Translate

Thursday, November 22, 2018

KCRMNA പതിനൊന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്


KCRMNA-യുടെ പതിനൊന്നാമത് ടെലികോൺഫെറൻസ് നവംബർ 14, 2018 ബുധനാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് നടത്തുകയുണ്ടായി. രണ്ടിലധികം മണിക്കൂർ നീണ്ടുനിന്നതും ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി അൻപതില്പരം ആൾക്കാർ പങ്കെടുക്കുകയും അതിൽ മുപ്പതിലധികം പേർ ചർച്ചയിൽ സജീവമായി ഇടപെടുകയുണ്ടായി. മൗന ഈശ്വരപ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. സിസ്റ്റർ ജെസ്‌മി (Sr. Jesme) യായിരുന്നു ഇപ്രാവശ്യം വിഷയം അവതരിപ്പിച്ചത്. ചർച്ച് ആക്ട് കൗൺസിൽ വൈസ് ചെയർപേഴ്‌സനും കെ സി ആർ എം നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനുമായ ശ്രീ ജെയിംസ് ഐസക് കുരീക്കാട്ടിൽ സിസ്റ്റർ ജെസ്‌മിയെ ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും പരിചയപ്പെടുത്തി.

“ക്രൈസ്തവസഭകളിലെ ചൂഷണ വിധേയരായിക്കൊണ്ടിരിക്കുന്ന കന്ന്യാസ്ത്രികൾ” എന്ന വിഷയത്തെ ആസ്‌പദമാക്കിയായിരുന്നു ഇപ്രാവശ്യം ചർച്ച നടന്നത്. സിസ്റ്റർ ജെസ്‌മിയുടെയും കൂടാതെ, കോൺഫെറൻസിൽ സജീവമായി പങ്കെടുത്തവരുടെയും വിഷയസംബന്ധമായ അഭിപ്രായങ്ങളും അനുഭവങ്ങളും ചുരുക്കമായി ഇവിടെ കുറിക്കുന്നു.

മഠങ്ങളുടെ നാലു ഭിത്തിക്കുള്ളിൽ നിരവധി കന്ന്യാസ്ത്രികൾ പലവിധ പീഡനങ്ങൾക്ക് ബലിയാടുകളാകുന്നുണ്ട്. ജെസ്‌മി, വയനാട്ടിലെ മേരി ചാണ്ടി, ചെർപ്പുങ്കലെ മേരി സെബാസ്റ്റ്യൻ, അഭയ, ഞാറയ്ക്കൽ കന്ന്യാസ്ത്രികൾ, കുറവിലങ്ങാട് മഠത്തിലെ കന്ന്യാസ്ത്രികൾ തുടങ്ങിയവർ ഏതാനും ഉദാഹരണങ്ങൾ മാത്രം. നല്ല വിദ്യാഭ്യാസവും ഉന്നത ജോലിയുമുള്ള കന്ന്യാസ്ത്രികൾക്കുപോലും പീഡന അനുഭവങ്ങൾ ഉള്ളപ്പോൾ വിദ്യാഭ്യാസം കുറഞ്ഞ, ജോലി കുറഞ്ഞ, പാവപ്പെട്ട വീടുകളിലെ കന്ന്യാസ്ത്രികളുടെ സ്ഥിതി എന്ത് പരിതാപകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ കരളലിയിക്കുന്ന കഥകളും രോദനങ്ങളും മഠത്തിൻറെ മതില്കെട്ടിനുള്ളിൽ അടങ്ങും. പൗരോഹിത്യ മേധാവികളുടെ ലൈംഗികചൂഷണങ്ങൾകൊണ്ട് ഹൃദയം പൊട്ടിയാലും അത് പരമരഹസ്യമായി ഹൃദയത്തിൽത്തന്നെ സൂക്ഷിക്കും. ചിലർക്ക് മഠത്തിലെ ജീവിതം ജയിൽവാസമാണ്. ചതിക്കുഴിയിൽ വീണവർക്ക് രക്ഷപെടാൻ മാർഗവുമില്ല. സഭാസംവിധാനവും സാമൂഹ്യചുറ്റുപാടുകളും കുടുംബപശ്ചാത്തലവും അവരെ ആ ചെളികുഴിയിൽ തുടരാൻ നിർബന്ധിതരാക്കുന്നു.

വൈദികർക്ക് പണം സമ്പാദിക്കാം; ആഢംബരജീവിതം നയിക്കാം; കൂദാശകൾവെച്ച് വിലപേശാം; വിശ്വാസികളെ അടച്ചുഭരിക്കാം; വേണ്ടിവന്നാൽ ഫ്രാങ്കോമാരാകാം. പാവം കന്ന്യാസ്ത്രികൾക്ക് കൂദാശകൾ പാരികർമം ചെയ്യാനുള്ള അധികാരമില്ല; അവരുടെ അന്തസ്സുപോലും ഒരു കൂദാശയല്ല; തേനീച്ചകളെപ്പോലെ രാപകലില്ലാതെ പണിയെടുത്ത് മഠത്തിന് സമ്പത്തുകൂട്ടാൻ ളോഹയിട്ട കുറെ അവിവാഹിതകൾ! ഒരു സ്ത്രീയുടെ എല്ലാവിധ അടിസ്ഥാന മനുഷാവകാശങ്ങളെയും നിഷേധിക്കുന്ന അവസ്ഥയാണ് കന്ന്യാസ്ത്രിജീവിതം. 'യേശുവിൻറെ മണവാട്ടി' എന്ന തട്ടിപ്പുപേരും ചാർത്തികൊടുത്ത് എത്രയോ ജീവിതങ്ങളാണ് മഠങ്ങളിൽ അടഞ്ഞുകിടന്ന്‌ നശിച്ചുപോകുന്നത്? ജീവിതം  പാഴാക്കിയ ജന്മങ്ങൾ!!

കന്ന്യാസ്ത്രികളുടെ മാനം പോയാൽ ആർക്കുചേതം എന്ന മട്ടിലാണ് സഭാധികാരം. കുറ്റാരോപിതനായ ഫ്രാങ്കോയെ ന്യായീകരിക്കാനും ജയിലിൽ പോയി കാണാനും സ്വീകരിക്കാനും മെത്രാന്മാരും പട്ടക്കാരും കന്ന്യാസ്ത്രികളും രാഷ്ട്രീയക്കാരും വിശ്വാസികളും (അന്ധവിശ്വാസികളും) ഉണ്ട്. വൈദിക അതിക്രമങ്ങളെ എതിർത്താൽ ജഡം കിണറ്റിലോ തൂങ്ങിമരിച്ച നിലയിലോ കാണപ്പെടും. പല കന്ന്യാസ്ത്രികളെയും മാനസിക രോഗികളായി മുദ്രകുത്തും. അവരുടെ കണ്ണുനീർ അവർതന്നെ കുടിച്ചുതീർക്കും. ലോകം എന്തേ ഇങ്ങനെ?

സിസ്റ്റർ ജെസ്‌മിയെപോലുള്ളവർ സംസാരിക്കുന്നതും എഴുതുന്നതും സഭയെ നശിപ്പിക്കാനല്ല. മറിച്ച്, സഭാധികാരവും മഠങ്ങളും നല്ല വ്യക്തിത്വമുള്ള കന്ന്യാസ്ത്രികളെ നശിപ്പിക്കാതിരിക്കാനും സഭയിലെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്യാനും ലൈംഗിക ചൂഷണങ്ങൾക്ക് അറുതിവരുത്താനും സഭാധികാരികളുടെ സുഖലോലുപജീവിതത്തെ അനാവരണം ചെയ്യാനുമാണ്, സ്വന്തം ജീവിത സുരക്ഷിതത്വത്തെത്തന്നെ അപകടത്തിലാക്കി സാഹസികരായി പോരാടുന്നത്. അവർ സഭയുടെ നന്മയെ കാംക്ഷിക്കുന്നു. തിന്മകൾക്കെതിരെയുള്ള ആദർശത്തെയാണവർ പൊക്കിപ്പിടിക്കുന്നത്. സഹിഷ്ണതയില്ലാത്ത, സ്നേഹമില്ലാത്ത സഭാധികാരികളുടെ കണ്ണുതുറപ്പിക്കുകയാണ് അവർ ചെയ്യുന്നത്. സിസ്റ്റർ ജെസ്‌മിയെപ്പോലുള്ളവർ രാക്ഷസികളോ ഭൂതങ്ങളോ രക്തയക്ഷസികളോ പ്രേതഭൂതങ്ങൾ ആവസിച്ച വ്യക്തികളോ അല്ല. അവർ മാംസവും രക്തവും വലിയ ഹൃദയവുമുള്ള പ്രവാചകകൾ ആണ്. 

തിരഞ്ഞെടുത്തിരിക്കുന്ന ജീവിതാന്തസ്സ്‌ പറ്റിയതല്ലെങ്കിൽ ഇറങ്ങിപ്പോരണം. കൂലിവേലചെയ്‌തെങ്കിലും സ്വതന്ത്രമായി അന്തസ്സായി ജീവിക്കണം. കേരളത്തിൽ 38,000-ത്തിൽകൂടുതൽ കന്ന്യാസ്ത്രികളുണ്ട്. അതിൽ 1% മെ നല്ലവരൊള്ളു എന്ന അഭിപ്രായമാണ് സിസ്റ്റർ ജെസ്‌മിക്കുള്ളത്. സ്വന്തം വ്യക്തിത്വമില്ലാത്തവർ വെറും ഒഴുക്കിൽപ്പെട്ട് മുമ്പോട്ടുപോകുന്നു.

ഭൗതിക ചിന്ത കടന്നുകൂടി, സമ്പത്ത് ദൈവമാകുമ്പോൾ അതിനോടുള്ള ആക്രാന്തം വർദ്ധിക്കുന്നു. ധനമായി, ശക്തിയായി (ആത്മീയശക്തി, സാമൂഹികശക്തി, അക്കാദമികശക്തി, രാഷ്ട്രീയശക്തി) മന്ത്രിമാരെയും  രാഷ്ട്രിയക്കാരെയും  സ്വാധീനിക്കുന്ന വോട്ടുബാങ്കായി, ലൗകികതയിൽ മുഴുകി, സുഖഭോഗങ്ങളിൽ ആറാടി, മദ്യവും മധുരാക്ഷിയുമായി അധഃപതിച്ച ജീവിതം നയിക്കുന്നവർക്ക് നിത്യവും അപ്പംതരുന്ന ദൈവത്തിൻറെ  പരിപാലനയിലുള്ള വിശ്വാസം ഇല്ല. അതു പണ്ടേ നഷ്ടപ്പെട്ടുപോയി. സഭാമേലധ്യക്ഷന്മാരുടെ സാമ്പത്തിക കാര്യങ്ങളിലെ ഉത്തരവാദിത്വക്കുറവ് പൊതുസമൂഹത്തിന് ഉതപ്പും സഭയോടുള്ള വിശ്വസ്തതയ്ക്ക് മങ്ങലുമേല്ക്കുന്നു.

ചില കന്ന്യാസ്ത്രികളുടെ മെത്രാന്മാരോടും വൈദികരോടുമുള്ള അധിക ബഹുമാനവും ആദരവും മൃദുസമീപനവും അവർതന്നെ വീണുകൊടുക്കാൻ സാഹചര്യം സൃഷ്ടിക്കുകയും തക്കം നോക്കിയിരിക്കുന്ന പുരോഹിതർക്ക് വീണുകിട്ടിയ കനിയായി മാറുകയും ചെയ്യും. അതുകൊണ്ട് കന്ന്യാസ്ത്രികൾ വൈദികരോട് അല്പം അകലം പാലിക്കുന്നത് നല്ലതുതന്നെ.

ലോകപ്രസിദ്ധയായ ദയാഭായിക്ക് ഒരു വൈദികനിൽ നിന്നുണ്ടായ ലൈംഗിക അതിക്രമ അനുഭവും ചേരിയിൽനിന്നുള്ള കുട്ടികളുടെ കൂട്ട കരച്ചിലും സഭയോ ക്രിസ്തുവോ (Church or Christ) എന്ന ചോദ്യത്തിലെയ്ക്കവരെ നയിച്ചു. കാരണം യേശു പള്ളിക്കു പുറത്തായി എന്നവർക്ക് ബോധ്യമായി. സഭയോടടുക്കുമ്പോൾ ദൈവത്തിൽനിന്നകലുന്നു. ദൈവത്തോടടുക്കുമ്പോൾ സ്വാഭാവികമായി സഭയിൽനിന്ന് അകലുന്നു.

ചേരികളിലെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ മഠംവിട്ടിറങ്ങിയ മദർ തരേസയെ സഭ അന്ന് തിരിഞ്ഞുനോക്കിയില്ല. ആ സഭ ആ സ്ത്രീയെ പുണ്യവതിയാക്കി ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നു!

ചാവദോഷത്തിലിരിക്കുന്ന പുരോഹിതൻ കുർബാന ചൊല്ലിയാൽ അത് വാസ്തവമെന്ന് പഠിപ്പിക്കുന്ന പുരുഷമേധാവിത്വംതന്നെ സ്ത്രീകൾക്ക് പട്ടം എന്ന കൂദാശ സ്വീകരിക്കാൻ പാടില്ലെന്ന് വിധിക്കുന്നു. നിർമലയായ ഒരു കന്ന്യാസ്ത്രിക്കുപോലും ഒരു കൂദാശ പാരികർമം ചെയ്യാൻ അധികാരമില്ല.

സൽപ്പേര് കാത്തുസൂക്ഷിക്കാൻവേണ്ടി മഠങ്ങളിലെ സുപ്പീരിയർമാർ വല്ലതും കേട്ടാലും കണ്ടാലും എല്ലാം കണ്ണടയ്ക്കുന്നു. വൈദികരോടുള്ള അടിമചിന്ത ആ സമൂഹത്തെ മുഴുവൻ അടിമകളാക്കുന്നു.

നന്മ ചെയ്യാൻ ആഗ്രഹിച്ച് മഠത്തിൽ ചേരുന്ന കുട്ടികളെ നന്മ ചെയ്യാൻ അനുവദിക്കാതെ പണം സമ്പാദിക്കുന്ന ഉപകാരണങ്ങളാക്കിത്തീർത്ത് ഒരു ജന്മം മുഴുവൻ പാഴാക്കിക്കളയുന്നു. മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കാത്ത എന്ത് പ്രവർത്തികളാണ് കന്ന്യാസ്ത്രികൾക്ക് ചെയ്യാൻ സാധിക്കുക? മാന്യമായ ഒരു ജീവിതാവസ്ഥക്കുള്ള ഇടമല്ല മഠം. യഥാർത്ഥ സ്നേഹം അവിടെ ഇല്ലെന്നാണ് സിസ്റ്റർ ജെസ്‌മിയുടെ അഭിപ്രായം. കുറഞ്ഞ ഭക്ഷണവും വസ്ത്രവും മാത്രം ആവശ്യമുള്ള 38,000 കന്ന്യാസ്ത്രികൾ ഒത്തുപിടിച്ചാൽ കേരളത്തെ സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും രക്ഷിക്കാൻ കഴിയും. മഠത്തിനുള്ളിലിരുന്ന് പ്രാർത്ഥിച്ചിട്ട് എന്തുകാര്യം? യാഥാർത്ഥത്തിൽ വംശനാശഭീഷണി നേരിടുന്ന വർഗമാണ് കന്ന്യാസ്ത്രികൾ, ഇന്ന്.

എതിർപ്പ് കാണിക്കുന്ന കന്ന്യാസ്ത്രികളെ മറ്റു കന്ന്യാസ്ത്രികളുടെ നോട്ടപ്പുള്ളികളാക്കിയും മുറികളിൽ പൂട്ടിയിട്ടും ‘നീ സഭയിൽനിന്ന് പൊയ്‌ക്കോ’ എന്ന ശാപവാക്കുകൾ വാർഷിച്ചും കൊല്ലാക്കൊല ചെയ്യുമ്പോഴും മഠത്തിന് പുറത്തുപോയി ജീവിക്കാൻ അവർക്ക് ഒരു മാർഗവുമില്ല. പണമില്ല. അന്തിയുറങ്ങാൻ വീടില്ല. ജോലിയില്ല. സഭയുടെയും സമൂഹത്തിൻറെയും എതിർപുവേറെ. ഭ്രാന്തി, വേശ്യ എന്നെല്ലാം വിളിച്ചുള്ള അവഹേളനവും സഹിക്കണം. പുരോഹിത അടിമത്വത്തിൽനിന്ന് വെളിയിൽ വരാൻ കന്ന്യാസ്ത്രികളെ പ്രേരിപ്പിക്കണമെന്നും പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്ന കന്ന്യാസ്ത്രികൾക്കുവേണ്ട സഹായം ചെയ്തുകൊടുത്ത് ക്രിസ്‌തുവിൻറെ പാത പിന്തുടർന്ന് മാതൃകയാകണമെന്നും അഭിപ്രായപ്പെടുകയുണ്ടായി.

യേശുവിനെ സഭയിൽ തിരിച്ചുകൊണ്ടുവരണമെങ്കിൽ വിശ്വാസികൾ തങ്ങളുടെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് സഭാധികാരികളുടെ അടിമത്തത്തിൽനിന്നും രക്ഷപ്പെട്ട് സ്വതന്ത്രരാകണം. കേരളത്തിലെ പൊതുജീവിതത്തിൽ പുരുഷാധിപത്യം ഉണ്ട്. എന്നാൽ അതിൻറെ പത്തിരട്ടി ക്രിസ്തീയ സഭകളിലുണ്ട്. ലൈംഗികവിഷയത്തിൽ കുറ്റാരോപിതരായ പുരോഹിതരെ സംരക്ഷിക്കുന്ന ചരിത്രമെ ക്രിസ്തീയ സഭകൾക്കൊള്ളൂ. അപ്പോൾ ചൂഷിതരായ കന്ന്യാസ്ത്രികൾക്ക് എങ്ങനെ നീതി ലഭിക്കും? പുരോഹിത ഇംഗിതത്തിനു വഴങ്ങാത്ത കന്ന്യാസ്ത്രീകളുടെ ഉടുപ്പൂരിപ്പിക്കുന്ന പരിപാടിക്കെതിരായി വിശ്വാസികൾ ശബ്ദമുയർത്തിയേ പറ്റൂ.

മഠജീവിതത്തിൻറെ അകത്തളങ്ങളിലേക്ക് സിസ്റ്റർ ജെസ്‌മി ശ്രോതാക്കളെ കൊണ്ടുപോയി. സിസ്റ്ററിൻറെ ഹൃദയഹാരിയായ പ്രഭാഷണംകൊണ്ട് സിസ്റ്റർ ആരെന്നുള്ളതിൻറെ വ്യക്തതയും കൂടാതെ അവരെ സംബന്ധിച്ചുള്ള പല തെറ്റായ ധാരണകളും തിരുത്തപ്പെടാനും ഇടയായി.

മതമില്ലെങ്കിലും നന്മപ്രവർത്തികൾ ചെയ്യുന്നവർക്ക് സ്വർഗം കിട്ടുമെന്നുള്ള ഫ്രാൻസിസ് പാപ്പയുടെ ഉപദേശവും ചർച്ചയിൽ പൊന്തിവന്നു. ബൈബിൾ വായിച്ച് പള്ളിയെ ഉപേക്ഷിച്ച വ്യക്തിയും കോൺഫെറൻസിൽ സജീവമായിരുന്നു. ചെളിയിൽ വീണിട്ട് തൻറെ ദേഹത്ത് ചെളിപറ്റിയെന്ന് ആവലാതിപ്പെടുന്നതിൽ അർത്ഥമില്ലെന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. കന്ന്യാസ്ത്രികൾക്ക് പൊതുനിരത്തിൽ സമരം ചെയ്യാൻ ധൈര്യം ലഭിച്ചെങ്കിൽ, അവർ സഭയിൽ തിരുത്തൽശക്തിയായി മാറിക്കഴിഞ്ഞു. സഭയിൽ നല്ല മാറ്റങ്ങൾ സംഭവിക്കുമെന്ന് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചവരുമുണ്ട്. സഭാനവീകരണ കൂട്ടായ്‌മകൾ സഭയെ എതിർക്കുകയോ സഭയെ നശിപ്പിക്കുവാൻ ശ്രമിക്കുകയോ അല്ലാ ചെയ്യുന്നത്. നേരെമറിച്ച്, ആനുകാലികമായ നല്ല മാറ്റങ്ങൾ സഭയിൽ വരുത്തി മുങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന കപ്പലിനെ രക്ഷിക്കുകയാണ് സഭാനവീകരണ പ്രസ്ഥാനങ്ങൾ ചെയ്യുന്നത് എന്ന അഭിപ്രായമാണ് എല്ലാവരും പ്രകടിപ്പിച്ചത്.

പത്തുവർഷങ്ങൾക്കുമുമ്പ് മഠം ഉപേക്ഷിച്ചുപോന്ന, ഇപ്പോൾ ക്ലിവ്ലൻഡിൽ (Ohio) ഡോക്ടറേറ്റിന് പഠിച്ചുകൊണ്ടിരിക്കുന്ന മേരി ജോസും അവരുടെ മഠത്തിലെ ജീവിതാനുഭവങ്ങൾ കുറെയൊക്കെ പങ്കുവെച്ചു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് സിസ്റ്റർ ജെസ്‌മിയ്ക്കും നന്ദിപറഞ്ഞ് യോഗം അവസാനിപ്പിച്ചു.

നമ്മുടെ അടുത്ത ടെലികോൺഫെറൻസ് ഡിസംബർ 12, 2018 ബുധനാഴ്ച്ച 9 pm (EST) നടത്തുന്നതാണ്.

വിഷയം: "ക്രൈസ്തവസഭകളും ജനാധിപത്യവും"

മുഖ്യപ്രഭാഷകൻ: ഫാദർ അഗസ്റ്റിൻ വട്ടോളി

WISHING EVERYONE A SAFE AND HAPPY THANKSGIVING

ചാക്കോ കളരിക്കൽ

ജനറൽ കോർഡിനേറ്റർ

No comments:

Post a Comment