Translate

Tuesday, November 27, 2018

പാപത്തിന്റെ പാറമേല്‍ പണിത പള്ളി

സെബാസ്റ്റ്യന്‍ വട്ടമറ്റം
   
    പാറമേല്‍ തന്റെ പള്ളി പണിയുമെന്ന് പറഞ്ഞ കര്‍ത്താവ് ഒരിക്കലുമോര്‍ത്തുകാണില്ല അതിങ്ങനെ പാപങ്ങളുറഞ്ഞുകൂടിയ പാറയായിരിക്കുമെന്ന്. പാപക്കണ്ണീരുകൊണ്ടു തന്റെ കാലുകഴുകിയ മഗ്ദലനയോട്, ചെയ്തപാപമെല്ലാം ഒറ്റയ്ക്കുവന്നു  തന്റെ ചെവിയിലൊന്നു വിവരിക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടുമില്ല.
    മഗ്ദലനയെ പോലൊരു പാപിനി 5-ാം നൂറ്റാണ്ടില്‍ റോമിലൊരു പള്ളി മുറ്റത്തെത്തിയ രംഗം 'ദി ഡാര്‍ക് ബോക്‌സ്' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവള്‍ മെത്രാന്റെയും വൈദികരുടെയും ജനത്തിന്റെയും മുന്നിലെത്തി പരസ്യമായി പാപമേറ്റു പറയുകയും സകലരുമവളോടൊപ്പം പാപപൊറുതിക്കായി പ്രാര്‍ത്ഥിക്കയുമാണു ചെയ്തത്. ഈ പരിപാടി പള്ളി നിയോഗിക്കുന്ന പട്ടക്കാരന്‍ വഴിയാകാമെന്നു കണ്ടു പിടിച്ച ദൈവശാസ്ത്രജ്ഞനാണ് കത്തോലിക്കാസഭയ്ക്കു  പില്‍ക്കാലങ്ങളില്‍ രാജ്യവും ശക്തിയുമധികാരവും ഉണ്ടാക്കിക്കൊടുത്തത്. പള്ളികള്‍ പാപത്തിന്റെ സംഭരണ-സംസ്‌കരണ യൂണിറ്റുകളായി. പുതിയ മുന്തിയ ഇനം പാപങ്ങള്‍ സഭ കാലാകാലങ്ങളില്‍ കണ്ടുപിടിച്ചുകൊണ്ടുമിരുന്നു. ചെയ്ത പാപങ്ങളെ പശ്ചാത്താപം ഓര്‍മ്മയില്‍ കെടാതെ സൂക്ഷിക്കുകയും ജീവിതം പാപങ്ങളുടെ ആവര്‍ത്തനപ്പുസ്തകമാവുകയും ചെയ്തു.
    സഭ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ചതിക്കുഴിയിലായ ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ പാപങ്ങളില്‍ പരമോന്നതം ലൈംഗികപാപങ്ങളാണെന്ന് കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് മരണംവരെ ആ പരിപാടി വേണ്ടന്നു വച്ച സ്ത്രീകള്‍ മൂന്നാം നൂറ്റാണ്ടില്‍ പോലുമുണ്ടായിരുന്നു. അവരെ കുറിച്ച്   ബിഷപ് സിപ്രിയന്‍ പറയുന്നത് അവര്‍ കന്യാത്വത്തിനെതിരെ പാപം ചെയ്താല്‍ അത് വ്യഭിചാരമാണെന്നാണ്. അത് അവര്‍ കര്‍ത്താവിന്റെ മണവാട്ടികളായതുകൊണ്ടാണത്രേ. അക്കാലത്ത് അവര്‍ ചെയ്യാതിരുന്ന പാപങ്ങള്‍പോലും പില്‍ക്കാലത്ത് പുണ്യവും തിരുശേഷിപ്പും പണവും പള്ളികളും പണ്ടാരങ്ങളുമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യകളും സഭ സ്വായത്തമാക്കി.  
    അതു പാവം സ്ത്രീകളുടെ കാര്യം. എന്നാല്‍ സഭയില്‍ സകല അധികാരങ്ങളും കൈയാളിയിരുന്ന പുരുഷപുരോഹിതകേസരികളോ?  അവര്‍ക്കന്നു വിവാഹവിലക്കൊന്നും ഉണ്ടായിരുന്നില്ല. കൂദാശകളോടൊപ്പം കുറ്റകൃത്യങ്ങളും ചെയ്ത് അവര്‍ സഭയെ വളര്‍ത്തിക്കൊണ്ടിരുന്നു. നാലാം നൂറ്റാണ്ടില്‍ ഇതിനെതിരെ ശബ്ദിച്ചവരെ സഭ നേരിട്ടത് 'പുരോഹിതകരങ്ങളിലെ കളങ്കം കൂദാശകളെ ബാധിക്കയില്ല' എന്ന പുതിയൊരു വിശ്വാസപ്രമാണം കൊണ്ടാണ്. അതംഗീകരിക്കാത്തവര്‍ ഡൊണാറ്റിസം(ഉീിമെേശാ) എന്ന ഒരു വിമതപ്രസ്ഥാന(ഹെറസി)മാരംഭിച്ചെങ്കിലും സഭ അവരെ കൂട്ടക്കുരുതികൊണ്ട് ഇല്ലായ്മചെയ്തു. കര്‍ത്താവിനു വേണ്ടിയായതുകൊണ്ട് ആ പാപത്തിനും  പുണ്യമായി രാസമാറ്റം സംഭവിച്ചുകാണും.
    ലൈംഗികപാപങ്ങളില്‍ത്തന്നെ ഏറ്റവും ക്വാളിറ്റി ഉള്ളത് സ്വയംഭോഗമാണെന്നു സഭ കണ്ടുപിടിച്ചത് 8-ാം നൂറ്റാണ്ടിലാണ്. പുരുഷബീജം സൂക്ഷ്മരൂപത്തിലുള്ള മനുഷ്യക്കുഞ്ഞാണെന്നും അതിനാല്‍ അതു പാഴാക്കുന്നത് മനുഷ്യക്കുരുതിയാണെന്നുമായിരുന്നു അതിനുള്ള ന്യായം. ഒരു പുരോഹിതനതു ചെയ്താല്‍ ഒരാഴ്ച പട്ടിണി കിടക്കണമെന്നും തീര്‍പ്പുണ്ടായി.
    പട്ടിണി വേണ്ടെന്നുവച്ച പാതിരിമാര്‍ സ്ത്രീപീഡനം പോലുള്ള ചെറിയ പാപങ്ങളിലേക്കു പാതി തിരിഞ്ഞു, ചിലര്‍ മുഴുവനായും. കുടുമ്പം പോറ്റാന്‍ സഭാസ്വത്തുക്കള്‍ അടിച്ചുമാറ്റുന്നതും പതിവായി. ഈ പശ്ചാത്തലത്തിലാണ് 11-ാം  നൂറ്റാണ്ടില്‍ പോപ് ഗ്രിഗറി 7-ാമന്‍ ചില കടുത്ത തീരുമാനങ്ങളെടുത്തത്. അതിലൊന്ന് പുരോഹിതന്മാര്‍ക്കു വിവാഹം വിലക്കുന്ന നീച നടപടിയായിരുന്നു.
    സഭാസ്വാധീനത്തില്‍ പെട്ട രാജ്യങ്ങളുടെ മേല്‍ പോപ്പിന്റെ പരമാധികാരമുറപ്പിക്കുന്നതായിരുന്നു മറ്റൊരു തീരുമാനം. അങ്ങനെ സ്വയംഭോഗം പോലുള്ള മഹാപാപങ്ങളുടെ ഗണത്തില്‍ പോപ്പിനെ ധിക്കരിക്കുകയെന്ന പുതിയൊരൈറ്റം കൂടി ചേര്‍ക്കപ്പെട്ടു - പോപ്പിന്റെ അധികാരസ്വയംഭോഗമുറപ്പിക്കാന്‍.  
    ഈ പുതിയ പാപത്തിലകപ്പെടുന്നവരെ നേരിടുന്നതിന് പോപ്പ് ഇന്നസെന്റ് 3-ാമന്‍ 1199-ല്‍ മതവിചാരണ(ഇങ്ക്വിസിഷന്‍)ക്കുള്ള കോടതികളാരംഭിച്ചു. ക്രൂരപീഡനങ്ങളിലൂടെ കുറ്റങ്ങളേറ്റുപറയിക്കുന്ന കുറ്റാന്വേഷണകുമ്പസാരവും(കി്‌ലേെശഴമശേ്‌ല ഇീിളലശൈീി) അക്കാലത്തു നിലവില്‍വന്നു.
    ഇതുകൊണ്ടൊന്നുമടങ്ങാത്ത സഭാവിരുദ്ധരെ നേരിടുകയായിരുന്നു 1215-ല്‍ ആരംഭിച്ച നാലാമത് ലാറ്ററന്‍ സൂനഹദോസിന്റെ ഉന്നം. ഇതിലാണ് സഭ കുമ്പസാരത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്. വിമതപക്ഷം തീര്‍ത്തും  തള്ളിപ്പറഞ്ഞിരുന്നത് കുമ്പസാരത്തെയാണ്. അപ്പോള്‍, അവരാരും കുമ്പസാരിക്കാനെത്തില്ല എന്നുറപ്പാണല്ലോ. അത്തരക്കാരെ കണ്ടുപിടിക്കാനായി എല്ലാ വിശ്വാസികളും ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നു സൂനഹദോസ്  കല്‍പിച്ചു. കുര്‍ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം അംഗീകരിക്കണമെന്നായിരുന്നു മറ്റൊരു തീരുമാനം. അങ്ങനെ, കര്‍ത്താവിനെ 'കൈ'കാര്യം ചെയ്യുന്ന പുരോഹിതന്മാര്‍ വിശ്വാസികളുടെ മനസില്‍ ഒരു പടികൂടി ഉയരുകയും ചെയ്തു.
    അമിതാധികാരവും സുഖലോലുപതയും പുരോഹിതന്മാരെ വഷനന്മാരാക്കി. 15-ാം നൂറ്റാണ്ടായപ്പോഴേക്കും പുരോഹിതകുറ്റവാളികള്‍ പെരുകി. ഫ്രാന്‍സിസ്‌കോ പറേഴ(എൃമിരശരെീ ജമൃലഷമ) എന്ന ഫ്രാസിസ്‌കന്‍ മിഷനറി  കുമ്പസാരത്തിലൂടെയുള്ള പെണ്‍വേട്ട ഒരു ഹോബിയാക്കി. ഇരകളിലൊരുവളെ കൂടെ പാര്‍പ്പിച്ചു. ഒരു കുട്ടി ജനിച്ചപ്പോള്‍ അവളെ പുറത്താക്കുകയും ചെയ്തു.
    ഇക്കാലത്താണ് കാര്‍ഡിനല്‍ ചാള്‍സ് ബൊറോമിയോ കുമ്പസാരക്കൂടു കണ്ടുപിടിച്ചത്. കുമ്പസാരക്കൂടിന്റെ മറവില്‍ പെരുകിയ ലൈംഗികാതിക്രമങ്ങള്‍ മതനവീകരണപ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിതരാക്കി.
    ഈ ലോകത്തു പിടിമുറുക്കിക്കൊണ്ടിരുന്ന സഭ പരലോകത്തും ആധിപത്യമുറപ്പിക്കാന്‍ തുടങ്ങി. നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍ ദൈവശാസ്ത്രജ്ഞര്‍ ബസ്പൃക്കാന(ജൗൃഴമീേൃ്യ) കണ്ടുപിടിച്ചു. മരണശേഷം അവിടെ പോകാതിരിക്കാനും പോയവര്‍ക്ക് ഇളവുകള്‍ കിട്ടുന്നതിനും പള്ളിക്കു പണംകൊടുക്കണമെന്നു വിധിച്ചു. ഇതാണു ദണ്ഡവിമോചനവാണിഭം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരായി സ്വര്‍ഗത്തില്‍ പുണ്യാളന്മാരെയും നിയമിച്ചു.
    ഇതിനെല്ലാമെതിരെ 1517-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. അദ്ദേഹം ഏഞ്ചലിക്ക എന്ന കുമ്പസാര കൈപ്പുസ്തകം പരസ്യമായി കത്തിച്ചു.   1648 വരെ നീണ്ടുനിന്ന ഈ റിഫോര്‍മേഷനെ സഭ'നേരിട്ടത് കൗണ്ടര്‍ റിഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന നടപടികളിലൂടെയാണ്. അതിന്റെ ഭാഗമായിരുന്നു 1545 മുതല്‍ 1563 വരെ നീണ്ടുനിന്ന ട്രെന്റ് സൂനഹദോസ്.
    അക്കാലത്ത് സഭയെ അലട്ടിയിരുന്നത് പുരോഹിത കുറ്റവാളികളല്ല, അവര്‍ക്കു വഴങ്ങാത്ത വിശ്വാസികളാണ്. മേല്‍ സൂചിപ്പിച്ചതുപോലെ, ആണ്ടുകുമ്പസാരം മുടക്കുന്നവരെല്ലാം സഭാവിരുദ്ധരായി സംശയിക്കപ്പെട്ടു. 1556-ല്‍ അങ്ങനെ സംശയിക്കപ്പെട്ട പതിനഞ്ച്  സാധാരണ തൊഴിലാളികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അതില്‍ അഞ്ചുപേര്‍ ജയിലില്‍ പട്ടിണികൊണ്ടു മരിച്ചു, 10 പേരെ അഗ്നിക്കിരയാക്കുകയും ചെയ്തു.
    ഇതിനിടയില്‍ സഭയ്ക്കു മൂന്നു പ്രധാന ശത്രുക്കളാണുള്ളതെന്നു ദൈവശാസ്ത്രജ്ഞര്‍  കണ്ടെത്തി - ലോകവും പിശാചും ശരീരവും. സാത്താന്‍ സഭയ്‌ക്കെതിരെ ശരീരവുമായി ഒത്തുകളിക്കുന്നു, അതിന്റെ ലൈംഗികചോദനകളെ ഉദ്ദീപിപ്പിക്കുന്നു.  സഭാപക്ഷത്തുനിന്ന് ഇതിനെതിരെ പോരാടുന്നതു മഹാ പുണ്യമാണെന്ന് ഉറപ്പായി. ഈ പുണ്യപാതയില്‍ സ്വര്‍ഗത്തിലേക്ക് അനായാസം നടന്നു കയറിയ ഒരു പുരോഹിതനാണ് 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. വിയാനി.
    ഒരു ഇടവക വൈദികനായിരുന്ന അദ്ദേഹത്തിനു കാര്യമായ വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. പരമ  ഭക്തനായ അദ്ദേഹം രാത്രിയില്‍ മരത്തടി തലയണയാക്കി പള്ളിയകത്ത് കമഴ്ന്നു കിടക്കുമായിരുന്നു. ഇരുമ്പുവടി കൊണ്ടു തന്റെ ശരീരശത്രുവിനെ നേരിടുന്നതിന്റെ ചോരപ്പാടുകള്‍ പള്ളിഭിത്തികളില്‍ പതിഞ്ഞിരുന്നു. പിശാചില്‍ നിന്നു രക്ഷപെടാന്‍ പാട്ടും നൃത്തവുമെല്ലാമുപേക്ഷിക്കാന്‍ കുഞ്ഞാടുകളെ അദ്ദേഹമുപദേശിച്ചു. കുമ്പസാരത്തില്‍ കുഞ്ഞാടുകളുടെ പാപങ്ങള്‍ കേട്ട് അദ്ദേഹം കണ്ണീരൊഴുക്കുമായിരുന്നത്രേ. 1905-ല്‍ വിയാനിയെ സഭ വിശുദ്ധനാക്കി, 2011-ല്‍ വൈദികരുടെ മധ്യസ്ഥനും.
പത്താം പീയൂസിന്റെ പരിഷ്‌കാരങ്ങള്‍
    വി. വിയാനിയുടെ വലിയൊരു ആരാധകനായിരുന്ന പോപ്പ് പത്താം പീയൂസ് 1903-ലാണു സ്ഥാനമേറ്റത്. യുക്തിവാദം ശാസ്ത്രബോധം സമത്വചിന്തകള്‍ ജനാധികാരം എന്നിത്തരം ആധുനിക ചിന്തകള്‍ അദ്ദേഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയിരുന്നത്. അവയെ നേരിടുന്നതിന് പരമരഹസ്യമായി അദ്ദേഹം സഭയുടെ കാനോന്‍ നിയമത്തില്‍, ഒരു വിദഗ്ധസംഘത്തിന്റെ  സഹായത്തോടെ, കാതലായ മാറ്റങ്ങള്‍ വരുത്തി. ചിന്താസ്വാതന്ത്ര്യവും ഇതര മതസ്ഥരുമായി മതസംവാദവും നിരോധിക്കുന്ന കോനോനകള്‍ ഏഴുതിച്ചേര്‍ക്കപ്പെട്ടു.
    കുട്ടികള്‍ ഏഴു വയസു മുതല്‍ കുമ്പസാരിക്കണമെന്നു പോപ്പ് കല്‍പിച്ചു. അതിനുമുമ്പ് പ്രായപൂര്‍ത്തിയായിരുന്നു മാനദണ്ഡം. കുമ്പസാരക്കൂട്ടിലെ ഇരപിടിയന്‍ പാതിരിമാര്‍ക്ക് ഇതു സഹായകമായി. ആദിമസഭയില്‍ കുമ്പസാരമില്ലായിരുന്നു എന്നു പറഞ്ഞാണ് ഇതിനെ ചിലരെതിര്‍ത്തത്. അങ്ങനെ പറയുന്നതുതന്നെ ശീശ്മയാണെന്നു വിധിച്ച് പോപ്പ് അതുമൊരു പാപമാക്കി. ശീശ്മപ്പാപികളെ കൊന്നൊടുക്കിയാണ് സഭ ഒട്ടേറെ പണവും പ്രതാപവും നേടിയെടുത്തത്.  
    വി. വിയാനിയുടെ ഈ അനുയായി പള്ളിയില്‍ ഓര്‍ക്കസ്ട്ര നിരോധിച്ചു, ഗായകസംഘത്തില്‍ സ്ത്രീകളെ വിലക്കി, സെമിനാരിയോടു ചേര്‍ന്നു കോളേജുകള്‍ പാടില്ലെന്നാക്കി,   സെമിനാരികളില്‍ സ്ത്രീസാന്നിധ്യവും അല്‍മായ അദ്ധ്യാപകരും മതേതര കൃതികളും പത്രങ്ങളുമൊഴിവാക്കി.
    തന്റെ ഈ ഭ്രാന്തന്‍ നടപടികള്‍ക്കെതിരെ ഉയരാനിടയുള്ള ചെറിയ ശബ്ദങ്ങളെ പോലും പോപ്പ് ഭയപ്പെട്ടിരുന്നു. അവയെ തുടക്കത്തിലേ കണ്ടെത്തി തടയിടുന്നതിന് 'സൊഡാലിറ്റി ഓഫ് പയസ്' എന്ന പേരില്‍ അദ്ദേഹമൊരു രഹസ്യസംഘത്തിനു രൂപം നല്‍കി. അതില്‍ പോപ്പിന്റെ കോഡ്‌നെയിം മമ(ങമാമ) എന്നായിരുന്നു. ലോകമെങ്ങും വൈദികരും സെമിനാരികളും ഈ ഗൂഢസംഘത്തിന്റെ നിരീക്ഷണത്തിലായി.
    വൈദികാധികാരത്തെക്കുറിച്ചു തന്റെ കാഷ്ചപ്പാട് പത്താം പീയൂസ് വെളിപ്പെടുത്തുന്നതിങ്ങനെ, 'സഭാംഗങ്ങളെ പഠിപ്പിക്കാനും നയിക്കാനുമുള്ള അവകാശവും അധികാരവും ഹൈരാര്‍ക്കിക്കു മാത്രമുള്ളതാകുന്നു. ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒറ്റ അവകാശം മാത്രമേ ഉള്ളൂ: അധികാരികളെ അനുസരിക്കുകയും അവര്‍ക്കു പൂര്‍ണമായി വിധേയരായിരിക്കുകയും ചെയ്യുക.'(കെ. റ്റി. സെബാസ്റ്റ്യന്‍, പുറം 48)
    പത്താം പീയൂസിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വൈദികരുടെ സന്മാര്‍ഗപഠനത്തിനായി 1935-ല്‍ എഴുതപ്പെട്ടതാണ്  ഹെന്റി ഡേവിഡിന്റെ 'മോറല്‍ ആന്റ് പാസ്റ്ററല്‍ തിയോളജി' എന്ന പുസ്തകം. ഇതിലും പാപങ്ങളില്‍ മുന്തിയ ഇനം സ്വയംഭോഗംതന്നെ. അതേക്കുറിച്ചു പുസ്തകത്തില്‍ 5 പേജില്‍ വിവരിക്കുമ്പോള്‍ ബലാത്സംഗത്തെക്കറിച്ച് പറയുന്നത് ഒരു പേജിന്റെ മൂന്നിലൊന്നില്‍ മാത്രമാണ്. ഒരിടത്തും കുട്ടികളോടുള്ള ക്രൂരതയെയോ ബാലപീഡനത്തെയോ കുറിച്ചു പരാമര്‍ശവുമില്ല.
    മോറല്‍ തിയോളജിയില്‍, പുരോഹിതന്‍  ബലാത്സംഗം ചെയ്താല്‍ അതയാളുടെ കന്യാത്വ(ഇലഹശയമര്യ)ത്തിനും അതിനാല്‍ ദൈവത്തിനും സ്വന്തം ആത്മാവിനും മാത്രമെതിരായ പാപമാണ്. സ്ത്രീകള്‍ സകല ശക്തിയുമുപയോഗിച്ച് ബലാത്സംഗത്തെ നേരിടണമെന്നും പുസ്തകത്തിലുണ്ട്. അങ്ങനെ നേരിട്ട മരിയഗൊരേത്തിയെ 1950-ല്‍ സഭ വിശുദ്ധയാക്കുകയും ചെയ്തു. നാലുകൊല്ലം കൂടി കഴിഞ്ഞപ്പോള്‍ പത്താം പീയൂസും വിശുദ്ധനായി.
മൂടിവയ്പ് കൂദാശയും വിശുദ്ധപാപികളും
 പത്താം പീയൂസും പുത്തന്‍ കാനോനകളും മോറല്‍ തിയോളജിയും ചേര്‍ന്നൊരുക്കിയ സെമിനാരികളില്‍ നിന്നു കൈവയ്പ്പുനേടി പപ്പും പൂടയും വച്ച് ഇറങ്ങിവന്ന നവവൈദികര്‍ക്ക് മണ്ണിനെയും പെണ്ണിനെയും സമൂഹത്തെയും കുറിച്ചു ചില വികല ധാരണകള്‍ മാത്രമാണുണ്ടായിരുന്നത്. പെണ്ണുടലവര്‍ക്കു സദാനേരവും  പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ മറുരൂപം മാത്രമായിരുന്നു.
    ഈ പുത്തന്‍ പാതിരിമാരിലധികവും ആദ്യമായി പെണ്ണിന്റെ ഉള്ളിലിരിപ്പുകളും പെണ്ണുടലിന്റെ മണവും, ഒത്താല്‍ സ്പര്‍ശവുമറിയുന്നത്  കുമ്പസാരക്കൂട്ടിലായിരുന്നു. പെണ്ണിനെക്കുറിച്ചു മനസിലുള്ള മിത്തും ഈ റിയാലിറ്റിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ പീഡനമാവണം അവരില്‍ പലരെയും ലൈംഗികപീഡകരാക്കിയത്. അതു മറ്റുള്ളവരോടുള്ള ദ്രോഹമാണെന്നൊന്നും മോറല്‍ തിയോളജി ക്ലാസിലവരൊട്ടു  പഠിച്ചിട്ടുമില്ലല്ലോ.
    അങ്ങനെ സഭ ഇന്നത്തെ പീഡനകാലത്തേക്കു കടന്നു. ഇതേക്കുറിച്ചു മാലോകരെ അറിയിച്ച ഒരു സംഭവമാണ് 1940-ല്‍ പെന്‍സില്‍ വാനിയായില്‍ നടന്നത്. അവിടത്തെ ഗ്രാന്റ് ജൂറി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു.  അവിടെ നൂറുകണക്കിനു വൈദികര്‍ ആയിരത്തിലധികം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പടക്കം സഭാധികാരികള്‍ ഇതെല്ലാം മൂടി വച്ചെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. അന്നേ തുടങ്ങിയ മൂടിവയ്പാണ് സഭയുടെ ഈ വര്‍ത്തമാനകാലത്തെ മുഖമുദ്ര. കൈവയ്പ്പു ലഭിച്ചവര്‍ കൈയിലിരിപ്പുകൊണ്ടു സഭക്കുണ്ടാക്കിയ മാനഹാനിയും ദ്രവ്യനഷ്ടവും പരിഹരിക്കാന്‍ വത്തിക്കാന്റെ അകത്തളങ്ങളിലരങ്ങേറുന്ന മൂടിവയ്പ് കൂദാശ. ഈ കൂദാശയിലൂടെ ശുദ്ധീകരക്കപ്പെടുന്ന, സിവില്‍കോടതികളില്‍ നിന്നു സംരക്ഷിക്കപ്പെടുന്ന, പുരോഹിതപാപികളെ നമുക്കു വിശുദ്ധപാപികളെന്നു വിളിക്കാം.
    1962-65 കാലത്താണല്ലോ വലിയ പ്രതീക്ഷകളുണര്‍ത്തി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നത്. അതു തുടങ്ങിയ ആണ്ടില്‍ത്തന്നെ ലോകത്തുള്ള സകല മെത്രാന്മാര്‍ക്കും പോപ്പ് ജോണ്‍ 23-ാമന്റെ സീലോടുകൂടി കിട്ടിയ ഒരു രഹസ്യ രേഖ അടുത്തകാലത്ത് ഒബ്‌സേര്‍വര്‍ പുറത്തുവിട്ടിട്ടുണ്ട്. പുരോഹിത കുറ്റവാളികളെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ മെത്രാന്‍ പുറത്താക്കപ്പെടുമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്. കുറ്റകൃത്യത്തില്‍ അകപ്പെട്ട ഇരകളടക്കം എല്ലാവരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു  പ്രതിജ്ഞയെടുക്കണമെന്നും കല്‍പനയിലുണ്ടായിരുന്നു. കുറ്റവാളികള്‍ക്കു പൊതുവേ അതാതു രാജ്യങ്ങളിലെ സിവില്‍ നിയമത്തില്‍ നിന്നു സംരക്ഷണവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രചോദനവുമായിരുന്നു ഈ മൂടിവയ്‌പ്പെന്നു പില്‍ക്കാല ചരിത്രം തെളിയിച്ചു.
    വത്തിക്കാനില്‍ വിശ്വാസ സംരക്ഷണസമിതി(പഴയ മതവിചാരണക്കോടതി)യാണ്  പുരോഹിതലൈംഗികപീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 1981-ല്‍ ബെനഡിക്ട് റാറ്റ്‌സിംഗര്‍(ഭാവി  പോപ്പ് ബെനഡിക്ട് 16-ാമന്‍) അതിന്റെ തലവനായി ചാര്‍ജെടുത്തു.
    1987-ല്‍ ഒരു ജര്‍മ്മന്‍ നിയമജ്ഞന്‍ ഒരു കത്തോലിക്കാ ഗായകസംഘത്തിലെ ബാലപീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി. പത്തുകൊല്ലത്തിനകം 231 കുട്ടികള്‍ പീഡനത്തിനിരയായി എന്നായിരുന്നു കണ്ടെത്തല്‍. പീഡനം നടക്കുന്ന കാലത്ത്  ഗായകസംഘത്തിന്റെ തലവന്‍ റാറ്റ്‌സിംഗറുടെ മൂത്ത സഹോദരനായിരുന്നു. ഓരോ ഇരയ്ക്കും 2500 യൂറോ വീതം കൊടുത്താണ് സഭ പ്രശ്‌നം പരിഹരിച്ചത്. 1992 ആയപ്പോഴേക്കും അമേരിക്കയിലെ കത്തോലിക്കാ രൂപതകള്‍ മൊത്തം 400 ദശലക്ഷം ഡോളര്‍ പീഡനഇരകള്‍ക്കായി മുടക്കിയെന്നാണു കണക്ക്. പണം കൊടുത്തതു മുഖ്യമായും സംഭവം പുറത്തു പറയാതിരിക്കാനായിരുന്നു. ഓരോ ഇരയെക്കൊണ്ടും അങ്ങനെ രേഖാമൂലം സത്യം ചെയ്യിക്കുകയും ചെയ്തു.
    പരാതികളൊതുക്കാനായി വത്തിക്കാന്‍ ബാങ്കില്‍ നിന്നുള്ള സാമ്പത്തികച്ചോര്‍ച്ച വലിയൊരു പ്രശ്‌നമായി.  ഇതിനെ മറികടക്കാന്‍ 2001 മെയ് 18-ന് റാറ്റ്‌സിംഗര്‍, 1962-ലേതു പോലൊരു കല്‍പന മെത്രാന്മാര്‍ക്ക് അയച്ചു. പുരോഹിത കുറ്റകൃത്യങ്ങള്‍ എന്തു വില കൊടുത്തും രഹസ്യ(ജീിശേളശരമഹ ലെരൃല)േമാക്കി വയ്ക്കണമെന്നും അല്ലെങ്കില്‍ ഏറ്റവും കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നുമായിരുന്നു അതിലുണ്ടായിരുന്നത്.
    ഈ കത്തയച്ച കാലത്തുതന്നെ വത്തിക്കാനില്‍ ലോറന്‍സ് മര്‍ഫി എന്ന പുരോഹിതന്‍ ബധിരരായ 200 കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതിയുയര്‍ന്നു. എന്നാല്‍, അയാള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ റാറ്റ്‌സിങ്ങര്‍ സ്വയം മെത്രാന്മാര്‍ക്കു മാതൃകയായി.
    ഇതുകൊണ്ടൊന്നും മൂടിവയ്ക്കല്‍ പരിപാടി ഫലപ്രദമായില്ല. സാത്താന്റെ സൈഡുപറ്റി മാധ്യമലോകം മൂടിവയ്ക്കപ്പെട്ട സംഭവങ്ങള്‍ പുറത്തു കൊണ്ടുവന്നുകൊണ്ടിരുന്നു. 2005-ല്‍ അമേരിക്കയില്‍ പാറ്റേഴ്‌സണ്‍ രൂപതയില്‍ 5 മില്യണ്‍ ഡോളര്‍ കൊടുത്തു വൈദികരുടെ രണ്ടു ഡസനോളം ബാലപീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ വാര്‍ത്ത പുറത്തുവന്നു.     ഇതേ കാലത്തുതന്നെ വാഷിംഗ്ടണില്‍ നിന്നു പുറത്തുവന്ന ഒരു പീഡനവാര്‍ത്തയുടെ തുടര്‍ചലനങ്ങള്‍ ഇപ്പോഴുമടങ്ങിയിട്ടില്ല. 1980-കളില്‍ ന്യൂജേഴ്‌സിയിലെ ബിഷപ്പായിരുന്ന കര്‍ദിനാള്‍ മക്കാരിക്കിന്റെ(ഇമൃറശിമഹ ങരഇമൃൃശരസ) പഴയ ഇരകള്‍ക്കായി 2005-ലും 2007-ലും പതിനായിരക്കണക്കിനു ഡോളറാണു സഭ മുടക്കിയത്. പോപ്പിന്റെ ആവശ്യപ്രകാരം അയാള്‍ 2018 ജൂലൈ 28-ന്  രാജിവച്ചു.
    2010-ല്‍ കത്തോലിക്കാരാജ്യമായ ബെല്‍ജിയത്തില്‍ പുരോഹിതന്മാര്‍ കുട്ടികളുടെ മേല്‍ നടത്തിയ ലൈംഗികപീഡനത്തിന്റെ 475 കേസുകളാണ് ഒരു സ്വതന്ത്ര ഏജന്‍സി പുറത്തുകൊണ്ടുവന്നത്. ആത്മഹത്യക്കു ശ്രമിച്ച 19 ഇരകളില്‍ 13 പേര്‍ മരിക്കുകയും ചെയ്തു. അതിനിടെ അവിടെയൊരു മെത്രാന്‍ തന്റെ സഹോദരീപുത്രനെ പീഡിപ്പിച്ചു. സഭ അയാളെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. കുറ്റകൃത്യങ്ങള്‍ സഭ മൂടിവച്ചെന്ന കേസ് സിവില്‍ കോടതിയിലെത്തി. കോടതിയുത്തരവനുസരിച്ച് മെത്രാന്‍സമിതിയുടെ യോഗസ്ഥലത്തു കടന്നു ചെന്ന പോലീസ് വത്തിക്കാന്‍ പ്രതിനിധിയടക്കം സകല മെത്രാന്മാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അങ്ങനെ മൂടിവയ്പും എളുപ്പമല്ലാതായിരിക്കുന്നു.
    2018 ജൂലൈ 31-ന്  റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുണ്ട്. ചിലിയില്‍ പാതിരിമാരുടെ ബാലപീഡനങ്ങളന്വേഷിക്കാന്‍ പോപ്പ് രണ്ടു പേരെ ജൂണ്‍മാസത്തില്‍ തലസ്ഥാനത്തേക്കയച്ചു. അവരൊരു യൂണിവേഴ്‌സിറ്റിയില്‍ പാതിരിമാരെ ചോദ്യം ചെയ്യുമ്പോള്‍ പോലീസ് കടന്നുചെന്ന് രേഖകള്‍ കൈക്കലാക്കി. അതേസമയംതന്നെ സഭ ഒളിച്ചുവച്ചിരിക്കുന്ന പീഡനവിവരങ്ങള്‍ തേടി അവര്‍ സഭാകേന്ദ്രങ്ങള്‍ റെയിഡുചെയ്ത് 30 കേസുകളുടെ വിവരങ്ങള്‍ കണ്ടെടുത്തു.
    ഓസ്‌ട്രേലിയയില്‍ സിവില്‍ അധികാരവും സഭാധികാരവും തമ്മില്‍ ശക്തമായൊരേറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരു കുറ്റവാളി കുമ്പസാരത്തില്‍ പറയുന്ന കാര്യങ്ങള്‍ വൈദികന്‍ കുറ്റാന്വേഷകരോടു വെളിപ്പെടുത്തണമോ എന്നതാണു പ്രശ്‌നം. അതു വേണമെന്ന് റോയല്‍ കമ്മീഷന്‍ എന്ന അന്വേഷണസംഘം സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരിക്കുന്നു. സഭ അതിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്.
സഹനദാസര്‍ - പുണ്യാളവൃന്ദത്തിലൊരു പുത്തനിനം
    1966-ല്‍ കേരളത്തില്‍ ഒരു ബലാത്സംഗ-കൊലക്കുറ്റ കേസില്‍ ബെനഡിക്ട് ഓണങ്കുളമെന്ന വൈദികന്‍ പിടിക്കപ്പെട്ടു. സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നു പറഞ്ഞ് ഹൈക്കോടതി അയാളെ വെറുതെ വിട്ടു. എന്നാലിപ്പോള്‍ അതിരമ്പുഴപ്പള്ളിമുറ്റത്ത് തൂക്കിയിരിക്കുന്ന അയാളുടെ ചിത്രത്തിനു താഴെ സഹനദാസനെന്ന വിശേഷണത്തോടെ അയാളുടെ പേരെഴുതിയിരിക്കുന്നതു കാണാം. മരണാനന്തരം അയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞെന്നാണ് പള്ളിക്കാരുടെ വാദം. കുറ്റക്കാരനായിരുന്നെങ്കില്‍ത്തന്നെ ശിഷ്ടകാലത്തയാള്‍ ഏറെ പശ്ചാത്തപിക്കുകയും പലവട്ടം കുമ്പസാരിക്കുകയും ചെയ്തിട്ടുണ്ടാവണം. ലൗകികനിയമവ്യവസ്ഥയുടെ എത്രയോ പീഡനമുറകള്‍ക്ക് ആ കര്‍ത്താവിന്റെ പ്രതിപുരുഷന്‍ വിധേയനായിക്കാണും. പീഡാസഹനംതന്നെ എത്രവലിയ പുണ്യമാണെന്ന് വൈദികരുടെ മധ്യസ്ഥനായ വിയാനിപുണ്യാളനെ പോലെ എത്രയോ വിശുദ്ധര്‍ തെളിയിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹത്തെ സഹനദാസനെന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നു കാണാം. കേരളത്തില്‍ നിന്നുതന്നെ ഇത്തരമൊരുപാടുപേര്‍ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ടു വിശുദ്ധപാപികളില്‍ നിന്നു പുണ്യാളവൃന്ദത്തില്‍ രൂപമെടുത്ത പുതിയൊരിനമായി സഹനദാസരെ കണക്കാക്കാം. ഈ പുതിയ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റു മുഴുവന്‍ നമ്മള്‍ മലയാളികള്‍ക്കായിരിക്കും.

മാറ്റത്തിന്റെ അടയാളങ്ങള്‍
    2013-മാര്‍ച്ച് 13-നാണ് അര്‍ജന്റീനക്കാരനായ പോപ്പ് ഫ്രാന്‍സിസ് അധികാരമേറ്റത്.  അടുത്തമാസംതന്നെ അദ്ദേഹം സഭയുടെ ഭരണസിരാകേന്ദ്രമായ റോമന്‍ കൂരിയ അഴിച്ചുപണിയുമെന്നു പ്രഖ്യാപിച്ചു.  എന്നാല്‍ അടുത്ത കാലത്തദ്ദേഹം പറഞ്ഞത് കൂരിയ വൃത്തിയാക്കുന്നത് ഒരു ഇജിപ്ഷ്യന്‍ മമ്മി ടൂത്ത് ബ്രഷുകൊണ്ടു വൃത്തിയാക്കുന്നതിലും ശ്രമകരമാണെന്നാണ്. എങ്കിലും അദ്ദേഹം ആ പരിശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍ തരുന്ന സൂചന.
    യാഥാസ്ഥിതികരെ ഞെട്ടിച്ച ഒരു ചോദ്യവുമായിട്ടായിരുന്നു പോപ്പിന്റെ തുടക്കം, 'ഒരു സ്വവര്‍ഗാനുരാഗി കര്‍ത്താവിനെ തേടിവന്നാല്‍ അവനെ വിധിക്കാന്‍ ഞാനാര്.' പ്രേമത്തിന്റെ ആനന്ദം(ഠവല ഖീ്യ ീള ഘീ്‌ല) എന്ന ലേഖനത്തില്‍ അദ്ദേഹമെഴുതി, 'വിവാഹബന്ധം വേര്‍പെടുത്തി  പുനര്‍വിവാഹം ചെയ്തവര്‍ കുര്‍ബാന സ്വീകരിക്കാനാഗ്രഹിക്കുന്നെങ്കില്‍ അവരോട് മെത്രാന്മാരും വൈദികരും കരുണാമയമായ സമീപനമാണ് സ്വീകരിേക്കണ്ടത്.' ഇതൊക്കെ പാപങ്ങളുടെ എണ്ണം കുറയ്ക്കുന്നതും അതിനാല്‍ സഭയുടെ അടിത്തറ മാന്തുന്നതുമാണെന്നു കാണാന്‍ കഴിയും.
    അടുത്ത കാലത്ത് പോപ്പ്  ചിലിയിലുള്ള 34 മെത്രാന്മാരെയും റോമിലേക്കു വിളിച്ചുവരുത്തി ശാസിക്കുകയും അവര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും ചെയ്തു. ചിലിയിലെ വിശ്വാസികള്‍ക്കയച്ച കത്തില്‍ ബാലപീഡനത്തിന്റെയും മൂടിവയ്ക്കലിന്റെയും സംസ്‌കാരെത്ത അദ്ദേഹം വ്യക്തമായി തള്ളിപ്പറയുകയും ചെയ്തു.  
    പോപ്പ് ഫ്രാന്‍സിസിനെതിരെ ശക്തമായ നീക്കങ്ങള്‍ സഭയുടെ അകത്തളങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു.  'പോപ്പിന്റെ അധികാരത്തിന്റെ അതിരുകള്‍' എന്ന വിഷയത്തില്‍ റോമില്‍ നടന്ന ഒരു സമ്മേളനത്തില്‍ വിമത നേതാവായ കര്‍ദിനാള്‍ ബര്‍ക്ക് പ്രസ്താവിച്ചത് 'വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കുന്ന പോപ്പിനെ അനുസരിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്' എന്നാണ്. പോപ്പ് രാജിവയ്ക്കണമെന്നു പറഞ്ഞ് അടുത്ത നാളുകളില്‍ കാര്‍ലോ മരിയ വിഗാനൊ എന്ന ആര്‍ച്ച്ബിഷപ്പ് രംഗത്തുവരികയും ചെയ്തിരിക്കുന്നു.   മക്കാരിക്കിനെതിരെയുള്ള ലൈംഗികാരോപണങ്ങളെകുറിച്ചു പോപ്പിനുമനറിയാമായിരുന്നു എന്നാണ് പ്രധാന ആരോപണം.
    തനിക്കെതിരെയുള്ള നീക്കങ്ങളെ വളരെ തന്ത്രപരമായാണ് പോപ്പ് നേരിടുന്നത്. പുതിയ കര്‍ദിനാള്‍മാരായി അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്നവരുടെ എണ്ണം അടുത്ത ഡിസംബറാകുമ്പോഴേക്കും 82 ആകുമത്രേ. സഭയില്‍ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ ആഭ്യന്തരയുദ്ധം എന്നാണു വിശേഷിപ്പിക്കുന്നത്.
    ഈ കോളിളക്കങ്ങളില്‍ വിസ്മരിക്കപ്പെടുന്ന ഒരു വലിയ സത്യമുണ്ട്. പോപ്പുമുതല്‍ പള്ളിവികാരിവരെയുള്ള അധികാര ശ്രേണിക്കു വെളിയിലുള്ള ഒട്ടേറെ സമര്‍പ്പിതരും സാമൂഹ്യപ്രര്‍ത്തകരും സേവന-രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതാണു തച്ചന്റെ മകന്‍ കാണിച്ചുതന്ന വഴി. സഭയെയാകെ ആ വഴിക്കു തിരിക്കുകയാവണം സഭാനവീകരണത്തിന്റെ ഉന്നം.
അവലമ്പം

പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍, അല്‍മായ ദൈവശാസ്ത്രത്തിനൊരു ആമുഖം, ജീവന്‍ ബുക്‌സ്, ഭരണങ്ങാനം, 2015

Hans Kung, Can We Save the Catholic Church

John Cornwell, The Dark Box: A Secret History of Confession, 2010

No comments:

Post a Comment