Translate

Saturday, April 11, 2015

കാ – കാക്ക, കോ – കോഴി, കു – കുറുക്കന്‍

നോയമ്പ് വീടലും കഴിഞ്ഞ് ജോണ്‍സണ്‍ വൈദ്യര്‍ ഗള്‍ഫില്‍ തിരിച്ചെത്തിയത്‌ തൃശൂര്‍ രൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’യുടെ ഏപ്രില്‍ ലക്കവുമായാണ്. കഞ്ചാവ് കൊണ്ടുവരുന്നതുപോലെ സൂക്ഷിച്ചു കൊണ്ടുവന്നതുകൊണ്ട് ഞാനത് മുഴുവന്‍ അരിച്ചു കലക്കി വായിച്ചു. തൃശ്ശൂരു കോളേജിനു സര്‍ക്കാര്‍ സ്ഥലം പതിച്ചു കൊടുത്തത് ആഘോഷമാക്കിയ പത്രക്കാര്‍, വേറെ മതങ്ങളുടെ കോളെജുകള്‍ക്ക്‌ സേക്രട്ടറിയേറ്റ് തന്നെ പതിച്ചു കൊടുത്തത് കാണാത്തതെന്തേയെന്നാണ് പത്രം ചോദിക്കുന്നത്. അതെനിക്കിഷ്ടപ്പെട്ടു. നാട്ടില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത എല്ലാവരെയും അകത്താക്കിയിട്ടേ എഡ്വിന്‍ അച്ചനെ പിടിക്കാവൂ എന്നും വായിക്കാം. വട്ടായിയുടെ സൂക്തം അനുസരിച്ചാണെങ്കില്‍ കുഴപ്പം ഇത്തരം അച്ചന്മാരെ പടച്ചു വിടുന്ന സമൂഹത്തിന്, അപ്പോള്‍ ഒളിവില്‍ പോകേണ്ടത് അത്മായരാണ്. ഹോ! ഭയങ്കരം!!! പത്രത്തിന്‍റെ അധിപര്‍ പറയുന്നു, ചിലര്‍ ചീഞ്ഞതേ കാണൂ, അത് തിന്നാലേ അവര്‍ക്കുറക്കം വരൂവെന്ന്. ചെരിഞ്ഞ മാധ്യമങ്ങളെ അങ്ങേര് കാക്കകളോടാണ് ഉപമിച്ചിരിക്കുന്നത്; കാക്ക ചെരിഞ്ഞേ നോക്കൂ, അഴുക്കേ തിന്നൂ. ഈ പത്രം മുഴുവന്‍  വായിച്ചാല്‍ വാടിയതോ കരിഞ്ഞതോ ചെരിഞ്ഞതോ ആയ ഒരു വാര്‍ത്തയും അതിലില്ലായെന്ന് കാണാം. നഷ്ട പരിഹാരമെന്നോ, കന്യാസ്ത്രീ എന്നോ ഒന്നും അതിലില്ല. എങ്കിലും ഒരു കാക്കയവിടെയുണ്ട്, അല്ലെങ്കില്‍ പട്ടയ പ്രശ്നം ഏതൊക്കെ പത്രങ്ങളില്‍ എങ്ങനെയൊക്കെ അച്ചടിച്ചിരിക്കുന്നു എന്ന് നോക്കുകയില്ലായിരുന്നല്ലോ. വിശ്വാസികള്‍ ആടിനെപ്പോലെ നോക്കുന്നിടത്തല്ല കടിക്കുന്നതെന്ന് അധിപര്‍ അറിഞ്ഞിരിക്കുന്നതും നല്ലതാ. പത്രാധിപര്‍ ഒരു കാര്യം കൂടി ഓര്‍ക്കുക, നിങ്ങള്‍ ആരെയെങ്കിലും കാക്കെയെന്നു വിളിക്കുമ്പോള്‍ അവര്‍ നിങ്ങളെ കോഴികളെന്നോ കുറുക്കന്മാരെന്നോ വിളിച്ചെന്നിരിക്കും.

തൃശ്ശൂര്‍ രൂപത, അടുത്ത പഞ്ചായത്ത്  ഇലക്ഷന്‍  മുതല്‍  (ഇന്ത്യന്‍ പ്രസിഡന്റ് ഇലക്ഷന്‍ വരെ?) സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. AKCC ഇല്ലാത്ത എല്ലാ ഇടവകകളിലും, AKCC ഉണ്ടാക്കുവാനുള്ള തത്രപ്പാടിലാണ് രൂപതയെന്നും പത്രം  വായിച്ചാല്‍ മനസ്സിലാകും. AKCC ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ‘കാസായും പീലാസാ’യും കിട്ടിയാല്‍ നന്നായിരുന്നു. സഭ രാഷ്ട്രിയം കളിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ഇടുക്കിയിലെ കാട്ടു കുഴിയില്‍ നിന്ന് വന്നവര്‍ പോലും മനസ്സിലാക്കിക്കഴിഞ്ഞു. ഇത് മനസ്സിലാക്കാതെ താഴത്ത് നിന്നവര്‍ക്ക് പോലും ജീവന്‍ പോയ കഥകളും ഇല്ലാതില്ല. കൊച്ചു പുരക്കകത്തുണ്ടായിരുന്നവര്‍ അത് വിട്ടു പഴയ കൂരകളിലേക്ക് പോയതും ഈയ്യിടെ. (വെഞ്ചരിച്ച മെമ്പറെ കാണാനില്ലെന്ന പരാതിയുള്ളവരും ഉണ്ട്). അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. അല്ലാതെന്തു പറയാന്‍? തൃശ്ശൂരുള്ള അത്മായര്‍ മെത്രാന്‍ തിരഞ്ഞെടുപ്പിന് സ്വന്തം സ്ഥാനാര്‍ഥികളെ  നിശ്ചയിക്കാന്‍ അവസരം കാത്തുനില്‍ക്കുന്നു. പക്ഷേ, AKCC സ്വന്തം അടുപ്പില്‍ കളിക്കണ്ടാന്നാണ് പിതാക്കന്മാരുടെ എളിയ അഭിപ്രായം. AKCC മേയര്‍ തൃശ്ശൂര്‍ നഗരസഭ മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത്‌ സ്വപ്നം കാണാന്‍ ഏതായാലും ക്രിസ്ത്യാനികളെ കിട്ടാന്‍ ഇടയില്ല. അപ്പോ ഇത് വിരട്ടല്‍ മാത്രം! അല്ലേ, കാക്കകളല്ലാത്തവരെ?

അത്മായശബ്ദം ഒളിഞ്ഞും തെളിഞ്ഞും സര്‍വ്വ മാലോകരോടുമായി എത്ര പ്രാവശ്യം പറഞ്ഞതാ, കുട്ടികളും (കുട്ടികളുടെ കാര്യത്തില്‍ ആണ്‍ പെണ് ഭേദമില്ല) സ്ത്രീകളും അച്ചന്മാരെ കാണാന്‍ ഒറ്റയ്ക്ക് പോവരുതെന്ന്. അതും പോരാഞ്ഞ് വൈദികവൃത്തി ഉപേക്ഷിച്ചവരും പരസ്യമായി പലതും പറഞ്ഞു. പുറത്തുവന്നവരും അകത്തു നില്‍ക്കുന്നവരുമായ നിരവധി കന്യകമാരുടെ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് അത്മായശബ്ദം ഇപ്പോഴും താഴ്മയായി പറയുന്നു, ദയവായി മഠങ്ങളിലേക്ക് മക്കളെ വിടരുത്. അനുസരിക്കാത്തവര്‍ ഇപ്പോള്‍ അനുഭവിച്ചു തുടങ്ങി. ഈയ്യിടെ മഠത്തിന് മുമ്പില്‍ സമരത്തിനൊരുങ്ങിയ കന്യാസ്ത്രീ, മഠത്തില്‍ നടന്ന ഒരു പീഢാനുഭവം നേരില്‍ കണ്ടു, അത് മദറിനോട്‌ നേരിട്ട് പറഞ്ഞ്, SSLC പാസ്സായി. പ്ലസ്‌ റ്റുവിന് അടുത്ത കളത്തില്‍ ചെന്നപ്പോള്‍ കുരിശു സ്വന്തം തോളിലേക്ക് വന്നു. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവിടെ നിന്നും പുറത്തായി. വെള്ളയുടുപ്പിട്ട മുസലിയാരെ കണ്ടാലും കല്ലുപെറുക്കി എറിയുമെന്ന പരുവത്തിലാണ്‌ സി. ജെസ്മിയെപ്പോലുള്ളവര്‍. നല്ലവരായ കുറെയേറെപ്പേര്‍ ഇതിനിടയിലുണ്ട്. അവര്‍ ഈ റോഷനോട് സദയം ക്ഷമിക്കുക. മണി മണിയെന്ന് പറയേണ്ടിടത്ത് മാണി മാണിയെന്ന് പറഞ്ഞാല്‍ ശരിയാവില്ലല്ലോ; അതുകൊണ്ട് പറഞ്ഞു പോകുന്നതാ.

വല്യ ആഴ്ച നിറയെ ഹൌസ്ഫുള്‍ ധ്യാനങ്ങള്‍ നടന്നു. ഇതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം കിട്ടിയെന്നു ചോദിക്കരുത്. കാഞ്ഞിരപ്പള്ളിയില്‍ ചെന്നാല്‍ മോനിക്കായെ അങ്ങനെ തീറ്റിക്കുന്നില്ലായെന്നു കേള്‍ക്കാം; ചങ്ങനാശ്ശേരിയില്‍  ചെന്നാല്‍ പത്രക്കാരെ വെടിവെച്ചു കൊല്ലണമെന്ന് കേള്‍ക്കാം; ഇടുക്കിയില്‍ ചെന്നാല്‍ പി റ്റി തോമസ്സിനെ ഉലക്കക്കുരുട്ടുമെന്നു കേള്‍ക്കാം; കോതമംഗലത്ത് ചെന്നാല്‍ പ്രഫസ്സറെ മണ്ണ് തീറ്റിക്കുമെന്ന് കേള്‍ക്കാം; പാലായില്‍ വന്നാല്‍ ആ ശവം ഇവിടെ കുഴിച്ചിടണ്ടായെന്ന് കേള്‍ക്കാം; അങ്ങനെ എവിടെ നോക്കിയാലും ഏഴെഴുപതു പ്രാവശ്യം ക്ഷമിക്കുന്നതിന്‍റെ  കഥകള്‍ മാത്രം. ഈയ്യിടെ മന്ത്രി മാണി ഒരുഗ്രന്‍ ധ്യാനം കൂടി. ഇറങ്ങി വന്നതേ പറഞ്ഞത്, ജോര്‍ജ്ജിനെ ക്രൂശിക്കുക എന്നായിരുന്നല്ലോ. ഇപ്പോള്‍ ധ്യാനങ്ങളുടെ പൊതുവായ തീം അച്ചന്മാരെയും മെത്രാന്മാരെയും കുറ്റം പറയരുതെന്നാണ് (തങ്ങളെക്കൂടി ലിസ്റ്റില്‍ പെടുത്താത്തതിന് മഠംകാര്‍ക്ക് പിണക്കമുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ട് താനും). ധ്യാനത്തിന് പേഴ്സുമായും കുമ്പസ്സാരത്തിനു പേഴ്സണുമായും ബന്ധമുണ്ട്. കുമ്പസ്സാര രഹസ്യം പുറത്തു പറഞ്ഞതായി അറിവില്ല; പക്ഷേ, കുമ്പസ്സാരം പള്ളിയില്‍ തുടങ്ങി പള്ളിമുറികളില്‍ അവസാനിക്കുന്നതിന്‍റെ കഥകള്‍ ധാരാളം. കല്യാണത്തിന് A കുറി B കുറി C കുറി എന്നിങ്ങനെ കുറെ കുറികളുണ്ടല്ലോ. അതുപോലെ  അച്ചന്മാര്‍ പള്ളി മാറുമ്പോള്‍ ഇടവകക്കാരുടെ വക ഒരു ‘S’ കുറിയും (സ്വഭാവ സര്ടിഫികെറ്റ്) നിര്‍ബന്ധമായി കൊണ്ടുപോകണമെന്ന് ഒരു നിയമം ഉണ്ടാക്കാം. ഞാനൊരു നല്ല കാര്യം പറയട്ടെ, എല്ലാ പള്ളിമുറികളിലും നിര്‍ബന്ധമായും ഒളിക്യാമാറാകള്‍ വെയ്ക്കുകയും, അത് പരിശോധിക്കാനുള്ള അവകാശം അത്മായനു കൊടുക്കുകയും ചെയ്യുക. പകുതി പ്രശ്നം തീരും.

നമ്മുടെ അച്ചന്മാര്‍ക്ക് പൊതുവേ ഒട്ടകത്തിന്‍റെ സ്വഭാവമാണ്. എവിടെ തല വെയ്ക്കാന്‍ ഇടം കൊടുക്കുന്നുവോ അവിടെ ഉടലും കൂടി കയറ്റും. ഇയ്യിടെ ആസ്ട്രേലിയയില്‍ സീറോ മലബാര്‍ സഭയെ കമ്പനി ആയി രെജിസ്ടര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അടുത്ത ദിവസം തന്നെ, ആസ്ട്രേലിയായില്‍ എവിടെ പള്ളി പണിയാനും സഭക്ക് അനുമതി ഉണ്ടെന്ന് ഒരു വിരുതന്‍ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വര്ഷം (പണ്ട് അങ്ങാടിയത്ത് പറഞ്ഞതു പോലെ) ഇവിടെ മതസ്വാതന്ത്ര്യം ഇല്ലെന്നായിരിക്കും പുത്തൂര്‍ ബിഷപ്പിന്‍റെ വായില്‍ നിന്ന് കേള്‍ക്കാന്‍ പോകുന്നത്. ഫരീദാബാദില്‍ ഒരു രൂപത വന്നത് കാരണം കാശ്മീരിലുള്ളവരും ഭയന്നിരിക്കുകയാണ്. എപ്പോഴാണ് അത് അങ്ങോട്ട്‌ നീളുന്നതെന്നറിയില്ലല്ലോ. അമേരിക്കക്കാര്‍ക്ക് ധ്യാനം ഹോട്ടലില്‍ വരെ നടത്തേണ്ടി വന്നു, എല്ലാം മാര്‍ത്തോമ്മാ പാരമ്പര്യം! അമ്പതു ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത ചത്തിസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ നിന്ന് കേട്ടു.  ഇന്ത്യാ മുഴുവന്‍ മാര്‍ക്ക് ചെയ്ത KCBC സിനഡിന് പറ്റിയത് പുത്തൂരിനും പറ്റരുതെന്നേ എനിക്ക് പറയാനുള്ളൂ.

വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികളെ എല്ലാവര്‍ക്കും ഇഷ്ടമാ; പള്ളി, പട്ടക്കാര്‍, ഇവയെ കണ്ടുകൂടാ താനും. സത്യം പറഞ്ഞാല്‍, ഈ മനോഭാവം ക്രിസ്ത്യാനികളുടെ ഇടയിലും വ്യാപകമായി ഉണ്ട്. ഇപ്പോ പുകക്കല്‍ തുടങ്ങി. വല്യ താമസിയാതെ സീറോ മലബാര്‍ ഒട്ടകത്തിന്‍റെ തലയും കൂടാരത്തിന് പുറത്തു വരും. നല്ല വെയിലത്ത് ഒട്ടകത്തിനു ചാണകം ഇടേണ്ടിയും വരും. ഇതൊന്നും കാണാന്‍ എനിക്ക് ഒരു ധൃതിയുമില്ല. വെറുതെ തുടങ്ങിയ ഒരു അത്മായാശബ്ദം ബ്ലോഗ്ഗ് ഇപ്പോള്‍ ദിവസവും ആയിരങ്ങള്‍ വായിക്കുന്നു. പാലായില്‍ ചായ കുടിച്ചു പിരിഞ്ഞുകൊണ്ടിരുന്ന KCRMനെ ഇപ്പോള്‍ ആരൊക്കെയോ ഭയക്കുന്നു. സത്യജ്വാല ഒരു ലക്കം രണ്ടു പ്രാവശ്യം അച്ചടിക്കേണ്ടി വരുന്നൂ.... ഈ പോക്ക് മുമ്പോട്ടാണെന്ന് കാണാന്‍  കണിയാന്‍ വേണ്ടല്ലോ, ഈ പോക്കിങ്ങനെ പോയാല്‍ എവിടെവരെ പോകുമെന്ന് കാണാനും കണിയാന്‍ വേണ്ട. പിമ്പോട്ടായിരുന്നെങ്കില്‍, കുമ്പസ്സാരിക്കാത്ത സര്‍വ്വ പെണ്‍കുട്ടികളും (തൃശൂര്‍ മോഡലില്‍) അച്ചന്മാരുടെ അടി മേടിച്ചേനെ.
തേലക്കാട്ടച്ചനെ എല്ലാവരും കൂടി പറ്റിച്ചു; കന്യാസ്ത്രീ 12 ലക്ഷം രൂപയും കൊണ്ട് പോവുകയും ചെയ്തു. സഭാവസ്ത്രം തിരിച്ചു കൊടുക്കണമെന്നല്ലാതെ അതുക്കൂട്ടു വേറെ തയ്പിക്കരുതെന്നു വ്യവസ്ഥയില്ല, പ്രശ്നക്കാരനായ ധ്യാനഗുരുവിന്റെ പേര് പുറത്തു പറയരുതെന്ന് വ്യവസ്ഥയുണ്ടെന്നു പറയപ്പെടുന്നു. പക്ഷേ, മുദ്രപ്പത്രത്തില്‍ അത്മായന്‍ ഒപ്പ് വെച്ചിട്ടില്ല. സരിതയുടെ കത്ത് നൂറടി അകലെനിന്ന് ഒരു വിരുതന്‍ സൂം ചെയ്തതുപോലെ കന്യാസ്ത്രീയുടെ വാക്കുകള്‍ സൂം ചെയ്തവര്‍ക്ക് ആ ധന്യന്‍റെ പേരും വായിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എല്ലാ പ്രശ്നങ്ങളും ഒതുക്കിയെന്ന മട്ടിലാണ് തേലക്കാട്ടച്ചന്‍. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂവെന്ന് അങ്ങേര് താമസിയാതെ മനസ്സിലാക്കിയേക്കാം. മാര്‍പ്പാപ്പാ പറഞ്ഞത് ആദിമകാലത്ത് സഭ അനുഭവിച്ചതിനേക്കാള്‍ വലിയ പീഢനമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ്. റോമന്‍ ചക്രവര്‍ത്തിമാരെക്കാളും സുഖിമാന്മാരാണ് ഇപ്പോഴത്തെ മെത്രാന്മാരെന്നു കൂടി മാര്‍പ്പാപ്പാ താമസിയാതെ പറയാന്‍ ഇടയുണ്ട്.  ഒരു ബയോളജിക്കല്‍ ചങ്ങലപോലെ കാര്യങ്ങള്‍ നീങ്ങുന്നു. വിശ്വാസികളെ സഭ പീഢിപ്പിക്കുന്നു, സഭയെ വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് പീഢിപ്പിക്കുന്നു.

ശങ്കരാചാര്യര്‍ പറഞ്ഞു, ഗോവധം രാജ്യമാകെ നിരോധിക്കണമെന്ന്. ‘പുല്ലല്ലാത്തതെല്ലാം തിന്നുന്നവന്‍ ക്രിസ്ത്യാനി’ എന്ന വിശേഷണം പോകാതെ നമ്മളും പിടിക്കണം. കശാപ്പുശാലകള്‍ അടച്ചാല്‍ ഞായറാഴ്ച്ചകളില്‍ പള്ളിയില്‍ വരുന്നവരുടെ എണ്ണം കുറയുമെന്ന് കണ്ടുപിടിച്ച് അത് ശങ്കരാചാര്യരോട് പറഞ്ഞവന്‍ ആരെടാ? കൊള്ളാമല്ലോ!

3 comments:

  1. ഈ പറഞ്ഞതൊക്കെ നടക്കുമ്പോഴും, കറിക്കരിയുന്നിടത്തു പോലും ബൈബിൾ വച്ച് പറഞ്ഞും എഴുതിയും സുവിശേഷങ്ങൾ മാത്രമല്ല, സംഖ്യയും രാജാക്കന്മാരും വരെ കാണാപ്പാഠം പഠിച്ച്, കൊച്ചച്ചന്റെ കൈയിൽ നിന്ന് പത്തു രൂപയുടെ ഒരു സമ്മാനം വാങ്ങാൻ പാടുപെടുന്ന വീട്ടമ്മമാരുടെ പെരുക്കമാണ് ഇപ്പോൾ കേരള സീറോ മലബാർ സഭയിൽ. വചനോത്സവം! ഷാലോം മാസിക കൊടുത്ത് ബന്നി പുന്നത്തറയുടെ പ്രേഷിതവേലയിൽ പങ്കുചേർന്ന് ആത്മരക്ഷയും ഉദ്ദിഷ്ടകാര്യ സാദ്ധ്യവും ഒരുമിച്ച് പ്രതീക്ഷിക്കുന്ന ആണുങ്ങളും ധാരാളം. ഓടിക്കളിച്ചുനടന്ന് വിരാമമില്ലാത്തെ ക്ലാസ്സുകളുടെ പിരിമുറുക്കം ഒന്നയക്കാനുള്ള അവുധിക്കാലത്ത് നീണ്ട പത്തു മുഴുവൻ ദിവസം കുഞ്ഞുങ്ങളെല്ലാം അന്ധഭക്തിയെന്ന TTC യോഗ്യത മാത്രമുള്ള വാദ്ധ്യാന്മാരുടെ വീട്ടുകഥകൾ കേട്ടിരുന്ന് ബോധം കെടുന്നു! ഈ പാതിരിമാർ എന്തൊക്കെയാണ് മനുഷ്യരെക്കൊണ്ട്‌ ചെയ്യിക്കുന്നത്! ഇതൊക്കെയാണോ ഒരു മതത്തിന്റെ അന്തരാർഥം?

    ReplyDelete
  2. അപ്പോൾ ഈ റോഷന് അവുധിയൊന്നും ഇല്ലേ? അതോ ഉള്ള അവുധിക്കാലം മുഴുവൻ ഷെയ്ക്ക് പിടിച്ചിരുത്തി അറബി വേദപാഠം പഠിപ്പിക്കുകയാണോ? ഇനി ഏതു രൂപതയുടെ മുഖപത്രമാണ് വേന്ടതെന്നു പറഞ്ഞാൽ അയച്ചു തരാം. വന്നുവന്ന്, വരികള്ക്കിടയിലൂടെ വായിക്കാനുള്ള ഈ വരം ഇല്ലാത്തവർക്ക് ഗൾഫിൽ നിന്ന് വരുന്ന റോഷന്റെ ലേഖനം അനിവാര്യമായിത്തീർന്നിരിക്കുകയാണ്. ഷെയ്ക്കിനെ പറ്റിച്ചിട്ട് നാട്ടിലൊക്കെ ഒന്ന് വന്നിട്ട് പോ, ആശാനേ. അല്മായശബ്ദക്കാർ കൊച്ചിയിൽ വന്നു പൊക്കിക്കോളും. വരുന്നതിനു മുമ്പ് ഞങ്ങൾ ആരെയെങ്കിലും ഒന്ന് വിളിക്കണേ.

    ReplyDelete
  3. സഭാധികാരികൽക്കും രാഷ്ട്രീയകാർക്കും സോഷ്യൽ മീഡിയ നെറ്റ് വർക്കുകൽ തലവേദനയാകുന്നു!.

    ജോബി ജോർജ്:-

    സഭയിലുള്ള ദൈവവിളി കുറയുവാൻ കാരണം സോഷ്യൽ മീഡിയ നെറ്റ് വർക്കുകളാണെന്ന്
    കർദ്ദിനാൽ മാർ ആലഞ്ചേരിയും, തൃശൂർ രൂപതാ മെത്രാൻ ആൻഡ്രൂസ് താഴത്തും അഭിപ്രായപ്പെട്ടു.
    അതിൽ സോഷ്യൽ മീഡിയാക്കുള്ള പങ്ക് എന്താണ് എന്ന് അവർ വ്യക്തമാക്കിയില്ല. സഭയിൽ നടക്കുന്ന
    അതിക്രമങ്ങൽ വെളിച്ചത്ത് കൊണ്ടുവരുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്ക് പ്രശംസനീയംതന്നെ.
    കണ്ണടച്ചിരുന്നു പാൽ നുകരുന്ന പൂച്ചയുണ്ടോ അറിയുന്നു താൻ ചെയ്യുന്ന പ്രവൃത്തി മറ്റ് പലരും
    കാണുന്നുണ്ടെന്ന്. സഭാധികാരികൽക്ക് എന്തും ആകാം, അത് ചോദ്യം ചെയ്യപ്പെടുകയോ മറ്റാരോടും
    പറയാനോ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് പാപമാണെന്നും അവന്റെ കുടുംബം ഏഴു തല-
    മുറവരെ നശിച്ചുപോകുമെന്നും പറഞ്ഞു ഭീഷണിമുഴക്കി സഭാജനങ്ങളെ ഭയപ്പെടുത്തിയിരുന്ന ഒരു കാലം
    ഉണ്ടായിരുന്നു. സഭയിൽ അധികാരികളുടെ ഭാഗത്തുനിന്ന് എന്ത് കൊള്ളരായ്മത്തരം ഉണ്ടായാലും അത്
    മൂടിവച്ചും, അല്ലങ്കിൽ ജനങ്ങളെ തെറ്റിധരിപ്പിച്ചും അവരുടെ ഭാഗം ക്ലീനാക്കുമായിരുന്നു. അല്ലങ്കിൽ
    സിസ്റ്റർ അഭയയുടെ കേസുപോലെ തെളിയപ്പെടാത്തതാക്കി നീട്ടി നീട്ടി കൊണ്ടുപോകും. സിസ്റ്റർ അനിറ്റയെ
    പോലുള്ളവർ മഠത്തിലുണ്ടായാൽ അധികാരികളുടെ അതിരുകവിഞ്ഞുള്ള സ്വാതന്ത്ര്യം വിലപോകാതെ
    വരികയും സംഗതി പുറം ലോകമറിയുകയും ചെയ്യും. ഇതിനൊക്കെ സാമാന്യം നല്ലരീതിയിൽതന്നെ
    കടിഞ്ഞാണം ഇടുവാൻ ഇന്ന് സോഷ്യൽ മീഡിയാക്ക് കഴിഞ്ഞുവെന്നത് സത്യത്തിൽ നമുക്കേവർക്കും
    അഭിമാനം കൊള്ളാവുന്ന ഒരു വസ്തുതയാണ്. ഇനിയും നാണക്കേടും അഭിമാനവും ഭയന്ന് മറ്റ് ഭീക്ഷണിക്ക്
    വിധേയരായും നിരവധിപേർ ഇന്നും കന്യാസ്ത്രീമഠത്തിന്റെ നാലു ചുമരുകൽക്കുള്ളിൽ കഴിയുന്നുണ്ട്.
    തങ്ങൽ മൂലം സമൂഹത്തിൽ മാന്യതയുള്ള സ്വന്തം കുടുംബങ്ങൽക്ക് നാണക്കേട് വരാതിരിക്കാനാണ് പലരും
    അധികാരികളുടെ പീഡനങ്ങൽ സഹിക്കുന്നത്. അല്ലങ്കിൽ എത്രയോപേർ സിസ്റ്റർ അഭയയെപോലെ കിണറ്റിലും,
    സേഫ്റ്റി ടാങ്കിലുമായി ഇതിനോടകം കിടന്നേനെ. ബാഗ്ലൂരിൽ ഒരു വൈദികനെവരെ സഹപ്രവർത്തകർ കൊന്നു
    കളഞ്ഞില്ലേ, പിന്നെയാ ഒരു കന്യാസ്ത്രീയെ കൊല്ലാൻ ഇവർക്ക് ബുദ്ധിമുട്ട്.

    മറ്റൊരുപക്ഷം ചിന്തിക്കുന്നത് കാമവെറിയന്മാരായ മത അധികാരികളാൽ നഷ്ടപ്പെട്ട തന്റെ ജീവിതാന്തസ് ഇനി
    ഒരിക്കലും തിരികെകിട്ടില്ലെന്നുള്ള മനോവ്യതയിൽ ശേഷ ജീവിതംകൂടി ഇവർക്ക് സമ്മാനിക്കുന്നു. പശുവിന്റെ
    കടിയും മാറും കാക്കയുടെ വിശപ്പും പോകും, എന്ന ചിന്താഗതിയിലാകും ശേഷിക്കുന്ന ജീവിതകാലം. ഓരോ
    കന്യാസ്ത്രീമഠങ്ങളിലും കഴിയുന്ന മറ്റ് സിസ്റ്റേഴ്സിൽനിന്നും പുറത്തുവരുന്ന നഗ്നസത്യങ്ങളാണിതൊക്കെ. ഇതൊക്കെ
    വെളിച്ചത്ത് വന്നുകൊണ്ടിരിക്കുന്നത് മാധ്യമങ്ങളും, സോഷ്യൽ മീഡിയ നെറ്റ് വർക്കുകളും ഇന്ന് സുപ്രധാന പങ്ക്
    വഹിക്കുന്നതുകൊണ്ട് മാത്രമാണ്. പിന്നെ എങ്ങനെയാണ് കർദ്ദിനാൽ ആലഞ്ചേരിക്കും, തൃശൂർ രൂപതാ മെത്രാൻ
    ആൻഡ്രൂസ് താഴത്തിനും സോഷ്യൽ മീഡിയായോട് കൂറുണ്ടാകുക. ഏത് മാതാപിതാക്കളാണ് സ്വന്തം മക്കളെ അറവു
    ശാലയിലേക്കെന്നപോലെ മഠത്തിലോട്ടയക്കുന്നത്. മുട്ടയിനിന്ന് പുറത്ത് വന്ന കുഞ്ഞുങ്ങളെ തള്ളക്കോഴി തന്റെ
    ചിറകിനടിയിൽ സംരക്ഷിക്കുന്നത്പോലെ ആരെങ്കിലും സ്വന്തം മക്കളെ സഭയിലെ കഴുകന്മാർക്ക് കൊടുക്കുമോ?.

    ReplyDelete