Translate

Monday, November 16, 2015

ഇടുക്കിലീക്സ്

കുറേക്കാലം മുമ്പ് ഒരു കൊച്ചച്ചൻ റോം സന്ദർശനവും കഴിഞ്ഞു മടങ്ങി വന്നപ്പോൾ പറഞ്ഞത്  റോമിൽ പോയിട്ട് ഒരു കത്തോലിക്കനായി തിരിച്ചു വരിക അസാദ്ധ്യമെന്നാണ്. അതിന്റെ പൊരുൾ ഇപ്പോഴാ എനിക്കു മനസ്സിലായത്. വില കൊടുത്താൽ വത്തിക്കാനിലുള്ളിൽ തന്നെ ധാരാളം തിരുമ്മുകാരെ കിട്ടുമെന്നും, ഈ തിരുമ്മുശാലകൾ നടത്തുന്നത് കത്തോലിക്കാ വൈദികർ തന്നെയാണെന്നും വത്തിലീക്ക്സ് വാർത്തകൾ! ഒരാവശ്യവുമില്ലാഞ്ഞിട്ടും നമ്മുടെ മെത്രാന്മാർ റോമിനു ടിക്കറ്റ് എടുക്കുന്നത് ഇതിനാണെന്ന് ആരും കരുതരുത്. സീറോ മലബാറിന് സ്വന്തമായി അവിടെ ഒരു എപ്പാർക്കി കെട്ടിടം വേണമെന്നു പറയുന്നതും ഇതുകൊണ്ടാണെന്നു കരുതരുതെന്ന് ഞാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. 

അതൊക്കെ പോട്ടെ, നമ്മൾ വേറെ റീത്താണല്ലോ! രക്ഷ കിട്ടണമെങ്കിൽ ചേർന്നു നിന്നോയെന്നാണു സർവ്വ മെത്രാന്മാരും പറയുന്നത്. ഇടുക്കിയിൽ മെത്രാനോടും പശ്ചിമഘട്ടത്തോടും ചേർന്നുനിന്നവർ ഇപ്പോൾ പിച്ചച്ചട്ടി എടുത്തുവെന്നത് ഒരു പോരായ്കയായി കരുതരുത്. കൊച്ചുപുരക്കലച്ചൻ നടത്തിയ പോരാട്ടംകൊണ്ടു നേടിയ കാര്യങ്ങളുടെ ലിസ്റ്റുമായി ഒരു വല്യപുരക്കലച്ചൻ ഇടുക്കിയിൽ പ്രത്യക്ഷപ്പെട്ടെന്നു കേൾക്കുന്നു. അദ്ദേഹം പുറത്തിറക്കിയ കുറിപ്പിൽ, ഗോവാ മുതൽ ഇടുക്കി വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിൽ സമരം ചെയ്തത് ഇടുക്കിയിൽ മാത്രമാണെന്നും, സമരം തുടങ്ങുന്നതിനു മുമ്പ് ഒരു കോടി രൂപാ വിലയുണ്ടായിരുന്ന ഒരേക്കർ ഭൂമിക്കിപ്പോൾ 25 ലക്ഷം പോലും അവിടെ കിട്ടില്ലെന്നും പറയുന്നു. ഈ കസ്തൂരിരംഗൻ ആ വഴിയെങ്ങാനും വന്നാൽ എല്ലാവരേയും ഇറക്കിവിട്ടു പിണ്ഡംവെയ്ക്കുമെന്നും പ്രചരിപ്പിച്ച് ഉള്ള സ്ഥലത്തിന്റെ മൂല്യം കളഞ്ഞുകുളിച്ച ഈ മുന്നേറ്റത്തിന് ഇടുക്കി മെത്രാൻ നല്കിയ സംഭാവനയും വളരെ വലുതാണ്‌. പി ടി തോമസ്സിനെ ഇറക്കി ഇടുക്കി കത്തോലിക്കരെ എം എം മണിയുടെ പോക്കറ്റിൽ ഇട്ടു കൊടുക്കാൻ അദ്ദേഹം ചെയ്ത സഹായം കമ്മ്യുണിസ്റ്റ് പാർട്ടിക്കാർ എക്കാലവും ഓർക്കും. ഇടുക്കിയിൽ നടന്ന ഹർത്താലുകൾ വഴി ഉണ്ടായ നേട്ടങ്ങളും ഇടുക്കിയിൽ പ്രചരിക്കുന്ന ചാക്രിക ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഏതൊക്കെ വില്ലേജുകളെ ഒഴിവാക്കിയാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് പോയതെന്നുപോലും അറിയില്ലായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന അവിടുത്തെ എം പി യേയും ഈ ലേഖനം മുക്തകണ്ടം പ്രശംസിക്കുന്നുണ്ട്. മുഴുവൻ മുടിഞ്ഞാലും സഭയോടു ചേർന്നുനിന്ന് ആത്മരക്ഷ പ്രാപിക്കണമെന്നേ എനിക്ക് പറയാനുള്ളൂ. ഏതായാലും മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ കൂടെ 'രൂപാ താ' വൈദികർ കൂടാതിരുന്നതു നന്നായി!

ആദ്യം ഇടുക്കിയിലെ വിശ്വാസികൾ കേരളാ കോൺഗ്രസ്സിനോടു ചേർന്നുനിന്നു; മുല്ലപ്പെരിയാർ പൊട്ടുമെന്നു വിശ്വസിച്ച്, ഉടുതുണിപോലും ഉപേക്ഷിച്ചു സമരം ചെയ്തു. അങ്ങിനെ ആ പ്രദേശത്തുള്ള വസ്തുക്കൾ വാങ്ങാൻ ആരും തയ്യാറാകാത്ത ഒരവസ്ഥയുണ്ടാക്കി - മുല്ലപ്പെരിയാർ പൊട്ടിയതുമില്ല, വെള്ളം 142 അടിയായി ഉയർത്തുകയും ചെയ്തു. ആ ദുരനുഭവത്തിൽ നിന്നും മലയോര കർഷകർ പഠിച്ചില്ല. ഇപ്പോഴത്തെ അനുഭവത്തിൽ നിന്നും അവർ എന്തെങ്കിലും പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. രക്ഷപ്പെടണോ? സഭയോടു ചേർന്നുനിൽക്കണം. കഴിഞ്ഞ ദിവസം അതിരമ്പുഴയിൽ വന്ന ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായും അതല്ലേ പറഞ്ഞത്? സാമാന്യ ബുദ്ധി ഉപയോഗിക്കുന്നത് ശരിയല്ലെന്ന അർത്ഥത്തിൽ നമ്മുടെ പവ്വം എത്രയോ പ്രസംഗങ്ങൾ നടത്തിയിരിക്കുന്നു! സഭയോടു ചേർന്നു നിന്നാൽ സഭ രക്ഷിച്ചെന്നിരിക്കും. അതല്ലേ, മാർ പവ്വം കെ എം മാണിയെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയത്. സർവ്വ കത്തോലിക്കരും വിശ്വസിക്കേണ്ടതിലേക്ക്, കേരളാ കോൺഗ്രസ്സ് ഇത്രനാളും നടത്തിയ സർവ്വ സമരങ്ങളുടേയും തിരഞ്ഞെടുപ്പുകളുടേയും ചെലവുകൾ പാലാ കരിങ്ങോഴക്കൽ വീട്ടിൽ നിന്നും കൊണ്ടുവന്നതായിരുന്നെന്ന് പവ്വം തെളിച്ചങ്ങു പറഞ്ഞില്ല. മാണിയുടെ കൈകൾ കറ പുരളാത്തതാണെന്നു പവ്വം പറഞ്ഞത് ശരിയായിരിക്കാനാണു വഴി. മാണി പണം കൈകൊണ്ട് തൊടാതായിട്ട് ഒത്തിരി കാലമായില്ലേ? മാണിയെ അപമാനിക്കുന്നവരെ ബോക്കാഹറാം സ്റ്റൈലിൽ കൈകാര്യം ചെയ്യണമെന്നും ഒരു സീറോവൃദ്ധൻ പണ്ടു പറഞ്ഞതോർക്കുന്നു. തന്നേക്കാളും കൂടുതൽ വാങ്ങിയവർ മന്ത്രിസഭയിൽ നിവർന്നിരിക്കുന്നുവെന്നതാണു മാണിയുടെ സങ്കടം എന്നാണ് ചാനലുകാർ പറഞ്ഞു പരത്തുന്നത്. ഏതായാലും ഞാൻ പാലായിൽ എത്തിയാൽ പൊട്ടിക്കും എന്നുപറഞ്ഞ ഒരു ബോംബ് മാണി വന്ന വഴി ചങ്ങനാശ്ശേരിക്കും  കോട്ടയത്തിനും ഇടക്കെവിടെയോ ഉപേക്ഷിച്ചെന്നു കേൾക്കുന്നു. അതാർക്കെങ്കിലും കിട്ട്ടിയോ ആവോ? എനിക്കാകെ കൺഫ്യുഷനായി; മാണി പണം വാങ്ങിച്ചിരിക്കാമെന്നു പറയുന്ന താമരശ്ശേരി മെത്രാന്റെ കൂടെ കൂടണോ, അതോ മാണി അറിയപ്പെടുന്ന വിശുദ്ധനാണെന്ന അർഥത്തിൽ സംസാരിക്കുന്ന ചങ്ങനാശ്ശേരിയിലെ പഴയ മെത്രാപ്പോലീത്തായുടെ കൂടെ കൂടണോ, അതോ തെളിച്ചൊന്നും പറയാത്ത പാലായിലെ ദൈവശാസ്ത്രജ്ഞന്റെ കൂടെ കൂടണോ?

ഒരു കാര്യം ഇയ്യിടെ എ കെ സി സി യുടെ ഭാരവാഹികൾ പറഞ്ഞത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല; കർഷകരുടെ വോട്ടു തിരിഞ്ഞതാണ് ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മലർന്നു വീണതിനു കാരണം എന്നാണവർ പറഞ്ഞത്. എല്ലാ കോർപ്പറേഷനുകളും ഈ പ്രഖ്യാപനത്തിന്റെ പരിധിയിൽ വരുമായിരിക്കും. എ കെ സി സിക്ക് ഇങ്ങനെ സംഭവിച്ചതിന്റെ കാരണവും കൂടി പറഞ്ഞിരുന്നെങ്കിൽ! എ കെ സി സി യുടെ തലപ്പത്തിരിക്കുന്നവർക്ക് അഭിഷിക്തർ അനുവദിക്കാതെ കൂടുതലൊന്നും പറയാൻ ആവില്ലല്ലോ! അഭിഷിക്തർക്കു റിസേർവ്വ്‌ ചെയ്തിരിക്കുന്ന പരി. ആത്മാവിന്റെ ആ സംരക്ഷണം കണ്ടിട്ടില്ലാത്തവർ കണിച്ചുകുളങ്ങര സ്റ്റൈയിലിൽ അടുത്തിടെ നടന്ന ഒരിരട്ട കൊലപാതക വാർത്ത നോക്കുക. ഒരച്ചൻ കല്യാണക്കുറിയിൽ മുറുക്കെ പിടിക്കുന്നു, ഗുണ്ടാകൾ അച്ചനെ ആക്രമിക്കാൻ വരുന്നു, ഏതാനും അത്മായർ അച്ചനെ രക്ഷിക്കുന്നു. അച്ചനെ രക്ഷിക്കാൻ ശ്രമിച്ച അത്മായരെ വാടക ഗുണ്ടാകളെ വിട്ട് ദൈവം കൊന്നുകളയുന്നു! അഭിഷിക്തരെ രക്ഷിക്കാനോ ശിക്ഷിക്കാനോ ആരെയും ദൈവം അനുവദിക്കില്ല. മനസ്സിലായല്ലോ! 

കൈനോട്ടത്തെ പറ്റി ഒരു ചൊല്ലുണ്ട്; കാൽ വിദ്യ മുക്കാൽ തട്ടിപ്പെന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെയാണ് സീറോ മലബാർ വചനപ്രഘോഷണങ്ങളും എന്നാണ് എനിക്ക് തോന്നുന്നത്. അൽപം വചനം പറയും ബാക്കി പറയുന്നത് മെത്രാന്മാരുടെ നിലനിൽപ്പിന്റെ കാര്യവുമായിരിക്കും. വചനം എന്തു പറഞ്ഞാലും വളരെ ആലോചിച്ച് ശ്രദ്ധാപൂർവ്വമായിരിക്കും മെത്രാന്മാരുടെ നീക്കങ്ങൾ. ആദ്യം കർത്താവിനെ മാറ്റി നിർത്തി തോമ്മായെ പിടിച്ചു - കുരിശും മാറ്റി; അന്യജാതികളെ മാനസാന്തരപ്പെടുത്തുന്ന പണി അങ്ങു നിർത്തി; പാവങ്ങളുടെ ഇടയിൽ മിഷൻവേല ചെയ്യാൻ ആഗ്രഹിക്കുന്നവരെ കേരളത്തിനു വെളിയിലേക്കു വിടാതെ നോക്കി; അത്മായന്റെ നിയന്ത്രണത്തിൽ നിന്നും സർവ്‍വ സ്വത്തുക്കളും കസ്റ്റഡിയിലെടുത്തു. പതിയെ ലത്തീൻകാർക്കിട്ടു പണിതുടങ്ങി. കേരളത്തിനു പുറത്തു സമാധാനമായി ജീവിച്ചുപോന്ന സർവ്വ കേരള കത്തോലിക്കരേയും പാരമ്പര്യത്തിന്റെ പേരു പറഞ്ഞു വട്ടത്തിലാക്കി. പതിയെ ഇവരുടെ ലത്തീങ്കാരോടുള്ള പക മറനീക്കി പുറത്തുവരുന്നു. കേരളത്തിനു പുറത്തു പ്രസംഗിക്കുമ്പോൾ ലത്തിൻകാർ കാണിക്കുന്ന വിവേചനത്തിന്റെയും ദ്രോഹത്തിന്റെയും കഥകൾ പറഞ്ഞു വിശ്വാസികളെ ഇളക്കുന്ന പണിതുടങ്ങി. ഏതാണ്ട് ഒരു വർഷം മുമ്പ് ഇംഗ്ലണ്ടിൽ സുറിയാനിക്കാരെ വിശ്വസിച്ച ഒരു ബോംബെക്കാരൻ ലത്തീങ്കാരനോട് ഈ സീറോ പുരോഹിതർ ചെയ്ത കഥ ഒരാൾ പറഞ്ഞത് വളരെ വേദനയോടെയാണ്. അയാൾ പള്ളിയിലെ ജീസസ് യൂത്തിൽ വരെ സജീവമായി പ്രവർത്തിച്ചു, പക്ഷെ, അകാലത്തിൽ മരണപ്പെട്ടു. ആ വീട്ടിൽ ഒരൊറ്റ സീറോ അച്ചൻ പോലും പോയില്ല; അവർക്കു പറയാൻ ധാരാളം കാരണങ്ങളുണ്ടായിരുന്നു. ഈ ദ്രോഹികളെ ദൈവം ഇഞ്ചിഞ്ചായി നശിപ്പിക്കുമെന്നെനിക്കുറപ്പുണ്ട്. അതിനാരും ഒന്നും ചെയ്യേണ്ടതില്ല. അതിന്റെ ആരംഭമാണ് ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നത്‌. തെങ്ങിന് മണ്ഡരി ബാധിച്ചത് പോലെ വിശ്വാസികൾക്ക് വ്യാപകമായി വിശ്വാസക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്നു. 

വള്ളിക്കാവിലെ വിശുദ്ധ മാലിന്യവും, തോമാത്തിപ്പുരകളിലെ വചനപ്രഘോഷണങ്ങളും ഒരു പോലെ ദോഷം ചെയ്യുമെന്ന് ജനം എന്ന് മനസ്സിലാക്കുമോ ആവോ? 

No comments:

Post a Comment