Translate

Wednesday, November 21, 2018

'കന്യാസ്ത്രീവിപ്ലവം' തുറക്കുന്ന മാറ്റത്തിന്റെ വാതിലുകള്‍!

ജോര്‍ജ് മൂലേച്ചാലില്‍ -9497088904
(മുഖക്കുറി സത്യജ്വാല ഒക്ടോബര്‍ 2018) 

ലോകശ്രദ്ധയാകര്‍ഷിച്ച രണ്ടു പ്രളയക്കെടുതികള്‍ അടുത്ത കാലത്ത് ഒന്നിനുപുറകെ മറ്റൊന്നായി കേരളത്തിലുണ്ടായി. ഒന്ന്, യഥാര്‍ത്ഥ ജലപ്രളയംതന്നെ. രണ്ടാമത്തേത്, ക്രൈസ്തവസഭകളില്‍ സംഭവിച്ച അധാര്‍മ്മികതയുടെ പ്രളയമാണ്. വികസനത്തിന്റെ പേരുപറഞ്ഞ് പണത്തിന്റെ വ്യാപാരികള്‍ രാഷ്ട്രീയാധികാരത്തിന്റെ വ്യാപാരികളുമായി കൈകോര്‍ത്ത് ഭൂമിയെ വസ്ത്രാക്ഷേപം ചെയ്തതിന്റെ ശിക്ഷയായിട്ടായിരുന്നു ആദ്യപ്രളയം സംഭവിച്ചതെന്നു പറയാം. രണ്ടാമത്തേതാകട്ടെ, ക്രിസ്തുവിന്റെ വികാരിമാരെന്നും അപ്പോസ്തലപിന്‍ഗാമികളെന്നും അവകാശപ്പെടുന്ന ദൈവാനുഗ്രഹത്തിന്റെ മൊത്ത-ചില്ലറവില്പനക്കാരെ, കൂദാശകളും അനുസരണവും കരുക്കളാക്കി തങ്ങള്‍ക്കെതിരെ പകിടകളിക്കാന്‍ അനുവദിക്കുകയും, തങ്ങളുടെ സ്വത്തു പിടിച്ചെടുത്തപ്പോഴും ബാലികാ-ബാലന്മാരെയും സ്ത്രീകളെയും കന്യാസ്ത്രീകളെയുംവരെ വസ്ത്രാക്ഷേപം ചെയ്തപ്പോഴുമെല്ലാം വെറുതെ കൈയുംകെട്ടി നോക്കിനില്‍ക്കുകയുംചെയ്ത ക്രൈസ്തവസമൂഹത്തിനുമേലുള്ള ശിക്ഷയായിട്ടായിരുന്നു. ഇവിടെയും, പുരോഹിത ദുശ്ശാസനന്മാരൊരുക്കിയ ഈ വസ്ത്രാക്ഷേപക്കാഴ്ച അടക്കത്തില്‍ ആസ്വദിച്ചു നില്‍ക്കുകയായിരുന്നു, കക്ഷിരാഷ്ട്രീയക്കാരും ഭരണകൂടവും.
മനുഷ്യന്റെയും ജീവന്റെതന്നെയും ഗര്‍ഭഗൃഹമായ ഭൂമിയെ സംബന്ധിച്ച ശരി-തെറ്റുകളും മനുഷ്യജീവിതത്തെ  സംബന്ധിച്ച ശരി-തെറ്റുകളും തിരിച്ചറിയാനാകാതെ, പരമ്പരാഗത കക്ഷിരാഷ്ട്രീയക്കാരുടെ പാശ്ചാത്യമോഡല്‍ വികസനമന്ത്രങ്ങളിലും, സംഘടിതസഭകളുടെ റോമന്‍ മോഡല്‍ താന്ത്രികാനുഷ്ഠാനങ്ങളിലുംപെട്ട് തലമുറകളുടെ കണ്ണ് മങ്ങിപ്പോയതിന്റെ അനിവാര്യമായ തിരിച്ചടികളായി ഈ രണ്ടു പ്രളയക്കെടുതികളെയും കാണേണ്ടിയിരിക്കുന്നു. ഇതില്‍ ജലപ്രളയക്കെടുതികളെ തടയുന്നതിനോ അവയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഇവിടുത്തെ രാഷ്ട്രീയ - ഉദ്യോഗസ്ഥസംവിധാനങ്ങള്‍ക്ക് വേണ്ടത്ര കഴിഞ്ഞില്ല എന്നുകൂടി ഇവിടെ നാം കാണേണ്ടതുണ്ട്. ഉരുള്‍പൊട്ടലുകളും പേമാരിയും തീര്‍ത്ത ജലപ്രളയത്തെ അണക്കെട്ടുകള്‍കൂടി തുറന്നുവിട്ട് മഹാപ്രളയമാക്കാനേ ഭരണകൂടത്തിനു കഴിഞ്ഞുള്ളു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍പോലും ദുര്‍ബലമായിരുന്നു എന്നതാണ് വസ്തുത.
എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട്, കേരളത്തിലെ സാധാരണക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേക്ക് സ്വയം മറന്ന്, സാഹസികമായി എടുത്തുചാടി. പ്രളയജലത്തില്‍ മുങ്ങിത്താഴുന്ന തങ്ങളുടെ സഹജീവികളെ രക്ഷിക്കാന്‍ നാട്ടുകാരും, തീരപ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിനു വള്ളങ്ങളും മത്സ്യബന്ധനബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ നിരവധി 'ബറ്റാലിയനു'കളും, ആധികാരികനിര്‍ദ്ദേശങ്ങളോ സഹായങ്ങളോ ഒന്നും കാക്കാതെ സ്വമേധയാ രംഗത്തിറങ്ങി, ആയിരക്കണക്കിനു മനുഷ്യരെ രക്ഷിച്ചു. നശീകരണത്തിന്റെ മഹാജലപ്രളയത്തെ, ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗമതില്‍ക്കെട്ടുകളെ തകര്‍ത്തെറിഞ്ഞ് സാധാരണ മനുഷ്യര്‍ ചെറുത്തു
തോല്പിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ഔപചാരികതകളൊന്നുമില്ലാത്ത ഇതേ മനുഷ്യസ്‌നേഹത്തിന്റെ ലോകമെമ്പാടുനിന്നുമുള്ള കുത്തൊഴുക്കാണ് അധികമായും നാം കണ്ടത്.
ലോകത്ത് അധര്‍മ്മം കൊടികുത്തിവാഴുമ്പോള്‍ ധര്‍മ്മം പുനഃസ്ഥാപിക്കുന്നതിനായി ദൈവം മനുഷ്യരില്‍ ദൈവികതയായി അവതാരമെടുക്കും എന്ന അര്‍ത്ഥത്തില്‍ ഗീതാവാക്യത്തെ വ്യാഖ്യാനിക്കുന്നതു ശരിയെങ്കില്‍, അതിനുള്ള ഉദാഹരണമായി ജലപ്രളയം സൃഷ്ടിച്ച മഹാകെടുതികളെ  ചെറുത്തുതോല്പിച്ച കേരളത്തിന്റെ ആത്മീയശക്തിയെ എടുത്തു കാണിക്കാനാകും. 
കേരളത്തിലെ സഭകളില്‍, വിശിഷ്യാ കത്തോലിക്കാസഭയില്‍ ഉണ്ടായ അധാര്‍മ്മികതയുടെ പ്രളയത്തെയും സമാനരീതിയിലാണ് കേരളജനത നേരിട്ടതെന്ന്, എറണാകുളം വഞ്ചീസ്‌ക്വയറിലേക്കുണ്ടായ നീതിബോധത്തിന്റെയും ധാര്‍മ്മികശക്തിയുടെയും മഹാപ്രളയം നമ്മെ കാണിച്ചുതന്നു. കെ.സി.ആര്‍.എം-ലെയും ജെ.സി.സി.-യിലെയും തങ്ങളുടെ പൊന്നാങ്ങളമാര്‍ ചേര്‍ന്ന്, ' Save Our Sisters'  എന്ന ആഹ്വാനത്തോടെ ഒരുക്കിയ നിരാഹാര സമരപ്പന്തലിന്റെ സുരക്ഷിതത്വത്തിലേക്ക് കുറവിലങ്ങാട്ടുനിന്ന് അഞ്ചു കന്യാസ്ത്രീകളും അവരെ പിന്തുണച്ച് രണ്ട് സിഎംസി കന്യാസ്ത്രീകളും ധൈര്യസമേതം കടന്നുവന്ന് ഫ്രാങ്കോ ബിഷപ്പിനും അദ്ദേഹത്തെ അറസ്റ്റു
ചെയ്യാന്‍ മടിച്ചുനിന്ന ഗവണ്‍മെന്റിനുമെതിരെ സെപ്തം. 8-ന്  നീതിയുദ്ധം പ്രഖ്യാപിച്ച നിമിഷംമുതല്‍, കേരളകത്തോലിക്കാസമൂഹത്തിന്റെമാത്രമല്ല, കേരളപൊതുസമൂഹത്തിന്റെതന്നെ പൊതുബോധത്തില്‍ നീതിബോധത്തിന്റെ ഒരു ഉരുള്‍പൊട്ടല്‍പ്രക്രിയ ഉദ്ഘാടനം ചെയ്യപ്പെട്ടു. മതവും ഭരണകൂടവുംചേര്‍ന്ന് അമര്‍ത്തിവച്ചിരുന്ന നീതിബോധം, കേരളത്തിന്റെ വടക്കേയറ്റംമുതല്‍ തെക്കേയറ്റംവരെ, അനീതിപ്രളയത്തിനെതിരായുള്ള നീതിയുടെ ഉരുള്‍പൊട്ടലുകളായി കുത്തിയൊഴുകി. സഹജീവികളുടെ നിലവിളി കേട്ട് പ്രളയജലത്തിന്റെ കുത്തൊഴുക്കിലേക്ക് സ്വയംമറന്ന് എടുത്തുചാടിയ അതേ സാഹസികതയോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി നീതിക്കായി കേഴുന്ന കന്യാസ്ത്രീകളുടെ രക്ഷയ്ക്കായും, അതുവഴി സ്ത്രീസുരക്ഷയ്ക്കായും ജാതി-മതഭേദമില്ലാതെ സടകുടഞ്ഞുണര്‍ന്നു കുതിക്കുകയായിരുന്നു കേരളസമൂഹം. സെപ്തം. 8 മുതലുള്ള രണ്ടാഴ്ചക്കാലം, എറണാകുളം വഞ്ചിസ്‌ക്വയര്‍ കേരളത്തിന്റെ നീതിസമുദ്രമായി മാറി.  (ഇതില്‍ ഭാഗഭാക്കാകാതെ ജനങ്ങളുടെ നോട്ടപ്പുള്ളികളായിരിക്കുന്ന രണ്ടു വിഭാഗക്കാര്‍, ആധികാരിക മതനേതാക്കളും ഇവിടുത്തെ ആധികാരിക രാഷ്ട്രീയ - നേതാക്കളുമാണ്, എന്നോര്‍ക്കുക.) കേരളത്തിലെ കത്തോലിക്കാമേധാവികളും ഭരണകൂടമേധാവികളും തമ്മിലുണ്ടായ അവിശുദ്ധ കൂട്ടുകെട്ട് അഴിച്ചുവിട്ട അധാര്‍മ്മികതയുടെ പ്രളയത്തെ, ധാര്‍മ്മികതയുടെ മറ്റൊരു മഹാപ്രളയംകൊണ്ട് ഐതിഹാസികമായി മറികടന്ന കേരളത്തിന്റെ ഈ രീതി ഒരുപക്ഷേ, ലോകചരിത്രത്തില്‍ത്തന്നെ ആദ്യത്തേതായിരിക്കും.
ഒരു എളിയ സഭാനവീകരണസംഘം ആരംഭിച്ച് കേരളജനത ഏറ്റെടുത്തു വിജയശ്രീലാളിതമാക്കിയ ഈ കന്യാസ്ത്രീസമരത്തെ അപഗ്രഥിച്ചാല്‍, അതു നയിച്ചവരാരും വിഭാവനംചെയ്തിട്ടില്ലാത്തത്ര വിപ്ലവാത്മകഫലമാണ് അതുളവാക്കിയിരിക്കുന്നതെന്ന്, അതൊരു സാമൂഹിക സാംസ്‌കാരികവിപ്ലവംതന്നെയായിരുന്നുവെന്ന്, കാണാനാകും. വിവേകവും ദീര്‍ഘവീക്ഷണവും നഷ്ടപ്പെട്ട സഭാനേതൃത്വവും രാഷ്ട്രീയനേതൃത്വവും ചേര്‍ന്ന് ഫ്രാങ്കോയുടെ അറസ്റ്റ് വൈകിച്ചതിന്റെ ഗുണഫലമായിട്ടുകൂടിയാണ്, അന്യഥാ വെറുമൊരു പരാതിയോ കോടതിക്കേസോ മാത്രമായി അസ്തമിക്കുമായിരുന്ന കന്യാസ്ത്രീബലാത്സംഗക്കേസ്  ഒരു വിപ്ലവാത്മകസമരമായി പരിണമിച്ചത് എന്നുകൂടി നാം കാണേണ്ടതുണ്ട്.
ഈ കാലവിളംബം, കത്തോലിക്കാസമൂഹത്തിനും പൊതുസമൂഹത്തിനും സാമൂഹികമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും കൂടുതലായി അനുവദിച്ചുകൊടുത്ത ഓരോ മിനിട്ടും, ഇവിടുത്തെ സഭാസംവിധാനത്തെയും രാജകീയപ്രൗഢിയോടുകൂടിയ അതിലെ പുരോഹിതസംവിധാനത്തെയും അത്മായരുടെയും കന്യാസ്ത്രീകളുടെയും അവസ്ഥയെയും മറ്റ് അക്രൈസ്തവികതകളെയുമെല്ലാം കുടഞ്ഞിട്ട് ഇഴകീറി പരിശോധിക്കുവാനും വിമര്‍ശിക്കുവാനുമുള്ള വിലപ്പെട്ട അവസരമായിത്തീര്‍ന്നു. സഭാവിരുദ്ധരെന്നു മുദ്രകുത്തപ്പെട്ട്, തീര്‍ത്തും പരിഹാസ്യരായി തള്ളിയകറ്റപ്പെട്ടിരുന്ന കേരളത്തിലെ സഭാനവീകരണവാദികളായ ക്രൈസ്തവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും കേരളസമൂഹത്തോട് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ഇവിടുത്തെ എല്ലാ വാര്‍ത്താചാനലുകളും വലിയ വേദികളായിത്തീര്‍ന്നു. ആധികാരികസഭയുടെ വക്താക്കളായി എത്തിയവരുടെ പഴകി ജീര്‍ണ്ണിച്ചതും യുക്തിരഹിതവുമായ യാഥാസ്ഥിതിക ആശയങ്ങള്‍ക്കുമുമ്പില്‍, സ്വതന്ത്ര
സഭാപ്രവര്‍ത്തകരുടെ സംയുക്തിക കാഴ്ചപ്പാടുകള്‍ വെട്ടിത്തിളങ്ങുന്നതുകാണാന്‍ ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തിനു കഴിഞ്ഞു. കന്യാസ്ത്രീകളുള്‍പ്പെടെ മുഴുവന്‍ ക്രൈസ്തവസമൂഹവും നേരിടുന്ന പുരോഹിതാധിപത്യത്തില്‍നിന്നു സമൂദായത്തെ കരകയറ്റാന്‍ ചര്‍ച്ച് ആക്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ക്രൈസ്തവസമൂഹത്തെമാത്രമല്ല, പൊതുസമൂഹത്തെയും വലിയൊരളവുവരെ ബോധ്യപ്പെടുത്താന്‍, ഇരയായ കന്യാസ്ത്രീ പോലീസില്‍ പരാതിപ്പെട്ടതുമുതല്‍ ഫ്രാങ്കോ അറസ്റ്റുചെയ്യപ്പെട്ടതുവരെയുള്ള മൂന്നു മാസംകൊണ്ട് സഭാനവീകരണരംഗത്തെ പരിണിതപ്രജ്ഞരായ നേതൃത്വത്തിനു സാധിച്ചു. ചുരുക്കത്തില്‍, സഭാനവീകരണപ്രസ്ഥാനങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പുമുതല്‍ വിതച്ചുകൊണ്ടിരുന്ന സഭാസംബന്ധിയായ ആശയവിത്തുകള്‍ പൂത്തുലഞ്ഞ് ഫലമണിഞ്ഞ ഒരു കൊയ്
ത്തുകാലമായിരുന്നു, സഭാധികൃതരുടെയും ഭരണകൂടത്തിന്റെയും അവിവേകംമൂലം ലഭ്യമായ ഈ മൂന്നു മാസം. ഈ ചെറിയകാലയളവില്‍ എത്രയോ ചിന്തകരും എഴുത്തുകാരുമാണ് സഭാനവീകരണരംഗത്തേക്ക് പുതുതായി കടന്നുവന്നിരിക്കുന്നത്! സഭാവിമര്‍ശനപരമായി കഴിഞ്ഞ ഒരു മൂന്നുവര്‍ഷത്തിലുണ്ടായ അത്രയെങ്കിലും രചനകള്‍ ഈ മൂന്നുമാസംകൊണ്ട് എഴുതപ്പെട്ടിട്ടുണ്ടാവണം. ധിഷണയും പ്രതിഭയും യുക്തിബോധവും ധൈര്യവുമുള്ള അനേകരെത്തി സഭാനവീകരണരംഗത്തെ ഏറെ സര്‍ഗ്ഗാത്മകവും ചലനാത്മകവുമാക്കിയിരിക്കുന്നു. അതേസമയം, സഭാധ്യക്ഷന്മാരിലും സഭാവക്താക്കളിലും ഈ ഗുണങ്ങള്‍ക്കുപകരം, അസഹിഷ്ണതയും കാര്‍ക്കശ്യവും യുക്തിഹീനതയുമാണ് കൂടിവരുന്നതായി കാണപ്പെടുന്നത്. അവരുടെ പൊയ്മുഖം സ്വയം വെളിപ്പെടുവാന്‍ അതു കാരണമാകുകയും ചെയ്യുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം, പൗരോഹിത്യത്തെയും  സഭാഘടനയെയും വിമര്‍ശിച്ച് ഗഇഞങ എന്തെല്ലാമാണോ എഴുതുകയും പറയുകയുംചെയ്ത് വിശ്വാസിസമൂഹത്തെ ബോധ്യപ്പെടുത്താന്‍ പാടുപെട്ടത്, അതെല്ലാം ഈ മൂന്നുമാസംകൊണ്ട് സഭാമേലദ്ധ്യക്ഷന്മാര്‍തന്നെ തങ്ങളുടെ ധാര്‍ഷ്ട്യം
നിറഞ്ഞതും വിവേകശൂന്യവുമായ ചെയ്തികള്‍കൊണ്ടും കുറ്റകരമായ മൗനംകൊണ്ടും സഭാസമൂഹത്തിനുമുമ്പില്‍മാത്രമല്ല, പൊതുസമൂഹത്തിനുമുമ്പിലും സ്വയം തുറന്നുകാട്ടി ബോധ്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു! വേട്ടക്കാര്‍ പുരോഹിതരെങ്കില്‍ തങ്ങള്‍ അവര്‍ക്കൊപ്പമായിരിക്കുമെന്നു പറയാതെപറയുന്ന അഴകൊഴമ്പന്‍ സര്‍ക്കുലറുകളിലൂടെയുംമറ്റും തങ്ങള്‍ കള്ളയിടയന്മാര്‍തന്നെയെന്ന് മെത്രാന്മാര്‍ സ്വയം സമര്‍ത്ഥിച്ചുകഴിഞ്ഞിരിക്കുന്നു! ഇരകളെയും അവരോടൊപ്പം നില്‍ക്കുന്ന ജനസമൂഹത്തെയും തള്ളിപ്പറഞ്ഞ്, തങ്ങള്‍ ക്രൈസ്തവസമുദായത്തിന്റെ നേതാക്കളല്ലെന്നും  സ്വയം തെളിയിച്ചിരിക്കുകയാണ്, കേരളത്തിലെ കത്തോലിക്കാമെത്രാന്‍മാര്‍!
സഭയിലിന്ന് പൗരോഹിത്യത്തിന്റെ വിനാശകാലമാണ്. അതുകൊണ്ടുതന്നെ പുരോഹിതമസ്തിഷ്‌ക്കങ്ങളില്‍ ഉദിക്കുക വിപരീതബുദ്ധി ആയിരിക്കും- ''വിനാശകാലേ വിപരീത ബുദ്ധി!'' ഈ വിപരീത ബുദ്ധിയുടെ ഫലമായിക്കൂടിയാണ് കന്യാസ്ത്രീസമരം ഇത്രമേല്‍ വിജയിച്ചതും ക്രൈസ്തവസമൂഹത്തിന് തീയില്‍ കുരുത്ത, ഉന്നതശീര്‍ഷരായ ഒരു നേതൃനിരയെ ലഭിച്ചതും. നടപടികളായും സര്‍ക്കുലറുകളായും ഇടയലേഖനങ്ങളായും ജയില്‍ സന്ദര്‍ശനങ്ങളായും, ഫ്രാങ്കോയ്‌ക്കൊപ്പം താഴ്ത്തിക്കെട്ടി യേശുവിനെ അവഹേളിക്കലായുമൊക്കെ പൗരോഹിത്യം ഇനിയും ഇതേ വിപരീതബുദ്ധി പ്രയോഗിച്ച്, തങ്ങളുടെ തനിനിറവും പാപ്പരത്തവും കൂടുതല്‍കൂടുതല്‍ തുറന്നുകാട്ടിക്കൊണ്ടിരിക്കുക തന്നെചെയ്യും. അതിനനുസൃതമായി, സഭാസമൂഹം കൂടുതല്‍കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. ഈ ശാക്തീകരണം തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ ഒരു സൂചനയാണ്, കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെയുണ്ടായ വികാരിയുടെ നടപടിയെ, പെട്ടെന്നുതന്നെ ശക്തരായി ഇടവകക്കാര്‍ കീഴ്‌മേല്‍മറിച്ച വയനാട് കാരയ്ക്കാമലയിലെ സംഭവം. കേരളസഭയില്‍ ഇങ്ങനെയൊരു വലിയ വ്യതിയാനം സൃഷ്ടിക്കാന്‍ നിമിത്തമായി എന്നതാണ് ഇവിടെ നടന്ന കന്യാസ്ത്രീസമരത്തിന്റെ ചരിത്രപ്രാധാന്യം.
ചുരുക്കത്തില്‍, സത്യസന്ധതയോ നീതിബോധമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത കേരളത്തിലെ സഭാനേതൃത്വവും രാഷ്ട്രീയനേതൃത്വവുംചേര്‍ന്ന് സഭയിലെ ഒരു വേട്ടക്കാരനെ രക്ഷിക്കാന്‍ നടത്തിയ കുത്സിതശ്രമങ്ങള്‍ കേരളജനതയ്ക്ക്, വിശിഷ്യാ ഇവിടുത്തെ ക്രൈസ്തവസമൂഹത്തിന്, ഒരു അനുഗ്രഹമായി ഭവിച്ചിരിക്കുന്നു! അമ്മ-പെങ്ങള്‍മാരുള്ള സകലരുടെയും ഹൃദയത്തെ തൊട്ടുണര്‍ത്തിയ, സര്‍വ്വാംഗീകാരയോഗ്യമായ ഒരു മാതൃകാസമരത്തിന് അവരുടെ ഈ അവിവേകമാണ് കാരണമായത്. 'കന്യാസ്ത്രീവിപ്ലവ'മെന്നു ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ടേക്കാവുന്ന ഈ മഹാസമരം കേരളത്തിന്റെ പൊതുബോധത്തെ ആകെ ഉലയ്ക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിരിക്കുന്നു. മലയാളിസമൂഹത്തിന്റെ മൂല്യബോധം മുകളിലേക്ക് ഒരു പടികൂടി ചാടിക്കയറിയിരിക്കുന്നു. ഓരോ കേരളീയന്റെയും ധിഷണയെ, ചേതനയെ, ജാഗരൂകതയെ അതു തട്ടിയുണര്‍ത്തിയിരിക്കുന്നു. ഈ കന്യാസ്ത്രീവിപ്ലവം, സഭയിലും സമൂഹത്തിലും പരിവര്‍ത്തനത്തിന്റെ നിരവധി വാതിലുകള്‍ തുറന്നിടുന്ന പല മാനങ്ങളുള്ള ഒന്നായിത്തീരുകയും ചെയ്തിരിക്കുന്നു.
മത-സാംസ്‌കാരിക-രാഷ്ട്രീയരംഗങ്ങളില്‍, കാഴ്ചപ്പാടുതലത്തിലുള്ള ഒരു സമൂലവ്യതിയാനം (ുമൃമറശഴാ വെശള)േ സൃഷ്ടിക്കാന്‍ പോരുന്നത്ര ഒരു പ്രവര്‍ത്തവ്യ ഊര്‍ജ്ജം (ുീലേിശേമഹ ലിലൃഴ്യ) ഈ കന്യാസ്ത്രീവിപ്ലവം കേരളത്തില്‍ ഉല്പാദിപ്പിച്ചിരിക്കുന്നു. ഈ മഹാസാധ്യതയെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമാക്കിമാറ്റാന്‍ നമുക്കു കഴിയുന്നപക്ഷം, ലോകം ശ്രദ്ധിക്കുന്നതരത്തിലുള്ള ഒരു ആദ്ധ്യാത്മികവിപ്ലവത്തിലേക്കും സാംസ്‌ക്കാരികവിപ്ലവത്തിലേക്കും അടിസ്ഥാന മാനുഷികമൂല്യങ്ങളിലടിയുറച്ച ഒരു ജനകീയരാഷ്ട്രീയമുന്നേറ്റത്തിലേക്കും കേരളം നയിക്കപ്പെടും. അങ്ങനെയെങ്കില്‍, മഹാമനീഷികള്‍ ആവിഷ്‌ക്കരിച്ചുതന്നിട്ടുള്ള ജീവിതദര്‍ശനങ്ങളെ 'മദ'മാക്കിമാറ്റി മനുഷ്യനെ തമ്മിലകറ്റുന്ന ദുഷ്ടപൗരോഹിത്യത്തെയും, സഹവര്‍ത്തിത്വത്തിനുപകരം മാത്സര്യത്തെ പ്രതിഷ്ഠിക്കുന്ന കമ്പോളരാഷ്ട്രീയത്തെയും, ഇവ രണ്ടും ഇണചേര്‍ന്നു സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനമുള്‍പ്പെടെ മനുഷ്യരാശി ഇന്നു നേരിടുന്ന നിലനില്പിന്റെ പ്രതിസന്ധിയെയുമെല്ലാം മറികടക്കാനുള്ള വഴി ലോകത്തിനു കാട്ടിക്കൊടുക്കാന്‍ കേരളത്തിനു കഴിയും. കുറഞ്ഞപക്ഷം, ജലപ്രളയത്തേത്തുടര്‍ന്ന് വിഭാവനംചെയ്യപ്പെട്ട നവകേരളസൃഷ്ടി എന്ന സങ്കല്പത്തെ മൂല്യാധിഷ്ഠിതവും അങ്ങനെ കൂടുതല്‍ മികവുറ്റതുമാക്കാന്‍ നമുക്കു കഴിയും. എന്തായിരിക്കരുത് മതമെന്നും, എന്തായിരിക്കരുത് രാഷ്ട്രീയമെന്നും കന്യാസ്ത്രീസമരത്തിലൂടെ വിളിച്ചുപറഞ്ഞ ലക്ഷക്കണക്കിനു ജനങ്ങളും നൂറുകണക്കിനു ജനകീയപ്രസ്ഥാനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും രംഗത്തിറങ്ങിയാല്‍, മാനുഷികമൂല്യങ്ങളില്‍ അടിത്തറയുള്ള ഒരു നവകേരളം ഇവിടെ ഉദയംകൊള്ളുകതന്നെ ചെയ്യും; മത-സാംസ്‌കാരിക-രാഷ്ട്രീയമേഖലകളിലെല്ലാം പുതുജീവന്‍ കൈവരിച്ച ഒരു നവകേരളം!
അതിന് ഈ മേഖലകളിലെല്ലാമെത്തി പ്രത്യേകംപ്രത്യേകം പ്രവര്‍ത്തിക്കേണ്ടതില്ല. മറിച്ച്, ഏറ്റവും പരിഷ്‌കൃതസമൂഹം എന്നു തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ ക്രൈസ്തവസമൂഹത്തെ, അത് അടിപ്പെട്ടിരിക്കുന്ന അടിമത്തത്തില്‍നിന്നു വിമോചിക്കുവാന്‍ ജനകീയകേരളം കൈകോര്‍ത്തുപ്രവര്‍ത്തിച്ചാല്‍ മാത്രം മതി. കാരണം, ഈ വിമോചനപ്രവര്‍ത്തനം ഒരേസമയം ആദ്ധ്യാത്മികപ്രവര്‍ത്തനവും സാംസ്‌കാരികപ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമാണ്.
ഒരു മഹാപുരോഹിതനാല്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ നീതിക്കുവേണ്ടിയുള്ള നിലവിളികേട്ട് അവരുടെ രക്ഷയ്ക്കായി ജാതി-മതഭേദമെന്യേ വഞ്ചീസ്‌ക്വയറിലേക്കു കുതിച്ചെത്തിയ ജനകീയകൂട്ടായ്മ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഫ്രാങ്കോയുടെ അറസ്റ്റോടെ വിജയശ്രീലാളിരായി തിരിച്ചുപോയ അവരെല്ലാം, മൊത്തം കന്യാസ്ത്രീസമൂഹം നേരിടുന്ന വിവേചനത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും നീതിനിഷേധത്തിന്റെയുമായ സാഹചര്യങ്ങളേക്കൂടി അഭിമുഖീകരിക്കാന്‍, ശബ്ദമില്ലാത്ത അവരുടെ ശബ്ദമാകാന്‍, വീണ്ടും ഒത്തുകൂടേണ്ടിയിരിക്കുന്നു. ഒരു കന്യാസ്ത്രീയുടെ നീതിക്കുവേണ്ടി ജനകീയകേരളം ഒന്നു മുരണ്ടപ്പോള്‍ത്തന്നെ, ഇവിടുത്തെ മത- രാഷ്ട്രീയമേഖലകളില്‍ ഇത്രയും പ്രകമ്പനമുണ്ടായെങ്കില്‍, കന്യാസ്ത്രീ സമൂഹത്തിന്റെ ആകെ സ്വാതന്ത്ര്യത്തിനും നീതിക്കുംവേണ്ടി കേരളം ശബ്ദിക്കാന്‍ തയ്യാറായാല്‍ അത് എല്ലാവിധ മത - രാഷ്ട്രീയ കൂട്ടുകെട്ടുകളെയും വേര്‍പെടുത്തുകയും എല്ലാവിധ ദൈവശാസ്ത്ര-പ്രത്യയശാസ്ത്രവൈരുദ്ധ്യങ്ങളെയും പുറത്തുകൊണ്ടുവരികയും, ആ ശൂന്യതയില്‍ എല്ലാ രംഗങ്ങളിലും മൗലികങ്ങളായ പുതുചിന്തകളും കാഴ്ചപ്പാടുകളും പ്രസ്ഥാനങ്ങളും ഉരുത്തിരിയാന്‍ കാരണമാവുകയും ചെയ്യും.
ആദ്യമായിത്തന്നെ, കന്യാസ്ത്രീമഠങ്ങളുടെ അടഞ്ഞ അന്തരീക്ഷത്തിലേക്ക് തുറന്ന കാഴ്ചപ്പാടുകളുടെയും ചിന്തയുടെയും കാറ്റും വെളിച്ചവും കടന്നുചെല്ലാനാവശ്യമായ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട്, സഭാധികാരത്തിനുമേല്‍ ധാര്‍മ്മികസമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു; അവരുടെ അനുസരണവ്രതത്തെ പുനര്‍നിര്‍വ്വചിക്കാന്‍ ആവശ്യപ്പെടേണ്ടിയിരിക്കുന്നു. ''നിങ്ങള്‍ ഒരിക്കലും സത്യം ചെയ്യരുത്..'' (മത്താ. 5: 33-37) എന്ന യേശുവിന്റെ പ്രബോധനത്തിന്റെ വെളിച്ചത്തില്‍, ആരെക്കൊണ്ടെങ്കിലും നിത്യവ്രതമെടുപ്പിക്കാന്‍ ആര്‍ക്കെങ്കിലും അധികാരമുണ്ടോ എന്നും, ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു വ്രതവാഗ്ദാനം സ്വയം നടത്താന്‍ ആര്‍ക്കെങ്കിലും യോഗ്യയുണ്ടോയെന്നും പുനര്‍ചിന്തനംചെയ്യാന്‍ സഭാധികാരികളെ നിര്‍ബന്ധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സന്ന്യാസജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാന്യമായി പുറത്തുപോകാന്‍ സാധിക്കുംവിധം അവര്‍ക്കു ജീവനാംശവും പുനരധിവാസവും സഭയില്‍നിന്നുതന്നെ ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊന്ന്, സ്വന്തം ഭാവിജീവിതത്തേക്കുറിച്ച് എന്തെങ്കിലും തീരുമാനമെടുക്കാനുള്ള പ്രാപ്തിയോ പക്വതയോ കൈവരിക്കാത്ത കൗമാരപ്രായത്തില്‍ സന്ന്യസ്തപരിശീലനം തുടങ്ങുന്ന ഇന്നത്തെ സമ്പ്രദായം അവസാനിപ്പിക്കേണ്ടതുണ്ട് എന്നതാണ്. കുറഞ്ഞത് 21 വയസ്സെങ്കിലുമാകാതെ മഠപ്രവേശനം അനുവദിക്കരുതെന്ന നിഷ്‌കര്‍ഷ സഭയില്‍ കൊണ്ടുവരാനുള്ള സമ്മര്‍ദ്ദവും കൂട്ടായി ചെലുത്തേണ്ടതുണ്ട്.
എന്നാല്‍, എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും അതിനൊന്നും വഴങ്ങാതിരിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ സഭാമേലദ്ധ്യക്ഷന്മാര്‍ക്കു സാധിക്കും. അതിനടിസ്ഥാനമായിരിക്കുന്നത്, സഭാസ്വത്തുക്കള്‍ മുഴുവന്‍ മെത്രാന്മാരുടേതാക്കിക്കൊണ്ടും, നിയമനിര്‍മ്മാണത്തിനും നിയമവ്യാഖ്യാനത്തിനും നിയമം നടപ്പാക്കുന്നതിനുമുള്ള പൂര്‍ണ്ണഅധികാരം അവര്‍ക്കു നല്‍കിക്കൊണ്ടും ഇവിടെനിലനില്‍ക്കുന്ന കാനോന്‍ നിയമമാണ്. ഭരണഘടനാവിരുദ്ധവും ബൈബിള്‍വിരുദ്ധവുമായ ഈ നിയമത്തെ അംഗീകരിക്കാത്തവരാണ്, പള്ളി സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ ഒരു ഇന്ത്യന്‍ നിയമം വേണം എന്ന ആവശ്യകതയിലൂന്നി, ഗവണ്‍മെന്റ് ഫയലില്‍ സൂക്ഷിച്ചിരിക്കുന്ന ചര്‍ച്ച് ട്രസ്റ്റ്ബില്‍ (ചര്‍ച്ച ആക്ട്) നടപ്പാക്കണമെന്നു മുറവിളികൂട്ടിക്കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു നിയമം വരാത്തിടത്തോളം കാലം, കന്യാസ്ത്രീകളെ സംബന്ധിച്ചുള്ളവയുള്‍പ്പെടെ, എല്ലാ പരിഷ്‌ക്കരണനീക്കങ്ങളെയും മെത്രാന്മാര്‍ തള്ളിക്കളഞ്ഞുകൊണ്ടിരിക്കും. ചുരുക്കത്തില്‍, കന്യാസ്ത്രീസമൂഹത്തിന്റെ മുകളില്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയണമെങ്കില്‍പ്പോലും ചര്‍ച്ച് ആക്ട് നടപ്പിലാക്കേണ്ടതുണ്ട്.
അതുകൊണ്ട്, കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടു സഭയ്ക്കുള്ളില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തന്നെ, ചര്‍ച്ച് ആക്ടിനായിക്കൂടി കേരളസമൂഹം ക്രൈസ്തവസഹോദരങ്ങള്‍ക്കൊപ്പം കൈകോര്‍ക്കേണ്ടതുണ്ട്. പ്രഥമമായും പുരോഹിതാധിപത്യത്തിന്‍കീഴില്‍ ഞെരിഞ്ഞമരുന്ന കന്യാസ്ത്രീസമൂഹത്തിന്റെയും  മുഴുവന്‍ ക്രൈസ്തവസമൂഹത്തിന്റെതന്നെയും വിമോചനത്തിനായി കേരളസമൂഹം കൂട്ടായി നടത്തുന്ന ഒരു സ്വാതന്ത്ര്യസമരമായിരിക്കണമത്.
നീതിക്കും മനുഷ്യവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള ഏതു സമരവും, വഞ്ചീസ്‌ക്വയറിലേതുപോലെ മതാതീതമായിരിക്കുന്നതാണ് ഉത്തമം. മതങ്ങളാല്‍ വിഭജിക്കപ്പെടാതെ മൂല്യങ്ങളില്‍ ഒന്നിക്കുകയാണിവിടെ. ആ ഒന്നിപ്പാണ് കന്യാസ്ത്രീസമരത്തില്‍ വിജയം സുനിശ്ചിതമാക്കിയത്. ഇനിയും അതായിരിക്കണം, ഇത്തരം വിഷയങ്ങളില്‍ കേരളത്തിന്റെ സമരമാതൃക.
ജനങ്ങള്‍ക്കെതിരെ കൈകോര്‍ത്തുനില്‍ക്കുന്ന മതാധികാരത്തെയും രാഷ്ട്രീയാധികാരത്തെയും ഒരിക്കല്‍ക്കൂടി വേര്‍പെടുത്താന്‍ കേരളജനതയ്ക്കു കഴിഞ്ഞാല്‍, വഞ്ചീസ്‌ക്വയര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചാല്‍, അത് കേരളനവോത്ഥാനത്തിലേക്കുള്ള ഒരു ഹനുമാന്‍ ചാട്ടമായിരിക്കുകതന്നെ ചെയ്യും. അതിനുള്ള സന്നാഹമാകട്ടെ, ഇനി!

No comments:

Post a Comment