Translate

Friday, January 10, 2014

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും കേരളത്തിലെ കത്തോലിക്കാമെത്രാന്മാരും


ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍ - സത്യജ്വാല മാസിക 2013 ഡിസംബര്‍ ലക്കം) 


കേരളത്തിലെ കത്തോലിക്കാമെത്രാന്മാര്‍ക്ക് ഒരു പിടിവള്ളി കിട്ടിയിരിക്കുന്നു: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍! മുകളില്‍നിന്നും ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ താക്കീതുകളും, താഴെനിന്നും വിശ്വാസിസമൂഹവും സ്വതന്ത്ര ക്രൈസ്തവപ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന മുറവിളികളും കേട്ടു പൊറുതിമുട്ടിയും, ഈ രാജകീയ സംവിധാനം ഇനിയെങ്ങനെ മുന്നോട്ടുനീക്കുമെന്നോര്‍ത്തു വ്യാകുലപ്പെട്ടും നില്‍ക്കുകയായിരുന്ന മെത്രാന്മാര്‍ക്ക് ഈ റിപ്പോര്‍ട്ടുകള്‍ ആശ്വാസമായി. ആടുകളെ അറിയാത്ത കള്ളയിടന്മാര്‍ ആടുസംരക്ഷകരായി എടുത്തുചാടി അവരെയെല്ലാം പിന്നിലണിനിരത്തിയിരിക്കുന്നു!
കേരളകത്തോലിക്കാസമുദായത്തിന് ഒരു സാമൂഹികനേതൃത്വമില്ലെന്നു വീണ്ടും തെളിയിച്ചുകൊണ്ട്, അവരുടെ നേതൃത്വം ചമഞ്ഞുവന്ന് മെത്രാന്മാര്‍ രാഷ്
ട്രീയ അഴിഞ്ഞാട്ടം നടത്തിയ ആഴ്ചകളാണു കടന്നുപോയത്. പരിസ്ഥിതിസംരക്ഷ ണം പുണ്യമാണെ ന്നും അതിനെതിരെയുള്ള പ്രവര്‍ ത്തനങ്ങള്‍ പറഞ്ഞുകുമ്പസാരിക്കേണ്ട പാപമാണെന്നും ഉല്‍
ബോധിപ്പിച്ച കെ.സി.ബി.സി. മെത്രാന്മാര്‍ ഒന്നടങ്കം പരിസ്ഥിതി സംരക്ഷണം ലക്ഷ്യംവച്ചു തയ്യാറാക്കിയ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു! ആദ്ധ്യാത്മികപരിവേഷത്തില്‍ നിന്നുകൊണ്ട് ഇടയലേഖനമെന്ന വാക്കിനെ അപഹസിക്കുന്ന തരം സര്‍ക്കുലറുകള്‍ പള്ളികളില്‍ വായിച്ചും, നുണകളുടെ പെരുമ്പറ മുഴക്കിയും, ഭയപ്പാടു സൃഷ്ടിച്ചും, കലാപാഹ്വാനം നടത്തിയും മലയോരകര്‍ഷകരെ തെരുവിലിറക്കിയിരിക്കുന്നു, അവര്‍. താമരശ്ശേരി രൂപതാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍, ബസ്സു കത്തിക്കല്‍, ഓഫീസുകളും രേഖകളും കത്തിക്കല്‍ മുതലായ അക്രമസംഭവങ്ങള്‍ ഗുണ്ടാസ്റ്റൈലില്‍ത്തന്നെ അരങ്ങേറിക്കഴിഞ്ഞു. അതിനു പിറ്റേദിവസംതന്നെ, വിമോചനസമരത്തെ ആളിക്കത്തിക്കാന്‍ പണ്ട് സഭ രക്തസാക്ഷികളെ സൃഷ്ടിച്ചതിനെ അനുസ്മരിപ്പിക്കുംവിധം, രക്തം ചിന്തുമെന്നും ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെ ന്നും നക്‌സലിസം പിറവികൊള്ളുമെന്നുമൊക്കെ ആക്രോശിച്ചും അതിനായി അണികളെ ആഹ്വാ നം ചെയ്തും താമരശ്ശേരി മെത്രാ ന്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പരസ്യപ്രസംഗം നടത്തുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് എം.പി. എം.ഐ. ഷാനവാസ്, 'ബിഷപ് പറയുന്നതെല്ലാം അനുസരിച്ചുകൊള്ളാ'മെന്ന് പേടിച്ചു തലകുനിക്കുകയും ചെയ്തു. അപ്രകാരം തല കുനിക്കാത്തതിന്റെ പേരില്‍, ഇടുക്കി എം.പി. ശ്രീ. പി.ടി. തോമസിനോട് ഇടു ക്കി രൂപതാ മെത്രാന്‍, ഒരു ജന്മി കുടിയാനോടെന്നപോലെ, ഇദി അമീന്‍ സ്റ്റൈലില്‍ സംസാരിക്കുന്നതും ചാനലുകളിലൂടെ ലോകമെല്ലാം കണ്ടു. മെത്രാനോട് 'റാന്‍' എന്നു പറയാത്തതിന്റെ പേരില്‍, മെത്രാന്‍ഭക്ത സഭാസംഘടനകളെക്കൊണ്ട് പി.ടി.തോമസ് എം.പി-യെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പത്രപ്രസ്താവനകള്‍ പത്രങ്ങളില്‍ നിരത്തിച്ചതും മാലോകരെല്ലാം വായിച്ചു.
ഹിന്ദുസമുദായത്തിലെ ഏതെങ്കിലുമൊരു പൂജാരിയോ തന്ത്രിയോ, അതിനി ശബരിമലയിലെയോ ഗുരുവായൂരിലെയോ ആക ട്ടെ, ഇപ്രകാരം പെരുമാറിയാല്‍ ആരെങ്കിലുമതു സമ്മതിച്ചുകൊടുക്കുമോ? അതിലുമധികം എന്തു സാമൂഹികപ്രാതിനിധ്യമാണ് കത്തോലിക്കാമെത്രാന്മാര്‍ക്കുള്ള ത്? പ്രാതിനിധ്യമില്ലാതെ നേതൃ ത്വം ചമയുന്ന അവരെ സമുദായനേതാക്കളായി കാണാതിരിക്കാനുള്ള വകതിരിവ് ഇനിയെങ്കിലും കത്തോലിക്കാസമൂഹത്തിനുണ്ടാകേണ്ടിയിരിക്കുന്നു. ഈ വകതിരിവു കാട്ടാത്തതുകൊണ്ടാണ്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയോട് ആരാലും തിരഞ്ഞെടുക്കപ്പെടാതെ, റോമില്‍ നിന്നു നിയോഗിതനാകുകമാത്രം ചെയ്ത ഒരു മെത്രാന്‍ ഇത്ര ധിക്കാരത്തോടെ സംസാരിക്കാന്‍ ധൈര്യപ്പെട്ടത്. കേരളത്തിലെ ക്രൈസ്തവസമൂഹത്തിനും ക്രൈസ്തവരായ ജനപ്രതിനിധികള്‍ക്കുംമേല്‍ അധികാരം പ്ര യോഗിക്കാന്‍ വത്തിക്കാന്റെ പ്രാ തിനിധ്യം മാത്രമുള്ള മെത്രാന്മാ ര്‍ക്ക് എന്തധികാരമാണുള്ളത്?
സമുദായത്തിലെ ഓരോരുത്തരെയും ആദ്ധ്യാത്മികാവബോധത്തിലേക്കും ധാര്‍മ്മികമൂല്യങ്ങളിലേക്കും പക്വതയിലേക്കും സമചിത്തതയിലേക്കും നയിച്ച്, ഏതു കാര്യത്തിലും ശരിയും നീതിപൂര്‍വ്വകവുമായ തീരുമാനങ്ങളില്‍ സ്വയം എത്താന്‍ പ്രാപ്തരാക്കേണ്ട മെത്രാന്മാരും അവരുടെ കീഴിലുള്ള വൈദികവൃന്ദവുമാണ്, സുബോധം കെടുത്തി അവരെ അക്രമാസക്തരാക്കിയത് എന്നോര്‍ക്കുക. മലയോരകര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മെത്രാന്മാര്‍ നടത്തിയ ഈ കപടനാടകം ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. ആ ലോകസമൂഹത്തിനുമുമ്പില്‍ കേരള കത്തോലിക്കസമൂഹം ഒന്നടങ്കമാണ് അപമാനിതരായത്. കാര്‍ ഷികസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച്, തങ്ങളുടെ അദ്ധ്വാനംകൊണ്ട് കേരളത്തെയും ഇന്ത്യയെയും സമ്പന്നമാക്കുകയും, ഒപ്പം മലയോരമേഖലയെയാകെ പച്ചയണിയിച്ച് പരിസ്ഥിതിസൗഹൃദത്തില്‍ ജീവിക്കുകയുംചെയ്യുന്ന ഒരു മഹാജനതതിയെ, 'പരിസ്ഥിതി വിരുദ്ധര്‍' എന്നു മറ്റുള്ളവരെക്കൊണ്ടു മുദ്ര കുത്തിപ്പിക്കുക യും ചെയ്തു, നമ്മുടെ മെത്രാന്മാര്‍.
പക്ഷേ, മെത്രാന്മാര്‍ ചൂണ്ടിക്കാണിച്ച ഒരു കാര്യം വളരെ ശരിയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ അവസരവും സാവകാശവും നല്‍കണമായിരുന്നു എന്നാണവര്‍ പറഞ്ഞത്. അവര്‍ പറഞ്ഞതു ശരിയാണെങ്കിലും അതു പറയാനുള്ള എന്തു ധാര്‍മ്മികാവകാശമാണിവര്‍ക്കുള്ളതെന്ന് ഓരോ കത്തോലിക്കനും ചോദിച്ചുപോകും. കത്തോലിക്കരുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ സാരമായി ബാധിക്കുന്ന സഭാനിയമങ്ങളിലേതെങ്കിലുമൊന്ന് ഇവര്‍ ചര്‍ച്ചയ്ക്കു വച്ചിട്ടുണ്ടോ? 'തിരുസഭ'യുടെ 5 കല്പനകള്‍ മുതല്‍ കാനോന്‍നിയമംവരെയുളള എല്ലാ പുരോഹിതനിയമങ്ങളും സമുദായത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണിവര്‍ ചെയ്തിട്ടുള്ളത്. ഇടയലേഖനങ്ങള്‍ പോലും ചര്‍ച്ചയ്ക്കു വിധേയമാക്കാത്തവരാണ് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെമേല്‍ ചര്‍ച്ച നടത്താതെ അതെ ന്തിനു നടപ്പാക്കാന്‍ തീരുമാനിച്ചു എന്നു ചോദിക്കുന്നത്! മെത്രാന്മാരുടെ അന്ധത കൂടിക്കൂടി തങ്ങളുടെ കണ്ണിലെ മരത്തടി കാണാ ന്‍ വയ്യാത്തത്ര വലിയ അന്ധത ആയിരിക്കുന്നു എന്നുവേണം അനുമാനിക്കാന്‍.
ശരിയാണ്, ഏതു കാര്യത്തിലുമെന്നപോലെ, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിന്മേലും വ്യാപകമായ ചര്‍ച്ച അതു നടപ്പാക്കുന്നതിനുമുമ്പു നടത്തുകതന്നെ വേണം, കാരണം, ഒരു വിദഗ്ദ്ധസമിതിക്കും തെറ്റാവരമൊന്നുമില്ല. ധാരാളം അപാകതകളും പാളിച്ചകളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും, അതിലുമേറെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുമുണ്ടെന്നത് ഒരു വസ്തുതയാണ്; പ്രത്യേകിച്ചും കര്‍ഷകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍. വാസ്തവത്തില്‍, ഒരു വലിയ മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്നയൊന്ന് എന്ന നിലയ്ക്ക് ആ ജനങ്ങളുമായി ചര്‍ച്ച ചെയ്തും അവരെ വിശ്വാസത്തിലെടുത്തുംതന്നെയായിരുന്നു ഇത്തരം റിപ്പോര്‍ട്ടുകളും ശിപാര്‍ശകളും തയ്യാറാക്കേണ്ടിയിരുന്നത്. അതുണ്ടായില്ല എന്ന
ത് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വലിയൊരു വീഴ്ചതന്നെയാണ്. എങ്കിലും, തുടര്‍ചര്‍ച്ചകള്‍ക്കും ജനങ്ങളുടെ തീരുമാനങ്ങള്‍ക്കും വേണ്ടത്ര സ്ഥാനം നല്‍കിയിരുന്നു, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍. തന്റെ റിപ്പോര്‍ട്ടോ ശിപാര്‍ശകളോ അവസാനവാക്കല്ലെന്നും, പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മേഖലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും കുടുംബശ്രീ യൂണിറ്റുകളും വ്യക്തികളും റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കു വിധേയമാക്കണമെന്നും, അതിലൂടെ ഉരുത്തിരിഞ്ഞുവരുന്ന നിര്‍ദ്ദേശങ്ങളാണു നടപ്പാക്കേണ്ടതെന്നും, അതിനു സഹായകമാകുംവിധം, റിപ്പോര്‍ട്ട് തര്‍ജ്ജമ ചെയ്ത് അതാതു ഗവണ്‍മെന്റുകള്‍ ജനങ്ങള്‍ക്കു വിതരണം ചെയ്യണമെന്നുംമറ്റും ഗാഡ്ഗില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ പോസിറ്റീവായെടുത്ത് ഗവണ്‍മെ ന്റ് വേണ്ടതു ചെയ്തില്ല എന്നതാണ് പ്രശ്‌നമായത്. അല്ലായിരുന്നെങ്കില്‍, ഗാഡ്ഗില്‍ റിപ്പോ ര്‍ട്ടില്‍ വെളളം ചേര്‍ത്ത്, ജനങ്ങ ളെ അവഗണിച്ച് ഉദ്യോഗസ്ഥരിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്ന വിധത്തിലുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുതന്നെ ഉണ്ടാകുമായിരുന്നില്ല; ജനകീയചര്‍ച്ചകളിലൂടെ എല്ലാ കുറവുകളും ആശങ്കകളും പരിഹൃതമായതും, തികച്ചും കര്‍ഷക സൗഹൃദപരമായി പുതുക്കിയതുമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുതന്നെ നടപ്പായേനെ. കാരണം, അതു ശിപാര്‍ശ ചെയ്യുന്ന പരിസ്ഥിതിലോലപരിധിയില്‍ തങ്ങളുടെ പ്രദേശം ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍വരെയുള്ള അധികാരാവകാശങ്ങള്‍, പഞ്ചായത്തിരാജ് സംവിധാനത്തിലൂടെ ജനങ്ങള്‍ക്കായി വിഭാവനം ചെയ്തിരുന്നു, ഗാഡ്ഗില്‍ കമ്മറ്റി. പക്ഷേ, മെത്രാന്മാരെ കണ്ടു പഠിച്ചിട്ടാവണം, തങ്ങള്‍ പറയുന്നതിനപ്പുറം വിശ്വാസികള്‍ പോകരുത് എന്ന് അവര്‍ ചിന്തിക്കുന്നതുപോലെതന്നെ, ജനങ്ങള്‍ക്ക് അത്രയ്ക്കങ്ങ് അധികാരംവേണ്ടാ എന്ന് ഗവണ്‍മെന്റും, എല്ലാ യുഡി.എഫ്-എല്‍.ഡി.എഫ് കക്ഷികളും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ജനകീയാധികാരത്തോട് ഇന്നത്തെ രാഷ്ട്രീയ കക്ഷികള്‍ക്കുള്ള ഭയപ്പാടാണ് മറ്റൊരു കമ്മിറ്റിയെ നിയോഗിക്കാന്‍ കാരണമായതെന്ന് മാധവ് ഗാഡ്ഗില്‍തന്നെ പ്രസ്താവിച്ചിരുന്നതോര്‍ക്കുന്നു. മണ്ണിനെ ആശ്രയിച്ചു കൃഷിചെയ്തു ജീവിക്കുന്ന കര്‍ഷകരുടെ സഹജമായ പരിസ്ഥിതിയവബോധത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റിക്കു വിശ്വാസമുണ്ടായിരുന്നു. അവരെ വിറ്റു ജീവിക്കുന്ന മത-രാഷ്ട്രീയ കൂട്ടുകെട്ടാണ് കാര്യങ്ങള്‍ ഇത്രയ്ക്കു സങ്കീര്‍ണ്ണമാക്കിയത്.
അധികാരമത്തു പിടിപെട്ട മെത്രാന്മാര്‍ക്ക് 'സഭാനവീകരണ'മെന്നു കേള്‍ക്കുമ്പോഴെന്നതുപോലെതന്നെ, വികസനഭ്രാന്തുപിടിപെട്ട ഇന്ന
ത്തെ രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം 'പരിസ്ഥിതി' എന്നു കേള്‍ക്കുന്നത് അലര്‍ജിയാണ്. താറാവിനെ കൊന്നിട്ടാണെങ്കിലും പൊന്‍മുട്ടയെടുത്തു സുഖിക്കണമെന്ന താല്ക്കാലികചിന്തയിലാണ് പാര്‍ട്ടി രാഷ്ട്രീയക്കാരെല്ലാംതന്നെ. മക്കളുടെയും ബിനാമികളുടെയും പേരുകളില്‍ പാറമട നടത്താത്ത ജനപ്രതിനിധികള്‍ കേരളത്തില്‍ കുറവാണെന്നും കേള്‍ക്കുന്നു. അപ്പോള്‍പ്പിന്നെ, പശ്ചിമഘട്ടത്തിന്റെയും കര്‍ഷകരുടേയും സംരക്ഷണം ലക്ഷ്യംവച്ചുള്ള ചര്‍ച്ചകള്‍ക്ക് അവരെങ്ങനെ മുന്‍കൈ എടു
ക്കും? തീര്‍ച്ചയായും, പരിസ്ഥിതിയുടെയും പശ്ചിമഘട്ടത്തിന്റെയും സംരക്ഷണത്തിന്റെ ഗൗരവതരമായ പ്രാധാന്യം മനസിലാക്കിയിട്ടുള്ള കര്‍ഷകരേക്കാള്‍ വളരെ കുറവായിരിക്കും അതുള്‍ക്കൊണ്ടിട്ടുള്ള കക്ഷിരാഷ്ട്രീയക്കാര്‍. മണ്ണും മനുഷ്യരുമായി അത്രപോലും ബന്ധമില്ലാത്ത മെത്രാന്മാര്‍ക്ക് എന്തു പാരിസ്ഥിതികാവബോധമാണുണ്ടാവുക? പാലാ രൂപതയുടെ ഭീമാകാര രമ്യഹര്‍മ്യമായ 'അല്‍ഫോന്‍ സിയന്‍ പാസ്റ്ററല്‍ സെന്റ'റിന്റെ പണി കഴിഞ്ഞപ്പോഴേയ്ക്കും അതിനുതാഴെ മീനച്ചിലാറ്റില്‍ കാലി സിമന്റുചാക്കുകളുടെ ഒരു കുന്നുതന്നെ ഉണ്ടായിയെന്നു കേള്‍ക്കുന്നു. 'മീനച്ചിലാര്‍ പുനര്‍ജനി' എന്ന വന്‍പരിസ്ഥിതിസംരക്ഷണപ്രസ്ഥാനത്തിന്റെ രക്ഷാധികാരി മാര്‍ പള്ളിക്കാപറമ്പിലാണെന്നോര്‍ക്കുക. പരിസ്ഥിതിയും മെത്രാന്മാരും തമ്മിലുള്ള ബന്ധത്തിന്റെ സ്ഥിതിയിതാണ്.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെയും കേരളത്തിന്റെയും സാമ്പത്തികഭദ്രത തകര്‍ക്കാന്‍, പരിസ്ഥിതിഗ്രൂപ്പുകളെ ഉപയോഗിച്ചു നടത്തിയ ഒരു ആഗോള കോര്‍പ്പറേറ്റ് ഗൂഢാലോചനയാണെന്ന തരത്തിലുള്ള ഒരു വാദഗതിയും കൊഴുക്കുന്നുണ്ട്. മനുഷ്യന്റെ ആവാസവ്യവസ്ഥയെ തകര്‍ത്തുള്ള അന്ധമായ വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകത്തെമ്പാടും പാരിസ്ഥിതികാവബോധം കൂടുകയും, ധാരാളം പരിസ്ഥിതി പ്രസ്ഥാനങ്ങളും ഒരു ഹരിതരാഷ്ട്രീയസങ്കല്പംതന്നെയും ഉയിര്‍ക്കൊള്ളുകയും ചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വികസനം സംബന്ധിച്ച ഒരു ഗാന്ധിയന്‍ ദര്‍ശനം ആഗോളവ്യാപകമായി സ്വാം
ശീകരിക്കപ്പെടാനും അതിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അവിടെയും കോര്‍പ്പറേറ്റ്-മൂലധനതാത്പര്യങ്ങള്‍ കൈകടത്തിത്തുടങ്ങിയിട്ടുണ്ടെങ്കില്‍, അതും അന്വേഷണവിധേയമാക്കേണ്ടതാണ്. കാരണം, മണല്‍വാരല്‍-പാറമടലോബികള്‍ക്കും വിവിധ തരത്തിലുള്ള മലിനീകരണങ്ങള്‍ക്കുമെതിരെയും നദീസംരക്ഷണത്തിനായുംമറ്റും നാട്ടിന്‍പുറങ്ങളില്‍വരെ ജനകീയമായി രൂപംകൊള്ളുന്ന പരിസ്ഥിതിപ്രവര്‍ത്തകരെയും പ്രസ്ഥാനങ്ങളെയു മൊക്കെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ വാദം ഉപയോഗിക്കപ്പെടും.
എന്തായാലും, പശ്ചിമഘട്ടം ലോകപൈതൃകപ്പട്ടികയില്‍ വരുന്നതിനൊക്കെ എത്രയോ മുമ്പേ, കോര്‍പ്പറേറ്റുകളും ആഗോളഗൂഢാലോചനയുമൊ
ന്നുമില്ലാതെതന്നെ, പശ്ചിമഘട്ടസംരക്ഷണത്തിന്റെ അടിയന്തിരപ്രാധാന്യം കേരളത്തിലെയും പശ്ചിമഘട്ടം ഉള്‍പ്പെടുന്ന മറ്റു സംസ്ഥാനങ്ങളിലെയും പരിസ്ഥിതിപ്രവര്‍ത്തകര്‍ മനസിലാക്കിയിരുന്നുവെന്നതിന്, കാല്‍ നൂറ്റാണ്ടുമുമ്പ് അവരെല്ലാം ചേര്‍ന്നു നടത്തിയ, ഏറെനാള്‍ ദീര്‍ഘിച്ച 'പശ്ചിമഘട്ടരക്ഷായാത്ര'തന്നെ തെളിവാണ്.
അതുകൊണ്ട്, പരിസ്ഥിതിബോധമുള്ള കര്‍ഷകജനത, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോ
ര്‍ട്ടുകള്‍ തള്ളിക്കളയുക എന്ന മെത്രാന്‍മുദ്രാവാക്യത്തില്‍നിന്നുമാറി, അവ കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്താനാവശ്യമായ സമ്മര്‍ദ്ദം ഗവണ്‍മെന്റില്‍ ചെലുത്തുകയാണു വേണ്ടത് എന്നുതോന്നുന്നു. 1977-വരെ കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുമെന്ന ഗവണ്‍മെന്റ് തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ഗാഡ്
ഗില്‍ റിപ്പോര്‍ട്ടുപ്രകാരംതന്നെ കര്‍ഷകര്‍ക്ക് ആവശ്യപ്പെടാനാകും. 30 ഡിഗ്രിയില്‍ക്കൂടുതല്‍ ചെരിവുള്ളിടങ്ങളില്‍ മണ്ണിളക്കി കൃഷി പാടില്ല എന്ന നിര്‍ദ്ദേശം, കയ്യാലകള്‍പോലെ മണ്ണൊലിപ്പുതടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൃഷിചെയ്യാം എന്നു തിരുത്തിക്കാനാകും. ലോകപൈതൃകപദവി നേടിയ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി ലഭിക്കുന്ന രാജ്യാന്തര സഹായമടക്കമുള്ള വന്‍തുകയുടെ ന്യായമായ വിഹിതം, അതിനുവേണ്ടി ത്യാഗവും നഷ്ടവും സഹിക്കുന്ന മലയോരകര്‍ഷകര്‍ക്കവകാശപ്പെട്ടതാണെന്ന് ഔദ്യോഗികമായി അംഗീകരിപ്പിക്കാനും സാധിക്കാതെവരില്ല. കൂടാതെ, പശ്ചിമഘട്ടമേഖലയെ ഹരിതമാക്കി നിലനിര്‍ത്തുന്ന തരത്തില്‍ കൃഷി ചെയ്യുന്ന ((green growing) കര്‍ഷകര്‍ക്ക് 'കാര്‍ബണ്‍ ക്രെഡിറ്റ്' പദ്ധതിപ്രകാരമുള്ള ആഗോളഫണ്ടില്‍നിന്നും അര്‍ഹമായ തുക നേരിട്ടു ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിക്കാന്‍ കഴിയും. സര്‍ഗ്ഗാത്മകമായ ചര്‍ച്ചകളിലൂടെ മലയോരകര്‍ഷകര്‍ക്ക് അനുകൂലമായ വേറെയും എത്രയോ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. തമിഴ്‌നാട്ടില്‍നിന്നും ഇടുക്കിയുടെ അടിവരെ മലതുരന്ന് കണികാപരീക്ഷണം നടത്താന്‍ വിദേശസംഘത്തിന് അനുമതി കൊടുത്ത് പശ്ചിമഘട്ടമലനിരയ്ക്കു ബലക്ഷയവും മേഖലയാകെ അണുവികിരണവും വരുത്തുന്ന കേന്ദ്രഗവ
ണ്‍മെന്റിന്റെ ഇരട്ടത്താപ്പു തുറന്നുകാട്ടി, പശ്ചിമഘട്ടസംരക്ഷണത്തിനായി മലയോരകര്‍ഷകര്‍ മുന്നിട്ടിറങ്ങുകയുംകൂടി ചെയ്താല്‍, ഈ ആവശ്യങ്ങളെല്ലാം നേടിയെടുക്കാനും പശ്ചിമഘട്ടസംരക്ഷണത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും കഴിയും.
എന്തായാലും, മെത്രാന്മാരുടെയും അവര്‍ക്കുണ്ടെന്നു കരുതപ്പെടുന്ന വോട്ടുബാങ്കില്‍മാത്രം കണ്ണുനട്ട കക്ഷിരാഷ്ട്രീയക്കാരുടെയും പിന്നില്‍ അണിനിരക്കാതെ, ജനങ്ങള്‍ തനതു ബോദ്ധ്യങ്ങളിലും തനതു നേതൃത്വത്തിലും അണിനിരക്കാന്‍ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്. മതവും രാഷ്ട്രീയവും വ്യത്യസ്ത മേഖലകളാണ്. മതപരിവേഷത്തോടെ മതാചാര്യന്മാര്‍ രാഷ്ട്രീയരംഗത്തും, രാഷ്ട്രീയാധികാരശക്തിയോടെ രഷ്ട്രീയനേതാക്കള്‍ മതത്തിന്റെ മേഖലയിലും പ്രവേശിച്ചാല്‍ അത് അപകടമാണ്. വിശ്വാസികളുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ മതമൂല്യം പ്രസരിപ്പിക്കണമെന്ന് ഉപദേശിക്കാനും അതിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനും മതാദ്ധ്യക്ഷന്മാര്‍ക്ക് അവകാശവും ഉത്തരവാദിത്വവുമുണ്ട്. അതിനപ്പുറത്തേയ്ക്കുള്ള അവരുടെ കടന്നുകയറ്റം എതിര്‍ക്കപ്പെടേണ്ടതാണ്. ഇതു സംബന്ധിച്ച് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ വ്യക്തമായ അഭിപ്രായം പുറപ്പെടുവിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു: 'രാഷ്ട്രീയപ്രവര്‍ത്തനത്തിലുള്‍പ്പെടുന്ന കത്തോലിക്കര്‍, അവരുടെ മതത്തിന്റെ മൂല്യങ്ങള്‍ ഉള്ളില്‍ സംവഹിക്കുന്നവരാകണം. മാത്രമല്ല, ആ മൂല്യങ്ങള്‍ പ്രവര്‍ത്തനങ്ങളിലുള്‍ച്ചേര്‍ക്കുന്നതിനാവശ്യമായ പക്വതയും അവബോധവും വൈദഗ്ദ്ധ്യവും അവര്‍ക്കുണ്ടാകണം. എന്നാല്‍ സഭ ഒരിക്കലും, ഈ മൂല്യങ്ങള്‍ പ്രകാശിപ്പിക്കുന്നതിനും മറ്റുള്ളവരിലേക്കു പകര്‍ന്നുനല്‍കുന്നതിനുമപ്പുറമുള്ള ഒരു പ്രവര്‍ത്തനമേഖലയിലേക്കും പ്രവേശിക്കുകയില്ല; കുറഞ്ഞപക്ഷം, ഞാനിവിടെ ഇരിക്കുന്ന കാലത്തോളമെങ്കിലും' (ഡേവിഡ് ജിബ്‌സന്റെ ‘Pope Francis- La Republica Interview Rocks Church!’  എന്ന ലേഖനത്തില്‍നിന്നും. സ്വന്തം തര്‍ജ്ജമ). കത്തോലിക്കാസഭയുടെ ആഗോള മതാചാര്യനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച് തങ്ങളുടെ പ്രത്യക്ഷരാഷ്ട്രീയഇടപെടലുകള്‍ നിര്‍ത്താന്‍, ഇടുക്കി-താമരശ്ശേരി മെത്രാന്മാരുള്‍പ്പെടെ കേരളത്തിലെ എല്ലാ കത്തോലിക്കാമെത്രാന്മാര്‍ക്കും ബാധ്യതയുണ്ട്. ഇക്കാര്യം അവരെ നിരന്തരം ഓര്‍മ്മിപ്പിക്കാനും നിലയ്ക്കു നിര്‍ത്താനുമുള്ള ബാധ്യത വിശ്വാസിസമൂഹത്തിനുമുണ്ട്.
-എഡിറ്റര്‍.

No comments:

Post a Comment