Translate

Wednesday, February 3, 2016

നീതിന്യായരംഗം ശുദ്ധീകരിക്കാനുള്ള ഒരു പദ്ധതി


അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍  M.A., B.L.,Ph.D.
 
'ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടന്ന കയ്യേറ്റവും കേരള ഹൈക്കോടതിയിലെ വന്‍ തട്ടിപ്പും' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍

പുസ്തകം വേണ്ടവര്‍ വിളിക്കുക: 919487128784

1.      ഇന്നത്തെ സന്തോഷകരവും സന്താപകരവുമായ എന്റെ ചുമതല നീതിന്യായ രംഗം ശുദ്ധീകരിക്കാനുള്ള പദ്ധതി നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.  ചരിത്രം പഠിച്ചവര്‍ക്ക് നിയതിയുടെ നിയോഗങ്ങളെപ്പറ്റി പല ഉദാഹരണങ്ങളും സാക്ഷ്യങ്ങളായോ അനുഭവങ്ങളായോ ഓര്‍ക്കാനും പറയാനും ഉണ്ടാകും.  ഉദാഹരണമായി സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ നൂറു വര്‍ഷം മുമ്പ് സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു സംഭവം പറയട്ടെ.  മത സമ്മേളനം സംബന്ധിച്ച് അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന മേല്‍വിലാസവും മുഖ്യമായ പലവിവരങ്ങളും നഷ്ടപ്പെട്ടു പോയത് അദ്ദേഹം അറിഞ്ഞില്ല  അറിഞ്ഞപ്പോള്‍ ദുഃഖിതനായി റോഡിന്റെ അരികില്‍ ഒരു മരച്ചുവട്ടില്‍ രാത്രി കഴിച്ചുകൂട്ടി.  നേരം വെളുത്തപ്പോള്‍ അദ്ദേഹം അടുത്തുണ്ടായിരുന്ന വീട്ടില്‍ കയറിചെന്നു.  ഭാഗ്യാതിരേകം കൊണ്ട് ആ വീട്ടിലെ ഗൃഹനായികയും സര്‍വ്വമത സമ്മേളനത്തിന് ഒരു ക്ഷണിതാവായിരുന്നു. ആ സ്ത്രീ വിവേകാനന്ദന്റെ എല്ലാ പ്രശ്‌നവും പരിഹരിച്ചു. 


കെ.സി. ആര്‍.എം. എന്ന ഈ ചെറിയ സംഘടന പാലായില്‍ പിറവി എടുത്തതില്‍ അത്ഭുതമില്ല.  കാരണം പാലാ പിറവിയുടെ ഒരു നികേതനം ആണ്.  അങ്ങനെയാണ് തൊട്ടടുത്ത് പിറവിസ്ഥാനം (പ്രവിത്താനം) ഉണ്ടായത്. 1924 മുതല്‍ കുടിയേറ്റംകൊണ്ട് അറുവന്‍കാട് ആയിരുന്ന മലബാറിനെ തിരുവിതാംകൂര്‍ ആക്കിയത് പാലാക്കാരാണ്.  മലബാര്‍ കുടിയേറ്റം കേരള ചരിത്രത്തിലും ഇന്ത്യാ ചരിത്രത്തിലും ഒരു വിപ്ലവം സൃഷ്ടിച്ചു.

2015 ഡിസംബറില്‍ ഈ പുസ്തകം പാലായില്‍ പ്രകാശനം ചെയ്യുമ്പോള്‍ ഞാന്‍ സ്വപ്നം കാണാത്ത ഒരത്ഭുതം 2016 ജനുവരി 16-ാം തീയതി  കേരളാ ഹൈക്കോടതിയിലെ ഓഡിറ്റോറിയത്തില്‍ നടന്നു. സുപ്രീം കോടതിയിലെ സീനിയര്‍ വക്കീലായ  ശ്രീ. കെ.കെ. വേണുഗോപാലിന്റെ പിതാവ് ബാരിസ്റ്റര്‍ എം.കെ.നമ്പ്യാര്‍ ഒരു മഹാ പ്രതിഭയായിരുന്നു. വക്കീലന്മാരെ പരിശീലിപ്പിക്കാന്‍ ബാരിസ്റ്റര്‍ നമ്പ്യാരുടെ പേരില്‍ എറണാകുളത്ത് ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂര്‍ ഒരു അക്കാദമി ഉദ്ഘാടനം ചെയ്തു.  രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുടരെ പരിപാടി ഉണ്ടായിരുന്നു.  ഡോ. എന്‍.ആര്‍.മാധവമേനോന്‍ ആയിരുന്നു അവിടെ വന്നതില്‍ ഏറ്റവും വലിയ ഹീറോ.  പക്ഷേ, ചീഫ് ജസ്റ്റീസിനേയും മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അതിശയിക്കുന്ന രീതിയിലാണ് പത്മഭൂഷന്‍ കെ.കെ. വേണുഗോപാല്‍ പെരുമാറിയതും പ്രസംഗിച്ചതും. 

ബാരിസ്റ്റര്‍ നമ്പ്യാരുടെ ഫോട്ടോ നമ്മുടെ പുസ്തകത്തിന്റെ പുറംചട്ടയില്‍ കൊടുത്തിട്ടുണ്ട്.  ഫോട്ടോ കൊടുക്കുമ്പോള്‍ ഇങ്ങനെ ഒരു അക്കാദമി ആരംഭിക്കുന്ന കാര്യം എനിക്ക് അജ്ഞാതമായിരുന്നു.  ആ ഫോട്ടോയുടെ ബലത്തില്‍ പുസ്തകത്തിന്റെ കോപ്പി  കെ.കെ. വേണുഗോപാലിനും, ഡോ. മാധവമേനോനും ഇന്ത്യയുടെ ലോ മിനിസ്റ്റര്‍ സദാനന്ദ ഗൗഡയ്ക്കും, പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും മുകളില്‍പ്പറഞ്ഞ പരിപാടിക്കിടയില്‍ ജനുവരി 16-ാം തീയതി കൊടുക്കാന്‍ എനിക്ക് സാധിച്ചു.   ഈ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നവര്‍ക്ക് അത് പ്രചോദകമായിരിക്കും.  പുസ്തകത്തിന്റെ 50-ാം പേജ് കെ.സി.ആര്‍.എം. കാര്‍ പ്രത്യേകം വായിക്കണം.


2. ഇന്നത്തെ നമ്മുടെ ചര്‍ച്ചാവിഷയം നീതിന്യായരംഗം എന്ന ഈജിയന്‍ തൊഴുത്ത് കഴുകി ശുദ്ധീകരിക്കാനുള്ള വഴികള്‍ പറയുകയും ഒരല്‍പ്പം സ്വന്തമായി ശുദ്ധീകരിക്കുകയുമാണ്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ നീതിന്യായ രംഗത്തിലെ അനീതി വിളയാട്ടത്തെപ്പറ്റി ചിന്തിക്കുകയും എഴുതുകയും പോരാടുകയും ചെയ്യുന്നു.  ആ പോരാട്ടത്തിലെ നാഴികക്കല്ലുകളില്‍ അഞ്ചു വലിയ സ്വകാര്യന്യായങ്ങള്‍ ഉള്‍പ്പെടുന്നു.  കൂടാതെ ഒരു റിട്ട് പെറ്റീഷനും വരുന്നു.  
അതില്‍ 1) തീക്കോയിക്കാരനായ ഒരു വ്യാജവക്കീലിനെതിരായിട്ടായിരുന്നു.   2)  ലോ കോളേജില്‍ പഠിക്കാതെ വക്കീലായി വിലസിയ ഊട്ടിയിലെ ഒരു ധനാഢ്യനെതിരായിട്ടായിരുന്നു.  3) പോലീസ് അധികാരം ഉപയോഗിച്ച് പലരേയും കൊന്ന ഒരു ഡി.വൈ.എസ്.പിക്കെതിരായിരുന്നു 302 ഐ പി സി പ്രകാരം  വേറൊരു സ്വകാര്യ ന്യായം.  4) തന്റെ എസ്റ്റേറ്റിലെ ഒരു ജോലിക്കാരന്റെ തല റൂള്‍ തടികൊണ്ട് അടിച്ചു പൊട്ടിച്ച ഒരു പാര്‍ലിമെന്റ് അംഗം കെ.പി.പളനിസ്വാമിക്കെതിരായിരുന്നു മറ്റൊരു പ്രൈവറ്റ് കംപ്ലേന്റ്.  ഇവയില്‍ എല്ലാം പീഡിപ്പിക്കപ്പെട്ട എന്റെ കക്ഷിക്ക് നീതി കിട്ടി.  5) ഈ പരമ്പരയിലെ ഒടുവിലത്തെ കേസ്സാണ് ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കു വേണ്ടി ഒരു ബിഷപ്പിനും മൂന്ന് അച്ചന്‍മാര്‍ക്കും അഞ്ചു കേഡികള്‍ക്കും എതിരായി അഡ്വ. വി.ജെ.ജോസും, അഡ്വ. കെന്നഡി.എം.ജോര്‍ജ്ജും ഞാനും വേറെ രണ്ടു വക്കീലന്‍മാരും കൂടി തോപ്പംപടി കോടതിയില്‍  1.1.2010 ല്‍ കൊടുത്ത പ്രൈവറ്റ് കംപ്ലേന്റ്.  ആ സ്വകാര്യ  അന്യായത്തില്‍ സംഭവിച്ച ഹൈക്കോടതിയിലെ തിരിമറികളെപ്പറ്റി എഴുതാന്‍ എനിക്ക് ഇടവന്നു.  കൂടാതെ അന്നത്തെ കേരളാ ചീഫ് ജസ്റ്റീസ് ശ്രീ. ശലമേശ്വര്‍ ഒരു കേരളീയന്‍ ആയിരുന്നില്ല.  അദ്ദേഹം നീതിക്കുവേണ്ടി പോരാടിയ പ്രസിദ്ധനായ ആന്ധ്രാപ്രദേശിലെ ഒരു വക്കീലിന്റെ മകന്‍ ആയിരുന്നു.  ചീഫ് ജസ്റ്റീസിന് ഞാന്‍ ഒരാവലാതി എഴുതി രജിസ്റ്റര്‍ ചെയ്ത് അയച്ചു കൊടുത്തു.  അതിന്റെ കോപ്പിയും എടുത്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ട് കേരളാ ഹൈക്കോടതിയിലെ തട്ടിപ്പിന്റെ വിവരണം നല്‍കി.  കൂടുതല്‍ വിവരം വേണ്ടവര്‍ ഈ പുസ്തകത്തിലെ 120 പേജും തുടര്‍ച്ചയായി വായിക്കുക.  നിയമത്തിലെ സ്വകാര്യ അന്യായ ശാഖയെ നിങ്ങള്‍ പരിവര്‍ത്തനത്തിന് പ്രയോഗിക്കുക.

3. പ്രവാചകദൗത്യമുള്ള പത്രാധിപര്‍ ജോര്‍ജ്ജ് മുലേച്ചാലില്‍ ഒരു വലിയ കാര്യം ചെയ്തു.  ഞാന്‍ ഞാറയ്ക്കല്‍ കേസ്സില്‍ എനിക്കു കിട്ടിയ വക്കീല്‍ നോട്ടീസിന് കൂറുമാറിയ സിസ്റ്റര്‍ക്ക് മറുപടി അയച്ചിരുന്നുഇംഗ്ലീഷിലുള്ള ആ മറുപടി പത്രാധിപര്‍ ശ്രീ. മൂലേച്ചാലില്‍ മലയാളത്തില്‍ ആക്കി 'സത്യജ്വാല'യില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചു.  അതിന്റെ അനന്തഫലമാണ് ഇപ്പോള്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന പുസ്തകരൂപത്തിലുള്ള ''ഞാറയ്ക്കല്‍ കന്യാസ്ത്രീകള്‍ക്കെതിരെനടന്ന കൈയ്യേറ്റവും കേരളാ ഹൈക്കോടതിയിലെ വന്‍തട്ടിപ്പും'' എന്ന ഈ പുസ്തകത്തിന്റെ പിറവി.  പുസ്തകത്തിന്റെ പുറംചട്ടകളില്‍ കൊടുത്ത കേരളാ ഹൈക്കോടതിയുടെ പടവും ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരുടേയും, ജസ്റ്റീസ് താര്‍ക്കുണ്‌ഡേയുടേയും ഫോട്ടോകളും  ''നീയതി നിയോഗത്തിനാല്‍ മുദ്രിതങ്ങള്‍'' എന്നേ പറയാനുള്ളു.  ബാരിസ്റ്റര്‍ നമ്പ്യാരുടെ ഫോട്ടോ കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ ലോകപ്രസിദ്ധ വക്കീല്‍ കെ.കെ. വേണുഗോപാലിന്റെ കൈയ്യില്‍ ഈ പുസ്തകം നേരിട്ടു കൊടുക്കുവാന്‍ എനിക്കു കഴിയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും ചിന്തിച്ചിരുന്നില്ല.  അതു മാത്രമല്ല ശ്രീ. വേണുഗോപാലിന് ഈ പുസ്തകത്തിന്റെ കോപ്പി കൊടുക്കുമ്പോള്‍ തന്നെ ഇന്ത്യയുടെ നിയമമന്ത്രി സാദാനന്ദ ഗൗഡയ്ക്കും മഹാഗുരു ഡോ. എന്‍.ആര്‍.മാധവമേനോനും, പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും ഈ പുസ്തകത്തില്‍ അവരെപ്പറ്റി എഴുതിയിട്ടുള്ള കാര്യങ്ങള്‍ തൊട്ടു കാണിച്ചുകൊണ്ട് കൊടുക്കാനും കഴിഞ്ഞത് ഒരദൃശ്യ കരത്തിന്റെ ചടുലമായ ചലനംമൂലം ആണെന്ന് ഞാന്‍ കരുതുന്നു.  കാരണം വക്കീലന്മാര്‍ക്ക് ട്രെയിനിങ്ങ് കൊടുക്കുന്ന ഒരു സ്ഥാപനത്തെപ്പറ്റി 1970 ല്‍ മദ്രാസ് ലോ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ പറയുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.  അതിനുവേണ്ടി വയനാട്ടില്‍ ഒരു സ്ഥലവും വാങ്ങി.  സ്ഥലത്തിന്റെ ഉടമ വീട് ഒഴിഞ്ഞുതരാന്‍ രണ്ടു മാസത്തെ അവധി ചോദിച്ചു.  അതു കൊടുത്തു.  പിന്നെ ഒഴിഞ്ഞുതന്നില്ല.  22 കൊല്ലം കേസ്സു നടത്തി കേരളാ ഹൈക്കോടതി ഒഴിഞ്ഞു കൊടുക്കുവാന്‍ വിധിച്ചു.  സ്ഥലം ഇന്നുവരെ കൈയില്‍ കിട്ടിയിട്ടില്ല. 

4. നീതിന്യായ തുറയില്‍ ഇ.എം.എസ്സിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ നിയമമന്ത്രി ആയിരുന്ന കൃഷണയ്യര്‍ ചില മാറ്റങ്ങള്‍ കേരളത്തില്‍ വരുത്തി.  അതില്‍പിന്നെ അധികാരത്തില്‍ വന്ന മന്ത്രിസഭകള്‍ ഒന്നും നീതിന്യായ തുറയില്‍ നാശം വിതച്ചതല്ലാതെ നന്മ ഒന്നും ചെയ്തില്ല.  കാരണം സത്യത്തെ മുറുകെ പിടിക്കുന്നവര്‍ക്കു മാത്രമേ സ്ഥായിയായി എന്തെങ്കിലും ഈ ലോകത്തില്‍ ചെയ്യാന്‍ കഴിയുകയുള്ളു.  അങ്ങനെ സത്യത്തെ മുറുകെ പിടിക്കുന്ന ചുരുക്കം ചില വക്കീലന്‍മാരെ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു.  അങ്ങനെയുള്ള രണ്ടു പേരാണ് ജസ്റ്റീസ് താര്‍കുണ്ഡയും, ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരും.  അവരോട് ഗാഢമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് എന്റെ ഒരു ഭാഗ്യമാണ്അതുകൊണ്ടാണ് ശ്രീമാന്‍മാര്‍ താര്‍കുണ്ഡയുടേയും, എം.കെ. നമ്പ്യാരുടേയും ഫോട്ടോ ''കന്യാസ്ത്രീ പുസ്തകത്തിന്റെ'' പുറംതാളില്‍ കൊടുത്തത്.  ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരുടെ പേരില്‍ വക്കീലന്മാര്‍ക്ക് ട്രെയിനിംങ്ങ് കൊടുക്കുന്ന ഒരു സ്ഥാപനം ഇന്ത്യയുടെ  ചീഫ് ജസ്റ്റീസ് ബഹു. ടി.എസ്സ്. താക്കൂര്‍ 2016 ജനുവരി 16-ാം തീയതി എറണാകുളത്ത് വന്ന് ഉദ്ഘാടനം ചെയ്തു.  ഈ ''കന്യാസത്രീ പുസ്തകം'' 2014 മുതല്‍ എഴുതി 2015 ഡിസംബറില്‍ ക്രിസ്സ്മസ്സ് സമയത്ത് പ്രസിദ്ധീകരിച്ചപ്പോള്‍ എം.കെ.നമ്പ്യാര്‍ അക്കാദമി വരാന്‍ പോകുന്നു എന്ന് ഞാന്‍ അറിയുകയോ, കേള്‍ക്കുകയോ ഊഹിക്കുകയോ ചെയ്തിരുന്നില്ല.  അതുകൊണ്ടാണ് എം.കെ.നമ്പ്യാര്‍ അക്കാദമിയുടെ ഉദ്ഘാടനം എന്ന ചടങ്ങിലെ ജനുവരി 16-ാം തീതിയിലെ എന്റെ അനുഭവത്തെ അമേരിക്കയില്‍ റോഡരികിലുള്ള മരത്തിന്റെ ചുവട്ടില്‍ നിന്ന് ഉറക്കമുണര്‍ന്ന് അടുത്ത വീട്ടില്‍ കയറി മദാമ്മയെ കണ്ട് രക്ഷപ്പെട്ട വിവേകാനന്ദന്റെ അനുഭവത്തോട് ഞാന്‍ താരതമ്യപ്പെടുത്തുന്നത്.  

5. സുഹൃത്തുക്കളേഇന്നത്തെ നമ്മുടെ വിഷയം ''ഇന്ത്യയിലെ നീതിന്യായ രംഗത്തിന്റെ ശുദ്ധീകരണ പദ്ധതി' ആണല്ലോ. പുസ്തകത്തിന്റെ ഒന്നാമത്തെ പേജില്‍ തലക്കെട്ടിനടിയില്‍ ചെറിയ അക്ഷരത്തില്‍ എഴുതിയത് ഞാന്‍ വീണ്ടും താഴെ ഉദ്ധരിക്കുന്നു.  ''സര്‍വ്വവ്യാപിയായ സ്ത്രീ വിരുദ്ധതയില്‍'' ''ജഡ്ജിമാര്‍ക്കുള്ള പങ്കാളിത്വവും കേരളാ ജുഡീഷ്യറിയുടെ പുനരുദ്ധാനത്തിനുള്ള നിര്‍ദ്ദേശങ്ങളും'' എന്നാണ് അത്.  ഈ വാചകത്തിന്റെ രത്‌നച്ചുരുക്കം മനുഷ്യനായി ജനിച്ച എല്ലാവര്‍ക്കും കഴിയുന്നത്ര സമത്വമുണ്ടാക്കാന്‍ ഓരോരുത്തരും ശ്രമിക്കണമെന്നാണ്.  അതായത് 66 കൊല്ലം മുമ്പ്
ഭരണഘടന എഴുതി ഉണ്ടാക്കിയ ത്യാഗികളും ബുദ്ധിമാന്മാരുമായ ഇന്ത്യയിലെ വിവിധ ചിന്താഗതിക്കാരായ നേതാക്കന്മാരുടെ ഒരു ഗ്രൂപ്പായിരുന്നു.  കോണ്‍ഗ്രസ്സുകാരായ നെഹ്‌റുവും രാജേന്ദ്രപ്രസാദും മറ്റും ഭരണഘടന രൂപീകരണ സമിതിയില്‍ ഉണ്ടായിരുന്നു.  ഹിന്ദുമഹാസഭയുടെ വക്താവായ ശ്യാമപ്രസാദ് മുഖര്‍ജിയും ഇന്ത്യയുടെ സ്പീക്കര്‍ ആയിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ പിതാവും തീവ്ര ഹിന്ദു പക്ഷക്കാരായിരുന്നു.  അവരും ഭരണഘടനാ സമിതിയില്‍ സജീവ അംഗങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്റിനെ അലങ്കരിച്ചു.  പിന്നോക്ക സംഘടനയായ എസ്സ്.സി.എസ്സ്.ടിയുടെ നേതാവ് ഡോ. അംബേദ്ക്കര്‍ ഭരണഘടനാ സമിതിയിലെ നടുനായകമണിയായിരുന്നു.  മുസ്ലീം സമുദായത്തെ പ്രതി  നിധീകരിച്ച് കോണ്‍ഗ്രസ്സുകാരനായ അബ്ദുള്‍ കലാം ആസ്സാദ് ഭരണഘടന രൂപീകരണസമിതിയില്‍ പാര്‍ലമെന്റില്‍ ശോഭിച്ചു.  ക്രൈസ്തവരെ പ്രതിനിധീകരിച്ച് ഫാ. ജെറോം ഡിസ്സൂസ്സയും  ഭരണഘടന രൂപീകരണ സമിതിയില്‍ അംഗമായിരുന്നു.  ക്രൈസ്തവരായ വേറെ നേതാക്കളും മേല്‍പ്പറഞ്ഞ സമിതിയില്‍ അംഗങ്ങളായിരുന്നു.  സരോജിനി നായിഡുപോലെ തലയെടുപ്പുള്ള സ്ത്രീകള്‍ ഭരണഘടനാ സമിതിയില്‍ കുറവായിരുന്നു.  എന്നിട്ടും ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് സമത്വം ഉറപ്പാക്കിക്കൊണ്ട് മൗലികാവകാശങ്ങള്‍ അണിനിരത്തി.  പക്ഷേ
, ഭരണഘടന സ്ത്രീകളുടെ കാര്യത്തില്‍ ഉറപ്പു നല്‍കുന്ന അവകാശത്തെപ്പറ്റി സുപ്രീം കോടതിയിലെ നല്ല ജഡ്ജിമാര്‍ സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ അതിനെതിരെ ജല്പനം നടത്തുന്ന ലില്ലി പുട്ടന്‍മാന്മാരാണ്, ഇന്ന് നമ്മുടെ നിയമസഭയിലും, പാര്‍ലമെന്റിലും, സമൂഹത്തിലും, ഭൂരിപക്ഷം .  ഭരണഘടനാ പിതാക്കള്‍ കടന്നുപോയശേഷം ഇന്ത്യയുടെ അധികാരം കൈയ്യാളിയത് നെഹ്‌റുവാണ്.  അദ്ദേഹം എപ്പോഴും തിരക്കിലായതുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല.  1966 മുതല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വനിതകള്‍ക്കുവേണ്ടി എന്തു ചെയ്തു അല്ലെങ്കില്‍ ചെയ്തില്ല എന്ന് പണ്ഡിതന്മാരായ രാമകൃഷ്ണ ഹെഗ്‌ഡേയും, ടി.ജെ.എസ്സ്. ജോര്‍ജ്ജും എഴുതിയിട്ടുള്ളത് നിങ്ങള്‍ വായിക്കുക.  ചുരുക്കത്തില്‍ ഇന്ദിരാഗാന്ധി സ്ത്രീകളെ തഴഞ്ഞു.

6. ഇങ്ങനെയൊക്കെ ആയിട്ടും ഇന്ത്യന്‍ ജനാധിപത്യം കൈവിട്ടു പോകാതിരിക്കാന്‍ കാരണം കേരളത്തിലെ ജനനേതാക്കളായ ഇ.എം.എസ്സ്, ജസ്റ്റീസ് കൃഷ്ണയ്യര്‍, സാഹിത്യകാരന്‍ ജോസഫ് മുണ്ടശ്ശേരി കുറേയെങ്കിലും വക്കീലായി പ്രാക്റ്റീസ് ചെയ്തിട്ടുള്ള അച്യുതമേനോന്‍ തുടങ്ങിയ നേതാക്കന്മാരുടെ കഴിവാണ്.  അവരെല്ലാം ചേര്‍ന്നാണ് വേറിട്ട ഒരു സ്വരം കേള്‍പ്പിക്കാന്‍ എ.കെ.ജി.യെ പാര്‍ലിമെന്റിലേക്ക് പ്രതിപക്ഷ നേതാവായി നിയോഗിച്ചത്.  മലയാളികളുടെ അഭിമാനപാത്രമായ എ.കെ.ജി വളരെക്കാലം പാര്‍ലിമെന്റില്‍ സാധാരണക്കാരുടെ കാര്യം വാദിച്ച് പ്രതിപക്ഷ നേതാവായി ശോഭിച്ചു. പക്ഷേ, ഭരണഘടനയില്‍ ഉറപ്പു നല്‍കുന്ന ''സ്ത്രീസമത്വത്തിന്റെ മുത്ത്''് ചികഞ്ഞെടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല.

7. 1957 കേരളം ലോക ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിയ കാര്യം ഈ പുസ്തകത്തിന്റെ 31-ാം പേജില്‍  പറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ 59 കൊല്ലത്തിനുശേഷം അല്ലെങ്കില്‍ 60 കൊല്ലത്തിനുശേഷം കേരളം വീണ്ടും ഇന്ത്യാ ചരിത്രത്തിലും ലോക ചരിത്രത്തിലും സ്ഥാനം പിടിക്കണം.  നല്ലവരും കഴിവുള്ളവരുമായ കുറേ മലയാളികള്‍ ഒത്തുചേര്‍ന്നാല്‍ നിയമത്തിന്റെ മേഖലയില്‍ വീണ്ടും വിപ്ലവം നടത്താന്‍ കഴിയും.  1957 ല്‍ രാഷ്ട്രീയ കാര്യത്തില്‍ നാം ചെയ്തതുപോലെ 2017 ല്‍ നിയമമേഖലയില്‍ ലോകത്തെ വീണ്ടും ഞെട്ടിക്കണം.  പുതിയ തലത്തിലുള്ള നിയമസംവിധാനം കൊണ്ട് ലോകത്തിനു മുന്‍പന്തിയില്‍ കേരളത്തെ എത്തിക്കണം.  അതിന് മലയാളി എന്ന കോമണ്‍ ഡിനോമിനേറ്റര്‍ അല്ലാതെ ജാതിയോ മതമോ വലിപ്പമോ ചെറുപ്പമോ ഒന്നും നോക്കാതെ മുന്നോട്ടു നീങ്ങണം. അങ്ങനെ ഒരു ലക്ഷ്യം വെച്ചുകൊണ്ടാണ് അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പുസ്തകത്തില്‍ ഞാന്‍ കൊടുത്തിട്ടുള്ളത്.  ഈ പുസ്തകത്തിന് അവതാരിക എഴുതിയ ഫാ.ജോണ്‍ കവലക്കാട്ടില്‍ അടിയില്‍ വരയിട്ടുകൊണ്ട് അങ്ങനെ ഒരു സംരംഭത്തെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്.  ഡോ. എന്‍. ആര്‍. മാധവമേനോന്റെ കാര്യം അവതാരികയുടെ അവസാനം എടുത്തു പറയുന്നുണ്ട്. 

8. 2016 മെയ് മാസത്തില്‍ കേരളാ അസംബ്ലിയിലേക്കു വരുന്ന മുഖ്യമന്ത്രി മുന്‍കൈ എടുത്ത് രണ്ടു നിയമങ്ങള്‍ പാസാക്കേണ്ടതിന്റെ ആവശ്യകത പുസ്തകത്തിന്റെ 31-ാം പേജില്‍ പറഞ്ഞിട്ടുണ്ട്.  അതുപേലെ അവതാരികക്കാരന്‍ പറഞ്ഞിട്ടുള്ള ഏജന്‍സി ആയി കെ.സി.ആര്‍.എം. മുന്നോട്ടു വരണം.

9. നമ്മുടെ നീതിന്യായ സംവിധാനം ഉടച്ചുവാര്‍ക്കാതെ കേരളത്തിനും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും രക്ഷയില്ല.  ഇന്ത്യ ഒട്ടാകെ ഒറ്റ ദിവസം കൊണ്ട് പരിഷ്‌ക്കരിച്ച് ''നിയമത്തിന്റെ ഭരണം''  (ഞഡഘഋ ഛഎ ഘഅണ) കൊണ്ടുവരാന്‍ സാദ്ധ്യമല്ല.  1957 ല്‍ രാഷ്ട്രീയത്തില്‍ കൈവരിച്ചതുപോലെ കേരളം അത്ഭുതം സൃഷ്ടിക്കണം.  ജനാധിപത്യ രാഷ്ട്രീയത്തില്‍ ആയിരം പുതിയ പൂക്കള്‍ വിടരണമെങ്കില്‍ പാണ്ഡിത്യവും സ്വഭാവദാര്‍ഢ്യവുമുള്ള ന്യായധിപ സമൂഹം നീതിപീഠം അലങ്കരിക്കണം.  മേല്‍പ്പറഞ്ഞ രണ്ടു ഗുണങ്ങളും ഉള്ള വക്കീലന്‍മാരും അനിവാര്യമാണ്.  ഇപ്പോള്‍ കേരളത്തില്‍ നിയമഭരണം ഇല്ല .  അതിന്റെ കാരണം പുസ്തകത്തി്‌ന്റെ 32-ാം പേജില്‍ പറഞ്ഞിട്ടുണ്ട്.  1957 ല്‍ നാല് കേരളീയര്‍ ചേര്‍ന്ന് കേരളത്തെ 50 വര്‍ഷം മുന്നോട്ടു കൊണ്ടുപോയി.  1967 ന് ശേഷം മൂന്ന് കേരളീയര്‍ ചേര്‍ന്ന് കേരളത്തെ 50 വര്‍ഷം പിന്നോട്ടു കൊണ്ടുപോയി.  ഇപ്പോള്‍ സ്ഥാപിതമായിട്ടുള്ള എം.കെ.നമ്പ്യാര്‍ അക്കാദമി ഇക്കാര്യത്തില്‍ വലിയ സംഭാവന ചെയ്യും.  അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ ശ്രീ. അച്യുതാനന്ദന്‍ പ്രസംഗിച്ചു.  സുപ്രീംകോടതിയിലെ ഒരു വക്കീല്‍ ഫീസായി 60 ലക്ഷം രൂപാ അച്യുതാനന്ദനോട് ചോദിച്ച കാര്യം അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.  ചീഫ് ജസ്റ്റീസ് പറഞ്ഞത് ഇപ്പോള്‍ 60 ലക്ഷത്തിലും കൂടുതല്‍ ഫീസ് ഒരു കോടിയും രണ്ടു കോടിയും ചോദിക്കുന്നവര്‍ ഉണ്ടെന്നാണ്.  ഇന്ത്യയില്‍  അഴിമതി പടര്‍ന്നു പിടിക്കാന്‍ ഒരു കാരണം ഇതാണ്.  അഴിമതി പടരുമ്പോള്‍ ഗവണ്‍മെന്റ് ഇല്ലാതെയാകും.  ഈ വിഷയം ഗൗരവമുള്ളതാണ്.  കെ.സി.ആര്‍.എം. ഈ പ്രശ്‌നം പഠിക്കാന്‍ ഒരു കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും.  ബാര്‍ കോഴ കേസ്സില്‍ ഇന്ന് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന പ്രദേശം പാലാ ആണ്.  ഒരു ആന്റികറപ്ഷന്‍ കോണ്‍ഫ്രന്‍സ് നടത്താന്‍ പാലാ പോലെ പറ്റിയ ഒരു സ്ഥലം ഇന്ന് ഇന്ത്യയില്‍ വേറെ ഇല്ല.

10. 1982 ല്‍ ബാംഗ്ലൂര്‍ എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്ററില്‍ റവ. എം.എ. തോമസ്സും ജസ്റ്റീസ് താര്‍കുണ്‌ഡേയും ചേര്‍ന്ന് ഒരു ആന്റി കറപ്ഷന്‍ കോണ്‍ഫ്രന്‍സ് നടത്തി.  കെ.സി.ആര്‍.എം. ന് അങ്ങനെ ഒരു കോണ്‍ഫ്രന്‍സിനെപ്പറ്റി ചിന്തിക്കാം.  ഒന്ന് അല്ലെങ്കില്‍ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഒരാള്‍ നിയമസഭാ അംഗമാകാന്‍ പാടില്ലെന്നും കെ.സി.ആര്‍.എം ന് ഒരു പ്രമേയം പാസാക്കാന്‍ സാധിച്ചാല്‍ അതൊരു വിപ്ലവ പ്രവൃത്തി ആയിരിക്കും.  അതിനുവേണ്ടി കോടതിയെ സമീപിച്ചാല്‍ അത് അതിലും വലിയ വിപ്ലവമായിരിക്കും.

11. ഈ പുസ്തകത്തിന് അവതാരിക എഴുതിയ ഫാ. ജോണ്‍ കവലക്കാട്ടും പിന്‍കുറിപ്പ് എഴുതിയ ശ്രീ. ജോര്‍ജ്ജ് മൂലേച്ചാലിലും അഭിവാദനം എഴുതിയ ശ്രീ. കെ. ജോര്‍ജ്ജ് ജോസഫും ഇന്ത്യന്‍ ജുഡീഷ്യറിയിലെ കൈക്കൂലിയെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  കൈക്കൂലിയെ എതിര്‍ക്കുന്നത് ഒരു ക്രിസ്തീയ പുണ്യമാണെന്നുള്ളത് ക്രൈസ്തവരെങ്കിലും ജാഗ്രതയോടെ ഓര്‍ക്കണം.  ഈ പുസ്തകത്തിലെ ഏറ്റവും മികച്ച സംഭാവന ശ്രീമതി ലീലാവതി ടീച്ചറും, അഴീക്കോടു സാറുംകവി ഒ.എന്‍.വി. കുറുപ്പും, നീതിയുടെ കടലായ ജസ്റ്റീസ് കൃഷ്ണയ്യരും എഴുതിയിട്ടുള്ള ഒന്നു മുതല്‍ നാലു വരെയുള്ള അനുബന്ധങ്ങളാണ്.  അവ വായനക്കാര്‍ക്ക് അറിവു തരുന്നു എന്നതു മാത്രമല്ല പുതിയ വഴിയും നിര്‍ദ്ദേശിക്കുന്നു.

12. ബാരിസ്റ്റര്‍ എം.കെ.നമ്പ്യാരുടേയും, ജസ്റ്റീസ് കൃഷ്ണയ്യരുടെയും, ജസ്റ്റീസ് താര്‍കുണ്ഡയുടേയും അറിവും സ്വാത്വികതയും അനുപമമാണ്.  അങ്ങനെയുള്ള നീതിസൂര്യന്മാരെ സൃഷ്ടിക്കേണ്ടത് മലയാളി സമൂഹത്തിന്റെ കടമയാണ്.  ഇത്തരുണത്തില്‍ അവരുടെ സ്വാത്വീകതയോട് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് ആയിരുന്ന ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്റെ തമോഗുണത്തെ തട്ടി താരതമ്യപ്പെടുത്തുന്നത് അത്യാവശ്യമാണ്.  നിയമത്തിന്റെ ഭരണം നടത്താന്‍ ചുമതലപ്പെട്ട നീതിയുടെ സര്‍വ്വ സൈന്യാധിപനായിരുന്ന ശ്രീ. കെ.ജി. ബാലകൃഷ്ണനും അദ്ദേഹത്തിന്റെ  മരുമക്കളും കോടികള്‍ കൈക്കൂലി വാങ്ങി വിലസുകയാണ്.  മുന്നോട്ടു വരികയാണെങ്കില്‍ കെ.സി.ആര്‍.എം ന് അത് ചോദ്യം ചെയ്യാന്‍ കഴിയും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ 29-ാം പേജ്  നിങ്ങള്‍ വായിച്ചുനോക്കുക.

13. 16.1.2016 ല്‍ കേരളാ ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട എം.കെ. നമ്പ്യാര്‍ അക്കാദമിയെപ്പറ്റി മുകളില്‍ പറഞ്ഞുവല്ലോ.  അക്കാദമി കളമശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.  അതിന്റെ ഉദ്ദേശ്യം ഒരു കൊല്ലം 30 വക്കീലന്‍മാരെയെങ്കിലും ട്രെയിനിംങ്ങ് കൊടുത്ത് നവീകരിക്കുകയാണ്.  നമ്മുടെ മനോഹരമായ ഭരണഘടനയില്‍ നിയമത്തെപ്പറ്റിയും നീതിയെപ്പറ്റിയും വക്കീല്‍ സമൂഹത്തെപ്പറ്റിയും ന്യായാധിപന്‍മാരെപ്പറ്റിയും വിസ്തരിച്ചു പറയുന്നുണ്ട്.  ഇത്രയുംകാലം നമ്മള്‍ അത് ഗൗനിച്ചില്ല.  ഇനിയെങ്കിലും അതില്‍ ഗൗനിച്ച് നീതിതുറയില്‍ അമേരിക്കയിലും സ്വിസ്റ്റ്‌സര്‍ലണ്ടിലും ഉള്ളതുപോലെ ഏറ്റവും അര്‍ഹതയും യോഗ്യതയും ഉള്ളവരെ മാത്രമെ പ്രവേശിപ്പിക്കാന്‍ പാടുള്ളു.  ഭരണഘടനയില്‍ എന്‍ജിനീയറിങ്, മെഡിസിന്‍, ടെക്‌നോളജി ഇവയെപ്പറ്റി ഒന്നും പറയുന്നില്ല.  പക്ഷേ നീതിയെപ്പറ്റിയും, നിയമത്തെപ്പറ്റിയും ഭരണഘടന വാചാലമാണ്.  1957 ല്‍ കേരളം രാഷ്ട്രീയത്തില്‍ കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടം പോലെ 2017 ല്‍ ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് നീതിയിലും നിയമത്തിലും കേരളീയര്‍ നേട്ടം കൊയ്യണം.  അതിന്റെ തുടക്കമാണ് എം.കെ.നമ്പ്യാര്‍ അക്കാദമി.  അതിന്റെ സാരഥികളായ ഡോ. എന്‍.ആര്‍.മാധവമോനോനും, കെ.കെ.വേണുഗോപാലും സവ്യസാചികളാണ്.  അവരുടെകൂടെ ഡോ. ചന്ദ്രശേഖപിള്ളയും ഡോ. മേരി റോസും അതുപോലെയുള്ള ഒന്നു രണ്ടു പേരും ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ജോണ്‍ ജോസഫും ചേര്‍ന്ന് പ്രയത്‌നിച്ചാല്‍ രാഷ്ട്രീയത്തില്‍ 1957-ല്‍ കേരളം കൈവരിച്ച നേട്ടത്തേക്കാള്‍ വലിയ നേട്ടം നിയമത്തിലും നീതിയിലും മലയാളി സമൂഹത്തിന് കൈവരിക്കാന്‍ കഴിയും.  എം.കെ. നമ്പ്യാര്‍ അക്കാദമിയുടെ തലപ്പത്തുള്ള മേല്‍പ്പറഞ്ഞ ഉല്പതിഷ്ണുക്കളുടെ കടാക്ഷം കെ.സി.ആര്‍.എം. പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു. 
P.S.  
പുസ്തകം വേണ്ടവര്‍ വിളിക്കുക: 919487128784  

30.01.2016 ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തില്‍ പാലായിലെ ടോംസ് ചേംബറില്‍ വായിച്ച് വിതരണം ചെയതു.

ബാരിസ്റ്റര്‍ എം.കെ. നമ്പ്യാര്‍ അക്കാദമിയെപ്പറ്റിയും ഈ നിരൂപണത്തിലുണ്ട്. ഡോ. എന്‍. ആര്‍. മാധവമേനോനും സീനിയര്‍ അഡ്വക്കേറ്റ് കെ. കെ. വേണുഗോപാലും കേരളാ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റുമാണ് അതിന്റെ സാരഥികള്‍.  കളമശ്ശേരിയിലുള്ള ബാരിസ്റ്റര്‍ എം.കെ. നമ്പ്യാര്‍ അക്കാദമിയെപ്പറ്റി നിങ്ങള്‍ കൂടുതല്‍ അന്വേഷിക്കണം, പഠിക്കണം.



No comments:

Post a Comment