Translate

Monday, August 25, 2014

അവനെ ദഹിപ്പിക്കുക...

എന്ത് സാധനത്തിന് വില കൂടിയാലും കേരളിയര്‍ പ്രതിക്ഷേധിക്കും, വില കുറഞ്ഞാല്‍ ആഹ്ലാദിക്കുകയും ചെയ്യും. കാര്‍ഷിക വിളകളുടെ വിലയിടിക്കാന്‍ വന്‍കിട കച്ചവടക്കാര്‍ക്ക് കഴിയും, മനുഷ്യന്‍റെ വിലയിടിക്കാന്‍ പക്ഷെ, മാധ്യമങ്ങള്‍ക്കെ കഴിയൂ. ഏഷ്യാനെറ്റുകാര്‍ മെത്രാന്മാരുടെ വില ഒറ്റയടിക്കല്ലേ കുത്തനെ ഇടിച്ചത്. വന്ദ്യപിതാവേ, അഭിവന്ദ്യ പിതാവേ എന്നൊക്കെ വിളിച്ചായിരിക്കണം തൃശ്ശൂര്‍ മെത്രാനുമായുള്ള അഭിമുഖം അവര്‍ ഒപ്പിച്ചെടുത്തത്; കൈയ്യില്‍ കിട്ടിയപ്പോഴാകട്ടെ നല്ല പോലെ ഒന്നുരുട്ടി വിടുകയും ചെയ്തു. ഒരു പത്രക്കാരനും മെത്രാന്മാരെ സാധാരണ മനുഷ്യരെപ്പോലെ പരിഗണിക്കുകയോ ആ രീതിയില്‍ ചിന്തിക്കുകയോ പോലും ഇന്നേവരെ ചെയ്തിട്ടില്ല (വിശ്വാസികളെക്കാളും അവരെ അടുത്തറിയാവുന്നത് കൊണ്ടായിരിക്കണം). അഭിവന്ദ്യ പിതാവിനെ ‘താങ്കള്‍’ ‘താങ്കള്‍’, എന്ന് വീണ്ടും വീണ്ടും അഭിമുഖക്കാരന്‍ വിളിക്കുന്നത്‌ കേട്ടപ്പോള്‍ എന്‍റെ ഹൃദയം തകര്‍ന്നുപോയി. കള്ളനെയും ആഭാസനെയും ഇന്റര്‍വ്യു ചെയ്താലും ഇതേ പദമാണ് ഉപയോഗിക്കുന്നതെന്നോര്‍ക്കുമ്പോഴാണ് വിഷമം. ഇനി ഒരു മെത്രാന്‍ മരിക്കുമ്പോള്‍ ദിവംഗതനായി, കാലം ചെയ്തു എന്നൊക്കെ എഴുതുന്നതിനു പകരം, മെത്രാന്‍ ചത്തു, മരിച്ചു എന്നൊക്കെ ഇവര്‍ എഴുതുമോ ആവോ? കര്‍ത്താവ് പറഞ്ഞതുപോലെ ജീവിക്കേണ്ടതും ‘മരിക്കേ’ണ്ടതും അത്മായരാണല്ലോ.

ആ ഇന്റര്‍വ്യു ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. https://www.youtube.com/watch?v=w nCmv3XnpPI അഭിമുഖക്കാരനെ പറ്റിച്ചേ എന്ന രീതിയിലുള്ള മെത്രാന്‍റെ ഇരിപ്പും, ഇയാളെകൊണ്ട് എളുപ്പത്തില്‍ വിഡ്ഢിത്തരം പറയിപ്പിക്കാം എന്ന ഭാവത്തോടെയുള്ള ചോദ്യകര്‍ത്താവിന്‍റെ നോട്ടവും നേരിട്ട് കണ്ടാലേ മനസ്സിലാകൂ. ഹൃദയസ്പര്‍ശിയായ ചില കാര്യങ്ങള്‍ മെത്രാപ്പൊലീത്താ പറഞ്ഞു. ദൈവത്തെ സ്നേഹിക്കുന്നവനല്ലേ മനുഷ്യനെ സ്നേഹിക്കാനാവൂ എന്നദ്ദേഹം പറഞ്ഞത് എത്ര കരുതലോടെ ആയിരിക്കണം. ദൈവത്തെ സ്നേഹിക്കുകയെന്നാല്‍ കുര്‍ബാന ചൊല്ലുക, ദൈവജനത്തിന്‍റെ കൈയ്യില്‍ നിന്നും പണം വസ്സുലാക്കി തിരുകര്‍മ്മങ്ങള്‍ ചെയ്തുകൊടുക്കുക എന്നൊക്കെയായിരിക്കണം മെത്രാന്‍ ഉദ്ദേശിച്ചത്. ഇത് അത്മായന്‍ ചെയ്യുന്നില്ല, അപ്പോള്‍ ആരാണു മനുഷ്യനെ കൂടുതല്‍ സ്നേഹിക്കുന്നത് എന്നൊരു ചോദ്യം ഉണ്ടാവില്ലല്ലോ. കര്‍ത്താവ് പക്ഷെ, പറഞ്ഞത് അയല്‍വാസിയെ സ്നേഹിക്കുന്നവനാണ് കൂടുതല്‍ മാര്‍ക്ക് കിട്ടുന്നതെന്നാണ്. അത് പോട്ടെ, ഇതിന്‍റെയിടക്ക് കുരീപ്പുഴയില്‍ മെത്രാന്‍റെ സ്നേഹം കാരണം വീര്‍പ്പ് മുട്ടുന്നവരുടെ ഒന്നും കാര്യം ഞാനും എടുത്തിടുന്നില്ല. ഒരിടത്തെ കാര്യം പറഞ്ഞാല്‍ സര്‍വ്വ രൂപതകളില്‍നിന്നും അവരെ അവഗണിച്ചുവെന്ന് പറഞ്ഞു പരാതി വന്നു കൂടായ്കയുമില്ല.

കോളേജുകളില്‍ ഒക്കെ എഴുത്തുപരീക്ഷക്കും ഇന്റര്‍വ്യുവിനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കല്ലല്ലോ ജോലി ലഭിക്കാറെന്നു ചോദിച്ചപ്പോള്‍ സുഗമമായ പ്രവര്‍ത്തനത്തിന് വേറെ ഒരുപാട് കാര്യങ്ങള്‍ നോക്കേണ്ടതുണ്ട് അതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നദ്ദേഹം അസ്സന്ദിഗ്ദമായി പറഞ്ഞുകളഞ്ഞു. ഉദ്ദേശിച്ചത് കോളേജിന്‍റെ പ്രവര്‍ത്തനം അല്ലെന്ന് ഇന്റര്‍വ്യു ചെയ്തയാള്‍ക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. മെത്രാന് 4 റണ്സ് കൊടുക്കാം. ഒരു ബൌണ്ടറിക്ക് അതില്‍ കൂടുതല്‍ ആരും കൊടുക്കില്ല. കാലിക്കറ്റ് യൂണിവെഴ്സിറ്റി സിണ്ടിക്കേറ്റില്‍ ഒറ്റ ക്രിസ്ത്യാനി പോലുമില്ലെന്ന സങ്കടം അദ്ദേഹം ഒരു മറയുമില്ലാതെ പങ്കുവെച്ചു (മറ്റു സമുദായക്കാരുടെ പേര് പറയാതിരുന്നതുകൊണ്ടാവണം വെള്ളാപ്പള്ളി നടേശനും ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്).

സോണിയാ ഗാന്ധിക്ക് എഴുത്തയച്ച കാര്യം ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം പുറത്തുവന്നത് – ഇത് ആദ്യത്തെ എഴുത്തല്ലത്രേ. കേട്ടപ്പോള്‍ എനിക്ക് തോന്നിയത് മുന്നെഴുത്തുകളില്‍ ഇതിലും വലിയ ഗുണ്ടുകള്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ്. ഇതുപോലെ വേറെ ആര്‍ക്കെങ്കിലും അദ്ദേഹം എഴുത്തയക്കാറുണ്ടായിരുന്നെന്ന് പറയാന്‍ തോന്നിക്കരുതേയെന്നു ഞാന്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നപ്പോള്‍. അഭിമുഖം കാണുന്നവരെല്ലാം കത്തോലിക്കരായിരിക്കണമെന്നില്ലല്ലോ; അവര്‍ എന്താണ് ചിന്തിക്കുന്നതെന്നും ആര്‍ക്കു പറയാന്‍ കഴിയും? ഏതായാലും ഒരു മെത്രാപ്പോലിത്താ എഴുതിയ കത്തിന് അനുകൂലമായി പ്രതികരിക്കാതിരുന്നതാണ് വിശ്വാസികള്‍ കൂട്ടത്തോടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഇടയായത് എന്നദ്ദേഹം പറയാതെ പറഞ്ഞു. ഇല്ലം പോയാലും എലി ചാകണം എന്ന് ചിന്തിച്ച നമ്പൂരിമാര്‍ ചിറക്കടവിലേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു എന്‍റെ അറിവ്. അത്മായരുടെ കത്തുകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി കിട്ടാത്തതുകൊണ്ടല്ലേ അത്മായര്‍ ഈ കസര്‍ത്തെല്ലാം കാണിക്കുന്നതെന്ന് ഏഷ്യാനെറ്റുകാരന് ചോദിക്കാന്‍ നല്ല അവസരമായിരുന്നു, കളഞ്ഞു കുളിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലോ.

ഇപ്പോ നാട്ടിലെ ചര്‍ച്ച വീഞ്ഞിനെപ്പറ്റിയാണെന്നറിയുന്നു. മദ്യ നിരോധനം കൊണ്ടുവന്നതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തുകൊണ്ട് കാഞ്ഞിരപ്പള്ളി മെത്രാന്‍റെയും കാഞ്ഞിരപ്പള്ളി മാതൃസംഘത്തിന്‍റെയും പ്രസ്താവനകള്‍ ഏക സമയത്തു വന്നത് സംശയത്തോടെയെ കാണാനാവൂ. മെത്രാന്‍ സംഘം BJPക്കാര്‍ക്ക് അങ്ങോട്ട്‌ പിന്തുണ വാഗ്ദാനം ചെയ്തിട്ടും, ശാലോമില്‍ മോഡിസ്തുതികള്‍ എഴുതിയിട്ടും ഫലം കാണാതെ വന്നപ്പോള്‍ കുഞ്ഞൂഞ്ഞേ സ്തുതി എന്ന് പറഞ്ഞതാണോ? ആര്‍ക്കറിയാം മെത്രാന്‍റെ ഉള്ളിലിരുപ്പ്. എല്ലാ രൂപതകള്‍ക്കും വാറ്റു ലൈസന്‍സ് ഉണ്ടെങ്കില്‍ മെത്രാന്മാര്‍ക്ക് ഒരു വാറ്റു കമ്മറ്റിയും കാണണമല്ലോ. ആരായിരിക്കുമോ ഇതിന്‍റെ കണ്‍വീനര്‍? ഒരു ലത്തിന്‍ മെത്രാന്‍ പറഞ്ഞത്, ആരും ഇത് പറഞ്ഞു വിരട്ടണ്ടാ, ലോകാവസാനത്തോളം വീഞ്ഞ് പള്ളികളില്‍ ഉണ്ടാവും എന്നാണ്. എത്രയോ സസ്യജാലങ്ങള്‍ അറ്റു പോയിരിക്കുന്നു, ദിനോസറിന്റെ പോലും വംശം അറ്റുപോയി. മുന്തിരിക്കും അങ്ങനെയൊരു തട്ടുകേട് സംഭവിച്ചുപോയാല്‍ അന്ന് ലോകാവസാനമാണെന്നാണോ അങ്ങേരുദ്ദേശിച്ചത്? പള്ളികള്‍ക്ക് പോലും ഇപ്പൊള്‍ വംശനാശം വന്നുകൊണ്ടിരിക്കുന്നു. പത്രോസേ നീ പാറയാകുന്നു ഈ പാറമേല്‍ ഞാനെന്‍റെ പള്ളി പണിയും ഒരു ശക്തിക്കും ഇതിനെ തകര്‍ക്കാന്‍ ആവില്ലായെന്നൊക്കെയല്ലേ കര്‍ത്താവ് പറഞ്ഞത്. അത് റോമ്മാസിംഹാസനം അടക്കി ഭരിക്കുന്ന ലത്തിന്‍കാരുടെ കാര്യമാണെന്ന് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.സിക്കാതിരിക്കാനുംിരിക്കണം  ോo മറ്റൊരു എപ്പാര്‍ക്കിയുടെ കീഴിലുള്ള സിറോ സഭക്ക് ഈ സംരക്ഷണം ഉണ്ടായിരിക്കില്ലെന്നായിരിക്കണം കര്‍ത്താവ് ഉദ്ദേശിച്ചത്. ഈ എപ്പാര്‍ക്കി മാര്‍പ്പാപ്പയെ വകവെയ്ക്കാത്ത ഒരു എപ്പാര്‍ക്കിയാണെന്നത് മാലോകര്‍ക്കെല്ലാം അറിവുള്ള കാര്യവുമാണല്ലോ. മദ്യനിരോധനം അരമനകളിലേക്കും വന്നാല്‍ ഒരു കാസാ വീഞ്ഞിന് ഒരു തുള്ളി വെള്ളം എന്ന അനുപാതം മാറ്റി ഒരു കാസാ വെള്ളത്തിന് ഒരു തുള്ളി വീഞ്ഞ് എന്നാക്കുന്നതിനെപ്പറ്റി കുറച്ചുനാളൊക്കെ ചിന്തിക്കാന്‍ കഴിയും. അത് കഴിഞ്ഞോ? കുര്‍ബ്ബാനക്കൊപ്പമുള്ള അവസാനത്തെ ആശിര്‍വ്വാദസമയത്തു വരുന്ന സഭാ പ്രസംഗകന്‍റെ സര്‍വ്വ ഉശിരും പോയാല്‍ പിന്നെന്തു കുര്‍ബ്ബാന?

നിവൃത്തികെട്ടാല്‍ നീര്‍ക്കോലിയും കടിക്കും; എന്ത് പറഞ്ഞാലും കേള്‍ക്കുന്ന വിശ്വാസികളുണ്ടല്ലോ അവരെ തെരുവിലിറക്കി കാര്യംകാണാനും മെത്രാന്മാര്‍ മടിക്കില്ല. ഇത്ര പൊട്ടന്മാരാണോ വിശ്വാസികള്‍ എന്ന് ചോദിക്കരുത്. നമ്മള്‍ ഉദ്ദേശിക്കുന്നതിലും മണ്ടന്മാര്‍ ധാരാളം ഉണ്ട്. അങ്ങ് വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ വര്ഷം നടന്ന ഒരു കഥ പറയാം. ഒരു ലത്തിന്‍ പള്ളിയില്‍ നടക്കുന്ന സീറോ മലബാര്‍ കുര്‍ബ്ബാനക്ക് പാട്ട് പാടുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ആ ഇടവകയിലെ തന്നെ ഒരു സീറോക്കാരന്‍റെ  മകന്‍റെ  കല്യാണത്തിനു പാട്ടു പാടാനുള്ള  ഉത്തരവാദിത്വം ടിയാന്‍ ഏറ്റെടുത്തു. സമയമായപ്പോള്‍ ടിയാനെ കണ്ടില്ല. പിന്നീട് മനസ്സിലായത്‌, അല്ത്താരക്ക് താഴെ സിറോ മലബാര്‍ ക്രമമനുസരിച്ചു രണ്ടാമതൊരു മേശ ഇടാതിരുന്നത് കൊണ്ടാണ് അങ്ങേര് പളളിയില്‍ പോലും കയറാതെ പോയതെന്ന്. നാട്ടില്‍ ഞങ്ങളുടെ കരയില്‍ ചാവോലിമുക്കെന്നൊരു സ്ഥലമുണ്ട്. അവിടൊരു പണ്ടാരമുണ്ടായിരുന്നു. എന്നും കുടി, പിന്നെ തെറി, അടി... അങ്ങിനെ പോകുമായിരുന്നു അങ്ങേരുടെ പ്രകടനങ്ങള്‍. എത്ര കുടിച്ചിട്ടാണെങ്കിലും രണ്ടെണ്ണം കിട്ടിയാല്‍ അങ്ങേര്‍ക്കു ബോധം വീഴും. അതുപോലെ രണ്ടെണ്ണം കിട്ടിയാലേ ഇതുങ്ങള്‍ക്കും ബോധം വീഴാന്‍ ഇടയുള്ളൂ. അടി കിട്ടുമ്പോഴാണല്ലോ പന്നിയും മേലേക്ക് നോക്കുന്നത്. ഞങ്ങളുടെ അയല്‍രാജ്യമായ സൌദി അറേബ്യയില്‍ രൂപതയും വേണ്ട ഇടവകയും വേണ്ടാ എന്നും അമേരിക്കാ, ആസ്ട്രേലിയാ, ജെര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ കിട്ടിയത് പോരായെന്നും  മെത്രാന്മാര്‍ വാദിക്കുന്നത് മുന്തിരിങ്ങായുടെ ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കുമോ ആവോ?

കര്‍ത്താവ് വീഞ്ഞാണ് ഉപയോഗിച്ചതെങ്കില്‍ ഞങ്ങള്‍ക്കാ വീഞ്ഞു വേണം, കര്‍ത്താവിട്ട തുന്നലില്ലാത്ത നീളന്‍ കുപ്പായം ആര്‍ക്കും വേണ്ട, കര്‍ത്താവ് ഇട്ടിരിക്കാന്‍ സാധ്യതയുള്ളതരം പഴംചെരുപ്പ് ആര്‍ക്കും വേണ്ട (ഷൂസ് മതി), കര്‍ത്താവ് ചുമന്നതരം കുരിശും ആരും ചോദിച്ചതായി കേട്ടിട്ടില്ല. കര്‍ത്താവ് ഇരുന്നതരം ഉരുളന്‍ കല്ലും ആര്‍ക്കും വേണ്ട, കുടിച്ച കയ്പുരസവും ആര്‍ക്കും വേണ്ട (അത് അല്മായനെ ഇഷ്ടം പോലെ കുടിപ്പിക്കും). കര്‍ത്താവ് കുടിച്ച വീഞ്ഞു ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ. ഭയങ്കരം!

അത്മായരോടുള്ള മെത്രാന്‍ സംഘത്തിന്‍റെ അരിശം അറിയണമെങ്കില്‍ സിനഡിന്‍റെ തീരുമാനങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇപ്രാവശ്യം അത്മായനെ ദഹിപ്പിക്കാം എന്ന് തീരുമാനിച്ചല്ലോ. പലയിടത്തും ഇത് നടക്കുന്നുണ്ട്, ഇപ്പോള്‍തന്നെ. കുടുംബ ലിറ്റര്‍ജിയില്‍ ദഹിപ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥന ഉടനെ ഉണ്ടാവും. ഈ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന പുസ്തകങ്ങളുംകൂടി ഒപ്പം ദഹിപ്പിക്കണം എന്നാണെന്‍റെ അഭ്യര്‍ത്ഥന. ഈ ദഹനം സ്വകാര്യ സ്ഥലങ്ങളിലോ അല്ലെങ്കില്‍ പൊതു സ്മശാനങ്ങളിലോ മാത്രമേ സംഭവിക്കാന്‍ ഇടയുള്ളൂ. അപ്പോള്‍ ആദ്യം ദഹിപ്പിക്കപ്പെടുന്നവന്‍റെ ബന്ധുക്കള്‍ക്കാണ് തല്സംബന്ധമായ ചിട്ടവട്ടങ്ങള്‍ ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം. ഏതായാലും വൈദികര്‍ കുളിച്ചു തറ്റുടുത്തു വന്ന് കര്‍മ്മങ്ങള്‍ ചെയ്യുന്നത് കാണാന്‍ ഇടവരുരുതേ എന്നേ ഞാന്‍ പ്രാര്‍ഥിക്കുന്നുള്ളൂ.  

2 comments:

  1. ജാടകളൊക്കെ ഉപേക്ഷിച്ച്, ആണ്ട്രൂസ് താഴത്തിനെപ്പോലെ മറ്റ് മതനേതാക്കളും പൊതുവേദികളിൽ പ്രത്യക്ഷപ്പെടട്ടെ. ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു ശീലിക്കട്ടെ. തങ്ങൾ ആര്ക്കും തൊടാനാവാത്ത high priests അല്ലെന്നും അമാനുഷ ജ്ഞാനകോശങ്ങളല്ലെന്നും, തങ്ങളുടെ അറിവും പരിജ്ഞാനവും പരിമിതമാണെന്നും സമ്മതിക്കാനുള്ള എളിമ കാണിക്കട്ടെ. ഇല്ലാത്തത് ഉണ്ടെന്നു ഭാവിച്ച് ദന്തഗോപുരങ്ങളിൽ ഒളിച്ചു കഴിയുന്നതിലും എത്രയോ സുഖമുള്ള പോക്കായിരിക്കും മെത്രാന്മാര്ക്ക് ഇങ്ങനെയൊരു മാറ്റം. ഈ അഭിമുഖം സാദ്ധ്യമാക്കിയ എഷ്യാനെറ്റ് അഭിനന്ദനം അർഹിക്കുന്നു.

    ReplyDelete
  2. കര്‍ത്താവ് വീഞ്ഞാണ് ഉപയോഗിച്ചതെങ്കില്‍ ഞങ്ങള്‍ക്കാ വീഞ്ഞു വേണം, കര്‍ത്താവിട്ട തുന്നലില്ലാത്ത നീളന്‍ കുപ്പായം ആര്‍ക്കും വേണ്ട, കര്‍ത്താവ് ഇട്ടിരിക്കാന്‍ സാധ്യതയുള്ളതരം പഴംചെരുപ്പ് ആര്‍ക്കും വേണ്ട (ഷൂസ് മതി), കര്‍ത്താവ് ചുമന്നതരം കുരിശും ആരും ചോദിച്ചതായി കേട്ടിട്ടില്ല. കര്‍ത്താവ് ഇരുന്നതരം ഉരുളന്‍ കല്ലും ആര്‍ക്കും വേണ്ട, കുടിച്ച കയ്പുരസവും ആര്‍ക്കും വേണ്ട (അത് അല്മായനെ ഇഷ്ടം പോലെ കുടിപ്പിക്കും). കര്‍ത്താവ് കുടിച്ച വീഞ്ഞു ഞങ്ങള്‍ക്ക് കിട്ടിയേ തീരൂ. ഭയങ്കരം!
    Well Said Mr. Roshan Francis

    ReplyDelete