Translate

Sunday, November 8, 2015

കത്തോലിക്കാ സഭ വിട്ടുപോയവര്‍ സംഘടിക്കുന്നു

കത്തോലിക്കാ സഭ വിട്ടുപോയവര്‍ സംഘടിക്കുന്നു

November 6, 2015

crossകൊച്ചി: നേതൃത്വത്തോട് കലഹിച്ച് കത്തോലിക്കാ സഭയില്‍ നിന്നും പടിയിറങ്ങിയവര്‍ സംഘടിക്കുന്നു. സഭയില്‍ പരിഷ്‌കരണത്തിന് വാദിക്കുന്ന കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തി (കെസിആര്‍എം)ന്റെ നേതൃത്വത്തില്‍ കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഘടന ഔദ്യോഗികമായി നിലവില്‍ വരുമെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി ജന്മഭൂമിയോട് പറഞ്ഞു. സഭാനേതൃത്വത്തിന്റെ നിലപാടുകളില്‍ മനംമടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

ഇവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രാദേശികമായി സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റില്‍ വ്യക്തികള്‍ക്ക് പുറമെ ഇത്തരത്തിലുള്ള സംഘടനകള്‍ക്കും അംഗങ്ങളാകാം. നിലവില്‍ അതാത് സംഘടനകളില്‍ നിലനില്‍ക്കുന്ന വിശ്വാസ ജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറല്‍ സംവിധാനമാകും കാത്തലിക് ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിനുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ സഭയിലെ സന്യാസം ഉപേക്ഷിച്ച വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വേണ്ടി എക്‌സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന്‍ എന്ന സംഘടന കെസിആര്‍എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുറത്ത് പോയവരെ സഭാ നേതൃത്വം ഉള്‍ക്കൊള്ളണമെന്നാണ് കെസിആര്‍എമ്മിന്റെ നിലപാട്. ഇതിന് മാര്‍പാപ്പയുടെ അഭിപ്രായങ്ങളും കഴിഞ്ഞമാസം റോമില്‍ നടന്ന ഫാമിലി സിനഡും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വിവിധ കാരണങ്ങളാല്‍ സഭ വിട്ടവരോട് അനുഭാവ സമീപനം കൈക്കൊള്ളണമെന്നാണ് മാര്‍പ്പാപ്പയുടെ നിലപാട്. പുറത്ത് പോയവരില്‍ ഭൂരിഭാഗവും കത്തോലിക്കാ സഭയുടെ വിശ്വാസമനുസരിച്ചാണ് ജീവിക്കുന്നതെങ്കിലും പെന്തക്കോസ്ത് വിഭാഗത്തിലേക്ക് മാറുന്നവരുമുണ്ട്.
ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് പെന്തക്കോസ്ത് വിഭാഗത്തിനുണ്ടാകുന്നതെന്നത് ഇതിന് തെളിവായി കെസിആര്‍എം ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക, ലൈംഗീക അരാജകത്വവും പൗരോഹിത്യ മേധാവിത്വവുമാണ് കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരായ വിശ്വാസികളുടെ പ്രതിഷേധത്തിന് കാരണം. വിവാഹം, ആദ്യകുര്‍ബ്ബാന പോലുള്ള കൂദാശ കര്‍മ്മങ്ങള്‍ക്കും പള്ളി നിര്‍മ്മാണത്തിനും ഭീമമായ സാമ്പത്തിക ഭാരം സഭാ നേതൃത്വം അടിച്ചേല്‍പ്പിക്കുന്നു. പണം നല്‍കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിന് പുറമെ കോട്ടയം രൂപതയില്‍ മറ്റ് രൂപതകളില്‍പ്പെട്ടവരുമായുള്ള വിവാഹം വിലക്കുന്ന രക്തശുദ്ധി വാദത്തിനെതിരെ വിശ്വാസികള്‍ പ്രതിഷേധത്തിന്റെ പാതയിലാണ്. എതിരഭിപ്രായം ഉയര്‍ത്തുന്നവരെ പുറത്താക്കുന്നതിന് പകരം വിമര്‍ശനങ്ങള്‍ പരിശോധിക്കണമെന്നാണ് കെസിആര്‍എമ്മിന്റെ ആവശ്യം.
 

1 comment:

  1. മാംസത്തിലൂന്നിയ പോഴത്തങ്ങൾ.
    ഒക്ടോബർ 15 ന് പുത്തൻ കുർബാന എന്നും പറഞ്ഞ് ഒരു ക്ഷണക്കത്ത് മേശപ്പുറത്ത് കിടക്കുന്നു. എന്റെ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുവിൻ എന്നാണ് കട്ടിയിൽ എഴുതിയിരിക്കുന്നത്. സ്വർണത്തളികയും സ്വർണക്കപ്പും പടമായി മുദ്രണം ചെയ്തിരിക്കുന്നു. ഇത്തരത്തിൽ പുത്തന്കുര്ബാനയുടെ കുറികൾ അടിച്ച് വിതരണം ചെയ്യുന്ന പുത്തൻ പുരോഹിതർ അല്പമൊക്കെ ചിന്തിക്കണ്ടേ? ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക എന്ന് വാക്കുകൾ സംസ്കൃതമാക്കിയെന്നുവച്ച് ആശയത്തിലെ വിഡ്ഢിത്തം കുറയുന്നില്ല. പത്തു കൊല്ലത്തിലേറെ പുരോഹിതജോലിക്കായി പഠിച്ചിട്ടും എന്തുകൊണ്ട് ഇവരുടെ മസ്തിഷ്കം പ്രവർത്തിക്കുന്നില്ല? എന്തുകൊണ്ട് പണ്ടെങ്ങോ ഒരിക്കൽ എഴുതിവച്ചതിന്റെ ഉൾപൊരുൾ ഇവർക്ക് കൈമോശം വന്നുപോകുന്നു? ഏതു യുഗത്തിലാണ് ഇവരൊക്കെ ജീവിക്കുന്നത്? ഇതൊക്കെയാണ് ഈ കുറി കാണുമ്പോൾ ചിന്തിച്ചുപോകുന്നത്. ഗോമാതാവിനെവച്ച് ഒരു രാജ്യത്തെ നശിപ്പിക്കുന്ന കൂട്ടരെ പഴിക്കുമ്പോൾ, സ്വന്തം മതത്തിന്റെ പൊട്ടത്തരങ്ങൾ തിരുത്തണമെന്ന വിവേകം എന്തുകൊണ്ട് ഉദിക്കുന്നില്ല?

    സഭ വിട്ടുപോയവർ തിരിച്ചുവരേണ്ടത് പഴയ ചട്ടക്കൂട്ടിലേയ്ക്ക് തന്നെയോ അതോ പുനർനിവചനങ്ങൽ അനുവദിക്കുന്ന ഒരു കൂട്ടായ്മയിലെയ്ക്കോ എന്നത് ചിന്തനീയമാണ്.

    ReplyDelete