Translate

Wednesday, February 24, 2016

അച്ചൻ കോവിലാറ്റിൽ മുങ്ങി മരിച്ചു...

സർവ്വ കാര്യങ്ങളിലും വത്തിക്കാന്റെ തീരുമാനം നീതിയുക്തമാണെന്നു കരുതിയിരുന്ന വിശ്വാസികൾ ഇപ്പോൾ വെള്ളം കുടിക്കുന്നു! ഒരു പതിനാറുകാരിയെ അവളുടെ പിറന്നാളിനു മാന്തുകയോ പിച്ചുകയോ ഒക്കെ ചെയ്തതിനു മിന്നെസോട്ടായിൽ മൂന്നു വർഷങ്ങൾ ജയിലിൽ കിടന്ന ജോസഫ് ജെയ്പാൽ അച്ചന്റെ കുർബാന വിലക്ക് നീക്കിയിരിക്കുന്നു, ഊട്ടക്കമണ്ട് ബിഷപ്പ്; വത്തിക്കാന്റെ അംഗീകാരം അദ്ദേഹത്തിന്റെ കൈയ്യിലുണ്ടത്രെ! ഇങ്ങിനെയാണെങ്കിൽ, ഇത്തരം മാന്തലുകൾ നടത്തിയിട്ടുള്ളവരെ സെമ്മിനാരിയിലും എടുക്കാമല്ലൊ! മാന്തലുകളേക്കാൾ എത്രയോ ലളിതമാണ് അളവെടുപ്പ്! ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായും മാന്തിയിട്ടുണ്ടെന്നാണിപ്പോൾ പലരും സംശയിക്കുന്നത്; ശരവേഗത്തിൽ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ, ഒരു സ്ത്രീയോട് (അവൾ വിവാഹിതയായിരുന്നിട്ടും) അവസാനകാലം വരെ വില്ലുപോലെ പോലെ കാത്തുസൂക്ഷിച്ച വൈകാരിക ബന്ധത്തിനു തെളിവുകൾ ഫോട്ടോ സഹിതം ഇപ്പോൾ പുറത്ത്. പണ്ട്, എറണാകുളത്തു നിന്നൊരു മെത്രാനെ ഓടിച്ചതു കഷ്ടമായിപ്പോയി! ഇത്രേം നാളും മെത്രാന്മാരെ ഓർത്താണ് ക്രിസ്ത്യാനികൾ മുഖം മറച്ചു നടക്കേണ്ടിവന്നതെങ്കിൽ, ഇപ്പോൾ ആകമാന സഭയേയോർത്താണ് വിശ്വാസികൾ വിഷമിക്കുന്നത്. തട്ടിൽ മെത്രാനെ പ്രവാസിക്കത്തോലിക്കരുടെ വിസിറ്റേറ്ററായി നിയമിച്ചപ്പോഴും പവ്വത്തിൽ തിരുമേനിയെ സഭയുടെ രാജകുമാരായെന്നു മാർപ്പാപ്പാ വിളിച്ചപ്പോഴും ഞാൻ സംശയിച്ചതാണ് വത്തിക്കാന്റെ ആധികാരികതയെ. മാർപ്പാപ്പാമാർ കേട്ടതു വെച്ചു പറഞ്ഞെന്നേ കാണൂ, കണ്ടിടത്തെല്ലാം അവർ ഒപ്പും വെച്ചു കാണണം. എല്ലായിടത്തും ഗ്രാമർ മിസ്റ്റേക്ക്; അച്ചൻ കോവിലാറ്റിൽ മുങ്ങിമരിച്ചുവെന്നു പറഞ്ഞാലെന്നപോലെ.

കഴിഞ്ഞ നാൽപ്പതു വർഷങ്ങളിൽ, ഗുണം വെച്ചു നോക്കിയിരുന്നെങ്കിൽ ഇവിടെ ബിഷപ്പാകാനുള്ള യോഗ്യത പുലിക്കുന്നേൽ സാറിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ - ഒരു മെത്രാൻ നല്ലവനായാൽ മാത്രം പോരല്ലോ, അറിവും തന്റേടവും ആരോഗ്യവും വേണ്ടേ? മെത്രാന്മാർ ഭൂരിഭാഗവും സാമാന്യയറിവെങ്കിലും ഉള്ളവരായിരുന്നെങ്കിൽ മാനിക്കേയൻ കുരിശും പൊക്കിപ്പിടിച്ചോണ്ട് നാം നടക്കേണ്ടി വരില്ലായിരുന്നു, തന്റേടമുള്ള ഒരാളെങ്കിലുമുണ്ടായിരുന്നെങ്കിലും ഇത് സംഭവിക്കുകയില്ലായിരുന്നു. മെത്രാന്മാരുടെ തന്റേടം, നോബിയച്ചനെക്കൊണ്ട് ക്ഷമ പറയിച്ച റാഫേലിന്റെയോ, പി സി ജോർജ്ജിനെ കോടതി കയറ്റിയ ഇന്ദുലേഖാ ജോസഫിന്റെയോ അത്ര വരില്ല. ഇപ്പോൾ ന്യുയോർക്കിൽ വിപ്ലവം നടക്കുന്നുണ്ട് (നാളെയൊരിടത്തും മെത്രാഭിഷകമൊന്നുമില്ലല്ലൊ, മെത്രാനു ജനങ്ങളെയിങ്ങിനെ പേടിക്കാൻ!). ഒരാദോംപള്ളിയച്ചൻ പറയുന്നു, ഇത്രേം നാളും കുർബ്ബാന നടന്നിടത്തു നാളെ മുതൽ പറ്റില്ലെന്ന്. മെത്രാൻ തന്റേടത്തോടെ ആദോംപള്ളിയുടെ കൂടെയെന്നു പറയുമ്പോൾ തന്നെ സത്യം ആരുടെ ഭാഗത്താന്നറിയാമല്ലൊ! കുരീപ്പുഴയുടെ കാര്യം ഓർമ്മ വരുന്നു.... അവിടേം സത്യം മെത്രാന്റെ കൂടെയായിരുന്നു. അമേരിക്കയിൽ ഒരച്ചനെ അങ്ങാടിയത്ത് കുളിപ്പിച്ചു ശുദ്ധനാക്കിയതിന്റെ കേസ് 33 കോടിയുടേത് കോടതിയിൽ കിടക്കുന്നു അങ്ങാടിയതിന്റെയും കൂടെ പേരിൽ. അന്നും അങ്ങാടിയത്ത് അച്ചന്റെ  കൂടെയായിരുന്നു. ആ കേസ് എങ്ങിനെയായോ?  രത്നചുരുക്കം ഇത്രേയുള്ളൂ, രൂപതക്ക് സ്വന്തം കെട്ടിടം വേണം - പിരിവു തുടങ്ങണം. പള്ളികളും സ്വത്തുക്കളും രൂപത ഏറ്റെടുത്തതിനു ശേഷം ജനങ്ങളുടെ മൊത്ത അഭിപ്രായം ഇങ്ങിനെ - 'പള്ളിക്ക് വേണ്ടതു കാശു മാത്രം'. ഈ മേയിൽ ചെങ്ങളംപള്ളി വെഞ്ചരിക്കാൻ പോണു. കാഞ്ഞിരപ്പള്ളി രൂപതയിലെ വെറുമൊരു പള്ളിയെന്ന് പറഞ്ഞു തള്ളണ്ട. അതിന്റെ എല്ലാ ഭാഗങ്ങളും ഒറ്റയടിക്കു വെഞ്ചരിക്കാനാരോഗ്യമുള്ള മെത്രാനെ കിട്ടാഞ്ഞതുകൊണ്ടാവാം ഇൻസ്റ്റാൾമെന്റായിട്ടായിരുന്നു സംഗതി നടന്നുകൊണ്ടിരുന്നത്. 

കേരളത്തിൽ മദ്യനിരോധനത്തിനു വേണ്ടി വാദിക്കുന്ന മെത്രാന്മാരുടെ ഗോവാ നിലപാട് എന്താണെന്ന് ഇടതുപക്ഷ മുന്നണി ചോദിക്കുക മാത്രമല്ല, മെത്രാന്മാരെ പേടിയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അത്മായൻ ചോദ്യം രേഖാമൂലം എഴുതി ചോദിച്ചാൽ ആ കത്ത് കിട്ടിയെന്നു പോലും പറയുന്നവരല്ല മെത്രാന്മാർ. ആർക്കാ മെത്രാന്മാരെ പേടി? 'അതേ, പിതാവേ'യെന്നു വിളിച്ചോണ്ട് പിന്നാലെ നടക്കുന്നവർ പേടിച്ചാലായി. മെത്രാന്മാർ കാനം രാജേന്ദ്രന് കൊടുത്ത ഉത്തരം കേട്ടില്ലേ? ചോദിച്ചതിനല്ലെന്ന ഒരു പോരായ്കയല്ലേ അതിനുള്ളൂ? രാജവെമ്പാലകളെ പലയിടങ്ങളിൽ നിന്നും പിടിച്ചതായി കേട്ടിട്ടുണ്ട്; അരമന വളപ്പിൽനിന്ന് അതിക്കൂട്ടൊരെണ്ണത്തെ കിട്ടിയെന്നു കേട്ടിട്ടുണ്ടോ? അതെന്താണങ്ങിനെയെന്നെന്നോടു ചോദിച്ചാൽ ഞാനെന്തു പറയാൻ? ഈ 'അത്മായ ശല്യ'ക്കാരുടെ മേലം മടുത്തു പോവുകയേ ഉള്ളൂ. അവിടെ ഡൽഹിയിൽ വിപ്ലവം തുടങ്ങിയപ്പോഴാ ഇവിടെ സി സി വി യും തുടങ്ങിയത്. സത്യത്തിൽ അതായിരുന്നു കാരണമെന്നാരോ എഴുതിയിരുന്നതായി ഓർക്കുന്നു. ഒരു ചുവടു മെത്രാൻ വെക്കുമ്പോൾ രണ്ടു ചുവടത്മായരും വെക്കും. സി സി വി ക്ക് രണ്ടു വയസ്സു തികയുന്നതിനു മുമ്പ്, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ന്യൂസ് പോർട്ടലായി അത് മാറുമെന്നു പറയുന്നത് വെബ് അനാലിസ്ടുകളാണ്. വാർത്തകൾ മുക്കുന്നതൊന്നു കാണട്ടെ തമ്പ്രാക്കന്മാരേ. 

ഡൽഹിക്കേസിലെ തർക്കം സ്നേഹം കൊണ്ട് തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നു വത്തിക്കാൻ. ഫരിദാബാദ്  മെത്രാൻ ആരെയെങ്കിലും സ്നേഹിച്ചിരുന്നോ എന്തോ? വിശ്വാസത്തിൽ ആടുകൾ വളരുകയാണു പ്രധാനമെന്നും വത്തിക്കാൻ പറഞ്ഞല്ലോ. ഡൽഹിക്കാർ പോയാൽ പോട്ടെന്നതു പോലെയാ ഫരീദാബാദുകാർ കരുതിയത്‌. ഇത്തരമൊരു കരുതൽ എല്ലാ മെത്രാന്മാർക്കുമുണ്ടെന്നു തോന്നുന്നു. അങ്ങിനെയാ 2.32 ശതമാനം എന്നുള്ള ഇന്ത്യൻ ക്രിസ്ത്യാനികളുടെ ജനസംഖ്യാനുപാതം കുത്തനേ താണത്. മെത്രാന്മാർ നവദമ്പതികളോട് ആഹ്വാനം ചെയ്യുന്ന 'ജനിപ്പിക്കൽ' അബോർഷനായിപ്പോയിയെന്നാ തോന്നുന്നത്. വ്യത്യാസമൊന്നും കാണുന്നില്ല. ഇനിയെന്ത് ചെയ്യും? അഭിഷിക്തർ നേരിട്ടിറങ്ങി ഇതിനൊരു പരിഹാരം കണ്ടേക്കും. അങ്ങിനെ ചെയ്ത മാർപ്പാപ്പാമാരുണ്ട്. ഈ തന്ത്രം കർത്താവീശോമിശിഹാ ശിക്ഷ്യന്മാരോടു പറഞ്ഞിരുന്നെങ്കിൽ! പ്രവൃത്തികൊണ്ട് മാതൃകയിലൂടെ സഭ വളർത്താതെ എണ്ണം കൊണ്ടും ആർഭാടം കൊണ്ടും സഭ വളർത്താൻ ശ്രമിക്കുന്നവരെ ഉണ്ണാക്കന്മാർ എന്നല്ലാതെ എന്താ വിളിക്കുക? ഇതാണോ മെത്രാന്മാരെ നിങ്ങൾ പറഞ്ഞ കത്തോലിക്കാസഭ?

അത്മായരിപ്പോൾ റാഫേൽ മാലാഖയെപ്പോലെ കർത്താവിൽ ശക്തി പ്രാപിക്കുന്നു. ഒല്ലൂർ കേസു കഴിഞ്ഞപ്പോൾ ഇതാ ബ്രിസ്ബണിൽ നിന്ന് കേസ്. ഓസ്ട്രേലിയയിൽ അമേരിക്കയിലേപ്പോലെ കാര്യങ്ങൾ അങ്ങു ചുവടുപിടിക്കുന്നില്ല; അതാണവിടുത്തെ അച്ചന്മാരുടെ പ്രശ്നം! പള്ളിക്കാർക്കെതിരെ ഫെയിസ്ബുക്കിൽ അഭിപ്രായം എഴുതിയവനെതിരെ പള്ളിപ്രസംഗം; അവസാനം പ്രജ കോടതിയിൽ! ഈ ടൈപ്പ് സ്നേഹമാണ് സഭാധികാരികളൂടെ കൈയ്യിൽ നിന്ന് കിട്ടുക. സ്നേഹിച്ചു ജനങ്ങളെ കൊല്ലരുതെന്നേ എനിക്ക് പറയാനുള്ളൂ. ഞാനിത് എഴുതി തീർന്നില്ല, ദാ വരുന്നു...  ന്യുയോർക്കിൽ പ്രകടനം. സീറോമലബാർ എവിടെയുണ്ടോ അവിടെ അല്മായർക്കാരോഗ്യവുമുണ്ട്. ഒരച്ചനെ മാറ്റിക്കിട്ടാനാണെന്നു തോന്നുന്നു ക്നാനായാക്കാർ ന്യുയോർക്കിൽ തെരുവിലിറങ്ങിയത്. അങ്ങാടിയത്തിനു നേരെ എന്തെല്ലാം പ്രയോഗിച്ചിട്ടും ഒരു ഫലവുമില്ല. ആലിന്റെ കഥ കേട്ടിട്ടില്ലേ? എല്ലാവർക്കും തണലായി ആലവിടെ കാണും.

ഡൽഹിക്കേസിലൂടെ സീറോ മലബാറിനു കിട്ടിയ വിധി, നമ്മുടെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസം പകരും. സ്വന്തം പള്ളിയുണ്ടാക്കാൻ ആരും വിഷമിക്കേണ്ട, ഉള്ള പള്ളിയിൽ ചേർന്ന് ആയുഷ്കാലം മുഴുവൻ കഴിയാൻ വത്തിക്കാൻ അനുവദിക്കുന്നു. പള്ളികൾ പണിതവരെല്ലാം മടിശ്ശീലക്കു തുള വീണതു ശ്രദ്ധിച്ചത് കുറേക്കഴിഞ്ഞാ. അവർക്കാവേശവും കൂടുന്നുണ്ട്. 

1 comment:

  1. "അച്ചൻ കോവിലാറ്റിൽ മുങ്ങി മരിച്ചു" എന്നതിൽ ഏതോ പഴഞ്ചൊല്ല് മണക്കുന്നുണ്ട്, എന്താണെന്ന് ഒരല്പം വിശദീകരണം കിട്ടിയാൽ വേണ്ടില്ലായിരുന്നു.

    ReplyDelete