ്യം താക്കീത് നൽകിയതായിരുന്നു. എന്നിട്ടും
  പ്രയോചനം ഉണ്ടായില്ല. ആരെ കണ്ടാലും കെട്ടിപിടിക്കണം, അത് അങ്ങേരുടെ ഒരു വീക്കനസ്സായിരുന്നു.
  ഒടുവിൽ അങ്ങേരു ഒരു ക്രൈസ്സി ഗ്ലൂ ആയി മാറുമെന്ന് ആരും ധരിച്ചില്ല. കെട്ടിപുണർന്നാൽ പിന്നെ കാര്യം
  കഴിഞ്ഞേ വിടൂ എന്നാണ് അനുഭവസ്ഥർ പറയുന്നത്.

  എന്താണെങ്കിലും രണ്ടുമില്ല്യൻ ഡോളർ ഉണ്ടെങ്കിൽ മാത്രമെ കറിയാച്ചനെ രക്ഷപെടുത്താനും അമ്മാവന് ഈ
  കേസിൽനിന്ന് രക്ഷനേടാനും സാദിക്കുകയുള്ളു. എന്നും വൈകുന്നേരങ്ങളിൽ അമ്മാവൻ ക്ലാവർ കുരിശിന്റെ
  ചുവട്ടിലിരുന്ന് കരയുന്നത് കാണുംബോൽ ആ കാശ്ച, ആരുടേയും മനസ്സലിയിക്കും. ജോജിമോൻ നാറ്റിച്ചതിന്റെ
  നാറ്റം ഇപ്പോഴും ബാക്കിനിൽക്കുകയാണ്. 20 ഓളം കുടുംബങ്ങളെ പറഞ്ഞു സമാധാനിപ്പിച്ച് ഡോളർ കെട്ടുകൽ
  തികയാതെ ഇരിക്കുംബോളാണ് കറിയാച്ചന്റെ ഈ കൊലച്ചതി. അമ്മാവൻ കർദ്ദിനാൽ ആലഞ്ചേരിയുമായി
  സണ്ഡിസംഭാഷണത്തിലാണ്. മലയാറ്റൂർ കുരിശുമുടിയിൽനിന്ന് കിട്ടിയ പണം ഒന്ന് മറിക്കാമോയെന്ന് അമ്മാവൻ
  ആലഞ്ചേരി തംബ്രാക്കളുമായി സംസാരിച്ചു. മത്ത കുത്തിയാൽ കുബളം മുളക്കുമോ.

  ഇങ്ങനെ പീഡന കഥകൽ ഓരോദിവസം ചെല്ലുംതോറും കൂടികൂടി വന്നാൽ അമ്മവന്റെ ഗതി എന്താകുമെന്നാണ്
  എന്റെ ഭയം. വയസ്സായ ആളല്ലെ, പോരാഞ്ഞിട്ട് പിത്തവും, കൊളസ്ടോളും, പഞ്ചസാരയും ഒക്കെയുള്ള ആളല്ലെ.
  എന്താ വന്നുകൂടാത്തത്. പാരബര്യ കണക്കുവച്ച് ഒന്നും മുൻ കൂട്ടി പറയനാവാത്ത അവസ്ഥയാണ്. സ്വന്തം
  അപ്പനേയും അപ്പന്റെ അമ്മയേയും നാട്ടുകാരാണല്ലോ ഈ ഭൂമിയിൽനിന്നും യാത്രയാക്കിയത്. അതുകൊണ്ട് ഭാവി
  നിർണ്ണയം സാദ്ധ്യമല്ല. ഇനിയിപ്പോൽ ഒരു മാർഗ്ഗമേയുള്ളു, അമ്മാവനായിട്ട് പണികഴിപ്പിച്ച നാട്ടിൽ കാക്കൂരിലുള്ള
  കന്യാസ്ത്രീ മഠത്തിലേക്ക് റിട്ടയറായി പോകുക. അവിടെ എണ്ണയിടലും മസ്താജും ഒക്കെയായി അവരുടെയിടയിൽ
  അടിച്ചുപൊളിച്ച് കഴിയാമല്ലോ. അത്രയെങ്കിലും ചെയ്തുവച്ചതുകൊണ്ട് തിരികെ നാട്ടിൽചെല്ലുംബോൽ വിഷമിക്കണ്ട.
  അങ്ങാടിയത്ത് അമ്മാവൻ ആരാ മോൻ, പുലിയല്ലെ പുലി.

  ReplyDelete
 2. യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു ദർശനമായിരുന്നു. അതേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, താഴെക്കാണുന്ന കത്തെഴുതാൻ അതിന്റെ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാർ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും. ഇവർക്ക് താങ്ങായി നില്ക്കുന്ന മേജർ ആലഞ്ചേരിയും കൂട്ടരും എന്ത് പ്രതികരണമാണ് ആഗോളസഭയിൽ നിന്നും ഭാരത സഭയിൽനിന്നും പ്രതീക്ഷിക്കുന്നത് എന്നും ചിന്തിക്കുക.

  ഇംഗ്ലീഷ് ഭാഷയിലുള്ള അങ്ങാടിയത്തിന്റെ കത്തിന്റെ അസ്സലും മലയാളം വിവർത്തനവും താഴെ വായിക്കുക.

  ബഹുമാന്യ അച്ചന്മാരെ ക്നാനായ വിശ്വാസികളേ,
  അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, അമേൻ.

  നിങ്ങളുടെ ഇടവകയിലും മിഷനിലും ഉള്ള അംഗത്വം സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്ത്, മേജർ ആലഞ്ചേരി കർദിനാളും നമ്മുടെ കോട്ടയം മെത്രാൻ മാത്യു മൂലെക്കാട്ടും ചിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ മെത്രാൻ ജേക്കബ്‌ അങ്ങാടിയാത്തും തമ്മിലുണ്ടായ പൊതു ധാരണയിലൂടെ തീരുമാനത്തിലായി.
  ഒരു ക്നാനായ ഇടവക/മിഷൻ എന്നിവയിൽ ക്നാനായക്കാർക്ക് മാത്രമേ അംഗത്വമുണ്ടാകൂ. ക്നാനായ വിശ്വാസി മറ്റൊരു റീത്തിൽ നിന്ന് വിവാഹം കഴിച്ചാൽ, മറ്റേ റീത്തിലെ ആ വ്യക്തിക്കും ഇരുവർക്കുമുണ്ടാകുന്ന മക്കൾക്കും ക്നാനായ ഇടവകയുടെ/മിഷൻറെ അംഗത്വമല്ലല്ല, മറിച്ച്, മറ്റേ രീത്തിലെ ഇടവകയുടെ/മിഷൻറെ അംഗത്വം മാത്രമേ ഉണ്ടാകൂ.
  ... നിങ്ങളുടെ സ്നേഹ പിതാവ്, മാർ ജേക്കബ്‌ അങ്ങാടിയത്ത്, ചിക്കാഗോ രൂപതയുടെ മെത്രാൻ.

  Dear & Rev. Fathers & Knanaya Community Members,
  Glory to God in the highest. Amen

  I am glad to inform you that the membership in the personal parish/mission for Knanaya Catholics is settled through the discussion of the issue in the Synod of
  Syro Malabar Bishops and final agreement reached by His Beatitude Mar George Cardinal Alencharry, the Major Archbishop of the Syro Malabar Church, His Grace Mar Mathew Moolakatt, the Archbishop of Kottayam and Mar Jacob Angadiath, the Bishop of St.Thomas Syro Malabar Catholic Diocese of Chicago.

  A personal parish/mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters into marriage with a non-Knanaya partner, that non-Knanaya partner and children from that marriage will not become members of the
  Knanaya parish/mission but will remain members of the local non-Knanaya Syro Malabar parish/mission.

  Please pray for our new Auxiliary Bishop-elect Mar Joy Alappat and for the

  blessing of his Episcopal ordination on September 27, 2014. Let us support and pray for our St. Thomas Syro Malabar Diocese of Chicago.

  May the Lord bless you.
  Your loving Pithavu

  Singed
  Mar Jacob Angadiath,
  Bishop
  Diocese of Chicago

  ReplyDelete