Translate

Saturday, August 30, 2014

മോഡിയെക്കണ്ട കര്‍ദിനാളിന്‌ പിണറായിയുടെ വിമര്‍ശനം

mangalam malayalam online newspaper
തിരുവനന്തപുരം: കര്‍ദിനാള്‍ ക്ലിമ്മിസ്‌ കാതോലിക്കാ ബാവയ്‌ക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്‌ചയെ ക്ലിമ്മിസ്‌ ന്യായീകരിക്കുന്നതു മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുമെന്നു ദേശാഭിമാനിയിലെ ലേഖനത്തില്‍ പിണറായി കുറ്റപ്പെടുത്തി. എന്നാല്‍, പിണറായിയുടെ വിമര്‍ശനത്തോടു പ്രതികരിച്ച്‌ വിവാദത്തിനില്ലെന്നു കര്‍ദിനാള്‍ പറഞ്ഞു.
മോഡിക്കു സ്വീകാര്യത വര്‍ധിപ്പിക്കാനും മതനിരപേക്ഷപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുമേ കര്‍ദിനാളിന്റെ വാക്കുകള്‍ ഉപകരിക്കൂവെന്നു പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരഘടന നേരിടുന്ന വെല്ലുവിളി ഗൗരവത്തോടെ കാണാന്‍ കര്‍ദിനാളിനു കഴിയുന്നില്ല. വര്‍ഗീയതയില്‍ അടിത്തറയുള്ള വിദ്വേഷാത്മകഭരണമാണു മോഡിയുടേത്‌. അതിനെതിരേ മതനിരപേക്ഷശക്‌തികള്‍ കൂട്ടായ ചെറുത്തുനില്‍പ്പിനു സാധ്യത തേടുന്ന സന്ദര്‍ഭമാണിത്‌. ഓഗസ്‌റ്റ്‌ മൂന്നിനു മോഡിയെ സന്ദര്‍ശിച്ചശേഷം, ഇന്ത്യന്‍ മതനിരപേക്ഷതയ്‌ക്കു മുന്നിലുള്ള വിപത്തുകളെക്കുറിച്ചു ബാവ സംസാരിക്കുമെന്നാണു മതനിരപേക്ഷവാദികളും ന്യൂനപക്ഷങ്ങളും കരുതിയത്‌. ബാവയുടെ പ്രസ്‌താവന മോഡിക്കു സന്തോഷമുണ്ടാക്കുന്നതാണെങ്കിലും മതേതരചിന്തയുള്ളവരില്‍ ആശങ്കയുളവാക്കുന്നതാണ്‌.
മറിച്ചു ചിന്തിക്കാന്‍ സാഹചര്യമില്ലെന്നു പറയുന്ന കര്‍ദിനാള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഇന്ത്യ ഹിന്ദുരാജ്യമാണെന്നും ഇവിടെയുള്ളവരെല്ലാം ഹിന്ദുക്കളാണെന്നുമുള്ള ആര്‍.എസ്‌.എസ്‌. സര്‍സംഘചാലക്‌മോഹന്‍ ഭഗവതിന്റെ പ്രസ്‌താവന അസ്വീകാര്യമെന്നു മോഡി ഒരിക്കലും പറഞ്ഞിട്ടില്ല. ഇതേ പ്രസ്‌താവന ബി.ജെ.പിയുടെ എം.പി. സ്വാമി ആദിത്യനാഥ്‌ പാര്‍ലമെന്റില്‍ ആവര്‍ത്തിച്ചപ്പോഴും പ്രധാനമന്ത്രി മിണ്ടിയില്ല. ഇവരുടെ നിലപാടു മാനദണ്ഡമാക്കിയാല്‍ കാതോലിക്കാ ബാവപോലും ഹിന്ദുവായിരിക്കും. ആര്‍.എസ്‌.എസിന്റെ താല്‍പര്യപ്രകാരം പാഠ്യപദ്ധതി പൊളിച്ചെഴുതാന്‍ നീക്കം നടക്കുന്നു. സഭയുടെ അധീനതയിലുള്ള സ്‌കൂളുകളില്‍ ആര്‍.എസ്‌.എസ്‌. പ്രത്യയശാസ്‌ത്രാടിസ്‌ഥാനത്തിലുള്ള സിലബസ്‌ സ്വീകാര്യമാണോയെന്നും പിണറായി ലേഖനത്തില്‍ ഉന്നയിച്ചു.
ചരിത്രം തങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതാനുള്ള ഫാസിസ്‌റ്റ്‌ തന്ത്രത്തിന്റെ ഭാഗമായി ആര്‍.എസ്‌.എസ്‌. നേതാവിനെ അധ്യക്ഷനാക്കി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. ഹിന്ദുത്വ ആശയങ്ങള്‍ കുത്തിനിറയ്‌ക്കുകയും ഏകീകൃത സിവില്‍ കോഡും മതപരിവര്‍ത്തനവും ലൗ ജിഹാദുമൊക്കെ ചര്‍ച്ചയാകുകയും ചെയ്യുന്നു. വര്‍ഗീയകലാപങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന അമിത്‌ ഷായെ ബി.ജെ.പി. അധ്യക്ഷനാക്കി. 2009-ല്‍ ഒഡീഷയില്‍ ക്രൈസ്‌തവരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്തിയതും കലാപത്തില്‍പെട്ടവര്‍ക്കു സി.പി.എം. അഭയം നല്‍കിയതും പിണറായി ഓര്‍മിപ്പിക്കുന്നു. വിശ്വസിക്കാന്‍ സി.പി.എമ്മുകാരേ ഉള്ളെന്നാണു ഘട്ടക്ക്‌ ആര്‍ച്‌ ബിഷപ്‌ പറഞ്ഞത്‌. അദ്ദേഹം കൂടി ഉള്‍പ്പെട്ട ബിഷപ്പുമാരുടെ സമിതിയുടെ അധ്യക്ഷനായ കാതോലിക്ക ബാവ, അന്നു ക്രിസ്‌ത്യാനികളോടു ചര്‍ച്ചയ്‌ക്കില്ലെന്നു പറഞ്ഞ പാര്‍ട്ടിയുടെ നേതാവില്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ആപത്താവും. സംഘപരിവാര്‍ ഭരണത്തെ മഹത്വവല്‍കരിക്കുന്ന വാക്കുകള്‍ കര്‍ദിനാളില്‍നിന്ന്‌ ഉണ്ടാകരുതായിരുന്നുവെന്നു പിണറായി ചൂണ്ടിക്കാട്ടുന്നു.
- See more at: http://www.mangalam.com/print-edition/keralam/223093#sthash.CFd6oBNX.dpuf

No comments:

Post a Comment