Translate

Sunday, February 11, 2018

ഇന്നത്തെ സഭയുടെ അടിസ്ഥാനം

സ്വാമി ദേവപ്രസാദ് – കാനഡ ഫോണ്‍: (001) 613-355-1791

പാപം, ഭയം, പണം, അധികാരം എന്നീ നാല് അടിസ്ഥാനഘടകങ്ങളിലാണ് ഇന്ന് ക്രിസ്തീയസഭകള്‍ നിലനില്‍ക്കുന്നത്. ഈ നാല് അടിസ്ഥാനശിലകളുടെയും അഭാവത്തില്‍ ഇന്നത്തെപ്പോലൊരു സഭ ഭൂമിയില്‍ ഉണ്ടാവുകയില്ല.

പാപം: ക്രിസ്ത്യാനി പാപത്തിലാണ് ജനിച്ചത്; ആദിമാതാപിതാക്കളുടെ പാപം ക്രിസ്ത്യാനികള്‍ക്കുമാത്രം പാരമ്പര്യമായി കിട്ടിയിരിക്കുന്നു! 'പാപത്തോടെയാണ് ഞാന്‍ പിറന്നത്; അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ്' (സങ്കീര്‍ത്തനം 51: 6). പാപത്തോടെ ജനിച്ച്, പാപവും പുണ്യവും തിരിച്ചറിയാറാകുന്നതിനുമുന്‍പേ പിച്ചവച്ചു നടന്ന്, സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ 'പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണേ' എന്ന്, പ്രാര്‍ത്ഥനയുടെപേരില്‍ ദിവസംതോറും ചൊല്ലാന്‍ വിധിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. ഇപ്രകാരമുള്ള പാപബോധം  കുഞ്ഞാടുകളില്‍ കുത്തിനിറച്ച്, 'ഞാന്‍ പാപിയാണേ' എന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലിച്ച്, പാപബോധത്താല്‍ തലകുനിക്കാന്‍ ആഹ്വാനംചെയ്യുന്ന പുരോഹിതരുടെ അടിമത്തത്തിലായ 'ക്രിസ്ത്യാനി' നരകശിക്ഷയെ ഭയന്ന് കൂദാശകള്‍ വിലയ്ക്കുവാങ്ങുന്ന ഉപഭോക്താവായി, കൂദാശ വില്പനക്കാരായ പുരോഹിതരെ ആശ്രയിച്ച് അടിമത്വത്തിലേക്കു നയിക്കുന്ന പ്രാര്‍ത്ഥനകളും നേര്‍ച്ച-കാഴ്ചകളുമായി ഭീതിയോടെ ജീവിക്കുന്നു.
ഭയം: മതവിശ്വാസത്തിന്റെ അടിസ്ഥാനകാരണങ്ങളിലൊന്ന് ഭയമാണ്. ബൈബിളിലെ  'ഭയം' എന്ന വാക്ക് ്യശൃ'മവ എന്നതുപോലുള്ള എബ്രായപദങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. അത് 'ഭയം', 'ഭീകരത', അല്ലെങ്കില്‍ 'ഭീതി' എന്നീ അര്‍ത്ഥങ്ങളെയാണ് ധ്വനിപ്പിക്കുന്നത്. തനിക്കു നിയന്ത്രിക്കാന്‍ കഴിയാത്ത അമാനുഷികമായ ശക്തിയോടുള്ള ഭയത്തില്‍നിന്നാണ് എല്ലാ മതങ്ങളുടെയും ഉത്ഭവം.ഉയരത്തില്‍ മേഘങ്ങള്‍
ക്കുമറഞ്ഞ് മനുഷ്യന്റെ എല്ലാ പ്രവൃത്തികളെയും സസൂക്ഷ്മം വീക്ഷിച്ചു ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന ഭീകരനായ ഒരു ദൈവത്തെ മതം അവതരിപ്പിച്ച് മനുഷ്യനെ ഭയപ്പെടുത്തുന്നു. കൂടാതെ, മരണാനന്തര
ജീവിതത്തില്‍ നരകം എന്ന ആശയം മുന്നോട്ടുവച്ച്, ജീവിതം നരകാഗ്‌നിയില്‍ അവസാനിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു പറഞ്ഞ് ആളുകളെ  വൈകാരികമായി നിയന്ത്രിക്കുന്നു. ഈ ഭയത്തെ മുതലെടുത്ത് പുരോഹിതര്‍ സമൂഹത്തിലെ ഇത്തിള്‍ക്കണ്ണികളായി ജീവിക്കുന്നു. പുരോഹിതന്‍ ദൈവത്തിന്റെ അഭിഷിക്തനാണ്; അവന്‍ പറയുന്നതെന്തും അനുസരിച്ചുകൊള്ളണം; അല്ലെങ്കില്‍ ശാപം കിട്ടും. ഇപ്രകാരമുള്ള പൊള്ളത്തരങ്ങള്‍ പറഞ്ഞുവിശ്വസിപ്പിച്ച് കുഞ്ഞാടുകളുടെ നിയന്ത്രണം പൗരോഹിത്യം ഏറ്റെടുത്തിരിക്കുകയാണ്.
പണം: മനുഷ്യരെ ഭീഷണിപ്പെടുത്തി, അവന്റെ നിസ്സഹായതയെ ചൂഷണംചെയ്ത്, നേര്‍ച്ച-കാഴ്ചകളും,  കൂദാശകളും വിറ്റു പണം പിടിച്ചുവാങ്ങി പുരോഹിതര്‍ ഉപജീവനവും ആര്‍ഭാടജീവിതവും നയിക്കുന്നു. പഴയനിയമപുരോഹിതര്‍ ആളുകളില്‍നിന്നു ദശാംശം (ഠവല ശേവേല) പിരിച്ചിരുന്നു (കാണുക: ലേവ്യര്‍ 27, നിയമാവര്‍ത്തനം 12:6). അതുപോലെ ഇന്നും പുരോഹിതര്‍ പണപ്പിരിവുകൊണ്ട് ജനത്തെ വലയ്ക്കുന്നു, വിധവയുടെ കൊച്ചുകാശിനായി ആര്‍ത്തിപൂണ്ടു ദേവാലയങ്ങളില്‍ ഭണ്ഡാരപ്പെട്ടികളുമായി കാത്തിരിക്കുന്നു. പിരിവു കൊടുത്തില്ലെങ്കില്‍ കൂദാശകള്‍ മുടക്കുന്നു. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും, സ്വര്‍ഗ്ഗത്തിലേക്കു കടത്തിവിടാമെന്നു മോഹനവാഗ്ദാനംനല്‍കിയും ആളുകളില്‍നിന്നു കണക്കില്ലാതെ പണം സമാഹരിക്കാന്‍ പുരോഹിതര്‍ ആര്‍ത്തിപൂണ്ടു നടക്കുന്നു. 'നീ എത്ര ദരിദ്രനായാലും രോഗിയായാലും നിന്റെ പണം എനിക്കു കിട്ടിയേ മതിയാവൂ' എന്നതാണ് ഇന്നുള്ള ദൈവങ്ങളുടെയും പുരോഹിത ഏജന്റുമാരുടെയും മനോഭാവം. അതിന്റെ ഉദാഹരണങ്ങളാണ് ഇന്നത്തെ പുരോഹിതരുടെ ഭക്തിക്കച്ചവടങ്ങളും ദൈവത്തെ വില്‍ക്കുന്ന ദൈവികസ്ഥാപനങ്ങളും വിശുദ്ധരും.
അധികാരം: സഭയിലെ അധികാരം തികഞ്ഞ രാജവാഴ്ചയാണ്. പണ്ട് ബ്രിട്ടീഷ് രാജ്യത്തെ സൂര്യന്‍ അസ്തമിക്കാത്ത രാജ്യം എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സൂര്യന്‍ അസ്തമിക്കാത്ത രാജ്യം മാര്‍പാപ്പയുടെ കീഴിലുള്ള റോമാസാമ്രാജ്യമാണ്. അതിലെ അരമനവാസികളായ നാട്ടുരാജാക്കന്മാരാണ് മെത്രാന്മാര്‍. ഇവരുടെ ആജ്ഞാനുവര്‍ത്തികളായ, യേശുവിന്റെ ഭൂമിയിലെ കാണപ്പെട്ട പ്രതിരൂപങ്ങളെന്നു വീമ്പിളക്കുന്ന പുരോഹിതര്‍ പറയുന്നതെന്തും അപ്പാടെ വിശ്വസിച്ച് അനുസരിക്കുന്നവരാണ് പുരോഹിതരുടെ ഉപഭോഗവസ്തുക്കളായ 'ആടുകള്‍'. അധികാരികളോടുള്ള അനുസരണം അവരുടെ ജീവിതചര്യയാണ്.
1869-71 കാലഘട്ടത്തില്‍ ഉരുത്തിരിഞ്ഞ മാര്‍പാപ്പയുടെ തെറ്റാവരം, സഭയില്‍നിന്നുള്ള പുറത്താക്കല്‍ ഭീഷണി  (excommunication), ദൈവം സഭയിലെ അധികാരികളിലൂടെ പഠിപ്പിക്കുന്നു (indoctrination), അതിനപ്പുറം ചിന്തിക്കരുത്, പ്രവര്‍ത്തിക്കരുത് എന്ന താക്കീത് എന്നിവയാല്‍ സഭ തന്റെ അധികാരം ഊട്ടി ഉറപ്പിക്കുന്നു.

ഇന്നത്തെ സഭയുടെ നിലനില്‍പ്പ് അഥവാ അടിസ്ഥാനം പാപം, ഭയം, പണം, അധികാരം എന്നീ നാല് തൂണുകളിലാണ്. ഈ നാല് തൂണുകളില്‍ ഏതെങ്കിലുമൊന്നിന് ഇളക്കം സംഭവിച്ചാല്‍ ഇന്നത്തെ സഭയുടെ നിലനില്‍പ്പ് അപകടത്തിലാകും. യേശു പഠിപ്പിച്ച സ്‌നേഹം, സാഹോദര്യം, കരുണ, ക്ഷമ, ത്യാഗം എന്നിവയുടെ അടിസ്ഥാനത്തില്‍ അഥവാ മൂല്യങ്ങളില്‍ സഭയ്ക്ക് നിലനില്‍പ്പുണ്ടോ? പാപം, ഭയം, പണം, അധികാരം എന്നിവയെ ആശ്ലേഷിക്കുന്നവര്‍ക്ക് ക്രിസ്ത്യാനി എന്ന നിലയില്‍ യേശുവിനോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ?

No comments:

Post a Comment