മെത്രാൻ-സിനഡിന്റെ വാതുക്കൽ നിന്നുകൊണ്ട് അല്മായപ്രതിനിധികൾ നടത്തുന്ന പരിവേദനങ്ങൾ (ആധാരം - മത്തായി 5, 3 - 11 അഷ്ടസൗഭാഗ്യങ്ങൾ)
ഫറവോന്റെ കാലത്തെ അടിമകളുടെ ദൈവത്തെയല്ല, അനുഷ്ഠാനങ്ങളാലും ബലികളാലും പ്രീതിപ്പെടുത്തേണ്ട മോശയുടെ കാലത്തെ ദൈവത്തെയല്ല, പക്ഷപാതങ്ങളുടെയും സങ്കുചിത പൌരുഷത്തിന്റെയും പ്രതീകമായ കത്തോലിക്കാ ദൈവത്തെയുമല്ല, മറിച്ച്, യേശു സ്വതന്ത്രരാക്കിയ ലോകമെങ്ങുമുള്ള മനുഷ്യരുടെ ദൈവത്തെപ്പറ്റി ഞങ്ങളോട് സംസാരിക്കൂ.
ശുദ്ധഹൃദയരായി നിങ്ങളെയനുഗമിച്ച ഞങ്ങൾ ഇതുവരെ ആ ദൈവത്തെ കാണുന്നില്ലെങ്കിൽ, നിങ്ങളല്ലേ അതിനുത്തരവാദികൾ?
ആത്മാവിൽ ദാരിദ്ര്യമനുഭവിക്കുന്ന ഞങ്ങളുടെ വാഗ്ദാനമായ സ്വർഗരാജ്യമെവിടെ?
ഇന്നെന്നപോലെ മുന്നും നിങ്ങളുടെ മുമ്പിൽ വിലപിക്കുന്ന ഞങ്ങൾക്ക് എന്നാണാശ്വാസം കിട്ടുക?
ശാന്തശീലരായ ഞങ്ങളുടെ ഭൂമി നിങ്ങളല്ലേ കൈവശപ്പെടുത്തിയത്?
കരുണ തേടുന്ന ഞങ്ങള്ക്ക് നിങ്ങളിൽനിന്ന് എന്നാണ് കരുണ ലഭിക്കുക?
എത്രയോ വര്ഷങ്ങളായി ഞങ്ങൾ നീതിക്കുവേണ്ടി വിശന്നും ദാഹിച്ചും നിങ്ങളുടെ അരമനപ്പടിക്കൽ കാത്തിരുന്നു. എന്നാൽ ഞങ്ങളല്ല, നിങ്ങളാണ് സംതൃപ്തരായത്.
എത്രനാളായി ഞങ്ങളുടെ ഹൃദയശുദ്ധിയെ മുതലെടുത്ത് നിങ്ങൾ ദൈവസ്ഥാനീയരെപ്പോലെ സഞ്ചരിക്കുന്നു!
നമ്മുടെയിടയിൽ സംഭവിക്കേണ്ട സമാധാനത്തിനായി എന്തും ചെയ്യാൻ ഒരുങ്ങിയാണ് ഞങ്ങളുടെ കാത്തിരുപ്പ്; എന്നാണതിന് ഫലമുണ്ടാകുകയും നമ്മെളെല്ലാം ഒരുപോലെ ദൈവപുത്രരെന്നു വിളിക്കപ്പെടുകയും അങ്ങനെ ജീവിച്ചുതുടങ്ങുകയും ചെയ്യുക?
എത്രനാളാണ് നീതിക്കുവേണ്ടി ഇനിയും നിങ്ങളുടെ പീഡനത്തിന് ഞങ്ങൾ ഇരയാകുക? എത്രനാളാണ് സ്വർഗരാജ്യത്തിനായി ഇനിയും ഞങ്ങൾ കാത്തിരിക്കുക?
ഞങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും ഞങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുന്ന നിങ്ങളിൽനിന്ന് എന്തുത്തരമാണ് ഞങ്ങള്ക്ക് കിട്ടുക? ഞങ്ങൾ കാത്തിരിക്കുകയാണ്.
ഓർത്തുകൊള്ളുവിൻ - (ആധാരം - ലൂക്കാ 1, 49 - 53 മറിയത്തിന്റെ സ്തോത്രഗീതം) -
ദൈവമായ കർത്താവ് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിക്കും; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിക്കും; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടും; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയക്കും; എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ സംതൃപ്തരാക്കുകയും ചെയ്യും.
ദൈവമായ കർത്താവ് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിക്കും; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിക്കും; ശക്തന്മാരെ സിംഹാസനത്തിൽനിന്ന് മറിച്ചിടും; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയക്കും; എളിയവരെ ഉയർത്തുകയും വിശക്കുന്നവരെ സംതൃപ്തരാക്കുകയും ചെയ്യും.
ഇതാ വലിയ കാര്യങ്ങൾ ചെയ്യുവാനായി ശക്തനായവൻ നമ്മെ വിളിക്കുന്നു. അവന്റെ സ്വരം ശ്രവിക്കാനും അവനിൽ ആനന്ദിക്കാനുമായി ഞങ്ങളോടൊപ്പം ചേരുവിൻ! ഇപ്പോൾ മുതൽ സകല തലമുറകളും നമ്മെ ദൈവമക്കൾ എന്ന് പ്രകീർത്തിക്കട്ടെ.
theresiamanayath@gmail.com
theresiamanayath@gmail.com
മരിച്ചു കഴിയുമ്പോൾ കിട്ടും എന്ന് പറയപ്പെടുന്ന സ്വർഗ്ഗരാജ്യം കച്ചവടം ചെയ്യുന്ന മെത്രാന്മാരോട് ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കാനാകുന്ന, നിങ്ങളുടെ ഉള്ളിൽതന്നെയുള്ള സ്വർഗ്ഗരാജ്യം ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ?
ReplyDeleteകാര്യമില്ല. എന്നാൽ ഇവർ ജനത്തെ പറഞ്ഞു പറ്റിക്കുന്ന മരണശേഷം കിട്ടുന്ന സ്വർഗമല്ല, ദൈവരാജ്യം ഇതാ നിങ്ങളുടെയിടയിലാണ് എന്ന് പറഞ്ഞപ്പോൾ യേശു വിഭാവനം ചെയ്ത ഒരു ദൈവരാജ്യം ഉണ്ടെന്ന് അവരെ ഒർമ്മിപ്പിക്കാനെങ്കിലും ഈ അപേക്ഷ ഉപകരിക്കട്ടെ. ഒരു സ്ത്രീക്കുപോലും ഇവരേക്കാൾ ആഴമായ ആത്മജ്ഞാനം ഉണ്ടെന്നും തിരുമേനിമാർ മനസ്സിലാക്കട്ടെ, അനൂപേ.
Delete
ReplyDeleteഅല്മേനിയായ തെരേസിയ ആന്റി ദൈവപണ്‍ഡിതരായ മെത്രാൻതിരുമേനിമാർക്ക് കൊടുത്തിരിക്കുന്ന ചിന്താവിഷയങ്ങൾ അവരുടെ ഇനിയുള്ള ജീവിതം മുഴുവൻ ഇരുന്ന് ധ്യാനിക്കാനുള്ള വകയാണ്. അത് വായിച്ചപ്പോൾ എന്റെ ഓർമയിൽ പെട്ടെന്ന് വന്നത് ഈയിടെ ഞാൻ ശ്രവിച്ച ഒരു കൊച്ചു പ്രഭാഷണമാണ്. അതിൽ ബോബിയച്ചൻ ഗിരിപ്രഭാഷണത്തിലെ ആഴങ്ങളെപ്പറ്റിയാണ് ധ്യാനോന്മുഖനായി സംസാരിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്കു മുന്നേ, അത്തരം ആശയങ്ങൾ സാധാരണക്കാരോട് പറയാൻ ധൈര്യപ്പെട്ട ആ ഗുരു അമാനുഷികമായ ഉൾക്കാഴ്ചകളുള്ള മഹാത്മാവായിരുന്നു. അന്ന് തൊട്ടിന്നുവരെ എത്രയോ മനസ്സുകൾക്ക് ആ വചസ്സുകൾ ശക്തിയും ആനന്ദവും നല്കിയിട്ടുണ്ട്. ഈ കമന്റ് വായിക്കുന്നവർ അച്ഛന്റെ സംഭാഷണം കൂടി ഒന്ന് ശ്രദ്ധിച്ചു കേൾക്കുന്നതിനായി ഈ ലിങ്ക് ചുവടെ ചേർക്കുന്നു.
ഗുരുചരണം
http://www.youtube.com/watch?v=_BDW_OZfSg0
ഈ ലിങ്ക് അയച്ചു തന്ന മഹേശ്വർക്ക് നന്ദി.
Deleteദൈവം വെളിയിലാണ് എന്ന ചിന്തയാണ് എല്ലാ പ്രശ്നങ്ങൾക്കും ഉറവിടം എന്നതാണ്, മെത്രാന്മാർ മാത്രമല്ല, നമ്മളേവരും സ്വായത്തമാക്കേണ്ട, യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ ഒളിഞ്ഞിരിക്കുന്ന വലിയ സത്യം. സാധാരണ ദൈവത്തിലേയ്ക്ക് നയിക്കുന്നവയായി കരുതപ്പെടുന്നതെല്ലാം - പള്ളികൾ പോലുള്ള വിശുദ്ധ സ്ഥലങ്ങൾ, പുരോഹിതരെപ്പോലുള്ള ആത്മീയ ശുശ്രൂഷകർ, മതനിയമങ്ങളും ഗ്രന്ഥങ്ങളും അനുഷ്ഠാനങ്ങളും, നമുക്ക് മാതൃകയായി മുന്നിലുള്ള വിശുദ്ധർ, എന്ന് തുടങ്ങിയവയെല്ലാം - നമ്മെ ബാഹ്യമായവയിൽ തളച്ചിടുകയാണ് ചെയ്യുക. അവിശ്വസനീയമായി തോന്നുമെങ്കിലും അതാണ് സത്യം. ഇവയെല്ലാം നമ്മെ കൊണ്ടുചെല്ലുന്നത് നമുക്ക് കാണുകയും സ്പർശിക്കുകയും സംസാരിക്കുകയും ചെയ്യാൻ കഴിയുന്ന ഒരു ദൈവത്തിലേയ്ക്കാണ്. മിക്ക മനുഷ്യർക്കും അതാണാവശ്യം. എന്നാൽ വളരെ വ്യക്തമായി യേശു പറയുന്നു, ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ ദൈവത്തെ കാണും. മേല്പ്പറഞ്ഞവയൊന്നും ഇല്ലാത്ത ഒരവസ്ഥ നമ്മെ അജ്ഞതയുടെ ഇരുട്ടിലാക്കുമെന്നത് ഒരു മിഥ്യാഭയമാണ്. വാസ്തവത്തിൽ ഇപ്പറഞ്ഞവയുടെയെല്ലാം അഭാവമാണ് ഹൃദയത്തെ വിശുദ്ധീകരിക്കുന്നതും നമ്മെ ആന്തരികമായ പ്രകാശത്തിലേയ്ക്ക് നയിക്കുന്നതും. ആ പ്രകാശമാണ് ദൈവം. പരീക്ഷിച്ചു നോക്കാത്തവര്ക്ക് ഇത് വിശ്വസനീയമാവില്ല. അങ്ങനെയൊരു ചുവടുപയ്പ്പിന് അസാധാരണമായ ധൈര്യമാവശ്യമാണ്. അതുതന്നെയാണ് അഷ്ടസൌഭാഗ്യങ്ങളിൽ അന്തർലീനമായിരിക്കുന്നത്. മതകാര്യങ്ങളിൽ വ്യാപൃതരായവർക്ക് ഈ ശൂന്യതയുടെ വില മനസ്സിലാവില്ല. നഗ്നമായ ഒരസ്തിത്വത്തെയാണ് തന്റെ വാക്കുകളിലൂടെ യേശു അവിടെ പ്രകീർത്തിക്കുന്നത്. നിസ്സഹായതയുടെ നിശബ്ദതയിൽ നിന്ന് ആനന്ദവും സ്നേഹവും ഉളവാകുമെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുകയാണ് - ദൈവത്തിന്റെ സ്നേഹം അനുഭവിക്കുവാൻ മാറ്റൊരു വഴിയുമില്ലെന്നപൊലെ.
ദൈവം ഒരു ആന്തരിക പ്രതിഭാസമാണ് എന്ന സത്യത്തെ പ്രതിരോധിക്കാനാണ് മതങ്ങൾ പഠിപ്പിക്കുന്നത്. 'മുകളിൽ' അല്ലെങ്കിൽ തങ്ങൾക്കു പുറത്തു വസിക്കുന്ന ദൈവത്തെയാണ് അവർ സങ്കല്പ്പിച്ചു ശീലിച്ചിട്ടുള്ളത്. ഉള്ളിലേയ്ക്ക് നോക്കുന്നത് അവര്ക്ക് വളരെ സങ്കീർണമായ കാര്യമാണ്.എന്നാൽ ശീലിച്ചുകഴിഞ്ഞാൽ അതാണ് മനുഷ്യന് ഏറ്റവും സ്വാഭാവികമായ കാര്യം.
എന്നാൽ ഒന്നോർക്കേണ്ടതുണ്ട്: ഈ ആന്തരികത ഒരിക്കലും ഒരു പൊതുവായ അനുഭവമായിരിക്കില്ല. മറ്റുള്ളവർ നമ്മെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു എന്ന വ്യഗ്രതയാണ് ഭൂരിപക്ഷത്തെയും പുറത്തേയ്ക്ക് നോക്കുന്നവരാക്കിത്തീർക്കുന്നത്. അവർ ഭൂരിപക്ഷാഭിപ്രായത്തോട് യോജിച്ചുപോകാനുള്ള തത്രപ്പാടിൽ സമയം കളയുന്നു. അങ്ങനെയല്ലാതിരുന്നതുകൊണ്ടാണ് നിലവിലുള്ള അഭിപ്രായങ്ങൾക്ക് വിപരീതമായിത്തോന്നുന്ന അഷ്ടസൌഭാഗ്യങ്ങൾ ഉച്ചരിക്കാൻ യേശുവിനു കഴിഞ്ഞത്. അവയ്ക്കു വില കല്പിക്കുന്നവരും എകാകികളായിരിക്കാനാണ് സാദ്ധ്യത.
‘സത്യം' എന്തെന്നറിയാൻ ഒരാകാംഷയും, അതിനോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ഒരു നേതൃത്വത്തോടോ ‘സഭാമക്കൾ’ എന്നു വിളിക്കപ്പെടുന്ന ആൾക്കൂട്ടത്തോടോ ക്രിസ്തുവിന്റെ സഭ ഇതല്ല, അതാണ് എന്നൊക്കെ പറഞ്ഞിട്ട് എന്താണ് കാര്യം? അതെന്താണേലും അവരെ അലട്ടുന്ന പ്രശ്നമല്ലത്. സഭാനവീകരണവുമായി മുന്നോട്ടു പോകുന്ന ഒരത്മായൻ നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രതിസന്ധിയാണിത്. എന്തിനെക്കുറിച്ചാണോ പറയാൻ ആഗ്രഹിക്കുന്നത്, അതിന്റെ യാഥാർത്ഥ്യമറിയാൻ ഒരുവിധ താല്പര്യവും പ്രകടിപ്പിക്കാത്ത ജനതയോട്, എന്താണ് മതനവീകരണത്തിനുള്ള ന്യായീകരണങ്ങളായി പറയേണ്ടത്? ഉല്പതിഷ്ണുവായ ഒരു വിദ്യാർഥിക്ക് പാഠം പറഞ്ഞു കൊടുക്കുന്നതു പോലുള്ള ബോധവൽക്കരണത്തിന്റേതായ ഒരു സാമാന്യനീതിയും സഹകരണവും, സഭാനവീകരണത്തിന്റെ കാര്യത്തിൽ ഉണ്ടാകുമോ എന്നതിൽ ഒട്ടേറെ ആശങ്കകൾ ഉണ്ട്. സുഖാലസ്യത്തിൽ കഴിയുന്ന പുരോഹിതവൃന്ദവും അവരുല്പാദിപ്പിക്കുന്ന മൂല്യങ്ങളിലും ദൈവസങ്കൽപ്പങ്ങളിലും സംതൃപ്തരായ അത്മായനും. ഇതിൽ ആരെയാണ് ഉന്തി മരം കേറ്റണ്ടത്?
Deleteസഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഏറ്റവും വലിയ അടയാളങ്ങളായി പറഞ്ഞു നടക്കുന്നത്, പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തെ മുതൽ മുടക്കുകളാണല്ലോ.ഉന്നതജോലിയും അഞ്ചക്കശംബളവുമൊക്കെ അത്മായനുള്ള സഭയുടെ മഹത്തായ സമ്മാനങ്ങളാണ്. ഇത്രയും നന്മകൾ തരുന്ന സഭാമാതാവിനെ എന്തുപറഞ്ഞാണ് ഒരത്മായാൻ വിമർശിക്കേണ്ടത്? എളുപ്പത്തിൽ സ്വർഗ്ഗത്തിൽ പോകാനുള്ള വഴിയും സ്വായത്തമാക്കിയ നമ്മുടെ “ചേട്ടന്മാർ”, പള്ളിയിൽ വരുന്നു, പന്നിയിറച്ചി മേടിച്ചു വീട്ടിൽ പോകുന്നു;എവിടെയാ കുഴപ്പം?നവീകരണം എന്നും പറഞ്ഞ് ഈയുള്ള സ്വസ്ഥത നശിപ്പിക്കുന്നവനല്ലേ യഥാർത്ഥ കുഴപ്പക്കാരൻ? ഇവനാ മോളിയുടെയും ചാക്കോച്ചന്റെയും മകനല്ലേ? ഇവനു പ്രാന്തായോ?
രസകരമായ ശൈലിയിലാണ് തെരസാ ഈ പോസ്റ്റ് ആശയങ്ങൾകൊണ്ട് നിറച്ചിരിക്കുന്നത്. ഒരു താത്ത്വികയുടെ ചിന്താശകലങ്ങളെന്നും ഈ എഴുത്തിനെ വിശേഷിപ്പിക്കാം. യേശുവിന്റെ വഴിമുടക്കിയത് ഹിസ്റ്റീരിയാ ബാധിച്ച പോളായിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെ വിലങ്ങിടുന്ന പ്രമാണങ്ങൾ ആ ദിവ്യൻ എഴുതിയുണ്ടാക്കി.എഴുതിയതെല്ലാം ഗ്രീക്ക് തത്ത്വചിന്തകരുടെ അതേ പകർപ്പായിരുന്നു. അക്കാലത്ത് താത്ത്വികന്മാരെല്ലാം പുരുഷന്മാരായിരുന്നതുകൊണ്ട് സ്ത്രീയെ അവർ എന്നും താഴ്ത്തികെട്ടികൊണ്ട് പ്രമാണങ്ങൾ രചിച്ചു. പുരുഷന്റെ തല ക്രിസ്തുവിന്റെയും സ്ത്രീയുടെ തല പുരുഷന്റെതുമെന്നൊക്കെ എഴുതിവെച്ചവർ വിഡ്ഡികളല്ലെങ്കിൽ പിന്നെ എന്താണ്? സ്ത്രീകളെ കുറ്റവാളികളെപ്പൊലെയാണ് അന്നും ഇന്നും പുരോഹിതമതം കണക്കാക്കുന്നത്.
ReplyDeleteശുദ്ധമാന പള്ളിയെന്താകുന്നു എന്ന വേദപാഠം ക്ലാസിലെ ചോദ്യത്തിന് വെട്ടുകല്ലും ചുണ്ണാമ്പുമെന്ന് ഒരു വിരുതൻ അന്ന് പറഞ്ഞത് സത്യമെന്നും തോന്നുന്നു. അങ്ങനെ പറഞ്ഞവനെ അന്നെല്ലാവരും മണ്ടനാക്കി. ഇന്ന് ശുദ്ധമാനപള്ളി കപടഭക്തരെകൊണ്ട് നിറഞ്ഞിരിക്കുകകയാണ്. പുരോഹിതരുടെ നുകംവെച്ച ഈ കാളകൾക്ക് ഹല്ലേലുയാ പാടാൻ മാത്രമേ അറിയൂ. തൊണ്ട ഉയർത്തി ശബ്ദം വെക്കാനല്ലാതെ ബുദ്ധി പ്രവർത്തിപ്പിക്കാൻ ഭൂരിഭാഗത്തിനും അറിയില്ല. അവർ പുരോഹിതരുടെ ചതിക്കുഴിയിലാണെന്നും ചിന്തിക്കുന്നില്ല. പണം കുന്നുകൂടിയിരിക്കുന്ന സഭ അല്മായരെ ബൌദ്ധികമായി ഇടിച്ചുതാഴ്ത്താൻ പ്രഹപ്പിക്കുന്ന പണത്തിനും ഒരു കണക്കില്ല. അവർ ഒരു മാഫിയാ സമൂഹം പടുത്തുയർത്തിയിരിക്കുകയാണ്. പലതരം അടവുകൾ അറിയാം. പ്രതികരിക്കുന്നവരെയും ഇവർക്കെതിരെ ശബ്ദിക്കുന്നവരെയും ഇടിച്ചുതാഴ്ത്തും. നശിപ്പിക്കും. സ്ത്രീകളെഴുതിയാൽ പെണ്ണെഴുത്തെന്ന് പറഞ്ഞ് പരിഹസിക്കും. ഇനി അതേ അടവുകൾ അല്മേനികൾ പുരോഹിതർക്കെതിരെ പ്രയോഗിക്കണം.പുരോഹിതവർഗത്തിന്റെ ബുദ്ധി അല്മേനികൾ മനസിലാക്കി കഴിഞ്ഞു. അടിച്ചമർപ്പെട്ട കുഞ്ഞാടുകൾ മന്ദബുദ്ധികളായ പുരോഹിതരുടെ ബൌദ്ധികത എങ്ങനെ ഉയർത്തണമെന്നും ചിന്തിക്കണം.
കൃസ്ത്യൻ സഭകളെന്നാൽ ബാബിലോണിയായിലെ പൌരാഹിത്യത്തിന്റെ തുടർച്ചയാണ്. ബാബിലോണിയായിലെ ദൈവം മത്സ്യമായിരുന്നു. മെത്രാന്മാരും പുരോഹിതരും മത്സ്യത്തിന്റെ ചിറകുള്ള വേഷമിട്ട് ആ ദൈവത്തെ പൂജിക്കാൻ തുടങ്ങി. ചില പുരോഹിതർ തല മൂടികൊണ്ട് യേശുവിനെ ധിക്കരിച്ചാണ് പ്രാർത്ഥിക്കുന്നത്. കള്ളന്മാരാണ് തല മൂടിക്കൊണ്ട് നടക്കുന്നത്.
ഡിസംബർ 25 ന് ക്രിസ്തു ജനിച്ചെന്ന് ലോകം മുഴുവൻ വിശ്വസിക്കുന്നു. അന്ന് ക്രിസ്തു ജനിച്ച ദിനമല്ല. ക്രിസ്തുവിന് 1000 വർഷങ്ങൾക്കുമുമ്പുമുതൽ റോമാക്കാർ സൂര്യദേവൻ ജനിച്ച ദിനമായി അന്നത്തെ ദിനത്തെ വണങ്ങിയിരുന്നു. പിശാചുക്കളെ ആവഹിക്കാൻ ആ ദിവസം നരബലി നടത്തുമായിരുന്നു. യേശു ജനിച്ച ദിവസം സകല കുഞ്ഞുങ്ങളെയും കൊല്ലാൻ ഹെറോദൊസ് ആജ്ഞാപിച്ചുവെന്ന് കഥയുമുണ്ട്. അങ്ങനെ ഒരു കൂട്ടക്കൊലയെപ്പറ്റി ചരിത്രം സാക്ഷിപ്പെടുത്തിയിട്ടില്ല.
യേശു പഠിപ്പിച്ചത് മോശയുടെ നിയമങ്ങളായിരുന്നു. പേഗൻ നിയമങ്ങൾ ആയിരുന്നില്ല. പണം കൊടുത്ത് പള്ളിയേയും പുരോഹിതരെയും കൊഴുപ്പിക്കാൻ അവിടുന്ന് പറഞ്ഞില്ല. സമൃദ്ധിയിൽനിന്ന് ദരിദ്രരെ സഹായിക്കാൻ അവിടുന്ന് ഇച്ഛിച്ചു. അത് പുരോഹിതന്റെ കീശ നിറക്കാനായിരുന്നില്ല. സ്ത്രീയെ തളച്ചിടാൻ ആയിരുന്നില്ല. കുരിശിൻ ചുവട്ടിൽ അന്ന് കരയാൻ കുറെ പൊട്ടി പെണ്ണുങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ കാൽക്കൽ ചുമ്പനങ്ങർപ്പിക്കാൻ അന്ന് ഒരു പുരുഷനുമുണ്ടായിരുന്നില്ല. ഇതില്നിന്നും വ്യക്തമാകുന്നത് ത്യാഗത്തിലും സഹനത്തിലും ഒപ്പം നില്ക്കാൻ സ്ത്രീക്കേ കഴിയൂയെന്നല്ലേ? യേശു ദേവാലയങ്ങൾ സ്ഥാപിച്ചിട്ടില്ല. മനുഷ്യനാണ് ദേവാലയങ്ങൾ പണി തീർത്തിരിക്കുന്നത്. ദൈവത്തിന്റെ ആലയമെന്ന് പറയുന്നവിടം അഴിമതികൾ നിറഞ്ഞിരിക്കുന്നു. ദൈവമായി ബന്ധപ്പെടാൻ മറ്റുള്ളവർ നമ്മെ സ്വാധീനിക്കരുത്. ആരെങ്കിലും കൃസ്ത്യാനിയെന്നു ചോദിച്ചാൽ 'ഞാൻ ക്രിസ്ത്യാനിയല്ല, യേശു എന്റെ ഗുരുവെന്നു പറയൂ. അധികാരവും പൌരാഹിത്യവും അവിടുന്ന് പറയാത്ത സ്ഥിതിക്ക് പള്ളിയിൽ പോകാത്തവർ പള്ളിയുടെ കടക്കാരനാകുന്നതെങ്ങനെ?
"ചൂല്" എക്കാലത്തും സ്ത്രീയുടെ ഉപകരണവും ആയുധവുമാണല്ലൊ ! ഭാരതാംബിക അവളുടെ ചൂല് കേജ്രിവാളിനു, ഭാരതം വൃത്തിയാക്കാൻ കൊടുത്തതുപോലെ , "ദൈവമാതാവ് തന്റെ ചൂല് തെരേസ മഹാതിക്ക് കൊടുത്തോ , ഇന്നത്തെ ക്രിസ്തവ പുരോഹിതചൂഷണമെന്ന ചവറുകൂമ്പാരം നീക്കം ചെയ്യാൻ " എന്ന് തോന്നിപ്പോകും ഇത് വായിച്ചാൽ ! തലമുറകൾക്കൊരു ഉണർത്തുപാട്ടാകും ഇതിലെ മൌനനൊമ്പരം നിശ്ചയം ..
ReplyDeleteപൂഴിമണലിൽ നിന്ന് ഇരുംബുതരികൾ ശേഖരിക്കുന്ന ഒരിഷ്ട കൌതുകമുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത്. ഒരുകൊട്ട പൂഴിയിൽ മിനക്കെട്ടാൽ കിട്ടുന്നത് ഒരു കുംബിൾ ഇരുംബുതരികളായിരിക്കും. അവ കാന്തത്തോട് പറ്റിച്ചേർന്നിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. അതുകൊണ്ടതു കുറെയധികം ശേഖരിക്കണമെന്നും തോന്നി. എങ്കിലും, ഈ മുറ്റത്തു കിടക്കുന്ന പൂഴിമണൽ മുഴുവൻ ഇരുംബുതരികൾ ആയിരുന്നാൽ ആ ശേഖരണത്തിൽ പ്രത്യേകിച്ചൊരു കൌതുകമോ ആകർഷണീയതയോ ഉണ്ടാവാനിടയില്ല എന്നു പിന്നീടെപ്പോഴോ എനിക്കു തോന്നി. ആ പഴയ തോന്നൽ ചില വേഷപ്പകർച്ചകളിലൂടെ ഇന്നിതാ ഇങ്ങനെ നിൽക്കുന്നു: മെത്രാസന പദവികളോട് കൂടെ ഐഹിക സഭയെ ഉദ്ധരിക്കുക എന്നു പറയുന്നത്, കടൽ തീരത്തെ പൂഴി മണലിനോട് മുഴുവൻ ഇരുംബുതരികളാവാൻ പറയുന്നതിന് തുല്യമായിരിക്കും! കാന്തത്തിലേക്ക് ഇരുംബിനുള്ള ആകർഷണം നിയതി കരുതി വെച്ചിട്ടുള്ളതാണ്, നമുക്കത് ബോധപൂർവം സൃഷ്ടിക്കാനാവില്ല. പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും ക്രിസ്തുവിലേക്കോ അവന്റെ മൂല്യവ്യവസ്ഥയിലേക്കോ പ്രവേശിക്കുന്നില്ല.
ReplyDeleteസ്വന്തം ഉള്ളിലേക്ക് നോക്കിയിരിക്കാൻ പഠിക്കുക; ആ ധ്യാനത്തിന്റെ നിറവിൽ സ്നേഹത്തിലേക്ക് ഉണരുക, തന്റെ സഹോദരങ്ങളെയും അത് പരിശീലിപ്പിക്കുക, ദരിദ്രർ ഭാഗ്യവാന്മാർ എന്ന്, ആത്മാവിലും ശരീരത്തിലും ദാരിദ്ര്യമനുഭവിക്കുന്നവരോട് ഉറക്കെ വിളിച്ചു പറയുക, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുക, അതിനുവേണ്ടി പീഡനമേൽക്കുന്ന ഭാഗ്യജന്മങ്ങളോട് ചേർന്നുനിൽക്കുക, ഒരു പുതിയ പ്രതീക്ഷ പകർന്നു കൊടുക്കുക. ഇത്തരം പ്രവർത്തികളിൽ ബോധപൂർവം സ്വയം അർപ്പിച്ചിരിക്കുന്ന മനുഷ്യരെ, സ്നേഹപൂർവം തന്റെ നെഞ്ചോടുചേർത്ത് ക്രിസ്തു വിളിക്കുന്ന പേരാണ്, സഭ; “എന്റെ ചെറിയ അജഗണമേ”!
അല്ലാതെ, വിദേശപര്യടനം നടത്തി കിറുങ്ങിയിരിക്കുന്ന മെത്രാന്മാരും, പോത്തിനെ തിന്നു പള്ള വീർപ്പിച്ച്, ഉറക്കച്ചടവിൽ അല്മായനും, ആർഭാടക്കസേരകളിൽ തങ്ങളുടെ പദവി ഉറപ്പിച്ചിരുന്ന് നടത്തുന്ന ഒത്തുതീർപ്പു യോഗങ്ങളോ വീഞ്ഞ് സൽക്കാരമോ ഒന്നും ഇവിടെ ഒരു സഭയെയും പണിതുയർത്താൻ പോകുന്നില്ല. അതുകൊണ്ട് തന്നെ മെത്രാൻ സിനഡ് എന്നൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. ആ ചിരിക്കു പിന്നിൽ ഒരു സംഭവകാരണവുമുണ്ട്.
അതിങ്ങനെ:
ഒരു ദിവസം, നാട്ടിലെ ഒരിടവഴിയിൽ വെച്ച് നമ്മുടെ പത്രക്കാരൻ പയ്യനെ പാമ്പുകടിച്ചു! നിലവിളി കേട്ട് അടുത്തുള്ള വീടുകളിൽ നിന്നും നിരത്തിലെ കുമ്മട്ടിക്കടയിൽ നിന്നുമൊക്കെ ആളുകൾ ചറപറാ ഓടിക്കൂടി. പാമ്പ് കടിയും കഴിഞ്ഞു സ്ഥലം വിട്ടിരിക്കുന്നു. ഇനിയിപ്പം പയ്യനെ ആശുപത്രിയിൽ എങ്ങനേയും എത്തിക്കുക എന്നുള്ളതാണ്. തിടുക്കത്തിൽ കുറച്ചുപേർ ചേർന്ന് അവനെ എടുത്ത് തൊട്ടടുത്തുള്ള പാലത്തിനോട് ചേർന്നുള്ള പൊതുവഴിയിൽ എത്തിച്ചു. ഭാഗ്യം! അതാ വരുന്നു ഒരു വെള്ള അംബാസിഡർ കാർ. ഉടനെ, കണ്ടു നിന്നവരും പങ്കെടുത്തവരുമെല്ലാം ബഹളം വെച്ച് കാർ നിർത്തിച്ചു. “വേഗം കേറെടാ അങ്ങോട്ട്" …. കാറിന്റെ തലങ്ങും വിലങ്ങും ആളുകൾ പാഞ്ഞു. ഹംബംബൊ … ഓടെടാ ഓട്ടം. ചിലർ ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നു, മറ്റുചിലർ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. ആകെ ബഹളമയം, പൊടിപൂരം. സംഭവം എന്തെന്നറിയാതെ ഡ്രൈവർ പകച്ചിരുന്നു. … ഹോ!….തിക്കിതിരക്കി ഡിക്കിയിൽ അടക്കം വണ്ടിയിൽ എന്താണ്ട് ഇരുപതുപേർ കയറിയിക്കുന്നു!!! ഒരാളുടെ തല പുറത്തുനിൽക്കുന്നത് കൊണ്ട് പുറകിലത്തെ ഡോർ അടയുന്നില്ല. കൂട്ടത്തിൽ ആരോ അയാളുടെ കഴുത്തിനു പിടിച്ചു വലിച്ച്, വളരെ പ്രയാസപ്പെട്ട് ഡോർ അടച്ചു. ഞെങ്ങി ഞെരുങ്ങി എങ്ങനെയോ തന്റെ മൊട്ടത്തല പുറത്തെടുത്ത രാഘവേട്ടൻ വിളിച്ചു പറഞ്ഞു: “ ഡയിവറെ, ബണ്ടി വിട്ടോളീ, നേരെ അമ്മടെ ജനറൽ ആസ്പത്രിയിലേക്ക് പോട്ടേ. ശബ്ദം വന്നത് ഡിക്കിയിൽ നിന്നാണെന്നു തോന്നുന്നു, കൃത്യമായി ഓർമയില്ല. അങ്ങനെ വണ്ടി വിട്ടു. ഒരു കിന്റൽ പൊകയും തള്ളി കാർ മെല്ലെ നീങ്ങുന്നു . അതിന്റെ അണ്ടകടാഹം വരെ കത്തിപ്പോയിക്കാണും. പക്ഷേ , അതിലും ഭീകരമായ ഒരു സംഭവം അവിടെ അരങ്ങേറിയത് അധികമാരും കണ്ടില്ല. ഈ തിരക്കിനിടയിൽ അതൊക്കെ ആരു ശ്രദ്ധിക്കാൻ? എന്താണെന്നല്ലേ, പെരുവഴിയിൽ തന്റെ കാലും മുറുകെപ്പിടിച്ചു അപ്പോഴും ഒരുത്തൻ കരയുന്നുണ്ടായിരുന്നു; നമ്മുടെ പാമ്പുകടിയേറ്റ അതേ പയ്യൻ!!!
ഇതുപോലെ, എന്തിക്കെയോ കുറേ ആത്മീയപരിവേഷമുള്ള തത്രപ്പാടുകളിൽ വ്യാപൃതരാണിന്നു സഭാമേധാവികൾ. കേന്ദ്രം വിട്ടു പോകുന്നു. സ്നേഹം, കരുണ, ദയ, നീതി ഇതൊന്നും ഒരാർഭാടപ്പന്തലിലെ വട്ടമേശസമ്മേളനത്തിൽ ഉയിരുകൊള്ളുന്നയൊന്നല്ല!
സ്വസ്തി!
സീറോ മലബാർ മെത്രാന്മാരുടെ (സഭയുടെയല്ല) സിനഡ് കാക്കനാട്ട് നടന്നുകൊണ്ടിരിക്കുകയാണ്. അവിടെനിന്ന് കറുത്ത പുകയോ വെളുത്ത പുകയോ പുറത്തേയ്ക്ക് വരുന്നതെന്ന് ആരും തിരക്കുന്നില്ല. അവസാനം ഒരു മടയ ലേഖനം പുറത്തു വരുമായിരിക്കും. അതിൽ ഇങ്ങനെ കാണും: 'ഞങ്ങൾ, സീറോ മലബാർ സഭയുടെ ശ്രേഷ്ഠമെത്രാപ്പൊലിത്തായും ബാക്കി ഇടയന്മാരും ചേർന്ന് ഏറ്റവും മെഴുത്ത കുഞ്ഞാടിനെ കൊന്ന് പൊരിച്ചു തിന്നു. മുന്തിയ വീഞ്ഞും ഉണ്ടായിരുന്നു. അടുത്ത സിനഡിന്റെ നേരമാകുംപോഴെയ്ക്ക് നിങ്ങളൊക്കെ കുറേക്കൂടെ ദശയുള്ളവരാകാൻ നോക്ക്. പൊരിചയിറച്ചിയ്ക്ക് എന്താ രുചി!'
ReplyDeleteഅടുത്ത പെരിയ സിബിസിഐ-സിനഡ് പാലായിൽ വച്ചായിരിക്കും. എല്ലും തൊലിയുമായി നടക്കുന്ന ആട്ടിൻകൂട്ടം ചെന്നു ബഹളം വയ്ക്കാതിരിക്കാൻ, തിയതി ഇതുവരെ രഹസ്യമാക്കി വച്ചിരിക്കുകയാണ്.