Translate

Monday, February 26, 2018

KCRM - NORTH AMERICA അഞ്ചാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്പ്രിയരേ,

KCRM - North America -യുടെ അഞ്ചാമത്തെ ടെലികോൺഫെറൻസ് ഫെബ്രുവരി 14, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂർ നീണ്ടുനിന്നതും ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി അനേകർ സജീവമായി പങ്കെടുക്കുകയുണ്ടായി.  ഇപ്രാവശ്യത്തെ ചർച്ച " ഫ്രാൻസിസ് പാപ്പയും സഭാനവീകരണ യഗ്നങ്ങളും” എന്ന വിഷയമായിരുന്നു. മൗന ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, എഴുത്തുകാരനും മത/സാമൂഹ്യ/രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാന്നിധ്യവുമുള്ള ശ്രീ ജോസ് കല്ലിടുക്കിൽ (ഷിക്കാഗോ) ചർച്ചാവിഷയം പണ്ഡിതോചിതമായി അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിൻറെ അവതരണത്തിലെ പ്രധാന ഭാഗങ്ങൾ ചുവടെ ചേർക്കുന്നു: ഒരു ബില്ല്യനിലധികം വരുന്ന കത്തോലിക്കാ സഭാ വിശ്വാസികളുടെ വലിയ ഇടയനായി 115 കർദിനാളന്മാർ ചേർന്ന് 2013 മാർച്ച് 13 -ന് അർജെൻറ്റിനാക്കാരനായ ജോർജ് മാരിയോ ബെർഗോളിയോയെ മാർപാപ്പയായി തെരെഞ്ഞെടുത്തു. ചുരുങ്ങിയ കാലയളവിനുള്ളിൽ ലോകം മുഴുവൻറെയും ആരാധാനാ പുരുഷനായി അദ്ദേഹം മാറി. സ്നേഹം, കരുണ, സമാധാനം, എളിമ, ലാളിത്വം തുടങ്ങിയ സദ്ഗുണങ്ങളുടെ നിറപറയും പ്രതീകവും ദൂതനുമായാണ് ലോകജനത അദ്ദേഹത്തെ വീക്ഷിക്കുന്നത്. ഈശോസഭയിൽനിന്നും മാർപാപ്പയായി ഉയർത്തപ്പെടുന്ന പ്രഥമ വൈദികനായ അദ്ദേഹം അസീസ്സിയിലെ ഫ്രാൻസിസ് എന്ന പുണ്യാത്മാവിൻറെ കാലടികളെ പിന്തുടരാനുള്ള ദൃഢനിശ്ചയത്തിലാണ്. ആടുകളുടെ മണമുള്ള ഇടയാനായിട്ടാണ് ലോകം അദ്ദേഹത്തെ വിലയിരുത്തുന്നത്.

കത്തോലിക്കാ സഭയ്‌ക്കൊപ്പം ലോകജനതയും അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങളിലെല്ലാം ശക്തവും വ്യക്തവുമായ അഭിപ്രായ പ്രകടനം നടത്തുന്ന പോപ്പ് ഫ്രാൻസിസിൻറെ സമീപനം പലപ്പോഴും തൻറെ മുൻഗാമികളിൽനിന്നും വിഭിന്നമാണ്‌. പണമെന്നത് ദൈവരാജ്യത്തെ നശിപ്പിക്കുന്ന വിത്താണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സ്ഥാനമേറ്റശേഷം ദാരിദ്ര്യത്തിൻറെ പാത സ്വീകരിച്ചു. പേപ്പൽ കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് വെറും 50 ചതുരശ്ര മീറ്റർമാത്രം വിസ്തൃതിയുള്ള ഒരു അപ്പാർട്ട്‌മെന്റിൽ അദ്ദേഹം താമസമാക്കി. പോപ്പ് ഫ്രാൻസിസ് സ്വീകരിച്ച ലളിതജീവിതരീതി സഭയിലെ പട്ടക്കാർക്കും മേല്പട്ടക്കാർക്കും അനുകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് തികച്ചും നിർഭാഗ്യകരമാണ്.

കത്തോലിക്കാ സഭയുടെ മൂലധനം കോടിക്കണക്കിനുള്ള വിശ്വാസികളാണെന്ന ഉറച്ച വിശ്വാസമാണ് പോപ്പ് ഫ്രാൻസിസിനുള്ളത്.  ലോകത്തിലെ ഒൻപതിൽ ഒരാൾ പട്ടിണി അനുഭവിക്കുന്ന ഈ ലോകത്ത് 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണ ഉള്ളവരായിരിക്കുവിൻ' എന്നാണ് ഫ്രാൻസിസ് പാപ്പ അജപാലന രീതിയിൽ പറയുന്നത്.

തികഞ്ഞ യാഥാസ്ഥിതിക മനോഭാവമുള്ളതും ഏത് പുരോഗമന ആശയത്തെയും കണ്ണുമടച്ച് എതിർക്കുകയും ചെയ്യുന്ന വിവിധ റോമൻ കൂരിയാകളാണ് കത്തോലിക്കാസഭയുടെ നവീകരണത്തിനും പുരോഗമനത്തിനും വിഘാതം നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ മാർപാപ്പ 2013 ഏപ്രിൽ 13 -ന് റോമൻ കൂരിയായെ നവീകരിക്കാൻ കർദിനാളന്മാരുടെ ഒൻപതംഗ കമ്മീഷനെ നിയമിച്ചു. മതപരമായ കാര്യങ്ങൾ സുഗമമാക്കാൻ 2013 ജൂൺ 24 -ന് 'ഇൻസ്റ്റിട്യൂട്ട് ഫോർ വർക്സ് ഓഫ് റിലിജിയൻ' (Institute for works of Religion) എന്ന പേരിൽ മറ്റൊരു കമ്മീഷനെയും നിയമിച്ചു. വത്തിക്കാൻ ബാങ്കിലെ സാമ്പത്തിക അഴിമതികളെ മനസ്സിലാക്കിയ പാപ്പ അതിലെ അധികാരഘടനയെ തകിടംമറിച്ച് ഒരു അഴിച്ചുപണി നടത്തി. അഴിമതി രഹിത വത്തിക്കാനാണ് അദ്ദേഹത്തിൻറെ സ്വപ്നം. ഈ സഹസ്രാബ്ദത്തിൽ നാം കണ്ട ഏറ്റവും കർമ്മനിരതനായ സഭാപരിഷ്കർത്താവാണ് ഫ്രാൻസിസ് മാർപാപ്പ. സമീപകാല മാർപാപ്പമാരിൽ ക്രിസ്തുവിൻറെ യഥാർത്ഥ ചൈതന്യവും സ്നേഹവും ഉൾകൊള്ളുന്ന പ്രതിപുരുഷനായി ഫ്രാൻസിസ് പാപ്പയെ ലോകജനത ഉറ്റുനോക്കുന്നതുകൊണ്ടാണ് അഞ്ചുവർഷം തുടർച്ചയായി ടൈം മാഗസിനിൻ ലോകത്തിലെ ഏറ്റവും അധികം സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെട്ടത്.

സ്ത്രീകളുടെയും ഇതര മതസ്ഥരുടെയും കാലുകൾ കഴുകിക്കൊണ്ട് പെസഹാ തിരുനാളിന് പുതിയയൊരു അർത്ഥവും വിശുദ്ധിയും പോപ്പ് നൽകി. ലോകം മുഴുവൻ പ്രശംസിച്ച സഹോദര്യത്തിൻറെ പ്രകടനം നൽകിയ ആ സന്ദേശത്തെ ഉൾകൊള്ളുവാനോ അനുകരിക്കാനോ സീറോ മലബാർ സഭ തയ്യാറായില്ലെന്നുള്ളത് തികച്ചും ഖേദകരമാണ്.

സർവ്വമേഖലകളിലും സ്ത്രീകൾ ഇന്ന് മുന്നേറിക്കൊണ്ടിരിക്കുന്നു. സഭയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ മാർപാപ്പ പ്രോത്സാഹിപ്പിക്കുന്നു. ദൈവം തൻറെ ഛായയിൽ മനുഷ്യരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. എന്നാൽ സമൂഹങ്ങളും മതങ്ങളും ദേശങ്ങളും സ്ത്രീകൾക്ക് എല്ലാ രംഗങ്ങളിലും തുല്യ പരിഗണന നൽകുന്നില്ല. ആ സ്ഥിതിയ്ക്ക് കത്തോലിക്കാസഭയിൽ മാറ്റം വരണം എന്ന സൂചന പോപ്പ് ഫ്രാൻസിസിൻറെ നടപടികളിൽ കാണുന്നു. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയുടെ റെക്ടറായി ഒരു സ്ത്രീയെ മാർപാപ്പ നിയമിച്ചു. വത്തിക്കാൻ ചരിത്രത്തിലെ ആദ്യ സംഭവമാണിത്. ഫ്രാൻസിസ് മാർപാപ്പയുടെ സ്ത്രീപുരുഷ സമത്വ ദർശനം ആദരണീയവും അനുകരണീയവും പ്രശംസനീയവുമാണ്.

മെത്രാന്മാരുടെയും വൈദികരുടെയും പ്രഥമ ദൗത്യം പ്രാർത്ഥനയാണ്. സുവിശേഷം അവരെ സംരക്ഷിക്കുന്നു. അധികാരമനോഭാവം മെത്രാന്മാർക്കും പട്ടക്കാർക്കും പാടില്ല. എളിമയായിരിക്കണം അവരുടെ മുഖമുദ്ര. അരമനവാസത്തിൽനിന്ന് മെത്രാന്മാർ പുറത്തിറങ്ങി അല്മായരുമായി ഇടപഴകണം. ഫ്രാൻസിസ് പാപ്പയുടെ പ്രസംഗങ്ങളിലെല്ലാം ഊന്നൽ നൽകുന്നത് പുരോഹിത ശുശ്രൂഷയ്ക്കാണ്. "ചെമ്മരിയാടിൻറെ ഗന്ധം ധരിച്ചിരിക്കുന്ന വൈദികനെയാണ് നമുക്കുവേണ്ടത്." എന്ന് മാർപാപ്പ പറയുന്നു. വൈദികൻ ഒരു ഉദ്യോഗസ്ഥ മേധാവിയോ ഒരു സ്ഥാപനത്തിൻറെ വക്താവോ അല്ല. വൈദികർ ദൈവിക കാര്യങ്ങൾക്കുവേണ്ടി നിയോഗിക്കപ്പെട്ടവരാണ്. സമ്പാദ്യവും പദവിയും ബഹുമതിയും അച്ചന്മാർക്ക് വേണ്ടതല്ല എന്ന സന്ദേശമാണ് മാർപാപ്പ നൽകുന്നത്.

പ്രായപൂർത്തി ആകാത്തവരെ, പുരോഹിത ലൈംഗിക അതിക്രമത്തിൽനിന്നുള്ള സംരക്ഷണത്തിനുവേണ്ടി പൊന്തിഫിക്കൽ കമ്മീഷൻ സ്ഥാപിച്ചു. വേദനാജനകമായ നിരവധി ലൈംഗിക പ്രവർത്തികൾ വൈദികർ കാണിച്ചുകൂട്ടി. മേലധികാരികൾ ഈ വിഷയത്തിൽ നിരുത്തരവാദത്തോടെ പെരുമാറി. തന്മൂലം പാശ്ചാത്യ രാജ്യങ്ങളിലെ പല രൂപതകളും നഷ്ടപരിഹാരം കൊടുത്ത് സാമ്പത്തികമായി തകർന്നു. വിവാഹിതപൗരോഹിത്യത്തെപ്പറ്റി സഭാമേലധികാരികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മതത്തിൻറെ പേരിൽ കൊടും ക്രൂരതകൾ അരങ്ങേറാൻ പാടില്ലെന്ന പക്ഷത്താണ് മാർപാപ്പ. മതാന്തര സംവാദത്തിൻറെയും മത സൗഹാർദ്ദത്തിൻറെയും ആവശ്യകത അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. മത നവീകരണത്തിൻറെ ഭാഗമായിരിക്കണം മതസൗഹാർദ്ദമെന്നും. ദാരിദ്ര്യത്തോടുള്ള പോരാട്ടങ്ങളും പരിസ്ഥിതി സംരക്ഷണവും മതസൗഹാർദ്ദം വഴി നേടിയെടുക്കണമെന്നും അദ്ദേഹം നമ്മെ ഉപദേശിക്കുന്നു. കേരളത്തിലെ കേഴ്വികേട്ട മതമൈത്രി അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മതസഹിഷ്ണതയും മതമൈത്രിയും ലക്ഷ്യമിട്ട് ഫ്രാൻസിസ് പാപ്പ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ക്രൈസ്തവവിശ്വാസവുമായി പൊരുത്തപ്പെടാത്ത ആചാരങ്ങൾ, അവ എത്ര പ്രാചീനമാണെങ്കിൽകൂടി, പറ്റില്ലെന്ന വ്യക്തമായ കാഴ്ചപ്പാടാണ് ഫ്രാൻസിസ് പാപ്പയ്ക്കുള്ളത്. സമൂഹത്തിൽ കഷ്ടതകളും പീഡനങ്ങളും ഒറ്റപ്പെടുത്തലുകളും അനുഭവിക്കുന്ന ജനതയ്‌ക്കൊപ്പമാണ് താനെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള പാപ്പ, വിവിധ ദേശങ്ങളിലുള്ള ഭരണാധികാരികളോടും സമ്പന്നവർഗത്തോടും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻറെ ഭാഗമായി പ്രവർത്തിക്കാൻ അഭ്യർത്ഥിച്ചിട്ടുമുണ്ട്.

വിഷയാവതരണത്തിനുശേഷം നടന്ന ചർച്ചയിൽ സഭയിലെ വിശ്വാസികൾ നിർഭയരായി, സഭയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരായി മാർപാപ്പയോടൊത്ത് പോരാടണമെന്ന് അഭിപ്രായപ്പെട്ടു. "നിങ്ങൾ ഭയപ്പെടേണ്ട. ധൈര്യമായി പ്രതികരിക്കുക. സഭ നശിക്കുകയില്ല; നന്നാവുകയേയുള്ളൂ. സഭയെ സ്നേഹിക്കുന്നുയെങ്കിൽ സഭാധികാരികളുടെ തെറ്റുകൾ ചൂണ്ടികാണിക്കണം. അപ്പോൾ മാത്രമാണ് ഒരു വിശ്വാസി അവൻറെ കടമ നിർവഹിക്കുന്നത്." മാർപാപ്പയുടെ ഈ വാക്കുകൾ ടെലികോൺഫെറൻസിൽ പങ്കെടുത്തവർ ഏറ്റുപറയുന്നതുപോലെ തോന്നി. സഭാനവീകരണകാർക്കുള്ള സ്വർണ്ണഖനിയാണ് മാർപാപ്പയുടെ ഈ വാക്കുകൾ. കാരണം യേശുവിന് ജറുസലേം ദേവാലയത്തിൽ അനുഭവപ്പെട്ടതുതന്നെയാണ് ഫ്രാൻസിസ് പാപ്പയ്ക്ക്  വത്തിക്കാനിലും അനുഭവപ്പെടുന്നത്. മൂന്നാം ലിംഗക്കാരെ ദൈവത്തിൻറെ മക്കൾ എന്നു വിളിക്കുകയും നിരീശ്വര വാദികൾക്കും സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുമെന്ന് പരസ്യമായി പറയുകയും പത്തുവർഷത്തോളം ഒരുമിച്ചുജീവിച്ചവരെ പറക്കുന്ന വിമാനത്തിൽവെച്ച് ക്രിസ്തീയ വിവാഹം നടത്തികൊടുക്കുകയും സഭാദ്രോഹി എന്നറിപ്പെട്ടിരുന്ന മാർട്ടിൻ ലൂഥറെ സഭാ സ്നേഹിയായി കാണുകയും സ്വവർഗ്ഗരതിക്കാരെ വിധിക്കാതിരിക്കുകയും സഭാപരമായ വിവാഹമോചന നടപടിക്രമത്തെ ലഘൂകരിക്കുകയുമെല്ലാം ചെയ്ത ഫ്രാൻസിസ് പാപ്പയെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്.

കത്തോലിക്കാസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കും അരാജകത്വത്തിനും മൂല്യച്ചുതിക്കും  മുഖ്യകാരണം മേലധ്യക്ഷന്മാരിലും വൈദികരിലും പ്രകടമായിട്ടുള്ള വിശ്വാസ ശോഷണം, ലൗകികതൃഷ്ണ, അഴിമതി, ആഡംബര ജീവിതം, അധികാരത്തോടും സ്വത്തിനോടുമുള്ള ആർത്തി എന്നിവയാണ്. ശക്തമായ നടപടികളിൽകൂടി മാത്രമേ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാൻ കഴിയൂ. "വെള്ളയടിച്ച കുഴിമാടങ്ങളെ" എന്ന് വെറിപൂണ്ട് യേശു ആക്രോശിച്ചു. ഫ്രാൻസിസ് പാപ്പയുടെ ദൗത്യത്തിലും ആ സമീപനം സ്വീകരിച്ചേ മതിയാവൂ.

കത്തോലിക്കാ സഭയിലും സമൂഹത്തിലും മാറ്റങ്ങൾ അനിവാര്യമാണ്. വിശ്വാസികളുടെ അവകാശങ്ങളെ അംഗീകരിച്ച് അവരുടെ സ്വാതന്ത്യത്തെ മാനിച്ച് മുൻപോട്ടുകുതിക്കുന്ന ഒരു സഭയെ മാർപാപ്പ വിഭാവനം ചെയ്യുന്നു. നിരർത്ഥകങ്ങളായ ആചാരങ്ങളും  അനുഷ്ഠാനങ്ങളുംകൊണ്ട് കുത്തിനിറച്ചിരിക്കുന്ന നിലവിലുള്ള സഭയുടെ നല്ലഭാവിയെ അദ്ദേഹം സ്വപ്നം കാണുന്നു. സഭയെ രക്ഷിക്കാൻ വേണ്ടിയാണ് വിശ്വാസികൾ നിർഭയം പ്രതികരിക്കണമെന്ന് അദ്ദേഹം ഉപദേശിക്കുന്നത്. അതുകൊണ്ട് സഭാനവീകരണം എന്ന മഹത്തായ ലക്ഷ്യത്തിലേയ്ക്ക് മാർപ്പാപ്പയോടൊത്ത് അചഞ്ചലമായ ആത്മധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി നമുക്ക് മുന്നേറാം.

ഈ വരുന്ന മാർച്ചുമാസം പതിമ്മൂന്നാം  തീയതി ഫ്രാൻസിസ് പാപ്പ കത്തോലിക്കാ സഭയുടെ പ്രധാനാചാര്യനായിട്ട് അഞ്ചുവർഷം തികയുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തിൻറെ നവീകരണ യജ്ഞങ്ങൾക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്യൂന്നു.

KCRM - North America- യുടെ ആറാമത് ടെലികോൺഫെറൻസ് മാർച്ച് 14, 2018 ബുധനാഴ്ച വൈകീട്ട് ഒൻപതുമണിയ്ക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: " പൗരോഹിത്യവും അവിവാഹിതാവസ്ഥയും". ടെലികോൺഫെറൻസിലേയ്ക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ

(ജനറൽ കോർഡിനേറ്റർ)

ഫെബ്രുവരി 22, 2018

No comments:

Post a Comment