Translate

Wednesday, February 10, 2016

സത്യജ്വാല മാസിക ഫെബ്രുവരി-2016

മുഖക്കുറി
ക്രൈസ്തവവിദ്യാഭ്യാസരംഗം ഇന്നലെയും ഇന്നും
കത്തോലിക്കാസഭയിലെ ചില സന്ന്യാസസമൂഹങ്ങളും സന്ന്യാസിനീസമൂഹങ്ങളും, ട്രസ്റ്റുകൾ സ്ഥാപിച്ച് ചില വൈദികർ വ്യക്തിപരമായും നടത്തിവരുന്ന അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ കേരളകത്തോലിക്കാ സമുദായത്തിനുതന്നെ അപമാനകരമായിത്തീർന്നിട്ടുണ്ട്. സംഭാവന വാങ്ങിയും വൻ ഫീസു പിരിച്ചും, ഗവൺമെന്റ് ഉത്തരപ്രകാരം ചെക്കായി നൽകുന്ന മിനിമം ശമ്പളത്തിൽനിന്ന് ഒരു ഭാഗം അദ്ധ്യാപകരിൽനിന്ന് നിർബ്ബന്ധംചെലുത്തി തിരിച്ചുമേടിച്ചും നടത്തിവരുന്ന ഇത്തരം 'കത്തോലിക്കാ'വിദ്യാഭ്യാസസ്ഥാപനങ്ങൾ യാതൊരുവിധ സാമൂഹിക നിയന്ത്രണവുമില്ലാതെ ചൂഷണത്തിൽ തഴച്ചുവളരുകയാണ്. എന്തെങ്കിലും വിയോജിപ്പു പ്രകടിപ്പിച്ചാൽ, ഉള്ള ജോലിയിൽനിന്നും പിരിച്ചുവിട്ടേക്കാമെന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഉന്നതവിദ്യാഭ്യാസയോഗ്യതകളുള്ള എത്രയോ അധ്യാപകരാണ് എല്ലാ അനീതിയും ചൂഷണവും സഹിച്ചും മൗനംപാലിച്ചും ഈ മേഖലയിൽ ഉപജീവനത്തിനായി പാടുപെടുന്നത്!


ഈ അടുത്തയിടെ, കട്ടപ്പനയ്ക്കടുത്ത് സ്വരാജിൽ ഒരു കത്തോലിക്കാവൈദികന്റെ നേതൃത്വത്തിൽ  നടത്തിവരുന്ന ഇത്തരമൊരു സ്‌കൂളിലെ ഏതാനും അദ്ധ്യാപകർ, തിരിച്ചു കൊടുക്കേണ്ട തുകയിൽ അല്പം ഇളവു വരുത്താമോ എന്നഭ്യർത്ഥിച്ചതിന്റെപേരിൽ അവരെ തരംതാഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തത്രേ!

കണ്ണിൽച്ചോരയില്ലാത്ത ഈ നടപടിക്കെതിരെ മറ്റൊരദ്ധ്യാപകൻ പ്രതിഷേധിച്ചതിന് അദ്ദേഹത്തെ ഉൾപ്പെടെ ജോലിയിൽനിന്നും പിരിച്ചുവിട്ടെന്നും അറിയുന്നു. മാത്രമല്ല, ഈ സംഭവത്തിൽ പിരിച്ചുവിടപ്പെട്ട അധ്യാപകർക്കു പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും സംഘടനാപ്രവർത്തകരും ചേർന്ന് ഒരു പ്രതിഷേധസമ്മേളനം നടത്തിയതിന്റെ പേരിൽ, ഗുണ്ടകളെ ഉപയോഗിച്ച് അദ്ധ്യാപകരെ മർദ്ദിച്ചവശരാക്കിയെന്നും റിപ്പോർട്ടുണ്ട് 
വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസമൂഹം നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകളെക്കുറിച്ചുള്ള ഓർമ്മകൾുതുക്കാനും ആ വെളിച്ചത്തിൽ അതിപ്പോൾ എത്തിനിൽക്കുന്ന ലജ്ജാകരമായ അവസ്ഥയെക്കുറിച്ചു പരിചിന്തിക്കാനും കത്തോലിക്കാസഭയുടെപേരിൽ നടക്കുന്ന ഇത്തരം അനിഷ്ടസംഭവങ്ങൾ അവസരങ്ങളാകേണ്ടതുണ്ട് എന്നു കരുതുന്നു.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഇവിടുത്തെ ക്രൈസ്തവസമൂഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്ന് ആരും സമ്മതിക്കും. ഓരോ പള്ളിയോടും ചേർന്ന് പള്ളിക്കൂടം സ്ഥാപിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ ഈ സമൂഹം നടത്തിയ വിദ്യാഭ്യാസപ്രവർത്തനത്തിനു സമാനമായൊരു മാതൃക ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്
.

 പള്ളിക്കെന്നതുപോലെ പള്ളിക്കൂടങ്ങൾക്കും, ആവശ്യമായത്ര സ്ഥലവും അവ പണിയാനാവശ്യമായ തടികളും മറ്റു സാധനസാമഗ്രികളും വിട്ടുകൊടുത്തും പണംപിരിച്ചും കൂട്ടായി അദ്ധ്വാനിച്ചും ഒരു ജനത കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ത്യാഗോജ്വലമായ ഈ വിദ്യാഭ്യാസപ്രവർത്തനമാണ്, കേരളീയരുടെ ഉയർന്ന സാക്ഷരതയ്ക്കും എല്ലാ മേഖലകളിലുമുണ്ടായ അഭിവൃദ്ധിക്കും അടിത്തറതീർത്തത്. ഈ പ്രവർത്തനത്തിന്റെ നേതൃന്നിരയിൽ ക്രൈസ്തവരായിരുന്നെങ്കിലും, ഈ സംരംഭത്തിൽ മറ്റു സമുദായാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വൻ സഹകരണവും പങ്കാളിത്തവുംകൂടി കണക്കിലെടുത്താൽ അത് സാർവ്വത്രികവിദ്യാഭ്യാസത്തിനുവേണ്ടി കേരളം നടത്തിയ ഒരു മതേതരജനകീയമുന്നേറ്റമായിരുന്നു എന്നു വിലയിരുത്താനാകും.
മഹത്തായ ഈ പള്ളിക്കൂടവിപ്ലവത്തിനുപിന്നിൽ നാട്ടിലെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യമല്ലാതെ സാമുദായികമോ സാമ്പത്തികമോ ആയ ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല. ചെറിയ ഫീസു പിരിച്ച് അതിൽനിന്ന് അദ്ധ്യാപകർക്കു തുച്ഛമായ ശമ്പളം നൽകുന്ന രീതിയാണ് തുടക്കത്തിൽ അവലംബിച്ചിരുന്നത്. ഈ സ്‌കൂളുകളുടെ നടത്തിപ്പ് തീർത്തും വികേന്ദ്രീകൃതവും സുതാര്യവുമായിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. ഓരോ പള്ളിക്കൂടവും അതാത് ഇടവകയുടേത്; പള്ളിവികാരി സ്‌കൂൾ മാനേജർ; തിരഞ്ഞെടുക്കപ്പെട്ട കൈക്കാരന്മാരും പള്ളിയോഗാംഗങ്ങളും സ്‌കൂൾ നടത്തിപ്പുകാരും കാര്യാലോചനക്കാരും. മറ്റു സമുദായങ്ങളിലേതുൾപ്പെടെ, തങ്ങൾക്കു നേരിട്ടറിയാവുന്ന സ്വന്തം നാട്ടിലെതന്നെ പഠിപ്പും കഴിവും താല്പര്യവുമുള്ള യുവതീയുവാക്കളെ പള്ളിയോഗം ചേർന്ന് അദ്ധ്യാപകരായി നിയമിക്കുന്നു. ഗവൺമെന്റ് സിലബസ്പ്രകാരമുള്ള വിദ്യാഭ്യാസവും പരീക്ഷകളും....
മറ്റു സമുദായങ്ങളും ഈ മാതൃക പിന്തുടരാൻ തയ്യാറായതോടെ കേരളമാകെ സരസ്വതീദേവിയുടെ വിളയാട്ടഭൂമിയായി. മലയാളിസമൂഹത്തിൽ വായനാശീലമുണർന്നു. അവരിൽ ധിഷണയും സർഗ്ഗാത്മകതയും സടകുടഞ്ഞുയർന്നു. ലൈബ്രറിപ്രസ്ഥാനം ഒരു തരംഗമായി കേരളമാകെ അലയടിച്ചു. കലാ-സാഹിത്യ-സാംസ്‌കാരികരംഗങ്ങളിൽ ഉണർവിന്റെ പുത്തൻ കേളികൊട്ടുയർന്നു. മലയാളത്തിന്റെയും മലയാളിയുടെയും സാംസ്‌കാരികഗാത്രത്തിൽ ഒരു നവചൈതന്യത്തിന്റെ ചോരയോട്ടമുണ്ടായി. കേരളമുഖത്തിന് പുതിയൊരു ഓജസ് കൈവന്നു.


എന്നാൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ ഈ മുഖശോഭ ഏതാനും പതിറ്റാണ്ടുകൾക്കുശേഷം മങ്ങാനാരംഭിച്ചു. സ്‌കൂളുകളുടെ മാനേജർസ്ഥാനം വഹിച്ചിരുന്ന വികാരിയച്ചന്മാരുടെ പ്രമാണിത്തമനോഭാവവും പണക്കൊതിയും, സ്‌കൂളുകളുടെമേൽ തങ്ങൾക്ക് അധികാരം ലഭിക്കണമെന്ന മെത്രാന്മാരുടെ ആഗ്രഹവുമാണ് ഇതിനു കാരണമായത്. ചെക്കു കൊടുത്ത് അതിന്റെ പകുതി തുക അദ്ധ്യാപകരിൽനിന്നു തിരിച്ചുവാങ്ങുന്ന ഇന്നത്തെ സ്വാശ്രയമാനേജ്‌മെന്റിന്റെ മുൻഗാമികളായിരുന്നു, അന്നത്തെ മാനേജരച്ചന്മാരിൽ വളരെപ്പേരും. കൂടുതൽ തുകയ്ക്ക് ഒപ്പിടുവിച്ചിട്ട് കുറഞ്ഞ തുക കൊടുക്കുന്ന രീതിയായിരുന്നു അവരുടേത് എന്നുമാത്രം. ഈ കാലയളവിൽ യോഗ്യതയുള്ള അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും അദ്ധ്യാപകനിയമനത്തിൽ കൂടുതൽ പരിഗണന കൊടുത്തുതുടങ്ങിയിരുന്നു. കഴിയുന്നിടത്തോളം അച്ചന്മാരെത്തന്നെ ഹെഡ്മാസ്റ്റർമാരാക്കുന്ന പ്രവണതയ്ക്കും തുടക്കമിട്ടു.
1957-ൽ അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുതിയൊരു വിദ്യാഭ്യാസബില്ലിനു രൂപംകൊടുത്തതിനുപിന്നിൽ, മറ്റു പലതിന്റെയും കൂട്ടത്തിൽ, ഈ അനാരോഗ്യകരമായ പ്രവണതകൾക്കു കടിഞ്ഞാണിടുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു. അദ്ധ്യാപകർക്ക് ഗവൺമെന്റുതന്നെ ശമ്പളം നൽകുകയെന്ന മുഖ്യ നയംമാറ്റത്തോടൊപ്പം, മാനേജ്‌മെന്റ് കവർന്നെടുത്തിരുന്ന ചില അമിതാധികാരങ്ങൾക്കു പരിധികല്പിച്ചുള്ള വകുപ്പുകളും ബില്ലിലുണ്ടായിരുന്നു. ഇതിൽ പ്രകോപിതമായ കത്തോലിക്കാസഭാധികാരം, ക്രൈസ്തവസ്‌കൂളുകൾ നിരീശ്വരരായ കമ്യൂണിസ്റ്റുകാർ പിടിച്ചടക്കി അവരുടേതാക്കാൻ പോകുന്നു എന്ന ഭീതിവിതച്ച്, കമ്യൂണിസ്റ്റ് ഗവൺമെന്റിൽനിന്നു കേരളത്തെ മോചിപ്പിക്കാനുള്ള ഒരു വിമോചനസമരത്തിന് ക്രൈസ്തവരെ ആഹ്വാനംചെയ്തു. ഈ തക്കംനോക്കി അവർ ചെയ്ത മറ്റൊരു കാര്യം, കത്തോലിക്കാ മാനേജ്‌മെന്റ് സ്‌കൂളുകളെല്ലാംതന്നെ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റുണ്ടാക്കി അതിനു കീഴിലാക്കി എന്നതാണ്. ചടട-ന്റെ സ്ഥാപകനേതാവ് മന്നത്തു പത്മനാഭന്റെകൂടി നേതൃത്വത്തിൽ നടന്ന വിമോചനസമരത്തെത്തുടർന്ന് 1959-ൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ നിലംപൊത്തി. യഥാർത്ഥത്തിൽ, അതിനുശേഷം മാത്രമാണ്, തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരുന്ന പള്ളിക്കൂടങ്ങൾ രൂപതകളുടേതായിത്തീർന്ന കാര്യം ഇടവകക്കാർ അറിഞ്ഞത്. എങ്കിലും, കമ്മ്യൂണിസ്റ്റുകാരിൽനിന്നു തങ്ങളുടെ സ്‌കൂളുകളെ രക്ഷിക്കാനായി മെത്രാന്മാർ സ്വീകരിച്ച ഒരനിവാര്യ നടപടിയായിക്കണ്ട് ആശ്വസിക്കുകയാണ് വിശ്വാസിസമൂഹം ചെയ്തത്.
അങ്ങനെ ഇടവകവകസ്‌കൂളുകൾ രൂപതവകയായതോടെ ക്രൈസ്തവവിദ്യാഭ്യാസമേഖല പൂർണ്ണമായിത്തന്നെ പുരോഹിതഭരണത്തിൻകീഴിലായി. തുടർന്നുവന്ന ഗവൺമെന്റുകൾ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിലുണ്ടായിരുന്നതും മാനേജ്‌മെന്റിന് എതിരായി വരാത്തതുമായ പല കാര്യങ്ങളും നടപ്പാക്കി. അഡ്മിഷനിലും അദ്ധ്യാപകനിയമനത്തിലുമുള്ള മാനേജ്‌മെന്റിന്റെ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ, ഇത്തരം മാനേജമെന്റ് സ്‌കൂളുകളെ ഗവൺമെന്റ് എയ്ഡഡ് സ്‌കൂളുകളാക്കി. അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം അങ്ങനെ ഗവൺമെന്റ് ഏറ്റെടുത്തു. വിദ്യാഭ്യാസം ഗവൺമെന്റുകാര്യവും അരമനക്കാര്യവുമായി. കത്തോലിക്കാസ്‌കൂളുകളെ സംബന്ധിച്ച്, ചുമതലകൾ ഗവൺമെന്റിനും അവകാശങ്ങൾ പുരോഹിതർക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ. ഇടവകക്കാർക്കും പൊതുജനത്തിനും ഒരുത്തരവാദിത്വവും ഇല്ലാതെയായി. ഉത്തരവാദിത്വമില്ലാത്തിടത്ത് അധികാരവും ഉണ്ടാവില്ലല്ലോ.
വാസ്തവത്തിൽ, മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലിന്റെയും വിമോചനസമരത്തിന്റെയും ഗുണഭോക്താക്കളായിത്തീർന്നത്, പ്രധാനമായും കേരളത്തിലെ ക്രൈസ്തവപൗരോഹിത്യമായിരുന്നു. ക്രൈസ്തവസ്‌കൂളുകളെ ക്രൈസ്തവസമൂഹത്തിന്റെ നിയന്ത്രണത്തിൽനിന്നു പൂർണ്ണമായി വിടുവിച്ചുകൊണ്ടാണ് അവരിതു സാധിച്ചെടുത്തത്. തുടർന്ന് യോഗ്യത നേടിയ മുഴുവൻ വൈദികരെയും കന്യാസ്ത്രീകളെയും അദ്ധ്യാപകരായി നിയമിച്ച് വിദ്യാഭ്യാസമേഖലയെ പുരോഹിതീകരിച്ചു. അത്മായരുടെ അദ്ധ്യാപകനിയമനത്തിന്, പ്രത്യേകം വേദപാഠപരീക്ഷ, വേദപാഠ അദ്ധ്യാപനപരിചയം എന്നിങ്ങനെയുള്ള കടമ്പകൾ സൃഷ്ടിക്കപ്പെട്ടു. ചുരുക്കത്തിൽ, പുരോഹിതബന്ധുക്കൾക്കോ ശിങ്കിടികൾക്കോ പണവും സ്വാധീനവുമുള്ളവർക്കോമാത്രം കയറിപ്പറ്റാവുന്ന ഒരു ബാലികേറാമലയായിത്തീർന്നു, അത്മായരെ സംബന്ധിച്ച് അദ്ധ്യാപകവൃത്തി. അങ്ങനെ, ന്യുനപക്ഷാവകാശം എല്ലാ വിധത്തിലും ക്രൈസ്തവസമൂഹത്തിലെ അതിന്യൂനപക്ഷമായ പുരോഹിതവിഭാഗത്തിന്റെ കുത്തകാവകാശമായി മാറി. ക്രൈസ്തവവിദ്യാഭ്യാസസ്ഥാപനങ്ങൾ പൗരോഹിത്യത്തിന്റെ മസ്സിൽപവർ വർദ്ധിപ്പിച്ചു.

ഇതേത്തുടർന്നാണ്, ഈ മസ്സിൽപവറോടുകൂടി ആഗോള തൊഴിൽമാർക്കറ്റ് മുന്നിൽക്കണ്ട ചില സന്ന്യാസാശ്രമങ്ങളും സന്ന്യാസിനീമഠങ്ങളും മലയാളിക്കുട്ടികളെമുഴുവൻ ഇംഗ്ലീഷുകാരാക്കാൻ, കേന്ദ്രാംഗീകാരമുള്ള മറ്റു സിലബസുകൾപ്രകാരമുള്ള സ്വാശ്രയഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ആരംഭിച്ചത്. ഉന്നതവിദ്യാഭ്യാസമുള്ള അനേകർ എയ്ഡഡ് സ്‌കൂളുകളിൽ അവസരം നിഷേധിക്കപ്പെട്ട് പാരലൽ കോളേജുകളും ട്യൂഷൻ സെന്ററുകളും നടത്തി ഉപജീവനം നടത്തിയിരുന്ന അക്കാലത്ത്, അവരിലേറെപ്പേരെയും കുറഞ്ഞ ശമ്പളത്തിൽ അദ്ധ്യാപകരായി നിയമിച്ചായിരുന്നു, വൈദികരും കന്യാസ്ത്രീകളും ഈ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിപ്ലവം അരങ്ങേറിയത്. 'എത്ര പണം മുടക്കിയും ഇംഗ്ലീഷിൽ പഠിച്ചാൽ കേരളത്തിൽനിന്നു പുറത്തുപോയി ജോലിനേടി പണമുണ്ടാക്കാം, അങ്ങനെ രക്ഷപ്പെടാം' എന്ന ചിന്തയ്ക്കു കേരളത്തിൽ നല്ല വേരോട്ടമുണ്ടായി. സമ്പന്നരും ഇടത്തരക്കാരും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലയച്ചു പഠിപ്പിച്ചുതുടങ്ങി. ക്രമേണ, അത്തരം സ്‌കൂളുകളിൽ പഠിപ്പിക്കുകയെന്നത് ഒരുതരം 'സ്റ്റാറ്റസ് സിംബലാ'യി മാറുകയും ഇംഗ്ലീഷ്ഭ്രമം ഒരു സാംക്രമികരോഗംപോലെ എല്ലാവിഭാഗം ജനങ്ങളിലേക്കും പടരുകയും ചെയ്തു. ഇതിന്റെ ഫലമായി, കേരളത്തെ അഭ്യസ്തവിദ്യരാക്കിയ പള്ളിക്കൂടങ്ങൾ കുട്ടികളെ കിട്ടാതെ പ്രതിസന്ധിയിലാകുകയും പല സ്‌കൂളുകളും പൂട്ടേണ്ട സ്ഥിതിയിലെത്തുകയും ചെയ്തിരിക്കുകയാണ്.
 ഈ ഇംഗ്ലീഷ് ഭ്രമത്തിന് മറ്റു സമുദായങ്ങളും വിധേയപ്പെട്ടതോടെ ജനങ്ങളും ഗവൺമെന്റും കഷ്ടപ്പെട്ടുണ്ടാക്കി ഐശ്വര്യത്തോടെ നിലനിർത്തിയ ആയിരക്കണക്കിനു സരസ്വതീക്ഷേത്രങ്ങൾ നിലനില്പിനുവേണ്ടി നിലവിളിക്കുകയാണിന്ന്.
കരളക്രൈസ്തവരുടെ വിദ്യാഭ്യാസപ്രവർത്തനചരിത്രത്തിന്റെ ഹ്രസ്വമായ ഈ രേഖാചിത്രം പരിശോധിച്ചാൽ, അതിൽ പൗരോഹിത്യത്തിന്റെ കടന്നുകയറ്റമുണ്ടായപ്പോൾമുതലാണ്, അല്ലെങ്കിൽ ജനകീയനിയന്ത്രണം കുറഞ്ഞപ്പോൾ മുതലാണ്, അതിന്റെ ഗുണമേന്മാഗ്രാഫ് താഴേക്കു പതിക്കാൻ തുടങ്ങിയത് എന്നു കാണാനാവും.
വിദ്യാഭ്യാസമെന്ന സേവനമേഖലയെ പൗരോഹിത്യം തൻപ്രമാണിത്തംകൊണ്ടും അധികാരവാഞ്ഛകൊണ്ടും ആദ്യം തങ്ങളുടെ അധികാരമേഖലയായും തുടർന്ന് കച്ചവടമേഖലയായും മൂല്യശോഷണം നടത്തി അധഃപതിപ്പിക്കുകയായിരുന്നു. ഈ കച്ചവടപ്രവണതയുടെ പുതിയ മേച്ചിൽപ്പുറമാണ്, അൺ എയ്ഡഡ് മേഖലയിൽ അവർ ഉദ്ഘാടനം ചെയ്ത് ഇപ്പോൾ പബ്ലിക് സ്‌കൂളുകളായി വളർത്തിക്കൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസസ്ഥാപനങ്ങൾ. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ വിഴുങ്ങി ഇല്ലാതാക്കി കൂടുതൽ ലാഭം കൊയ്യുകയെന്ന ലക്ഷ്യത്തിലാണ് അവരിന്ന്. അതിന്, ഈ മേഖലയിൽ കാലുവച്ച മറ്റു സമുദായനേതൃത്വങ്ങളും ഇപ്പോൾ കൂട്ടുണ്ടുതാനും. ഗവൺമെന്റാകട്ടെ, പൊതുവിദ്യാഭ്യാസരംഗത്തെ പടിപടിയായി സ്വകാര്യമേഖലയ്ക്കു തീറെഴുതിക്കൊടുക്കുക എന്ന കോർപ്പറേറ്റുനയം സ്വീകരിച്ചിരിക്കുകയുമാണ്. ജനങ്ങൾഅടിയന്തിരമായി ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ഈ സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ അധികം വൈകാതെ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അന്തകരാകുമെന്നുറപ്പാണ്.

പുരോഹിതരുൾപ്പെടെയുള്ള ക്രൈസ്തവസമൂഹത്തിന്റെ പ്രധാനമുൻകൈയിൽ കേരളം പടുത്തുയർത്തിക്കൊണ്ടുവന്ന പൊതുവിദ്യാഭ്യാസമേഖലയുടെ തകർച്ചയ്ക്ക് ക്രൈസ്തവപൗരോഹിത്യം നേതൃത്വംകൊടുക്കുന്നു എന്നതിൽ വൈരുദ്ധ്യമുണ്ടെന്നു തോന്നാം. എന്നാൽ വൈരുദ്ധ്യം യഥാർത്ഥത്തിലുള്ളത്, സമൂഹത്തിന്റെ താല്പര്യങ്ങളും പൗരോഹിത്യത്തിന്റെ താല്പര്യങ്ങളും തമ്മിലാണ്. അതുകൊണ്ടാണ്, തുടക്കംമുതൽ പുരോഹിതരുടെ ഓരോ ഇടപെടലും വിദ്യാഭ്യാസരംഗത്തെ അധഃപതിപ്പിക്കുകമാത്രം ചെയ്തതായി നമുക്കു കാണാൻ കഴിയുന്നത്.
യേശുശിഷ്യത്വം അവകാശപ്പെടുന്ന പൗരോഹിത്യത്തിന്റെ മനുഷ്യത്വഹീനതയാണ് മറ്റൊരു വൈരുദ്ധ്യം. അത് ഏറ്റവുമധികം പ്രകടമാകുന്നത് എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരോടുള്ള ഇവരുടെ സമീപനത്തിലാണ്. അതിന്റെ ഒരു സമീപകാല ഉദാഹരണംമാത്രമാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. ഉന്നതവിദ്യാഭ്യാസയോഗ്യതകളുള്ള ഈ അദ്ധ്യാപകസമൂഹത്തിൽ 60 ശതമാനത്തിനും കൈയിൽ കിട്ടുന്ന ശരാശരി ശമ്പളം കേവലം 6000/- രൂപയ്ക്കു താഴെയാണെന്ന് 'കേരളാ അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ' (KUSTO) പ്രസ്താവിക്കുന്നു; 30% പേർക്ക് 10000-ത്തോളം രൂപയും. നിയമത്തെ മറികടക്കാൻ, ഗവൺമെന്റ് നിശ്ചയിച്ചുകൊടുത്തിട്ടുള്ള മിനിമം ശമ്പളത്തുകയ്ക്കുള്ള ചെക്കു കൊടുക്കുന്നു; എന്നിട്ട് അതിന്റെ പകുതിവരെ തുക അവരിൽനിന്നു നിർബന്ധമായി തിരിച്ചു പിടിക്കുകയോ, അവരിൽനിന്നു വാങ്ങിവച്ചിരിക്കുന്ന ബ്ലാങ്ക് ചെക്കുകളുപയോഗിച്ച് പിൻവലിക്കുകയോ ചെയ്യുന്നു! ഇതിനെതിരെ ശബ്ദിച്ചാൽ തരംതാഴ്ത്തുകയോ പിരിച്ചുവിടുകയോ ചെയ്യുന്നു! 


നിയമനരേഖകളൊന്നും നൽകുന്ന രീതിയില്ലാത്തതിനാൽ എത്ര വർഷം സർവ്വീസുള്ളവരെയും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാമെന്ന സ്ഥിതിയാണ് ഈ മേഖലയിലെ അദ്ധ്യാപകരും അനദ്ധ്യാപകരും നേരിടുന്നത്.
ക്രിസ്തുവിന്റെ വികാരിമാരും മണവാട്ടികളുമായ പുരോഹിതരും കന്യാസ്ത്രീകളും എത്ര നീചവും മനുഷ്യത്വഹീനവുമായാണ്, അവരെക്കാളൊക്കെ വിദ്യാഭ്യാസയോഗ്യതകളുള്ള അധ്യാപകരെ ചൂഷണംചെയ്യുന്നത് എന്നോർത്തുനോക്കുക. 2013-14 അക്കാദമിക വർഷത്തിൽത്തന്നെ 700-ഓളം അദ്ധ്യാപകരെ മാനേജ്‌മെന്റുകൾ ഇപ്രകാരം പിരിച്ചുവിട്ടുവത്രെ! ഇങ്ങനെ പിരിച്ചുവിട്ടതിനെതിരെ അദ്ധ്യാപകർ ഹൈക്കോടതിയിൽനിന്നു സ്റ്റേ ഉത്തരവു സമ്പാദിച്ചു വന്ന ഒരവസരത്തിൽ ആ ഉത്തരവുവാങ്ങി ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്ന് 'KUSTO.' ആരോപിക്കുന്നു. സർവ്വീസുള്ള അദ്ധ്യാപകരെ പിരിച്ചുവിട്ട്, പുതിയ അദ്ധ്യാപകരെ കോഴവാങ്ങി നിയമിക്കുന്ന സമ്പ്രദായവും ഈ മേഖലയിൽ തുടങ്ങിക്കഴിഞ്ഞു. വിദ്യാർത്ഥികളിൽനിന്നുള്ള നിർബ്ബന്ധിതസംഭാവനകളും പല പേരുകളിലുള്ള ഫീസുകളും വൻതോതിൽ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണിവർ.
'ക്രൈസ്തവ'ലേബലിൽ നടമാടുന്ന ഈ കൊടിയ ചൂഷണത്തെയും മനുഷ്യത്വഹീനതയെയും എങ്ങനെ ചെറുക്കാനാകുമെന്ന് ക്രൈസ്തവസമുദായം ഉണർന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മഹത്തായ ഒരു വിപ്ലവത്തിനു തിരികൊളുത്തിയ ഈ സമൂഹം ഒത്തുപിടിച്ചാൽ വിദ്യാഭ്യാസത്തിന്റെപേരിൽ തങ്ങളുടെ സമുദായത്തിൽ നടക്കുന്ന ഈ നൃശംസതയെ തളയ്ക്കാൻ കഴിയാതെ വരുമോ?

- എഡിറ്റർ


2 comments:

  1. പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ക്കു അറിയാവുന്നതിനാല്‍ ഇവരോട് പൊറുക്കരുതേ

    ReplyDelete
  2. പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ക്കു അറിയാവുന്നതിനാല്‍ ഇവരോട് പൊറുക്കരുതേ

    ReplyDelete