Translate

Thursday, August 28, 2014

മൂന്നാം മണിയും അച്ചനും ......

ഈ വില്ല്യം ഷേക്സ്പിയര്‍ കുന്തം മാത്രമല്ല കുലുക്കിയിട്ടുള്ളത് പല സാമ്രാജ്യങ്ങളും കുലുക്കിയിട്ടുണ്ട്. എന്നെയും കുലുക്കിയിട്ടുണ്ട്. ഒരിക്കല്‍ റോമ്മാ സാമ്രാജ്യത്തില്‍ ചതിയന്മാരുടെ ഒരു സംഘം രൂപം കൊണ്ടു, അവര്‍ ജൂലിയസ് സീസറിനെ വരെ ചതിച്ചു കൊല്ലുകയും ചെയ്തു. പ്രജകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല, ആയുധവും പണവും സൈന്യവും എല്ലാം ഇവരുടെ പക്ഷത്തായിരുന്നു. സ്ഥിതി ഇപ്പോഴത്തെ മെത്രാന്‍ സംഘത്തിന്‍റെതില്‍ നിന്ന് വല്യ വ്യത്യാസമില്ലെന്ന് പറയാം. ആള്‍ ബലവും പണവും ന്യായവും എല്ലാം മെത്രാന്മാരുടെ കൈയ്യിലാണല്ലോ. റോമിലെ ഗൂഡ സംഘത്തെ ഒതുക്കാന്‍ ഷേക്സ്പിയര്‍ എന്ത് ചെയ്തെന്നോ, സീസറിന്‍റെ മൃതദേഹവുമായി ചതിയന്മാര്‍  ചന്ത സ്ഥലത്തു വരുന്നത് വരെ കാത്തിരുന്നു.  അവിടെ മഹാനായ സീസറിന്‍റെ അപദാനങ്ങള്‍ എല്ലാവരും പാടി, അദ്ദേഹത്തിന്‍റെ അകാല മൃത്യുവില്‍ അനുശോചനവും രേഖപ്പെടുത്തി സന്തോഷിച്ചിരിക്കുമ്പോഴാണ് ഷേക്സ്പിയര്‍ മാര്‍ക്ക് ആന്റണിയെ വേദിയിലേക്ക് ക്ഷണിച്ചത്. മാര്‍ക്ക് ആന്റണിയുടെ പ്രസംഗം തീര്‍ന്നപ്പോള്‍ ജനം ഇളകി, ചതിയന്മാരുടെ കൊട്ടാരങ്ങള്‍ക്ക് തീയിട്ടു.
ഇവിടെ അനേകം പേര്‍ ചെയ്തതും അത് തന്നെ. എല്ലാവരും വായിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ബ്ലോഗ്ഗുകളും പത്രക്കാരും അത്മായാശബ്ദവും സത്യജ്വാലയുമൊക്കെ ഉണ്ടാകുന്നത് വരെ എല്ലാവരും കാത്തിരുന്നു. സമയം ഒത്തു വന്നപ്പോള്‍ നാലു വശത്ത്‌ നിന്നും ഒരു ചാട്ടം, ഗറില്ലാ സ്റ്റൈലില്‍. മെത്രാന്മാരെ ന്യായീകരിക്കുന്ന ഒരു ലേഖനം പോലും ഇപ്പോള്‍ കാണാനില്ലെന്ന് പറയാം. അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ചില കന്യാസ്ത്രികളും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്‍റെ മാഗസിനില്‍ KSU ക്കാര്‍ കോതമംഗലം മെത്രാന്മാരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ആ ലേഖനത്തില്‍ ‘മ’  ‘ക’  എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകളെ ഇല്ലാതുള്ളൂവേന്നാണ്  കേട്ടത്. സ്നേഹം കരുണ ദയ അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങള്‍ മെത്രാന്മാര്‍ക്ക് പറഞ്ഞിട്ടുല്ലതല്ലേയെന്നാണ് KSU ക്കാര്‍ ചോദിക്കുന്നത്. വെള്ളാപ്പള്ളി വാറ്റു ലൈസന്‍സിന്‍റെ കാര്യമേ ചോദിച്ചുള്ളൂ. ഇനി അച്ചുതാന്ദനും കൂടി ഇക്കൂട്ടത്തില്‍ കൂടിയാല്‍ എന്താകും സ്ഥിതി?  തൃശ്ശൂര്‍ മെത്രാന്‍റെ പിന്തുണ സോണിയാ പറഞ്ഞാലും വേണ്ടെന്നു KSU ക്കാര്‍ പറഞ്ഞാല്‍ ഇനി മെത്രാന്‍ ആര്‍ക്കാ എഴുത്തയക്കുക? മെത്രാന്‍റെ കോപ്പില്ലേലും കോണ്ഗ്രസ്സ് ജയിക്കുമെന്ന് പി.റ്റി തോമസ്‌ അനുഭാവികള്‍ ചായക്കടകളില്‍ ഇരുന്ന് ഇപ്പോഴും പറയാറുമുണ്ടല്ലോ. BJP ക്കാര്‍ ഗാദ്ഗിലിനെ വിട്ടു പഴയ കസ്തൂരിരംഗനെ പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെത്രാന്‍ സ്വന്തം MP യെ വിജയിപ്പിച്ചതിന്‍റെ ശിക്ഷ ഇടുക്കിക്കാര്‍ക്ക് കിട്ടാന്‍ പോകുന്നു. ഏതായാലും ദുരാത്മാക്കളെ ഓടിക്കാനുള്ള ഒരു തന്ത്രം ഡല്‍ഹിയില്‍ അരങ്ങേറുന്നുണ്ടെന്ന് കേള്‍ക്കുന്നു. ഓടിനടന്നാണ് അവിടുത്തെ കത്തോലിക്കാ ഫ്ലാറ്റുകള്‍ മുഴുവന്‍ സിറോ അച്ചന്‍  വെഞ്ചരിക്കുന്നത്. പട്ടി പോസ്റ്റിന്‍റെ ചുവട്ടില്‍ മുള്ളി അടയാളം വെയ്ക്കുന്നതുപോലെയാണ് ഇതെന്നാണ് ഡല്‍ഹിക്കാര്‍ പറയുന്നത്. മെത്രാന്‍റെ കിഡ്നിക്കു കിള്ളിയാലും പ്രതികരിക്കില്ലായെന്നുള്ള വാശിയില്‍ അല്‍പ്പം അയവു കാണുന്നുണ്ട്. വെള്ളാപ്പള്ളി നടേശനാണേല്‍ മിണ്ടാം എന്നായിട്ടുണ്ട്; നല്ല കാര്യം.
മാര്‍ക്ക് ആന്റണിയെ കൊണ്ട് വന്ന് ഇവിടെ ഒരു ധ്യാനം നടത്തിച്ചാല്‍ കൊള്ളാമെന്നുണ്ടെനിക്ക്. ‘കര്‍ത്താവേ സ്തോത്രം’ എന്ന് കേള്‍ക്കാം എന്നല്ലാതെ ഇവരുടെ ബോധം വീഴുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ അറക്കല്‍ ശ്രിമതി മോനിക്കാ തോമസ്‌ പറഞ്ഞത് പോലെ, ‘വെക്ക് മെത്രാനെ എന്‍റെ സ്ഥലവും വീടും’ ‘കാണിച്ചത് ചതിയല്ലേ, ഇത് എന്നോട് തന്നെ വേണമായിരുന്നോ’ എന്നൊക്കെ അവര്‍ ചോദിക്കുമോയെന്ന് ഭയം ഇല്ലാതെയുമില്ല. മെത്രാന്മാര്‍ കാണിച്ച അതിക്രമങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് എന്‍റെ പക്കലുണ്ട്; മാര്‍ക്ക് ആന്ടണിക്കത് പോരായെന്നെനിക്കറിയാം. ചില നല്ല കാര്യങ്ങളും പറഞ്ഞ് അതിന്‍റെ ഇടയ്ക്കു വിഷം കുത്തിത്തിരുകി കാര്യം സാധിക്കുകയാണല്ലോ അങ്ങേരുടെ സ്റ്റയില്‍. മെത്രാന്മാരെക്കൊണ്ട് ജനങ്ങള്‍ക്ക് ഉപകാരം കിട്ടിയ സന്ദര്‍ഭങ്ങള്‍ എന്‍റെ ഓര്‍മ്മയില്‍ വരുന്നില്ല, ഞാനെന്താ ചെയ്ക? അവര്‍ നല്ലതിനാണ് ചെയ്തതെന്ന് എനിക്ക് തോന്നിയ കാര്യങ്ങള്‍ പോലും പിന്നീട് പാരയായി മാറുകയല്ലേ ചെയ്തത്. ഉദാഹരണത്തിനു താമരക്കുരിശിന്‍റെ കാര്യം, ഒരു നല്ല ലോഗോ ഏതു ബിസിനസ്സിനും നല്ലതാണെന്നല്ലേ എല്ലാവരും കരുതിയുള്ളൂ. ബിസിനസ്സ്, ലോകം പിടിച്ചെടുക്കല്‍ ആണെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ? സിറോ മലബാര്‍ റിത്തു കൊണ്ടുവന്നപ്പോള്‍ എല്ലാര്‍ക്കും ഉള്ളതിക്കൂട്ടു ഒരെണ്ണം നമുക്കും ഇരിക്കട്ടെയെന്നല്ലേ നമ്മള്‍ കരുതിയുള്ളൂ, കുടുംബത്തില്‍ പിറന്ന ലത്തിന്‍കാരെ വിരട്ടാനും ചവിട്ടാനും ആണെന്ന് ആരെങ്കിലും കരുതിയോ? വചനം നന്നായി തര്‍ജ്ജമ ചെയ്യാന്‍ പോലും  അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ല. ‘One father is more than a hundred masters എന്ന വാചകം ഒരച്ചന്‍ കുറഞ്ഞത്‌ 100 അദ്ധ്യാപകര്‍ക്ക് തുല്യനാണ് എന്നേ അവര്‍ വിവര്‍ത്തനം ചെയ്യൂവെന്ന് വെച്ചാല്‍ എന്താ ചെയ്ക? വേറെ മാര്‍ഗ്ഗമില്ലെന്നു കണ്ടത് കൊണ്ടാവണം, ജനം സ്വന്തമായി ബൈബിളും സങ്കിര്‍ത്തനങ്ങളും എഴുതിത്തുടങ്ങി. അടുത്ത കാലത്ത് ഇറങ്ങിയ ഒരു സങ്കിര്‍ത്തനം ഇങ്ങിനെ, ‘മൊബൈല്‍ ഫോണ്‍ എന്‍റെ ഇടയനാകുന്നു, എന്‍റെ സംസാരത്തിനു ഒരിക്കലും മുട്ടുണ്ടാവുകയില്ല, അതെന്നെ പച്ചയായ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു, എന്‍റെ പണത്തെ അത് കാര്‍ന്നു തിന്നുന്നു .... എന്‍റെ മാനസം നമ്പരുകളാല്‍ നിറഞ്ഞു കവിയുന്നു ... ഞാനെന്നും അവന്‍റെ പരിധിയില്‍ വാസം ഉറപ്പിക്കും.....’.
കുറെക്കാലമായി മെത്രാന്മാരെ ആരും ചോദ്യം ചെയ്യാതിരിക്കുകയായിരുന്നു. അത് തുടങ്ങിയതേ ചോദ്യങ്ങള്‍ പെരുവെള്ളം പോലെയാണ് വന്നത്. വാശി പിടിച്ചു തൂങ്ങപ്പെട്ട രൂപം മാറ്റിയിടത്തൊക്കെ ഇത്രയും മലയിടിച്ചില്‍ ഉണ്ടാകുമെന്ന് പവ്വത്തില്‍ മെത്രാന്‍ കരുതിയിരുന്നിരിക്കില്ല. മുഴുവന്‍ കാണാന്‍ അദ്ദേഹം ജീവിച്ചിരിക്കില്ലല്ലോ എന്നൊരു ദു:ഖം എനിക്കുമുണ്ട്. അത്മായന്‍റെ പ്രവര്‍ത്തന രീതി തന്നെ സിറോ മലബാര്‍ റീത്തിന്‍റെ ആത്മാവ്‌ മാറ്റി മറിച്ചുവെന്ന് പറയാം. പുതിയ ട്രെന്‍ഡ് അനുസരിച്ച്, എന്ത് തുമ്പു കിട്ടിയാലും അല്മായന്‍ അപ്പോഴേ അന്വേഷണം തുടങ്ങും. വെള്ളാപ്പള്ളി നടേശന്‍ പള്ളികളിലെ വാറ്റു നിര്‍ത്തണം എന്ന് പറഞ്ഞപ്പോള്‍ അത് വിശ്വാസത്തിന്‍റെ പ്രശ്നമാണെന്നും ലോകാവസാനത്തോളം അത് കാണും എന്നുമാണ് ഒരു മെത്രാന്‍ പറഞ്ഞത് (ലോകാരംഭത്തില്‍ ഇല്ലാതിരുന്നത് എങ്ങിനെ ലോകാവസാനം കാണും എന്നാണ് അത്മായന്‍ ചോദിക്കുന്നത്). അപ്പോഴേ തുടങ്ങി അത്മായന്‍റെ പണി. അപ്പവും വീഞ്ഞും രക്തവും മാംസവും ആയി മാറുമെന്ന Transubstantiation Rule അവതരിപ്പിച്ചത് 9-)o നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന Pascasius Radburtus ആണെന്നും പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ 1215 ലാണ് ഇത് വിശ്വാസ സത്യമായി പ്രഖ്യാപിച്ചതെന്നും കണ്ടുപിടിച്ചത് ഇവിടുത്തെ മൂന്നാം കിട അല്മായര്‍. ഇങ്ങിനെ Transubstantiation ഉണ്ടാകും എന്ന്  കരുതിയവര്‍ക്ക് ഷോക്കായിരുന്നു, അടുത്ത കാലത്ത് കുര്‍ബാനക്കിടെ വെള്ളത്തിന് പകരം ബാറ്ററിക്കൊഴിക്കാന്‍ വെച്ചിരുന്ന ആസിഡ് എടുത്ത് അബദ്ധത്തില്‍ കാസയില്‍ ഒഴിച്ച് കുടിക്കേണ്ടി വന്ന ഒരു സംഭവം. സംഭവം നടന്നത് കേരളത്തിലും, ഇത് ആശിര്‍വ്വദിച്ചു കുടിച്ചതും തൊണ്ട പൊള്ളി ആസ്പത്രിയില്‍ കിടന്നതും ഒരു ബിഷപ്പും. ദൈവ ശിക്ഷ അങ്ങിനെയും വരും. വീഞ്ഞിനെപ്പറ്റി ഇത്രയും വിവാദം ഉണ്ടായിട്ടും Transubstantiation നെപ്പറ്റി ഇപ്പൊ ആരും അധികം പറയുന്നില്ല, വീഞ്ഞിനു പകരം കള്ളാവാം, കരിക്കിന്‍ വെള്ളമാകാം, മുന്തിരി ചാറാകാം എന്നൊക്കെ പലരും പറയുന്നുണ്ട് താനും. അവസാനം കുര്‍ബാന തന്നെ മൊത്തം ചാറാകാനാണ് സാധ്യത. ആലോചിച്ചും ഉത്തരവാദിത്വത്തോടെയും കാര്യങ്ങള്‍ പറയുന്ന കൊച്ചൌസേപ്പ്  ചിറ്റിലപ്പള്ളി പോലും പറഞ്ഞു, വാറ്റു നിര്‍ത്തുകയാണെങ്കില്‍ എല്ലായിടത്തും നിര്‍ത്തണം എന്ന്. ഈ ബൈബിളില്‍ വീഞ്ഞ് എന്ന് മാത്രമല്ല, മുന്തിരിച്ചാറുമെന്നും ഉണ്ടെന്ന് മുഴുവന്‍ ബൈബിള്‍ വായിച്ചിട്ടുള്ള ഒരു മാന്യന്‍ ഇയ്യിടെ പറയുകയുണ്ടായി. സ്ലീഹന്മാര്‍ വചനം പ്രസംഗിക്കാന്‍ പോയിടത്തൊക്കെ വാറ്റുപകരണങ്ങളും കൂടെ കൊണ്ടുപോയിരുന്നതായി ഏതെങ്കിലും ചരിത്രത്തില്‍ കാണുമായിരിക്കും. അല്ലെങ്കില്‍ ഇത്രേം നിര്‍ബന്ധം പിടിക്കേണ്ട കാര്യമുണ്ടോ?

വീഞ്ഞിന്‍റെ പിന്നാലെ കുര്‍ബാനക്ക് എന്തൊക്കെ വേണം എന്നതിനെപ്പറ്റിയും അത്മായന്‍ അന്വേഷണം തുടങ്ങിയെന്നു കേള്‍ക്കുന്നു. കുര്‍ബാനയുടെ ഇടയില്‍ ഇടയലേഖനം നിര്‍ബന്ധമില്ല; അച്ചന്‍ പ്രസംഗം പറഞ്ഞിരിക്കണമെന്നു അത്രയും പോലും നിര്‍ബന്ധമില്ല; ഒരാള്‍ ഏല്‍ക്കേണ്ട സമയത്ത് ഇരുന്നതുകൊണ്ടോ, ഉണര്ന്നിരിക്കേണ്ട സമയത്തുറങ്ങിയത് കൊണ്ടോ എന്തെങ്കിലും തകരാര്‍ സംഭവിക്കുമെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. നേര്‍ച്ച ഇട്ടിരിക്കണമെന്നോ, കുര്‍ബ്ബാന്‍ കൈക്കൊണ്ടിരിക്കണമെന്നോ കുമ്പസ്സാരിക്കണമെന്നോ നിര്‍ബന്ധമില്ല. വിശ്വാസ പ്രമാണം അത്യാവശ്യമാണോ, അല്ല; കാറോസൂസായാണോ കുര്‍ബാന, അതുമല്ല; വീഞ്ഞാണോ കേന്ദ്രം അതുമല്ല. കുപ്പായത്തിലാണോ, കുന്തിരിക്കത്തിലാണോ കാര്യം, ഒന്നിലുമല്ല. ലേഖനം അത്യാവശ്യമാണോന്ന് ചോദിച്ചാല്‍ അതുമില്ല; സുവിശേഷം വേണ്ടതാണോ എന്ന് ചോദിച്ചാല്‍ ഉണ്ടേല്‍ കൊള്ളാമെന്നല്ലേ മറുപടി പറയാനൊക്കൂ. കപ്യാര് വേണോന്നു ചോദിച്ചാല്‍, വേണം. മുമ്പില്‍ ഒരു പടുതാ നല്ലതാ, എഫെക്ട് കിട്ടും. പക്ഷെ അതില്ലെങ്കിലും കുര്‍ബ്ബാന കുര്‍ബ്ബാന അല്ലെ? ആമ്പ്ലിഫയര്‍ വേണോന്നു ചോദിച്ചാല്‍ അതും വേണ്ട, പാട്ടുകാരും വേണമെന്നില്ല. പൊളിച്ചു നോക്കിയാല്‍ മൂന്നാം മണിയും അച്ചനും കപ്യാരുമുണ്ടെങ്കില്‍ കുര്ബാനയാകും. ഈ പോക്ക് പോയാല്‍ കപ്യാരും കാണുമോന്നു സംശയം. എല്ലാം അടിച്ചു പൊളിക്കുകയാണല്ലോ ഇന്ത്യന്‍ സ്റൈല്‍. 

No comments:

Post a Comment