Translate

Tuesday, January 14, 2014

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും I

(2014 ജനുവരി 11ന് കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കെസിഎഫ് സെമിനാര്‍' ഇരിങ്ങാലക്കുട രൂപത കാരൂര്‍ സെന്റ് മേരീസ് റോസറി പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച സെമിനാറില്‍ ജീവന്‍ ടിവി എക്‌സി. എഡിറ്റര്‍ പി.ജെ ആന്റണി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, കൊരട്ടി കാത്തലിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് വി.സി. ദേവസി, ശ്രീമതി. ആനീസ് ജോസ്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഡോ. ലാസര്‍ തേര്‍മഠം, ജോസ് മണലില്‍, വി.ടി. തോമാസ്, രാജു ജോണ്‍, ആന്റണി നെടുംപറമ്പില്‍, സി.കെ. ജോണ്‍സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.)സെമിനാറില്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവക മുന്‍ വികാരി ഫാ. ഡേവീസ് കാച്ചപ്പിള്ളി അവതരിപ്പിച്ച പ്രബന്ധം ആദ്യഭാഗം
 
രണ്ടായിരം വര്‍ഷത്തെ പഴക്കവും പാരമ്പര്യങ്ങളും ഉള്ള സമൂഹമാണ് കത്തോലിക്കാതിരുസഭ. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളാണ് സഭയുടെ അടിസ്ഥാനം. നാലാം നൂറ്റാണ്ട് വരെയുള്ളതും ആദിമസഭയെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ ക്രിസ്തീയ സമൂഹമാണ് അടിസ്ഥാനസഭാസമൂഹം. നാലാം നൂറ്റാണ്ട് മുതല്‍ സഭ യേശുവില്‍ നിന്നും സുവിശേഷ പ്രബോധനങ്ങളില്‍ നിന്നും ആദിമസഭയുടെ ശൈലികളില്‍ നിന്നും അകന്ന് പോകാനിടയായി. തന്മൂലം പതിനാറ് നൂറ്റാണ്ട് കാലം സഭ നാനാതരത്തില്‍ വികലമാക്കപ്പെട്ടുകൊണ്ടിരുന്നു. അതിന്റെ പ്രധാനകാരണങ്ങള്‍ നാലാം നൂറ്റാണ്ട് മുതല്‍ സഭയില്‍ കടന്ന് കൂടിയതും പിന്നീട് വര്‍ദ്ധിച്ചുകൊണ്ടിരുന്നതുമായ ലൗകിക സമ്പത്തും ലൗകിക ഏകാധിപത്യ അധികാരവുമാണ്. പതിനാറ് നൂറ്റാണ്ട് കാലത്തെ ഇത്തരം ശൈലികളുടെ ഫലമായി സഭയുടെ ആദ്യ ശൈലികളും ആദര്‍ശശൈലികളുമായ ലളിത ജീവിതം, സുവിശേഷാത്മക ജീവിതം കൂട്ടായ്മ ജീവിതം എന്നിവ നഷ്ടമായിക്കൊണ്ടിരുന്നു. ഇവ വീണ്ടെടുത്ത് ആദിമ ശൈലികളിലേയ്ക്കും ആദര്‍ശശൈലികളിലേയ്ക്കും മടങ്ങിപോയി സഭയെ നവീകരിക്കുക എന്നതായിരുന്നു സഭാനവീകരണം എന്ന പദത്തിലൂടെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെയും 23-ാം യോഹന്നാന്‍ മാര്‍പ്പാപ്പയുടെ ജീവിതദര്‍ശനം. 1962 ഒക്‌ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ റോമിലെ വത്തിക്കാനില്‍ നടത്തപ്പെട്ടത്. കൗണ്‍സില്‍ പൂര്‍ത്തിയാകും മുമ്പേ 1963 ജൂണ്‍ 3 ന് യോഹന്നാന്‍ മാര്‍പ്പാപ്പ ദിവംഗതനായി. തന്മൂലം 6-ാം പൗലോസ് പാപ്പയാണ് പിന്നീട് കൗണ്‍സിലിനെ നയിച്ചത്. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനത്താല്‍ മുന്‍പറഞ്ഞ ലക്ഷ്യങ്ങളോടെ സഭയെ നവീകരിക്കാന്‍ യുക്തമായ 16 പ്രമാണരേഖകള്‍ കൗണ്‍സില്‍ അംഗീകരിച്ച് സഭയുടെ തുടര്‍ന്നുള്ള പുരോഗതിക്കുവേണ്ടി നല്‍കുകയുണ്ടായി.
കൗണ്‍സിലിന്റെ പ്രബോധനങ്ങളെല്ലാം കര്‍ശനമായി അനുസരിക്കാന്‍ സഭ മുഴുവനേയും കടപ്പെടുത്തുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 6-ാം പൗലോസ് മാര്‍പ്പാപ്പ അവയെല്ലാം സഭയ്ക്ക് നല്‍കിയത്. അതായത് നമുക്കിന്ന് കര്‍ശനമായി കടപ്പെട്ടിരിക്കുന്നതാണല്ലോ ഞായറാഴ്ച ആചരണം. ഈ മാനദണ്ഡം തന്നെയാണ് കൗണ്‍സില്‍ പ്രബോധനങ്ങളുടെ കാര്യത്തിലും ഉള്ളത്. അവ അനുസരിക്കാന്‍ സഭയ്ക്കു മുഴുവനും കര്‍ശനമായ കടമയുണ്ട്. അതുകൊണ്ട്, ഇരുപതാം നൂറ്റാണ്ടില്‍ ദൈവം സഭയ്ക്കു നല്‍കിയ മഹത്തായ വരദാനമാണ്, കൃപാവരമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും, കൗണ്‍സിലിന്റെ പ്രമാണരേഖകളും. ഇവ സുവിശേഷത്തിലെ 5 താലന്ത് ലഭിച്ചവനേപ്പോലെ വളര്‍ത്തിക്കൊണ്ടുവരാനുള്ളവയാണ്, അല്ലാതെ ഒരു താലന്തു കിട്ടിയവനെപ്പോലെ പൊതിഞ്ഞ് വക്കാനുള്ളവയല്ല. എന്നാല്‍ കൗണ്‍സില്‍ കഴിഞ്ഞ് 50 വര്‍ഷം പിന്നിടുമ്പോഴും സഭ മനസ്സിലാക്കുന്നത് ഈ താലന്തുകള്‍ നാം നിര്‍ബന്ധ ബുദ്ധിയോടെ വളര്‍ത്തിയിട്ടില്ല എന്നാണ്. ഉപരി വിപ്ലവമായ ചിലകാര്യങ്ങള്‍ ചെയ്തു എന്നല്ലാതെ, അടിസ്ഥാനപരമായ സഭാനവീകരണം ഇന്നോളം ഉണ്ടായിട്ടില്ല. അടിസ്ഥാനനവീകരണം ഉണ്ടാകാതെ സഭയുടെ നവീകരണം പൂര്‍ണതയിലെത്തുകയില്ല. ഉദാഹരണത്തിന് തിരുസഭയിലെ അംഗങ്ങള്‍ മാര്‍പ്പാപ്പയോ, മെത്രാനോ, വൈദികനോ, സന്യാസിയോ, ഷെവലിയറോ, സാധാരണ ക്രിസ്ത്യാനിയോ ആരായാലും അവന്‍ സമ്പത്തിന്റെയും അധികാരത്തിന്റെയും ആനപ്പുറത്തിരിക്കുന്നത് തെറ്റാണെന്ന് കൗണ്‍സില്‍ പറയുന്നുണ്ടെങ്കില്‍ നാം ആനപ്പുറത്തുനിന്നിറങ്ങി, യേശുവിനേപ്പോലെ കഴുതപ്പുറത്ത് സഞ്ചരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം. പശ്ചാത്താപത്തോടെ തെറ്റ് ഏറ്റ് പറയണം, നവീകരണത്തിന് പ്രതിജ്ഞയെടുക്കണം. ഇപ്രകാരമുള്ള മനസ്സോടെ സഭയെ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി വളര്‍ത്താനുള്ള പ്രബോധനങ്ങളും മാതൃകകളുമാണ് കഴിഞ്ഞ 10 മാസമായിട്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പ സഭയ്ക്കു മുമ്പാകെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ സഭാനവീകരണം കര്‍ശനമായി നടപ്പാക്കാനായി ദൈവം സഭയിലേക്കയച്ച സഭാനവീകരണപ്രവാചകന്‍ എന്ന് ഫ്രാന്‍സീസ് പാപ്പായെ വിശേഷിപ്പിക്കാനാകും. (തുടരും)

കേരള കാത്തലിക് ഫെഡറേഷന്‍ - R 617/08, ENRA 39, ദിവാന്‍ ശങ്കര വാര്യര്‍ റോഡ്. ഒല്ലൂര്‍, തൃശ്ശൂര്‍ 680306.
Email: keralacatholicfederation@gmail.com - State President: Antony Chittattukara Ph. 04885235598, General Secretary: V.K. Joy Ph. 9447037725, 9495839725 -
Email: joyvarocky@gmail.com
 

No comments:

Post a Comment