Translate

Tuesday, April 28, 2015

പുരോഹിതവിവാഹം

In: Article

ചോദ്യം
ഓശാന മാസികയുടെ ഒരു വായനക്കാരൻ 1975-ൽ ചോദിച്ച ചോദ്യമാണ് താഴെ: ഓശാന മാസിക യാഥാസ്ഥിതികത്വത്തിനെതിരും പുരോഗമനസ്വഭാവമുള്ളതുമാണെന്നാണല്ലോ അഭിമാനിക്കുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ വൈദികരെ വിവാഹം കഴിക്കാനനുവദിക്കുന്നതിനായി സ്വരം ഉയര്‍ത്താത്തത്? ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തോന്നുന്നുണ്ടോ?

ജോസഫ് പുലിക്കുന്നേൽ നല്കിയ മറുപടി  ഡിസംബര്‍ 1975 ലക്കം ഓശാനയിൽ വൈദിക പംക്തിയിലൂടെ പ്രസിദ്ധീകരിച്ചിരുന്നത്
 http://www.josephpulikunnel.com/250415.html വായിക്കാം.
 താഴെ ഏതാനും ചിന്തനീയമായ ഭാഗങ്ങൾ മാത്രം.

മറുപടിയിൽ നിന്ന് 
ഉപയോഗിച്ച് അര്‍ഥം ശോഷിച്ച ചില പദങ്ങളുണ്ട്, ഭാഷയില്‍. അങ്ങിനെയുള്ള പദങ്ങളാണ് ‘യാഥാസ്ഥിതികത്വവും, പുരോഗമനവും’. എന്താണ് യാഥാസ്ഥിതികത്വം? എന്താണ് ഈ പുരോഗമനമെന്നു പറഞ്ഞാല്‍? ഞങ്ങള്‍ എല്ലാ പഴയ സമ്പ്രദായങ്ങള്‍ക്കും എതിരല്ല; എന്തെങ്കിലും, പുതിയതുകണ്ടാല്‍, പുരോഗമനത്തിന്റെ പേരില്‍ കേറി ആലിംഗനം ചെയ്യാനും തയ്യാറില്ല.
ഇന്ന് സഭയില്‍, മാറ്റപ്പെടേണ്ടതും തിരുത്തപ്പേടേണ്ടതുമായ അനുവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമാണ് വൈദികന്റെ വിവാഹപ്രശ്‌നം എന്നാണ് ഞങ്ങള്‍ക്കു തോന്നിയിട്ടുള്ളത്.
ഒരു പുരോഹിതന്‍, വിവാഹിതനായാലും അവിവാഹിതനായാലും, അദ്ദേഹം, മനുഷ്യസ്‌നേഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട്, ദൈവവചനശുശ്രൂഷയില്‍, തീവ്രമനസ്‌കനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാന്തസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടു കാര്യമില്ല.............

................പുരോഹിതനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയല്ല വേണ്ടത്; വിവാഹം കഴിച്ചവരെ പുരോഹിതരാക്കാന്‍ അനുവദിക്കുകയാണു ശരി എന്നു തോന്നുന്നു. എങ്കില്‍, പ്രായപൂര്‍ത്തിയും സ്വഭാവസ്ഥിരതയും ഉള്ള വൈദികരെ സഭയ്ക്കു ലഭിക്കും. വിവാഹം നിഷിദ്ധമാണെന്ന നിയമം സഭാപഠനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്നു.

(സംവാദം, ഓശാന, പുരോഹിതവിവാഹം, ഓശാന ഡിസംബര്‍ 1975, വൈദികര്‍ക്കുവേണ്ടി)

1 comment:

 1. പുരോഹിതരുടെ ബ്രഹ്മചര്യം സഭയ്ക്കു ലഭിക്കുന്ന സമ്മാനമെന്നും എന്നാലത് സഭയുടെ നിശ്ചിതമായ തത്ത്വമല്ലെന്നും എപ്പോൾ വേണമെങ്കിലും ഈ നയങ്ങൾക്ക് മാറ്റം വരുത്താവുന്നതേയുള്ളൂവെന്നും വാതിലുകൾ അതിനായി തുറന്നുതന്നെ കിടക്കുകയാണെന്നും ഫ്രാൻസീസ് മാർപാപ്പാ പറയാറുണ്ട്. എങ്കിലും അത്തരമൊരു തീരുമാനത്തിന് സമയമെടുക്കുമെന്ന് അതേ നാവുകൊണ്ടു തന്നെ മാർപാപ്പാ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. എങ്കിലും ഒരു ചോദ്യം ഉയരുകയാണ്. പുരോഹിതർ ബ്രഹ്മചര്യകളായിരിക്കണമെന്ന നയം മാർപാപ്പാ മാറ്റുമോ? അദ്ദേഹത്തിനതു സാധിക്കുമോ?

  വചനത്തിൽ പുരോഹിതരെപ്പറ്റിയോ പുരോഹിതരുടെ ബ്രഹ്മചര്യത്തെപ്പറ്റിയോ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. പുരോഹിത സൃഷ്ടി തന്നെ കാനോൻ നിയമത്തിൽ എഴുതി ചേർത്തതാണ്. കാനോൻ നിയമം മനുഷ്യന്റെ കൈകളിൽ രചിച്ച ഒരു പ്രമാണം മാത്രം. അവിടെ കൃസ്തുവിന്റെയോ അപ്പോസ്തോലരുടെയോ കൈവെപ്പു കർമ്മങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ആദിസഭകളിൽ പൌരാഹിത്യമുണ്ടായിരുന്നില്ല. ആദി കാലങ്ങളിലെ അപ്പോസ്തോലരും മാർപ്പാപ്പാമാരും ബിഷപ്പുമാരും പുരോഹിതരും വിവാഹിതരായിരുന്നു. കുടുംബമായി ജീവിച്ചിരുന്ന മക്കളുള്ളവരായിരുന്നു.

  യേശു അവിവാഹിതനായിരുന്നുവെന്നു കത്തോലിക്കാ സഭ വിശ്വസിക്കുന്നു. യേശു വിവാഹിതനായിരുന്നുവെന്ന് ബൈബിൾ ഒരിടത്തും ആധികാരികമായി സൂചിപ്പിച്ചിട്ടില്ല. യേശുവിന്റെ മാർഗം പിന്തുടർന്ന് പുരോഹിതരും അവിവാഹിതരായി കഴിയാൻ സഭ നിർദേശിക്കുന്നു. അതിൽ എത്രമാത്രം യുക്തിയുണ്ടെന്നും മനസിലാവുന്നില്ല. വിവാഹിതരായ പീറ്ററും മറ്റ് അപ്പസതോലരും യേശുവിനൊപ്പം ഉണ്ടായിരുന്നു. അവനോടൊപ്പം പാനം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്തു. വിവാഹിതർക്ക് യേശുവിന്റെ ശിക്ഷ്യത്വം കൽപ്പിക്കാമെങ്കിൽ സഭയുടെ ബ്രഹ്മചര്യമെന്ന ന്യായികരണത്തിൽ യുക്തിയെവിടെ?

  ലൈംഗിക വികാരങ്ങളിൽ പുകയുന്നതിലും നല്ലത് വിവാഹ ജീവിതമെന്ന് പോളും പറഞ്ഞിട്ടുണ്ട്. പീറ്ററിന്റെ അമ്മായി അമ്മയെ യേശു കാണാൻ ചെല്ലുന്നുണ്ട്. യേശുവിന്റെ ഈ ദൌത്യം കുടുംബമുള്ള ദൈവജോലിക്കാരുടെ കർമ്മത്തെയും ചുമതലകളെയും വിലയിരുത്തുന്നു. നവ വധു വരന്മാർക്കുള്ള വിവാഹമൊരുക്കലിൽ ലൈംഗിക പരിജ്ഞാനമില്ലാത്തവരായ പുരോഹിതരുടെ ക്ലാസുകൾ പ്രായോഗിക ജീവിതത്തിന് ഗുണപ്രദമായിരിക്കില്ല. അതും ആത്മീയതയില്ലാത്ത ഒരു തട്ടിപ്പ് മാത്രം.

  കിഴക്കിന്റെ സഭകളിലെ പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിനു പ്രശ്നമില്ല. കാനോൻ നിയമങ്ങൾ ലാറ്റിൻ സഭകൾക്കേ ബാധകമായുള്ളൂ. കർദിനാൾ ആലഞ്ചേരിയും സീറോ മലബാറിലെ പ്രമുഖരായ മറ്റു മെത്രാന്മാരും തനി യാഥാസ്ഥിതിക ചിന്താഗതിക്കാരായതു കൊണ്ട് പുരോഹിതർക്ക് വിവാഹം അനുവദിച്ചുള്ള ഒരു തീരുമാനത്തിന് ഒരുമ്പെടുമെന്നു തോന്നുന്നില്ല. ലൂതറൻ വിഭാഗത്തിൽ നിന്നും വിവാഹിതരായ പുരോഹിതരെ കത്തോലിക്കാ സഭ സ്വീകരിക്കാറുണ്ട്. കാരണം അവരുടെ പൌരാഹിത്യ പട്ടം സഭ അംഗീകരിച്ചിട്ടില്ല. ശ്രീ പുലിക്കുന്നേൽ അഭിപ്രായപ്പെട്ടതുപോലെ 'പുരോഹിതരെ വിവാഹം കഴിക്കാൻ തീരുമാനമെടുക്കുന്നതോടൊപ്പം വിവാഹിതരായവരെയും പുരോഹിതരായി സഭയ്ക്ക് സ്വീകരിക്കാം. 'പട്ടം' വിവാഹത്തിനു ശേഷമുള്ള കൂദാശയായി സഭ അംഗീകരിക്കുന്ന സ്ഥിതിക്ക് വിവാഹിതരായവർക്ക് പട്ടം ലഭിച്ച് പൌരാഹിത്യത്തിൽ പ്രവേശിക്കുന്നതിന് തടസമുണ്ടാവില്ല.

  വിവാഹിതർക്ക് പൌരാഹിത്യം നല്കാൻ കടമ്പകളേറെയുണ്ടെങ്കിലും സഭയ്ക്കുള്ളിൽ ഫ്രാൻസീസ് മാർപ്പായുടെ വാക്കുകൾ ഭാവിയിലേയ്ക്കുള്ള ഒരു എത്തിനോട്ടവും വിപ്ലവചൈതന്യം ഉത്തേജിപ്പിക്കുന്നതും പ്രതീക്ഷകളും നല്കുന്നതാണ്. സഭയിൽ ഒരു ചെറിയ മാറ്റം സംഭവിക്കണമെങ്കിലും നൂറ്റാണ്ടുകൾ വേണം. ആധുനിക മുന്നേറ്റ ലോകത്തിൽ സഭയിന്നും മൂന്നൂറു വർഷം മുമ്പുള്ളവരുടെ ചിന്താഗതിയിലാണ്. ഇന്ന് ലോകമാകമാനമുള്ള ഭൂരിഭാഗം പുരോഹിതരും വിവാഹിതരാകണമെന്ന അഭിപ്രായക്കാരാണ്. ഒരു കാര്യം തീർച്ച, ഫ്രാൻസീസ് മാർപ്പാപ്പാ ഉചിതമായ നടപടികൾ കാലഭേദങ്ങളെ മറികടന്നു സ്വീകരിച്ചില്ലെങ്കിൽ പൌരാഹിത്യ ബ്രഹ്മചര്യമെന്ന സഭയുടെ ചിന്താഗതികൾക്ക് സമീപ നാളുകളിലോന്നും മാറ്റം വരാൻ സാധ്യതയില്ല.

  വിവാഹിതരായ പുരോഹിതർ അവിവാഹിതരായവരെപ്പോലെയോ മെച്ചമായൊ സേവന തല്പ്പരരായി കാണുന്നു. ബ്രഹ്മചര്യം സഭയുടെ നിയമമാണെങ്കിൽ എന്തുകൊണ്ട് വിവാഹിതരായ പുരോഹിതരെയും സഭ അനുവദിക്കുന്നു? പുരോഹിത ബ്രഹ്മചാര്യം സഭയുടെ വെറുമൊരു പരസ്യ ലേബൽ മാത്രമാണ്. വാസ്തവത്തിൽ അങ്ങനെയൊന്നു സഭയിലില്ല. ബ്രഹ്മചര്യരായ പുരോഹിതരിൽക്കൂടി സഭയ്ക്ക് അല്മെനികളുടെ മേൽ കൂടുതൽ നിയന്ത്രണം ചെലുത്തുവാൻ സാധിക്കുന്നു. കത്തോലിക്കാ സഭ നിലനിൽക്കണമെങ്കിൽ അല്മെനികൾക്ക് സ്വാതന്ത്ര്യം കൊടുക്കാതെ മുഴുവൻ അധികാരവും പുരോഹിതർ വഹിക്കണമെന്നും ചിന്തിക്കുന്നു. ഹംഗറി, സ്ലോവോക്കിയാ, ഉക്കറൈൻ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ കത്തോലിക്കാ പുരോഹിതർ വിവാഹിതരാണ്. ഈ പള്ളികളെല്ലാം വത്തിക്കാന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ആഗോള തലത്തിൽ 20 ശതമാനം കത്തോലിക്കാ പുരോഹിതർ വിവാഹിതരാണെന്നും കാണുന്നു.

  ReplyDelete