Translate

Friday, February 9, 2018

ഇത് ഭാരതക്രൈസ്തവരുടെ ജന്മാവകാശം

ജോസഫ് പുലിക്കുന്നേല്‍  
 [2011 മെയ് 23-ാം തീയതി സെന്റ്‌തോമസ് മൗണ്ടില്‍വെച്ചു കൂടിയ മെത്രാന്‍ സമിതിക്ക് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ഒരു മെമ്മോറാണ്ടം നല്‍കുകയുണ്ടായി. മെമ്മോറാണ്ടസമര്‍പ്പണത്തിനുമുമ്പു നടന്ന യോഗത്തില്‍ പുലിക്കുന്നേല്‍ സാര്‍ നടത്തിയ ഉദ്ഘാടനപ്രസംഗം, അദ്ദേഹത്തിന്റെ സ്മരണ ജ്വലിപ്പിക്കാന്‍ താഴെകൊടുക്കുന്നു. കടപ്പാട്: 'ഓശാന' 2011 ജൂണ്‍ ലക്കം]

കത്തോലിക്കാസഭയുടെ വിശ്വാസങ്ങള്‍ക്ക് രണ്ട് അടിസ്ഥാനഘടകങ്ങളാണുള്ളത് 1. ബൈബിള്‍, 
2. പാരമ്പര്യം.
ലോകത്തിലെ ഏറ്റവും പ്രാചീനമായ സഭകളിലൊന്നാണ് ഭാരതത്തിലുള്ളത്. റോമിന്റെയും അന്ത്യോക്യയുടെയും അതേ പാരമ്പര്യം. 1599-ല്‍ ഉദയംപേരൂരില്‍ പോര്‍ട്ടുഗീസ് മെത്രാന്‍ അലക്‌സീസ് മെനേസീസ് വിളിച്ചുകൂട്ടിയ സൂനഹദോസില്‍ ഈ സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമായ അനേകം കാര്യങ്ങള്‍ സഭയുടെമേല്‍ അടിച്ചേല്‍പിക്കുകയുണ്ടായി. സഭാചരിത്രകാരനായ റവ.ഡോ.സേവ്യര്‍ കൂടപ്പുഴ ഈ പാശ്ചാത്യവല്‍ക്കരണം സഭയിലുണ്ടാക്കിയ അടിസ്ഥാനമാറ്റങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ''വിവാഹജീവിതം നയിക്കുന്നവര്‍ പൗരോഹിത്യപദവിക്ക് അര്‍ഹരല്ലെന്ന പാശ്ചാത്യപാരമ്പര്യം ഭാരതത്തിലും നിര്‍ബന്ധമാക്കി. ഇത് പൗരസ്ത്യസഭാപാരമ്പര്യങ്ങള്‍ക്കെതിരാണ്. ഇടവക വിഭജനരീതി പാശ്ചാത്യസഭയിലേതിനോട് അനുരൂപപ്പെടുത്തി. ഇടവകയുടെയും രൂപതയുടെയും ഭരണരീതി പാശ്ചാ ത്യസഭയുടേതിനോട് അനുരൂപപ്പെടുത്തി. അനിയന്ത്രിതമായ അധികാരകേന്ദ്രീകരണത്തിന് ഇതു വഴിതെളിച്ചു. ദൈവജനപങ്കാളിത്തം കുറച്ചു'' (ഭാരത സഭാചരിത്രം, മൂന്നാം പതിപ്പ്, പേജ് 327).
രണ്ടാം വത്തിക്കാ ന്‍ കൗണ്‍സില്‍ പൗര
സ്ത്യദേശത്തെ സഭകള്‍ക്കുവേണ്ടിയുള്ള ഡിക്രിയില്‍ ഇങ്ങനെ പറയുന്നു. ''അതിനാല്‍ പൗരസ്ത്യസഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. സംപൂജ്യമായ പൗരാണികത്വത്തില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ ഏറ്റം ഒത്തുപോകുന്നതും ആത്മാക്കളുടെ നന്മയ്ക്കു കൂടുതല്‍ ഉപകരിക്കുന്നതുമാണ്. അതിനാല്‍ അവ അത്യന്തം അഭിനന്ദനീയംതന്നെ. നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളര്‍ച്ചയ്ക്കുവേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയില്‍ വരുത്താവുന്നതല്ല; അതിനാല്‍, ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യര്‍തന്നെ അനുസരിക്കണം. മുമ്പത്തേക്കാള്‍ കൂടുതലായി ഇവ പഠിക്കുകയും പൂര്‍ണ്ണമായി ആചരിക്കുകയും വേണം. കാലത്തിന്റെയോ വ്യക്തികളുടെയോ സാഹചര്യങ്ങള്‍ക്ക് അടിപ്പെട്ട് തങ്ങള്‍ക്കു ചേരാത്ത വിധത്തില്‍ ഇവയില്‍നിന്നും വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍ പൗരാണികപാരമ്പര്യത്തിലേയ്ക്ക് തിരിയുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതാണ്'' (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍).
അപ്പോസ്തലിക പാരമ്പര്യമുള്ള ഈ സഭയുടെമേല്‍ പാശ്ചാത്യസഭ നടത്തിയ കൈയേറ്റങ്ങള്‍ കണ്ടുപിടിച്ച് നമ്മുടെ തനതായ പാരമ്പര്യത്തിലേക്കു മടങ്ങിപ്പോകാന്‍ വത്തിക്കാന്‍ സൂനഹദോസ് നല്‍കിയ അവകാശം നമ്മുടെ ജന്മാവകാശമാണ്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും - മാര്‍പാപ്പായ്ക്കുപോലും - അധികാരമില്ല. കാരണം, സൂനഹദോസ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പാമാര്‍ അവരുടെ ആദ്ധ്യാത്മിക ശുശ്രൂഷ നടത്തേണ്ടത്.
സുവിശേഷപാരമ്പര്യമനുസരിച്ച് ആദിമസഭയില്‍ മൂപ്പന്മാരെ (മെത്രാന്മാരെ) തെരഞ്ഞെടുക്കുകയായിരുന്നു എന്നതിന് അനേകം തെളിവുകളുണ്ട്. സഭയെ റോമാസാമ്രാജ്യത്തിന്റെ ഭരണവകുപ്പാക്കുന്നതുവരെ ക്രൈസ്തവരുടെ ഈ ജന്മാവകാശം പാശ്ചാത്യസഭയിലും നിലനിന്നിരുന്നു.
മാത്രമല്ല, ആ വ്യവസ്ഥയായിരുന്നു ക്രിസ്തു തന്റെ പഠനങ്ങളിലൂടെ അപ്പോസ്തലന്മാരെ പഠിപ്പിച്ചതും. അവിടുന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ അപ്പോസ്തലന്മാരോട് കല്പിച്ചു. ''അപ്പോള്‍, നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാലു കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലു കഴുകണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക കാണിച്ചു തന്നിരിക്കുന്നു; ഞാന്‍ ചെയ്തതുതന്നെ നിങ്ങളും ചെയ്യണം. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:  ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല; അയയ്ക്കപ്പെട്ടവന്‍ അയച്ചവനെക്കാള്‍ വലിയവനല്ല. നിങ്ങള്‍ ഇക്കാര്യം മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതരാണ്'' (യോഹ. 13: 14-17, കാണുക: മത്താ. 20:20-, മര്‍ക്കോ. 10 :35-45,  ലൂക്കാ 22:24-30).
റോമാ സാമ്രാജ്യത്തിലൂടെ സഭാഘടനയിലേക്ക് വിജാതീയരുടെ ഭരണരീതി കടന്നുകയറി. എന്നാല്‍ ഭാരതസഭ അപ്പോസ്തല പാരമ്പര്യം 16 നൂറ്റാണ്ടുകാലം അഭംഗുരം തുടര്‍ന്നു. ഉദയംപേരൂര്‍ സൂനഹദോസിനുശേഷം സ്ഥാപിതമായ വിജാതീയ ഭരണസമ്പ്രദായത്തിനെതിരെ നമ്മുടെ പൂര്‍വികര്‍ പോരാടിപ്പോന്നു. നമ്മുടെ പൂര്‍വികര്‍ പോരാടിയിരുന്നത് സുവിശേഷ നിര്‍ദ്ദേശിതമായ സഭാഭരണസമ്പ്രദായം പുനഃസ്ഥാപിക്കാന്‍വേണ്ടിയായിരുന്നു.
കൂനന്‍കുരിശു സത്യത്തിനുശേഷം ഭാരതസഭയുടെ മൂപ്പനായി തിരഞ്ഞെടുത്തത് പറമ്പില്‍ ചാണ്ടിക്കത്തനാരെയായിരുന്നു. കടുത്തുരുത്തിയില്‍ വിളിച്ചുകൂട്ടിയ നസ്രാണികളുടെ പ്രതിനിധിയോഗമാണ് ചാണ്ടിക്കത്തനാരെ മെത്രാന്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് (ഭാരതസഭാചരിത്രം മൂന്നാം പതിപ്പ്, പേജ് 381).
ഇവിടെ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' സമര്‍പ്പിക്കുന്ന മെമ്മോറാണ്ടത്തിലെ മെത്രാന്മാരെ തിരഞ്ഞെടുക്കാനുളള അവകാശം സഭയ്ക്കാണെന്ന വാദം സുവിശേഷാധിഷ്ഠിതവും നമ്മുടെ പാരമ്പര്യങ്ങളോട് ഒത്തുപോകുന്നതുമാണ്.
ഈ മെമ്മോറാണ്ടത്തിലെ മറ്റൊരാവശ്യം സഭാവക സ്വത്തുക്കളുടെ ഭരണം സഭയ്ക്കു വിട്ടുകൊടുക്കുന്നതിനു നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കരടുനിയമത്തെ മെത്രാന്മാര്‍ സ്വാഗതം ചെയ്യണമെന്നുള്ളതാണ്.
സഭയുടെ സ്വത്തുഭരണം എങ്ങനെയായിരിക്കണമെന്ന് സുവിശേഷത്തില്‍ വ്യക്തമായി അപ്പോസ്തലന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ''ആ ദിവസങ്ങളില്‍ ശിഷ്യരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അപ്പോള്‍, ദിവസംതോറുമുള്ള വിഭവവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നു എന്ന് ഗ്രീക്കുകാര്‍ എബ്രായര്‍ക്കെതിരെ പിറുപിറുത്തു. അതുകൊണ്ട്, ആ പന്ത്രണ്ടുപേര്‍. ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു : ഞങ്ങള്‍ ദൈവവചനപ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍., സഹോദരരേ നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തിരഞ്ഞെടുക്കുക. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം'' (അപ്പോ. പ്രവ. 6 : 1-4).
സഭയിലെ 12 ശിഷ്യന്മാരും ഒത്തൊരുമിച്ചെടുത്ത ഒരു തീരുമാനമായിരുന്നു, സഭയുടെ ഭൗതികഭരണം വിശ്വാസികള്‍ തെരഞ്ഞെടുക്കുന്നവര്‍ നിര്‍വഹിക്കണമെന്നുള്ളത്. അപ്പോസ്തലന്മാരുടെ പിന്‍ഗാമികളെന്ന് സ്വയം വിവരിക്കുന്ന മെത്രാന്മാര്‍ അപ്പോസ്തലന്മാരുടെ ആ തീരുമാനത്തെ അംഗീകരിച്ച് നടപ്പിലാക്കണമെന്നു മാത്രമാണ് ഇന്ന് ഈ മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെടുന്നത്. ആദ്യത്തെ സൂനഹദോസില്‍ പങ്കെടുത്ത മാര്‍ത്തോമ്മായാണ് ഭാരതസഭയ്ക്ക് തുടക്കംകുറിച്ചതെന്ന് വിശ്വസിച്ചുപോരുന്നു. പാശ്ചാത്യസഭയുടെ ആധിപത്യത്തിനുമുമ്പുവരെ ഇവിടെ നിലനിന്നിരുന്ന സഭാഭരണവ്യവസ്ഥയെ എല്ലാ ചരിത്രകാരന്മാരും വിവരിക്കുന്നത് ''മാര്‍ത്തോമ്മായുടെ നിയമ''മെന്നാണ്. തൃശൂര്‍ ആര്‍ച്ചുബിഷപ്പും ചരിത്രകാരനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പോര്‍ട്ടുഗീസുകാരുടെ വരവിനുമുമ്പുണ്ടായിരുന്ന സഭാഭരണസമ്പ്രദായത്തെ വിവരിച്ചുകൊണ്ട് 'ഘമം ീള ഠവീാമ'െ എന്ന പേരില്‍ ഒരു ഗ്രന്ഥംതന്നെ രചിച്ചിട്ടുണ്ട്. 
സഭാചരിത്രകാരനും വടവാതൂര്‍ സെമിനാരി മുന്‍ സഭാചരിത്ര പ്രൊഫസറുമായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ ഇങ്ങനെ എഴുതിയിരിക്കുന്നു: 'ഇടവകയുടെ ഭരണം നടത്തിയിരുന്നത് പള്ളി യോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്‍ അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു (ഭാരതസഭാചരിത്രം, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 198, 199).

'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ഇന്നു സമര്‍പ്പിക്കുന്ന ഈ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആവശ്യങ്ങളില്‍ ഏതെങ്കിലും സുവിശേഷവിരുദ്ധമോ പാരമ്പര്യവിരുദ്ധമോ ആണെങ്കില്‍ അതു ചൂണ്ടിക്കാണിച്ചു തിരുത്താന്‍ മെത്രാന്മാര്‍ക്കു ബാദ്ധ്യതയുണ്ട്. ചര്‍ച്ച് ആക്ട് നിയമമായാല്‍ സഭയുടെ ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടും എന്ന ഭയം ആനുഷംഗികമായി മെത്രാന്മാര്‍ പ്രകടിപ്പിച്ചതായി അറിയുന്നു. അങ്ങനെ ഏതെങ്കിലും വകുപ്പ് കരടു നിയമത്തില്‍ ഉണ്ടെങ്കില്‍ അത് തിരുത്തിയെടുക്കുന്നതിന് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' മുമ്പോട്ടു വരുമെന്നാണ് എന്റെ വിശ്വാസം. ഭാരതത്തിലെ ഹിന്ദു, മുസ്ലീം, സിഖ് സമുദായങ്ങളുടെ പൊതുസ്വത്ത് ഭരിക്കുന്നതിന് ഇന്നു നിയമമുണ്ട്. ഭരണഘടന 25,26 വകുപ്പുകള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ ഇത്തരം നിയമം അത്യന്താപേക്ഷിതമാണെന്ന് കാണാം. ശത്രുതാമനോഭാവം വെടിഞ്ഞ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലുമായി ഈ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ മെത്രാന്മാര്‍ തയ്യാറാകും എന്നാണ് എന്റെ പ്രതീക്ഷ. 

1 comment:

  1. http://www.pravasishabdam.com/sirow-malabar-land-issues/

    ReplyDelete