Translate

Saturday, June 22, 2019

ക്രിസ്ത്യാനിയെ മയക്കുന്ന ഗുരുക്കന്മാരും സഭയെ മെരുക്കുന്ന പ്രസ്ഥാനങ്ങളും

https://www.facebook.com/permalink.php?story_fbid=1698985737069585&id=1493768027591358&__xts__[0]=68.ARDo-S1LwOThQ0bLHTIg176mrHoXlnKut5ibEY7pfE_Rid2V4io6bxWzwVJkyA159B4vkhh47tDJnQmq_Tn5Ji_NK67cIhz1FADBThkgOKpXYa8HyOR9JZEfJXhkUrgn8KjAbbpXf1RFeVj2u9am-QMXMUyWkZWDgjyqoVJK07Xe-8_FcM8ivMj95OInqAmRkLIZ8bImlGdCKQ9zikdji9GqgkQFhK55-b5ImcfLaWhS0GsooIwBdI9L4L2BFozz_X0OGiIoyXXCcZPA3RTH4RH16l4QX7ylvEHhxZJyYaJ1skpJeo8rfOBZKvdUI-F0zsvH2ydmSvs5ezu3mydRCCu60Kdw&__tn__=-R

കടപ്പാട് ( പ്രവാസി മലയാളിസുഹൃത്ത് അയച്ചുതന്ന വാട്സ്ആപ്പ് സന്ദേശം )

മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും! ഒരു സിനിമയിലെ ഡയലോഗ് ആണിത്. ഒന്നു തിരിച്ചു പറഞ്ഞാൽ, യാന്ത്രികമായി ചെയ്യിക്കാൻ മനസ്സിൽ കുറ്റബോധം ഉണ്ടായാൽ മതി. ഉണ്ടായില്ലെങ്കിൽ ഉണ്ടാക്കിയാൽ മതി. ഇതാണ് ഇന്ന് കേരളത്തിലെ കത്തോലിക്ക സഭയുടെ ലേബലിൽ ലോകം മുഴുവൻ കറങ്ങി നടക്കുന്ന രക്ഷകരും പ്രവാചകന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്.
രൂപം മാറിയ ധ്യാനപ്രസ്ഥാനങ്ങൾ
തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. അങ്ങനെയുള്ളവർ തുടർന്നും തെറ്റിൽ തുടരാതിരിക്കാനും, ചെയ്ത തെറ്റ് മനസ്സിലാക്കി നല്ല ജീവിതത്തിലേയ്ക്ക് കടന്നു വരുവാനും വേണ്ടിയാണ് കത്തോലിക്ക സഭയിൽ കുമ്പസാരവും വി.കുർബാന സ്വീകരണവും ഉള്ളത്. അതു നേരാംവണ്ണം ചെയ്തു മര്യാദയ്ക്ക് ജീവിച്ചുപോകുന്ന ഒരു ശരാശരി ക്രിസ്ത്യാനിയെ ഒരുവഴി പെരുവഴിയാക്കുന്ന പണിയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കരിസ്മാറ്റിക്ക് ധ്യാനഗുരുക്കന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ 1980കൾ മുതൽ കണ്ടുവരുന്ന കരിസ്മാറ്റിക് പ്രസ്ഥാനം ഇന്ന് കാണുന്ന ഒന്നായിരുന്നില്ല. അതിന്റെ ലക്ഷ്യം അത്ഭുത പ്രകടനമോ രോഗശാന്തിയോ ആയിരുന്നില്ല. സുവിശേഷവും ദൈവശാസ്ത്രവും സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിലും നിത്യജീവിതത്തിൽ പ്രയോജനകരമാകുന്ന തരത്തിലും അവതരിപ്പിക്കുകയായിരുന്നു.
അന്ന് കപ്പൂച്ചിൻകാർ ഇടവകകൾ തോറും നടത്തിക്കൊണ്ടിരുന്നത്. അങ്ങനെയുള്ള അവശേഷിക്കുന്ന ചിലരിൽ ഒരാളാണ് ഫാ. ബോബി ജോസ് കാട്ടിക്കാട്. അവരുടെ ധ്യാനങ്ങൾ പൊതുവേ ശാന്തമായിരിക്കും, ശബ്ദകോലഹളങ്ങൾ കുറവായിരിക്കും, പ്രചാരണങ്ങൾ കുറവായിരിക്കും, അവകാശവാദങ്ങളും കുറവായിരിക്കും.
പണം കായ്ക്കുന്ന മരം
എന്നാൽ, ഇന്ന് ധ്യാനങ്ങളുടെ പുറകെ ഓടുന്നവരിൽ ബഹുഭൂരിപക്ഷവും ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം തേടി പോകുന്നവർ ആണ്. അതോടൊപ്പം, ധ്യാനനടത്തിപ്പ് ഒരു ബിസിനസ്സായി മാറി. പണവും പ്രശസ്തിയും അതിൻ്റെ അവിഭാജ്യ ഘടകമായി. ഇന്ന് പല ധ്യാനകേന്ദ്രങ്ങളും ധ്യാനകമ്പനികൾ ആണ്. മിക്കവാറും എല്ലാം വാണിജ്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു.
അപ്പോൾ ധ്യാനം വിജയിപ്പിക്കാൻ പ്രശ്‌നങ്ങൾ ഉള്ളവർ വേണം, അവർ വരണം, അവരുടെ പ്രശ്നങ്ങൾ തീരണം. അഥവാ, പ്രശ്നങ്ങൾ ഉണ്ടാക്കണം, ആളുകളെ വരുത്തണം, പ്രശ്‌നങ്ങൾ തീർക്കണം. അല്ലെങ്കിൽ അങ്ങനെ പരസ്യം ചെയ്യണം. എന്നാലേ അടുത്ത ധ്യാനത്തിന് ആളെ കിട്ടൂ.
അത്ഭുത പ്രവർത്തനവും രോഗശാന്തിയും പറഞ്ഞുള്ള പരസ്യം കേട്ടു വരുന്ന ജനത്തെ സംതൃപ്തരാക്കാൻ വേണ്ടിവന്നാൽ ശുദ്ധനുണ പറയാനും ഇക്കൂട്ടർക്ക് മടിയില്ല. രോഗശാന്തിയും അത്ഭുതങ്ങളും ഇല്ലാത്ത ഒരു ധ്യാനവും ഇപ്പോൾ ധ്യാനക്കമ്പനികൾ നടത്താറില്ല.
സഭയെ നശിപ്പിക്കുന്ന ഇത്തിൾക്കണ്ണികൾ:
ഈ മൂല്യച്യുതി ഇന്ന് സഭയെ ആകമാനം ബാധിക്കുന്ന തരത്തിലേക്ക് വളർന്നു കഴിഞ്ഞു. ധ്യാനക്കാരും അവരുടെ കൂട്ടാളികളുംകൂടി ധ്യാനത്തിന് പോകാത്തവർ സഭയ്ക്കും വിശ്വാസത്തിനും എതിരാണെന്നുവരെ പ്രചരിപ്പിച്ചു അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്‌ഥ ഇന്ന് പല ഇടവകകളിലുമുണ്ട്. ഇത് കേരളത്തിൽ മാത്രമല്ല, സീറോ മലബാർ സഭയിലെ പുരോഹിതർ ലോകത്തു എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഈ പ്രശ്നം ഉണ്ട്. തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും ആളുകളെ പള്ളിയിൽ എത്തിക്കാനുമുള്ള കുറുക്കുവഴിയാണ് ധ്യാനവും ഈ ഒറ്റപ്പെടുത്തുകളും. കൂടാതെ ധ്യാനപരിപാടികൾ അവർക്ക് ധനശേഖരണ പരിപാടികൂടിയാണ്. അതുകൊണ്ടു ധ്യാനക്കാർ എന്ത് പറയുന്നു, എങ്ങനെ പറയുന്നുവെന്നതൊന്നും പുരോഹിതർക്ക് വിഷയമല്ല. കൂടാതെ, തങ്ങളെ വിമർശിക്കുന്നവരെ "ഒതുക്കാനും" ധ്യാനം ചില പുരോഹിതർക്ക് ഒരു സുവർണാവസരമാണ്.
കളകൾ പറിച്ചുമാറ്റപ്പെടുമ്പോൾ
അങ്ങനെ ചോദ്യം ചെയ്യപ്പെടാതെ മുന്നേറികൊണ്ടിരുന്ന ഒരു കൂട്ടുകച്ചവടമാണ് ഇപ്പോൾ അയർലണ്ടിൽ ചോദ്യം ചെയ്യപ്പെട്ടത്. അത് കാലഘട്ടത്തിൻ്റെ ഒരു അനിവാര്യതയും ആയിരുന്നു. രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ അയർലണ്ടിലെ സഭാവിശ്വാസികളിൽ ചിലർതന്നെ മുന്നോട്ടു വന്നിരിക്കുന്നു. വിശ്വാസികളെ ഭയപ്പെടുത്തിയും ദുർബലരും ജീവിതത്തിൽ ദുഃഖം അനുഭവിക്കുന്നവരുമായവരെ ധ്യാനത്തിൻ്റെ പേരിലും പ്രവചനമെന്ന പേരിലും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന പരിപാടി, കൊല്ലരുത് എന്ന കല്പനയ്ക്കു തന്നെ എതിരാണെന്ന് ഏതൊരു ക്രിസ്ത്യാനിക്കും അറിയാവുന്നതുമാണ്.
ഓട്ടിസമുള്ള കുട്ടികൾ ജനിക്കുന്നത് മാതാപിതാക്കളുടെ ദുർനടപ്പുകൊണ്ടാണെന്നു പ്രസംഗിക്കുന്ന പുരോഹിതൻ അങ്ങനെയുള്ളവരെയും അവരുടെ കുടുംബങ്ങളെയും എത്രമാത്രമാണ് വേദനിപ്പിച്ചിട്ടുണ്ടാവുക. തങ്ങളുടെ പേരും പെരുമയും മാത്രമാണ് ഇക്കൂട്ടർക്ക് ലക്ഷ്യം. അതിനു ബലിയാടാവുന്നതോ പാവം വിശ്വാസികളും! അതാണ് അയർലണ്ടിലെ വിശ്വാസികൾ ഒരു പെറ്റീഷനിലൂടെ പൊതുജനമധ്യത്തിൽ കൊണ്ടുവരികയും അവിടുത്തെ മുഖ്യധാരാ പത്രം അത് ഏറ്റെടുത്ത് അവിടുത്തെ മെത്രാപ്പോലീത്തയെ വിവരം ധരിപ്പിക്കുകയും ചെയ്‌തത്‌. കാര്യം മനസ്സിലാക്കിയ ഡബ്ലിൻ ആർച്ച്ബിഷപ്പ് വിവാദ ധ്യാനഗുരുവായ ഫാ. വാളംനാലിനെ അയർലണ്ടിലേക്ക് ക്ഷണിച്ച സീറോ മലബാർ നേതൃത്വത്തോട് അതു പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ആൾദൈവങ്ങളെ തൊട്ടാൽ
ചോദ്യം ചെയ്യപ്പെടാത്ത ആൾദൈവങ്ങൾ ചോദ്യം ചെയ്യപ്പെട്ടത് സീറോ മലബാർ സഭയുടെ നേതൃത്വത്തിന് ഉൾക്കൊള്ളാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. പ്രതീക്ഷിക്കാതെയുണ്ടായ പ്രതികരണത്തിൽ ഡബ്ലിനിലെ സീറോ മലബാർ നേതൃത്വം പകച്ചുപോയി. എന്നാൽ, എല്ലാവിധ അടവുകളും അറിയാവുന്ന ആൾദൈവങ്ങളുടെ പോരാളികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കും മറുപടി പറയുന്നതിനുപകരം യൂറോപ്പിൽ അജപാലനത്തിനു നിയോഗിക്കപ്പെട്ടിട്ടുള്ള മാർ സ്റ്റീഫൻ ചെറപ്പണത്ത് അടക്കമുള്ള ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിച്ചു. വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസംഗം ശരിയാണെന്നും തങ്ങളെല്ലാം സുഖംപ്രാപിച്ചവരാണെന്നും ധ്യാനക്കാരും കൂട്ടാളികളും വ്യാപകമായി പ്രചരിപ്പിച്ചു.
എന്നാലത് വിലപ്പോകുന്നില്ലെന്നു കണ്ടപ്പോൾ, വിയോജിക്കുന്നവരെ നിരീശ്വരവാദികളും സഭാവിരുദ്ധരും ആയി മുദ്രകുത്തി. വാളംനാൽ അച്ചൻ്റെ അബദ്ധപ്രഭാഷണം തള്ളിക്കളയേണ്ടതിനു പകരം, സഭയുടെ മാന്തവാടി രൂപതയിൽ പെട്ട ഒരു വൈദീകൻ തന്നെ ഈ ആക്രമണങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. ധ്യാനപ്രസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുന്ന "പ്രവാചകശബ്ദം" പോലെയുള്ള മഞ്ഞപത്രങ്ങളെയും ചില വ്യാജ പ്രൊഫൈലുകളെയും ഉപയോഗിച്ച് അതിഭീകരമായ ആക്രമണം നടത്തി. പ്രവാചകന്മാരായ ധ്യാനഗുരുക്കന്മാരുടെ ശിഷ്യന്മാരുടെ നേതൃത്വത്തിൽ മ്ലേച്ഛമായ രീതിയിൽ വ്യക്തിഹത്യയും കല്ല് വച്ച നുണകളും പ്രചരിപ്പിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ സാക്ഷിയായി! ധ്യാനപ്രസ്ഥാനങ്ങളുടെ ഇരുണ്ടമുഖം മറനീക്കി പുറത്തുവന്നു! മനുഷ്യത്വവിരുദ്ധവും സഭാവിരുദ്ധമായ പ്രഭാഷണം സത്യമാണെന്നും പ്രവചനമാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു ഒപ്പുശേഖരണം നടത്തി(പ്രാർത്ഥനകൊണ്ട്‌ കാര്യം നടക്കില്ലെന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല).
സത്യത്തിനുവേണ്ടി മരണംവരെ പോരാടിയ ക്രിസ്തുവിൻ്റെ ശിഷ്യന്മാർ പുരോഹിതരുടെ നേതൃത്വത്തിൽ ആൾക്കൂട്ടനീതി നടപ്പിലാക്കാൻ ഇറങ്ങി പുറപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്ത പത്രത്തെയും ലേഖകനേയും അസത്യം ബോധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി.
അവസാനം ഒന്നും ഫലിക്കുന്നില്ലായെന്നു വന്നപ്പോൾ, ആ വീഡിയോ തന്നെ കൃത്രിമമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വാളംനാൽ അച്ചൻ്റെ മാനേജർ തന്നെ രംഗത്ത് വരുന്ന സ്ഥിതിയുണ്ടായി. വാളംനാൽ അച്ചൻ തൻ്റെ ധ്യാനത്തിൽ പരസ്യമായി പറഞ്ഞ കാര്യങ്ങൾ വ്യാജമാണെന്ന് പറയേണ്ടി വരിക. എന്തൊരു ഗതികേടാണത്! വീഡിയോയിൽ പറയുന്നതനുസരിച്ചു സംഭവിച്ചതെല്ലാം സത്യമാണെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്ന അനുയായികൾ അതോടെ ആശയക്കുഴപ്പത്തിലായി.
തകർച്ചയുടെ ആഴം
കേരളത്തിൽ തുടങ്ങി ലോകം മുഴുവൻ പ്രവാസികളുടെ പണത്തിൻ്റെയും അതുവഴി ആർജ്ജിക്കുന്ന പ്രശസ്തിയുടെയും ഭരണാധികാരികളിലുള്ള സ്വാധീനത്തിൻ്റെയും ബലത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ധ്യാനപ്രസ്ഥാനങ്ങൾ കത്തോലിക്ക സഭയ്ക്ക് വരുത്തി വയ്ക്കുന്ന നാശം ചെറുതല്ല. മനുഷ്യൻ്റെ സാമാന്യ ബുദ്ധിയെപ്പോലും ഒരു മടിയുമില്ലാതെ ചോദ്യം ചെയ്യാൻ ഇക്കൂട്ടർക്ക് ഒരു മടിയുമില്ല. രോഗങ്ങളും പീഡകളും മൂലം അലയുന്ന ജനങ്ങളെ പാപവും ശാപവും പറഞ്ഞു ഭീതിപ്പെടുത്തുകയും, ശാസ്ത്രവും ലോകവും അംഗീകരിക്കുകയും ചെയ്യുന്ന പലകാര്യങ്ങളും വസ്തുതകളുടെയോ തെളിവുകളുടെയോ ഒരടിസ്ഥാനവുമില്ലാതെ തള്ളിക്കളയുകയും ചെയ്യുന്ന ആൾ ദൈവങ്ങളെ സൃഷ്ടിക്കാനായി എന്നതാണ് ഇന്നത്തെ വാണിജ്യവൽക്കരിക്കപ്പെട്ട ധ്യാനകേന്ദ്രങ്ങളുടെ ഒരു പ്രധാന സംഭാവന. കത്തോലിക്ക സഭയുടെ ഔദ്യോഗിക നിർദ്ദേശം പോലും ഇക്കൂട്ടർ തള്ളിക്കളയും. അതിൻ്റെ ഉത്തമ ഉദാഹരണമാണ് അയർലണ്ടിലെ ആർച്ചുബിഷപ്പിൻ്റെ നിർദ്ദേശം ഏതു വിധേയനും മറികടക്കാൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ. അതിനു കേരളത്തിലെ സഭയിലെ ഒരു വിഭാഗത്തിൻ്റെ കൂടി പിന്തുണയുണ്ടെന്ന് കരുതേണ്ടിവരും. കേരളത്തിലെ സഭയുടെ, സാധാരണ വിശ്വാസികളെ അംഗീകരിക്കാത്ത, അടിച്ചമർത്തലിൻ്റെയും പ്രതികാര മനോഭാവത്തിൻ്റെയും ധാർഷ്ട്യത്തോടെയുമുള്ള ഭരണരീതി ലോകംമുഴുവൻ നേരിട്ടു കാണാൻകൂടി ഇടയാക്കുന്നതായി അയർലൻഡ് സംഭവം.
അപായസൂചന അവഗണിക്കപ്പെടുമ്പോൾ
അയർലണ്ടിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളും അതിൻ്റെ പ്രതിഫലനങ്ങളും എല്ലാ ക്രിസ്ത്യാനികളുടേയും കണ്ണുതുറപ്പിക്കുന്നതാണ്. അത്ഭുതപ്രവർത്തികളുടെയും രോഗശാന്തിയുടേയും പേരിൽ പരസ്യം ചെയ്തു ലോകം മുഴുവൻ കേരളത്തിൽ നിന്നുള്ളവർ പറന്നു നടക്കുമ്പോൾ, പ്രത്യേകം ഓർക്കേണ്ട ഒരു കാര്യമുണ്ട്. CHARIS എന്ന പേരിൽ ഫ്രാൻസിസ് മാർപ്പാപ്പ രൂപം കൊടുത്ത കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങളിൽ ഒന്നുപോലും അത്ഭുത പ്രവർത്തനമോ രോഗശാന്തിയോ വിശ്വാസികളെ വേർതിരിക്കലോ അല്ല. തീർത്തും ആത്മീയമായ ലക്ഷ്യങ്ങൾ മാത്രം. അതും ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടും.
എന്തായാലും, കേരള സഭയിലെ പുഴുക്കുത്തുകളെ ഉത്തരവാദിത്വപ്പെട്ടവർ നിയന്ത്രിച്ചില്ലെങ്കിൽ, സഭാംഗങ്ങൾ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുന്ന കാലം ഇങ്ങെത്തിക്കഴിഞ്ഞുവെന്നു മനസ്സിലാക്കാൻ ഈ സംഭവം ധാരാളമാണ്. അതുകൊണ്ട്, വൈകിയായാലും തെറ്റുകൾ തിരുത്താൻ മടിക്കരുത്. തകർച്ചയുടെ ആക്കം കുറയ്ക്കാൻ അതുകൊണ്ടാവും. അല്ലെങ്കിൽ തിരിച്ചുകയാറാൻ സാധിക്കാത്തത്ര അഗാധമായ ഗർത്തിലേക്ക് വീഴും. അതിൻ്റെ അപായ സൂചനയാണ് ഇപ്പോൾ അയർലണ്ടിൽ നിന്നും കേൾക്കുന്നത്.

No comments:

Post a Comment