Translate

Monday, September 12, 2016

മെത്രാനെന്താ കൊമ്പുണ്ടോ?

മെത്രാനെന്താ കൊമ്പുണ്ടോ?
"മെത്രാനെന്താ കൊമ്പുണ്ടോ? ഉണ്ടോ?" ജോൺസൺ വൈദ്യർ ഇതു ചോദിക്കുമ്പോൾ ലേശം വിറക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ആൾ ഏതോ മെത്രാനോട് നല്ല അരിശത്തിലാണെന്നു മനസ്സിലായി. ഞാൻ വളരെ ശാന്തമായി ജോൺസൺ വൈദ്യരോടു ചോദിച്ചു,
"എന്താ ഇപ്പ ഉണ്ടായെ?" 
"ആളൂക്കാരൻ റപ്പായിയോട് ചോദിച്ചേ, അപ്പോ കേൾക്കാം."
"അതിനു റപ്പായി ഇവിടുന്നിംഗ്ലണ്ടിനു പോയിട്ട് രണ്ടു വർഷമെങ്കിലും ആയിക്കാണുമല്ലൊ." ഞാൻ പറഞ്ഞു. 
റപ്പായിയെ ഞാനറിയും; അയാൾ ആകെ മൂന്നു വർഷങ്ങളേ ഗൾഫിൽ ജോലിചെയ്തിട്ടുള്ളൂ. ജിണ്ടാ കമ്പനിയിൽ ഡ്രൈവറായിരിക്കെയാണ് ഇംഗ്ലണ്ടിലുള്ള ഒരു നേഴ്സുമായി അയാളുടെ കല്യാണം നടന്നതും അയാൾ ഇംഗ്ലണ്ടിനു പോയതും. റപ്പായിയെ അബുദാബിയിൽ കൊണ്ടുവന്നത് ജോൺസൺ വൈദ്യരായിരുന്നു. ആദ്യം അയാൾക്ക് ഒരു ഒടങ്കൊല്ലി വിസായെ ഉണ്ടായിരുന്നുള്ളൂ - അതൊരു കോൾഡ് സ്റ്റോറേജിലായിരുന്നു. ആയിടക്ക് എന്തെങ്കിലും ഒരു നല്ല ജോലി ഒപ്പിച്ചു കൊടുക്കാൻ കഴിയുമോന്നു ചോദിച്ച് വൈദ്യർ ഇയ്യാളേയും കൊണ്ട് എന്റെ അടുത്തു വന്നിരുന്നു, ഒരാഴ്ച്ച എന്റെ കൂട്ടത്തിലായിരുന്നു താമസം. അതു കഴിഞ്ഞു തിരിച്ചു പോയി ഡ്രൈവർ വിസായിൽ അയാൾ തിരിച്ചും വന്നു. 
"റപ്പായി ഇന്നലെ വിളിച്ചിരുന്നു, ഒരു മെത്രാൻ ഇംഗ്ലണ്ടിന്‌  വരുന്നുണ്ടെന്നും, അവിടെ വിശ്വാസികൾ ഇപ്പോൾ തന്നെ രണ്ടായി തിരിഞ്ഞുവെന്നും അയാൾ പറഞ്ഞു. ഈ മെത്രാനെ സ്വീകരിക്കാൻ ഒരു വീട് 25 പൗണ്ട് വീതം കൊടുക്കണമെന്ന് പള്ളികളിൽ അച്ചന്മാർ പറഞ്ഞുവെന്നും ആ പണി നടക്കില്ലെന്നു കുറേയേറെപ്പേർ ഒച്ചയിട്ടപ്പോൾ അവർ മെത്രാനെ സ്വീകരിക്കാൻ ബുക്കു ചെയ്തിരിക്കുന്ന ഫുട്ബോൾ ഗ്രൗണ്ടിൽ പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയെന്നും അവൻ പറഞ്ഞു." വൈദ്യർ വിശദീകരിച്ചു. 
കാര്യങ്ങളുടെ കിടപ്പ് അപ്പോഴാണു എനിക്കു മനസ്സിലായത്. 
"മെത്രാന്മാർക്കെന്താ വാലിൽ കൊമ്പുണ്ടോ? കാഴ്ചബംഗ്ലാവിൽ സിംഹവാലൻ കുരങിനെ പ്രദർശിപ്പിക്കുന്നതു പോലെ ടിക്കറ്റ് വെച്ചു മെത്രാനെ കാണിക്കുന്നുവെന്നു ഞാനാദ്യം കേൾക്കുകാ?"  ജോൺസൺ വൈദ്യർ പറഞ്ഞു. 
ഞാനൊന്നും മിണ്ടിയില്ല; സത്യത്തിൽ എനിക്കു പറയാൻ വാക്കുകളില്ലായിരുന്നു. ഇവരുടെ കൈയ്യിൽ കർത്താവിനെ കിട്ടിയിരുന്നെങ്കിൽ ഗാഗുൽത്താക്കു ചുറ്റും മറകെട്ടിയിട്ട് ടിക്കറ്റ് വെച്ച് അവർ അവിടേക്ക് ആളെ കടത്തിവിടുമായിരുന്നെന്നുറപ്പ്. നാളെ പള്ളിയിൽ കയറാനും ഇവർ ടിക്കറ്റു വെക്കുമെന്ന് എന്റെ മനസ്സു പറഞ്ഞു. 
"മനുഷേൻ തറയായാൽ ഇത്രത്തോളം ആകാമോ? ലാളിത്യം നടപ്പാക്കണമെന്ന് തീരുമാനമായിട്ട് അധികമായില്ലല്ലോ." 
ഒന്നു നിർത്തിയിട്ട് വൈദ്യർ തുടർന്നു,
"മനുഷ്യനായാൽ, ഒരപ്പൻ ഒരമ്മ ... അതാ ശരി!"
ഞാൻ എല്ലാം കേട്ടു നിശ്ശബ്ദനായി നിന്നതേയുള്ളൂ. റപ്പായി പറഞ്ഞതു ശരിയാണോന്ന് എനിക്കറിയില്ലായിരുന്നു. നാളെ വിശ്വാസികളെല്ലാം കൂടി മെത്രാന്മാരെ അരമനക്കുള്ളിൽ പൂട്ടിയിട്ടേക്കുമോയെന്നു ഞാൻ ചിന്തിച്ചു. ഇവർ പുറത്തിറങ്ങിയാലല്ലേ സ്വീകരണത്തിനു പിരിവുണ്ടാവൂ. 
"25 പൗണ്ടെന്നാൽ എത്ര രൂപായാ?" വൈദ്യർ ചോദിച്ചു. 
വൈദ്യരോട് ഞാനൊന്നും പറഞ്ഞില്ല. 25 നെ 88 കൊണ്ടു ഞാനൊന്നു ഗുണിച്ചു, 2200 രൂപാ എന്നു കിട്ടി. ഇംഗ്ഗ്ലണ്ടിൽ ഒരയ്യായിരം അനുസരണയുള്ള ആട്ടിൻ കൂടുകൾ കാണുകില്ലേയെന്നു ഞാൻ സ്വയം ചൊദിച്ചു. 2200 നെ ഞാൻ 5000 കൊണ്ടൊന്നു ഗുണിച്ചു നോക്കി - എനിക്കു കിട്ടിയ ഉത്തരം 1കോടി 10 ലക്ഷമെന്നാ.  നിങ്ങൾക്കു കിട്ടിയ ഉത്തരം അടുത്തുള്ള വികാരിയച്ചനെയോ മെത്രാനേയോ അറിയിക്കുക. എന്റെ കണ്ണിൽ ഇരുട്ടു കയറുന്നു. 

2 comments:

 1. ഇപ്പോൾ ഇന്റെർനെറ്റിലൂടെ ഒരു വൈദികന്റെ പേരിലുള്ള കത്തു പ്രചരിക്കുന്നു. കത്തിങ്ങനെ:

  "പ്രിയ സഹോദരങ്ങളേ, ഒക്ടോബർ 9 ഞായർ ഒരു ചരിത്രദിനം. നമുക്ക്, സീറോ മലബാർ മക്കൾക്കായി ഒരു രൂപതയും പിതാവും. ആ ദിവസത്തിനായി നമുക്ക് പ്രാർത്ഥിച്ച് ഒരുങ്ങണം. എന്തിനാണ് പുതിയ രൂപത? വിശ്വാസപരിശീലനം, കുടുംബപ്രേഷിതത്വം, യുവജനപ്രേഷിതത്വം, ആരാധനാക്രമബോധനം എന്നീ രംഗങ്ങളിലെല്ലാം ഒരു ചിട്ടയായ ശൈലി രൂപീകരിക്കപ്പെടും. ഇതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ടീനേജ് പ്രായക്കാരും അതിനുതാഴെയുമുള്ള കുട്ടികളും അവരുടെ മാതാപിതാക്കളുമായി നമ്മുടെ സമൂഹത്തിന്റെ സിംഹഭാഗവും. നമുക്ക് വളരെ മുന്നോട്ട് പോകാനുണ്ട്. സാധിക്കുന്നിടത്തോളം ആളുകൾ അന്നേദിവസം Preston ൽ എത്തുക. അന്നേദിവസത്തെ ശുശ്രൂഷയുടെ ചിലവിലേയ്ക്ക്, ദയവായി നിങ്ങളുടെ ദശാംശത്തിൽ നിന്നും ഒരു വിഹിതം (25 പൗണ്ടെങ്കിലും) നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കവറിൽ നിക്ഷേപിച്ച് Gift Aid ഫോമും പൂരിപ്പിച്ച് ഉടൻ തന്നെ കൈക്കാരനെ ഏൽപ്പിക്കുക. ഈ ചരിത്രനിമിഷങ്ങൾ നിങ്ങളുടെ പങ്കാളിത്തംകൊണ്ടു കൂടി അനുഗ്രഹീതമാക്കാൻ ഈ വിധം സഹകരിക്കുക... സ്നേഹപൂർവ്വം
  ​..............................

  ReplyDelete
 2. A recent face book posting...,
  യു.കെ.യിലെ സീറോയുഗത്തിന്റെ തുടക്കം.
  സെപ്റ്റംബര്‍ മൂന്നാം തിയതി മലയാള മനോരമയില്‍ "മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം പ്രിസ്റ്റൺ ഫുട്ബോൾ സ്റ്റേഡിയത്തിൽ" എന്ന ശീര്‍ഷകത്തില്‍ ചുവടെ കൊടുക്കുന്ന ലിങ്കില്‍ കാണുന്ന വാര്ത്തയുണ്ടായിടുന്നു.

  http://www.manoramaonline.com/news/nri-news/europe/preston-football-stadium.html.

  ഒരു സുഹൃത്ത് ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഒരു ന്യായമായ സംശയം ഉന്നയിക്കപ്പെടുകയുണ്ടായി. (ഒരു കാര്യം ഇവിടെ എടുത്തുപറയട്ടെ. കാക്കനാട്ടെ കാരണവര്‍ ലാളിത്യത്തെക്കുറിച്ച് "മലയിലെ പ്രസംഗം" നടത്തി, വായടയ്ക്കുന്നതിനു മുമ്പാണ് ഈ വാര്‍ത്ത വരുന്നത്).

  "കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാര് മേജര് ആര്ക്കി എപിസ്കോപ്പല് അസംബ്‌ളി മാമോദീസ, വിവാഹം, ശവസംസാകാരം മുതലായ കാര്യങ്ങളില് ലാളിത്യം വേണമെന്ന് പ്രമേയം പാസ്സ് ആക്കുകയും അത് മനോരമ മുതലായ ചാനലുകള് വാര്ത്ത ആക്കുകയും ചെയ്തു. മെത്രാഭിഷേകം, പൗരോഹിത്യം തുടങ്ങിയ കാര്യങ്ങളില് ഇത് ബാധകമായിട്ടില്ല എന്ന് തോന്നുന്നു. കാരണം U K യിലെ Preston രൂപതയുടെ മെത്രാഭിഷേകത്തിനു ഫുട്ബോള് സ്‌റ്റേഡിയം, നാട്ടിലെയും ബ്രിട്ടനിലെയും മെത്രാന്മാരും നേതാക്കളും.. ഇതിനെ ആണോ നമ്മള് ലാളിത്യം എന്ന് പറയുക?"

  ഈ പോസ്റ്റിന് ഞാനും ഒരു കമന്റ് ഇട്ടിരുന്നു.

  പക്ഷെ സീറോ മുതലാളിമാര്‍ക്ക് ആ പോസ്റ്റ് സുഖിച്ചില്ല. സുഹൃത്തിന്റെ പ്രദേശത്തെ മലയാളി വൈദികനോട് അവര്‍ ആജ്ഞാപിച്ചു.. "അയാളോടു പറഞ്ഞ് ആ പോസ്റ്റ് പിന്‍വലിപ്പിക്കണം"

  "ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നയാളല്ല കക്ഷി" എന്നു പറഞ്ഞ് ആ വൈദികന്‍ കൈയൊഴിഞ്ഞു. മുതലാളിമാര്‍ ശ്രമം തുടര്‍ന്നു. കമന്റ് ചെയ്ത ചിലരെക്കൊണ്ട് അവരുടെ കമന്റുകള്‍ എടുത്തുകളയിച്ചു.

  ഇവിടെ അല്പം വിചിന്തനം ആവശ്യമാണ്‌.

  "ലാളിത്യം പ്രസംഗിക്കാന്‍ മാത്രമുള്ളതാണ്, പ്രാവര്‍ത്തികമാക്കാനുള്ളതല്ല" എന്ന് വേദപുസ്തകത്തില്‍ ഏതു സുവിശേഷത്തിലാണ് പറഞ്ഞിരിക്കുന്നത്?

  സീറോ ഇങ്ങോട്ടു വരുന്നത് കുഞ്ഞാടുകളുടെ ഉന്നമനത്തിനാണ് എന്നു വിശ്വസിക്കുന്ന ചിലരുണ്ട്. അവരില്‍ പലര്‍ കുഞ്ഞാടുകളും, ചിലര്‍ ഒരു മെത്രാന്‍ വന്നാല്‍ എല്ലിന്‍കക്ഷണവും ചെറിയ സ്ഥാനമാനവും കിട്ടുമെന്നു മോഹിക്കുന്നവരുമാണ്.

  തലയ്ക്കകത്ത് ആള്‍താമസം ഉള്ളവര്‍ക്കെല്ലാം അറിയാം ഇവിടെ സീറോ സഭാസംവിധാനം വരുന്നത് വിശുദ്ധ പൌണ്ടിന്റെ സുവിശേഷം പ്രഘോഷിക്കാനാണ് എന്ന്.

  അത്യാഡംബരത്തോടെ നടക്കാന്‍ പോകുന്ന അഭിഷേകചടങ്ങില്‍ സീറോ അധിപനും നിരവധി തിരുമേനിമാരും പങ്കെടുക്കും. കാക്കത്തൊള്ളായിരം വൈദികര്‍ വേറെയും. ഇതിന്റെയൊക്കെ ചെലവിലെയ്ക്കായി കാക്കനാട്ടെ ഖജനാവില്‍ നിന്നും കാലണ പോലും എടുക്കുകയില്ല. എല്ലാം കുഞ്ഞാടിന്റെ ചുമലില്‍.

  ഇവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നീട് പിരിവിന്റെ ഘോഷയാത്ര. സാരമില്ല. മുഖ്യ പ്രശ്നം (ഓസ്ട്രെലിയയിലെയും അമേരിക്കയിലെയും അനുഭവം വച്ച്) സമൂഹത്തില്‍ ഉണ്ടാകാന്‍ പോകുന്ന ഭിന്നതയാണ്. സീറോ, മലങ്കര, ലത്തീന്‍, ക്നാനായ.... വലിയ കുഴപ്പമില്ലാതെ പോകുന്ന യു.കെ. മലയാളിസമൂഹത്തെ ഇവര്‍ തുണ്ടംതുണ്ടമാക്കും.

  "അയ്യോ, ആ പോകുന്നവന്‍ ഉടുക്കാകുണ്ടനാണേ" എന്നു വിളിച്ചുപറയാന്‍ എക്കാലവും ചില ശിശുക്കള്‍ ഉണ്ടാവും. അവരെ വധിക്കാന്‍ ഇന്നാട്ടിലെങ്കിലും ശ്രമിക്കരുത്. മഹറോന്‍ തുടങ്ങിയ രാസായുധങ്ങള്‍ ഇന്ന് നിങ്ങളുടെ കൈയില്‍ ഇല്ലെന്നറിയുക. കുട്ടി "ഉടുക്കാകുണ്ടാ" എന്നു വിളിക്കാതിരിക്കണമെങ്കില്‍ മാനം മര്യാദയോടെ നടക്കുക. പതിവു വിരട്ടല്‍ തന്ത്രം ഇന്നാട്ടില്‍ അധികം വിലപോകില്ല.

  ഈ പോസ്റ്റ് പിന്‍വലിക്കണമെങ്കില്‍ സുക്കര്ബെര്ഗിനെ സമീപിക്കുക.

  ചടങ്ങിന് ആശംസകള്‍.

  ReplyDelete