Translate

Wednesday, November 25, 2015

''സ്വകാര്യമാത്രപരതയെ മറികടക്കുക'' - ഫ്രാന്‍സീസ് മാര്‍പ്പാപ്പാജോര്‍ജ്ജ് മൂലേച്ചാലില്‍ - 9497088904

ദര്‍ശനം മാസികയില്‍നിന്ന്

മനുഷ്യനില്‍ ഫണംവിടര്‍ത്തിനില്‍ക്കുന്ന സ്വകാര്യമാത്രപരതയാണ് ലോകത്തെ ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതെന്നും ഒരു നവലോകസൃഷ്ടിക്കു തടസ്സം നില്‍ക്കുന്നതെന്നുമുള്ള ഡി. പങ്കജാക്ഷന്‍സാറിന്റെ അതേ കണ്ടെത്തല്‍, നവീനാശയങ്ങള്‍കൊണ്ടും ധീരവും സ്‌നേഹമസൃണവുമായ ജീവിതമാതൃകകള്‍കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു ഫ്രാന്‍സീസ് മാര്‍പ്പാപ്പായും പങ്കുവയ്ക്കുന്നു. 'സ്തുതിയായിരിക്കട്ടെ' (Laudato Si) എന്ന ശീര്‍ഷകത്തില്‍, 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണത്തെക്കുറിച്ച്' അദ്ദേഹം അടുത്ത കാലത്തെഴുതിയ ചാക്രികലേഖനത്തില്‍ ലോകം ഇന്നു നേരിടുന്ന പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലില്‍ ഏതാണ്ടെല്ലാ പ്രശ്‌നങ്ങളെയും, പങ്കജാക്ഷന്‍സാറിന്റെ 'പുതിയ ലോകം പുതിയ വഴി'യിലെന്നതുപോലെ, കൃത്യമായി നിരീക്ഷിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇരുവരുടെയും നിരീക്ഷണങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും തമ്മിലുള്ള സാദൃശ്യം ആരെയും വിസ്മയിപ്പിക്കാന്‍ പോരുന്നതാണ് എന്നു പറഞ്ഞേതീരൂ. ഭൂമിയെന്ന ഈ ഗ്രഹത്തെ 'നമ്മുടെ പൊതുഭവന'മായി മാര്‍പ്പാപ്പാ അവതരിപ്പിക്കുമ്പോള്‍, 'നാമെല്ലാം ഭൂമിക്കാര്‍' എന്ന പങ്കജാക്ഷന്‍സാറിന്റെ അതേ നിലപാടു തറയില്‍നിന്നുകൊണ്ടാണ് അദ്ദേഹവും സംസാരിക്കുന്നതെന്നു വ്യക്തമാണല്ലോ. പങ്കജാക്ഷന്‍സാറിന്റേതിനോടു സമാനത പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങള്‍ താഴെകൊടുക്കുന്നു:

''...അവനവനില്‍നിന്നു പറുത്തുവന്ന് അപരനിലേക്കു കടക്കാന്‍ കഴിവുള്ളവരാണ് എപ്പോഴും നാം. നമ്മള്‍ അപ്രകാരം ചെയ്യുന്നില്ലെങ്കില്‍, മറ്റു സൃഷ്ടികളുടെ യഥാര്‍ത്ഥമൂല്യം അംഗീകരിക്കപ്പെടാതെപോകും; മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള കാര്യങ്ങളില്‍ നാം കരുതലില്ലാത്തവരായിത്തീരും; മറ്റുള്ളവരുടെ ദുരിതസാഹചര്യങ്ങളെയും നമ്മുടെതന്നെ വഷളായിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളെയും മാറ്റിയെടുക്കുന്നതിന്, നമുക്കുമേല്‍തന്നെ പരിധി നിര്‍ണ്ണയിച്ച് നമ്മെ ഒരുക്കിയെടുക്കുന്നതില്‍ നാം പരാജിതരാകും. നമ്മുടെ സഹോദരീസഹോദരന്മാരുടെ സുസ്ഥിതിയും പ്രകൃത്യാനുസാരിയായ പരിസ്ഥിതിയും നാം യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മറ്റുള്ളവരോട് സ്വകാര്യതാല്പര്യമേശാത്ത കരുതല്‍മനോഭാവവും അവനവനിലേക്കു കേന്ദ്രീകരിക്കുന്നതും എല്ലാം അവനവനുവേണ്ടിയുള്ളതാക്കാനുദ്ദേശിക്കുന്നതുമായ സ്വകാര്യമാത്രപരത (ശിറശ്ശറൗമഹശാെ) യുടെ എല്ലാ രൂപങ്ങളുടെയും നിരാകരണവും അനിവാര്യമാണ്.... സ്വകാര്യമാത്രപരതയെ മറികടക്കാന്‍ നമുക്കു കഴിഞ്ഞാല്‍, തീര്‍ച്ചയായും വ്യത്യസ്തമായൊരു ജീവിതശൈലി വികസിപ്പിച്ചെടുക്കാനും സമൂഹത്തില്‍ നിര്‍ണ്ണായകമാറ്റങ്ങള്‍ കൊണ്ടുവരുവാനും നമുക്കു കഴിയും'' (208-ാം ഖണ്ഡിക).

'പുതിയ ലോകം പുതിയ വഴി'യിലെ, 'സ്വകാര്യമാത്രപരതേ നീ തന്നെ ശത്രു', 'സ്വകാര്യമാത്രപരതയുടെ പരിണാമങ്ങള്‍', 'സ്വാര്‍ത്ഥതയും സ്വകാര്യമാത്രപരതയും' എന്നീ ഉപശീര്‍ഷകങ്ങള്‍ക്കു കീഴില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ള ആശയത്തിന്റെ സംക്ഷീപ്തമാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഇവിടെ പറഞ്ഞിരിക്കുന്നത് എന്നു കണ്ടെത്താതിരിക്കാന്‍ പങ്കജാക്ഷന്‍സാറിന്റെ ആശയശിഷ്യന്മാര്‍ക്കു കഴിയുമെന്നു തോന്നുന്നില്ല.

മാര്‍പ്പാപ്പാ പറയുന്നു: ''വ്യക്തിതലത്തില്‍ നന്മ ആര്‍ജ്ജിച്ച് ഓരോരുത്തര്‍ സ്വയം നല്ലവരായതുകൊണ്ടുമാത്രം ഇന്നു ലോകം അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ല... അത്തരം ഒറ്റപ്പെട്ട നന്മപ്രവൃത്തികളെ ചേര്‍ത്തുവച്ചുകൊണ്ട് സാമൂഹികപ്രശ്‌നങ്ങളെ നേരിടാനുമാവില്ല; അതിന് സാമൂഹികമായ കൂട്ടായ്മാശൃഖലകള്‍ക്കു രൂപംകൊടുത്ത് ആ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്'' (219-ാം ഖണ്ഡികയില്‍നിന്ന്).

ഇതേ ആശയത്തിന്റെ വിപുലീകരണമാണ് പങ്കജാക്ഷന്‍സാര്‍, തന്റെ 'പുതിയ ലോകം പുതിയ വഴി'യിലെ 'ചിന്തനത്തിനു ചെറുസമൂഹം', 'ചെറുതായി തുടങ്ങുക', 'പരസ്പരരൂപീകരണം', 'ബോധപൂര്‍വ്വസമൂഹം', എന്നീ ഉപശീര്‍ഷകങ്ങള്‍ക്കുകീഴില്‍ നല്‍കിയിരിക്കുന്നതെന്നു നമുക്കു കാണാനാകും.

മാര്‍പ്പാപ്പായുടെ മറ്റൊരു ഉദ്ധരണി: ''പല കാര്യങ്ങളിലും ദിശാമാറ്റം ഉണ്ടാകേണ്ടതുണ്ട്; എന്നാല്‍, അതിലെല്ലാമുപരിയായി, മനുഷ്യരായ നാമാണു മാറേണ്ടത്. നമ്മുടെ പൊതു ആവിര്‍ഭാവത്തെക്കുറിച്ചും പരസ്പരബന്ധുത്വത്തെക്കുറിച്ചും എല്ലാവരുമായി പങ്കുവയ്‌ക്കേണ്ട ഭാവിഭാഗധേയത്തെക്കുറിച്ചുമുള്ള നമ്മുടെ അവബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ അടിസ്ഥാനഅവബോധമുണര്‍ത്തി, അതിനനുസൃതമായ പുതിയ ജീവിതകാഴ്ചപ്പാടുകള്‍ക്കും മനോഭാവങ്ങള്‍ക്കും ജീവിതശൈലിക്കും രൂപംകൊടുക്കാന്‍ മനുഷ്യനു കഴിയും. സാംസ്‌കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ ഒരു മഹത്തായ വെല്ലുവിളിയാണ് നമുക്കുമുമ്പിലുള്ളത്. നവീകരണത്തിന്റെ ഒരു ദീര്‍ഘപാത വെട്ടിയൊരുക്കുവാന്‍ അതു നമ്മോടാവശ്യപ്പെടുന്നു'' (202-ാം ഖണ്ഡിക).

മനഃസ്ഥിതി മാറ്റത്തോടൊപ്പമേ വ്യവസ്ഥിതി മാറൂ എന്നും പരസ്പരബന്ധുത്വഭാവമാണ് പുതിയ ലോകത്തിന്റെ അടിത്തറ എന്നുമൊക്കെ എത്ര വിശദമായാണ് പങ്കജാക്ഷന്‍സാര്‍ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളത് എന്നോര്‍ക്കുക.

ലോകത്തിന്റെ ഇന്നത്തെ ഗതി കണ്ടാല്‍ ഒരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല എന്ന തരത്തില്‍ ഒരു നിരാശത സാമാന്യക്കാരെയെല്ലാം ബാധിക്കുകയും നിഷ്‌ക്രിയരാകാനുള്ള പ്രവണതയ്ക്ക് അവര്‍ അടിമകളായിത്തീരുകയും ചെയ്യും. അതിനെതിരെ മനുഷ്യകുലത്തിനു പ്രത്യാശ നല്‍കിക്കൊണ്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഇങ്ങനെ പറയുന്നു: ''മാറ്റം സാധ്യമാണ്. സ്രഷ്ടാവ് നമ്മെ കൈവിട്ടിട്ടില്ല; അവിടുന്നൊരിക്കലും തന്റെ സ്‌നേഹപദ്ധതി വേണ്ടെന്നുവയ്ക്കുകയോ മനുഷ്യനെ സൃഷ്ടിച്ചതില്‍ പരിതപിക്കുകയോ ഇല്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പൊതുഭവനം സംരക്ഷിച്ചുനിലനിര്‍ത്താനുള്ള മനുഷ്യരാശിയുടെ ശേഷി ഇന്നും നിലനില്‍ക്കുന്നു'' (13-ാം ഖണ്ഡികയില്‍നിന്ന്).

പങ്കജാക്ഷന്‍സാറിന്റെ അവസാനത്തെ പുസ്തകമായ 'ഭാവിലോക'ത്തിലെ അവസാനവാക്യങ്ങളും ഇതേ പ്രത്യാശയാണ് മനുഷ്യകുലത്തിനു നല്‍കുന്നത്. അദ്ദേഹമതില്‍ എഴുതി: ''ലക്ഷ്യം മനസ്സില്‍ തെളിയട്ടെ. വഴി പിന്നാലെ തുറന്നുവരും. 'മറ്റൊരു ലോകം സാധ്യമാണ്.' അതു സാധിക്കാനാണ് നാം ഓരോരുത്തരും ഉള്ളത് എന്നു സ്വയം ഉറപ്പാക്കുക.''

പരസ്പരം അറിയാത്ത രണ്ടു മഹാരഥന്മാര്‍ തങ്ങളുടെ സ്വതന്ത്രമായ അന്വേഷണത്തിലൂടെ ഒരേ സത്യം കണ്ടെത്തുമ്പോള്‍, ഒരേ പരിഹാരം മുന്നോട്ടുവയ്ക്കുമ്പോള്‍, ആ നിരീക്ഷണത്തിനുമേല്‍ കാലത്തിന്റെ കൈയ്യൊപ്പുണ്ട് എന്നു നമുക്ക് ഉറപ്പിക്കാം.

1 comment:

  1. അക്ഷരങ്ങളില്‍ പച്ചനിറം പുരട്ടിയാല്‍ വയസന്റെ കണ്ണിനു സുഖിക്കുമോ എന്നു വയസായെന്കിലെ മനസിലാകുവോ?

    ReplyDelete