Translate

Tuesday, November 17, 2015

കത്തോലിക്കാസഭയിലെ സ്വതന്ത്രചിന്തകൾ - R. I. P.

സഭാസിദ്ധാന്തങ്ങളെ മുറുകെ പിടിക്കുന്നതിനും സഭാധികാരികളുടെ സ്വേച്ഛാധിപത്യഭരണം യഥേഷ്ടം തുടരുന്നതിനുമാണ് കത്തോലിക്കാ സഭാംഗങ്ങൾക്ക്‌ സ്വതന്ത്രമായി ചിന്തിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്താൻ അനുവദിക്കാത്തതെന്ന കാര്യം വ്യക്തമാണ്. വ്യക്തികളുടെ അഭിപ്രായങ്ങളെ നിശബ്ദമാക്കുന്നത് തെറ്റാണ്.
മറ്റുള്ളവരുടെ കാഴ്ചപ്പാടിനെ നാം ബഹുമാനപൂർവ്വം കാണണം. മറ്റുള്ളവർ എങ്ങനെ ചിന്തിക്കണം, പറയണം, എഴുതണം എന്ന കാര്യത്തിൽ എതിർക്കുന്നവർക്ക് അപ്രമാദിത്വ പിന്തുണയുണ്ടെന്ന് അവർ ചിന്തിക്കുന്നു. ഇന്ന് ജനസമ്മതമായ കാഴ്ചപ്പാട് ഭാവി തലമുറയ്ക്ക് അസംഗതമാകാം. ഒരിക്കൽ സഭ ഭൂമി പരന്നതാണന്ന് വിശ്വസിച്ചിരുന്നു. പിന്നീടത് പരിഹാസ്യമായി. ഒരിക്കൽ അടിമത്തം ധാർമികമാണെന്ന് സഭ കരുതിയിരുന്നു. അതേസമയംതന്നെ എല്ലാമനുഷ്യരും സ്നേഹസ്വരൂപനായ ദൈവത്താൽ സൃഷ്ട്ടിക്കപ്പെട്ടവരാണെന്ന് വിശ്വാസികളെ ഉത്ബോധിപ്പിക്കുകയും ചെയ്തിരുന്നു.




മനുഷ്യജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും നവീനാശയങ്ങൾ, പുത്തൻ തെളിവുകൾ, ശാസ്ത്രീയ അറിവുകൾ, കണ്ടുപിടുത്തങ്ങൾ മുതലായവവഴി പരിവർത്തനങ്ങൾ അനുദിനം സംഭവിക്കുന്നതിനാൽ പഴയകാലത്തെ വിദഗ്ദ്ധർ ഇന്ന് വിവേകരഹിതരായി കാണപ്പെടുന്നു. യേശുവിൻറെ ജീവിതശൈലി സ്ത്രീപൌരോഹിത്യത്തിന് വിഘ്നമാണെന്ന് സഭ ഇന്ന് പഠിപ്പിക്കുന്നു. ഭാവി തലമുറ ഈ തെറ്റ് തിരുത്തും. സഭയിലെ ഏറിയ ശതമാനം വിശ്വാസികളും യുക്തിഭദ്രമായി ചിന്തിക്കാൻ കഴിവില്ലാത്തവരാണ്. അവർ സഭയിലെ ആചാരാനുഷ്ഠാനങ്ങൾകൊണ്ട്‌ തൃപ്തിപ്പെടുന്നു. അത് അവരുടെ ആത്മാക്കളെ രക്ഷിക്കുമെന്നവർ വിശ്വസിക്കുന്നു. യേശുവിൻറെ ജീവിതവഴികളെ സംബന്ധിച്ചു പഠിക്കാൻ അവർക്ക് ഉത്സാഹമില്ല. യേശുപഠനങ്ങളിൽ അവർ അജ്ഞരാണ്. അവർ അജ്ഞതയിൽ തുടരേണ്ടത് പാതിരിമാരുടെ ആവശ്യവുമാണ്.
എല്ലാവരും അവരവരുടെ അഭിപ്രായങ്ങളെ വിമർശനവിധേയമാക്കേണ്ടതാണ്. ചിലപ്പോൾ അതുവഴി തങ്ങളുടെ ചിന്താഗതി തെറ്റാണന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നെന്നിരിക്കാം. അത് വളരെ ശ്ലാഖനീയമാണ്; ഹൃദയഹാരിയാണ്. സഭയിലെ ചില സിദ്ധാന്തങ്ങളെ മുറുകെ പിടിക്കുകയും അവയെ കാത്തുസൂക്ഷിച്ച് സംരക്ഷിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നവർ സിദ്ധാന്തങ്ങളുടെ ശരിയും തെറ്റുമൊന്നും ചിന്തിക്കാറില്ല. മതമേധാവിത്വം എപ്പോഴും ആജ്ഞാപിക്കുകയേയുള്ളൂ. ആജ്ഞ പാലിക്കാത്തവർക്ക് കഠിനശിക്ഷ കണിശമായിരിക്കുകയും ചെയ്യും. ആധുനികകാലത്ത് ദൈവശാസ്ത്രപരമായ തർക്കങ്ങൾ ഇല്ലെന്നുതന്നെ പറയാം. എന്നാൽ ദുഷിച്ച ക്ലേർജികളുടെ അധാർമ്മികമായ പെരുമാറ്റങ്ങൾ സഭാപൌരരെ ചൊടിപ്പിക്കുകയും അവർ ചിലപ്പോൾ വാചാലരാകാറുമുണ്ട്. സഭാധികാരികൾക്ക് അവരുടെ സ്ഥാനം നിലനിർത്തണമെങ്കിൽ അവർക്കെതിരായി ശബ്ദിക്കുന്നവരുടെ വാ മൂടിക്കെട്ടണം.
നമ്മുടെ അഭിപ്രായങ്ങൾ മേല്ക്കുമേൽ നന്നാകണമെങ്കിൽ ജനമദ്ധ്യത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും മറ്റുള്ളവർ അതിലുള്ള തെറ്റുകളെ ചൂണ്ടിക്കാണിക്കുകയും ആവശ്യമാണ്. അഭിപ്രായപ്രകടനങ്ങൾക്ക് മുടക്കുകല്പിച്ചാൽ സംവാദങ്ങൾവഴി തെറ്റിനെ കണ്ടുപിടിക്കാൻ സാധിക്കയില്ല. നിരോധിക്കപ്പെട്ടിട്ടുള്ള അഭിപ്രായം സത്യമെങ്കിൽ സത്യത്തെ അനാവരണം ചെയ്യാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. അതുപോലെ നിരോധിക്കപ്പെട്ടിട്ടുള്ള അഭിപ്രായം അസത്യമെങ്കിൽ അസത്യത്തെ അനാവരണം ചെയ്യാനുള്ള സാദ്ധ്യതയും നഷ്ടപ്പെടുന്നു. രണ്ടായാലും സ്വതന്ത്രനിരൂപണം സത്യത്തിലേയ്കുള്ള കാൽവെപ്പ് മാത്രമാണ്. എഴുത്തുകാരനായ ജോൺ മിൽ പറയുന്നത് എതിർപ്പുകളുടെ അഭാവംമൂലം സത്യം ജീർണിക്കുന്നു എന്നാണ്.
സഭാനവീകരണക്കാർ ഉയർത്തുന്ന പ്രശ്നങ്ങളെ അധികാരികൾ ശ്രവിക്കണം. അവരുടെ ആശയങ്ങൾക്ക് വേണ്ടത്ര പരിഗണന നല്കണം. എങ്കിലെ സഭാപൗരരുടെ ആശയങ്ങളിലെ തെററും ശരിയും തിരിച്ചറിയാൻ കഴിയു. അവരെ വിളിച്ചിരുത്തി സംസാരിക്കാനുള്ള നന്മനസ് കാണിക്കണം. യേശുവചനങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ ഒതുക്കി രാജകീയവേഷധാരികളായി ആഡംബരജീവിതം നയിക്കുന്നവർ യേശുവനുയായികളല്ല. അവർ കോണ്‍സ്റ്ററ്റൈൻ സ്ഥാപിച്ച സഭയുടെ കാവൽക്കാരാണ്.
'എനിക്കീ സ്ഥാനം ദൈവം തന്നു. സുഖിച്ചു ജീവിക്കാം' എന്ന് ചിന്തിക്കുന്നവരാണിവർ. ഈ അഹങ്കാരികളെ വിമർശിച്ചാൽ രാജവെമ്പാലയുടെ സ്വഭാവം കാണിക്കും. പാവം വിശ്വാസികൾ സിംഹത്തിൻറെ പിടിയിൽപെട്ട മാൻപേടെയേപോലെ വിറക്കും. കാരണം സ്വർഗത്തിലേക്കുള്ള താക്കോലിന്റെ കുത്തകാവകാശം ഇവരെ എല്പിച്ചിരിക്കുകയാണല്ലോ. കലികാലമെന്നല്ലാതെ എന്തുപറയാൻ!

4 comments:

  1. മതഗ്രന്ഥങ്ങൾക്ക് അവയുടെ കാലപരിധിയുണ്ട് അത് കഴിഞ്ഞാൽ അവ പഴയതാണെന്ന് ഉപയോഗിക്കുന്നവർ മനസ്സിലാക്കണം. പുതിയ കാലത്ത് പുതിയത് എഴുതി ഉണ്ടാക്കണം, ലൂഥറിന്റെ കാലത്ത് അങ്ങേരു ചെയ്തതുപോലെ. പഴയതിൽ കുനിഞ്ഞിരുന്നു വായിക്കുന്നവരാണ് അരാജകത്വവും വൈര്യവും മതവെറിയും വിളമ്പുന്നത്. അക്കാര്യത്തിൽ എല്ലാ മതങ്ങളും ഒരുപോലെ തെറ്റുചെയ്യുന്നുണ്ട്.
    എല്ലാ മതങ്ങളും സനാതന സത്യങ്ങളുടെ ഉടമകളായി സ്വയം കാണുന്നതുകൊണ്ട് തങ്ങളുടെ വിശ്വാസത്തെയോ മതഗ്രന്ഥത്തെയോ നവീനരീതിയിൽ വിശകലനം ചെയ്യാവുന്ന ഒരു സാഹചര്യം അവർ അനുവദിക്കില്ല. മറ്റു മതങ്ങളെ വിടാം. കത്തോലിക്കാ സഭയുടെ പല അടിസ്ഥാന വിശ്വാസങ്ങളെയും യുക്തിസഹമായി ചോദ്യം ചെയ്താൽ, തുടർന്നും വച്ചുകൊണ്ടിരിക്കാൻ ഒരു കാരണം പോലും കണ്ടെത്താനാവില്ല. അത്ര പ്രാകൃതമായ ബിംബങ്ങളിൽ തറഞ്ഞുപോയവയാണ് അവ. ഇങ്ങനെ ചിന്തിക്കാൻ സഭാമേധാവികൾ ഒരിക്കലും ധൈര്യപ്പെടുകയില്ല. കാരണം, അതിനു പോയാൽ, അവരുടെ ദൈവം പോലും അവരെ സഹായിക്കില്ലെന്ന് അവരിൽ ചിന്താശക്തിയുള്ളവർക്ക് അറിയാം. രണ്ടായിരത്തിൽ പരം വര്ഷം നിലനിന്ന ഒരു സൗധം വീണുപോയാൽ അതിനടിയിൽ പെടുന്നത് അനേകായിരങ്ങളായിരിക്കുമെന്നും അവർക്കറിയാം. അതുതന്നെ അവരുടെ ദൈവവിശ്വാസത്തിന്റെ ഗാധപ്രകൃതത്തെ വെളിപ്പെടുത്തുന്നു.

    എന്നാൽ ഒന്നോർക്കണം. ഫെയ്സ്ബുക്ക് പോലുള്ള സോഷൽ മീഡിയ അന്ധവിശ്വാസത്തിനെതിരെ ഒരു നല്ല പടവാളായി പരിണമിചിട്ടുണ്ട്. നർമം ചേർത്താണെങ്കിലും പലരും പച്ച സത്യം എഴുതാൻ ധൈര്യം കാണിക്കുന്നുണ്ട്. ചെറുപ്പകാരുടെയെങ്കിലും കണ്ണ് തുറക്കാൻ അത് കാരണമാകുകയും ചെയ്യുന്നുണ്ട്.

    മതത്തെപ്പറ്റി പറയുമ്പോൾ, അത് വ്യക്തിപരമായ അവകാശവും പ്രവൃത്തിയും മാത്രമാണെന്ന് തിരുത്താതെ ഇന്നത്തെ ഭാരത സമൂഹത്തിൽ ഒരഭിവൃദ്ധിയും സാദ്ധ്യമല്ല ഇവിടെ ന്യൂന പക്ഷാവകാശം പറഞ്ഞുകൊണ്ട് വരുന്നത് അർഥശൂന്യമാണ്. മതം പ്രാഥമികമായി ദൈവവും വ്യക്തിയുമായുള്ള ബന്ധമാണ്. വ്യക്തിയിൽ നിന്ന് പുറത്തേയ്ക്ക് കടന്നാൽ, അതായത്, ഏതെങ്കിലും സമൂഹം മൊത്തത്തിൽ മതത്തിന്റെ പേരില് ഒന്നായാൽ, തല്ക്ഷണം മതം ഭീകരരൂപം എടുക്കുന്നു. അതാണ്‌ ഇന്ന് നാം അനുഭവിക്കുന്നത്. അതുകൊണ്ട്‌ നിയമം മൂലം എല്ലാ മതത്തിന്റെയും പരിധി നിയന്ത്രിക്കാതെ തരമില്ല. അടിസ്ഥാനപരമായി നോക്കുമ്പോൾ, അവിശ്വസനീയമായ വസ്തുതകൾ വിശ്വസിക്കണമെന്ന് അനുയായികളെ നിർബന്ധിക്കുന്ന രീതി സമൂഹം ഇടപെടുമ്പോഴാണ് ഉണ്ടാവുക. അത്തരം വിശ്വാസങ്ങളാണ് മതങ്ങൾക്ക് പൊലിപ്പും തൊങ്ങലും വച്ച് ബലഹീന ഹൃദയരെ അതിൽ തളച്ചിടുന്നത്. അത് വഞ്ചനയാണ്. ഈ പറഞ്ഞവ നീക്കിക്കളഞ്ഞാൽ എല്ലാ മതങ്ങളും കാതലിൽ ഒന്നാണെന്നും തമ്മിൽ തല്ലാനുള്ള ഒരു വകയും ഒന്നിലുമില്ലെന്നും കണ്ടെത്താം. അത് സാദ്ധ്യമാക്കേണ്ടത് മതനേതൃത്വമാണ്. അനുയായികൾ അതിനുള്ള തന്റേടം കാണിച്ചാൽ അവർ പുറത്താകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. സത്യസന്ധമായ ഒരു മതത്തിന് ചേരാത്തതാണത്. ഈ വിഷയം ചർച്ച ചെയ്യപ്പെടണം.

    ReplyDelete
  2. sneha Ganga
    മതം ഒരു തെറ്റായ ബസ്സ്‌ യാത്ര പോലെയാണ് ,
    ആത്മീയത ഒറ്റക്കുള്ള കാൽനട യാത്രയും .
    കൊച്ചിക്ക്‌ പോകേണ്ട യാത്രക്കാരാൻ കൊത്തായത്തിനു പോകുന്ന ബസ്സിൽ കയറിയ അവസ്ഥയാണ് മത വിശ്വാസിയുടെത് .
    അധികം വിശ്വാസികളുടെയും പ്രശ്നം അവർ തെറ്റായ യാത്രയിൽ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞൂ എന്നതാണ് .
    ഇനി ബസ്സിൽ നിന്നും പുറത്തിറങ്ങി ഒറ്റയ്ക്ക് നടന്നു പോയാൽ ലോകം എന്ത് വിചാരിക്കും എന്നതാണ് അവരുടെ ഭയം .
    അതിനുപരി വിശ്വാസികൾക്ക് ഒറ്റയ്ക്ക് പോകുവാനുള്ള ഭയവും ഭയങ്കരമാണ്
    Zacharias Nedunkanal
    ഈ താരമാത്യം നന്നായി. എന്നെപ്പോലെ കോത്താഴം വരെ ചെന്നിട്ട് തിരിച്ചു നടക്കെണ്ടിവന്നവർക്ക് അറിയാം പങ്കപ്പാട്. വണ്ടിയിൽനിന്ന് ഇറങ്ങിക്കിട്ടിയാൽ രക്ഷപ്പെട്ടു! വളരെപ്പേർ ഇറങ്ങിയിട്ടും അകത്തിരിക്കുന്ന മോറോണുകളെ സമ്മതിക്കണം.

    ReplyDelete
  3. മതമുണ്ടായ കാലം മുതല്‍, ജന്മം കൊണ്ട് ഓരോ മനുഷ്യനും ഓരോ മതത്തില്‍ അകപ്പെടുന്നു ; കാലക്രമേണ ആ ജീവി ആ മതത്തിന്റെ അടിമയും ആകുന്നു ! വിടുതലിനായി ചിന്തിക്കുന്നവന്‍ നസരായനെപ്പോലെ ഒറ്റപ്പെട്ടു സമൂഹത്തില്‍ കുറ്റവാളിയുമാകുന്നു, ! "അവനെ കുരിശിക്ക" എന്ന സമൂഹാരവം കേള്‍ക്കാന്‍ ഭയക്കുന്നവര്‍ സ്വയം മതത്തിന്റെ അടിമത്തത്തിന് തന്‍റെ ബുദ്ധിയെ അടിയറ വയ്ക്കുന്നു ; ഇതുമൂലം ജീവി "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും"എന്നമട്ടിലാകുന്നു!
    "മതം ഒരു തെറ്റായ ബസ്സ്‌ യാത്ര പോലെയാണ് , ആത്മീയത ഒറ്റക്കുള്ള കാൽനട യാത്രയും! കൊച്ചിക്ക്‌ പോകേണ്ട യാത്രക്കാരാൻ കോത്തായത്തിനു പോകുന്ന ബസ്സിൽ കയറിയ അവസ്ഥയാണ് മതവിശ്വാസിയുടെത് . അധികം വിശ്വാസികളുടെയും പ്രശ്നം, അവർ തെറ്റായ യാത്രയിൽ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞൂപോയി എന്നതാണ് . ഇനി ബസ്സിൽ നിന്നും പുറത്തിറങ്ങി ഒറ്റയ്ക്ക് നടന്നു പോയാൽ ലോകം എന്ത് വിചാരിക്കും, എന്നതാണ് അവരുടെ ആദ്യ ഭയം . അതിനുമുപരി വിശ്വാസികൾക്ക് ഒറ്റയ്ക്ക് പോകുവാനുള്ള ഭയവും ഭയങ്കരമാണ് !" എന്ന സ്നേഹ ഗംഗയുടെ വചനം ഇവിടെ മകുടോദാഹരണമായി ഭവിക്കുന്നു !
    എന്നാല്‍ ആത്മജ്ഞാനം ലഭിച്ചവന്‍ സ്വയം അറിഞ്ഞു ,ആ അറിവില്‍ ആശ്രയിച്ചാനന്ദിക്കുന്നു! അവനാണ് സ്വര്‍ഗവാസി ! അല്ലാതെ പോഴന്പാതിരിയുടെ പുറകേ പോയ അവന്റെ കഴിഞ്ഞ തലമുറയല്ല ! മരിച്ചുപോയ നമ്മുടെ പിതാമഹന്മാരുടെ ഒരാത്മാവെങ്കിലും തിരികെ വന്നിരുന്നെങ്കില്‍, പാതിരിയെ വിശ്വസിച്ചതുമൂലം അവര്‍ക്ക് പറ്റിയ ഊളത്തരം ഒന്ന് വിസദീകരിച്ചിരുന്നെങ്കില്‍, എന്നാശിച്ചു പോകുന്നു ! അത് നടപ്പില്ല ,പകരം ഭഗവത് ഗീത വായിക്കൂ ..

    ReplyDelete
  4. കളരിക്കൽ ചാക്കോയുടെ ബ്ലോഗ്‌ ' കത്തോലിക്കാ സഭയിലെ സ്വതന്ത്ര ചിന്തകൾ ', , കൂടൽസാമുഎൽ , നെടുംകനാൽ സാക്ക് , സ്നേഹഗംഗ , ഇവരുടെ അഭിപ്രായങ്ങളും വളെരെ കാലികമാണ് . കൂടുതൽ ആളുകൾ ഇത് വായിക്കുകയും , ചിന്തിക്കുകയും ചെയ്തിരുന്നെങ്കിൽ ! സോഷ്യൽ മീഡിയ വഴിയുള്ള ഇത്തരം ആശയ പ്രചാരണമാണ് ഇന്നിന്റെ ആവശ്യം .

    ReplyDelete