Translate

Tuesday, February 20, 2018

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭൂമികച്ചവടവും മെത്രാന്മാരുടെ എപിക്ക്യൂരിയനിസവും (തുടര്‍ച്ച)

എം.എല്‍. ജോര്‍ജ് മാളിയേക്കല്‍ ഫോണ്‍: 9400953632
(ജന. സെക്രട്ടറി, Catholic Laymen's Association)
ആദ്യഭാഗം വായിക്കാൻ:  
http://almayasabdam.blogspot.in/2018/01/blog-post_42.html

അല്‍പ്പം പൈതൃകത്തിലേക്ക്
തോമാ ചര്‍ച്ച്, മാര്‍തോമ്മാ നസ്രാണി ചര്‍ച്ച്, സെന്റ് തോമസ് ചര്‍ച്ച് എന്നീ വിവിധ നാമങ്ങളിലാണ് സീറോ-മലബാര്‍ സഭ അറിയപ്പെട്ടിരുന്നത്. 1923 ഡിസംബര്‍ 20-ാം തീയതി റൊമാനി പൊന്തിഫിച്ചെസ് (ഞീാമിശ ജീിശേളശരല)െ എന്ന ബൂളയിലൂടെ റോം നല്‍കിയതാണ് സീറോ-മലബാര്‍ സഭ എന്ന പേര്. ഈ പേരുമാറ്റംവഴി നമ്മുടെ സഭയുടെ തനതായ അവകാശാധികാരങ്ങള്‍ ഇല്ലാതാക്കി. നമ്മുടെ സ്വദേശമെത്രാന്മാര്‍ റോമന്‍ അധികാരവുമായി 'ആദ്‌ലീമിന' സന്ദര്‍ശനം നടത്തിയും അവരുടെ പാലിയം സ്വീകരിച്ചും റോമന്‍സിനഡില്‍ പങ്കെടുത്തും ഭാരതനസ്രാണി സമൂഹത്തെ റോമിന്റെ ഭരണവ്യവസ്ഥിതിക്കു വിധേയമാക്കുവാന്‍ ആത്മവഞ്ചന നടത്തിപ്പോരുകയാണ് ചെയ്തത്. 1930-ല്‍ ആരംഭിച്ച് 1931 ഫെബ്രുവരി 15-ന് അവസാനിച്ച തിരുവിതാംകൂര്‍ കാനേഷ്മാരി കണക്കെടുപ്പില്‍ എറണാകുളം-അങ്കമാലി അതിരൂപതാബിഷപ്പ് ആഗസ്തീനോസ് കണ്ടത്തില്‍ ഇടയലേഖനംവഴി ഇടവക പട്ടക്കാരെ സെന്‍സസ് അധികാരികളോടൊപ്പം വീടുകള്‍തോറുമയച്ച് നസ്രാണികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നമ്മെ സെന്‍സസ് ഉദ്യോഗസ്ഥരെക്കൊണ്ട് റോമന്‍ കത്തോലിക്കര്‍ എന്ന് പേരെഴുതിച്ച് ആസൂത്രിതമായി നാമമാറ്റം വരുത്തി. നസ്രാണികള്‍ സമ്പാദിച്ച കോടാനുകോടികള്‍ വിലമതിക്കുന്ന പള്ളികളും സ്ഥാപനങ്ങളും ഇതരസ്വത്തുക്കളും റോമന്‍നിയമം പ്രയോഗിച്ച് മെത്രാന്റേതാക്കി അവയ്ക്കുമേല്‍ നസ്രാണികള്‍ക്കുണ്ടായിരുന്ന അവകാശാധികാരങ്ങളും പൊതുവായ നിയന്ത്രണവും ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ ഗൂഢലക്ഷ്യം.
1990 ആഗസ്റ്റ് മാസം 25-ാം തീയതി നമ്മുടെ മെത്രാന്മാര്‍ റോമുമായി നടത്തിയ ഗൂഢാലോചനയില്‍, നസ്രാണി സഭയെക്കൂടി റോമന്‍ ശൈലിയില്‍ ഭരിക്കാനാവശ്യമായ ഒരു നിയമം നിര്‍മ്മിച്ചുനല്‍കണമെന്ന് റോമിനോടാവശ്യപ്പെട്ടു. ഇതനുസരിച്ച് 1991 ഒക്‌ടോബര്‍ 1-ന് പൗരസ്ത്യകാനന്‍നിയമം പ്രാബല്യത്തിലാക്കി റോം വിജ്ഞാപനമിറക്കി. വിജ്ഞാപനത്തില്‍ അലക്‌സാണ്ട്രിയ, അന്ത്യോക്യ, അര്‍മേനിയ, കല്‍ദായ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളെ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. കല്‍ദായ മെത്രാന്മാരെ കൂട്ടുപിടിച്ച് നമ്മുടെ മെത്രാന്മാര്‍ പോപ്പിനെ സമീപിച്ചതുകൊണ്ട് നമ്മളും കല്‍ദായസഭാഗ്രൂപ്പില്‍പ്പെട്ടവരാണെന്ന് പോപ്പിന് ധാരണയുണ്ടായി.
ഗൂഢതന്ത്രം തുടരുന്നു
എന്നാല്‍, പൗരസ്ത്യസഭകള്‍ക്കുവേണ്ടി വിജ്ഞാപനംചെയ്ത മേല്‍ പ്രസ്താവിച്ച നിയമത്തില്‍ നമ്മുടെ സഭ ഉള്‍പ്പെടുകയില്ലെന്നു മനസ്സിലാക്കിയ മെത്രാന്മാര്‍ വീണ്ടും റോമിനെ സമീപിച്ചു. അവരുടെ അഭ്യര്‍ത്ഥനപ്രകാരം പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ 1992 സെപ്തംബര്‍ 4-ാം തീയതി ആര്‍ച്ച് ബിഷപ്പ് തോമസ് വൈറ്റിന്റെ നേതൃത്വത്തില്‍ ഒരു നാലംഗകമ്മീഷനെ കേരളത്തിലേക്കയച്ചു. അവര്‍ നമ്മുടെ മെത്രാന്മാരുമായി ആലോചന നടത്തി, കമ്മീഷനെക്കൊണ്ട് നസ്രാണിസഭ കല്‍ദായസഭയുടെ പുത്രീസഭയാണെന്ന് വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കിച്ച് പോപ്പിന് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് ജനാധിപത്യഭരണവ്യവസ്ഥിതിയിലുള്ള നമ്മുടെ ക്രിസ്തീയസഭയെ പോപ്പ് 1992 ഡിസംബര്‍ 16-ാം തീയതി മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയാക്കി ബൂള വഴി വിളംബരംചെയ്തത്. അങ്ങനെ 1991 ഒക്‌ടോബര്‍ 1-ന് വിജ്ഞാപനംചെയ്ത പൗരസ്ത്യകാനന്‍ നിയമത്തിന്റെ പരിധിയിലേക്ക് സീറോ-മലബാര്‍ സഭയെ കൊണ്ടെത്തിച്ചു.
പള്ളിയോഗങ്ങള്‍
ഇക്കാലമത്രയും നമ്മുടെ പള്ളിയോഗങ്ങളിലൂടെ ജനാധിപത്യരീതിയിലാണ് സഭാപ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിട്ടുള്ളത്. പള്ളിയോഗങ്ങള്‍ക്കുമേല്‍ വൈദികര്‍ക്കോ മെത്രാനോ, ആത്മീയകാര്യങ്ങളൊഴികെ, ഭൗതികകാര്യങ്ങളില്‍ യാതൊരുവിധ അധികാരാവകാശമോ നിയന്ത്രണമോ ഉണ്ടായിരുന്നില്ല. സഭയെ പൊതുവെ ബാധിക്കുന്ന സുപ്രധാനമായ കാര്യങ്ങളെക്കുറിച്ച് വിചിന്തനംചെയ്ത് തീരുമാനങ്ങള്‍ എടുത്തുപോന്നിട്ടുള്ളതും, ആവശ്യമുള്ളപ്പോള്‍ പ്രത്യേകംപ്രത്യേകം കമ്മറ്റികളും കമ്മീഷനുകളും ഏര്‍പ്പെടുത്തിവന്നിട്ടുള്ളതും, ആയതിലെ അംഗങ്ങളെ നിശ്ചയിച്ചുപോന്നിട്ടുള്ളതും, ബഡ്ജറ്റ് ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കിപ്പോന്നിട്ടുള്ളതും, അവയുടെ മുന്‍ഗണനാക്രമം നടപ്പിലാക്കിയിരുന്നതും ആത്മീയശുശ്രൂഷകള്‍ക്കാവശ്യമായ ഭൗതികക്രമീകരണങ്ങള്‍ ചെയ്തുപോന്നിട്ടുള്ളതും പൊതുയോഗങ്ങളിലൂടെയാണ്.
നമ്മുടെ സഭയെ, 1992 ഡിസംബര്‍ 16-ാം തീയതി, കാനന്‍നിയമത്തിലൂടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സര്‍വ്വാധികാരസഭയാക്കി മാറ്റി. ഇതുവഴി നമ്മുടെ അവകാശാധികാരങ്ങള്‍ ആഭിചാരത്തിലൂടെ (യഹമരസ ാമഴശര) മെത്രാന്റേതാക്കി മാറ്റുകയാണുചെയ്തത്. പരമ്പരാഗതമായി സഭയില്‍ നിലനിന്നുപോന്ന പള്ളിയോഗത്തിന്റെ അന്തഃസത്ത പൂര്‍ണ്ണമായി ഇല്ലായ്മചെയ്യുവാന്‍ ഈ നിയമം മെത്രാന്മാര്‍ക്ക് കളമൊരുക്കി.
വിവിധ ഭരണസമിതികള്‍
1991-ലെ പൗരസ്ത്യകാനന്‍നിയമത്തിന്റെ പിന്‍ബലത്തിലും മറവിലുമാണ് മെത്രാന്മാര്‍ തങ്ങളുടെ ഏകാധിപത്യഭരണം സഭയില്‍ നടപ്പില്‍ വരുത്തുന്നതിനുവേണ്ടി വിവിധ സമിതികള്‍ക്കു രൂപംകൊടുത്തത്. ഈ സമിതികളൊന്നും സഭയുടെ താല്പര്യങ്ങളോ അവകാശാധികാരങ്ങളോ സംരക്ഷിക്കുന്നവയല്ല; മെത്രാന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ളതാണ്. അപ്പോസ്തലപിന്‍ഗാമി എന്ന നിലയ്ക്ക് മെത്രാന്‍ ദൈവജനത്തിന്റെ ആത്മീയശുശ്രൂഷാചുമതല നിര്‍വ്വഹിക്കുന്ന വ്യക്തിയും വൈദികരില്‍ മൂപ്പന്‍സ്ഥാനം വഹിക്കുകയും ആദ്ധ്യാത്മികലേഖനങ്ങളും സര്‍ക്കുലറുകളും നല്‍കുവാന്‍ അധികാരപ്പെട്ടവനുമാണ്. ഇത്തരം ചുമതലകളൊക്കെ വിസ്മരിച്ചുകൊണ്ട് ബൈബിള്‍വിരുദ്ധമായ ഒരു ഏകാധിപത്യഭരണക്രമമാണ് മെത്രാന്മാര്‍ ഇന്ന് സഭയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇവര്‍ രൂപംകൊടുക്കുന്ന സമിതികള്‍ എന്താണെന്ന് മനസ്സിലാക്കിയാല്‍മാത്രമേ അവയോരോന്നും ദൈവജനോന്മുഖമായ വളര്‍ച്ചയ്ക്ക് സഹായകമാണോ എന്നും അവയുടെ പ്രവര്‍ത്തനം ദൈവജനത്തിന്റെ നിലവിലുള്ള അവകാശാധികാരങ്ങള്‍ക്ക് നിരക്കുന്നതാണോ എന്നും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ദൈവജനത്തിന്റെ സഭാപരവും ജനാധിപത്യപരവുമായ അവകാശങ്ങളെ നിരാകരിക്കുന്ന ഒരു സമിതിയും മെത്രാന്‍ഭരണസംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ല.
മെത്രാന്‍സിനഡ്
മെത്രാന്‍സിനഡെന്നാല്‍, വൈദികമേലാളന്മാര്‍ സമ്മേളിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീര്‍പ്പു കല്പിക്കുന്ന അസംബ്ലിയാണ്. ഈ അസംബ്ലിക്ക് സഭയുടെ ഭൗതികകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനങ്ങള്‍ എടുക്കാനും നടപ്പില്‍ വരുത്താനുള്ള അധികാരാവകാശങ്ങളില്ല.
ബിഷപ്‌സ് കൗണ്‍സില്‍
ബിഷപ്‌സ് കൗണ്‍സിലെന്നാല്‍, മെത്രാന്മാരുടെ സംഘബലം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് സഭയില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള ഒരു സംഘടനമാത്രമാണ്. ഈ സംഘടനയ്ക്കും സഭയുടെ ഭൗതികകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനങ്ങളെടുത്തു നടപ്പിലാക്കാനുമുള്ള അധികാരമില്ല.
വൈദികസമിതി
വൈദികര്‍ രൂപതയിലെ ദൈവജനത്തിന്റെ ആത്മീയശുശ്രൂഷയില്‍ മെത്രാന്റെ സഹകാരികളാണ്. വചനം പ്രസംഗിക്കുവാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുവാനും വൈദികര്‍ കടപ്പെട്ടവരാണ്. വൈദികസമിതി (പ്രീസ്റ്റ് കൗണ്‍സില്‍) വൈദികരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വൈദികര്‍ക്കെതിരെ മെത്രാന്മാര്‍ ശിക്ഷാനടപടികള്‍ എടുത്താല്‍ അതിനെ നേരിടുന്നതിനുംവേണ്ടി വൈദികരാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതും മെത്രാന്‍ അംഗീകരിച്ചിട്ടുള്ളതുമായ സമിതിയാണ്.
ആലോചനാസമിതി
രൂപതാമെത്രാനെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി വൈദികരില്‍നിന്ന് 5-ല്‍ കുറയാത്തതും 12-ല്‍ കൂടാത്തതുമായ അംഗങ്ങളെ മെത്രാന്‍ ഐച്ഛികമായി നിയമിച്ചിട്ടുള്ളതാണ് ഈ സമിതി.
സാമ്പത്തികകാര്യസമിതി
രൂപതാബിഷപ്പ് പ്രസിഡന്റായി, രൂപതാബിഷപ്പ് ഐച്ഛികമായി രൂപീകരിച്ചിട്ടുള്ള വൈദികര്‍മാത്രം ഉള്‍ക്കൊള്ളുന്ന സമിതിയാണ് ഇത്.
പാസ്റ്ററല്‍ കൗണ്‍സില്‍
രൂപതയുടെ ആദ്ധ്യാത്മികപ്രവര്‍ത്തനങ്ങള്‍ നവീകരിക്കുവാനും ആയതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുവാനും അത് ക്രിയാത്മകമാക്കുവാനും മെത്രാനെ സഹായിക്കുന്നതിനുള്ള ഉപദേശകസമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍. പാസ്റ്റര്‍ എന്നാല്‍ ഇഹലൃഴ്യാമി -വൈദികന്‍-എന്നാണര്‍ത്ഥം. പാസ്റ്ററല്‍ എന്നാല്‍, ഇടയന്മാരെ സംബന്ധിച്ചുള്ള എന്നാണര്‍ത്ഥം. മേല്‍ വിവരിച്ച മെത്രാന്‍സിനഡ് അടക്കമുള്ള സമിതികളൊന്നും 99% വരുന്ന അല്‍മായസമൂഹം തിരഞ്ഞെടുക്കുകയോ അവരുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന സഭാസമിതികളല്ല.
അഖിലകേരള കത്തോലിക്കാകോണ്‍ഗ്രസ്സ് (AKCC)
മറ്റു സമുദായങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നതിനെ നേരിടാനും, മെത്രാന്റെ ഐച്ഛികതാല്പര്യം സംരക്ഷിക്കാനും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുമെന്നുറപ്പുള്ള ഉണ്ണാക്കന്മാരെ ഇടവകവൈദികര്‍വഴി കണ്ടെത്തി മെത്രാന്മാരുടെ കമാന്റോകളാക്കി രൂപീകരിച്ചിട്ടുള്ളതാണ് ഇന്നത്തെ അ.ഗ.ഇ.ഇ. അതുമാത്രമല്ല, മെത്രാന്റെ ശക്തിയെ പരിപോഷിപ്പിക്കുകയും സമുദായശക്തിയെ ക്ഷയിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. Accustomed Killers of Catholic Community (A.K.C.C.) എന്ന പേരാണ് ഇതിനു കൂടുതല്‍ യോജിക്കുന്നത്.
സീറോ-മലബാര്‍ സഭയിലെ മെത്രാന്‍കേന്ദ്രീകൃതസമിതികളുടെ ഒരു ഏകദേശഘടനയാണ് ഇവിടെ വിശകലനം ചെയ്തത്.
എറണാകുളം-അങ്കമാലി അതിരൂപതാമെത്രാന്റെ വസ്തുക്കച്ചവട ഇടപാടില്‍ അന്വേഷണം നടത്തേണ്ടതും കമ്മീഷനെ ഏര്‍പ്പെടുത്തേണ്ടതും കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതും അതിലെ അംഗങ്ങളെ നിശ്ചയിക്കേണ്ടതും റിപ്പോര്‍ട്ട് തയ്യാറാക്കി ചര്‍ച്ചചെയ്ത് പരിഹാരം നിശ്ചയിക്കേണ്ടതും മെത്രാന്‍ സിനഡോ ബിഷപ്പ് കൗണ്‍സിലോ പ്രീസ്റ്റ് കൗണ്‍സിലോ അവര്‍ നിയമിക്കുന്ന ആലോചനാസമിതിയോ സാമ്പത്തികകാര്യസമിതിയോ പാസ്റ്ററല്‍ കൗണ്‍സിലോ A.K.C.C. പോലുള്ള ഉണ്ണാക്കന്‍ സംഘടനകളോ അല്ല. സീറോ-മലബാര്‍സഭയുടെ ഭൗതികകാര്യനിര്‍വ്വഹണത്തില്‍ ഇടപെടാന്‍ ഈ സംഘടനകള്‍ക്കൊന്നും യാതൊരുവിധ അവകാശാധികാരങ്ങളും ഇല്ലെന്നുള്ളത് ഈ രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളും സംഘടനകളും പൊതുസമൂഹവും മനസ്സിലാക്കേണ്ടതാണ്.
സഭാസമ്പദ്ഘടന - ബൈബിള്‍ - ഇന്ത്യന്‍ ഭരണഘടന
ക്രിസ്തീയസഭ രൂപമെടുത്തിട്ടുള്ളത് പൊതുവായിട്ടാണ്. അതിന്റെ പൊതുസ്വത്തുക്കള്‍ കൈകാര്യം ചെയ്തുപോന്നിട്ടുള്ളത് പൊതുമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ്. അപ്പ.പ്രവ. 2:44 ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ''വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാകുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിത്തീരുകയും ചെയ്തു.'' 4:32-ഉം ഇതുതന്നെ ആവര്‍ത്തിക്കുന്നു. ''വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു. ആരും സഭാസ്വത്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.''
സഭയുടെ ഭൗതികസമ്പത്തുകളുടെ കൈകാര്യസ്ഥതയും വിനിയോഗവും നിര്‍വ്വഹണവും യേശുവും അപ്പസ്‌തോലന്മാരും അത്മായരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച് പൊതുയോഗത്തിനു വിധേയമായി പ്രവര്‍ത്തിക്കുന്ന അല്‍മായപ്രതിനിധികളാണ് ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. ഇത് ക്രിസ്തീയവിശ്വാസപ്രകാരമുള്ള ആചാരവും കീഴ്‌വഴക്കവും നടപ്പുരീതിയുമാണ്. ക്രൈസ്തവവിശ്വാസത്തിനെതിരായ വെല്ലുവിളികളെയും മൗലികാവകാശലംഘനങ്ങളെയും നേരിടുന്നതിന് അല്‍മായന് ഒറ്റയ്ക്കും കൂട്ടായും അവകാശമുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള അടിസ്ഥാന അവകാശമാണ്. മെത്രാന്‍ ചാര്‍ത്തിക്കൊടുത്താല്‍പ്പോലും ഈ അവകാശത്തിന്മേല്‍ കൈവയ്ക്കാന്‍ മേല്‍പ്രസ്താവിച്ച നിയമവിരുദ്ധസമിതികള്‍ക്ക് യാതൊരു അവകാശവുമില്ല. സീറോ-മലബാര്‍ സഭയെ പൊതുവെ ബാധിക്കുന്ന സുപ്രധാനമായ സംഗതികളെക്കുറിച്ച് വിചിന്തനംചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് അല്‍മായരുടെ പൊതുയോഗമാണ്. അതിനു വിരുദ്ധമായ സമിതികളും പ്രസ്ഥാനങ്ങളും അവയുടെ തീരുമാനങ്ങളും ബൈബിളധിഷ്ഠിതമോ ജനാധിപത്യപരമോ അല്ല; അതെല്ലാം റോമന്‍ സര്‍വ്വാധികാരത്തിന്റേതാണ്.        

(തുടരും)

1 comment:

  1. http://malayalam.v4vartha.com/news/latest-news/a-good-priest-from-cherthala-for-public/

    ReplyDelete