Translate

Monday, September 26, 2016

ഫാ.ഐവാൻസ്‌: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതൻജോസഫ് പടന്നമാക്കൽ

ഫാദർ ജോസഫ് ഐവാൻസ്‌  ഓ.സി.ഡി, 9-18-2016-ൽ ഇന്ത്യാനയിലുള്ള ആൽബെർറ്റിൻ ഭവനത്തിൽവെച്ച് മരണമടഞ്ഞ വാർത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാർദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തിൽക്കൂടിയാണ് തുടക്കമിട്ടത്. 1961-ൽ  കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്സ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന്  പ്രസിദ്ധരായ സുകുമാർ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരൻ, ജോസഫ് പുലിക്കുന്നേൽ, പ്രൊഫ. ഷെപ്പേർഡ്  എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു.   കരിപ്പാപ്പറമ്പിൽ റെവ.ഡോ.തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിൻസിപ്പാളായി ചുമതലകൾ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചൻ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയിൽ എന്റെ പഠനം തുടങ്ങാൻ കാരണമായതും അന്ന് പ്രിൻസിപ്പളായിരുന്ന തിയോഡോഷ്യസച്ചൻ തന്നെയായിരുന്നു.


ഫാദർ ജോസഫ് ഐവാൻസ്‌,  മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1925 ജൂലൈ ഇരുപത്തിയഞ്ചാംതീയതി കോട്ടയം ഡിസ്ട്രിക്റ്റിലുള്ള പൂഞ്ഞാറിൽ ഒരു ധനിക കുടുംബത്തിലായിരുന്നു ജനിച്ചത്. 1925 ആഗസ്റ്റ് നാലാം തിയതി മാമ്മോദീസാ സ്വീകരിച്ചു. പ്രാഥമിക പഠനം പൂഞ്ഞാറിലായിരുന്നു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തിൽ നാലാമനായി വളർന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953 മെയ് മുപ്പതാം തിയതി ഒരു പുരോഹിതനായി പട്ടമേറ്റുകൊണ്ട് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബി.എ, യും എം.എ, യും ബിരുദങ്ങൾ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്'സ് കോളേജിൽ ലെക്ചറർ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിന്റെ പുരോഗതിക്കായി ഭീമമായ തുകകൾ സംഭരിക്കാനും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറ'റി കെട്ടിടവും പൂർത്തിയാക്കാനും സാധിച്ചു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും  എഡിറ്റർ കൂടിയായിരുന്നു.


ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976-ൽ അമേരിക്കയിൽ വരുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രൊഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. ഇന്ത്യാനയിലുള്ള ഗേരിയിൽ വിവിധ പള്ളികളിൽ  പാസ്റ്ററും അദ്ധ്യാപകനുമായി പ്രവർത്തിച്ചു. അവിടെയുള്ള പാവങ്ങളുടെയിടയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു. അവസാന കാലം അദ്ദേഹം ആൽബെർറ്റിൻ (Albertine Sisters in Hammond)കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവസാനകാലംവരെ കുർബാന ചൊല്ലിയും കുമ്പസാരങ്ങൾ ശ്രവിച്ചും കൊന്ത ചൊല്ലിയും സമയം ചെലവഴിച്ചിരുന്നു. ഇല്ലിനോയിലുള്ള ഹോളിക്രോസ് സെമിത്തേരിയിൽ തികച്ചും മാതൃകാപരമായി ജീവിച്ച ആ നല്ല പുരോഹിതൻ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ചരിത്രമായി മാറിയ അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരുന്നു.


അദ്ദേഹം തൊണ്ണൂറു വയസുവരെ ജീവിച്ചെങ്കിലും എന്നെ സംബന്ധിച്ച് ആ വേർപാട് അത്യന്തം  വേദനാ ജനകമായിരുന്നു. ആ ദുഃഖ വാർത്ത അറിഞ്ഞതുമുതൽ ഞാനെന്റെ പൂർവ്വകാലസ്മരണകളിലേയ്ക്കും ഒന്ന് തിരിഞ്ഞു നോക്കി. ഏറെ നാളായി അദ്ദേഹം ആരോടും സാമൂഹികമായ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തികച്ചും പരിതാപകരമായ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. സദാ ചിരിച്ചുകൊണ്ട് വാതോരാതെ വർത്തമാനം പറയുന്ന ഐവാൻസച്ചനെ ഒരിക്കൽ കണ്ടുമുട്ടിയവരാരും പിന്നീട് മറക്കില്ലായിരുന്നു. സംസാരത്തിന്റെ തരംഗങ്ങൾ തൊടുത്തുവിട്ടാൽ നാട്ടിലെ കൊച്ചുഗ്രാമം മുതൽ അന്തമില്ലാത്ത മഹാസമുദ്രങ്ങൾക്കപ്പുറമുള്ള ലോകത്തിന്റെ അതിരുകൾവരെയും   വിഞ്ജാനകോശങ്ങൾ നിരത്തി വെക്കുമായിരുന്നു. അന്തർദേശീയ സംഭവ വികാസങ്ങൾ, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ, ശാസ്ത്ര സാഹിത്യ സാങ്കേതിക വിവരങ്ങൾ, മതതത്ത്വ സംഹിതകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഐവാൻസച്ചൻ പറയുമ്പോൾ കേട്ടുനിൽക്കുന്നവർ ആവേശഭരിതരായി ശ്രവിക്കുമായിരുന്നു.


ഞാൻ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് പുസ്തകമായ 'റ്റേൽ ഓഫ് ബൗണ്ടി' (Tale of Bounty) യെന്ന ക്ലാസ്സിക്കൽ ചരിത്ര നോവൽ പഠിപ്പിച്ചിരുന്നത് ഐവാൻസച്ചനായിരുന്നു. അദ്ദേഹത്തിൻറെ സ്പീഡിലുള്ള വായനയും വർത്തമാനവും അതിവേഗത്തിലുള്ള നടപ്പും കാരണം 'ബേജാറച്ച'നെന്നായിരുന്നു വിദ്യാർത്ഥികളുടെയിടയിൽ അറിയപ്പെട്ടിരുന്നത്. കോളേജിൽ അദ്ധ്യാപകരും വിദ്യാർഥികളും തമ്മിൽ പരസ്പ്പരം സംസാരിക്കാതെ സമദൂരം പാലിച്ചിരുന്നതുകൊണ്ട് ഇരുകൂട്ടരും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ഐവാൻസച്ചൻ അവരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹം എവിടെ സഞ്ചരിച്ചാലും അന്ന് കുട്ടികൾ സംസാരിക്കാൻ ചുറ്റും കൂടും. പൊതുവഴികളിൽക്കൂടി  പതിയെ നടക്കാൻ അറിയില്ലായിരുന്നു. എപ്പോഴും ഓടിയോടി നടക്കും. അന്നുള്ള ശിക്ഷ്യഗണങ്ങളെന്നു വെച്ചാൽ അദ്ദേഹത്തിനെന്നും ജീവനായിരുന്നു. പിടിച്ചു നിർത്തി വർത്തമാനം പറയും. വീട്ടിലുള്ള സകലരുടെയും വിശേഷമറിയണം. ഒടുവിൽ നീ പഠിക്കുന്നുണ്ടോടായെന്ന ചോദ്യവും. അന്നുണ്ടായിരുന്ന സകല കുട്ടികൾക്കും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. എന്റെ സുദീർഘമായ ജീവിതത്തിൽ നൂറു കണക്കിന് പുരോഹിതരെയും അദ്ധ്യാപകരെയും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ഐവാൻസച്ചനെപ്പോലെ മാതൃകാപരമായി ജീവിച്ച ചുരുക്കം ചിലരെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവരായുള്ളൂ. ഒരു നിമിഷം ആ മഹാഗുരുവിനെ നമിച്ചുകൊണ്ടു ഈ ലേഖനം അദ്ദേഹത്തിനായി സമർപ്പിക്കുകയാണ്. ഒരേ വിശ്വാസസംഹിതകൾ സൂക്ഷിക്കുന്ന മതത്തിന്റെ വേലിക്കൂട്ടിനുള്ളിൽ ഞങ്ങൾ തമ്മിൽ ആശയപരമായി ഒരിക്കലും യോജിച്ചിട്ടില്ലായിരുന്നെങ്കിലും ഞാനും അദ്ദേഹവുമായുള്ള സൗഹാർദ്ദത്തിന് അതൊരു വിലങ്ങുതടിയായിരുന്നില്ല.


എന്റെ കോഴിക്കോടുള്ള പഠനകാലത്ത് വാസ്തവത്തിൽ എനിക്കന്നു മനസിലായ വിഷയം അച്ചൻ പഠിപ്പിച്ച ഇംഗ്ലീഷ് പുസ്തകം മാത്രമായിരുന്നു. 1789 ഏപ്രിൽ ഇരുപത്തിയെട്ടാം തിയതി പസഫിക്ക് സമുദ്രത്തിൽ വെച്ച് ബ്രിട്ടന്റെ നാവിക കപ്പലിലുലുണ്ടായ ഒരു പട്ടാളവിപ്ലവത്തിന്റെ കഥയായിരുന്നു അത്. വെസ്റ്റിൻഡീസിലുള്ള അടിമകളെ തീറ്റാനായി 'കടച്ചക്ക' ശേഖരിക്കാൻ 'ടാഹിട്ടി' ദ്വീപിലേക്കുള്ള ദുരിതപൂർണ്ണമായ യാത്രയിലായിരുന്നു കപ്പലിനുള്ളിൽ വിപ്ലവമുണ്ടായത്. കപ്പലിന്റെ പടനായകനും കപ്പിത്താനുമായിരുന്ന 'വില്യം ബ്ലൈഗ്' മറ്റുള്ള നാവികരോട് ക്രൂരവും അപമര്യാദയുമായ രീതിയിൽ പെരുമാറിയിരുന്നു. നാവിക സൈന്യക നിയമങ്ങൾ ലംഘിച്ചുകൊണ്ട് സഹികെട്ട സഹക്യാപ്റ്റൻ ഫ്ലെക്‌ച്ചർ ക്രിസ്ത്യൻ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അപ്പോഴേയ്ക്കും നാലായിരം മൈലുകളോളം കപ്പൽ യാത്ര പൂർത്തിയാക്കിയിരുന്നു.   ടാഹിട്ടിയിൽ അഞ്ചുമാസം താമസിച്ച നാളുകളിൽ അവിടെയുള്ള പോളിനേഷ്യൻ സ്ത്രീകളുമായി കപ്പലിലുണ്ടായിരുന്നവർ ലൈംഗിക ബന്ധങ്ങളിലും ഏർപ്പെട്ടിരുന്നു. നാവികരുടെയിടയിൽ അനുസരണം ഇല്ലാതെയുമായി. ബ്രിട്ടനിലെത്തിയാൽ അവരെ വിസ്തരിക്കുമെന്ന ഭയത്താൽ ക്രിസ്ത്യനും പാർട്ടിയും ആ ദ്വീപിൽ ഒളിച്ചു താമസിച്ചു. 1790-ൽ ബ്ലൈഗും കൂട്ടരും ഇംഗ്ലണ്ടിൽ എത്തി. അതിനു ശേഷം വിപ്ലവമുണ്ടാക്കിയവരുടെ പേരിൽ കുറ്റവിസ്താരങ്ങളും തുടങ്ങി. കുറ്റാരോപിതരായ പതിനാലു പേരെ നാവികപട ടാഹിട്ടിയിൽ വീണ്ടുമെത്തി മടക്കിക്കൊണ്ടുവരുകയും അവരെ ജയിലിലടക്കുകയും ചെയ്തു. ക്രിസ്ത്യനെയും ഏതാനും സഹ വിപ്ലവകാരികളെയും കണ്ടെത്താൻ സാധിച്ചില്ല. ലഹളക്കാരിൽ നാലുപേരെ കുറ്റവാളികളായി വിധിക്കുകയും മൂന്നുപേരെ തൂക്കാനും വിധിച്ചു. 1808 വരെ ക്രിസ്ത്യനെയും പാർട്ടിയെയും പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അന്ന് ഒളിച്ചുതാമസിച്ചിരുന്ന  'ജോൺ ആഡം' എന്ന ഒരു വിപ്ലവകാരി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. കപ്പലിലുണ്ടായിരുന്ന വിപ്ലവകാരികളുടെ അനന്തരതലമുറകളിൽപ്പെട്ടവർ ഇന്നും ആ ദ്വീപിൽ വസിക്കുന്നുണ്ട്. പൊതുവായി ബ്ലൈഗിനെ ഒരു ഭീകരനും ക്രിസ്‌ത്യനെ ബലിയാടായ നല്ലവനുമായിട്ടാണ് ഹോളിവുഡ് ഫിലിമുകൾ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക ചരിത്രകാർ ആ വിശ്വാസത്തോട് യോജിക്കുന്നുമില്ല.


അക്കാലത്ത് ഹൈസ്‌കൂൾ പതിനൊന്നു വർഷവും പ്രീയൂണിവേഴ്‌സിറ്റി ഒരു വർഷവുമായ സ്‌കൂൾ-കോളേജ് അദ്ധ്യയന ക്രമങ്ങളായിരുന്നുണ്ടായിരുന്നത്.  . ശാസ്ത്ര വിഷയങ്ങൾ ഹൈസ്‌കൂളിൽ മലയാളത്തിൽ പഠിച്ചതുകൊണ്ടു  അദ്ധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നതെന്തെന്നുപോലും ഒരു ഗ്രാഹ്യവുമില്ലായിരുന്നു. സയൻസ് മുഴുവൻ പലരും മനഃപാഠമാക്കുമെങ്കിലും എനിക്കതിനുള്ള കഴിവുമില്ലായിരുന്നു. ക്വതനാങ്കമാണ് ബോയിലിംഗ് പോയിന്റെന്നും ആപേക്ഷികാ സിദ്ധാന്തമാണ് തിയറി ഓഫ് റിലേറ്റിവിറ്റിയെന്നുമൊക്കെ കോളേജ് വിട്ട ശേഷമാണ് മനസിലായത്. സർക്കാർ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ് പ്രീയൂണിവേഴ്‌സിറ്റിയെന്നു വേളൂർ കൃഷ്ണൻ കുട്ടിയുടെ വിനോദകഥ വായിച്ചതും ഓർക്കുന്നു. കാരണം കൃഷ്ണൻ കുട്ടി പ്രീയൂണിവേഴ്സിറ്റിയ്ക്ക് പല തവണ തോറ്റു പഠിച്ചിരുന്നു. ചുരുക്കം വിദ്യാർത്ഥികളെ പബ്ലിക്ക് പരീക്ഷയിലിരുത്താതെ  കോളേജ് അന്ന് ഡീറ്റൻഷനും നൽകുമായിരുന്നു. ക്ലാസ്സിൽ കയറാതെ ഹാജർ കുറവായതിനാലും ഓണം ക്രിസ്തുമസ് പരീക്ഷകളിലെ മാർക്കുകൾ കുറവായതിനാലും എന്നെയും അക്കൊല്ലം  പബ്ലിക്ക് പരീക്ഷക്കിരുത്താൻ കോളേജനുവദിച്ചില്ല. നിരാശനായ ഞാൻ അക്കാലങ്ങളിൽ പഠനം അവസാനിപ്പിക്കണമെന്നും വിചാരിച്ചുപോയി. ഒരിക്കൽ എന്റെ ഹോസ്റ്റൽ പരിസരത്തുള്ള കോളേജ് ക്യാമ്പസിൽവെച്ച് ഐവാൻസച്ചനെ കണ്ടുമുട്ടിയതും ഓർക്കുന്നു. ' എന്തിനാണ് നീ ഇങ്ങനെ സദാ വിഷമിച്ചു നടക്കുന്നത്, നൈരാശ്യം പാടില്ല. പ്രതീക്ഷകളാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന്' അച്ചന്റെ അന്നുള്ള സാരോപദേശവും ഓർക്കുന്നു.  'എന്റെ പഠനത്തിലുള്ള ബലഹീനതകൾ മനസ്സിലാക്കിയിരുന്നെങ്കിൽ പ്രയാസമുള്ള സയൻസ് വിഷയങ്ങൾക്ക് ട്യൂഷൻ നൽകി ഡീറ്റെൻഷൻ എന്ന കടമ്പ കടത്താമായിരുന്നുവെന്നും' അച്ചൻ പറഞ്ഞതോർക്കുന്നു. അന്ന് കിട്ടുന്ന സ്വാന്തന വാക്കുകൾ മനസിന് ഉന്മേഷവും ലഭിക്കുമായിരുന്നു. അച്ചന്റെ അന്നത്തെ ഉപദേശങ്ങൾ പിന്നീടുള്ള എന്റെ പഠന ജീവിതത്തിൽ കൂടുതൽ ആത്മധൈര്യം നല്കുകയും ചെയ്തു.


വിജയകരമല്ലാത്ത ദേവഗിരിയിലെ പഠനവും പൂർത്തിയാക്കി ഞാൻ എന്റെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. നാട്ടുകാരെ അഭിമുഖീകരിക്കാൻ പ്രയാസമായതുകൊണ്ട് വീട്ടിൽനിന്നും ഒരു സ്ഥലത്തും പുറത്തിറങ്ങുമായിരുന്നില്ല. മുമ്പോട്ടുള്ള പഠനത്തിന് താല്പര്യവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലേയെന്നു അയൽക്കാരും ചോദിക്കുമായിരുന്നു. ചിലർ എന്നെ ഒരു കുറ്റവാളിയെപ്പോലെയും കാണുമായിരുന്നു. അക്കാലത്തു ഐവാൻസച്ചന്റെ നാല് ലൈനിലുള്ള ഒരു കത്ത് അപ്രതീക്ഷിതമായി കിട്ടിയതും ഓർക്കുന്നു. പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ കത്തു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. ദേവഗിരിയിൽ ഒരു വർഷംകൂടി പ്രീ യൂണിവേഴ്സിറ്റി ആവർത്തിച്ചു പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. എന്റെ സഹപാഠികൾ ഉയർന്ന ക്ളാസുകളിൽ പഠിക്കുമ്പോൾ വീണ്ടും തോറ്റവനായി അവിടെ പഠിക്കാൻ എനിയ്ക്ക് താല്പര്യമുണ്ടായില്ല. അക്കൊല്ലം തന്നെ കോട്ടയം പൈകടാസ് കോളേജിൽ ചേർന്ന് ഞാൻ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി പ്രൈവറ്റായി പഠിക്കാനാരംഭിച്ചു. കോട്ടയത്തുള്ള ഒരു ലോഡ്ജിൽ താമസവും തുടങ്ങി. അന്ന് ആ ലോഡ്ജിൽ കോളേജദ്ധ്യാപകർക്കായുള്ള ഒരു കോഴ്സായ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് 'ഇൻസ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷ്' സ്‌കൂളിൽ പഠിക്കുന്ന രണ്ടദ്ധ്യാപകരുമുണ്ടായിരുന്നു. ഒരിക്കൽ ഒരു സുപ്രഭാതത്തിൽ  ലോഡ്ജിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഐവാൻസച്ചൻ അവിടെ താമസിക്കുന്ന സുഹൃത്തുക്കളുമായി നടന്നുവരുന്നന്നതു കണ്ടു. യാദൃച്ഛികമായി ദേവഗിരിയിലെ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിയായ സന്തോഷവുമുണ്ടായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.ഏ. ഹോണേഴ്‌സ് ഡിഗ്രിയുള്ളവർ കേരളാ യൂണിയവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ പ്രൊഫസറായി പ്രൊമോഷൻ വേണമെങ്കിൽ ഈ ഡിപ്ലോമയും പൂർത്തിയാക്കണമായിരുന്ന നിയമം അന്ന് കേരളാ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയിരുന്നു. ഡിപ്ലോമയ്ക്കുള്ള പഠനവും ദീപികയിൽ എഡിറ്റോറിയൽ ജോലിയും ചെയ്തുകൊണ്ട് ഐവാൻസച്ചൻ ദീപികയുടെ കെട്ടിടത്തിൽ താമസം തുടങ്ങിയിരുന്നു. അതിനുശേഷം സായം സഞ്ചാരത്തിനു പോവുന്ന സമയങ്ങളിൽ മിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ദീപികയിലെ ഓഫീസിൽ സന്ദർശിക്കുകയും ചിലപ്പോൾ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പഠിക്കാൻ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഭാഷണമായിരുന്നു കൂടുതലും. അദ്ദേഹത്തിൻറെകൂടെ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നവർ എന്റെയും സുഹൃത്തുക്കളായിരുന്നു. ഐവാൻസച്ചന്റെ അഗാധമായ പാണ്ഡിത്യത്തെപ്പറ്റി അവർ മിക്ക ദിവസങ്ങളും സംസാരിക്കുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഏറ്റവും സമർഥനായ വിദ്യാർത്ഥിയെന്നും പഠിപ്പിക്കുന്ന പ്രൊഫസർമാരെക്കാൾ അദ്ദേഹത്തിന് അറിവുണ്ടെന്നും അവർ പറയുമായിരുന്നു.


കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. ഞാനും പലയിടത്തായി കറങ്ങി വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ, എൽത്തുരുത്തിലുള്ള സെന്റ്. അലോയിഷ്യസ് കോളേജിൽ കൊമേഴ്‌സ് അദ്ധ്യാപകനായി പഠിപ്പിക്കുന്ന കാലം. അന്ന് ഐവാൻസച്ചൻ ദേവഗിരി കോളേജിലെ പ്രിൻസിപ്പാളായിരുന്നു. എന്റെ പ്രിയപ്പെട്ട ആ ഗുരുനാഥൻ കേരളത്തിന്റെ ഒരു ഒന്നാംകിട കോളേജിന്റെ ഭരണസാരഥ്യം വഹിക്കുന്നതറിഞ്ഞപ്പോൾ ഞാൻ അഭിമാനിയായിരുന്നു. ഒരിക്കൽ എന്റെ അന്നത്തെ ബോസായിരുന്ന ഫാദർ റൂപ്പർട്ട് കൊവേന്തയിലേയ്ക്ക് വിളിപ്പിച്ച് ' ഐവാൻസച്ചൻ അവിടെ അന്നു രാത്രി തങ്ങുന്ന കാര്യവും എന്നെ കാണണമെന്നാവശ്യപ്പെട്ടതും' അറിയിച്ചു. വർഷങ്ങളോളം പരസ്പരം എഴുത്തുകുത്തുകളൊന്നുമില്ലാതെ അച്ചൻ ഞാനവിടെ പഠിപ്പിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്നും ഓർത്തുപോയി. ഒരു ദിവസം മാത്രം അവിടെ തങ്ങിയിരുന്ന അച്ചനും ഞാനുമായി നീണ്ട വർത്തമാനങ്ങളും പഴയ കോളേജുകാല കഥകളും പറഞ്ഞതോർക്കുന്നു. ദേവഗിരിയിലേക്ക് വരുവാൻ  എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിൻറെ ക്ഷണം ഫലവത്താക്കാൻ എനിയ്ക്കൊരിക്കലും സാധിച്ചില്ല.


ഞാൻ വിവാഹിതനായ ശേഷം ഭാര്യാവീട്ടിൽ ബന്ധു ജനങ്ങളുടെ പല വീടുകളിലും വിരുന്നു സൽക്കാരത്തിനു പോയിരുന്നു. അന്ന് അമ്മായിയപ്പനും അദ്ദേഹത്തിൻറെ അപ്പനും അമ്മയുമെല്ലാം  ജീവിച്ചിരിക്കുന്ന കാലം. ഭാര്യയുടെ വല്യപ്പന്റെ തറവാട്ടിൽ പോയപ്പോൾ അവിടെ അവരുടെ കുടുംബഫോട്ടോകളുടെ നടുക്ക്  ഐവാൻസച്ചന്റെ പുത്തൻ കുർബാനയുടെ ഒരു പടം ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. അപ്പോഴാണ് അച്ചന്റെ അമ്മവീടും എന്റെ ഭാര്യയുടെ കുടുംബവും ഒന്നാണെന്ന് മനസിലായത്. എല്ലാം ഒരു നിയോഗം പോലെ എനിയ്ക്കു തോന്നി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പുരോഹിതനും എനെറെ ഗുരുനാഥനുമായ ഐവാൻസച്ചന്റെ അമ്മവീട്ടിൽ നിന്നാണ് വിവാഹം കഴിച്ചതെന്നതിലും സന്തോഷിച്ചു. എങ്കിലും പിന്നീടൊരിക്കലും അച്ചനെ നേരിട്ടുകാണാനോ കത്തിടപാടുകളോ സാധിച്ചിരുന്നില്ല.


1976ൽ  നാട്ടിൽനിന്നു വരുന്ന എന്റെ ബന്ധുജനങ്ങളെ പ്രതീക്ഷിച്ചു കെന്നഡി എയർ പോർട്ടിൽ ഞാൻ നിൽക്കുകയായിരുന്നു. ലോകം എത്രയോ ചെറുതെന്നു തോന്നത്തക്ക വിധം പെട്ടെന്നാണ് എന്റെ ബോസായിരുന്ന ഫാദർ റൂപ്പർട്ടിനെയും ഫാദർ ഐവാൻസിനെയും തേവര പ്രിൻസിപ്പാളായിരുന്ന ഫാദർ വിക്ടറിനെയും കണ്ടത്. വളരെക്കാലം കൂടി ഗുരു ശിക്ഷ്യന്മാർ തമ്മിൽ കണ്ടുമുട്ടിയതിൽ ഐവാൻസച്ചനുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൽനിന്നാണ് ഞാൻ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോൾ ഒരു കുടുംബ ബന്ധവും അന്നുമുതൽ തുടങ്ങി. അതിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഞങ്ങളുടെ വീട് സന്ദർശിച്ചു. അദ്ദേഹമൊത്തു ന്യുയോർക്കിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതും ഓർക്കുന്നു.അക്കൂടെ പ്രമുഖരായ പലരുടെയും വീടുകളിൽ അദ്ദേഹത്തോടൊപ്പം പോയി.


ന്യൂയോർക്കിലെ എന്റെ വാസസ്ഥലമായ ന്യുറോഷലിൽ ഒരു പള്ളിയിൽ അന്നു പാസ്റ്ററായിരുന്ന ഫാദർ വെമ്പാല നൽകിയ പഴയൊരു പോണ്ടിയാക്ക് കാറ് ഐവാൻസച്ചൻ സ്വന്തമാക്കിയിരുന്നു. അച്ചന് ഡ്രൈവിങ്ങ് ലൈസൻസോ കാറ് ഓടിക്കാനോ അറിയുമായിരുന്നില്ല. ഏകദേശം അന്ന് പതിനഞ്ചു വർഷമെങ്കിലും പഴക്കമുണ്ടായിരുന്ന പഴഞ്ചനായ ആ പോണ്ടിയാക്ക് കാറ് അദ്ദേഹത്തിന് ഷിക്കാഗോയിൽ കൊണ്ടുപോവുകയും വേണം. എന്നോട് ആ കാറ് ഷിക്കാഗോയിൽ ഡ്രൈവ് ചെയ്തു കൊണ്ടുപോയി എത്തിക്കാമോയെന്നു ചോദിച്ചു. ഞാനും അമേരിക്കയിൽ പുതിയ ഡ്രൈവറായിരുന്നു. കാറിന്റെ കാലപ്പഴക്കവും ഓടിക്കാനുള്ള പരിചയക്കുറവും കാരണം എനിക്ക് അച്ചനെയും കൊണ്ട് ആ കാറിൽ യാത്രയാകാനും  മടിയായിരുന്നു. പോരാഞ്ഞു ഭാര്യ സമ്മതിക്കുകയുമില്ലായിരുന്നു. പിശാചിനും  കടലിനുമിടയിലായ ഞാൻ ഒടുവിൽ കാർ ഷിക്കാഗോയിലേയ്ക്ക് ഡ്രൈവ് ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ചെറുപ്പമായിരുന്നതു കൊണ്ട് ആ പഴഞ്ചൻ കാറ് ഓടിക്കാനുള്ള ആത്മധൈര്യവും സമാഹരിച്ചു.  അച്ചനും ഞാനുമൊത്തുള്ള  നീണ്ട ഷിക്കാഗോ യാത്ര വളരെ രസകരമായിരുന്നു. അച്ചന്റെ വാതോരാതെയുള്ള വിജ്ഞാന പ്രദമായ വർത്തമാനം കാരണം ഷിക്കാഗോയിലെത്തിയത് അറിഞ്ഞില്ല. ന്യൂയോർക്കിലെ 'ബിഗ് ആപ്പിൾ' മുതൽ ഓരോ സ്റേറ്റിന്റെയും ചരിത്രങ്ങൾ പോകുന്ന വഴി അച്ചൻ വിവരിച്ചുകൊണ്ടിരുന്നു. കത്തിപ്പോയ ഷിക്കാഗോ പട്ടണം രണ്ടാമതും പുനർനിർമ്മിച്ച കഥയൊക്കെ അന്ന്  ആദ്യം കേൾക്കുകയായിരുന്നു. ചരിത്ര കുതുകിയായ എനിയ്ക്ക് അച്ചനുമൊത്തുള്ള ആ യാത്ര വളരെ രസകരമായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായി തേവര കോളേജ് പ്രിൻസിപ്പലായിരുന്ന ഫാദർ വിക്ടർ എന്റെപേര്ക്ക് പ്ലെയിൻ ടിക്കറ്റ് എടുത്തുവെച്ചിട്ടുമുണ്ടായിരുന്നു.


ആ യാത്രയ്ക്ക് ശേഷം അച്ചൻ വർഷത്തിൽ ഒന്നും രണ്ടു തവണകൾ എന്റെ വീട്ടിൽ വരുമായിരുന്നു. വരുന്ന സമയം സുഹൃത്തുക്കളായവരുടെ വീടുകളിലും സ്ഥലങ്ങൾ കാണാനും ഞാനും ഒപ്പം പോകുമായിരുന്നു. അമേരിക്കൻ ജീവിതകാലം മുഴുവൻ ദേശാടന പക്ഷിയെപ്പോലെ ലോകം മുഴുവൻ ഡ്രൈവ് ചെയ്തു നടക്കുകയെന്നതും അദ്ദേഹത്തിൻറെ വിനോദമായിരുന്നു. ഞാനും ഗേരിയിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളി കന്യാസ്ത്രീകളുടെ  സൽക്കാരങ്ങളിലും പങ്കു ചേർന്നിട്ടുണ്ട്.


ഐവാൻസച്ചനെ സ്നേഹിച്ചിരുന്നവരുടെ ഹൃദയങ്ങളിൽ അദ്ദേഹമെന്നും ഒരു നല്ല മനുഷ്യനായി  കുടികൊള്ളുമെന്നും എനിക്കറിയാം. ദേവാലയങ്ങളിൽ മണിനാദം മുഴങ്ങുമ്പോൾ താൻ അർപ്പിച്ചിരുന്ന ദിവ്യബലിയിൽ  സ്നേഹം കൊണ്ടും ജ്ഞാനംകൊണ്ടും വിശ്വാസ സംരക്ഷണം കൊണ്ടും അനേകർക്ക് മാർഗ്ഗദീപമായിരുന്ന ഈ പുരോഹിതൻ ഒരു കൈത്തിരിപോലെ എന്നുമവർക്കായി പ്രകാശിച്ചുകൊണ്ടിരിക്കും.  ഓരോ വ്യക്തിയ്ക്കും അവരുടെ  ജീവിതത്തിൽ സ്വാധീനം ചൊലുത്തിയ ഒരു ഗുരു കാണുമെന്നു ആരോ പറഞ്ഞിട്ടുണ്ട്. സ്വാത്തികമായ  ആ തത്വം ഐവാൻസച്ചനിൽ ഞാൻ കാണുന്നു. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള ഏതെങ്കിലും ഗുരുവിനെപ്പറ്റി ഓരോരോ കഥകൾ പറയാൻ കാണും. സ്വന്തം ശിക്ഷ്യഗണങ്ങൾ ഒരു അദ്ധ്യാപകനെ സ്നേഹിക്കുകയെന്നടത്തോളം ആ അദ്ധ്യാപകന് അതിൽകൂടുതൽ ഒരു സമ്മാനം കിട്ടാനില്ല. അക്കാര്യത്തിൽ ഐവാൻസച്ചൻ ഭാഗ്യവാനാണ്. സ്നേഹംകൊണ്ട് നിറഞ്ഞ ഒരു വലിയ ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ എന്നും പുഞ്ചിരിച്ചു നടന്നിരുന്ന ഒരു അദ്ധ്യാപകനെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുള്ളൂ. പറയാൻ വാക്കുകളില്ല. എങ്കിലും അദ്ദേഹമില്ലാത്ത ലോകത്തിലും നന്ദിയെന്നു മാത്രം പറയാനെ എനിയ്ക്കിന്നു സാധിക്കുന്നുള്ളു.


കഠോപനിഷത്‌ മൂന്നാം വല്ലിയിൽ പറഞ്ഞിരിക്കുന്നു, "അറിവിനെ തേടി അറിവിനെ പുണരാൻ ഉണരൂ, അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കൂ. നിദ്ര വെടിയൂ, ഉത്‌കൃഷ്‌ട മാതൃക പ്രദാനം ചെയ്യുന്ന  ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവിന്റെ തിലകമണിയൂ. ജ്ഞാനമാകുന്ന ആ വഴി ഇരുതല വാളിനേക്കാളും മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു. വിദ്യയേയും, തീര്‍ഥത്തേയും വിൽപ്പനച്ചരക്കാക്കുന്നു മറ്റുചിലര്‍. വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു. ഗുരു അങ്ങനെയായിരിക്കരുതെന്നും പറയുന്നുണ്ട്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. അക്ഷരാർത്ഥത്തിൽ ഐവാൻസച്ചൻ ഉപനിഷത്തിൽ സംസ്കൃത ശ്ലോകങ്ങളിൽ ആലപിച്ച അതേ ഗുരു തന്നെയായിരുന്നു. യേശുവിനെപ്പോലെ ജീവിച്ച മഹാനായ ഒരു പുരോഹിതനും.

Cover Photo: EMalayalee, http://emalayalee.com/varthaFull.php?newsId=129768

St.Joseph's Devagiri College

1 comment:

  1. ഉപയോഗം കഴിയുമ്പോൾ ചവറുപോലെ വലിച്ചെറിയുകയെന്നത് പൗരാഹിത്യ ശൃംഖലകളുടെ ഒരു പ്രത്യേകതയാണ്. ഐവാൻസച്ചൻ കോട്ടയത്തുള്ള ദീപികയ്ക്ക് വേണ്ടി 1962-ൽ എഡിറ്റോറിയൽ ജോലികളിൽ വോളണ്ടീറായി സഹായിച്ചിരുന്നു. 1976 വരെ ദേവഗിരി കോളേജിന്റെ പ്രൊഫസറും പ്രിൻസിപ്പാളുമായിരുന്നു. ഒരു കാലത്തു മാതൃഭൂമിയിലും ദീപികയിലും മനോരമയിലുമൊക്കെ അദ്ദേഹം നിത്യം പത്രവാർത്തകളിൽ ഉണ്ടായിരുന്നു. എന്നാൽ മരിച്ച വാർത്ത ദീപികയുൾപ്പടെ കേരളത്തിലെ ഒറ്റ പത്രം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ദേവഗിരി കോളേജ് അദ്ദേഹം മരിച്ച വിവരം അറിഞ്ഞിട്ടുമില്ല. അമേരിക്കയിലെ ഓൺലൈൻ പത്രങ്ങളിൽ കൂടിയാണ് മരണവാർത്ത വന്നതും.

    അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് ഫണ്ട് സ്വീകരിക്കാൻ ദേവഗിരി കോളേജിനുത്സാഹമായിരുന്നു. അച്ചൻ അമേരിക്കയിൽ വന്നുകഴിഞ്ഞു സഭ മാറിയതാണ് കാരണം. അതുകൊണ്ട് കൊവേന്തയ്ക്കു കിട്ടിക്കൊണ്ടിരുന്ന നല്ലയൊരു വരുമാനവും കുറഞ്ഞു. സി.എം.ഐ. (കർമ്മലീത്താ) മൂന്നാം സഭയിൽനിന്ന് ഒ.സി.ഡി (കർമ്മലീത്താ) ഒന്നാം സഭയിലേക്കാണ് അദ്ദേഹം പൗരാഹിത്യ ജോലിക്കായി മാറിയത്. ഇക്കാര്യത്തിൽ പൊതുവേ അസൂയ നിറഞ്ഞ കൊവേന്ത പുരോഹിതർ കുപിതരായിരുന്നു. കാഞ്ഞിരപ്പള്ളി കോളേജിന്റെ പ്രിൻസിപ്പാളായിരുന്ന അന്തരിച്ച ഫാദർ നെസ്റ്റോർ സിഎംഐ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഐവാൻ' എന്ന സ്വാർത്ഥത നിറഞ്ഞ ഒരുത്തൻ ഡോളർ തേടി മറ്റൊരു സഭയിൽ പുരോഹിതനായി അവിടെ കുടിയേറിയിരിക്കുന്നു." ആ പുസ്തകത്തിലെ ഭാഷയും രുചിക്കുന്നതല്ല. അതുപോലെ മറ്റു പല പുരോഹിതരും ഇക്കാര്യത്തിൽ ഐവാൻസച്ചനെ വിമർശിക്കുന്നത് കേട്ടിട്ടുണ്ട്.

    എന്തുതന്നെയായാലും മറ്റെല്ലാ പുരോഹിതരെക്കാളും വ്യത്യസ്തനായി ഐവൻസച്ചൻ തന്റെ ജീവിതത്തിൽ നല്ലൊരു വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പേരുദോഷവും കേൾപ്പിക്കാതെ ജീവിച്ച നല്ലവനായ ഒരു പുരോഹിതനുമായിരുന്നു. അദ്ദേഹത്തിൻറെ അത്രയും മാന്യത പാലിച്ചു ജീവിച്ച മറ്റൊരു പുരോഹിതനെ കാണാനും പ്രയാസമായിരിക്കും. ആയിരക്കണക്കിന് ജനം അദ്ദേഹത്തിൻറെ സംസ്ക്കാരകർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. ചുറ്റും അസൂയ പിടിച്ച പുരോഹിതരിൽനിന്നും അമേരിക്കൻ പുരോഹിതരുമായി സമാധാനമായി ജീവിക്കാൻ സാധിച്ചതും അച്ചന്റെ ഭാഗ്യമായി കരുതണം.

    ReplyDelete