Translate

Friday, May 27, 2016

പൗരോഹിത്യം പരിശുദ്ധാത്മാവിനെതിരായ പാപം!

ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍ സത്യജ്വാല മെയ് 2016)

പൗരോഹിത്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, അത് മനുഷ്യന്റെ ബോധതലത്തെ അതിന്റെ അഗാധതയില്‍നിന്ന് ഉപരിതലത്തിലേക്ക് കൊണ്ടുവരുന്ന മനുഷ്യവിരുദ്ധമായ ഒരു സ്ഥാപനമാണെന്നു കാണാം. അന്തര്‍നേത്രങ്ങളിലൂടെ സ്വന്തം ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ഭാവാത്മകമായി നോക്കിയാല്‍മാത്രം കാണാന്‍ കഴിയുന്ന ദൈവികതയെ സിദ്ധാന്തവല്‍ക്കരിച്ചും വിഗ്രഹവല്‍ക്കരിച്ചും മനുഷ്യബുദ്ധിക്ക് എളുപ്പത്തിലുള്‍ക്കൊള്ളാന്‍ കഴിയുന്ന പരുവത്തില്‍ വേറൊന്നാക്കി അവതരിപ്പിച്ചുകൊണ്ടാണ് പൗരോഹിത്യം ഏതുമതത്തിലും അരങ്ങേറ്റം നടത്തുന്നത്. അങ്ങനെ, ആരും കണ്ടിട്ടില്ലാത്ത ആത്മാവും (യോഹ. 4:24) പരമസത്തയുമായ ദൈവത്തെ അവതാരപുരുഷന്മാരാക്കിയും അവരെ പ്രതീകവല്‍ക്കരിച്ച് ആരാധനാബിംബങ്ങളാക്കിയും തരംതാഴ്ത്തി, മനുഷ്യനേത്രങ്ങള്‍ക്കുമുമ്പില്‍ പ്രതിഷ്ഠിച്ച്, ആര്‍ക്കും കാണാവുന്ന വിധത്തിലാക്കുന്നു, പൗരോഹിത്യം. അന്വേഷിച്ചു ബുദ്ധിമുട്ടാതെതന്നെ ദൈവത്തെ കണ്ടെത്താനും പ്രാപിക്കാനും കഴിയുമെങ്കില്‍പ്പിന്നെ ആരാണ് അന്വേഷിച്ചലഞ്ഞ് തല വിയര്‍പ്പിക്കാന്‍ തയ്യാറാകുക! ദൈവത്തിലേക്ക് വീതിയേറിയ അതിസുഗമമായ എളുപ്പവഴി മുമ്പിലുണ്ടെങ്കില്‍, ആരാണ് ഇടുങ്ങിയതും ദുര്‍ഗമവും ഏകാന്തവുമായ വഴി തിരിഞ്ഞെടുക്കുക! ഒന്നാലോചിക്കുകപോലും ചെയ്യാതെ, ആളുകള്‍ എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുന്നു. പുരോഹിതമതങ്ങളിലെല്ലാം ആളുകള്‍ നിറഞ്ഞിരിക്കുന്നതിനു കാരണമിതാണ്. മനനത്തിലൂടെയും ധ്യാനത്തിലൂടെയും തപസ്യയിലൂടെയും ആന്തരികതയുടെ ആഴങ്ങളിലേക്കിറങ്ങി, അവിടെ കുടികൊള്ളുന്ന ദൈവികചൈതന്യത്തെ കണ്ടെത്താന്‍ ആളുകള്‍ തീര്‍ത്തും ചുരുക്കമാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
വിശേഷബുദ്ധിയെന്ന സവിശേഷസിദ്ധിയോടുകൂടിയ ജീവിയാണു മനുഷ്യന്‍. 'ഞാന്‍ ഉണ്ട്' എന്ന സ്വന്തം അസ്തിത്വത്തെക്കുറിച്ചു മനുഷ്യനുള്ള അവബോധമാണ് ഈ വിശേഷബുദ്ധിയുടെ ആദ്യലക്ഷണം എന്നു പറയാം. രണ്ടാമത്തെ ലക്ഷണം, 'ഞാന്‍, സ്വയംഭൂവല്ല'; അല്ലെങ്കില്‍, 'എന്റെ അസ്തിത്വത്തിനുറവിടം ഞാനല്ല' എന്ന അറിവാണ്. മൂന്നാമത്തേത്, 'സ്വയംഭൂ ആയ ഒരു ആകമാന അസ്തിത്വം, അഥവാ ഉണ്മ, എനിക്കുറവിടമായി ഉണ്ട്' എന്ന അവബോധമാണ്. ഈ മൂന്നറിവുകളും മനുഷ്യന്റെ വിശേഷബുദ്ധിയില്‍ സഹജ (intuitive) ബോധമായി നിലനില്‍ക്കുന്നു. അതിന്റെ നൈസര്‍ഗികമായ ഉള്‍ത്തള്ളലിലാണ് മനുഷ്യന്‍, തന്റെ അസ്തിത്വത്തിനുറവിടമായ ആകമാന അസ്തിത്വത്തെ, ഉണ്മയെ, തേടിത്തുടങ്ങുന്നത്. ഒരനാഥന്‍, തന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നുവെന്നറിയുന്ന പക്ഷം എത്ര വെമ്പലോടെയായിരിക്കുമോ അവരെ അന്വേഷിച്ചിറങ്ങുന്നത്, അതിലും അദമ്യമായ ദാഹത്തോടെയാവും തന്റെ അസ്തിവാരമായി വര്‍ത്തിക്കുന്ന ആകമാനസത്തയെ കണ്ടെത്താന്‍ ഓരോ മനുഷ്യനും അന്വേഷിക്കുക. ഈ അന്വേഷണമാണ് മനുഷ്യന്റെ അകക്കണ്ണു തുറപ്പിച്ച് ആത്മദര്‍ശനവും ദൈവദര്‍ശനവും സാധ്യമാക്കുന്നത്, മനുഷ്യനെ വിവേകിയും ജ്ഞാനിയുമാക്കുന്നത്, ദൈവികനാക്കുന്നത്.
മനുഷ്യനിലെ വിശേഷബുദ്ധിയെ സ്വതന്ത്രമായി വ്യാപരിക്കാനനുവദിക്കാതെ, അവരെ തിരിച്ചറിവാകുന്നതിനുമുമ്പുമുതലേ, ദൈവത്തെക്കുറിച്ചുള്ള പുരോഹിതസിദ്ധാന്തങ്ങളും റെഡിമെയ്ഡ് ദൈവസങ്കല്പങ്ങളും അടിച്ചേല്പിക്കപ്പെടുമ്പോള്‍, മഹാവരമായി മനുഷ്യനു ലഭിച്ച അന്വേഷണത്വരതന്നെ കെട്ടുപോകുന്നു. മനുഷ്യനെ ദൈവികതയിലേക്കുയര്‍ത്തുന്ന അന്വേഷണബുദ്ധിയെ കെടുത്തിക്കളയുകയെന്നാല്‍, അവന്റെ അകക്കണ്ണു തുറക്കാന്‍ അനുവദിക്കാതിരിക്കുകയെന്നാണ്; അവന്റെ സങ്കല്പശക്തിയെ, കാല്പനികഭാവത്തെ, ധ്യാനാത്മകതയെ, മനനശേഷിയെ, സര്‍ഗ്ഗാത്മകതയെ ഒക്കെ അവയുടെ വേരറുത്ത് ഇല്ലായ്മചെയ്യുകയെന്നാണ്; ജ്ഞാനത്തെ നിരോധിക്കുകയെന്നാണ്. ക്രൈസ്തവവേദപാഠപ്രകാരംതന്നെ, ജ്ഞാനദായകന്‍ പരിശുദ്ധാത്മാവാണ്. അപ്പോള്‍, ജ്ഞാനത്തെ നിരോധിക്കുകയെന്നതിന് പരിശുദ്ധാത്മാവിനെ നിരോധിക്കുകയെന്ന അര്‍ത്ഥംതന്നെയാണ് കൈവരുന്നത്. അത്, ഒരിക്കലും ക്ഷമിക്കപ്പെടുകയില്ലെന്നും യേശു പറഞ്ഞ പരിശുദ്ധാത്മാവിനെതിരായുള്ള പാപമാണെന്നും ഇവിടെ സിദ്ധിക്കുന്നു.
പ്രാചീനകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന ഗുരുകുലവിദ്യാഭ്യാസസമ്പ്രദായം കുട്ടികള്‍ക്കു തിരിച്ചറിവാകുന്നതുമുതല്‍ അവരുടെ അന്വേഷണബുദ്ധിയെ തട്ടിയുണര്‍ത്തി വളര്‍ത്തുന്ന തരത്തിലുള്ളതായിരുന്നത്രെ! ഉള്ളിലുള്ള അടിസ്ഥാന ചോദ്യങ്ങളെ ഉണര്‍ത്തിയും ഉദ്ദീപിപ്പിച്ചും സ്വയം ഉത്തരം കണ്ടെത്താന്‍ ഉത്തേജനം നല്‍കിയും അന്വേഷണത്തിന്റെ ആന്തരികകവാടങ്ങള്‍ തുറന്നുകൊടുത്തും, ഓരോരുത്തരെയും സ്വന്തം നിലയില്‍ ആത്മദര്‍ശനവും ബ്രഹ്മജ്ഞാനവും നേടാന്‍ പ്രാപ്തരാക്കിയിരുന്നു, അന്നത്തെ അദ്ധ്യാപകരും ആചാര്യരുമായ ഋഷിവര്യന്മാര്‍. ഇന്ത്യ വിവിധ മതദര്‍ശനങ്ങളുടെയും, ആത്മസാക്ഷാത്ക്കാരം നേടിയ അനേകരുടെയും നാടായിത്തീര്‍ന്നത് ഇപ്രകാരമാണ്.
ബ്രഹ്മജ്ഞരായിരുന്ന ഈ ആചാര്യന്മാരെ ആദേശംചെയ്തുകൊണ്ട് ബ്രാഹ്മണപൗരോഹിത്യം ഇവിടെ ആധിപത്യം സ്ഥാപിച്ച് യജ്ഞപ്രസ്ഥാനത്തിനു തുടക്കമിട്ടപ്പോഴാണ്, അന്ധവിശ്വാസങ്ങള്‍കൊണ്ടും അനാചാരങ്ങള്‍കൊണ്ടും ഇന്ത്യ അന്ധകാരത്തിലമര്‍ന്നത്. ഈ കാലഘട്ടത്തെപ്പറ്റി തന്റെ 'തത്ത്വമസി'-യില്‍ സുകുമാര്‍ അഴീക്കോട് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ''മഹോന്നതമായ ഒരു പര്‍വ്വതത്തിന്റെ ശബളശിഖരങ്ങളിന്മേല്‍ സ്വച്ഛന്ദമായി ദിവ്യഗീതം പാടിപ്പറന്ന ഒരു കിളി, പൊടുന്നനെ ഏതോ ശാപമേറ്റ് താഴ്‌വരയില്‍ എങ്ങോ ഒരു മാളത്തില്‍ ചുരുണ്ടുകഴിയുന്ന ഒരു ഇഴജീവിയായി മാറിയാല്‍ എന്നപോലെ ഈ സംസ്‌കാരപരിണാമം നമ്മെ വ്യഥാപൂര്‍ണ്ണരാക്കാതിരിക്കില്ല. വേദത്തിന്റെ കാതല്‍ പോയി പൂതല്‍ ബാക്കിയായി''...... ''ഗാന്ധാരം മുതല്‍ വിദേഹംവരെ തിങ്ങിനിറഞ്ഞ യാഗധൂമംകൊണ്ടും എങ്ങും പൊങ്ങിയ പശുരോദനംകൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റം കലുഷിതമായിരുന്നു'' (12-ാം പതിപ്പ്: പേജ്, 47; 80-81). വൈദിക ബ്രാഹ്മണ്യത്തിന്റെ യജ്ഞപ്രസ്ഥാനം വന്ന് വേദകാലത്തുദയംകൊണ്ട ജ്ഞാനപ്രസ്ഥാനത്തെ തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ജ്ഞാനത്തിന്റെ സൂര്യോദയം വീണ്ടുമുണ്ടായി, ഉപനിഷത്തുകളിലൂടെ. വൈദികബ്രാഹ്മണ്യത്തിന്റെ യജ്ഞപ്രസ്ഥാനംകൊണ്ട് ചേതനയറ്റ് തളര്‍ന്നു കിടന്നിരുന്ന ഇന്ത്യന്‍ ജനതയെ തട്ടിയുണര്‍ത്തിയ ഉപനിഷത്തുകളുടെ സര്‍ഗ്ഗാത്മക പ്രഹരശക്തിയെക്കുറിച്ച് സുകുമാര്‍ അഴീക്കോട് തുടര്‍ന്നെഴുതുന്നു: ''ഉപനിഷത്തെന്ന ഈ നവപ്രസ്ഥാനം അന്നത്തെ ചിന്താമേഖലയെയും സമൂഹത്തിലെ ആചാരമണ്ഡലത്തെയും നടുക്കംകൊള്ളിച്ചത്, അന്നു ഭാരതീയജീവിതത്തില്‍ വേരുറച്ചുപോയിരുന്ന യജ്ഞപ്രസ്ഥാനത്തിനെതിരെ ഋഷികള്‍ തങ്ങളുടെ ഹിരണ്യസൂക്തങ്ങളെക്കൊണ്ട് ആഞ്ഞടിച്ചപ്പോഴായിരുന്നു'' (പേജ്, 107). എന്നാല്‍ വീണ്ടും വീണ്ടും വൈദികബ്രാഹ്മണ്യവും അതിന്റെ യജ്ഞപ്രസ്ഥാനവും ഇന്ത്യയെ ഭ്രാന്താലയമാക്കിയിട്ടുണ്ട്. എങ്കിലും, അതാതു കാലഘട്ടങ്ങളില്‍ അതേ വേദോപനിഷത് മുഴക്കങ്ങള്‍ ഗൗതമബുദ്ധനിലൂടെയും മഹാവീരനിലൂടെയും അവരുടെ ശിഷ്യഗണങ്ങളിലൂടെയും, ആധുനികകാലത്ത് രാമകൃഷ്ണപരമഹംസര്‍, ശ്രീനാരായണഗുരു, രമണമഹര്‍ഷി മുതലായ മഹാരഥന്മാരിലൂടെയും പ്രതിധ്വനിക്കുകയും വൈദികബ്രാഹ്മണ്യത്തിന്റെ ശക്തി ക്ഷയിക്കാനിടയാകുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവസാംസ്‌കാരികഭൂമികയില്‍, പൗരോഹിത്യത്തിനും അത് അടിച്ചേല്പിക്കുന്ന അനുഷ്ഠാനസമ്പ്രദായത്തിനുമെതിരെ ഇത്തരം ജ്ഞാനപ്രസ്ഥാനങ്ങള്‍ ഉദയംകൊള്ളുന്നില്ല എന്നത് എടുത്തുകാണേണ്ട ഒരു പ്രശ്‌നമാണ്. ക്രൈസ്തവമുഖം ധരിച്ചെത്തിയ റോമന്‍ സാമ്രാജ്യത്തിലോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലോ, ഇന്ത്യയുടേതുപോലെ സമ്പന്നമായ ഒരു ദാര്‍ശനികപാരമ്പര്യം ഇല്ലാതെ പോയതാകാം അതിനു കാരണം. അല്ലെങ്കില്‍, പൗരോഹിത്യത്തെയും അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ബഹിര്‍മുഖത്വത്തെയും (മത്താ. 23:4-7; 23-24) അന്ധതയെയും (മത്താ. 23:16-22) കാപട്യത്തെയും (മത്താ. 23:13-15; 25-28) അതിനിശിതമായി വിമര്‍ശിച്ച യേശുവിന്റെപേരില്‍ ഇത്ര ശക്തമായ ഒരു പൗരോഹിത്യത്തിന് 17 നൂറ്റാണ്ടുകാലമായി സഭയില്‍ എങ്ങനെ നിലനില്‍ക്കാന്‍ സാധിക്കുന്നു? യേശുവിന്റെ ഉപനിഷത് സമാനമായ സൂക്തങ്ങളുടെ അടിസ്ഥാനത്തിലുള്ള ജ്ഞാനപ്രസ്ഥാനങ്ങള്‍ ക്രൈസ്തവലോകത്ത് കാലാകാലങ്ങളില്‍ ഉണ്ടാകേണ്ടതായിരുന്നില്ലേ?
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ധൃതരാഷ്ട്രാലിംഗനത്തിലമര്‍ന്നതിനുശേഷം, ക്രൈസ്തവസഭ വെറുമൊരു പുരോഹിതരാഷ്ട്രീയമതമായിട്ടാണ് നിലനിന്നുപോരുന്നത്. പൗരോഹിത്യവും അതിന്റെ അനുഷ്ഠാന(യജ്ഞ) പ്രസ്ഥാനവും അതോടെ ഉദ്ഘാടനംചെയ്യപ്പെട്ടു. ക്രിസ്തുമതം, മാര്‍ക്‌സ് പറഞ്ഞതുപോലെ, മനുഷ്യനെ മയക്കുന്ന കറുപ്പായി. ചിന്ത അവശേഷിച്ചവരെല്ലാം, എന്താണ് യഥാര്‍ത്ഥമതമെന്നന്വേഷിക്കാതെ മതവിരുദ്ധരും നിരീശ്വരുമായി. പൗരോഹിത്യത്തിനെതിരായി നിലപാടെടുത്തവര്‍പോലും യേശുവിന്റെ ദര്‍ശനത്തിലൂന്നാതെ, രാഷ്ട്രീയപ്രതിയോഗികളോടെന്നവണ്ണം പുരോഹിതരെ കായികശക്തിയുപയോഗിച്ചു കൊന്നൊടുക്കുകയാണു ചെയ്തത്. മതതലത്തില്‍ ഒരു നവോത്ഥാനവും അതുണ്ടാക്കിയില്ല; അതുകൊണ്ടുതന്നെ സ്ഥായിയായ ഒരു മാറ്റത്തിനും അതുകാരണമായില്ല. യേശുവിന്റേതിനേക്കാള്‍ പൗലോസിന്റെ ചില കാഴ്ചപ്പാടുകള്‍ക്കു പ്രാധാന്യം നല്‍കിയ പ്രൊട്ടസ്റ്റന്റ് നവീകരണവും സഭയില്‍ ഭാഗികമായ ഒരിളക്കം കൊണ്ടുവരുകമാത്രമാണു ചെയ്തത്. പൗരോഹിത്യത്തിന് അവിടെയും വലിയ തളര്‍ച്ചയുണ്ടായില്ല. പാശ്ചാത്യര്‍ക്ക് സത്യാന്വേഷണപരവും ദാര്‍ശനികവുമായ ഒരു സാംസ്‌കാരിക കലവറ ഇല്ലാതെപോയതാണ് ക്രിസ്തുമതത്തില്‍ ഒരിക്കലും ജ്ഞാനോദയം ഉണ്ടാകാഞ്ഞതിനും ക്രിസ്തുമതം അവിടങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞതിനും കാരണമെന്ന് ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കാണാവുന്നതാണ്.
ഇന്ത്യന്‍ ക്രൈസ്തവരുടെ പ്രസക്തി ഇവിടെയാണ്. മഹത്തായ ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകമുള്ളവരാണവര്‍. ഹിന്ദുമതപണ്ഡിതരെല്ലാവരും യേശുവചസ്സുകളെ ഉപനിഷത് സൂക്തങ്ങളെയെന്നപോലെ അംഗീകരിച്ചാദരിക്കുന്നു. പാശ്ചാത്യപുരോഹിതശ്രേണിയുടെ ആധിപത്യത്തിന്‍കീഴിലമര്‍ന്നുപോയതിനാല്‍, ഇവിടുത്തെ ക്രൈസ്തവര്‍ക്ക് യേശുവിനെ സ്വതന്ത്രമായി നോക്കിക്കാണാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല എന്നേയുള്ളൂ.
അതെ, സ്വാതന്ത്ര്യമാണു പ്രശ്‌നം. മനുഷ്യന്റെ വിശേഷബുദ്ധിയെയും അവിടെ കുടികൊള്ളുന്ന ദൈവത്തിന്റെ പരിശുദ്ധാരൂപിയെയും തടവിലാക്കിയിരിക്കുന്ന പൗരോഹിത്യമെന്ന സ്ഥാപനത്തെ നിഷ്‌ക്കാസനം ചെയ്തുകൊണ്ടു മാത്രമേ, മതത്തെയും മനുഷ്യനെയും അവനിലെ ദൈവികാരൂപിയെയും സ്വതന്ത്രമാക്കാനാവൂ. അതുകൊണ്ട്, മനുഷ്യവിരുദ്ധവും മതവിരുദ്ധവും ദൈവവിരുദ്ധവുമായ പൗരോഹിത്യത്തിനെതിരായും, മനുഷ്യനിലെ ബൗദ്ധികവും കാല്പനികവുമായ അന്വേഷണാത്മകതയെ തട്ടിയുണര്‍ത്തി അവനെ മനസ്സിന്റെ ആഴങ്ങളിലേക്കു നയിക്കുന്ന ആദ്ധ്യാത്മികാചാര്യത്വത്തിനനുകൂലമായും ഭാരതത്തിന്റെ തനതുരീതിയില്‍ യേശുസൂക്തങ്ങളിലൂന്നിയുള്ള ഒരു ജ്ഞാനപ്രസ്ഥാനത്തിനു തുടക്കമിടാന്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കു കഴിയേണ്ടതുണ്ട്. അവര്‍ക്കേ അതിനു കഴിയൂതാനും.
                                                                                                                                       - എഡിറ്റര്‍


2 comments:

  1. "പൌരോഹിത്യം പരിശുദ്ധാത്മാവിനു എതിരായ പാപം " എന്ന തലക്കെട്ടിൽ എന്റെ പ്രിയൻ ശ്രീ .ജോർജ് മൂലെച്ചാലിൽ എഴുതിയ [സത്യജ്വാല 2016 മെയ്‌ ലക്കം എഡിറ്റോറിയൽ] ഒരു മലങ്കര ക്രിസ്ത്യാനിയും വായിക്കാതെ പോകരുതേ.. " "മനുഷ്യന്റെ വിശേഷബുദ്ധിയെയും അവിടെ കുടികൊള്ളുന്ന ദൈവത്തിന്റെ പരിശുദ്ധാരൂപിയെയും തടവിലാക്കിയിരിക്കുന്ന പൗരോഹിത്യമെന്ന സ്ഥാപനത്തെ നിഷ്‌ക്കാസനം ചെയ്തുകൊണ്ടു മാത്രമേ, മതത്തെയും മനുഷ്യനെയും അവനിലെ ദൈവികാരൂപിയെയും സ്വതന്ത്രമാക്കാനാവൂ. അതുകൊണ്ട്, മനുഷ്യവിരുദ്ധവും മതവിരുദ്ധവും ദൈവവിരുദ്ധവുമായ പൗരോഹിത്യത്തിനെതിരായും, മനുഷ്യനിലെ ബൗദ്ധികവും കാല്പനികവുമായ അന്വേഷണാത്മകതയെ തട്ടിയുണര്‍ത്തി അവനെ മനസ്സിന്റെ ആഴങ്ങളിലേക്കു നയിക്കുന്ന ആദ്ധ്യാത്മികാചാര്യത്വത്തിനനുകൂലമായും ഭാരതത്തിന്റെ തനതുരീതിയില്‍ യേശുസൂക്തങ്ങളിലൂന്നിയുള്ള ഒരു ജ്ഞാനപ്രസ്ഥാനത്തിനു തുടക്കമിടാന്‍ ഇന്ത്യന്‍ ക്രൈസ്തവര്‍ക്കു കഴിയേണ്ടതുണ്ട്. അവര്‍ക്കേ അതിനു കഴിയൂതാനും." ഈ പുരോഹിതനെന്ന കര്ത്താവ് വെറുത്ത സാധനത്തെ ക്രിസ്ത്യാനികളായ നമുക്കെന്തിനാണ്? നാടായനാടാകെ നമ്മുടെ കാശുകൊണ്ട് [ക്രിസ്തു പോകരുതെന്ന് പറഞ്ഞ] പള്ളി പണിതു, അതിൽ കൂദാശക്കച്ചവടം നടത്തി നമ്മെ ചൂഷനംചെയ്തു രാജകീയമായി ഇവന്മാര്ക്ക് സുഖിച്ചു വാഴുവാനോ നമ്മുടെ വിയര്പ്പിന്റെ വില ? നമ്മിലെ നാം എന്ന ദൈവത്തെ കാണാൻ എന്തിനു മനസിന്‌ വെളിയിലൊരു കത്തനാര് ? നമ്മുടെ പിതാകന്മാര്ക്ക് കൈമോശം വന്ന ഭാരതത്തിന്റെ വേദാന്ത ജ്ഞാനം നമുക്കും നേടണമെങ്കിൽ, പാപിയായ [കണികാണാൻ കൂടി കൊള്ളാത്ത] പുരോഹിതനെ ജീവിതത്തിൽനിന്നും അടര്ത്തി മാറ്റുക! സൂര്യനല്ല നമുക്ക് വെളിച്ചം തരുന്നത് ; നമ്മിലെ ആത്മാവെന്ന ഉള്വെളിച്ചം ആണെന്നറിയുക ! കൺനല്ല നമ്മെ കാണിക്കുന്നത് ; കണ്ണിനും കണ്ണായ ആത്മനാണു ! മനസിന്റെ അടിത്തട്ടിൽ മനസിനെ ഉണര്ത്തുന്ന ബോധമായ /ചൈതന്യമായ 'ആത്മാവിനെ' ഈ പോഴൻ പാതിരി, നമ്മുടെ മനസിന്‌ വെളിയിലിരുന്നു എങ്ങിനെ നമുക്ക് കാണിച്ചു തരും? " തട്ടിപ്പ് " ,പുരോഹിതതട്ടിപ്പാണ് ലോകത്തെ ഏറ്റവും വലിയ തട്ടിപ്പ് ! "ആരുമാരുമാറിയാതെൻ ചേതസിന്നുള്ളിൽ നിത്യ- ചേതനയായ് വാഴുമീശാ ആയിരം സ്തോത്രം ; മാനസത്തിൻ ഇടനാഴി മര്മ്മരം കേള്ക്കാൻ , ചാരേ കാത്തു ചേർതോർത്തിരിക്കുന്ന സ്നേഹിതാ സ്തോത്രം " എന്ന് സാമസന്ഗീതത്തിന്റെ ഒന്നാമ്പട്ടിന്റെ പല്ലവിയായിത്തന്നെ എന്നെ പാടാൻ നിയോഗിച്ചതോര്ത് ഉള്ളിൽ ഹർഷോന്മാദം! [in youtube ഉ can ask 4 'samuelkoodal സമസംഗീതം'!samuelkoodal

    ReplyDelete
  2. പ്രവാചകശബ്ദമാണ്, ശ്രീ. ജോർജ് മൂലേച്ചാലിൽ. ഇത്രയും വ്യക്തവും ആധികാരികവും വസ്തുനിഷ്ഠവുമായൊരു തൂലിക ഈ വിഷയത്തിൽ അത്യപൂർവം. അറിവില്ലായ്മയാണ് ചൂഷണത്തിന്റെ ഉപാധി. അത്തരുണത്തിൽ, പൗരോഹിത്യത്തിന്റെ ഉദയത്തിനും അതുതന്നെയാണ് പശ്ചാത്തലം; തന്റെയും താൻ അധിവസിക്കുന്ന ഭൗമ-പ്രപഞ്ച സംവിധാനത്തിന്റെ ഉല്പത്തിയും ക്രയവിക്രയങ്ങളും, തങ്ങൾ കണ്ടെത്തി എന്ന് പറയപ്പെടുന്ന സിദ്ധാന്ത-മരീചികയിൽ ആക്ഷേപിച്ച്‌, അതിനെ ദൈവമെന്ന് വിളിക്കുകയും, തങ്ങളാണ് അതിലേക്കൊരു പാലം എന്നു സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരു വ്യത്യസ്‌ത വിഭാഗം മൂലം, മാനവരാശിയുടെ ഏതാണ്ട് നല്ലൊരുഭാഗം അരചാൺ പോലും വ്യാസമില്ലാത്ത ആ വൃത്തത്തിനു വലംവയ്ക്കുകയും ചെയ്തു എന്നതാണ് ഒരു പതിനേഴു നൂറ്റാണ്ടത്തെ "കത്തോലിക്കാ വിശ്വാസ ചരിത്രം" എന്ന് അതിമനോഹരമായി അദ്ദേഹം സമർത്ഥിക്കുന്നു. തനിക്കുതന്നെ പരിചയമില്ലാത്ത പുറംതോടുകൾ ഉരിഞ്ഞുമാറ്റാൻ (സക്കറിയാസ് നെടുങ്കനാൽ) ഇതിനേക്കാൾ മറ്റൊന്ന് വേണ്ടിവരില്ല കേരള കത്തോലിക്കന്.

    ReplyDelete