Translate

Wednesday, January 1, 2014

എന്താണ് ദാരിദ്ര്യം?

“യേശു ഒരു ദരിദ്രൻ ആയിരുന്നുവെന്നത് ഒരനുമാനം മാത്രമല്ലെഇനി അങ്ങനെ ജനിച്ചു എങ്കിലും ഹൃദയത്താൽ (INTUITION) നയിക്കപ്പെടുന്ന ഒരാൾക്ക് എന്തിനെങ്കിലും കുറവുണ്ടാകുമോ? ആ ബോധ്യം ഉള്ളതിനാലല്ലേ ശിഷ്യന്മാരെ വെറുംകയ്യോടെ യേശു യാത്രയയക്കുന്നത്? ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്നും, ദരിദ്രർ എന്നും നിങ്ങളോടുകൂടെ ഉണ്ടാകുമെന്നും  യേശു പറഞ്ഞു. സമ്പത്തുള്ളവർ അനുഗ്രഹീതർ എന്ന് പഴയനിയമം പറയുന്നു. പണത്തോടുള്ള മനോഭാവമല്ലെ മാറേണ്ടത്? ദാരിദ്ര്യം ഇത്ര അഘോഷിക്കപ്പെടെണ്ടാതാണോ? ഫ്രാന്സിസിനുണ്ടായ അനുഭവം ഇല്ലാത്ത ആളുകൾ അദ്ദേഹത്തെ അനുകരിച്ചാൽ എങ്ങനെയുണ്ടാകും? ആത്മാവിൽ ദരിദ്രനാവുക എന്നാൽ എന്താണ്?
ഇത്രയും ചോദ്യങ്ങള്‍ ഒറ്റ വീര്‍പ്പിനുതിര്‍ത്തത് ഇംഗ്ലണ്ടില്‍ നിന്നും ശ്രീ. അനൂപാണ്. വളരെ സങ്കിര്‍ണ്ണമായ ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഒരു മറുപടി എന്നില്‍ നിന്നും അദ്ദേഹം പ്രതിക്ഷിക്കുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. ഏതായാലും വളരെ ആഴത്തില്‍ ഇതിനെപ്പറ്റി ചിന്തിച്ചിട്ടാണ് ഈ ചോദ്യങ്ങള്‍ അദ്ദേഹം ചോദിച്ചിരിക്കുന്നതെന്നുറപ്പാണ്. ചരിത്രത്തിലെ യേശു കൃത്യമായും ദരിദ്രനായിരുന്നുവോയെന്ന് എനിക്കുറപ്പില്ല. യേശു വന്നത് നസ്രത്തില്‍ നിന്നല്ല, യേശു ഒരു നസ്രിന്‍കാരനായിരുന്നുവെന്നതാണ് അങ്ങിനെ വ്യാഖ്യാനിക്കപ്പെടാന്‍ കാരണമെന്ന് പറയുന്നവര്‍ ധാരാളം. ദാവീദിന്‍റെ വംശമാഹാത്മ്യം ദാരിദ്ര്യവുമായോ ആശാരി തൊഴിലുമായോ ചേര്‍ന്നതല്ലെന്നു വാദിക്കുന്നവരുമുണ്ട്. പക്ഷേ, യേശു ദാരിദ്ര്യത്തെ ഉള്ളില്‍ സ്വികരിച്ചു ജിവിച്ചു കാണിച്ച ഒരു മഹാഗുരുവാണ്. യേശു അതുകൊണ്ടുദ്ദേശിച്ചത് എന്തായിരിക്കണം എന്നതാണ് ചര്‍ച്ചയില്‍ വരേണ്ടത്.
നശ്വരമായ ശരീരവും അനശ്വരമായ ആത്മാവും (ജീവനും) ചേര്‍ന്ന ഒരു സംവിധാനമായാണ് മനുഷ്യ ജീവിതത്തെ യേശു കണ്ടതെന്നതാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. നഷ്ടപ്പെട്ട സുവിശേഷങ്ങളിലൂടെ കടന്നു പോയാല്‍, ഭാരതീയ ചിന്തകളെ യേശു ഖണ്ഡിക്കുന്നില്ലെന്നു മാത്രമല്ല അതായിരുന്നു വേറൊരു ഭാഷയില്‍ യേശു പറഞ്ഞിരുന്നതെന്ന് തന്നെ തോന്നാം. മനുഷ്യ ജീവന്‍ ശരിയായി വളരാന്‍ ആത്മാവിനുള്ള (സൂഷ്മ)ഭക്ഷണമാണ് പ്രധാനം എന്ന സത്യമാണ് മനുഷ്യന്‍ വചനം കൊണ്ടും കൂടിയാണ് ജീവിക്കേണ്ടതെന്ന ഉപദേശത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. മനുഷ്യ ശരീരത്തില്‍ സൂഷ്മ തലത്തിലുള്ള ചക്രാകള്‍ക്ക് സൂഷ്മോര്‍ജ്ജത്തെ സ്വികരിച്ചു സ്ഥൂലോര്‍ജ്ജമാക്കി മാറ്റാനുള്ള ശേഷിയുണ്ടെന്ന് ഭാരതിയ ശാസ്ത്രം പറയുന്നു. ഈ അര്‍ത്ഥത്തില്‍ ദൈവവുമായി സദാ ബന്ധപ്പെട്ടിരിക്കുന്ന ഒരു ശരീരത്തിനു സ്ഥൂലഭക്ഷണം ആവശ്യമേയില്ല. സ്ഥൂലതയുടെ പിന്തുണ, ധനമായും, സുഖഭോഗങ്ങളായും, അറിവായും, അധികാരങ്ങളായും കൂടെയുള്ളവരെയാണ് യേശു ധനികര്‍ എന്നുദ്ദേശിച്ചതെന്നു സ്പഷ്ടം. ഇതില്ലാത്തവനെ പ്രായേണ ശൂന്യമായ ഒരു പാത്രമായി സങ്കല്‍പ്പിച്ചാല്‍, നാം എന്തുമാത്രം ആ പാത്രം ശൂന്യമാക്കുന്നോ അത്രയും സൂഷ്മോര്‍ജ്ജം അതില്‍ നിറയും എന്നു മനസ്സിലാക്കുക. അവിടെയാണ്, ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന വചനത്തിനര്‍ഥം വരുന്നത്.
വി. ഫ്രാന്‍സിസ് ദാരിദ്ര്യത്തെ ജിവിതത്തില്‍ പരിണയിച്ച ഒരു പുണ്യാത്മാവ് ആണ്. പക്ഷേ, അദ്ദേഹം അനുവര്‍ത്തിച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന് ശരീരത്തെ പീഢിപ്പിക്കുകയെന്നതായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ദൈവത്തിന്‍റെ ദാനമായ ശരിരത്തെ പീഢിപ്പിക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ? ഇല്ലെന്നാണ് പല മഹാന്മാരും പറയുന്നത്. ഒരു കാലത്ത് ആത്മഹത്യ ഒരു വലിയ പാപമായിട്ടാണ് കരുതിയിരുന്നത്. ആത്മഹത്യാ വ്രവണത ഒരു രോഗമാണെന്ന് ഇന്ന് ലോകം അറിയുന്നു; ഇപ്പോള്‍ അതിനെ അങ്ങിനെയല്ല മതവും കാണുന്നത്. അറിഞ്ഞുകൊണ്ട് മദ്യപിക്കുന്നവനും ചെയ്യുന്നത് ആത്മഹത്യ തന്നെയാണെന്നാണ് നാം ഇപ്പോള്‍ പഠിപ്പിക്കുന്നത്. വി. ഫ്രാന്‍സിസ് ശരീരത്തെ കീഴടക്കി എന്നുള്ള പ്രസ്താവനയോട് ഞാനും യോജിക്കുന്നു; പക്ഷേ, ദാരിദ്ര്യത്തെ ഒരു സഹനമാര്‍ഗ്ഗമായല്ലേ അദ്ദേഹം കണ്ടെതെന്നു ഞാന്‍ സംശയിക്കുന്നു.
ഇവിടെ ഉള്‍ക്കാഴ്ചയെയും ദാരിദ്ര്യവുമായി ശ്രീ. അനൂപ്‌ ബന്ധിപ്പിക്കുന്നുണ്ട്. ഉള്‍ക്കാഴ്ച ഒരു സത്യമാണ്, പക്ഷേ ജ്ഞാനംകൊണ്ടു അതിനെ പഠിക്കുക എളുപ്പമല്ല. അനുഭവം കൊണ്ടാണ് അത് തിരിച്ചറിയേണ്ടത്. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ഉപയോഗിക്കപെടാന്‍ ഒരു സാദ്ധ്യതയുമുള്ള ഒരു സിദ്ധിയല്ല അത്. ഇന്ന് വ്യാപകമായി ഉള്‍ക്കാഴ്ചയും പ്രവചന സിദ്ധിയുമെല്ലാം സ്തോത്രക്കാഴ്ച്ചക്ക് പകരമായി വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കിലും, ശരിയായ ഉള്‍ക്കാഴ്ച്ച വില്‍ക്കപ്പെടാതെ തന്നെ നിലനില്‍ക്കുന്നുണ്ട്. അബോധമനസ്സ് സൃഷ്ടിക്കുന്ന ബോധനങ്ങളില്‍ നിന്നും ശരിയായ ഉള്‍ക്കാഴ്ചയെ വേര്‍തിരിച്ചെടുക്കുക അസാദ്ധ്യമെങ്കിലും, ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ അറിവുള്ളവര്‍ പറയുന്നുണ്ട്. ഒരുതരം ജ്ഞാനം കൊണ്ടും ഇതിനെ വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ലായെന്നതുകൊണ്ടാണ് ശരീരത്തില്‍ ദരിദ്രര്‍ ഭാഗ്യവാന്മാരാകുന്നത്. ഉള്‍ക്കാഴ്ച്ചയിലൂടെ ദൈവികസാന്നിദ്ധ്യം അനുഭവിക്കുന്നതുകൊണ്ട് അവര്‍ ദൈവത്തെ കാണുകതന്നെയാണ്.
ഭാരതീയ കാഴ്ചപ്പാടനുസരിച്ച് മോഷണം എന്ന് പറയുന്നത് മറ്റുള്ളവരുടെ വസ്തുവകകള്‍ അപഹരിക്കല്‍ മാത്രമല്ല, മറിച്ച് ഒരുവന് അത്യാവശ്യമായതില്‍ കൂടുതല്‍ സ്വന്തമാക്കലും കൂടിയാണ് (അസ്തേയ). മനുഷ്യനായി ജനിക്കുന്ന ഒരുവന് അത്യാവശ്യമായതെന്തെന്നു സൃഷ്ടാവ് അറിയുന്നു, അവനതു ലഭിക്കുന്നു. ഈ തത്ത്വം അറിയുന്നവനാണ് ഉള്ളവന്‍ എന്ന വ്യാഖ്യാനത്തില്‍ വരുന്നത്. അവനെ ദൈവവുമായി ബന്ധിപ്പിക്കുന്ന പ്രാര്‍ഥനയില്‍ നന്ദി മാത്രമേ ഉണ്ടാവൂ. ഈ രഹസ്യം അറിയാത്തവന്‍ പരാതികളുടെ പ്രളയത്തില്‍ ആയിരിക്കുകയും ചെയ്യും, ഈ പ്രാപഞ്ചിക ഖജനാവില്‍ ചെന്നെത്താന്‍ കഴിയാതെ കൂടുതല്‍ ഇല്ലായ്മയിലേക്ക്‌ പോവുകയും ചെയ്യും. അവനാണ് തല്ലിയലച്ച് അധരവ്യായാമം ചെയ്തു കൊണ്ടേയിരിക്കുന്നത്, അവനാണ് കച്ചിത്തുരുമ്പുകള്‍ക്ക് പിന്നാലെ പാഞ്ഞുകൊണ്ടേയിരിക്കുന്നത്. What we resist persists എന്നൊരു പ്രമാണമുണ്ട്. നാം ഭൌതികമായി ആഗ്രഹിക്കുന്നതെന്തോ അത് നമ്മില്‍ നിന്ന് അകന്നകന്ന് പൊയ്ക്കൊണ്ടിരിക്കും എന്ന അര്‍ഥം അതിനുണ്ട്.

വെള്ളത്തില്‍ ഇറങ്ങാതെ നീന്തല്‍ പഠിക്കാന്‍ ആവില്ല, എല്ലാം ഉപേക്ഷിക്കാതെ  ഈ ദൈവിക സംരക്ഷണത്തിന്‍റെ ചൂട് അറിയാനും സാധ്യമല്ല. യേശു തന്‍റെ ശിക്ഷ്യരെ ഈ രഹസ്യമാണ് പഠിപ്പിച്ചത്. ശിക്ഷ്യര്‍ നിസ്സഹായരോ, ദരിദ്രരോ ആയിട്ടല്ല വചനം പ്രസംഗിക്കാന്‍ ഇറങ്ങിയത്‌. അവരുടെ കയ്യില്‍ പണമോ അവര്‍ക്ക് വേണ്ട സൌകര്യങ്ങളോ ഒന്നുമല്ല ഉണ്ടായിരുന്നത്, അവ വേണ്ട സമയത്തു പ്രദാനം ചെയ്യാന്‍ കഴിവുള്ള മാര്ഗ്ഗമായിരുന്നു അവരുടെ പക്കല്‍ ഉണ്ടായിരുന്നത്. ഞാന്‍ ദാരിദ്ര്യത്തെ നിര്‍വ്വചിക്കുകയാണെങ്കില്‍ ദാരിദ്ര്യമെന്നാല്‍ ദൈവത്തെ അറിഞ്ഞുകൊണ്ടേയിരിക്കേണ്ട ഒരവസ്ഥ എന്നായിരിക്കും പറയുക. പക്ഷേ, ആ അവസ്ഥയില്‍ എത്തിയാലും എല്ലാവരും ദൈവത്തെ അറിയുന്നില്ലായെന്നത് ഒരു വൈരുദ്ധ്യം ആയി അവശേഷിക്കും. ഞാന്‍ പറയും, ഭൌതിക ദാരിദ്ര്യം ആഘോഷിക്കപ്പെടെണ്ട ഒന്നു തന്നെയാണെന്ന്. യാതൊരു ഭൌതിക വ്യാമോഹങ്ങളുടെ പിടിയില്‍പ്പെടാതെ ഒരു നിമിഷം നീണ്ട് നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമെങ്കില്‍ ആ നിമിഷമായിരിക്കും ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷവും. അത് ആഘോഷിക്കപ്പെടുക തന്നെ ചെയ്യണം.   

13 comments:

  1. ദാരിദ്ര്യമെന്നതു അതിൽത്തന്നെ അഭിലഷണീയമല്ലെന്നു നമ്മൾ എടുത്തുപറയേണ്ടതുണ്ടോ? ക്രിസ്തു സമ്പത്തിനെതിരായിരുന്നത് അത് സ്വാതന്ത്ര്യത്തെ ഹനിക്കും എന്നതുകൊണ്ടായിരുന്നു. ലാഭക്കൊതിയും മനസ്വാതന്ത്ര്യവും ഒരുമിച്ചുപോകില്ല. ലാഭമെന്നത്‌ പണപരമായിരിക്കണമെന്നില്ല. സ്ത്പ്പേര്, ഖ്യാതി, അഭിനന്ദനങ്ങൾ എന്നിവയും ഒരാൾ തേടുന്ന ലാഭത്തിൽ പെടുത്താം. മനസ്സിനെ ചഞ്ചലമാക്കുന്ന കണക്കുകൂട്ടലുകളില്ലാതെ ജീവിക്കാൻ നമ്മെ സഹായിക്കുന്ന ഒരു കാഴ്ചപ്പാടുണ്ട് - അതാണ്‌ ശരിക്ക് പറഞ്ഞാൽ, യേശു വാഴ്ത്തിയ ആത്മാവിലെ ദാരിദ്യം എന്നാണ് എന്റെ അനുഭവം. ആഴമില്ലാത്ത നിലപാടുകളും ധ്യാനമില്ലാത്ത മമതകളും മേൽപ്പറഞ്ഞ ലാഭങ്ങളിലേയ്ക്ക് നമ്മെ നാമറിയാതെ ആകർഷിച്ചുകൊണ്ടിരിക്കും. ആ ഉൾക്കാഴ്ച്ചയെപ്പറ്റിയല്ലേ ലേഖനത്തിൽ intuition എന്ന് സൂചിപ്പിച്ചിരിക്കുന്നത്? അത്യാർത്തിയും അമിതമായ ധൂർത്തും വികലമായ ആഡംഭരങ്ങളും ഒരു വശത്ത്‌ സ്വന്തം മനുഷ്യത്വത്തെയും, മറുവശത്ത്‌ സഹജീവികളുടെ സ്വസ്തതയെയും നശിപ്പിക്കുന്നത് കാണുമ്പോൾ അതിനു ബദലായി, ഒരു പ്രതിരോധമായി, ചില സുമനസ്സുകൾ ദാരിദ്ര്യത്തെ വരിക്കുന്നു. വ്യർഥമായ ആകുലതകളുടെ പിടിയിൽനിന്നുള്ള മോചനമാണ് ഫലം. അതുതന്നെയല്ലേ യേശു പറയുന്ന സ്വർഗരാജ്യം? ദരിദ്രർക്ക് സുവിശേഷം പ്രസംഗിക്കാനാണ് താൻ വന്നതെന്ന് യേശു പറയുമ്പോൾ, മേല്പ്പറഞ്ഞ അർത്ഥത്തിൽ ദരിദ്രരായവർക്ക് സ്വായത്തമാകേണ്ട ആത്മാവിന്റെ ഈ സ്വാതന്ത്ര്യത്തെ ആയിരിക്കണം യേശു ഉദ്ദേശിച്ചത്. "കര്ത്താവിന്റെ ആത്മാവ് എന്റെമേലുണ്ട്. ദരിദ്രന് സുവിശേഷവും ബന്ധിതർക്കു മോചനവും അന്ധര്ക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും പ്രഖ്യാപിക്കാൻ താൻ വന്നിരിക്കുന്നു" എന്ന വാക്യത്തിൽ ഈ പറഞ്ഞതെല്ലാം ഉൾക്കൊള്ളുന്നുണ്ട്. ഈ വിഷയം കൊണ്ടുവന്ന മറ്റപ്പള്ളിസാറിന് നന്ദി. കര്ത്താവിനു സ്വീകാര്യമായ വത്സരവും എന്നാണ് ആ വാക്യം അവസാനിക്കുന്നത്. അങ്ങനെ ഈ വർഷാരംഭത്തിൽ എത്രയോ ഉത്തമമായ ഒരു ചിന്തയാണിത്.

    ReplyDelete
  2. പറഞ്ഞപോലെ പുതുവര്‍ഷത്തെ ആദ്യത്തെ പോസ്റ്റ്‌ ആയിരുന്നുവല്ലേ? സാക് പറഞ്ഞപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചത്. കാരണക്കാരന്‍ അനൂപാണ്. അനൂപിന് ഇതിനെപ്പറ്റി ഒരു ധാരണയില്ലാഞ്ഞിട്ടല്ല എഴുതിയതെന്നും അറിയാം. സാക്കിന്‍റെ കമന്റ് വീണ്ടും വീണ്ടും വായിക്കുംതോറും അതിനു അര്‍ത്ഥതലങ്ങള്‍ കൂടുന്നു. ഭാഷയിലെ ഏതൊരു വാക്കും കാലാന്തരത്തില്‍ അര്‍ത്ഥ വ്യതിയാനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്ന് പറഞ്ഞു തള്ളിക്കളയാവുന്ന ഒന്നല്ല ദാരിദ്ര്യം എന്ന വാക്ക്. ഞാന്‍ കൂടുതലും ഫോക്കസ് ചെയ്തത് ഭൂമിയിലെ ദാരിദ്ര്യമാണ്. എല്ലാം ഉപേക്ഷിച്ച് എന്‍റെ പിന്നാലെ വരൂവെന്ന് യേശു പറയുമ്പോള്‍ ഉപേക്ഷിച്ചതൊന്നും കിട്ടുമെന്ന് ആരും കരുതിയില്ലല്ലോ. എല്ലാം ഉപേക്ഷിച്ചവന്‍ ദരിദ്രനായില്ലെങ്കില്‍ പിന്നെ ആരായിക്കാണണം? ദാരിദ്ര്യത്തിന് രണ്ടു തലങ്ങള്‍ ഉണ്ടെന്നു സമ്മതിക്കാതെ വയ്യ. എന്‍റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും ശരിയായിരിക്കണം എന്നൊരു വീക്ഷണം ദാരിദ്ര്യത്തിന്‍റെ കാര്യത്തില്‍ ഇല്ല. ഭൌതികമായ ദാരിദ്ര്യം ആഘോഷിക്കാതെ വയ്യ, കാരണം പ്രപഞ്ചം മുഴുവന്‍ അപ്പോഴാണ്‌ നമ്മുടെതാകുന്നത്; ആത്മീയ ദാരിദ്ര്യവും കൊണ്ടാടാതെ വയ്യ, അപ്പോഴാണ്‌ സ്വാതന്ത്ര്യവും രൂപാന്തരീകരണവും നമ്മില്‍ സംഭവിക്കുന്നത്‌. ദാരിദ്ര്യം എങ്ങിനെ അഭിലഷണിയം അല്ലാതാവും?

    ReplyDelete
  3. ഒരു നിലപാടിന്റെ പേരാണ് ദാരിദ്ര്യം. അതിലേക്ക് നയിക്കുന്നത് ചില കണ്ടെത്തലുകളും. ഉള്ളിലെ ദൈവാംശമാണ് ആ കണ്ടെത്തൽ. ഒരുവൻ വയലിൽ കണ്ടെത്തുന്ന നിധി എന്ന സൂചന അതു തന്നെയാണല്ലോ. ആ നിധി കണ്ടെത്തിയവന് മറ്റെല്ലാം അപ്രസക്തമാണ്. പിന്നീട്, അവനെ നയിക്കുന്നത്, തുറന്നിട്ടൊരു ജാലകം, വായിക്കാനൊരു പുസ്തകം, സ്നേഹിക്കുന്നൊരാളുടെ കരങ്ങൾ എന്നിങ്ങനെ ചില ലളിതമായ Requirements ആണ്. അതിനെ വേണമെങ്കിൽ ദാരിദ്ര്യം എന്നു വിളിക്കാവുന്നതേയുള്ളൂ. അതെ, ബാക്കിയുള്ളതൊന്നും തന്റെ നിലനിൽപ്പിനെ സാരമായി സഹായിക്കില്ല എന്നു തിരിച്ചറിഞ്ഞവന്റെ നിലപാടാണ് ദാരിദ്ര്യം.

    ReplyDelete
  4. "ഉള്‍ക്കാഴ്ച ഒരു സത്യമാണ്, പക്ഷേ ജ്ഞാനംകൊണ്ടു അതിനെ പഠിക്കുക എളുപ്പമല്ല. അനുഭവം കൊണ്ടാണ് അത് തിരിച്ചറിയേണ്ടത്”.
    എന്താണ് ഉൾക്കാഴ്ച , ജ്ഞാനം , അനുഭവം ? ഉൾക്കാഴ്ചയും അനുഭവങ്ങളുമാണ് ജ്ഞാനത്തിലേക്ക് നയിക്കുന്നത് . അറിവിനെയും അതിശയിക്കുന്ന എന്തോ ഒന്നാണത് എന്നാണ് എന്റെ “അനുഭവം". ഞാൻ ഇത്രയും ചിന്തിച്ചപ്പോൾ തന്നെ മറ്റപ്പള്ളി സാർ പറഞ്ഞ കാര്യങ്ങൾ പൂർത്തിയായിരിക്കുന്നു; അനുഭവമാണ്‌ പ്രധാനം.

    ReplyDelete
  5. "എന്‍റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും ശരിയായിരിക്കണം എന്നൊരു വീക്ഷണം ദാരിദ്ര്യത്തിന്‍റെ കാര്യത്തില്‍ ഇല്ല."

    ഈ വാക്യത്തെ തെല്ലൊന്ന് മാറ്റിക്കുറിക്കട്ടെ: എന്‍റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും ശരിയായിരിക്കണം എന്നൊരു വീക്ഷണം ആത്മാവിൽ ദരിദ്രരായവർക്ക് സാദ്ധ്യമല്ല. ഈ വീക്ഷണത്തിലേയ്ക്കു സഭ തിരിച്ചെത്തണം എന്നാണു പോപ്‌ ഫ്രാൻസിസ് ആഗ്രഹിക്കുന്നത്. വെളിപ്പെടുത്തപ്പെട്ട സത്യം മുഴുവൻ കത്തോ. സഭയുടെ ഭണ്‍ഡാരത്തിലാണെന്നുള്ള പിടിവാശി മുതൽ ഒരു നിരീശ്വരവാദിയേയോ സ്വവർഗാനുരാഗിയേയോ വിധിക്കുന്നതുവരെയുള്ള സഭയുടെ തഴക്കങ്ങളിൽ ഒരു കഥയുമില്ലെന്ന എളിമയോടെയുള്ള തിരിച്ചറിവാണ് ദാരിദ്ര്യത്തിന്റെ സുവിശേഷം എന്നാണ് അദ്ദേഹം പറഞ്ഞു തരുന്നത്. "ഞാനും നിന്നെ വിധിക്കുന്നില്ല" എന്നല്ലേ എല്ലാമറിഞ്ഞവൻ പോലും ഒരു പാപിനിയോടു പറഞ്ഞത്. സുവിശേഷകർത്താവും നമ്മൾ വായനക്കാരും അവളെ പാപിനിയെന്നു മുദ്രകുത്തുംപോഴും ക്രിസ്തുവത് ചെയ്യുന്നില്ല എന്നോർക്കണം. ഈയിടെ കർദിനാൾ ആലഞ്ചേരി പാവപ്പെട്ടവർക്ക് ദാനം ചെയ്യുന്ന പടം പത്രങ്ങളിൽ കണ്ടു. ചിലർ തങ്ങളേക്കാൾ പാവപ്പെട്ടവരും തങ്ങളുടെ ഔദാര്യം അർഹിക്കുന്നവരുമാണെന്ന ആ ഭാവം തന്നെ സഭയുടെ ദാരിദ്യാരൂപിയുടെ നിരാകരണമല്ലേ? ദാരിദ്ര്യത്തിന്റെ പൊള്ളലിനു സ്വയം വിധേയപ്പെടാത്ത ഒരാളും ദരിദ്രന്റെ ആകുലതയിൽ പങ്കുചേരുന്നില്ല.

    ആഡംഭരങ്ങൾ ആന്തരിക ശൂന്യതയുടെ സാക്ഷ്യപ്പെടുത്തലാണ്. അതുകൊണ്ടാണ് മനസ്സാക്ഷിയുണ്ടെങ്കിൽ, മെത്രാന്മാർ മുന്തിയ കാറുകളും വിലകൂടിയ അങ്കികളും ഉപേക്ഷിക്കണമെന്ന് പോപ്‌ ഉപദേശിക്കുന്നത്. സുബുദ്ധിയുണ്ടെങ്കിൽ ഇന്ത്യയിലെ സഭ ഈ ഉപദേശം മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കണം. ദരിദ്രരുടെ ഈ നാട്ടിൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും സ്വാശ്രയ മെഡിക്കൽ കോളേജുകൾ നടത്തുന്നതും മുതലാളിപ്പിള്ളേർക്കുള്ള സ്കൂളുകൾ നടത്തുന്നതും തങ്ങൾ ധനികരാണെന്നുള്ളതിന്റെ വിളംബരമാണ്; സുവിശേഷാദർശങ്ങളനുസരിച്ച് അത് അധാർമ്മികമാണ്. വെറും ഭൌതിക തലത്തിൽ പോലുമുള്ളവർ ഓരോന്ന് ചെയ്യുമ്പോൾ ഇതുകൊണ്ട് എത്ര ദരിദ്രർക്ക് പ്രയോജനമുണ്ട് എന്ന് സ്വയം ചോദിക്കണമെന്നായിരുന്നു ഗാന്ധിജി ഉത്ബോധിപ്പിച്ചുകൊണ്ടിരുന്നത്. അപ്പോൾ പിന്നെ ക്രിസ്തുവിന്റെ ശരീരമെന്നു വിശേഷിക്കപ്പെടുന്ന സഭയുടെ കാര്യത്തിലോ?

    ReplyDelete
  6. പ്രകാശം,വായു,ഭൂമി,ജലം എന്നിവയിൽ നിന്ന് ശരീരത്തിലെ ഊര്ജ്ജ കേന്ദ്രങ്ങളായ ചക്രകളിലൂടെ ഊർജ്ജം സ്വീകരിയ്ക്കനാവും. ശരീരം ശുദ്ധവും ഉയർന്ന ഊർജ്ജനിലയിൽ ഉള്ളതും ആണെങ്കിൽ സ്ഥൂലഭക്ഷണം വളരെ കുറച്ചുമാത്രമേ ആവശ്യമായി വരികയുള്ളൂ. പക്ഷെ ചക്ര എന്ന വാക്ക് അതേപടി ബൈബിളിൽ ഇല്ല .(ചക്ര ,യോഗ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ശാലോം ഫാൻസിനു പ്രശ്നമാവും) മത്തായി 4:4 ഇൽ വചനം എന്ന് പറയുന്നതിനെ ബൈബിൾ വായനയായിട്ടാണ് പുരോഹിതർ പഠിപ്പിക്കുന്നത്‌ .
    ശരീരവും,ആത്മാവും,കർമ്മങ്ങളും,ജനിതക ഘടകങ്ങളും ,ചുറ്റുപാടുകളും ചേർന്ന സംവിധാനമാണ്‌ മനുഷ്യജീവിതം.സ്വയംപീഡനം ചെയ്യുന്ന സന്ന്യാസ സഭാവിഭാഗങ്ങൾ ഇപ്പോഴും ഉണ്ടെന്നും കേൾക്കുന്നു.അത്തരം ചെയ്തികൾ എല്ലാം കർമ്മവുമായി ബന്ധപ്പെട്ടതാവാം.
    ഭൂതവും,ഭാവിയും പ്രവചിച്ചു ജനങ്ങളെ അടിമകളാക്കുന്ന കൌണ്‍സിലിങ്ങിൽ ഉൾക്കാഴ്ചയില്ല,അതിനായി മറ്റൊരാളെ ആശ്രയിക്കെണ്ടതായ കാര്യവുമില്ല.
    (അവർക്കു നിർദ്ദേശങ്ങൾ കിട്ടുന്നുണ്ട്‌ , വളരെ സങ്കുചിതമായ,ഇടുങ്ങിയ കാര്യങ്ങൾ .യേശുവും പരിശുദ്ധആത്മാവും അത്ര തരംതാഴാൻ വഴിയില്ല,അപ്പോൾ അവ എവിടെ നിന്ന് കിട്ടുന്നു എന്ന ചോദ്യവുമുണ്ട്)
    ലാളിത്യം അഭിലഷണീയമാണ് .ദാരിദ്ര്യമെന്നതു അതിൽത്തന്നെ അഭിലഷണീയമല്ലെന്നു നമ്മൾ എടുത്തുപറയേണ്ടതുണ്ടോ? സാക്ക്ജിയോട് പൂർണ്ണമായി യോജിക്കുന്നു .

    വിശുദ്ധ ഫ്രാൻസിസ് ദാരിദ്ര്യം വരിച്ചത്‌ കൊണ്ട് മറ്റപ്പള്ളിസാർ അത് അനുകരിയ്ക്കേണ്ട ആവശ്യമുണ്ടോ? അവനവൻ ആയിരിക്കുക എന്നതല്ലേ ഓരോരുത്തരുടെയും കടമ . ബെർണാർദു പുണ്യവാളന്റെ ജപം ബെർണാർദു പുണ്യാളൻ തന്നെ ചൊല്ലട്ടെ. സിസ്റ്റെർ ഫൌസ്ടീനയ്ക്ക് നിർദ്ദേശങ്ങൾ കിട്ടിയെങ്കിൽ അവർ മാത്രം അങ്ങനെ പ്രാർത്ഥിയ്ക്കട്ടെ. ദാരിദ്ര്യം ആഘോഷിക്കുന്നത് മറന്നു ലാളിത്യമാവട്ടെ ലക്ഷ്യം . അതല്ലേ സാർ അതിന്റെ ശരി .

    ReplyDelete
  7. ത്രസ്യാ മനയത്ത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ് ഉന്നയിച്ചിരിക്കുന്നത്. അനുകമ്പ എന്നത് എനിക്കുണ്ട്, അപരനില്ല എന്ന ചിന്തയെയാണ് സൂചിപ്പിക്കുന്നത്. സൃഷ്ടിയില്‍ കര്‍ത്താവിന് ചെറിയ ഒരബദ്ധം പറ്റി, അതിന് എന്റേതായ ഒരു നഷ്ടപരിഹാര വിഹിതം എന്ന നിലയിലാണ് അനുകമ്പയില്‍ നിന്ന് സഹായം പ്രവഹിക്കുന്നത്. അത് തെറ്റാണ്. നമുക്ക് വേണ്ടത് സഹാനുഭാവം (compassion) ആണ്. ഇവിടുത്തെ പോരായ്മകളും ഉല്ലായ്മകലുമെല്ലാം എന്‍റെ തന്നെ ഭാഗമാണെന്നുള്ള ചിന്തയോടുകൂടിയുള്ള പ്രവൃത്തികളാണ് അവിടെ സംഭവിക്കുന്നത്‌. ഞാന്‍ അറിയുന്നവനും അപരന്‍ അജ്ഞന്‍ ആണെന്നുമുള്ള ചിന്തയും സൃസ്ടാവിന്‍റെ പദ്ധതിയെ ചോദ്യം ചെയ്യുന്ന ചിന്തയാണ്. ഒരു പരിധി വരെ, വചനം എന്ന് പറയുന്നതിനെ ബൈബിള്‍ വാക്യങ്ങളായി ചിത്രീകരിച്ചതിന്റെ ഫലമാണിത്. ആദിയില്‍ വചനം ഉണ്ടായിരുന്നു, പക്ഷേ ബൈബിള്‍ ഉണ്ടായിരുന്നില്ലായെന്നു നാം ഓര്‍ക്കുന്നില്ല.
    സൂഷ്മോര്‍ജ്ജം, ചക്രാകള്‍ എന്നിങ്ങനുള്ള പദങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഹാലിളകും. തലമുടി നാരിന്‍റെ ആയിരത്തിലൊന്ന് പോലും വണ്ണമില്ലാത്ത ദശ ലക്ഷക്കണക്കിന്‌ ഊര്‍ജ്ജ വാഹിനികളായ നാഡികള്‍ ശരീരത്തിലുണ്ട്. അവ കെന്ദ്രീകരിച്ചിരിക്കുന്ന ചില സ്ഥാനങ്ങളാണ് ചക്രാകള്‍. ജ്ഞാനചക്രാ (ഗുരു ചക്രാ) ജ്ഞാനത്തെയും ഉള്ക്കാഴ്ചയെയും ഉത്തേജിപ്പിക്കുന്നു. അതിനെ ഉത്തേജിപ്പിക്കുന്ന സ്ഥാനങ്ങളില്‍ (triggering point) മുഖ്യമാണ് നെറ്റിയില്‍ പുരികങ്ങള്‍ക്കിടയിലുള്ള ഭാഗം. പലപ്പോഴും മറന്ന ഒരു കാര്യം ഓര്‍മ്മിക്കാനുള്ള ശ്രമത്തില്‍ പുരികത്തിനു മുകളില്‍ വിരല്‍ കൊണ്ട് അറിയാതെ ചൊറിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഞാനാണ് അനൂപെന്ന് പത്തുപേരുടെ ഇടയില്‍ നിന്ന് അനൂപ്‌ പറയുമ്പോള്‍ നെഞ്ചിന്‍റെ മദ്ധ്യത്തില്‍ അറിയാതെ കൈ വെയ്ക്കുന്നത് ഹൃദയ ചക്ര അസ്ഥിത്വത്തിന്റെ മദ്ധ്യഭാഗത്തായതുകൊണ്ടാണ്. ശാലോം കാറ് അല്ലെന്നു പറഞ്ഞാലും ഇത്തരം നിരവധി പ്രവൃത്തികള്‍ അബോധതലത്തില്‍ നിന്ന് കൊണ്ട് നമ്മെ നിയന്ത്രിക്കുന്നുണ്ട്. ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും പറയാം. നാഡി കേന്ദ്രങ്ങളെ ഉത്തെജിപ്പിച്ചുകൊണ്ട് രോഗ നിവാരണം നടത്തുന്ന രീതികളാണ് അക്കുപ്രഷറും, അക്കു പങ്ങ്ച്ചറുമൊക്കെ. അത് സാത്താന്‍റെ തന്ത്രങ്ങളാണെന്നു പറയുന്നവരോട് ദൈവം പൊറുക്കുമെന്നു എനിക്ക് തോന്നുന്നില്ല.
    അനൂപ്‌ പറഞ്ഞ മറ്റൊരു കാര്യം ഉള്‍ക്കാഴ്ച്ച എല്ലാവര്ക്കും ഉണ്ടെന്നതാണ്. അക്ഷരം പ്രതി ശരിയാണത്. പ്രപഞ്ചത്തിലെ സര്‍വ്വ സൃഷ്ടികളുമായി സൃഷ്ടാവിന് ഒരു ആശയ വിനിമയ സംവിധാനം ഉണ്ട്. അത് തിരിച്ചറിയുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ബാക്കിയെല്ലാം വഴിയെ വരും.
    ലാളിത്യം അഭിലഷണീയം, തര്‍ക്കമില്ല. ദാരിദ്ര്യത്തിന്റെ കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം. എന്നെ സംബന്ധിച്ചിടത്തോളം ശരീരത്തിലും ആത്മാവിലുമുള്ള ദാരിദ്ര്യം അഭിലഷണീയമാണ്. അതിനോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ദാരിദ്ര്യം ലാളിത്വത്തിന്റെ ഭാഗവും, ലാളിത്വം ദാരിദ്ര്യത്തിന്റെ ഭാഗവുമാണ്.
    നാം ഇവിടെ ആയിരിക്കുന്നത് നമുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള, അല്ലെങ്കില്‍ നാം തിരഞ്ഞെടുത്തിരിക്കുന്ന ദൌത്യം പൂര്‍ത്തിയാക്കാനാണ്. അതിനു വി. ഫ്രാന്സിസിനെയോ ബെര്നാര്‍ദിനെയോ അനുകരിക്കേണ്ട കാര്യമില്ല. ഞാന്‍ ഞാനാണ്, എനിക്ക് മറ്റൊരാള്‍ ആവാന്‍ സാധിക്കില്ല. കരിമ്പിനുള്ള വളം കാരസ്കരത്തിനിട്ടാല്‍ അത്രയും വളം തടിക്കു കിട്ടും, പക്ഷേ ഗുണം ഒരു ഡിഗ്രി പോലും മാറില്ല.

    ReplyDelete
    Replies
    1. നമ്മുടെ ആഴങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളായ സൂക്ഷ്മോർജ്ജം. അത് ചാരാചരങ്ങളിലേയ്ക്ക് പ്രവഹിക്കുന്ന രീതികൾ തുടങ്ങിയവയിൽ ശ്രീ ജോസഫ്ജി ഏതാണ്ടൊക്കെ അറിയുന്നയാളാണെന്നു കരുതി പറയുകയാണ്‌, ഇടക്കൊക്കെ അതിനെപ്പറ്റി എഴുതണം. ഉദാഹരണത്തിന് റിഫ്ലെക്സ് വഴി നമ്മുടെ കൈ തലയുടെ ചില ഭാഗങ്ങൾ ചൊറിയുന്നതും മറ്റവയവങ്ങളും അതുപോലെ ചില ഭാഗങ്ങളിൽ സമ്മർദ്ദങ്ങൾ ചെലുത്തുന്നതുമൊക്കെ ചില കേന്ദ്രങ്ങളെ ഉത്തേജിത്തേജിപ്പിക്കാനാണ്. ഇവയുടെ സൂക്ഷ്മ പഠനങ്ങളിൽ നിന്നാണ് ചൈനാക്കാരും മറ്റും പല ചികിത്സാവിദ്യകളും കണ്ടെത്തിയിട്ടുള്ളത്. ചിന്ത മുറുകുമ്പോൾ വിരലുകൾ കോർത്തുപിടിച്ച മുഷ്ടിയിലേയ്ക്ക് നെറ്റിയമർത്തുന്നത് ഏവര്ക്കും സ്വയം നിരീക്ഷിക്കാവുന്നതാണല്ലോ. അതൊരു വിഷയം.
      വേറൊന്ന്, ആത്മാവിന്റെ തലത്തിലുള്ളതാണ്. സ്വയം പവിത്രീകരിക്കുക എന്നത് നിരന്തരം നടത്തേണ്ട ഒരു വ്യായാമമാണ്. സ്വയം സുതാര്യമാക്കിക്കൊണ്ടിരിക്കുക എന്നതാണ് പ്രകാശത്തെ സ്വീകരിക്കാനുള്ള വഴി. അഹത്തെ ബാധിക്കുന്നതെല്ലാം അഴുക്കാണ്. അവയെ കണ്ടെത്താൻ ധ്യാനമാണ് സഹായിക്കുന്നത്. ധ്യാനം സൂക്ഷ്മോർജ്ജത്തെ ആവാഹിക്കാനുള്ള വഴിയായിത്തീരുന്നത് (a cleansing process) അങ്ങനെയാണ്. അതാര്യതയെന്താണെന്ന് മനസ്സിലായാൽ ഇതും മനസ്സിലാകും. ഒരു വസ്തുവിന്മേൽ പതിക്കുന്ന പ്രകാശം (ഊര്ജ്ജം) അതിനുള്ളിൽ കൂടി കടന്നുപോകാനാവാതെ പുറത്തേയ്ക്ക് തന്നെ പ്രതിഫലിക്കുന്നതിനാണ് അതാര്യതയെന്നു പറയുന്നത്. നമ്മുടെ ശരീരവും ഉള്ളും എത്ര സുതാര്യമാകുന്നുവോ, അത്രയും മാത്രം സൂക്ഷ്മോർജ്ജമേ നമ്മിലേയ്ക്ക് പ്രവഹിക്കുകയുള്ളൂ. മനുഷ്യർ കഠിനഹൃദയരാകുന്നത് ഇതിന്റെ മറ്റേയറ്റമാണ്.

      Delete
    2. "നമ്മുടെ ശരീരവും ഉള്ളും എത്ര സുതാര്യമാകുന്നുവോ, അത്രയും മാത്രം സൂക്ഷ്മോർജ്ജമേ നമ്മിലേയ്ക്ക് പ്രവഹിക്കുകയുള്ളൂ. മനുഷ്യർ കഠിനഹൃദയരാകുന്നത് ഇതിന്റെ മറ്റേയറ്റമാണ്'' എന്നു വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം പ്രകടിപ്പിക്കുകയാണ് : ഒരു വസ്തുവില്‍ പതിക്കുന്ന പ്രകാശരശ്മികളില്‍ വസ്തു ആഗിരണനം ചെയ്യുന്ന രശ്മികളല്ല (നാം കാണുന്ന നിറമല്ല) യഥാര്‍ഥത്തില്‍ നമ്മുടെ കണ്ണുകളില്‍ പതിക്കുന്നതെന്നും , കണ്ണില്‍ പതിക്കുന്നത് തലതിരിഞ്ഞ പ്രതിരൂപമാണ് എന്നുമുള്ള ശാസ്ത്രീയ വസ്തുത വച്ചു നോക്കുമ്പോള്‍ നാം കാണുന്നതല്ല യഥാര്‍ഥവസ്തുവെന്നു സമ്മതിക്കേണ്ടി വരില്ലേ?

      Delete

    3. കാഴ്ച്ചയുടെ പൊരുൾ എന്നൊരു ലേഖനത്തിൽ ഈ സംശയനിവാരണത്തിനുള്ള വിശദീകരണങ്ങൾ ഉണ്ട്. ദയവായി സന്ദർശിക്കുക: http://znperingulam.blogspot.in/2010/08/blog-post_17.html

      Delete
    4. ചര്‍ച്ച വേറൊരു ദിശയിലേക്കു പോകുന്നു. ശ്രി. ജോസ് ആന്റണി വേറൊരു സമസ്യയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളും നമ്മെ കബളിപ്പിച്ചുകൊണ്ടെയിരിക്കുന്നു. അതാണ്‌ സത്യം. നാം കാണുന്നതൊന്നും അതുപോലെ യഥാര്‍ത്തമല്ല. നാം കാണുന്നതുപോലെ സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നുമില്ല, നാം കേള്‍ക്കുന്നതാവട്ടെ ശബ്ദത്തിന്‍റെ ഒരംശം മാത്രവുമാണ്. ഇക്കാര്യം ശ്രി. സാക്ക് മുമ്പൊരു ലേഖനത്തിലൂടെ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. ഞാന്‍ അതിലേക്ക് കടക്കുന്നില്ല.
      സൂഷ്മോര്‍ജ്ജത്തെപ്പറ്റിയും അത് നമ്മില്‍ പ്രവര്‍ത്തിക്കുന്ന രീതികളെപ്പറ്റിയും നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള പലതും അതിന്‍റെ ഒരഗ്രം മാത്രം പഠിച്ചിട്ട് എഴുതപ്പെട്ടവയാണെന്നു പൊതുവേ പറയാം. ഒരിക്കല്‍ ബാര്‍ബര ആന്‍ ബ്രണ്ണന്‍ എഴുതിയ ഹാന്‍ഡ്സ് ഓഫ് ലൈറ്റ് എന്ന ബ്രഹത് ഗ്രന്ഥം വായിക്കാനിടയായി. അവര്‍ തന്നെ പറയുന്നു ഇതിന്‍റെ തുടര്‍ ഭാഗം ഞാന്‍ വീണ്ടും എഴുതുമെന്ന്. അത്രമാത്രം കടല്‍പോലെ പോലെ ആഴവും പരപ്പുമുള്ള ഒരു ശാശ്ത്രം തന്നെയാണ് പ്രകാശത്തിന്‍റെ ശാസ്ത്രം. ആ ശാസ്ത്രത്തിലൂടെ നോക്കിയാല്‍ അടയാളങ്ങളുടെ യുക്തിയും കാണാം.
      ആദ്യകാല മിസ്ടിക്കുകള്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു. അവര്‍ക്ക് കുരിശ് ഒരു മാസ്ടര്‍ സിംബലുമായിരുന്നു. ഇങ്ങു വന്നപ്പോള്‍ ഉള്കാഴ്ച്ചയില്ലാത്തവര്‍ മാത്രമായി, കുരിശ് യേശുവിനെ കൊല്ലാനുപയോഗിച്ച ഒരുപകരണമായി അധ:പ്പതിക്കുകയും ചെയ്തു.
      ഒരു കാര്യം കൂടി പറഞ്ഞോട്ടെ, എനിക്കറിയാവുന്നവ പങ്കു വെയ്ക്കാന്‍ സന്തോഷമേയുള്ളൂ, അതു വളരെ പരിമിതമാണെന്നു പറയാതെ വയ്യ. അത്മായാ ശബ്ദത്തിന്റെ സാധ്യതക്ക് പുറത്തുള്ള ഒരു വിഷയമാണെന്നത് മറ്റൊരു വസ്തുത, അതുപോലെ സുപ്രധാനമായ മറ്റൊരു കാര്യം അറിവിലൂടെ യാതൊന്നും നാം നേടുന്നില്ലായെന്നതാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഈ അറിവ് ഒരു ഭാരമായി തീരുകയും ചെയ്യും. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന സാധ്യതകളെല്ലാം ദൈവത്തിന്റെ ദാനമായി കാണുമ്പോള്‍ നമ്മിലെ സുതാര്യത വര്‍ദ്ധിക്കും. അത് പോരെ?
      ഞാന്‍ യേശുവിനെ ഗുരുവായി എന്‍റെ ഹൃദയത്തില്‍ കുടിയിരുത്തിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ചില അറിവുകള്‍ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത് ശരിയാണോയെന്ന് എനിക്ക് സംശയം ഉണ്ടായിട്ടുണ്ട്. ശരിയല്ലെങ്കില്‍ എന്‍റെ ഗുരു അതിനെന്നെ അനുവദിക്കില്ലായെന്നു ഉറച്ചു വിശ്വസിച്ചുകൊണ്ടു ഞാന്‍ മുന്നോട്ടു പോയി. എന്‍റെ ഗുരു എനിക്ക് സത്യം കൂടുതല്‍ വെണ്മയോടെ കാണിച്ചു തരുകയായിരുന്നു ചെയ്തത്. ഹോളിസ്ടിക് ചികിത്സാ സമ്പ്രദായങ്ങളുടെ നേരെ ശാലോം കത്തി നിന്ന ഒരവസരത്തില്‍ ഞാന്‍ നയിച്ച ഒരു റെയിക്കി സെമിനാറില്‍ ഒരു ധ്യാന പ്രസംഗകനായ അച്ചന്‍ പങ്കെടുക്കുകയുണ്ടായി. അടുത്ത സെമിനാറിലും അദ്ദേഹം പങ്കെടുത്തു. ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു അഭിപ്രായമുണ്ട്. അതൊരിക്കലും എനിക്ക് മറക്കാന്‍ ആവില്ല. 'റെയ്ക്കിയെന്താണെന്ന് മനസ്സിലാക്കി അത് ശരിയല്ലെന്ന് ആധികാരികമായി മറ്റുള്ളവരോട് പറയാനാണ് ഞാന്‍ ഇവിടെ വന്നത്. പക്ഷേ, ഞങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളുടെയും അര്‍ഥം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്‌." ഇതാണ് അദ്ദേഹം പറഞ്ഞത്.
      നമുക്ക് അറിവില്ലാത്തതെല്ലാം തെറ്റാണ് എന്ന് പറയുന്ന വ്രവണതയാണ് മാറേണ്ടത്.
      സാക് പറഞ്ഞ ധ്യാനവും ജിജോ ഉദ്ദേശിച്ച സുതാര്യതയുമെല്ലാം നമ്മെ മാലിന്യ വിമുക്തരാക്കും. അപ്പോള്‍ സ്നേഹത്തിന്‍റെ ശ്രോതസ്സായ ആദി ചൈതന്യവുമായി നമുക്ക് ബന്ധപ്പെടാന്‍ കഴിയും. പ്ലഗ്ഗില്‍ ബന്ധിപ്പിച്ച വയറിലൂടെയെന്നപോലെ ഊര്‍ജ്ജം നമ്മിലൂടെ പ്രവഹിക്കാന്‍ സുതാര്യത സൃഷ്ടിക്കുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. അതിനു ഒരു പ്രത്യേക മാര്‍ഗ്ഗം മാത്രമല്ല ഉള്ളത്. ബാക്കി ചെയ്യേണ്ടത് നാമല്ല, ഊര്‍ജ്ജമാണ്. ഊര്‍ജ്ജത്തിനറിയാം എന്ത് എവിടെ എങ്ങിനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന്. പ്രപഞ്ചം പ്രദര്‍ശിപ്പിക്കുന്ന ഈ 'appropriateness' മറ്റൊരു ശക്തിക്കും നല്‍കാനാവില്ല. ആ തത്ത്വം ആണ് 'സംഭവാമി യുഗേ യുഗേ' എന്ന് പറയുമ്പോഴും സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് പറയുംപോഴുമൊക്കെ നാം ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ നമുക്ക് സത്യത്തിലേക്ക് പോകാനാവില്ല; സത്യം നമ്മളെ കൊണ്ടുപോവുകയാണ്‌ ചെയ്യുന്നത്.

      Delete
  8. കാരിസ്മാറ്റിക് ധ്യാനങ്ങളിൽ കൗൻസെലിങ്ങ് നടത്തുന്നവർ ഏതരൂപിയിൽ നിന്നാണ് ദർശനം കൈക്കൊള്ളുന്നത് എന്ന് ആരെങ്കിലും തിരക്കാറുണ്ടോ? നമ്മുടെ വിഷയവുമായി ബന്ധമുള്ളതല്ലെങ്കിലും അനൂപ്‌ അക്കാര്യം സൂചിപ്പിച്ചതുകൊണ്ട് ഒരുദാഹരണം കുറിക്കുന്നുവെന്നെയുള്ളൂ. അവർ ചെയ്യുന്ന ദ്രോഹങ്ങൾക്ക് കണക്കില്ല. ഒരു തൃശൂർകാരൻ കേരളത്തിനു വെളിയിൽ പലയിടങ്ങളിലായി ചെന്ന് കച്ചവടം നടത്തി കുടുംബം പുലർത്തിയിരുന്നു. അയാളുടെ ഭാര്യയോട് ഒരു കൌണ്‍സിലർ താക്കീതു ചെയ്തു, ഭർത്താവിന് വഴിപിഴക്കുന്നുണ്ട്, പലേടത്തും പെണ്‍ബന്ധങ്ങളുണ്ട്, കാശൊക്കെ വീതിച്ചു പോകുന്നുണ്ട് എന്നൊക്കെ. അവൾ അത് വിശ്വസിച്ച് ആ പാവം നല്ല മനുഷ്യനെ അടിച്ചു പുറത്താക്കി. എനിക്കറിയാവുന്ന ഒരു സന്യാസിയുടെ കൂടെ ചേർന്ന്, ദേഹവും ദേഹിയും നൊന്താണ് അയാൾ മരിച്ചത്.
    മനുഷ്യന് ദൈവം ബുദ്ധികൊടുത്തിട്ടുണ്ട്. അത് ശരിയാംവണ്ണം ഉപയോഗിച്ചാൽ മതി. അനുകരണം ബുദ്ധിയില്ലാത്തവർക്കുള്ള എളുപ്പവഴിയാണ്. ഫാത്തിമയിൽ ഒരു പെണ്‍കുട്ടിക്ക് മാതാവ് കൊടുത്ത ദർശനം എഴുതി കുറേക്കാലം പൂട്ടി ഭദ്രമായി വച്ചശേഷം തുറന്നപ്പോൾ അതിനർഥം ആര്ക്കും മനസ്സിലായില്ല. അതുകൊണ്ട് ജോണ്‍ പോൾ രണ്ടാമന് വെടിയേറ്റതിനെപ്പറ്റി ആയിരുന്നു അത് എന്ന് വ്യാഖ്യാനിച്ച് എത്രയോ പേരും അദ്ദേഹവും സായൂജ്യം കൊണ്ടു! ഇത്തരം പ്രവചനങ്ങൾ വിഡ്ഢികളെയല്ലേ സൃഷ്ടിക്കുന്നത്. ഇടയ്ക്കിടയ്ക്ക് സന്ദേശങ്ങൾ കൊണ്ടുവരുന്ന പോസ്റ്റ്‌മിസ്ട്രെസ്സ് അല്ല മേരി എന്ന് ഒരു പോപ്‌ പറഞ്ഞാലേ മനുഷ്യന് തിരിയുകയുള്ളോ?

    ReplyDelete
    Replies
    1. അദ്ധ്യാപകര്‍ പല തരം ഉണ്ട്. ആദ്യത്തെ വിഭാഗം പറയും അറിയുന്നവനായി എന്നെ സൃഷ്ടിച്ചു, അറിയാത്തവരായി നിങ്ങളെയും എന്ന് കരുതുന്നു. രണ്ടാം വിഭാഗത്തിലുള്ളവര്‍ നോക്കുമ്പോള്‍ സഹായിക്കാന്‍ കെല്‍പ്പുള്ളവരും സഹായം ആവശ്യമുള്ളവരുമായി രണ്ടു വിഭാഗങ്ങളെ ദൈവം സൃഷ്ടിച്ചുവെന്ന് കരുതുന്നു. കാണും. അടുത്ത വിഭാഗം ഞാന്‍ പറഞ്ഞു കൊടുത്താലേ അപരന്‍ നന്നാകൂ, ലോകത്തിന്റെ വളര്‍ച്ച എന്‍റെ ചുമലിലാണല്ലോയെന്നു കരുതും. ഇത് മൂന്നും തെറ്റാണ്. എല്ലാവരെയും അവര്‍ക്കാവശ്യമുള്ള പൂര്‍ണ്ണതയിലാണ് ദൈവം സൃഷ്ടിച്ചതെന്നുള്ള മനസ്സിലാക്കലാണ് ആവശ്യം വേണ്ടത്. അറിവ് ആര്ജ്ജിക്കുക അത് മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുക, ഇത്രയും മാത്രമേ ഒരാള്‍ ചെയ്യേണ്ടതുള്ളൂ. അറിവ് വാക്കുകളിലൂടെയല്ല ഏറ്റവും ഫലപ്രദമായി കൈമാറപ്പെടെണ്ടത്. പണ്ടത്തെ ഗുരുകുലങ്ങളില്‍ ഓറല്‍ ട്രെയിനിംഗ് ഒരു നിര്‍ബന്ധ സെഷന്‍ ആയിരുന്നില്ല. ഗുരുവിന്‍റെ സാമിപ്യവും ഗുരുവിന്റെ ഇശ്ചയും ആയിരുന്നു പ്രധാനം. അതിലൂടെയാണ് ഒരു ശിക്ഷ്യന്‍ ജ്ഞാനം ആര്ജ്ജിചിരുന്നത്.
      എന്തായാലും ഒരു പ്രശ്നം കേട്ടിട്ട്, ഒരല്പ്പ നേരം കാത്തിരിക്കൂ ഞാന്‍ കര്‍ത്താവിനോടു ഒന്ന് ചോദിക്കട്ടെ എന്ന് മറുപടി പറയുകയും അങ്ങിനെ തന്നെ ചെയ്യുകയും ചെയ്യാന്‍ ബോധമുള്ള കൌന്സിലര്മാര്‍ നമുക്കില്ല. അവര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. സാക് പറഞ്ഞത് വളരെ ചെറിയ ഒരു ദ്രോഹത്തിന്‍റെ കഥയാണ്.

      Delete