Translate

Monday, November 12, 2018

എന്താണീ റീത്തുകളും സ്വായാധികാരസഭകളും?

 

ചാക്കോ കളരിക്കൽ

സഭ, റീത്ത് എന്നീ സംജ്ഞകൾ നാം സാധാരണയായി കേൾക്കാറുണ്ട്. അവകൾക്ക് വ്യത്യസ്തമായ അർത്ഥങ്ങളാണുള്ളത്. സാധാരണ ഒരു വിശ്വാസിക്ക് സഭയെന്നാൽ എന്താണ്, റീത്തെന്നാൽ എന്താണ് എന്ന് സ്പഷ്ടമായി മനസ്സിലാകുക ദുഷ്കരമാണ്. റോമൻ കത്തോലിക്കസഭ എന്നുപറയുമ്പോൾ നാം മനസ്സിലാക്കുന്നത് ആഗോള കത്തോലിക്കസഭ എന്നാണ്. അതിൽ ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ല. എന്നാൽ സീറോ മലബാർ സഭ, സീറോ മലബാർ റീത്ത് എന്നിപ്രകാരമുള്ള വ്യത്യാസപ്പെട്ട പ്രയോഗങ്ങളെ വേർതിരിച്ചു മനസ്സിലാക്കുക പ്രയാസമാണ്. സഭയും റീത്തും രണ്ടാണെന്ന് പൗരസ്ത്യ സഭകളുടെ കാനോനകളിൽ വ്യക്തമാക്കുന്നുണ്ട്. കാനോന 27: "നിയമാനുസൃതം ഒരു ഹയരാർക്കിയാൽ കൂട്ടിയോജിക്കപ്പെട്ടതും സ്വയാധികാരമുള്ളതെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ സഭയുടെ പരമാധികാരത്താൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ക്രൈസ്തവവിശ്വാസികളുടെ ഒരു സമൂഹത്തെ ഈ നിയമസംഹിതയിൽ "സ്വായാധികാര (sui iuris) സഭ" എന്നു വിളിക്കുന്നു." അപ്പോൾ ഒരു സ്വയാധികാരസഭ വിശ്വാസികളുടെ കൂട്ടമായിരിക്കണം, നിയമാനുസൃതമായ ഹയരാർക്കിയാൽ ഒന്നിപ്പിക്കപ്പെട്ടതായിരിക്കണം, കൂടാതെ കത്തോലിക്കസഭയുടെ പരമാധികാരത്താൽ സ്വായാധികാരസഭയായി അംഗീകരിക്കപ്പെട്ടതുമായിരിക്കണം. വ്യക്തികൾക്ക് സഭകളാകാൻ സാദ്ധ്യമല്ല. വളരെക്കാലത്തേക്ക് സ്വായാധികാരസഭകളെ വേർതിരിച്ചുകൊണ്ടിരുന്നത് അവയുടെ ആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തിമാത്രമായിരുന്നു.

എന്താണീറീത്തുകൾ? കാനോന: 28: §1. "ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്" എന്നാണ് പൗരസ്ത്യ സഭകളുടെ കാനോനകളിൽ കാണുന്നത്. അപ്പോൾ റീത്തെന്ന് നാം പറയുമ്പോൾ അതൊരു പൈതൃകത്തെയാണ് ദ്വനിപ്പിക്കുന്നത്‌. പല ഘടകങ്ങൾ ചേർന്നാണ് ഒരു പൈതൃകം രൂപംകൊള്ളുന്നത്. പൈതൃകത്തിലെ ഒരു ഘടകം മറ്റു ഘടകങ്ങളെക്കാൾ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നത് ശരിയല്ല. സമപൂരകങ്ങളാണ് ഓരോ ഘടകങ്ങളും. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവ പല സഭകൾക്കും പൊതുഘടകമാകാം. എന്നാൽ ഓരോ ജനപദത്തിനും വ്യത്യസ്ത സംസ്കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങൾ മറ്റ് ജനതകളിൽനിന്നും ഒരു പ്രത്യേക പൈതൃകത്തെ വേർതിരിക്കുന്നു.

അപ്പോസ്തലന്മാർ യേശുസന്ദേശത്തെ റോമാസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവന്നപ്പോൾ ആ സന്ദേശത്തിലെ പ്രധാന ഘടകങ്ങൾ അതത് സംസ്കാരങ്ങളിൽ അലിഞ്ഞുചേരുകയും അവിടത്തെ ജനങ്ങളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വേഷഭൂഷകളിലും ഭാഷകളിലുംകൂടി പ്രത്യക്ഷമാകുകയും ചെയ്തു. കത്തോലിക്കസഭയിൽ ഒരേ വിശ്വാസപൈത്രുകമാണെങ്കിലും വൈവിധ്യമാർന്ന രീതിയിൽ വിവിധ സഭകൾവഴി അത് ആവിഷ്‌ക്കരിക്കപ്പെടുന്നു. ആദ്യനൂറ്റാണ്ടിലെ വേദപ്രചാരണം റോമാസാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന റോമാ (ഇറ്റലി), കോൺസ്റ്റാൻറ്റിനോപ്പിൾ (ടർക്കി), അന്ത്യോഖ്യ (സിറിയ), അലക്‌സാണ്ഡ്രിയ (ഈജിപ്റ്റ്), ജെറുശലേം (പാലസ്റ്റൈൻ) എന്നീ ഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചു പ്രവിശ്യകളും പിൻകാലത്ത് പാത്രിയാർക്കൽ സഭകളായി. അതിൽ റോം പാശ്ചാത്യ പാത്രിയാർക്കൽ സഭയും മറ്റ് നാല് പാത്രിയാർക്കൽ സഭകൾ പൗരസ്ത്യ പാത്രിയാർക്കൽ സഭകളുമായി. റോമാസാമ്രാജ്യത്തിൻറെ പാശ്ചാത്യ/പൗരസ്ത്യ പ്രദേശങ്ങളുടെ അതിർത്തി വിഭജനത്തിൻറെ ചുവടുപിടിച്ചാണ് പാശ്ചാത്യ/പൗരസ്ത്യ പാത്രിയാർക്കൽ സഭകൾ ഉണ്ടായത്. റോമാസാമ്രാജ്യത്തിലെ നാല് പൗരസ്ത്യ പാത്രിയാർക്കൽ സഭകളും  പിൻകലങ്ങളിൽ വിഭജിക്കപ്പെട്ട് ഇന്ന് കത്തോലിക്ക സഭയിൽ 22 പൗരസ്ത്യറീത്തുകളുണ്ട്. പാശ്ചാത്യ റോമൻ പാത്രിയാർക്കൽ സഭ വിഭജിക്കപ്പെടാതെ ഇന്നും പാശ്ചാത്യ ലത്തീൻറീത്തായി തുടരുന്നു. പൗരസ്ത്യസഭകൾ എന്നുകേൾക്കുമ്പോൾ അത് റോമാസാമ്രാജ്യവുമായി ബന്ധപെടുത്തിയെ നമുക്ക് ചിന്തിക്കുവാൻ കഴിയു. കാരണം റോമാസാമ്രാജ്യാതിർത്തിക്കുള്ളിൽ വളർന്നുവികസിച്ച സഭകളാണ് പൗരസ്ത്യസഭകൾ. മറിച്ച്, റോമായുടെ കിഴക്കു സ്ഥിചെയ്യുന്ന ഭാരതത്തിൽ തോമാശ്ലീഹ സ്ഥാപിച്ച സഭയായ മാർതോമാനസ്രാണിസഭ റോമൻപൗരസ്ത്യസഭകളിൽപ്പെട്ട സഭയല്ല. അത് തോമാസ്ലീഹ സ്ഥാപിച്ച കേരളത്തിലെ തനതായ അപ്പോസ്തലിക സഭയാണ്.

റോമാസാമ്രാജ്യത്തിനു പുറത്ത് കേരളത്തിൽ മാർതോമാശ്ലീഹാ സഭ സ്ഥാപിക്കുകയുണ്ടായി. അതാണ് മാർതോമാനസ്രാണിസഭ. നസ്രാണിസഭ ഒരു കാലത്തും റോമാസാമ്രാജ്യത്തിലെ പൗരസ്ത്യസഭകളുടെ ഭാഗമായിരുന്നിട്ടില്ലന്നുള്ള ചരിത്രസത്യം നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. റോമാസാമ്രാജ്യത്തിൽ വളർന്നു വികസിച്ച പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെതന്നെ ഭാരതത്തിൽ വളർന്നു വികസിച്ച ഒരു അപ്പോസ്തലിക സഭയാണ് മാർതോമാ നസ്രാണിസഭ. നിർഭാഗ്യമെന്നു പറയട്ടെ, റോമിലെ പൗരസ്ത്യ തിരുസംഘം പൗരസ്ത്യറോമാസഭകളിൽപ്പെടാത്ത മാർതോമാ നസ്രാണിസഭയേയും കല്ദായസഭയുടെ ഭാഗമാക്കി പൗരസ്ത്യസഭകളിൽ ഉൾപ്പെടുത്തി. അങ്ങനെ പൗരസ്ത്യതിരുസംഘം പൗരസ്ത്യ റീത്തുകളുടെ എണ്ണം 23 ആക്കി വർദ്ധിപ്പിച്ചിരിക്കുകയാണിന്ന്.

മാർതോമായാൽ സ്ഥാപിതമായ നസ്രാണിസഭയുടെ പൈതൃകത്തെ മാർതോമാക്രിസ്ത്യാനികൾ വിശേഷിപ്പിച്ചിരുന്നത് 'മാർതോമായുടെ മാർഗവും വഴിപാടും' എന്ന കുറുമൊഴികൊണ്ടാണ്. ഭാരതീയ പാരമ്പര്യത്തിൽ വളർന്നുവന്ന മാർതോമാക്രിസ്ത്യാനികളുടെ ആകമാന ജീവിതചര്യയെയാണ് 'മാർഗവും വഴിപാടും' എന്ന വിശേഷണംകൊണ്ട് അർത്ഥമാക്കുന്നത്. മാർതോമാസഭാപൈതൃകത്തിൻറെ അഭിവാജ്യ ഘടകങ്ങളായ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം, സഭാപാരമ്പര്യങ്ങൾ, സഭാഭരണരീതികൾ, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ, നസ്രാണി ചരിത്രം, ഭാഷ എല്ലാം മാർതോമാക്രിസ്ത്യാനികളുടെ 'മാർഗവും വഴിപാടും' എന്ന ചൊല്ലിൽ അടങ്ങിയിക്കുന്നു. 

മുൻകാലങ്ങളിൽ സ്വയാധികാരസഭകളെ വേർതിരിച്ചു കണ്ടിരുന്നത് അവയുടെ ആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തിമാത്രമായിരുന്നു. നസ്രാണിസഭയ്ക്ക് സീറോ മലബാർ സഭ എന്ന പേരിട്ടതുതന്നെ അതിൻറെ ആരാധനക്രമപൈതൃകം കല്ദായമായതിനാലായിരുന്നില്ല. മറിച്ച്, സുറിയാനിഭാഷ ആരാധനക്രമഭാഷയായതിനാലായിരുന്നു. (സീറോ മലബാർ എന്ന പേര് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം ഇന്ന് ആരാധനക്രമഭാഷ മലയാളമാണല്ലോ.) മാർതോമാനസ്രാണികളുടെ ആരാധനക്രമ പൈതൃകം കല്ദായമാണെന്ന് വാദിച്ചിരുന്ന പൗരസ്ത്യതിരുസംഘത്തിൻറെ കൂടെ ചങ്ങനാശ്ശേരിയിലെ മാർ പവ്വത്തിലും ചുരുക്കം ചില കല്ദായപ്രേമികളായ മറ്റു മെത്രാന്മാരും കൂടിയതിൻറെ ഫലമായി ബഹുഭൂരിപക്ഷം സഭാംഗങ്ങളുടെയും എതിർപ്പിനെ അവഗണിച്ച് കൽദായ റാസകുർബാന സീറോ മലബാർ സഭയിൽ അടിച്ചേല്പിക്കുകയാണ് ചെയ്തത്. ചരിത്രപരമായി തെറ്റായ ഒരു നീക്കമായിരുന്നത്. കാരണം ഉദയമ്പേരൂർ സൂനഹദോസിനുമുമ്പ് നമ്മുടെ കത്തനാരന്മാർ റാസകുർബാന ചൊല്ലിയിരുന്നില്ല. കല്ദായയിൽനിന്നു വന്നിരുന്ന മെത്രാന്മാർ മാത്രമെ റാസകുർബാന ചൊല്ലിയിരുന്നൊള്ളു. കൽദായ റാസകുർബാന മാർതോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമ പൈതൃകമല്ല (ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ 'നമ്മുടെ കത്തനാരന്മാർ കൽദായ കുർബാന ചൊല്ലിയിരുന്നുവോ?' എന്ന ലഘുലേഖ കാണുക).  ഉദയമ്പേരൂർ സൂനഹദോസിനുശേഷം 1622-ൽ ഫ്രാൻസിസ് റോസ്‌ മെത്രാൻ പുതിയ കുർബാന (അത് കൽദായ കുർബാന ആയിരുന്നില്ല) നമ്മുടെ സഭയ്ക്ക് നല്കിയപ്പോൾ അന്നുവരെ ഉപയോഗിച്ചിരുന്ന ആരാധനക്രമഭാഷയായ സുറിയാനി തുടർന്ന് ഉപയോഗിക്കുകയായിരുന്നു. അത് റോസ്‌മെത്രാൻറെ കൂർമബുദ്ധിയോടെയുള്ള വിജയകരമായ മതരാഷ്ട്രീയ നീക്കമായിരുന്നു. കാരണം നസ്രാണികൾ അന്നുവരെ ആരാധനഭാഷയായി ഉപയോഗിച്ചിരുന്ന സുറിയാനിഭാഷ മാറ്റി ലത്തീൻഭാഷ ആരാധനക്രമത്തിന് ഉപയോഗിച്ചു തുടങ്ങിയിരുന്നെങ്കിൽ സഭയിൽ വൻ വിപ്ലവമുണ്ടാകുമായിരുന്നു. അദ്ദേഹം ആ ദുരന്തം ഒഴിവാക്കാൻ വേണ്ടിമാത്രമായിരുന്നു സുറിയാനിഭാഷ ആരാധനക്രമഭാഷയായി തുടർന്നത്.

ഉദയമ്പേരൂർ സൂനഹദോസിനുശേഷം (1599), കൽദായ സുറിയാനി മെത്രാന്മാരെ കിട്ടാൻവേണ്ടി മുറുമുറുത്തു നിന്നിരുന്ന കത്തനാരന്മാരെയും എണങ്ങരെയും തൃപ്തിപ്പെടുത്താൻവേണ്ടി മാത്രമാണ് റോസ്‌മെത്രാൻ പുതിയ കുർബാനയുടെ ഭാഷ സുറിയാനിയാക്കിയത്. എന്നിട്ടരിശം തീരാഞ്ഞിട്ടാണല്ലോ കൂനൻകുരിശുസത്യ വിപ്ലവത്തിൽ (1653) ചെന്നവസാനിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിനോടുകൂടി, 1962-ൽ സുറിയാനിഭാഷമാറ്റി തദ്ദേശഭാഷയായ മലയാളം ആരാധനക്രമഭാഷയാക്കി. ഈ പരിണാമങ്ങളിലൊന്നും സുറിയാനി ഭാഷ ആരാധനഭാഷയായി ഉപയോഗിച്ചതല്ലാതെ കൽദായ ആരാധനക്രമം നസ്രാണികളുടെ സഭാപൈതൃകമായി കാണാൻ സാധിക്കയില്ല. എന്നാൽ കൽദായ ആരാധനക്രമം നസ്രാണിസഭയുടെ പൈതൃകമായി സ്ഥാപിച്ചതുവഴി അപ്പോസ്തലികസഭയായ മാർതോമാസഭയെ നസ്രാണി മെത്രാന്മാർ പൗരസ്ത്യ തിരുസംഘത്തിന് ഒറ്റിക്കൊടുക്കുകയും ശുഷ്ക്കമാക്കുകയാണ് ചെയ്തത്.

ആരാധനക്രമത്തെക്കാളുപരി ഓരോ സഭയുടെയും സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലവും സഭാഭരണ സമ്പ്രദായ പൈതൃകവുമാണ് സ്വയാധികാര സഭകളെത്തമ്മിൽ വേർതിരിക്കുന്ന ഘടകങ്ങൾ.

സ്വയംഭരണാധികാരം ലഭിച്ചതിനുശേഷം സീറോ മലബാർ സഭാമേലധികാരികൾ (മെത്രാന്മാർ) മാർതോമായുടെ മാർഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ കാലോചിതമായി പ്രാവർത്തികമാക്കേണ്ടതായിരുന്നു. എന്നാൽ അതിനെ സംബന്ധിച്ച് വൈദികരായോ അല്മായരായോ സംസാരിക്കാൻപോലും മെത്രാന്മാർ കൂട്ടാക്കിയില്ല. "ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ അഭംഗമായും പൂർണമായും സംരക്ഷിക്കുക എന്നതാണ് തിരുസഭയുടെ ലക്‌ഷ്യം” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ നിർദേശത്തെ മാനിക്കാതെ സീറോ മലബാർ മെത്രാന്മാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണ് ചെയ്തത്. അല്മായർക്ക് സഭാഭരണത്തിൽ പൂർണമായ ഭാഗഭാഗിത്വം ഉണ്ടായിരുന്ന പള്ളിപൊതുയോഗങ്ങൾ വഴിയുള്ള സഭാഭരണരീതി മാർതോമാക്രിസ്ത്യാനികളുടെ തനിമയാർന്ന പൈതൃകമായിരുന്നു. വിദേശമെത്രാന്മാർ നസ്രാണിസഭയുടെ ഭൗതികവസ്തുക്കൾ പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ സമുദായം ഒറ്റക്കെട്ടായി അതിനെ എതിർത്തു. 1632 -ൽ ജാതിക്കുകർത്തവ്യൻ ഗീവർഗീസ് അർക്കാദിയാക്കോൻറെ നേതൃത്വത്തിൽ ബ്രിട്ടോ മെത്രാനെതിരായി വിപ്ലവം സൃഷ്ടിച്ച്, യാതൊരു കാരണവശാലും പള്ളിഭരണത്തിലും ഭൗതികകാര്യങ്ങളിലും ഇടപെടുകയില്ലെന്ന് അദ്ദേഹത്തിൽനിന്ന് എഴുതിവാങ്ങിച്ചു (Fr. Kollaparambil, St. Thomas Christian Revolution in 1653, Page 52). തുടർന്നുവന്ന ഗാർഷ്യ മെത്രാൻ പള്ളികളുടെ ഭൗതകഭരണം വീണ്ടും പിടിച്ചെടുത്തപ്പോളാണ് കൂനൻകുരിശ് സത്യം 1653 -ൽ നടന്നത്. പിന്നീട് ലവീഞ്ഞ് മെത്രാനും (1887-1896) അതിനുശേഷം ചങ്ങനാശ്ശേരിയിൽ നിയമിതനായ മത്തായി മാക്കീൽ നാട്ടുമെത്രാനും പള്ളിഭരണം പിടിച്ചെടുത്തു (1904-ലെ ദക്രേത്തുപുസ്‌തകം കാണുക). മാർത്തോമാ നസ്രാണിസഭയുടെ ഭൗതക കാര്യങ്ങളുടെ നടത്തിപ്പ് പള്ളിയോഗങ്ങൾവഴി നടന്നിരുന്ന പൂർവ പാരമ്പര്യ പൈതൃകത്തെ പുനരുദ്ധരിക്കുന്നതിനുപകരം സീറോ മലബാർ മെത്രാന്മാർ ഈ അടുത്തകാലത്ത് പാശ്ചാത്യ സഭാഭരണരീതിയിലുള്ള വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ സ്ഥാപിച്ച് തൃപ്തരായി. നസ്രാണികളുടെ എല്ലാമായ പള്ളിപൊതുയോഗഭരണസംമ്പ്രദായത്തെ തകിടം മറിച്ച്‌ എല്ലാ അധികാരങ്ങളും മെത്രാൻറെ ഭരണത്തിൻകീഴിലാക്കി. നസ്രാണികളുടെ വികേന്ദ്രീകൃത സഭാഘടനയെ ലത്തീനീകരിച്ച് അതികേന്ദ്രീകൃതമായ ഹയരാർക്കിക്കൽ വ്യവസ്ഥയ്ക്കു കീഴിലാക്കി.  കൂടാതെ ഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളിൽ പെടാത്ത മാർതോമാ അപ്പോസ്തലിക സഭയായ സീറോ മലബാർ സഭയിലും പൗരസ്ത്യസഭകളുടെ കാനോനകൾ ബാധകമാക്കി (1991). ആ പ്രവർത്തനത്തിലൂടെ മെത്രാന്മാർ കൊടും വഞ്ചനയാണ് നസ്രാണികളോട് ചെയ്തത്. നസ്രാണികളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരക്തമാക്കപ്പെട്ടിട്ടുള്ള പൈതൃകത്തെ അത് ഇല്ലായ്മചെയ്തു. സഭാഭരണം പിടിച്ചെടുത്തു. അല്മായരുടെ സഭയിലുള്ള അന്തസ്സും അവകാശങ്ങളും നശിപ്പിച്ചുകളഞ്ഞു.

പണ്ട് ഉദയമ്പേരൂർ സൂനഹദോസിൽ പോർട്ടുഗീസുകാർ നമ്മുടെ പൂർവീകരെക്കൊണ്ട് ഏറ്റുപറയിപ്പിച്ച അതുതന്നെ, "മിശിഹാ കർത്താവിനാൽ സ്ലിഹൻമ്മാര പഠിപ്പിക്കപ്പെട്ട നടത്തിയ മാർഗ്ഗം ഒന്നത്രെ എന്നും ശമഹൊൻ കെപ്പാടെയും മർത്തൊമ്മാടയും മാർക്കവും വഴിപാടും ഒന്ന അത്രെ എന്നും വിശ്വസിക്കുന്നെൻ. അത രണ്ടിച്ച പറയുന്നത ഉപെക്ഷിക്കുന്നെൻ" ഇന്ന് ‘പണ്ഡിതന്മാരായ’ സീറോമലബാർ നാട്ടുമെത്രാന്മാർ യാതൊരു ശങ്കയും ഉളിപ്പുമില്ലാതെ നസ്രാണികളെകൊണ്ട് ഏറ്റുപറയിപ്പിക്കുന്നു. പാശ്ചാത്യർ നമ്മെ ലത്തീനീകരിച്ചുയെന്ന് ലോകം മുഴുവൻ അവർ പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നു! എന്തൊരു വിരോധാഭാസം!!

കേരളത്തിലെ ക്രൈസ്തവ ജീവിത പാരമ്പര്യം മാത്രമാണ് മാർതോമാ കേരളത്തിൽ വന്നിരുന്നു എന്നതിൻറെ ശക്തമായ ഏക തെളിവ്. നസ്രാണികളുടെ ആസ്തിത്വത്തിൻറെയും നിലനില്പിൻറെയും സുപ്രധാന ഘടകമാണ് പാരമ്പര്യപൈതൃകങ്ങൾ. അതിൻറെ കടയ്ക്കാണ് കഴിഞ്ഞ മുപ്പത് വർഷംകൊണ്ട് നസ്രാണി മെത്രാന്മാർ കോടാലി വെച്ചത്. ആ അട്ടിമറിക്കലിനെപ്പറ്റി വിശ്വാസികൾ മനസ്സിലാക്കുമ്പോൾ മാത്രമെ കാര്യത്തിൻറെ ഗൗരവം തിരിച്ചറിയൂ. നീണ്ട ഇരുപത് നൂറ്റാണ്ടുകൾകൊണ്ട് വികസിച്ചുവന്ന കേരള മാർതോമാ നസ്രാണി പൈതൃകത്തെ ഇല്ലാതാക്കി അവരെ ‘സുറിയാനിക്രിസ്ത്യാനികൾ’ ആക്കാനും പള്ളികളുടെ ഭൗതികഭരണം പിടിച്ചെടുക്കാനും കൂട്ടുനിന്ന നാട്ടുമെത്രാന്മാർ ഒരു കാലത്തും മാപ്പ് അർഹിക്കുന്നില്ല.

മാർതോമാ പൈതൃകമായ മുൻകാല പള്ളിഭരണത്തിലേയ്ക്ക് തിരിച്ചുപോകാൻ ഇനി ഒരേയൊരു മാർഗമെ ഉള്ളൂ. നിയമപരിഷ്‌കരണ കമ്മീഷൻറെ ചെയർമാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി. ആർ. കൃഷ്‌ണയ്യർ തയ്യാറാക്കി കേരള സർക്കാരിന് സമർപ്പിച്ച കേരള ക്രൈസ്‌തവസഭകളുടെ വസ്‌തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ് ബില്ലിൻ പാസാക്കി പ്രാബല്യത്തിൽ വരുത്തുക. അല്മായരും അല്മായ സംഘടനകളും അതിനായി ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

http://www.malayalamdailynews.com/?p=421798 

No comments:

Post a Comment