Translate

Sunday, January 12, 2014

ലെയിറ്റി വോയിസ് പൊല്ലാപ്പ്

ഒരു ക്രിസ്ത്യാനിക്കു ചിരിച്ചു മടുക്കാന്‍ മാത്രം വാര്‍ത്തകള്‍ ഇപ്പോള്‍ നാട്ടില്‍ കിട്ടുന്നുണ്ട്‌. ലെയിറ്റി വോയിസിനെതിരെ കേന്ദ്ര മന്ത്രി ജയറാം രമേശ്‌ പത്ര സമ്മേളനം വിളിച്ചു ഭീഷണി മുഴക്കിയിരിക്കുന്നുവെന്ന വാര്‍ത്തയാണ് ഏറ്റവും ചൂടുള്ളത്. പാവം രമേശ്‌ ഓര്‍ത്തിരിക്കുന്നത് ഈ സാധനം സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണം ആണെന്നാണെന്നു തോന്നുന്നു. പേരില്‍ പറയുന്നതുപോലെ അത്മായരുടെ വകയല്ല ഈ മാരണമെന്നും അത്മായര്‍ ഔദ്യോഗികമായി യോഗം ചേര്‍ന്ന് ആരെയും ഇതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും അങ്ങേര് അറിഞ്ഞിട്ടില്ല. പാവം വി. സി. സെബാസ്റ്യന്‍! അഡ്വോക്കെറ്റ് എന്ന വിശേഷണം മാറ്റി ഷെവലിയര്‍ വി. സി. സെബാസ്റ്യന്‍ എന്ന് നീട്ടി അച്ചടിച്ച്‌ പുറത്തിറക്കിയ ആദ്യം ലക്കം ഇങ്ങിനെയായി; ഇനിയുള്ളതിന്‍റെ ഗതി എന്താകുമോ?  
ഇതില്‍ പരസ്യം കൊടുക്കുന്നത് വാണിജ്യപരമായി ഭയങ്കര നേട്ടമായിരിക്കും, എല്ലാ പരസ്യങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റണമെന്നില്ല എന്നൊക്കെ അര്‍ഥം വരുന്ന കുറിപ്പുകള്‍ ഇതില്‍ കണ്ടിട്ടുണ്ട്, പക്ഷേ പരസ്യം മാത്രം ഇപ്പറഞ്ഞപോലെ കണ്ടിട്ടില്ല. ബിസ്സിനസ്സ്കാര്‍ നോക്കുമ്പോള്‍ ലെയിറ്റി വോയിസ് ഒന്ന്‍/രണ്ട്/..... @ ജി മെയില്‍.കോം എന്ന വിലാസത്തിലാണ് ഈ സാധനം ആരോ അയക്കുന്നത്. സാധാരണ ഒരു ജി മെയില്‍ വിലാസത്തില്‍ നിന്ന് സൌജന്യമായി അയക്കാവുന്ന മെയിലുകളുടെ എണ്ണം എന്‍റെ അറിവില്‍ ഒരു ദിവസം 500 ആണ്. അപ്പോള്‍ എങ്ങിനെ കണക്കു കൂട്ടിയാലും ഇത് കിട്ടുന്നവരുടെ എണ്ണം ഇപ്പറയുന്നതുപോലെ ലക്ഷക്കണക്കിന് ആവില്ല. ഇന്‍റര്‍ നെറ്റില്‍ ചില നിയമങ്ങളും പരിമിതികളുമൊക്കെയുണ്ട്, ഒരുവനെ അയാളുടെ അനുവാദം കൂടാതെ ബള്‍ക്ക് മെയില്‍ ലിസ്റ്റില്‍ ഇടാന്‍ ചില നിയന്ത്രണങ്ങളുണ്ട്. ലെയിറ്റി വോയിസ്, എന്‍റെ അറിവില്‍ അവിടെ നിന്നും ഇവിടെ നിന്നുമൊക്കെ കിട്ടിയ മെയില്‍ ലിസ്റ്റുകള്‍ ഉപയോഗപ്പെടുത്തി നിലനില്‍ക്കുന്ന ഒരു പ്രസിദ്ധീകരണമാണ്. അത് അല്മായന്‍റെ ശബ്ദമല്ല, സെബാസ്റ്യന്റെ ശബ്ദമെന്നെ വായനക്കാര്‍ക്ക് തോന്നാനിടയുള്ളൂ. ‘ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി’ എന്നതു പോലെ വലിപ്പത്തില്‍ സെബാസ്റ്യന് ഷെവലിയര്‍ പദവി എന്ന് അച്ചടിക്കണമെങ്കില്‍ സ്വന്തം പത്രം വേണം.
മറ്റൊരു തെഹല്‍ക്കാ എന്ന് തോന്നിപ്പിക്കുമാറ് വീറോടെ പശ്ചിമ ഘട്ടത്തെ പ്പറ്റി അദ്ദേഹം എഴുതിയ ലേഖനം ഞാന്‍ പലവുരു വായിച്ചു. എനിക്ക് മനസ്സിലായത്‌, ഏതൊക്കെയോ വിദേശ ഏജന്‍സികളില്‍ നിന്ന് അനേകം കോടി രൂപാ കൈക്കലാക്കി അവരുടെ രഹസ്യ അജണ്ടായായ പശ്ചിമഘട്ടം പരിസ്ഥിതി സംരക്ഷണം ജെയറാം രമേശു മുതല്‍പ്പേര്‍ ഇവിടെ നടപ്പാക്കുന്നുവെന്നാണ്. അല്ല, ഒരു നാടിന്‍റെ പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന് വിദേശ ഏജന്‍സികള്‍ എന്തിന് താല്പ്പര്യപ്പെടണം? അങ്ങിനെ ഒരു മണ്ടത്തരം ആരെങ്കിലും കാണിച്ചാല്‍ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? മാറി മാറി വന്ന സര്‍ക്കാരുകളുടെ പിടിപ്പു കേടുകൊണ്ട് പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കുടിയേറിയ കര്‍ഷകരെ നിരുല്സാഹപ്പെടുത്താനോ, കുടിയേറ്റങ്ങള്‍ ഉണ്ടാകാതെ നോക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. ഒരു കുഴപ്പവുമില്ലെന്നു വിശ്വസിച്ച് അവിടങ്ങളില്‍ രക്തം വിയര്‍പ്പാക്കിയ കര്‍ഷകര്‍ക്ക് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വിഷമം ഉണ്ടാക്കുന്നുമുണ്ട്. അതില്‍ വ്യക്തിപരമായി എനിക്ക് വേദനയുണ്ട്, ഈ പ്രശ്നം അവരെ ആരെയും നിസ്സഹായാവസ്തയിലേക്ക് തള്ളി വിടാതെ പരിഹരിക്കുകയും വേണം. പക്ഷേ, ഈ പഴി മുഴുവന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ തലയിലേക്ക് ചാര്‍ത്താന്‍ ശ്രമിക്കുന്നത് ഷെവലിയരാണെങ്കിലും  ഉദ്ദേശശുദ്ധിയെ സംശയിക്കാതെ വയ്യ.
കഴിഞ്ഞ വര്ഷം, 'ഇതാ മുല്ലപ്പെരിയാര്‍ പൊട്ടിക്കഴിഞ്ഞു'വെന്നു വിളിച്ചു കൂവിക്കൊണ്ട് നാട് മുഴുവന്‍ കൊടികള്‍ പൊങ്ങിയപ്പോള്‍, ഈ സഭയും പൊക്കാവുന്നത്ര കോടികള്‍ പോക്കിയിരുന്നു. എല്ലാവരും കൂടി അന്നാട്ടിലെ സ്ഥലത്തിന്‍റെ ക്രയവിക്രയം പാടെ നിര്‍ത്തി. അതാണ്‌ ബാക്കി പത്രം. മുല്ലപ്പെരിയാര്‍ മേഖലയിലെ കര്‍ഷകന്‍റെ സ്ഥലത്തിനു പുല്ല് വിലയാണിന്ന്. അത് പോലൊരു ദുരന്തം പശ്ചിമ ഘട്ട മേഖലയിലെ കര്‍ഷകനെയും തുറിച്ചു നോക്കുന്നു. അവസാനം കര്‍ഷകന്‍ മണ്ടന്‍ തന്നെയായി അവശേഷിക്കും. 
സീറോ മലബാര്‍ സഭ പൊതുക്കാര്യത്തിനു ഇറങ്ങുമ്പോളോക്കെ ചില രഹസ്യ അജണ്ടാകളും പിന്നില്‍ ഉണ്ടായിരുന്നതുപോലെ എനിക്ക് തോന്നിയിട്ടുണ്ട്‌. പത്തു വര്ഷം മുമ്പ് റബര്‍ വില തീരെ താഴ്ന്നപ്പോള്‍ കൊട്ടിഘോഷിച്ചുണ്ടായതാണ് ഇന്‍ഫാം. ക്രിസ്ത്യാനി കര്‍ഷകര്‍ മാത്രമല്ല അന്ന് സന്തോഷിച്ചത്‌. പിന്നിടത് ഒരു രാഷ്ട്രിയ കക്ഷിയായി രൂപപ്പെടുന്നതുപോലെ തോന്നിയെങ്കിലും ഒന്നും സംഭവിച്ചില്ല, ഇന്‍ഫാം തന്നെ അപ്രസക്തമാവുന്നതാണ് നാം കണ്ടത്. അടുത്ത കാലത്ത് ശ്രി. റെജി ഞള്ളനാനി പത്ര സമ്മേളനം നടത്തി ഇന്ഫാമിന്‍റെ പേരില്‍ നടന്ന തട്ടിപ്പുകളെപ്പറ്റി  മാലോകരെ അറിയിച്ചപ്പോഴാണ് സംഗതിയുടെ പോക്ക് അവിടെയും സുഗമായിരുന്നില്ലെന്ന് ജനത്തിനു മനസ്സിലായത്‌. ഇപ്പോള്‍ പശ്ചിമഘട്ട പ്രശ്നം ചൂട് പിടിച്ചപ്പോള്‍ വീണ്ടും ഇന്‍ഫാം പൊക്കിക്കൊണ്ട് വരുന്നുണ്ട്, അടുത്ത ഫെബ്രുവരി 12 ന് തൊടുപുഴയില്‍ വെച്ച് കര്‍ഷക സമ്മേളനം നടക്കാന്‍ പോകുന്നുവെന്ന് ഇടയലേഖനത്തില്‍ കൂടി അറിയിച്ചിരിക്കുന്നത് ഇന്ഫാമിന്‍റെ എപ്പിസ്കോപ്പല്‍ ഉപദേശി അറക്കല്‍ മെത്രാനാണ്. ശവം ഉള്ളിടത്ത് കഴുകന്‍ വരുന്നതുപോലെയെ എനിക്ക് തോന്നുന്നുള്ളൂ. മെത്രാന്മാര്‍ നേരിട്ടിറങ്ങിയത്  ഉണ്ടാക്കിയ പൊല്ലാപ്പില്‍ നിന്ന് തന്ത്രപൂര്‍വ്വം തലയൂരാനും സഭയുടെ പിടി ശക്തമാക്കാനുമുള്ള ഒരു തന്ത്രമായേ ഞാനിതിനെ കാണുന്നുള്ളൂ. AICC കോണ്ഗ്രസ്സ് എം പി മാരെ പ്പറ്റിയുള്ള പൊതുജനാഭിപ്രായം അറിയാന്‍ നടത്തിയ സര്‍വ്വേയില്‍ താമരശ്ശേരിയില്‍ മെത്രാന്‍റെ മുമ്പില്‍ വിനയ പൂര്‍വ്വം നിന്ന ഷാനവാസിനെക്കാള്‍ ഇടുക്കി മെത്രാന്‍റെ നേരെ വാളോങ്ങിയ പിറ്റി തോമസ്‌ വളരെ മുമ്പിലാണെന്നാണ് കേട്ടത്. ശരിയോ തെറ്റോ; ഇത്, സഭ ജനങ്ങളുടെ ആദരവല്ല പിടിച്ചു പറ്റിയതെന്നല്ലേ കാണിക്കുന്നത്?  
ലെയിറ്റി വോയിസ് ആര്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്നും ജയറാം രമേശ്‌ കേസില്‍ സഭ എന്ത് നിലപാടെടുക്കുന്നുവെന്നും, ലെയിറ്റി വോയിസിന്‍റെ ഭാവി എന്തെന്നുമൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ. എന്തായാലും, ഷെവലിയര്‍ പദവി കിട്ടിയ ഒരാള്‍ ജയിലിലേക്ക് പോവുകയെന്നതും, ക്ഷമാപണം നടത്തേണ്ടി വരുന്നതുമൊന്നും സഭക്ക് ഭൂഷണമല്ല. ഇത് സംഭവിക്കാനുള്ള സാദ്ധ്യത ചെറുതുമല്ല. വിദേശ ഏജന്‍സികള്‍ പണം നല്‍കിയ വിവരം ലേഖനത്തിലുണ്ട്. ആ പണം എങ്ങിനെ ചിലവു ചെയ്തു എന്ന് രേഖാമൂലം തെളിയിക്കാന്‍ ഷെവലിയര്‍ക്ക് സാധിക്കണമെന്നില്ല, പണം പോയത് അദ്ദേഹം ഉദ്ദേശിച്ചതുപോലെ ആയിരിക്കണമെന്നുമില്ല. കേരളാ ഗവണ്മെന്റിനെയും കേന്ദ്ര ഗവണ്മെന്റിനെയും ഒരുപോലെ വസ്താക്ഷേപം ചെയ്ത ആ ലേഖനത്തെ പിന്താങ്ങാന്‍ ഭരണകക്ഷികളില്‍ നിന്നാരും ഉണ്ടാവാന്‍ പോകുന്നില്ല. അത്മായന്‍റെ പേരില്‍ കാണിച്ച ഈ തോന്ന്യാസത്തിനു മാപ്പ് നല്‍കാന്‍ അത്മായരും തയ്യാറാകണമെന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഏതെങ്കിലും അത്മായന്‍ കേസില്‍ കക്ഷി ചേര്‍ന്നാല്‍ സംഗതി വീണ്ടും വഷളായേക്കാം.  

5 comments:

  1. ഈ വാർത്ത പച്ചകള്ളങ്ങൾമാത്രം പറഞ്ഞു തഴമ്പിച്ചിട്ടുള്ള ദീപികമാത്രമേ റിപ്പോർട്ട് ചെയ്തുള്ളൂയെന്ന് തോന്നുന്നു. വൈദികരുടെ അടുത്ത ലക്‌ഷ്യം അല്മായരുടെ ഒറ്റുകാരനായ സെബാസ്റ്റ്യനെ പാർലമെൻറ് അംഗമാക്കുകയെന്നതാണ്. ഇയാൾ മന്ത്രിയായാൽ ബിഷപ്പുമാർക്ക് കുരങ്ങു കളിപ്പിച്ച് കാര്യവും സാധിക്കാം. ഇങ്ങനെയുള്ള വർഗീയവാദികൾ നാടിനും ആപത്താണ്. ഇന്ത്യയിൽ എവിടെയെങ്കിലും ബി.ജെ..പി. യ്ക്ക് സാധ്യതയുള്ള സ്ഥലത്ത് നിറുത്തിയാൽ ജയിപ്പിച്ച് മന്ത്രിയാക്കാമെന്നും ഉദ്ദ്യേശ്യം കാണും. കാഞ്ഞിരപ്പള്ളിബിഷപ്പും മോഡിയും ഒരു രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് അറിവ്. ക്രിസ്ത്യൻവോട്ടുകൾ ബിഷപ്പ് വിചാരിച്ചാൽ ഒഴുക്കാൻ സാധിക്കുമെന്നും നേതൃത്വം ചിന്തിക്കുന്നുണ്ടാവാം. വിലകുറഞ്ഞ രാഷ്ട്രീയം ഇറക്കി പത്രവാർത്താവഴി ദീപികയും അഭിഷിക്തരും തമ്മിൽ ഒത്തുകളി നടത്തുന്നുവെന്ന് വേണം കരുതാൻ. ഒരു കേന്ദ്രമന്ത്രി വിചാരിച്ചാൽ സെബാസ്റ്റ്യനെ കുടുക്കാൻ കോടതിയിലൊന്നും പോവേണ്ട ആവശ്യമില്ല. ആന്ധ്രാക്കാരൻ മന്ത്രി ആരും കേട്ടിട്ടില്ലാത്തെ ഒരു പുരോഹിത സേവകന്റെ ഓണ്‍ലൈൻ മാസിക വായിച്ചെന്നുള്ള പ്രസ്താവനയും വിശ്വസിക്കാൻ പ്രയാസമാണ്. എങ്കിൽ ആന്റണിയോ വയലാർ രവിയോ വായിച്ചെന്ന് ദീപികയെക്കൊണ്ട് എഴുതിച്ചു കൂടായിരുന്നോ. ഷെവലീയർപട്ടം മാണിക്കോ പൂഞ്ഞാറിലെ ജോർജിനൊ വലുതായിരിക്കാം. ഈ പട്ടം ഭാരതരത്നംപോലെയെന്ന് വിവരമില്ലാത്തവരും കരുതും.

    അഭിവന്ദ്യ സെബാസ്റ്റ്യന് ഈ പതിനേഴാംതിയതി ന്യൂയോർക്കിൽ ഗംഭീരസ്വീകരണം കൊടുക്കുന്നുവെന്ന് സീറോമലബാർ പള്ളികളുടെ പ്രവർത്തകരുടെ ഒരു അറിയിപ്പ് പത്രങ്ങളിൽ ഉണ്ട്. രണ്ടു ഡസൻ മനുഷ്യരെ സ്വീകരിക്കാൻ കഴിവുള്ള ഒരു ഇന്ത്യൻ റെസ്റ്റൊറിന്റിലാണ് ഗംഭീര സ്വീകരണം. ഇത്രയും മഹാനായ ഒരു മനുഷ്യൻ വരുമ്പോൾ 5 ഡോളർ ബഫേഭക്ഷണം അദ്ദേഹത്തിന് കൊടുക്കുന്നതും ഷെവർലീയർ പട്ടത്തിനും സീറോമലബാർ സഭയ്ക്കും അപമാനമാണ്. പള്ളിയുടെ കൈക്കാരൻ ഉൾപ്പെടെ നാലഞ്ച് നമ്പരും പത്രത്തിൽ കൊടുത്തിട്ടുണ്ട്. അവരെ വിളിച്ചാൽ ആർക്കുവേണമെങ്കിലും സെബാസ്റ്റ്യനൊപ്പം ഭക്ഷണം കഴിക്കാം. അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത്‌ ചിലർക്ക് വലിയ കാര്യവുമാണ്. ഒരു ഭാഗ്യവുമായി കരുതുന്നു. കേന്ദ്ര മന്ത്രിസ്ഥാനം കിട്ടിയാൽ അല്മായശബ്ദത്തിൽ എഴുതുന്നവർ പിന്നീട് രാജ്യം വിടേണ്ടിവരുമെന്നും ഓർക്കണം.. അദ്ദേഹത്തിന്റെ സീറോമലബാർ അഭിഷിക്തസാമ്രാജ്യം താമസിയാതെ ലോകം മുഴുവൻ വ്യാപിക്കും. ജീവിതകാലം മുഴുവൻ ബിഷപ്പുമാരുടെ പെട്ടിയും ചുമന്നുനടന്ന ഇദ്ദേഹം അഡ്വക്കേറ്റായി ഒരു കട്ടൻകാപ്പി കുടിക്കാൻ പണം ഉണ്ടാക്കിയോയെന്നും സംശയമുണ്ട്. പത്രത്തിൽ അങ്ങനെ അച്ചടിച്ചതുകൊണ്ട് തോന്നിപ്പോയതാണ്. ലോകംമുഴുവൻ നടക്കുന്ന ഇയാൾ കുടുംബ ജീവിതംപോലും മാറ്റിവെച്ചാണ് ഷെവലീയർ പട്ടം നേടിയത്. താഴത്തെ ലിങ്കിൽ അദ്ദേഹത്തിന്റെ സ്വീകരണ പരിപാടിയെപ്പറ്റി വിവരിച്ചിട്ടുണ്ട്. എല്ലാ വായനക്കാരും മറക്കാതെ വായിക്കുക. അല്മായ ഒറ്റുകാരൻ മഹാനായ ഈ ഷെവലീയറിനെ കേന്ദ്ര മന്ത്രിവരെ നോട്ടപ്പുള്ളിയാക്കിയതല്ലെ.
    http://emalayalee.com/varthaFull.php?newsId=69452

    ReplyDelete
    Replies
    1. മൊൻസിഞ്ഞൊർ പദവി ഫ്രാൻസിസ് പാപ്പ നിറുത്തലാക്കി എന്ന് കേട്ടു,അതിനൊപ്പം ഷെവലിയാർ പദവികൂടി വേണ്ടെന്നുവെച്ചിരുന്നെങ്കിൽ എത്ര നന്നായേനെ . അമേരിക്കയിൽ മാത്രമല്ല മിക്ക വിദേശരാജ്യങ്ങളിലും പുള്ളി സ്വീകരണം ഏർപ്പാട് ചെയ്തിട്ടുണ്ട്.മൂന്നോ നാലോ പേർ മാത്രം അംഗങ്ങളായ കടലാസ് സംഘടനകൾ ആണ് സ്വീകരിക്കുന്നത് .
      ആ മഹാ പദവി സ്വീകരിയ്ക്കാൻ സൈക്കിളിലോ ,ഓട്ടോറിക്ഷയിലോ പോയി ( ഫോട്ടോ ഗ്രാഫറെ അറേഞ്ച് ചെയ്ത ശേഷം ) മാതൃക കാണിയ്ക്കണം എന്ന് അപേക്ഷിക്കുന്നു .

      Delete
  2. പശ്ചിമഘട്ടസംരക്ഷണത്തിനായി രൂപംകൊടുത്ത ഗാഡ്ഗിൽ കമ്മറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ വളരെ നിഷ്പക്ഷവും ശാസ്ത്രീയവുമായിരുന്നെന്നും അതിനെ തകിടം മറിച്ച് കസ്തൂരിരംഗനെക്കൊണ്ട് സ്ഥാപിതതാത്പര്യക്കാർക്കിണങ്ങിയ ഒരു മാർഗരേഖ വരച്ചുണ്ടാക്കുകയും, ഇവ രണ്ടിന്റെയും ഉള്ളടക്കം ശരിക്ക് പഠിക്കാതെ കേട്ടുകേൾവിവച്ച് സമരത്തിനിറങ്ങുകയും ചെയ്യുന്നവർ തങ്ങളുടെ നാടിനെയല്ല സ്നേഹിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഗാഡ്ഗിൽ കമ്മറ്റിയുടെ രൂപീകരണത്തിൽ ഒരു കൈയുണ്ടായിരുന്ന ജെയറാം രമേശിനെതിരെ ഇപ്പോൾ അറക്കലിന്റെ ഷെവലിയാർമോൻ കൊണ്ടുവന്നിരിക്കുന്ന ആരോപണം അയാളു പിടിച്ച പുലിവാലാകാൻ വളരെ സാദ്ധ്യത തെളിഞ്ഞുകാണുന്നു. സീറോ മലബാർ, ലെയിറ്റി വോയിസ് എന്ന പേരുകളുടെ മറവിൽ ക. സഭയെക്കൂടെ അങ്ങേർ ആപ്പിലാക്കുന്നെങ്കിൽ അതൂരാൻ വി.സി സെബാസ്റ്റ്യൻ എന്ന വക്കീൽ പോരാതെ വന്നേയ്ക്കും. അതെപ്പറ്റി പറയാൻ ഞാനാളല്ല.

    എന്നാൽ ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെപ്പറ്റി പഠിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. രണ്ടു റിപ്പോർട്ടുകൾക്കും പ്രത്യക്ഷമായി മുഖംതിരിഞ്ഞുനില്ക്കുന്ന രാഷ്ട്രീയ, മത, സാമുദായിക നിലപാട് പരോക്ഷമായി സഹായിക്കുന്നത് അനധികൃതമായി പ്രകൃതിയിൽ കയ്യേറ്റം നടത്തി നമ്മുടെ ആവാസപരിസ്ഥിതിയെ മുച്ചൂടും മുടിക്കുന്ന ചില ഗ്രൂപ്പുകളെയാണ്. അതറിഞ്ഞുകൊണ്ടു തന്നെയാണ് നമ്മുടെ രാഷ്ട്രീയക്കാരും മതനേതാക്കളും അവരവരുടെ കാതലില്ലാത്ത പ്രസ്താവനകളുമായി മാധ്യമങ്ങളിലൂടെ ഒളിച്ചുകളി നടത്തുകന്നത്. നമ്മുടെ നാടിന്റെ അനുഗ്രഹങ്ങൾ അനന്യമാണെന്നും അവ ഭാഗികമായെങ്കിലും ഇനിയും തുടരണമെങ്കിൽ നമ്മൾ പലതും ത്യജിക്കേണ്ടതുണ്ടെന്നും മനസ്സിലാക്കാത്തവരാണ് ഇവരൊക്കെ. പല വിജ്ഞാനശാഖകളിൽ നിന്ന് കൈവന്നിട്ടുള്ള അറിവുകളെ സ്വരുക്കൂട്ടി ശരിയായ തീരുമാനങ്ങളെടുക്കാതെ ഇനിയെങ്കിലും നമുക്ക് വലിയ ദുരന്തങ്ങളെ ഒഴിവാക്കാനാവില്ല എന്ന് സാധാരണ ജനത്തെ ബോധ്യപ്പെടുത്താൻ ഇപ്പോഴേ സമയം അതിക്രമിച്ചിരിക്കുന്നു. അതിനുവേണ്ടുന്ന അടിത്തറയാണ് ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്തിരുന്നത്. ഗ്രാമസഭകളെ ശക്തിപ്പെടുത്തണമെന്നും പ്രാദേശികമായി തീരുമാനങ്ങളെടുത്ത് ജനാധിപത്യരീതിയിൽ വേണം ഇവ നടപ്പാക്കേണ്ടതെന്നും വാദിച്ച ഈ കമ്മറ്റിയോട് കസ്തൂരിരംഗൻ കമ്മറ്റി ചോദിച്ചത്, ഇത്ര പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ഗ്രാമീണരെയും ആദിവാസികളെയും എങ്ങനെ എല്പ്പിക്കുമെന്നാണ്! അതുകേട്ട്, സണ്ണി പൈകട ചോദിചോദിച്ചത്. പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻതക്ക ബുദ്ധിപരമായ വളർച്ചയില്ലാത്ത വെറും കിഴങ്ങ്തീനികളാണോ മലയോരജനത എന്നാണ്. കൃഷിയെക്കുറിച്ച് ഏറെ കാല്പനികമായി സംസാരിക്കുന്നവരിൽ എത്രപേരുണ്ട് മക്കളിലാർക്കെങ്കിലും രണ്ടേക്കർ സ്ഥലം കൊടുത്തിട്ട് പ്രകൃതി സൌഹൃദപരമായി കൃഷി ചെയ്തു ജീവിക്കാൻ അവരെ പ്രേരിപ്പിക്കാൻ മാത്രം ഭാവനയുള്ളവർ?

    ഇതിലേ പോകുന്ന റോഡു് ഇനിയും വികസിക്കല്ലേ, ഈ പ്രദേശത്തിന്റെ ഇപ്പോഴുള്ള സ്വശ്ചന്ദതയെങ്കിലും നിലനില്ക്കണേ എന്ന് കൊതിക്കുന്നയാളാണ് ഞാൻ. കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തു പോയി പ്രതിഷേധിക്കാൻ പണപ്പിരിവിനായി വന്നവരോട് ഞാൻ പറഞ്ഞു, ഗാഡ്ഗിൽ റിപ്പോര്ട്ടനുസരിച്ചുള്ള നിബന്ധനകൾ ഇവിടെ നടപ്പാകണമെന്നാണ് എന്റെയാഗ്രഹമെന്ന്. അവർ എന്നോട് ഉടനെ ചോദിച്ചത്, നമുക്കും നഗരവാസികളേപ്പോലെ സുഖസൌകര്യങ്ങളും കാറുകളും ഷോപ്പിംഗ്‌ മോളുകളും വേണ്ടേ എന്നാണ്. കമ്പോളം അഴിച്ചുവിടുന്ന ഉപഭോഗമോഹങ്ങളുടെ അതേ പ്രവാഹത്തിലാണ് എനിക്ക് ചുറ്റുമുള്ള ഗ്രാമവാസികൾ പോലും. ശരിക്ക് വായിച്ചുപഠിച്ചാൽ മനസ്സിലാകും, കസ്തൂരിരംഗൻ ഗാഡ്ഗിലിനെ തിരുത്തുന്നത് ഇന്നത്തെ കമ്പോള വഴികളിലൂടെത്തന്നെ പോകാനുള്ള സമ്മതി സൃഷ്ടിച്ചുകൊണ്ടാണ് എന്ന്. ഇന്നത്തെ നവലിബറൽ വികസനപാതയെക്കുറിച്ചു ഒരു പുനർചിന്തനത്തിനുപോലും കതൂരിരംഗൻ തയ്യാറാകുന്നില്ല. പശ്ചിമഘട്ടത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഉപാധികളോടെ സംരക്ഷിക്കാൻ ഈ റിപ്പോർട്ട് നിര്ദ്ദേശിക്കുന്നത്. ബാക്കി മൂന്നിൽ രണ്ടും കമ്പോളശക്തികൾക്കു തിന്നുമുടിക്കാൻ അവസരം നല്കുന്നതാണത്. എന്നിട്ടും അതുപോലും അംഗീകരിക്കാൻ കേരളത്തിലെ രാഷ്ട്രീയ പാര്ട്ടികളും മത, സാമുദായികസംഘടനകളും തയ്യാറാകുന്നില്ല. എന്താണ് പകരം വേണ്ടതെന്നും അവർക്കറിയില്ല. മതമുൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പാണ് ഇവിടെ നാം കാണുന്നത്. അതിനെ സരസമായി വെളിപ്പെടുത്തുന്ന ഒരു ഭാഗം ഉദ്ധരിക്കട്ടെ.
    (അടുത്ത കമെന്റ് കാണുക.)

    ReplyDelete
  3. തുടർച്ച:
    "കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. പഴയ നിയമമാണ്. അത് പുതുക്കിയാണ് അയല്ക്കാരനെ സ്നേഹിക്കണമെന്നും ഒരു കരണത്തടിച്ചാൽ മറ്റേ കരണം കാണിച്ചു കൊടുക്കണമെന്നും പറയപ്പെട്ടത്. പറഞ്ഞവനെ കൊന്നു. എന്നിട്ടും വചനങ്ങൾ നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന് ഇപ്പോഴും നിലനില്ക്കുന്നു, വചനങ്ങളായി മാത്രം.

    അങ്ങനെ സക്കറിയാസേ, നീ പള്ളിക്കാരെ കൊച്ചാക്കണ്ടാ. സഭ ഒരു സ്ഥാപനമാണ്‌. അത് നിലനിൽക്കണമെങ്കിൽ ...
    അവന്റെ സ്വന്തം അജഗണവും അവനു മേയ്ക്കാനുള്ള ഇടയന്മാരും പുതിയ നിയമം പാലിച്ചോണ്ടിരുന്നാ ... നിങ്ങള് തന്നെ പറയ്‌, നമ്മ്ടെ സ്കൂളും പള്ളീം കെട്ടിപ്പൊക്കിയ സഭയും ഒറ്റയടിക്ക് വല്ലോനും കൊണ്ടുപോകാന്നു വച്ചാ ...?

    അപ്പോൾ സക്കറിയാസ് പറഞ്ഞു: സഭ ഒരു വ്യവസ്ഥയാണ്‌. അതിനു ഊടും പാവും നല്കുന്നത് അതിന്റെ സ്ഥാപനങ്ങളും ലാഭവുമാണ്. ഇടക്കെല്ലാം സ്നേഹം, ത്യാഗം, ഉപവി, ലാളിത്യം, എന്നീ വാക്കുകൾ പ്രസംഗങ്ങളിലും ഉദാരത, ദാനശീലം എന്നീ വാക്കുകളെ സ്തോത്രക്കാഴ്ച്ചകളിലും ചൊല്ലി ദൈവത്തിനു സമർപ്പിക്കുന്നു. പകരം നിങ്ങള്ക്ക് ലഭിക്കുന്നത് പാപമോചനം, കൂദാശകൾ, ആത്മീയ ശാന്തി ... പോരേ?
    (വിലാപ്പുറങ്ങൾ എന്ന നോവൽ , അദ്ധ്യായം 26)

    എത്ര നാളാണ് ഇരട്ടത്താപ്പുകൾ കൊണ്ട് നമ്മൾ ജീവിക്കാൻ പോകുന്നത്?

    ReplyDelete
  4. സ്വന്തം സുസ്ഥിതി സംരക്ഷിക്കാനുള്ള പ്രാർത്ഥനയേക്കാൾ അശ്ലീലം നിറഞ്ഞ മറ്റെന്തുണ്ട് ? ആ നിലവാരം പോലുമില്ല പ്രബുദ്ധമലയാളിയുടെ പരിസ്ഥിതിസംരക്ഷണ ബോധത്തിന്.

    ReplyDelete