Translate

Sunday, November 8, 2015

സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉണര്‍ത്തുന്ന ചിന്തകള്‍

ജോര്‍ജ് മൂലേച്ചാലില്‍

2015 ഒക്ടോബര്‍ലക്കം സത്യജ്വാലയിലെ എഡിറ്റോറിയല്‍

കേരളത്തിലെ കന്യാസ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നു വീണ്ടും തെളിയിക്കുന്നു, പാലാ ലിസ്യൂ കോണ്‍വെന്റില്‍ സെപ്തം. 17-നു നടന്ന സിസ്റ്റര്‍ അമലയുടെ കൊലപാതകവും, തുടര്‍ന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന സമാനസംഭവകഥകളും. മഠാധികൃതരും സഭാധികൃതരുംചേര്‍ന്നു മൂടിവച്ചിരുന്ന എത്രയോ അനിഷ്ടസംഭവങ്ങളാണ് ഈ കൊലക്കേസിനേത്തുടര്‍ന്ന് വെളിവായിക്കൊണ്ടിരിക്കുന്നത്!
ഇക്കഴിഞ്ഞ ഏപ്രില്‍ 17-നു ചേറ്റുതോടു മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെടുകയായിരുന്നെന്ന് അവരെ കൊന്ന, സിസ്റ്റര്‍ അമലാകൊലക്കേസ് പ്രതി സതീഷ് ബാബു ഏറ്റുപറയുന്നതുവരെ പുറത്താരും അറിഞ്ഞിരുന്നില്ല. അതിനൊരാഴ്ച മുമ്പ് ഭരണങ്ങാനം സ്‌നേഹഭവനിലെ എത്സിക്കുട്ടി എന്ന അന്തേവാസിയെ കൈക്കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച കാര്യവും ഈ പ്രതിതന്നെ പറഞ്ഞാണ് പുറംലോകം അറിഞ്ഞത്. രണ്ടുവര്‍ഷം മുമ്പ് പാലാ രൂപതയില്‍ത്തന്നെയുള്ള മറ്റൊരു സിസ്റ്ററിന്റെ തലയ്ക്കടിച്ചു പരിക്കേല്പിച്ച കാര്യം ഇതേ പ്രതി ഏറ്റുപറഞ്ഞതിനേത്തുടര്‍ന്ന്, പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ പോലീസ്‌സംഘം അന്വേഷിച്ചുചെല്ലുകയും, രേഖകളില്‍നിന്ന് വീഴ്ചയില്‍ തലയ്ക്കു പരിക്കുപറ്റിയതാണെന്നു പറഞ്ഞു ചെന്ന ഒരു സിസ്റ്റര്‍ അവിടെ ചികിത്സിക്കപ്പെട്ടതായി കണ്ടെത്തുകയും ചെയ്തു എന്നും അറിവായിട്ടുണ്ട്. പാലായിലെയും സമീപപ്രദേശങ്ങളിലെയും മൂന്നു മഠങ്ങളിലും, കൂത്താട്ടുകുളം വടകരയിലുള്ള മഠത്തിലും ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ സമാനമായ ആക്രമണങ്ങളുണ്ടായതായി പോലീസ് പറയുന്നതും സിസ്റ്റര്‍ അമലയുടെ കൊലപാതകത്തേത്തുടര്‍ന്നാണ്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കന്യാസ്ത്രീമഠങ്ങള്‍ക്കെതിരെ 15-ഓളം ആക്രമണങ്ങളുണ്ടായി എന്നും, ഇവയ്ക്കു പിന്നില്‍ രഹസ്യഅജണ്ടയോ സംഘടിതആസൂത്രണമോ ഉണ്ടോ എന്നന്വേഷിക്കണമെന്നും സഭാവക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ആവശ്യപ്പെട്ടതും ഈ സംഭവത്തേത്തുടര്‍ന്നു മാത്രമാണ്...
ഇതെല്ലാം തെളിയിക്കുന്നത്, മഠാധികൃതരും രൂപതാധികൃതരും മഠങ്ങള്‍ക്കുള്ളില്‍ നടക്കുന്ന അനിഷ്ടസംഭവങ്ങളും പീഡനങ്ങളും മാത്രമല്ല, മഠങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ പുറമേനിന്നു നടക്കുന്ന ആക്രമണങ്ങള്‍പോലും പുറത്തറിയാതിരിക്കാനാണ് ഇക്കാലമത്രയും ശ്രമിച്ചത് എന്നാണ്.
ചേറ്റുതോട് മഠത്തിലെ കൊലപാതകവും മഠാധികൃതര്‍ മറച്ചുവയ്ക്കുകയാണുണ്ടായതെന്ന് അവിടുത്തെ മദറിന്റെ വാക്കുകള്‍ക്കിടയിലൂടെ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. അവര്‍ പറയുന്നു: ''...മുറിയില്‍നിന്ന് ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.... സിസ്റ്റര്‍ ജോസ് മരിയയുടെ മുറിയിലെത്തിയപ്പോള്‍ സിസ്റ്റര്‍ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതാണു കണ്ടത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തമുണ്ടായിരുന്നു. മഠത്തോടുചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ എവിടെയെങ്കിലും തലയിടിച്ചു വീണതാകാമെന്നാണു കരുതിയത്. അതിനാലാണ് പോലീസില്‍ പരാതി നല്‍കാതിരുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ സിസ്റ്റര്‍ മരണമടഞ്ഞു'' (മംഗളം പത്രം: സെപ്തം. 30). എവിടെയെങ്കിലും തലയിടിച്ചു വീണതായിരുന്നെങ്കില്‍, അനക്കമില്ലാതായ ആ ശരീരം കട്ടിലിലെങ്ങനെയെത്തി; വീണിടത്തുതന്നെയാകുമായിരുന്നില്ലേ അതു കാണുക? സിസ്റ്റര്‍ ജോസ് മരിയയുടേത് ഒരു സ്വാഭാവികമരണമാകാനിടയില്ലെന്ന സംശയം മഠത്തിലെ ഒരു സിസ്റ്ററിനുപോലും തോന്നിയില്ലെന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്! അവരുടേത് സ്വാഭാവികമരണമാക്കുന്നതിനാകാം, ആശുപത്രിയിലെത്തിക്കാന്‍ അവര്‍ മിനക്കെടാഞ്ഞത് എന്നുതന്നെ ഇവിടെ സംശയിക്കേണ്ടിയിരിക്കുന്നു. അവരുടെ വീട്ടുകാര്‍ മറിച്ചു സംശയിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വനീക്കമായി വേണം, സ്വന്തം ആങ്ങളയെയും ഒരു സിസ്റ്റര്‍തന്നെയായ അനിയത്തിയെയും മൃതശരീരത്തോടൊപ്പം ആംബുലന്‍സില്‍ കയറ്റാതിരുന്നതിനെ കാണാന്‍...
സിസ്റ്റര്‍ അമലയുടെ കൊലപാതകവും ഒരു സ്വാഭാവികമരണമാണെന്നു വരുത്തിത്തീര്‍ക്കാനാണ് ലിസ്യൂ മഠാധികൃതര്‍ ആദ്യം ശ്രമിച്ചതെന്ന് വിശ്വസനീയമായി അറിയുന്നു. രക്തത്തില്‍ക്കുളിച്ചു നിലത്തുകിടന്ന മൃതശരീരം വൃത്തിയാക്കി വസ്ത്രങ്ങള്‍ മാറ്റി കട്ടിലില്‍ കയറ്റിക്കിടത്തിയിട്ടുമാത്രം ഡോക്ടറെ വിളിച്ചതിന്റെ ഉദ്ദേശ്യം വേറെന്താകാനാണ്! സ്വന്തം ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിലെ ഡോക്ടറായതിനാല്‍ സ്വാഭാവികമരണമായി സ്ഥിരീകരിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും വിചാരിച്ചുകാണണം. അതു നടക്കാതെ വന്നതിനേത്തുടര്‍ന്നാണ് മഠാധികൃതര്‍ക്കു നിലപാടു മാറ്റേണ്ടി വന്നതും, പോലീസിനെ വിവരമറിയിക്കാനും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു വിട്ടുകൊടുക്കാനും തീരുമാനിക്കേണ്ടിവന്നതും എന്നാണു കേള്‍ക്കുന്നത്.
ഇതെല്ലാം ശരിയെങ്കില്‍, മഠത്തിനുള്ളില്‍ എന്തനിഷ്ടസംഭവമുണ്ടായാലും അതു ഗോപ്യമാക്കി വയ്ക്കുന്ന ഒരു സമ്പ്രദായം മഠങ്ങളിലെല്ലാംതന്നെ നിലനില്‍ക്കുന്നുവെന്നുവേണം മനസ്സിലാക്കാന്‍. പക്ഷേ, മഠത്തിലുള്ള കന്യാസ്ത്രീകള്‍ സ്വന്തം നിലയില്‍ സ്വീകരിക്കുന്ന ഒരു നടപടിയായി ഇതിനെ കാണാന്‍ കഴിയില്ല. അനുസരണവ്രതം സൃഷ്ടിക്കുന്ന അടിമത്തത്തില്‍ സ്വതന്ത്രബുദ്ധിയും സ്വയം തീരുമാനങ്ങളെടുക്കാനാവശ്യമായ വ്യക്തിത്വവും ധീരതയും നഷ്ടപ്പെട്ട കന്യാസ്ത്രീസമൂഹം, നിയമവിരുദ്ധവും തങ്ങളുടെ സുരക്ഷിതത്വത്തിനുതന്നെ ഹാനികരവുമായ അത്തരം തീരുമാനങ്ങള്‍ സ്വയം എടുക്കുമെന്നു കരുതാനാവില്ല. തങ്ങളുടെകീഴില്‍ എല്ലാം ഭദ്രം എന്നു വരുത്തിത്തീര്‍ക്കാന്‍ രൂപതാധികാരികളായിരിക്കണം, വാക്കാലുള്ള നിര്‍ദ്ദേശങ്ങളിലൂടെ, അവരെക്കൊണ്ട് ഇപ്രകാരം കാര്യങ്ങള്‍ നടത്തിക്കുന്നത്.
പാലായില്‍ നടന്ന സംഭവങ്ങള്‍ പരിശോധിച്ചാലും രൂപതാധികാരമാണ് എല്ലാറ്റിനും ചുക്കാന്‍പിടിച്ചതെന്ന നിഗമനത്തിലേ ആര്‍ക്കും എത്താനാകൂ. സിസ്റ്റര്‍ അമല കൊല്ലപ്പെട്ടുകിടക്കുന്നതു കണ്ടയുടനെ ആ വിവരം മഠാധികൃതര്‍തന്നെ പാലാ പോലീസ്‌സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നുവല്ലോ വേണ്ടിയിരുന്നത്. പക്ഷേ, ലിസ്യൂ മഠത്തില്‍നിന്നും ഒരു വിളിപ്പാടകലംമാത്രമുള്ള പാലാ പോലീസ് സ്റ്റേഷനില്‍ വിവരമറിഞ്ഞത് എര്‍ണാകുളം റേഞ്ച് ഐ.ജിയുടെ ഓഫീസില്‍ നിന്നായിരുന്നുവത്രേ! അതായത്, മന്ത്രി കെ.എം. മാണി ആവശ്യപ്പെട്ടതനുസരിച്ച് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പോലീസന്വേഷണം ആരംഭിച്ചത് എന്നാണു പത്രവാര്‍ത്തകളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. മന്ത്രി കെ.എം. മാണിയെ ബന്ധപ്പെട്ടത്, തീര്‍ച്ചയായും മഠത്തില്‍ നിന്നായിരിക്കാനിടയില്ല; അതു രൂപതാ ആസ്ഥാനത്തുനിന്നാകാനാണു സാധ്യത. ഇതു ശരിയെങ്കില്‍, മഠാധികൃതര്‍ ആദ്യം രൂപതാധികാരികളെയാണു വിവരമറിയിച്ചതെന്നും അവിടെനിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് രക്തത്തില്‍ കുളിച്ചു തറയില്‍ കിടന്നിരുന്ന സിസ്റ്ററിന്റെ ശരീരത്തിലെ രക്തക്കറയെല്ലാം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ച് കട്ടിലില്‍ക്കിടത്തി ഡോക്ടറെ വിവരമറിയിച്ചതെന്നും കരുതാന്‍ എല്ലാ ന്യായവുമുണ്ട്. തീര്‍ച്ചയായും, മൃതദേഹം വൃത്തിയാക്കിയും അതിനു സ്ഥാനചലനം വരുത്തിയും ക്രുരമായ ഒരു കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ കന്യാസ്ത്രീകള്‍ ധൈര്യം കാട്ടുമായിരുന്നില്ല.
മറ്റാരെങ്കിലുമായിരുന്നു, ലിസ്യൂ മഠത്തിലെ കന്യാസ്ത്രീകള്‍ ചെയ്തതുപോലെ, ഇത്ര ഭീകരമായ ഒരു കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കുക. ഇന്ത്യന്‍ ശിക്ഷാ
നിയമം (1ജഇ) 201-ാം വകുപ്പുപ്രകാരം വധശിക്ഷ അര്‍ഹിക്കുന്ന ഒരു കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കുന്നത് 7 വര്‍ഷംവരെ തടവും പിഴയും, ശിക്ഷാര്‍ഹത ജീവപര്യന്തമെങ്കില്‍ 3 വര്‍ഷംവരെ തടവും പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ്. 202-ാം വകുപ്പുപ്രകാരം വിവരം പോലീസില്‍ അറിയിക്കാതിരിക്കുന്നതും കുറ്റകൃത്യമാണ്.... മറ്റാരെങ്കിലുമായിരുന്നു ഈ തെളിവു നശിപ്പിക്കല്‍ നടത്തിയിരുന്നതെങ്കില്‍ തീര്‍ച്ചയായും അയാളെ ഉടന്‍തന്നെ അറസ്റ്റുചെയ്യുകയും കേസു ചാര്‍ജ്ജുചെയ്യുകയും ചെയ്‌തേനെ. പാലായില്‍ അങ്ങനെ സംഭവിക്കാത്തതില്‍നിന്നും, മത-രാഷ്ട്രീയശക്തികള്‍ കൈകോര്‍ത്തുനിന്ന് നിയമത്തെ മറികടക്കുകയാണു ചെയ്തതെന്നു കരുതേണ്ടിയിരിക്കുന്നു. പക്ഷേ, പ്രത്യക്ഷത്തില്‍ പോലീസധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിയമലംഘനമാ
ണിത്. IPC- 166A പ്രകാരം, 6 മാസം മുതല്‍ 2 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൃറ്റകൃത്യമാണത്. പ്രതിയെ കണ്ടെത്തുന്നതില്‍ പോലീസധികാരികള്‍ കാണിച്ച ശുഷ്‌ക്കാന്തിയെയും കാര്യക്ഷമതയെയും അഭിനന്ദിക്കുമ്പോള്‍ത്തന്നെ, അവരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.
തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയും നശിപ്പിക്കുകയും ചെയ്ത രൂപതാധികാരികളുടെയും മഠം അധികൃതരുടെയും ചെയ്തികള്‍ മൂടിവയ്ക്കാനുദ്ദേശിച്ചായിരുന്നിരിക്കണം, സഭാവക്താക്കളെയും അഗഇഇ, ഗഇഥങ, മാതൃവേദി മുതലായ സഭയുടെ ആജ്ഞാനുവര്‍ത്തിപ്രസ്ഥാനങ്ങളെയും രംഗത്തിറക്കി മഠങ്ങള്‍ക്കുനേരെ പരക്കെ ആക്രമണങ്ങള്‍ നടക്കുന്നുവെന്നു പ്രസ്താവനയിറക്കിയതും അത് ആസൂത്രിതമാണോ അതിനുപിന്നില്‍ രഹസ്യഅജണ്ടയുണ്ടോ എന്നും മറ്റും വര്‍ഗ്ഗീയസൂചനകളോടെ ആരോപണങ്ങളുന്നയിച്ചതും കുറ്റക്കാരെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതും എന്നു സംശയിക്കണം. കുറ്റം തെളിയിക്കാനും കുറ്റക്കാരെ കണ്ടെത്താനും ആഗ്രഹമുണ്ടായിരുന്നെങ്കില്‍, തെളിവു നശിപ്പിച്ചവര്‍ക്കെതിരെയായിരുന്നില്ലേ അവര്‍ ആദ്യം വിരല്‍ ചൂണ്ടേണ്ടിയിരുന്നത്. സംഭവദിവസം രാത്രി 11.30-ന് സിസ്റ്റര്‍ ജസീന്താനോ അജ്ഞാതനായ ഒരാളെ മഠത്തിനു സമീപം കണ്ടിരുന്നതാണ്. അക്കാര്യം മറച്ചുവയ്ക്കാതെ പോലീസിനെ അറിയിച്ചിരുന്നെങ്കില്‍ത്തന്നെ ഇങ്ങനെയൊരു ദുരന്തസംഭവം ഉണ്ടാവില്ലായിരുന്നു. മെത്രാന്‍നിയന്ത്രിതസംഘടനകള്‍ക്ക് ഇതൊന്നും കാണാനുള്ള കണ്ണുണ്ടാവില്ലല്ലോ.
മഠത്തിനുള്ളിലുള്ള കന്യാസ്ത്രീകള്‍ക്കോ പുറത്തുള്ള വൈദികര്‍ക്കോ സംഭവവുമായി ബന്ധമുണ്ടെങ്കില്‍, തെളിവുകള്‍ നശിപ്പിക്കുന്നതും കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതും അന്വേഷണവഴി വ്യതിചലിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതുമൊക്കെ സ്വാഭാവികമാണെന്നു മനസ്സിലാക്കാം. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലാത്തപ്പോള്‍പ്പിന്നെ എന്തിനിവര്‍ കുറ്റവാളികളെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കാവില്ല. അതുകൊണ്ടവര്‍ ന്യായമായും മറിച്ചു സംശയിക്കുകയും സാധ്യമായ രീതികളിലൊക്കെ ഈഹാപോഹങ്ങള്‍ നടത്തുകയും ചെയ്യും. സിസ്റ്റര്‍ അമലയുടെ കൊലപാതകത്തെത്തുട
ര്‍ന്നും ഇത്തരം ധാരാളം ഊഹാപോഹകഥകള്‍ മെനയപ്പെട്ടു. അച്ചന്മാര്‍ രാത്രികാലങ്ങളില്‍ മഠത്തില്‍ വന്നുപോകാറുണ്ടായിരുന്നെന്നും സിസ്റ്റര്‍ അമല അതിനൊരു തടസ്സമായിരുന്നതിനാല്‍ അവരെ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നുമാണ് അതിലൊന്ന്. കുറ്റക്കാരനെന്നു പോലീസുകാര്‍ തുടക്കത്തിലേതന്നെ സംശയിച്ച സതീഷ് ബാബുവിന് ക്വൊട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട് എന്നറിഞ്ഞപ്പോള്‍, സിസ്റ്റര്‍ അമലയെ അപായപ്പെടുത്താന്‍ തല്പരകക്ഷികള്‍ അയാള്‍ക്കു ക്വൊട്ടേഷന്‍ കൊടുത്തതായിരിക്കാം എന്ന നിഗമനത്തിലും പലരും എത്തിച്ചേര്‍ന്നു. മഠത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍മ്മല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടു നടന്ന ഏതോ വലിയ അഴിമതി തടയാന്‍ ശ്രമിക്കുകയോ, സഭയുടെ പ്രൊവിന്‍ഷ്യാളായ സ്വന്തം ചേച്ചിയെ വിവരമറിയിക്കുമെന്നു താക്കീതു നല്‍കുകയോ ചെയ്തതിന് അവരെ വകവരുത്തുകയായിരുന്നു എന്നതായിരുന്നു, മറ്റൊരു കഥ. മഠത്തിലെ അന്തേവാസികളുടെ പൊതു വികാരം, ഇതില്‍ ഏതു കാര്യത്തിലാ യാലും, സിസ്റ്റര്‍ അമലയ്ക്ക് എതിരായിരുന്നതിനാലായിരിക്കാം, നിലവിളി കേട്ടിട്ടും അവരാരും ഓടിയെത്തുകയോ ബഹളം വയ്ക്കുകയോ ഒന്നും ചെയ്യാഞ്ഞതും, 'കേട്ടില്ല' എന്ന നിലപാടില്‍ എല്ലാവരും യോജിച്ചുനിന്നതും എന്ന് ന്യായമായും അവര്‍ കരുതി. പ്രതി സതീഷ് ബാബു കന്യാസ്ത്രീകളുടെ പ്രത്യേകം ക്ഷണിതാവായിരുന്നു എന്നുവരെ കഥകളുണ്ടാക്കി ജനങ്ങള്‍ അടക്കംപറഞ്ഞു.. ഇതിനെല്ലാം കാരണക്കാര്‍, കന്യാസ്ത്രീമഠങ്ങളിലോ സഭയിലോ എന്തനര്‍ത്ഥം സംഭവിച്ചാലും യാതൊരു വിവേചനബുദ്ധിയുമില്ലാതെ അതെല്ലാം മൂടിവയ്ക്കാന്‍ തത്രപ്പെടുന്ന മഠാധികൃതരും രൂപതാധികാരികളും മാത്രമാണ്. വടക്കേ ഇന്ത്യയിലോ മറ്റോ ആയിരുന്നു ഇങ്ങനെയൊരു കന്യാസ്ത്രീ കൊല്ലപ്പെട്ടിരുന്നതെങ്കില്‍, കേരളത്തിലെ കത്തോലിക്കാസ്ഥാപനങ്ങള്‍ അടച്ചിടുന്നതടക്കം എന്തെല്ലാം ഭൂകമ്പങ്ങളാകുമായിരുന്നു ഇവിടെ അരങ്ങേറുമായിരുന്നത് എന്നറിയാവുന്ന പൊതുജനം, സിസ്റ്റര്‍ അമലയുടെ മരണത്തില്‍ കേരളത്തിലെ മെത്രാന്മാര്‍ അവലംബിച്ച മൗനത്തിലും അവരുടെ മൂടിവയ്ക്കല്‍ വ്യഗ്രതയിലും സ്വാ ഭാവികമായും ദുരര്‍ത്ഥങ്ങള്‍ ചികഞ്ഞു എന്നു മാത്രം.
അറിവായിടത്തോളം കാര്യങ്ങള്‍ വച്ചുനോക്കിയാല്‍, ഇപ്പോള്‍ പിടിക്കപ്പെട്ട പ്രതി പാലാ രൂപതാതിര്‍ത്തിയിലെ മഠങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ കൊല പാതകങ്ങളും ആക്രമണങ്ങളും മോഷണങ്ങളും ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളൂ എന്നു കാണാം. രണ്ടുവര്‍ഷം മുമ്പ് തലയ്ക്കു പരിക്കുപറ്റിയ കന്യാസ്ത്രീ, വീണു പരിക്കുപറ്റിയതാണെന്നു കളവുപറയാതെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടറോട് സത്യം പറയുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നെങ്കില്‍  തീര്‍ച്ചയായും വിദഗ്ദ്ധരായ കേരളാപോലീസിന്റെ കൈകളില്‍ ദിവസങ്ങള്‍ക്കകം പ്രതി കുടുങ്ങിയേനേ.
തൂമ്പാകൊണ്ടും കോടാലികൊണ്ടുംമറ്റും തലയ്ക്കു പ്രഹരമേല്‍ക്കുന്ന കന്യാസ്ത്രീമാരെല്ലാം തങ്ങള്‍ വീണു പരിക്കു പറ്റുന്നതാണെന്നു കരുതുന്നതിന്റെയും പോലീസില്‍ പരാതിപ്പെടേണ്ടതില്ല എന്നു തീരുമാനിക്കുന്നതിന്റെയും പിന്നിലുള്ള പ്രേരണ എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. തനിക്കെതിരെ ഒരു പരാതിപോലും ആരും നല്‍കുന്നില്ല എന്നും, വാദികളാകേണ്ടവര്‍തന്നെ തനിക്കു രക്ഷപ്പെടാന്‍ പാകത്തില്‍ തെളിവുകള്‍ മറച്ചുവയ്ക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നുമുള്ള അറിവായിരിക്കണം, മോഷണത്തിന് കന്യാസ്ത്രീമഠങ്ങളെത്തന്നെ കേന്ദ്രീകരിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അല്ലാതെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ, 'കന്യാസ്ത്രീകളോടുള്ള പ്രത്യേക മനോഭാവ'മൊന്നും ആയിരിക്കാനിടയില്ല. സകലതും മൂടിവച്ച്, 'എല്ലാം ഭദ്ര'മെന്നു തോന്നിപ്പിക്കാനുള്ള രൂപതകളുടെയും അതിനു വിധേയപ്പെടുന്ന കന്യാസ്ത്രീമഠങ്ങളുടെയും നയം ഇനിയും ഇങ്ങനെ തുടരുന്നപക്ഷം, ഒരു സതീഷ് ബാബുവിനുപകരം നൂറു സതീഷ് ബാബുമാര്‍ തങ്ങളുടെ മോഷണശ്രമങ്ങള്‍ കന്യാസ്ത്രീമഠങ്ങളെന്ന സുരക്ഷിമേഖലയിലേക്കു മാറ്റിയേക്കാനിടയുണ്ട്.
ഒട്ടേറെ മാനസികസംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കുമൊപ്പം, മഠങ്ങളില്‍ തങ്ങള്‍ സുരക്ഷിതരല്ല എന്നൊരു ഭീതിയുടെകൂടി പിടിയിലായിരിക്കുകയാണിപ്പോള്‍, കേരളത്തിലെ കന്യാസ്ത്രീകള്‍. ഈ സാഹചര്യം എത്രയുംവേഗം മാറ്റേണ്ടതുണ്ട്. അതിന് ഒന്നാമതായി വേണ്ടത്, തങ്ങളുടെ കാര്യങ്ങളില്‍ സ്വയം കൂടിയാലോചിച്ചു തീരുമാനമെടുത്തു നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും സ്വയംനിര്‍ണ്ണയാവകാശവും ഓരോ സന്ന്യാസിനീസഭയും നേടിയെടുക്കുക എന്നതാണ്. അങ്ങനെവന്നാല്‍, സ്വന്തം സുരക്ഷിതത്വത്തെ തുരങ്കംവയ്ക്കുന്ന തെളിവു നശിപ്പിക്കല്‍പോലത്തെ നിയമനിഷേധങ്ങള്‍ ഒരു സന്ന്യാസിനീസമൂഹവും നടത്തുക
യില്ല. എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും, പോലീസില്‍ പരാതിപ്പെടുകയോ നിയമാധിഷ്ഠിതമായി നീങ്ങുകയോ ചെയ്യാന്‍ സ്വാഭാവികമായും അവര്‍ തയ്യാറാകുകയുംചെയ്യും. കുറഞ്ഞപക്ഷം, പുരുഷന്മാരുടെ സന്ന്യാസസമൂഹങ്ങള്‍ക്കുള്ളത്ര സ്വാതന്ത്ര്യവും അവകാശങ്ങളും സന്ന്യാസിനീസമൂഹങ്ങള്‍ക്കും ഉണ്ടാകേണ്ടതുണ്ട്. മഠങ്ങളെ തങ്ങളുടെ വിധേയത്വത്തില്‍ നിലനിര്‍ത്തുകയെന്ന നയത്തില്‍നിന്ന് രൂപതാധികൃതരും മാറേണ്ടതുണ്ട്.
ഇതൊക്കെ സംഭവിക്കണമെങ്കില്‍, രാഷ്ട്രനിയമത്തിനു വിധേയരായി പ്രവര്‍ത്തിക്കാന്‍, എല്ലാ പൗരന്മാരെയുംപോലെ മതാധികൃതരും മഠാധികൃതരും നിര്‍ബ്ബന്ധിതരാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം. നിയമം എല്ലാവര്‍ക്കും ഒരുപോലെയാകണം. കൊലപാതകം സ്വാഭാവികമരണമാക്കാന്‍ ഗൂഢാലോചന നടത്തുന്നവര്‍ക്കും തെളിവുകള്‍ നശിപ്പിക്കു ന്നവര്‍ക്കുമെതിരെ  മുഖം നോക്കാതെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും നിയമസംവിധാനത്തിനും ഭരണകര്‍ത്താക്കള്‍ക്കുമുണ്ടാകണം. അതിന്‍പ്രകാരം, സിസ്റ്റര്‍ അമലാ കൊലക്കേസ് തേച്ചുമായ്ച്ചുകളയാന്‍ ശ്രമിച്ചവര്‍ക്കെതിരെ, അവര്‍ കന്യാസ്ത്രീ ആയാലും വൈദികനോ മെത്രാനോ ആയാലും എല്ലാവരും ചേര്‍ന്നായാലും, നിയമനടപടികള്‍ സ്വീകരിക്കേണ്ടത് ഇന്ന് അവശ്യം ആവശ്യമായിരിക്കുന്നു.
-എഡിറ്റര്‍

1 comment:

  1. 'കാര്യത്തെ' ഓർത്തു വ്യാകുലപ്പെടാതെ, കാര്യത്തിന് ഉപാധിയായ 'കാരണത്തെ' കണ്ടെത്താൻ ബുദ്ധിയുള്ളവർ ശ്രമിക്കുകയും ; ആ 'കാരണത്തെ' ഒരിക്കലായി ഇല്ലാതാക്കുകയും ചെയ്യുകയാണ് വേണ്ടത് ! കന്യകകൾ ഇല്ലാത്ത "കന്യാസ്ത്രീമാടങ്ങളിലെ" അറുംകൊലകളെയും അത് നടപ്പിലാക്കുന്ന പാതിരിപ്പടയെയും ചൊല്ലി കാലമിന്നു വിലപിക്കുന്നതിനു പകരം, "പ്രാർഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതേ" എന്നാത്തിരുവചനം നമ്മുടെ പിതാക്കന്മാർ ഒന്നനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെനേം ..? അവനെ അനുസരിക്കാതെ നാം പ്രാർഥിക്കാൻ തലമുറകളായി എന്നും പള്ളിയിൽ പോയി! ഇവിടെ കുഴച്ചിലു തുടങ്ങി ! പണ്ട് കേരളത്തിൽ നമ്പൂതിരി കയറുന്ന നായരുവീടുകളെ "അച്ചിവീടെന്നു" വിളിക്കുന്നതിൽ അഭിമാനം കൊണ്ട നായരു പുങ്കന്മാരെപ്പോലെ, നമ്മുടെ പൂര്വീകന്മാർ നമ്മുടെ പെണ്‍പെരുമയെ കത്തനാരുടെ "വെപ്പാട്ടിമാരാക്കി" കുടുംബത്തിനു 'മാനം' കയറ്റി (സ്വർഗത്തിലിരിക്കുന്ന പാവം കർത്താവിനീ നാറുന്ന പെണ്ണിനെ എന്നാത്തിനാണെന്നു കൂടി ഒന്ന് ചിന്തിച്ചില്ല ) ! അങ്ങിനെ കത്തനാരുടെ അടിമകളായി നാം, നാംപോലും അറിയാതെ മാറിപ്പോയി ! സഭയും സഭയുടെ മാനവും , ആക്കൂട്ടത്തിൽ ക്രിസ്തീയതയും കാലത്തിന്റെ കുത്തൊഴുക്കിൽ മുങ്ങിപ്പോകുന്നത് കരയിലിരുന്നു കണ്ടു കണ്ണീരൊഴുക്കാനല്ലാതെ നമുക്കിനിയും ഒന്നും തന്നെ സാധ്യമല്ല! കാരണം ,പള്ളിയില്പോയില്ലെങ്കിൽ നമുക്കും ശ്വാസം മുട്ടും !!

    ReplyDelete