Translate

Saturday, August 6, 2016

പാപദണ്ഡവിമോചന ഓഫറുകളും വില്പനകളും

റ്റി.റ്റി.മാത്യു, തകടിയേല്‍

'സത്യജ്വാല'യിൽ നിന്ന് 
ക്രയവിക്രയരംഗത്ത് ഇന്ന് അതിശക്തമായ കിടമത്സരങ്ങളാണ് നടക്കുന്നത്. അവനവന്റെ സാധനങ്ങള്‍ കമ്പോളങ്ങളില്‍ വിറ്റഴിക്കുന്നതിന് കച്ചവടക്കാര്‍ കാണിക്കുന്ന വ്യഗ്രത അതിശക്തമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ പുതിയപുതിയ പരസ്യങ്ങളിറക്കുന്നു. അതുപോലെതന്നെ പലപല ഓഫറുകളും വാഗ്ദാനം ചെയ്യു ന്നു. ഓണം-ക്രിസ് മസ്-വിഷു ബംബറുകള്‍, വിറ്റുതീര്‍ക്കല്‍ കിഴിവു )കള്‍-ഇങ്ങനെ ഉപഭോ ക്താവിനെ ആകര്‍ഷിക്കുവാന്‍ പറ്റിയ ഒരുപിടി ട്രിക്കുകള്‍ കച്ചവടക്കാരുടെ കൈവശമു ണ്ട്. എന്നാല്‍ ഈ ട്രിക്കുകളൊ ന്നും മതവിശ്വാസത്തില്‍ പ്രയോഗിക്കുന്നത് ഒട്ടും ശരി യല്ല. ഇതു പറയുവാന്‍ കാര ണം, കരുണയുടെ വര്‍ഷത്തി ല്‍ പൂര്‍ണ്ണദണ്ഡവിമോചനം കിട്ടുമെന്ന വത്തിക്കാന്റെ ഓഫറാണ്.
യേശുവിന്റെ ദര്‍ശനങ്ങ ളോട് ഏറെ ചേര്‍ന്നു നില്‍ ക്കുന്ന, കത്തോലിക്കാസഭ കണ്ടിട്ടുള്ളവരില്‍ വച്ചേറ്റവും പുണ്യപുരുഷനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പായോടുള്ള എല്ലാവിധ സ്‌നേഹബഹുമാന ങ്ങളും നിലനിര്‍ത്തി ക്കൊണ്ടുതന്നെയാണെങ്കിലും, കരുണയുടെ വര്‍ഷത്തിലെ പൂര്‍ണ്ണദണ്ഡവിമോചന ത്തെപ്പറ്റി ഇവിടെ വിമര്‍ശനാത്മകമായ ഒരു ചിന്ത ഉയര്‍ ന്നുവരുകയാണ്. ശരാശരി മനുഷ്യനെപ്പോലെ സ്ഥല-കാലപരിധിയില്‍ ഒതുങ്ങാത്ത സര്‍വ്വശക്ത നായ ദൈവത്തിന്റെ ദാനങ്ങള്‍ക്ക് സ്ഥല-കാലപരിധി നിശ്ചയിക്കുന്നതുതന്നെ തെറ്റായ ധാരണയാണ്. ക്രൈസ്തവവിശ്വാസപ്രകാരം പശ്ചാത്താപമാണ് പാപത്തിനു പരിഹാരം. അത് ഒരു മാനസികാവസ്ഥയുമാണ്. പാപം ചെയ്യുന്നവന് മനസ്താപമുണ്ടാകാം. എന്നാല്‍ എപ്പോള്‍ ഉണ്ടാകുമെന്നു പ്രവചിക്കുവാനോ ഉറപ്പുകൊടുക്കുവാനോ മനുഷ്യനു സാധ്യമല്ല.
യേശുവിനൊപ്പം ക്രൂശിക്കപ്പെട്ട രണ്ടു കള്ളന്മാരില്‍ യേശുവിന്റെ വലതു ഭാഗത്ത് ക്രൂശിക്കപ്പെട്ട കള്ളന് താന്‍ ചെയ്തുപോയ പാപത്തെപ്പറ്റി ബോദ്ധ്യംവരുകയും, ശക്തമായി മനസ്തപിക്കുകയും ചെയ്തു. 'പറുദീസായില്‍ നീ ചെല്ലു മ്പോള്‍ എന്നെ ഓര്‍ക്കണമേ'എന്ന് യേശുവിനോട് അപേക്ഷിച്ചു. 'നീ എന്നോടുകൂടി ഇന്ന് പറുദീസായില്‍ ഉണ്ടായിരിക്കു'മെന്ന് യേശു അവനോട് വാത്സല്യപൂര്‍വ്വം പറഞ്ഞ് അവനു പാപമോചനം നല്‍കി. ആദിമക്രൈസ്തവരെ വേട്ടയാടി ക്കൊണ്ടിരുന്ന വി.പൗലോസിനോട് ഒരു പ്രത്യേക സന്ദര്‍ഭത്തില്‍, 'പൗലോസേ നീ എന്തിനാണ് എന്നെ വേദനിപ്പിക്കുന്നത്' എന്ന് അശരീരിയില്‍ യേശു ചോദിച്ചു. ഇതു കേട്ട മാത്രയില്‍ അദ്ദേഹം പശ്ചാത്താപവിവശനായി. ധൂര്‍ത്ത പുത്രന്റേതു മുതല്‍ പല പശ്ചാത്താപകഥകളും ഉപമകളും പുതിയ നിയമത്തില്‍ നമുക്കു കാണാം. ഇതൊക്കെ ഒറ്റപ്പെട്ട മനുഷ്യര്‍ക്ക്, ഒറ്റപ്പെട്ട സന്ദര്‍ഭങ്ങളില്‍ സംഭവിച്ചതാണ്. സമയബന്ധിതമായി നടക്കേണ്ടതല്ല, മനസ്താപവും അതുവഴിയുള്ള ദണ്ഡവിമോചനവും എന്നര്‍ത്ഥം. ചെയ്തുപോയ പാപങ്ങളെ സംബന്ധിച്ച് മനസ്താപമുണ്ടാകുന്ന മുറയ്ക്ക് പാപപ്പൊറുതിയുമുണ്ടാകുന്നു. അതുകൊണ്ട് സ്ഥല-കാലപരിധിയില്‍ ഒതുക്കിനിര്‍ത്തി മനസ് താപത്തെയും പാപദണ്ഡവിമോചനത്തെയും വ്യവഹരിക്കുവാന്‍ പറ്റില്ല. അതുകൊണ്ടാണ് മാര്‍ക്കറ്റ് സംസ്‌കാരത്തിലെന്നപോലെ, ദണ്ഡവിമോചനത്തിന് ഓഫര്‍ വയ്ക്കരുതെന്ന് പറയുന്നത്.
ഗര്‍ഭഛിദ്രപാപത്തിന്റെ ദണ്ഡവിമോചനമാണ് പ്രധാനമായും കാരുണ്യവര്‍ഷംകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭഛിദ്രപാപം സാധാരണ പാപത്തില്‍നിന്നും ഏറെ ഗുരുതരമായിട്ടാണ് സഭ കണക്കാക്കുന്നത്. അടുത്തകാലംവരെ ഗര്‍ഭഛിദ്രപാപങ്ങള്‍ക്ക് കുമ്പസാരംവഴി പൊറുതികൊടുക്കുന്നതിനുള്ള അധികാരം മെത്രാന്‍മാര്‍ക്കുമാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ഇതിന് തിരുത്തലുണ്ടാക്കി വൈദികര്‍ക്കും ഈ അധികാരം നല്‍കി. അത്രയും നല്ലത്. സഭ, പാപങ്ങളെ രണ്ടുതരമായി തരംതിരിച്ചിരിക്കുന്നു. 1-പാപദോഷം, 2-ചാവുദോഷം. ഒന്നാമത്തേത് ശക്തികുറഞ്ഞത്, രണ്ടാമത്തേത് കൂടിയതും. സാധാരണ ചാവുദോഷത്തക്കാളും കൂടിയ പാപമാണ് ഭ്രൂണഹത്യ. അതു
കൊണ്ടാണല്ലോ സാധാരണ വൈദികരുടെയടുത്തുള്ള കുമ്പസാരംകൊണ്ടുപോലും പൊറുക്കപ്പെടാത്ത പാപമായി ഇന്നലെവരെയും ഇത് കണക്കാക്കപ്പെട്ടിരുന്നത്.
ഇതേപോലുള്ള പാപദണ്ഡവിമോചന പ്രഖ്യാപനങ്ങള്‍മൂലം മുമ്പും സഭയ്ക്കു വലിയ അപചയങ്ങളും മൂല്യശോഷണങ്ങളും സംഭവിച്ചിട്ടുണ്ട്.
പാപങ്ങളുടെ വലിപ്പച്ചെറുപ്പമനുസരിച്ചു പ്രത്യേകം നിരക്കുകള്‍വച്ച് പാപപ്പൊറുതി നല്‍കുകയും, പാപികള്‍ക്ക് അതിനുള്ള പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്ത് ധനസമ്പാദനം നടത്തുകയും ചെയ്തിരുന്നു, സഭ. 1022-ല്‍ ബനഡിക്റ്റ് എട്ടാമന്‍ മാര്‍പ്പാപ്പാ ഇതിനുവേണ്ടി പാപപരിഹാരപത്രം  എന്ന ഒരു സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി പണം വാരിക്കൂട്ടി. മരിച്ചയാളിന്റെ ശവമഞ്ചത്തില്‍, ശവശരീരത്തിന്റെ തലയുടെ വലതുഭാഗത്ത് മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വച്ചു സംസ്‌കാരം നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതുകൊണ്ട് ശുദ്ധീകരണസ്ഥലത്തിലെ തീച്ചൂളയില്‍നിന്ന് ശിക്ഷയുടെ കാലാവധിക്കുമുന്‍പേ സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന ഒരു വിശ്വാസവും പ്രചരിപ്പിച്ചു. കുപ്രസിദ്ധമായ കുരിശുയുദ്ധത്തില്‍ പങ്കെടുത്ത് കൊല്ലപ്പെടുന്നവരുടെ ആത്മാക്കള്‍ക്ക് പാപദണ്ഡവിമോചനം കൊടുത്തുകൊണ്ടുള്ള ഒരു പ്രഖ്യാപനം 1095-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ നടത്തി. 1517-ല്‍ 10-ാം ലിയോ മാര്‍പ്പാപ്പാ വി.പത്രോസിന്റെ ദേവാലയത്തിന് പത്രാസുകൂട്ടുന്നതിനുവേണ്ടി ധനസഹായം ചെയ്യുന്നവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം ലഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പാപദണ്ഡവിമോചനത്തിന് അനുകൂലമായ ഒരു ദൈവശാസ്ത്രം കണ്ടുപിടിച്ച് വിശദീകരിക്കാനും പ്രചാരണം നടത്താനുമായി ജോണ്‍ ടൈറ്റലസ് എന്ന ഒരു ഡൊമിനിക്കന്‍ സന്ന്യാസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ധവിശ്വാസവും അഴിമതിയും നിറഞ്ഞുനില്‍ക്കുന്ന പാപദണ്ഡവിമോചനമെന്ന തിന്മക്കെതിരെ അന്ന് മാര്‍ട്ടിന്‍ ലൂഥര്‍ എന്ന മത പണ്ഡിതന്‍ രംഗത്തുവന്നു. ദണ്ഡവിമോചന വില്‍പ്പന തിന്മയാണെന്ന് അദ്ദേഹം എഴുതിയും പ്രസംഗിച്ചും പ്രചാരണം നടത്തിയും വിശ്വാസികളെ ബോധവാന്മാരാക്കി. അനുകൂലികള്‍ ഏറെയുണ്ടായി. സഭ രണ്ടായി പിളര്‍ന്നു. പ്രൊട്ടസ്റ്റന്റു മതമുണ്ടായി.
ഇത്രയുമൊക്കെയായിട്ടും, ഇന്നും ദണ്ഡവിമോചനക്കച്ചവടം പരിഷ്‌ക്കരിച്ച പതിപ്പില്‍ സഭാവേദികളില്‍ അരങ്ങേറുന്നു! ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു നിത്യശാന്തി കിട്ടുന്നതിന് ഇവിടെ പുരോഹിതര്‍ക്ക് പറഞ്ഞു ബോധിച്ച പണം കൊടുത്ത് പൂജകള്‍ നടത്തിയാല്‍മതി എന്ന ദൈവശാസ്ത്രം ഇന്നും സഭയില്‍ തുടരുന്നു. അതിന്റെപേരില്‍ ധനസമ്പാദനം നടത്തുന്നു. ഇങ്ങനെ പുരോഹിതര്‍ നിരക്കുവച്ച് പണംവാങ്ങി പൂജകള്‍ നടത്തുന്നത് പാപമാണെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. വൈദികപാപമെന്ന് അതിനെ വിശേഷിപ്പിക്കുകകൂടി ചെയ്തു, അദ്ദേഹം. പക്ഷേ, ആരു കേള്‍ക്കാന്‍?
'അബോര്‍ഷന്‍ കൊന്ത'
ഏറ്റവും പുതുതായി രംഗത്തുവന്ന വിചിത്രമായ ഒരു ദണ്ഡവിമോചനക്കഥ 'അബോര്‍ഷന്‍ കൊന്ത'യുടേതാണ്. ഈ കൊന്തയ്ക്ക് സഭയുടെ
ഔദ്യോഗികഅംഗീകാരമില്ലെങ്കിലും, ധ്യാനകേന്ദ്ര ങ്ങളിലുംമറ്റും ഇത് പ്രചരിപ്പിക്കുന്നുണ്ട്. ഹോളി ലൗ മിനിസ്ട്രീസ്(Holy Love Ministries) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 'അബോര്‍ഷന്‍ കൊന്ത' പ്രചരിപ്പിക്കുന്നത്. അബോര്‍ഷന്റെ പേരിലുണ്ടാകുന്ന ദൈവശിക്ഷകള്‍ ഏറെ ഭയാനക
വും ഭീതിദവുമാണെന്നു പ്രചരിപ്പിക്കുന്നു, ഈ സംഘടനയിലുള്ളവര്‍. അബോര്‍ഷന്‍ ചെയ്യപ്പെടുന്ന ശിശുക്കള്‍ മാമ്മോദീസാ കിട്ടാതെ മരിക്കുന്നു. ഇവരുടെ ആത്മാക്കള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല. അതിനാല്‍ അവരുടെ ആത്മാക്കള്‍ അവരുടെ അമ്മയെ ചുറ്റിപ്പറ്റിനില്‍ക്കും. ഈ ആത്മാക്കള്‍ രോഗവും കുടുംബകലഹവും സാമ്പത്തികത്തകര്‍ ച്ചയുമൊക്കെ കുടുംബത്തില്‍ കൊണ്ടുവരുമെന്ന, പേടിപ്പിക്കുന്നതും വികലവുമായ വിശ്വാസമാണിവിടെ അവതരി പ്പിക്കുന്നത്. ചില ധ്യാനകേന്ദ്രങ്ങളിലാണ്, പ്രത്യേകിച്ച് അവിടെ നടക്കുന്ന കൗണ്‍സലിങ്ങി ലാണ്, ഇതൊക്കെ സമര്‍ത്ഥമായി പ്രചരിപ്പിക്കുന്നത്.
1985-മുതല്‍ മൗറിന്‍ സ്വനികയ്ല്‍എന്ന അമേരിക്കന്‍ വനിതയ്ക്ക് യേശുവും പരിശുദ്ധ അമ്മയും പലപ്പോ ഴും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇവരെ ചില ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. ഇതെല്ലാം പുസ്തകങ്ങളിലായി പ്രസിദ്ധീ കരിച്ചിട്ടുമുണ്ട്. ഈ ദൗത്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുന്നില്ല. അതുകൊണ്ടാണ് ധ്യാനപ്രസംഗത്തിനിടയ്ക്ക് ഈ സംഘടനയുടെ അനുഭാവി കളായ ധ്യാനഗുരുക്കന്മാര്‍ ഇതൊക്കെ പ്രചരിപ്പിക്കുന്നത്. ഈ കൊന്ത മൗറിനും കൂട്ടരും 2001-മുതല്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നുണ്ട്. ഈ കൊന്ത കാണിക്കുവാന്‍ വേണ്ടിത്തന്നെ മൗറിന് മാതാവു പ്രത്യക്ഷപ്പെട്ടുവത്രെ! കൊന്ത ആകാശ ത്തില്‍ കാണപ്പെട്ടു. മാതാവ് ആ അവസരത്തില്‍ പറഞ്ഞു:''ഇതു കാണിച്ചുതരുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.'' 'ഹോളി ലൗ മിനിസ്ട്രീസ്' എന്ന സംഘടനയാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. അബോര്‍ഷന്‍ നടത്തിയതിന്റെ പാപം നിരന്തരമായ പ്രാര്‍ത്ഥനകൊണ്ടുമാത്രമേ തീരുക യുള്ളു. അതിന് ഈ കൊന്ത വാങ്ങി പ്രത്യേക അമ്പത്തിമൂന്നുമണി ജപം ചൊല്ലണം. കൊന്ത രഹസ്യമായി സൂക്ഷിക്കണം. ഈ കൊന്ത ആരെ ങ്കിലും കണ്ടാല്‍ ഇതുപയോഗിക്കുന്ന സ്ത്രീ അബോര്‍ഷന്‍ ചെയ്തവളാണെന്നുവരും. അതിനാല്‍ അതീവരഹസ്യമായി സൂക്ഷിക്കണം. അതുപോലെ തന്നെ ഇത് ഒരു വൈദികനെക്കൊണ്ട് വെഞ്ചരിപ്പി ക്കണം. ഈ കൊന്തയുടെ രൂപത്തിനും പ്രത്യേക തയുണ്ട്. കൊന്തയുടെ ഓരോ മണികള്‍ക്കുള്ളിലും മനുഷ്യഭ്രൂണത്തിന്റെ ആകൃതിയിലുള്ള വെളുത്ത വസ്തുക്കള്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു. ഇങ്ങനെയൊക്കെയാണ് 'ഹോളി ലൗ മിനിസ്ട്രി'യുടെ പുസ്തകത്തിലെ വിവരങ്ങള്‍. ('അബോര്‍ഷന്‍ കൊന്ത'യുടെ ജുഗുപ്‌സാവഹമായ വിവരണങ്ങള്‍ 2015-ആഗസ്റ്റ് 15-ലെ 'നസ്രാണി ദീപം'മാസികയില്‍ വിവരിച്ചിട്ടുണ്ട്).
ഇങ്ങനെ പാപങ്ങളെപ്പറ്റിയും പാപദണ്ഡ വിമോചനങ്ങളെപ്പറ്റിയും വികലമായ പല പഠന ങ്ങളും വെളിപ്പെടുത്തലുകളും ആധികാരികസഭ അറിഞ്ഞോ അറിയാതെയോ നടന്നുവരുന്നു. പണം വാങ്ങി പൂജാകര്‍മ്മങ്ങള്‍ നടത്തുന്നത് വൈദിക പാപമാണെന്ന്സഭാതലവനായ മാര്‍പ്പാപ്പാ പറ
ഞ്ഞിട്ടുപോലും, പണക്കൊതിയന്മാരായ പുരോ ഹിതര്‍ അതൊന്നും കേട്ടതായി ഭാവിക്കുന്നില്ല, അനുസരിക്കുന്നുമില്ല. അതുകൊണ്ട് പാപമാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും മഹാപുരോഹിതന്‍ പറഞ്ഞിട്ടും പണത്തിനുവേണ്ടി തെറ്റുകള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ പുരോ
ഹിതര്‍ക്ക് വിശ്വാസികളെ നയിക്കുവാന്‍ അര്‍ഹതയില്ല. ഏതായാലും ദണ്ഡവിമോചനത്തിന്റെ പേരില്‍ ഇന്നലെകളില്‍ സഭ നടത്തിയ പാപങ്ങള്‍ ഇനിയും തുടരാതിരിക്കുവാന്‍ വിശ്വാസികള്‍ ജാഗരൂകരായിരിക്കണം. പാപദണ്ഡവിമോചന ഓഫറുകളും, കച്ചവടവും നിരാകരിക്കണം.

ഫോണ്‍: 9497632219

1 comment:

  1. Here is the true teaching of Catholic Church on Indulgences from "Catholic Answers":http://www.catholic.com/tracts/myths-about-indulgences
    Mathew Antony (matony0076@gmail.com).

    ReplyDelete