Translate

Saturday, September 3, 2016

പാലായിലും ആമ്മേൻ !

പണ്ടൊരാൾ, അയാളെ ഓടിച്ച കാട്ടാനയെ പറ്റിച്ചത് ഇടത്തോട്ട് ഇന്റിക്കേറ്റർ ഇട്ടിട്ട് വലത്തോട്ടോടിയാണെന്നു കേട്ടിട്ടുണ്ട്. അങ്ങിനെയോടിയാലും കേരള കത്തോലിക്കാ സഭ രക്ഷപ്പെടുമെന്നു തോന്നുന്നില്ല. വല്യ ഒരെപ്പിസ്കോപ്പൽ അസ്സംബ്ലി കഴിഞ്ഞതേയുള്ളൂ, ആഡംബരം എതിർസാക്ഷ്യമാണെന്നും പെരുന്നാളുകൾക്ക് അമിട്ടിനോളം ഒച്ച വേണ്ടെന്നും എല്ലാർക്കും മനസ്സിലായി. എതിരായിത്തീരുകയെന്നാൽ ഇരയായിത്തീരുകയെന്നാണ് ഓഷോയുടെ സിദ്ധാന്തം. മനസ്സിലായതുകൊണ്ടെന്തു കാര്യം? ചെങ്ങളം പള്ളി അടുത്താഴ്ച വെഞ്ചരിക്കും (ഉൽഘാടനം ചെയ്യും); അതിനകത്തു കയറി കർത്താവിനെ ഓർത്തോണ്ടിരിക്കുന്നതിനു പകരം അതിനുള്ളിലെ 'ബിഗ് ഫാനും' നോക്കി ആരെങ്കിലുമിരുന്നാൽ അവരെ കുറ്റം പറയാനൊക്കുമോ? ഒരച്ചന്റെ മരിച്ചടക്കിനു ചെങ്ങളത്തു ചെന്ന എന്റെ ഭാര്യ പള്ളി കണ്ടിട്ട് 'എന്റെ കർത്താവേ എന്റെ ദൈവമേ' യെന്ന് അറിയാതെ പറഞ്ഞുപോയത്രേ. അവിടെ ഇത്രയും നല്ല ഒരു വികാരി അനാവശ്യമായിരുന്നെന്നു വെക്കാം. പക്ഷേ, പാറേപ്പള്ളി അങ്ങിനെയാണോ? അതും കൂടി തീർന്നിട്ട് ആർഭാടത്തിനെതിരെ സംയുക്ത ഇടയലേഖനം ഇറക്കാമെന്നു വെച്ചാൽ പത്തിരുപതു വർഷങ്ങൾക്കൂടി കഴിഞ്ഞെന്നിരിക്കും - എന്തേരെ ഉൽസാഹിച്ചിട്ടും ജറൂസലേം പള്ളി തീരാൻ നാൽപ്പതു വർഷങ്ങളെടുത്തില്ലേ? 

പാലായിൽ സി. മേരി സെബാസ്റ്റ്യൻ കത്തി നിന്നിട്ടും എപ്പിസ്കോപ്പൽ അസ്സംബ്ലിയിൽ ഒരൊറ്റ ആൾ പോലും അക്കാര്യം പറയാൻ ധൈര്യപ്പെട്ടോ? അതാണ് അത്മായാ സ്വാതന്തൃം എന്നു പറയുന്നത്. ആമ്മേൻ സിനിമാ വരുന്നുണ്ട് - നമുക്കതിനിട്ടു പിടിക്കാം. പച്ചക്കറിച്ചന്തയുടെ ഓരം ചേർന്നിരിക്കുന്ന കുരിശുപള്ളിയിൽ പോയി മുഴുവൻ കുർബ്ബാന ചൊല്ലുന്നതിനേപ്പ്പറ്റി ആരും ഒന്നും പറഞ്ഞു കേട്ടില്ല. മേരി സെബാസ്റ്റ്യനോട് എനിക്കു പറയാനുള്ളത്, വിശുദ്ധയാകാനുള്ള നല്ലയൊരവസരമാ നഷ്ടപ്പെടുത്തിയതെന്നാണ്. അൽഫോൻസാമ്മയെ കണ്ടുപഠിച്ചാൽ മതിയായിരുന്നു. ഇതു കർമമലീത്തായാണെങ്കിൽ അതു ഫ്രാൻസിസ്കൻ ആണെന്ന വ്യത്യാസമല്ലേയുള്ളൂ? കർമ്മലീത്താക്കാരും മോശക്കാരല്ലെന്നോർക്കണം. ആമ്മേൻ പാടിയ സി ജെസ്മിയും ആമ്മേൻ പറയിച്ച സി. മേരി സെബാസ്റ്റ്യനും ഇത്രയൊക്കെ സഹിക്കേണ്ടി വന്നെങ്കിൽ മഠങ്ങൾക്കുള്ളിൽ എരിഞ്ഞടങ്ങന്നവർ ഇനിയും ഉണ്ടാവാമല്ലോ? സി. മേരി സെബാസ്റ്റ്യനു വട്ടായിരിക്കാമെന്നു സംശയിച്ചവർക്കിപ്പോൾ അക്കാര്യത്തിൽ തർക്കമില്ല. കിട്ടിയ കാശും ജീവനുമായി സിസ്റ്ററുടെ ഓട്ടം കണ്ടില്ലേ? പാപത്തിൽ നിന്നും പാപ സാഹചര്യങ്ങളിൽ നിന്നും ഓടിയകലുകയെന്നതല്ലേ അവർ ചെയ്തത്? വട്ടാണെങ്കിൽ അങ്ങിനെ ചെയ്യുമായിരുന്നൊ?

സഭക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും തിരിഞ്ഞുനിന്നു ചോദ്യം ചോദിക്കുന്നവനെ കൈകാരം ചെയ്യാൻ ചില പരമ്പരാഗത മാർഗ്ഗങ്ങളുണ്ട്. ഒല്ലൂരിലതു പാളിപ്പോയെങ്കിലും വരന്തരപ്പള്ളിയിൽ പാളില്ലെന്നാണു അവിടുത്തുകാരുടെ വിശ്വാസം. പള്ളിക്കും കമ്മറ്റിക്കാർക്കുമെതിരെ കള്ളക്കേസു കൊടുത്ത പൊന്മണിശ്ശേരി ജോസഫിന്റെയും ഭാര്യയുടേയും മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നു കാണിച്ച് അവിടെ പള്ളിമുറ്റത്തൊരു ബാനർ വന്നു. ങ്ഹാ! 2016 ഓഗസ്റ്റ് അവസാനം നടന്ന കാര്യമാണു പറയുന്നത്. പ്രാർത്ഥിച്ചതു കൊണ്ട് മാനസാന്തരമുണ്ടാവില്ലെന്ന് അവർക്കറിയാം. അപ്പോൾ അവരുടെ ലക്ഷ്യം വേറേന്തോ ആയിരുന്നിരിക്കണം.
ചെട്ടിക്കാട്, അൽഭുത പ്രവർത്തകനായ വി. അന്തോനീസിന്റെ നാമത്തിലുള്ള ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. അവിടെ ഈയ്യിടെ പള്ളിയോട് ബന്ധപ്പെട്ട് ഒരു ഹോളിസ്റ്റിക് ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു. സർവ്വ രോഗങ്ങൾക്കും ചികിൽസയുണ്ടെന്നു നോട്ടീസും അച്ചടിച്ചു. അന്തോനീസു പുണ്യാളൻ അൽഭുത പ്രവർത്തകനാണെന്നു വിശ്വാസമുണ്ടായിരുന്നെങ്കിൽ ഇതിന്റെ ആവശ്യ്യമുണ്ടാകുമായിരുന്നോ?

ഇപ്പരുവത്തിലാണെങ്കിൽ കൊച്ചിടപ്പാടി തെങുമ്പള്ളിൽ ജെസ്സിയുടെ പേരിലും കവീക്കുന്നു പള്ളിയിൽ ഒരു ബാനർ പ്രത്യക്ഷപ്പടേണ്ടതാണ്.

കവീക്കുന്ന് പള്ളിയിൽ വികാരിയായിരുന്ന ഫാ. ഡാഷ് പണം കടമായി വാങ്ങി. രൂപത അറിഞ്ഞ മട്ടില്ല. കോടതിക്ക് അനങ്ങാതിരിക്കാൻ വയ്യാത്ത അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ. ക്യാൻസർ രോഗിയായിക്കിടന്ന ജെസ്സിയുടെ ചികിൽസാ ചിലവിനായി മക്കൾ ഏൽപ്പിച്ചിരുന്ന 3 ലക്ഷം രൂപായാണ് ഒറ്റ പ്രാർത്ഥന കൊണ്ട് ആവിയായിപ്പോയത്. എന്തെങ്കിലും ചെയ്യുവാണേൽ കാരുണ്യവർഷം തീരുന്നതിനു മുമ്പു തന്നെ വേണേ പാലാക്കാരെ.

മദർ തെരേസായെ വിശുദ്ധയാക്കിയതിനു പിന്നിൽ ലത്തീൻകാരുടെ കടുത്ത സീറോ വൈരാഗ്യം ഉണ്ടെന്നാണ് പൊതുവേ പറഞ്ഞു കേൾക്കുന്നത്. കേരള സഭയുടെ ഖജനാവിന്റെ പെട്ടക്കിട്ടല്ലേ അവരടിച്ചത്. തിന്നുകയുമില്ല തീറ്റുകയുമില്ലെന്ന സ്ഥിതി. വി. മദർ തെരേസായുടെ കല്ലറക്കടുത്ത് ഒരു നേർച്ചപ്പെട്ടിയെങ്കിലും അവർ വെപ്പിച്ചിരുന്നെങ്കിൽ! സീറോക്കാരെ ലത്തീങ്കാർ ചുറ്റിച്ച സംഭവങ്ങൾ വേറെയുമുണ്ട്. അഹമ്മദാബാദിൽ ഒരു പുതിയ പള്ളിക്കു ലൈസൻസ് കൊടുത്തപ്പോൾ ആ പള്ളി പണിയാൻ ഏൽപ്പിച്ചത് ഒരു സീറോ അച്ചനെ. പള്ളിപണിയൊക്കെക്കഴിഞ്ഞ് സീറോക്കാർ  രൂപതയെപ്പറ്റി ചിന്തിച്ചപ്പോൾ ലത്തീൻകാരുടെ മുഖം വാടി. ആരോടു പറയാൻ? ഈ ബനഡിക്റ്റ് പതിന്നാറാമൻ നേരെ പറഞ്ഞതല്ലേ മാർത്തോമ്മാ ഇന്ത്യയിൽ വന്നിട്ടില്ലെന്ന് (കാഞ്ഞിരപ്പള്ളിക്കാർ ഇതറിഞ്ഞിട്ടില്ലന്നാ തോന്നുന്നത്. മോനിക്കാക്കു നീതി കൊടുക്കണമെന്നാവശ്യപ്പെട്ടു പ്രകടനം നടത്തിയവരെ കാഞ്ഞിരപ്പള്ളിക്കാർ നേരിട്ടതെങ്ങിനെയെന്നറിയാമല്ലോ!). ചെന്നൈയിലെ ലത്തീൻകാർ സീറോക്കാരോടു കാണിച്ചത് ഭയങ്കര ചതി! അവിടെ മെത്രാനെ ഉടുപ്പിക്കാൻ തയ്പിച്ച ഉടുപ്പും, പിടിപ്പിക്കാൻ ഉണ്ടാക്കിയ വടിയും, ചൂടിക്കാൻ ഉണ്ടാക്കിയ തൊപ്പിയുമാണ് കല്യാണിനയക്കേണ്ടിവന്നതെന്ന് സംശയിക്കുന്നവർ ധാരാളം. ഡൽഹിയിലെ മലയാളികൾക്കു ബുദ്ധി പറഞ്ഞു കൊടുത്തതും ലത്തീൻകാരായിരിക്കണം. അവരുടെ പരാതിക്കു മറുപടി എത്ര സ്പീഡിലാ ലഭിച്ചത്! ഇതെല്ലാം മനസ്സിൽ വെച്ചോണ്ടാ നമ്മുടെ  ആപ്പ സ്തോലിക് വിസിറ്റേറ്റർ പറയുന്നത് - ലത്തിൻകാർ നമ്മളെ ഒത്തിരി ഉപദ്രവിച്ചിട്ടുണ്ടെന്ന്. 

ഇതൊക്കെയാണെങ്കിലും ലത്തീൻകാർ നോക്കിക്കോ, ലോകത്തുള്ള സർവ്വ പട്ടണങ്ങളിലും സീറോ മലബാർ രൂപത തുടങ്ങിയെന്നുമിരിക്കും, കോട്ടയം ജില്ലയിലെ ഓട്ടോ റിക്ഷയേക്കാൾ കൂടുതൽ മെത്രാന്മാർ സഭയിൽ ഉണ്ടായെന്നുമിരിക്കും, ഒരു ദിവസം വത്തിക്കാൻ ലത്തീൻകാരുടെ കയ്യീന്ന് പോയെന്നുമിരിക്കും. കേരളത്തിൽ സീറോ മലബാറിലുമുണ്ട് സാഹചര്യങ്ങൾ വിനിയോഗിക്കാൻ അറിയില്ലാത്ത നവീകരണക്കാർ. വീടുകളിലെ കൂട്ടപ്രാർത്ഥന നിർത്താൻ പെന്തക്കോസുകാരോടു കോടതി പറഞ്ഞു; അതു ഞങ്ങളുടേ സഭയിലും നടപ്പാക്കിത്തരണമേയെന്നു കോടതിയോടു പറയാൻ അവർക്കു പറ്റുന്നില്ല. കൂട്ടപ്രാർത്ഥനക്കല്ലേ പള്ളി? പിന്നെന്തിനു വീടുകളിൽ വാർഡ് പ്രാർത്ഥന? പോലീസിന്റെ അനുവാദം വാങ്ങിച്ചിട്ട് അതു ചെയ്യട്ടെ. ശ്രീ നാരായണഗുരു ദൈവമല്ലെന്നു പറഞ്ഞ കോടതിയോട് നവീകരണക്കാർക്കു ചോദിക്കാൻ ഒന്നുമില്ലേ? 

വടക്കേ ഇന്ത്യയിൽ 500 രൂപാ കൊടുത്താൽ ഒരു ദിവസം ജയിലിൽക്കിടക്കാം. ആ അനുഭവം എന്താണെന്നറിയാൻ അവിടെ തിരക്കാ. ഇവിടെ ഒന്നും മുടക്കാതെ അത്മായാ ജീവിതം അറിയാനുള്ള അവസരങ്ങൾ ധാരാളം ഉണ്ടായിട്ടും ഒരു സീറോ മെത്രാനും പകൽ താൽപ്പര്യമില്ല. എന്താ ചെയ്ക?   

1 comment:

  1. ഈപ്പറഞ്ഞ എപ്പിസ്‌കോപ്പൽ അസ്സംബ്ലീൽ കഠിന നിലപാടുകൾ അറിയിച്ച വലിയ മെത്രാനച്ചൻ തന്നെയാണ് അടുത്തയാഴ്ച ചെങ്ങളം പള്ളി ഉത്ഘാടിക്കാൻ വരുന്നത് .. പിന്നെ എങ്ങിനെ ഇതൊക്കെ നന്നാവാൻ !

    ReplyDelete