Translate

Sunday, January 19, 2014

ഒരു തരം ..... രണ്ടു തരം .....

കുറെ  വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ ബ്ലോഗില്‍ വന്ന ഒരു പോസ്റ്റില്‍ ചിക്കാഗോ കത്തിദ്രല്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം പള്ളിയുടെ മുമ്പില്‍ വെച്ച് പരസ്യമായി നടന്ന ഒരു ഫുള്‍ ബോട്ടിലിന്‍റെ ലേല കഥ ഞാന്‍ അയവിറക്കാന്‍ കാരണം, ഈ ഞായറാഴ്ച പള്ളികളില്‍ വായിച്ച ഒരു മടയ ലേഖനം തന്നെ. അന്നത്തെ ആ പോസ്റ്റില്‍ ആരെഴുതിയതാണെന്ന് ഓര്‍മ്മയില്ല) പറഞ്ഞിരുന്നു അവിടെ കൈക്കാരനാവണമെങ്കില്‍ കുറഞ്ഞതൊരു ബാറെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്ന്. അതദ്ദേഹത്തിന്‍റെ ഭാവനയായിരിക്കാം (ഇവിടുത്തെ പാപവും അവിടുത്തെ പാപവും രണ്ടാണെന്ന് അറിയാത്തവനാരെടാ? ബാറുള്ളവര്‍ കൈക്കാരന്മാരായിട്ടുണ്ടെന്ന് കരുതി അടച്ചാക്ഷേപിച്ചത് ശരിയായില്ല). അറിഞ്ഞത് ഫോണിലൂടെയാണെങ്കിലും KCBC മദ്യ വിരുദ്ധ കമ്മിഷന്‍ ചെയര്‍മാന്‍ മാര്‍ റെജിമാവൂസ് (നാക്ക് വഴങ്ങുന്നില്ല, പൂസായിട്ടല്ല) എഴുതിയ അഭ്യര്‍ത്ഥനയുടെ കാതല്‍ സമൂഹത്തില്‍ മദ്യം വിതക്കുന്ന നാശത്തില്‍ നിന്ന് നാം ഒഴിഞ്ഞു നില്‍ക്കണമെന്ന് തന്നെയെന്നു മനസ്സിലായി. അതിന്‍റെ ആദ്യത്തെ ഔദ്യോഗിക നടപടിയും അദ്ദേഹം തുടങ്ങി വെച്ചിരിക്കുന്നു, അടുത്ത ഞായറാഴ്ചത്തെ പിരിവ്. ശുദ്ധീകരിച്ചു ശുദ്ധീകരിച്ചു നസ്രാണി ചങ്ങനാശ്ശേരിക്കാരനാവുമോയെന്നു സംശയം. കുറെ നാളുമുമ്പു കൂടെയുണ്ടായിരുന്ന ഒരു ചങ്ങനാശ്ശേരിക്കാരന്‍ നസ്രാണി സാക്ഷ്യപ്പെടുത്തിയത് അവിടെ ഏതെങ്കിലും കേസില്‍പ്പെടാത്തവര്‍ കുറവാണെന്നാണ്. ക്രിസ്ത്യാനികളുടെ കാര്യമാണോ ഉദ്ദേശിച്ചത് എന്തോ?)

പതിവുപോലെ, ഇത് അത്മായരില്‍ തുടങ്ങണം, അത്മായരാണ് കാരണം എന്നൊക്കെയുള്ള നിഗമനങ്ങളാണ് ലേഖനത്തില്‍ എന്നാണ് ഞാന്‍ കേട്ടത്. മെത്രാനെ പ്രകോപിച്ചത് എന്താണെന്ന് വ്യക്തമായില്ല. പള്ളികളുടെ അടുത്തുള്ള സിവില്‍ സപ്ലൈസ് ഷോപ്പുകളിലാണ് കൂടുതല്‍ തിരക്കെന്നതോ, ക്രിസ്മസ് ഈസ്റ്റര്‍ തുടങ്ങിയ കാലങ്ങളിലാണ് മദ്യ വില്‍പ്പന കൂടുന്നതെന്നോ ഉള്ള ആരെങ്കിലും പറഞ്ഞ അറിവോ, വാഹനം ഓടിക്കുന്ന വൈദികരെയും മെത്രാന്‍റെ ഡ്രൈവറെയും ഒക്കെ ഊതിപ്പിക്കുന്നു എന്ന അറിവോ ഒക്കെയായിരിക്കും അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. അല്ലെങ്കില്‍ മദ്യപിച്ചു വാഹനം ഓടിച്ചു അടിപിടിയുണ്ടാക്കുന്നതില്‍ ഒരു വികാരി ജനറാളും ഉണ്ടായിരുന്നുവെന്നതാകാം. ഏതായാലും മദ്യം സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു വിപത്താണ്. പക്ഷെ, അതിനെതിരെയുള്ള യുദ്ധം എവിടെ തുടങ്ങണമെന്ന കാര്യത്തില്‍  ചെയര്‍മാന്‍ മെത്രാനുമായി ഞാന്‍ വിയോജിക്കുന്നു. ഈ മെത്രാന്‍റെ കാല്‍ക്കിഴില്, അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പശ്ചിമഘട്ട മഹാ മുന്നേറ്റത്തില്‍ ഫോറസ്റ്റ് ഓഫീസിന് തീയിട്ടവര്‍ അന്ന്‍ ഭക്ഷിച്ചതും പാനം ചെയ്തതും എന്തെന്നു ചോദിച്ചാല്‍ ആരു സമാധാനം പറയും? 

എന്‍റെ വന്ദ്യ സഹോദരരെ, ഓരോ ഇടവകയിലും പിരിവു നടത്തുമ്പോള്‍ ഈ പണം കള്ള് വിറ്റുണ്ടാക്കിയതാണോ, കള്ള് കുടിച്ചുണ്ടാക്കിയതാണോ  എന്നാരെങ്കിലും ഇതിനു മുമ്പ് അന്വേഷിച്ചിട്ടുണ്ടോ? ഇടവകയിലെ പ്രമുഖ സ്ഥാനക്കാര്‍ ഷാപ്പ്‌ നടത്തുന്നവരാണോ വാറ്റുന്നവരാണോ എന്നൊക്കെ ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? പള്ളിക്ക് കിട്ടാനുള്ളത് കിട്ടി, മിക്ക പള്ളികളുടെയും പണികളും തിര്‍ന്നു. ഇനി തന്നവര്‍ക്കിട്ടു പണി തുടങ്ങാം എന്നതാണ് പദ്ധതിയെന്ന് തോന്നുന്നു. ഒരു സാദാ ക്രിസ്ത്യാനിയുടെ സര്‍വ്വ മത ചടങ്ങുകളുടെയും അനിഷേദ്ധ്യ ഭാഗമായിക്കഴിഞ്ഞു മദ്യം. സല്‍ക്കാരങ്ങളില്‍ വൈദികരും പങ്കെടുക്കാറുണ്ട് താനും (മെത്രാന്‍ വീഞ്ഞു കുടിക്കുമ്പോള്‍ താന്‍ റോമിലാനെന്നു സങ്കല്‍പ്പിക്കാം, സാദാ അച്ചന്‍ എന്ത് ചെയ്യും). ഒരു കാര്യം അങ്ങേരു എഴുതിയത് സത്യമാണ്, കുടിച്ചു മുടിയുന്നവര്‍ അത്മായരാണ്. ഞാന്‍ അറിയുന്ന ഒരു ക്രിസ്ത്യാനിയുണ്ട്. കുടി നിര്‍ത്താന്‍ വേണ്ടി തന്നെ അങ്ങേരെ ഒരായിരം ധ്യാനം കൂടിപ്പിച്ചിട്ടുണ്ട്, ട്രാഡാകളില്‍  അനേകം തവണ കയറി ഇറങ്ങിയിട്ടുമുണ്ട്. ഒരു ഫലവും കണ്ടിട്ടില്ല. ഓരോ ചടങ്ങിനൊപ്പം പോവുമ്പോഴും ഭാര്യ കെഞ്ചി പറയും, ‘നാറ്റിക്കരുതേ’ യെന്ന്. ഒരു പ്രയോജനവും കണ്ടിട്ടില്ല ഇത് വരെ. അതിലും തമാശ ഒരു ദിവസം കുടിക്കാതിരുന്നാല്‍ പിറ്റേ ദിവസം ഏതെങ്കിലും ധ്യാനത്തില്‍ കടന്നു കൂടി കുടി നിര്‍ത്തിയെന്ന് സാക്ഷ്യം പറയും എന്നതാണ്. ഒത്തു കിട്ടിയാല്‍ വചനം പ്രസംഗിക്കുകയും ചെയ്യും. ഏതായാലും കുടിയന്മാരെ ധ്യാനിപ്പിക്കുന്നത് നല്ലതാണെന്നുള്ള അഭിപ്രായം മെത്രാന്‍ പ്രകടിപ്പിച്ചില്ലായെന്നാണ് കേട്ടത്.

അപ്പോ, മേത്രാനോട് എനിക്ക് പറയാനുള്ളത് പറഞ്ഞില്ല. കുടി നമ്മുടെ ഇടയില്‍ നിന്ന് തുടച്ചു മാറ്റണം, അത്യാവശ്യം. അതിനു വേണ്ട മാതൃക നിര്‍ബന്ധമായും ആദ്യം അഭിഷിക്തര്‍ കാണിച്ചു കൊടുക്കുക, പിന്നെ പള്ളിയും മദ്യപാനികളും തമ്മിലുള്ള സാമ്പത്തിക ബന്ധം പാടെ വേണ്ടെന്നു വെയ്ക്കുക. മദ്യം വിളമ്പുന്ന ചടങ്ങുകളില്‍ പങ്കെടുക്കില്ലായെന്ന് അറത്തു മുറിച്ചു പറയുക. അതാണ്‌ ചെയ്യേണ്ടത്. പന ചെത്താന്‍ കൊടുക്കുന്നവരോടും പണി നിര്‍ത്താന്‍ പറയുക. ഇനി പിണറായി അരമനയില്‍ വരുമ്പോള്‍ അദ്ദേഹത്തോടും ഇത് പറയണം. അരമനയില്‍ ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് വരുമ്പോള്‍ അടുത്ത ഷാപ്പില്‍ നിന്ന് ക്ലിയറന്‍സ്/സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരാനും നിയമം ഉണ്ടാക്കണം. ഇക്കാര്യം ആലഞ്ചേരി പിതാവ് അമേരിക്കയില്‍ അടുത്ത കല്യാണം ആശിര്‍വ്വദിക്കാന്‍ പോവുന്നതിനു മുമ്പ് അറിയിക്കുകയും വേണം. മെല്‍ബോണിനു പോകുന്ന ബോസ്കോ പിതാവിനോടും രഹസ്യമായെങ്കിലും ഇത് പറയണം (അത് വേണ്ട, രൂപത തുടങ്ങുന്നതിനു മുമ്പേ അത് അടച്ചു പൂട്ടിയെന്നുള്ള ആക്ഷേപം ഒഴിവാക്കാം). അമേരിക്കയില്‍ വാര്‍ഡ്‌ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ഇനിമേല്‍ മദ്യം വിളമ്പുന്നില്ലെന്നുറപ്പ് വരുത്താന്‍ അങ്ങാടിയത്തിനോടും പറയണം (അതും വേണ്ട, ഏറ്റു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത മെത്രാനോട് അത് പറഞ്ഞിട്ട് വേണം അദ്ദേഹം അവിടെ നിന്നും ഇറങ്ങി പോകാന്‍). ഫോണ്‍ വെയ്ക്കുന്നതിന് മുമ്പ് എന്‍റെ പ്രിയതമ ഒരു കാര്യം പറഞ്ഞു. പത്തും നാല്‍പ്പതും വര്‍ഷമായി കുടിച്ചു നടക്കുന്നവനെ അത് നിര്‍ത്തിക്കാന്‍ വേണ്ടി സമയം ചിലവഴിക്കുന്നതിനേക്കാള്‍ അത്യാവശ്യം വരും തലമുറയെ ആപത്തുകളില്‍ നിന്നും രക്ഷിക്കുകയാണെന്ന്. നമ്മെ തുറിച്ചു നോക്കുന്ന വിപത്തുകള്‍ അവള്‍ പറഞ്ഞത് പോലെ മദ്യമല്ല, മൊബൈലും കമ്പ്യുട്ടറും ആണെന്ന് എനിക്കും തോന്നുന്നു. രണ്ടാണെങ്കിലും ഇത് നടക്കട്ടെ, അല്ലെങ്കില്‍ ഈ കമ്മറ്റി എന്ത് ചെയ്യുകയായിരുന്നെന്ന് ആരെങ്കിലും ചോദിച്ചാലോ. സഭയില്‍ ഭക്ഷിക്കുന്നവളും പാനം ചെയ്യുന്നവളുമായി ഒരു കന്യാസ്ത്രി പോലും ഇല്ലെന്നു പറഞ്ഞത് കൊണ്ട് കാര്യമാകുമോ? (വയറു വേദനയെ ഇതുമായി കൂട്ടിക്കുഴക്കരുതെന്ന് അഭ്യര്‍ത്ഥന). 

No comments:

Post a Comment