Translate

Wednesday, August 20, 2014

വിരമിക്കല്‍ സൂചന നല്‍കി മാര്‍പാപ്പ

മാര്‍പാപ്പയുടെ പ്രത്യേക വിമാനത്തില്‍നിന്ന്‌: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയെപ്പോലെ സ്‌ഥാനമൊഴിയാന്‍ മടിക്കില്ലെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ദക്ഷിണ കൊറിയയില്‍നിന്നുള്ള മടക്കയാത്രയ്‌ക്കിടെ വിമാനത്തില്‍വച്ചാണു ഫ്രാന്‍സിസ്‌ മാര്‍പാപ്പ മനസു തുറന്നത്‌. "അഹങ്കാരം വരാതിരിക്കാന്‍ എന്റെ തെറ്റുകളും പാപങ്ങളും ഓര്‍മിക്കാന്‍ ശ്രമിക്കാറുണ്ട്‌. വളരെ കുറച്ചുകാലമേ ഈ പ്രശസ്‌തിയൊക്കെ നിലനില്‍ക്കുകയുള്ളു. എനിക്കറിയാം എന്റെ മുന്നില്‍ കുറഞ്ഞ കാലമേ അവശേഷിച്ചിട്ടുള്ളൂ". തന്റെ മരണത്തെക്കുറിച്ചുള്ള ചിന്തകൂടുതല്‍ വ്യക്‌തമാക്കാനും അദ്ദേഹം മടിച്ചില്ല. "രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ ദൈവത്തിന്റെ ഭവനത്തിലെത്തും" - അദ്ദേഹം പറഞ്ഞു.
77 വയസുള്ള മാര്‍പാപ്പയെ ഊര്‍ജസ്വലനായാണു ലോകം കാണുന്നത്‌. എന്നാല്‍ നാഡി സംബന്ധമായ രോഗങ്ങള്‍ അദ്ദേഹത്തെ അലട്ടുന്നുണ്ട്‌. ഉടന്‍ ചികിത്സതേടുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി. സ്‌ഥാനത്യാഗം ആവശ്യമെങ്കില്‍ പരിഗണിക്കും. ഇറാഖില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തെ അദ്ദേഹം ന്യായീകരിച്ചു. "അനാവശ്യമായി അക്രമം നടത്തുന്നവരെ തടയണം. ഇതിനു ബോംബ്‌ ഉപയോഗിക്കണമെന്നല്ല പറയുന്നത്‌. അക്രമികളെ തടഞ്ഞേ പറ്റൂ. വിശ്വാസികള്‍ക്ക്‌ ആശ്വാസം പകരാന്‍ ഇറാഖ്‌ സന്ദര്‍ശിക്കണമെന്നുണ്ട്‌"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനയില്‍ സഭ നേരിടുന്ന പരിമിതികളില്‍ അദ്ദേഹം നിരാശ മറച്ചുവച്ചില്ല. ഇക്കാര്യത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തും.
ഇതേ സമയം, എല്‍ സാല്‍വദോറില്‍ കൊല ചെയ്യപ്പെട്ട ആര്‍ച്ച്‌ ബിഷപ്‌ ഓസ്‌കര്‍ റൊമേരോവിനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനെതിരേ സഭ ഏര്‍പ്പെടുത്തിയ വിലക്ക്‌ മാര്‍പാപ്പ നീക്കം ചെയ്‌തു. വിമോചനദൈവശാസ്‌ത്രക്കാരനായിരുന്ന റൊമേരോവിന്റെ മാര്‍ക്‌സിസ്‌റ്റ്‌ കാഴ്‌ചപ്പാടുകളെക്കുറിച്ചുള്ള ആശങ്ക മൂലമാണ്‌ അദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്‌. എല്‍ സാല്‍വദോറിലെ ആഭ്യന്തരയുദ്ധകാലത്ത്‌ രാജ്യത്തെ പട്ടാളഭരണത്തിനെതിരേ ശക്‌തമായ നിലപാടെടുത്ത വ്യക്‌തിയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌. റൊമേരോ ദൈവത്തിന്റെ മനുഷ്യനായിരുന്നെന്നു മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

Source: Mangalam
- See more at: http://www.mangalam.com/print-edition/international/219544#sthash.3qR3tgOz.dpuf

No comments:

Post a Comment