Translate

Wednesday, September 28, 2016

"ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല - ഫ്രാൻസിസ് മാർപ്പാപ്പജോലി ചെയ്യുന്നവർക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാർഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തിൽ കുറച്ചു ഭാഗം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷിയാകാനുള്ള ശ്രമം ഉപേക്ഷിക്കാൻ പൊതു പ്രഭാഷണത്തിൽ പിതാവ് ആവശ്യപ്പെട്ടു. തൊഴിലാളികളെ ചൂഷണം ചെയ്തുള്ള പണം സഭയ്ക്ക് ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.

"ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല. ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കുന്ന ഒരു ഹൃദയമാണ് എല്ലാവർക്കും വേണ്ടത്." സെന്റ്.പീറ്റേർസ് സ്ക്വയറിൽ പിതാവിന്റെ പ്രഭാഷണം ശ്രവിക്കാനെത്തിയ വിശ്വാസസമൂഹത്തോട് വീണ്ടും അദ്ദേഹം പറഞ്ഞു. 

"തിന്മ ഉപേക്ഷിക്കാനും നന്മ പ്രവർത്തിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ത്യാഗത്തിന്റെ മുഖംമൂടിയണിഞ്ഞ് തിന്മയെ മറച്ചു വെയ്ക്കുന്നവർ ദൈവജനമല്ല." 

"ആടിന്റെയും കാളയുടെയും രക്തത്തിൽ പ്രസാദിക്കുന്ന ദൈവമല്ല നമുക്കുള്ളത്. സഹോദരരെ ബലികഴിച്ചുണ്ടാക്കുന്ന കാഴ്ച്ചദ്രവ്യം അദ്ദേഹം സ്വീകരിക്കുകയില്ല." 

ജോലി ചെയ്യുന്നവരെ അടിമപ്പണി ചെയ്യിച്ചും ചൂഷണം ചെയ്തും നേടുന്ന രക്തക്കറ പുരണ്ട സമ്പത്തിന്റെ അംശം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷികളാകുന്നവർക്കെതിരെയാണ് പിതാവ് സംസാരിച്ചത്. 

ദൈവം പാപികളോട് ക്ഷമിക്കുന്നു; ചെയ്തു പോയ പാപത്തിൽ പശ്ചാത്തപിക്കുന്ന, ജീവിതഗതിയിൽ മാറ്റം വരുത്തുന്ന പാപികൾക്കാണ് ദൈവത്തിന്റെ കാരുണ്യം ലഭിക്കുന്നത് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. 

കരുണയുടെ വർഷവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി പിതാവ് പൊതുപ്രഭാഷണത്തിൽ സംസാരിച്ചു. ഒരു കുടുംബനാഥനെ പോലെ ദൈവം നമ്മുടെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തർക്കും നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. തെറ്റു ചെയ്യുമ്പോൾ അന്തഃപ്രേരണയിലൂടെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു. 

'സ്നേഹസ്വരൂപനായ, എന്നാൽ കർശന നിയമങ്ങളുള്ള പിതാവാണ് നമ്മുടെ ദൈവം' എന്ന് ഏശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. 

അവിശ്വസ്തരും നീതിരഹിതരുമായ തന്റെ ജനത്തെ ദൈവം ശകാരിക്കുന്നു. അവരെ നേർവഴിയിലേക്ക് നയിക്കാൻ അദ്ദേഹം സഹായിക്കുന്നു." 

മക്കൾ വഴി തെറ്റി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്ക് നയിക്കാൻ മാതാപിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്വന്തം അധികാരം അടിച്ചേൽപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല. കർശനമായി, എന്നാൽ സ്നേഹത്തോടെ, മക്കളെ നന്മയിലേക്കു നയിക്കേണ്ട ഉത്തരവാദിത്വമാണ് മാതാപിതാക്കൾക്കുള്ളത്. 

പാപം മനുഷ്യനെ ദുരിതത്തിലാഴ്ത്തുന്നു. പക്ഷേ, ദൈവത്തിന്റെ കരുണയുടെ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണ്. പശ്ചാത്താപത്തോടെയുള്ള നമ്മുടെ മനപരിവർത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്. 

മനുഷ്യന്റെ മോചനം ആചാര- അനുഷ്ഠാന ബലികളിലൂടെയല്ല, പ്രത്യുത, നന്മ നിറഞ്ഞ പ്രവർത്തികളിലൂടെയാണ് സംഭവിക്കുന്നത്., പിതാവ് പറഞ്ഞു. 

"അനുഷ്ഠാനങ്ങളാണ് നമ്മുടെ മോചനമാർഗ്ഗം എന്ന പ്രതീതി നിലനിൽക്കുമ്പോൾ, ദൈവത്തിന്റെ കരുണയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ദൈവത്തിന്റെ കരുണയാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്ന സത്യം വിസ്മരിക്കപ്പെടുന്നു. 

ഏറ്റവും വലിയ പാപിയും ദൈവത്തിന്റെ ജനമാണ്. ദൈവം എത് പാപിയേയും തന്റെയടുത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു. ദൈവജനമായി വളരുവാൻ നമ്മുടെ പശ്ചാത്താപം മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളു. പശ്ചാത്താപം വഴി എത് പാപവും മാഞ്ഞു പോലെ നിർമ്മലമായി തീരുന്നു: ഇതാണ് ദൈവസ്നേഹത്തിന്റെ അത്ഭുതം" അദ്ദേഹം പറഞ്ഞു. 

(Source: Catholic Herald)

1 comment:

  1. '' പണമാണീശ്വരൻ, പണമാണീശ്വരൻ '' ; ''അധികാരമാണവന്റെ സിംഹാസനം'' എന്ന് ദിനവും കത്തനാര് കൂദാശയിൽ പാടുകയും, അവരുടെ 'കാനോൻ' നിയമത്തിനു കൂടെക്കൂടെ ''ആമ്മേൻ'' ചൊല്ലി, സ്വയം അടിമത്ത്വത്തിലേയ്ക്കു മനസിനെ കൂപ്പുകുത്തിക്കുകയും ചെയ്യുന്ന അജങ്ങളുടെ സംഘടനയായ സഭയിൽ, ''പണമല്ലീശ്വരൻ സ്‌നേഹമാണീശ്വരൻ ,ത്യാഗമാണീശന്റെ ഭാഷ'' എന്നൊക്കെ വായ്‌ തോരാതെ പറയുന്ന ഫ്രാൻസിസ് മാർപ്പാപ്പ എനിക്കൊരു ''അത്ഭുത പുരോഹിതനാണ്'' ! കാലം കാതോർത്തിരുന്ന ദൈവീക വാക്കുകൾ ഒരു പുരോഹിതൻ പറയാൻ തുടങ്ങി! പക്ഷെ ആരുണ്ടിവിടെ ആ നാദബ്രഹ്മം കേട്ടനുസരിക്കാൻ ? അനീതിയുടെ മാമോനെ സേവിക്കുന്ന മതതീവ്രവാദികളുടെ ഗുഹകളാണിന്നോരോ ദേവാലയങ്ങളും അന്നും ഇന്നും ! ഈ കള്ളന്മാരുടെ ഗുഹകളിൽ പ്രാർത്ഥിക്കാൻ പോകരുതെന്ന് നാസറായൻ മുന്കൂട്ടിപറഞ്ഞതിന്റെ പൊരുൾ എന്നീ ആടുകൾ
    മനസിലാക്കുമോ ആവൊ?
    ചെത്തികൊണ്ടുവരുന്ന കള്ള് ഭാര്യയെ കൊണ്ട് വില്പന നടത്തുന്ന പണ്ടത്തെ കേരളംപോലെ ; വീട്ടിൽ വരുന്ന അറബിയെ സൽക്കരിക്കാൻ ഭാര്യയെ തല്ലുകൊടുത്തു വഴിക്കാക്കുന്ന അച്ചായന്മാർ ഗൾഫിൽ തഴച്ചുവാഴുന്ന കാലത്താണ് എനിക്കും U A E യിലേക്ക് എൻട്രി കിട്ടിയത് ! അന്ന് അബുധാബിയിൽ വന്ന കാതോലിക്കായിക്കു എന്റെ ഒരുമാസ ശമ്പളം കൈമുത്തായി ഞാൻ കൊടുത്തപ്പോൾ , ഒരു എമ്പോക്കി അച്ചായൻ ബാവായുടെ കണ്ണ് തെളിക്കുന്ന പണക്കിഴി കൊടുത്തു ! കുര്ബാനയ്ക്കിടയിലെ പ്രസംഗത്തിൽ ആ ശുമ്പന്റെ പേരെടുത്തു പറഞ്ഞു കാതോലിക്കാബാവ അവനെ വാഴ്ത്തുന്നത് കേട്ടപ്പോൾ എന്റെ തോലുരിഞ്ഞുപോയി.. ഏതുവിധ ശാപത്തിന്റെ കാശായാലും ''കാശു കാശുതന്നെ''യെന്നാണ് പള്ളിയിലെ ചൊല്ല്! കർത്താവിന്റെ ''വിധവയുടെ ചില്ലിക്കാശിന്റെ'' പ്രയോഗം പാവം ബാവായിക്കൊരിക്കലും പിടികിട്ടാതെ , അതിയാനെ കാലൻ ചെയ്തു!''ശാപമാർഗ്ഗത്തിലെ ധനം യാതൊരു വിധമായ നേർച്ച കാഴ്ചയായും ദേവാലയത്തിൽ കൊണ്ടുചെല്ലരുത് ; അത് യഹോവയ്‌ക്കു വെറുപ്പാകുന്നു'' എന്ന പഴയനിയമത്തിലെ ചൊല്ലും ഈ ബാവാ ഒരിക്കലും വായിച്ചിട്ടില്ലെന്നു അന്നെനിക്ക് മനസിലായി! അതോടെ ഞാൻ ഇവറ്റകളുടെ കൈമുത്തും നിർത്തി! കൈക്കും എനിക്കും പിന്നീട് പരമസുഖം! samuelkoodal

    ReplyDelete