Translate

Saturday, September 10, 2016

ഓണപ്പായസം

ചേർത്തലക്കാരി ലീലാമ്മ റ്റീച്ചറിന് ഇതുപോലൊരു ഭാഗ്യം ഉണ്ടാകുമെന്ന് ആരും കരുതിയതല്ല. മദർ തെരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ചേർത്തല ഉഴവ് പള്ളിയിലെ വികാരി ആന്റണിയച്ചനും, എല്ലാ പള്ളിക്കാര്യങ്ങളിലും മുടങ്ങാതെ പങ്കെടുത്തുകൊണ്ടിരുന്ന ഒരു ലീലാമ്മ റ്റീച്ചറിനു മരണശേഷം വിശുദ്ധയാവാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. കാരുണ്യവർഷത്തിൽ ഒരത്മായൻ സഭയോട് ചെയ്യാവുന്ന ദ്രോഹത്തിന്റെ അങ്ങേയറ്റമാണ്‌ ലീലാമ്മ റ്റീച്ചറിന്റെ മകൻ അതിബഹുമാനത്തിനു പാത്രമായിരിക്കേണ്ട വികാരിയച്ചനോട് ചെയ്തതെന്നതുകൊണ്ടായിരിക്കണം പല പ്രമുഖ പത്രങ്ങളും ഇതു റിപ്പോർട്ട് ചെയ്തത്. പറപറപറയുടെ നിരോധിച്ച ബ്രാന്റുകളേതൊക്കെയാണെന്നും പൊറോട്ടാക്കുള്ള മാവ് ബംഗാളി ചവിട്ടിക്കുഴക്കുന്ന സ്റ്റാർ ഹോട്ടലുകളേതാണെന്നും അന്വേഷിക്കാത്ത ഒരു പത്രം പറഞ്ഞത്, വളരെ നിസ്സാരമായി തീരേണ്ട ഒരു പ്രശ്നമേയുണ്ടായിരുന്നുള്ളൂവെന്നാണ് (അവർ അർത്ഥം വെച്ചു പറയുന്നു -  വികാരിയച്ചൻ നിർദ്ദേശിച്ചതുപോലെ ഒരു കടലാസ്സിൽ ഒറ്റവാചകത്തിൽ എന്തെകിലും എഴുതി അതിനു മുകളിൽ മാപ്പപേക്ഷ എന്നും കൂടെ വെച്ചിട്ട്, രൂപതാ കോടതിയുടെ ഒരു രൂപാ സ്റ്റാമ്പും കൂടി ഒട്ടിച്ചിരുന്നെങ്കിൽ തീരുമാനമാകുമായിരുന്നെന്നല്ല, പകരം ആരെങ്കിലും കോടതിയിൽ പരാതി കൊടുത്താൽ പലരും കുടുങ്ങിയേക്കാമെന്നാണ് അവർ ഉദ്ദേശിച്ചത്). ഇടവകക്കാർ പറയുന്നത് വികാരിയച്ചന് ഷുഗറിന്റെ പ്രശ്നമായതുകൊണ്ടായിരിക്കും ഇതുപോലെ ഇടക്കിടക്ക് തള്ളലുണ്ടാകുന്നതെന്നാണ്. വികാരിയച്ചന്റെ ഷുഗറിന്റെയും പ്രഷറിന്റെയും അപ്പപ്പോഴുള്ള റീഡിങ് കാണിക്കുന്ന ഒരു എൽ ഇ ഡി മോണിറ്റർ പള്ളിമുറിയുടെ മുമ്പിൽ വെച്ചാൽ ഉപകാരമായിരുന്നു. ഷുഗറിന്റെയും ഹെർണിയായുടേയുമൊക്കെ തകരാറില്ലാത്ത കൊച്ചച്ചന്മാർ പോലും ഇപ്പോൾ കുറവ്. 

അങ്ങു മുകളിൽ ഒരു മഹാമെത്രാനുണ്ട് - പ്രസംഗിക്കുകയല്ലാതെ യാതൊന്നും ചെയ്യാൻ ശേഷിയില്ലാത്ത ഒരാർഭാടം എന്നു ഞാൻ സംശയിക്കുന്നു. ആഡംഭരം എതിർസാക്ഷ്യമാണെന്നു പറയുകയും ചെയ്യും, ചെങ്ങളം പള്ളി തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്യും, പാറേപ്പള്ളി പണിയാൻ കടലക്കച്ചവടക്കാരൻ വരെ സ്വയം പിഴിഞ്ഞെണ്ണയാകുന്നതിൽ സങ്കടമില്ലതാനും. അഹമ്മദാബാദിൽ ഈ വല്യ മെത്രാൻ ഏറ്റു വാങ്ങിയ സ്വീകരണത്തിന്റെ ചിലവ് 17 ലക്ഷമായിരുന്നെന്ന് അന്നേ വാർത്തകളിൽ വന്നിരുന്നു. അദ്ദേഹത്തിൻറെ ഒരു ശിക്ഷ്യനെ പ്രിസ്റ്റണിൽ സ്വീകരിക്കുന്നത് ബ്രിട്ടണിലെ 'മുഖ്യമന്ത്രിയെ' സ്വീകരിക്കുന്നതിനേക്കാൾ ഗംഭീരമായിട്ടാണു താനും. മേജർ ആർച്ച് ബിഷപ്പായി റോമിൽ നിന്നു നെടുമ്പാസ്സേരിയിൽ മാർ ആലഞ്ചേരി വന്നതും സിമ്പിളായിട്ടായിരുന്നല്ലൊ! മെത്രാന്മാർക്കെന്താ പറയാൻ പാടില്ലാത്തതല്ലേ? പുണ്യവാന്മാരെ കണ്ടുപഠിക്കണമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ പറഞ്ഞില്ലേ? ഇതിനു മറുപടി മോനിക്കാമ്മ പറയാതിരുന്നാൽ മതിയായിരുന്നു. 

ഏതെല്ലാം രീതിയിൽ മനുഷ്യനെ പിഴിയാമോ അതെല്ലാം ഈ .......ന്ദ്യ പുരോഹിതർ ചെയ്യും. സീറോ മലബാറും ലത്തീനും തമ്മിലുള്ള വ്യത്യാസം പിരിവാണെന്നു കർത്താവിന്റെ കുരിശിൻ ചുവട്ടിൽ ഭജനയിരിക്കുന്ന വല്യമ്മയോടു ചോദിച്ചാൽ പോലും പറയും.  

താമസിയാതെ സെബസ്റ്റ്യാനോസ് പുണ്യവാളനെ അമ്പെറിഞ്ഞു കൊള്ളിക്കൽ നേർച്ച, കർത്താവിനെ കുരിശിൽ ആണിയടിച്ചു ക്രൂശിക്കൽ നേർച്ച തുടങ്ങിയവയും ആരംഭിച്ചേക്കാം - അങ്ങിനെ ചെയ്താൽ ദണ്ഡവിമോചനം കിട്ടുമെന്നു വിശ്വസിപ്പിച്ചാൽ പോരെ? ഞങ്ങടെ കർത്താവ് നിങ്ങൾക്കു വേണ്ടിയല്ലേ മരിച്ചത്, പിന്നെന്താ ചോദിക്കുന്ന പണം തന്നാലെന്നാ ഇവർ വാദിക്കുന്നത്. എല്ലാവരും കൂടി ഇടവകയൊന്നിന് ഒരു വിശുദ്ധനെ വെച്ചുണ്ടാക്കാനുള്ള വിപുലമായ ഒരു പദ്ധതിക്കു രൂപം കൊടുത്തേക്കാനുമിടയുണ്ട്.

പള്ളികളിലാണെങ്കിൽ ഡ്രസ്സ് കോഡ് നടപ്പാക്കി വരുന്നു. നേരത്തെ അതു കുർബ്ബാന കൈക്കൊള്ളാൻ വരുന്ന കുട്ടികൾക്കേ ഉണ്ടായിരുന്നുള്ളൂ (അതിപ്പോൾ കൊച്ചു പെൺകുട്ടികൾക്ക് ചട്ടയും മുണ്ടും വരെയായി). വേദപാഠം പഠിക്കാൻ ഡ്രസ്സ് കോഡായി; ധ്യാനം കൂടാൻ വരുന്നവർക്കും കുമ്പസ്സാരിച്ചിട്ടു പോകുന്നവർക്കുമെല്ലാം ഡ്രസ്സ് കോഡാകും. മാതാവിന്റെ ജന്മദിനത്തിന് മേരിമാരെയെല്ലാം ചട്ടയിലും മുണ്ടിലും ഒരുക്കി നയനാനന്ദകരമായി പള്ളിക്കു സമർപ്പിച്ചതിനു ........... പള്ളി വികാരിയച്ചനു നന്ദി. 14 സെക്കന്റിൽ കൂടുതൽ എല്ലാവരും തന്നെ പ്രകടനം കണ്ടുനിന്നിരിക്കണം, മാതാവിനും ഇഷ്ടപ്പെട്ടിരുന്നിരിക്കണം. മരിച്ചടക്കിനു യൂണിഫോമിൽ വിശ്വാസികൾ മഞ്ചവും ചുമന്നുകൊണ്ടു പോകേണ്ടി വരില്ല; ശവത്തിനും യൂണിഫോമിൽ കല്ലറയിലേക്കു പോകേണ്ടിവരില്ല - അതു വരെ ഈ സാധനം ഇവിടെ നിലനിൽക്കാൻ ഇടയില്ല. പാരമ്പര്യ പ്രകാരം, കോണകവും, ഒറ്റമുണ്ടും, തോർത്തും, ഓലക്കുടയുമായിട്ട്  പള്ളിയിൽ എല്ലാവരും വന്നിരിക്കണമെന്നു മെത്രാന്മാർ തീരുമാനിച്ചു കൂടായ്കയില്ല.  

ഒപ്പം കൊടുത്തിരിക്കുന്ന പാഠം കണ്ടോ? കന്യാസ്ത്രിമാർ വിപസ്സന പഠിക്കുന്നതിന്റെ ചിത്രമാണത്. ആരാധന നടത്തിയാൽ കിട്ടാത്ത സുഖമായിരിക്കമണവിടെ അവർക്കു കിട്ടുന്നത്. മനുഷ്യനു ബോധം വെച്ചു വരുന്നു.

സീറോ മലബാറിനു ഔദ്യോഗിക മുദ്രാഗാനമായിട്ടുണ്ട്. സ്വന്തമായി 'ജനഗണമന' യുള്ള റീത്തുകളും സഭകളും അധികമില്ല - ക്നാനായാക്കാർക്കുണ്ട് കേട്ടോ. ഇനി ദേശീയ മൃഗം, പൂവ്, തോട് എന്നൊക്കെ പറയുന്നതുപോലെ ഔദ്യോഗിക വസ്തുവകകൾ ഉണ്ടാവും. ഔദ്യോഗിക വേഷം എന്നു പറഞ്ഞാൽ മാർത്തോമ്മാ ഇട്ടിരുന്ന വട്ടക്കഴുത്തൻ നൈറ്റിയായേക്കം. ഔദ്യോഗിക മൃഗമായി പന്നിയേയും, ഔദ്യോഗിക പഴമായി റമ്പൂട്ടാനുമൊക്കെ വന്നേക്കാം. എന്തൊക്കെ മാറിയാലും ഔദ്യോഗിക പരിപാടി പിരിവു തന്നെയായിരിക്കും, വിശുദ്ധ വസ്തുക്കൾ എന്നു പറഞ്ഞാൽ കമ്പിയും സിമിന്റും ആയിരിക്കുകയും ചെയ്യും. 

അല്മായാ വിമതരും ഔദ്യോഗിക ഗാനം പുറത്തിറക്കിയിട്ടുണ്ട്. അതു താഴെ കൊടുത്തിരിക്കുന്നു ('മാവേലി നാട് വാണിയിട്ടും കാലം' എന്ന ഗാനത്തിന്റെ റ്യുണിൽ പാടുക).

സീറോമലബാറുണ്ടായ ശേഷം
പിരിവില്ലാപരിപാടിയൊന്നുമില്ല;

ഓണം വിഷു ഭേദമൊന്നുമില്ല
വാവെന്നോ മഴയെന്നോ നോട്ടമില്ല;

വിശ്വാസമാർക്കുമൊട്ടില്ല താനും
പ്രാർത്ഥനക്കൊട്ടു കുറവുമില്ല.

നാലഞ്ചു മെത്രാന്മാർ ചെയ്ത കാര്യം
അൻപതിലേറെയായി പങ്കുവെച്ചു
.........."

*********************************************************************
ഫെയ്സ് ബുക്കുകാരണം ദൈവവിളി കുറയുന്നുവെന്നാണ് മഹാ മെത്രാന്റെ പരാതി. അച്ചന്മാരെ നാട്ടുകാർക്കു കണ്ണെടുത്താൽ കണ്ടുകൂടാന്നായത് ഫെയ്സ് ബുക്കിന്റെ കുഴപ്പമാ?

1 comment:

  1. "സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തണം " എന്ന ചൊല്ല് നല്ലൊരു ചൊല്ലാണ്!ചേർത്തല ഉഴവ് പള്ളിയിൽ പാതിരി ധൂപംവച്ചു സംസ്കരിക്കേണ്ട പള്ളികൈക്കാരന്റെ ഭാര്യ ലീലാമ്മസാറിന്റെ ജഡം, സ്വന്തം പുരയിടത്തിൽ , ചിതയില് അവരുടെ മകൻ ദഹിപ്പിച്ചത് കണ്ട നമുക്ക് ഉൽകണ്ണു തുറക്കേണ്ടതാണ്! പക്ഷെ സത്യത്തിന്റെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ക്രിസ്ത്യാനി എന്ന ഇരുകാലിയാടിനു സത്യമെന്തെന്നറിയുകകൂടി വേണ്ട ! ആടിന് 'സത്യജ്വാലയും' വേണ്ടാ ,അല്മായശബ്‍ദം കേൾക്കുകയും വേണ്ടാ! കാരണം വഴിയും സത്യവും ജീവനുമായവനെ ദിവസവും കത്തനാര് ഇവറ്റകളുടെ നാവിൽ പറ്റിച്ചു കൊടുക്കുന്നുണ്ടല്ലോ! "സത്യത്തെ വിഴുന്നവനെന്തിനു വേറൊരു സത്യത്തെ അറിയണം"? എന്നാണു ചോദ്യം !

    അല്മായശബ്ദത്തിലും സത്യജ്വാലയിലും എന്റെ ചിന്തകൾ ഞാൻ കുറിക്കുന്നതു കാരണം, എന്നെ വെറുക്കുന്നവരെ, എന്നെ സ്നേഹിക്കുന്നവരെ, നിങ്ങളുടെ വെറുപ്പിനും സ്നേഹത്തിനും നന്ദി ! "എന്നെ ഞാനാക്കിയ മിത്ര ദുഃഖങ്ങളെ, ഇന്നിതെൻ ആത്മാവിന് നന്ദിഗാനം " എന്ന് വീണ്ടും ഇന്ന് ഞാൻ പാടുന്നു! അമ്മയുടെ ഉദരത്തിൽവച്ചേ പുരോഹിതനാകാൻ നിയോഗിക്കപ്പെട്ട എന്നെ, ഈ എഴുപതാംവയസിൽ പൗരോഹിത്യ അതിക്രമങ്ങൾക്കെതിരായി എഴുതാൻ വഴിതിരിച്ചുവിട്ടു നിയതീ, നിനക്കെൻ പ്രണാമം! രണ്ടായിരം കൊല്ലംകൊണ്ട് നാലായിരം വിഭിന്ന സഭകളും ആചാരങ്ങളും വിശ്വാസങ്ങളും വേഷഭൂഷാദികളും പിരിവിന്റെ ആനുപാതികതയും മെനഞ്ഞു ഉണ്ടാക്കിയ പുരോഹിത/പാസ്റ്റർ സമൂഹമേ, ആത്മീയക്കൊള്ളക്കാരാണ് നിങ്ങളെങ്കിലും നിങ്ങളുടെ കുബുദ്ധിയുടെ കഴിവിനെ ഞാൻ നമിക്കുന്നു! മനുഷ്യനെ ആടാക്കിയ /ദൈവത്തെ 'ഫൂളാക്കിയ' നിങ്ങളുടെ കുബുദ്ധിയെ ഞാൻ വണങ്ങുന്നു! നിങ്ങളെ സാത്താൻപോലും നമസ്കരിക്കും നിശ്ചയം! എന്തിലുമേതിലും മായം ചേർക്കുന്ന സമൂഹത്തിൽ, ആത്മീകതയിൽ ഇത്രക്കും മായം ചേർത്ത നിങ്ങളെ ബെൽസാബൂലും സൈന്യവും സദാ നമനസ്കരിക്കും ! അവർ നിങ്ങൾക്കായി പുതിയ കൊന്തയും നൊവേനയും ഉണ്ടാക്കും നരകത്തിൽ "പാതിരി ഞങ്ങളെ രക്ഷിക്കേണമേ , ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ" എന്നൊക്കെ ശ്വാസംവിടാതെ ഉരുവിടും ! നരകത്തിലും നിങ്ങളുടെ രൂപക്കൂട്ടുകൾ ,ഹോ നിങ്ങളുടെ ഒരു നല്ലകാലം!

    "സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തണം " എന്ന് കൂടെക്കൂടെ പറയുന്ന കത്തനാരുടെ ആടുകളെ, പള്ളിയിലെ നിങ്ങളുടെ "ആമ്മേൻ" പാട്ടു നിർത്താറായില്ലേ ? നിർത്തിയിട്ടു വേഗം "ഓംശാന്തി ഓശാന" പാടൂ ..ഹൃദയമെന്ന ദേവാലയത്തിൽ!
    samuelkoodal

    ReplyDelete