Translate

Sunday, August 13, 2017

വൻ സാമ്പത്തിക തിരിമറി -തിരുനെല്ലൂർ പള്ളിയിൽ കൂട്ടത്തല്ല്. പത്തോളം പേർ ആശുപത്രിയിൽ. അന്വേഷണം ആവശ്യപ്പെട്ട് ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.


 ഫാദർ തോമസ് ചില്ലിക്കൽ വികാരിയായുള്ള ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ,പള്ളിവിശ്വാസികൾ കൂട്ടമായി പണത്തിന്റെ  കണക്ക് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പണത്തിന്റെ കണക്ക് കാണണമെന്നാവശ്യപ്പെട്ടവരും ഫാദർ തോമസിന്റ ആളുകളും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി പത്തോളം പേരെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതിക്കിവേണ്ടി പോരാടിയ ഇരകൾക്കു പൂർണ്ണ പിൻതുണയുമായി കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് രംഗത്തുണ്ട്. സംഘടനാ ഭാരവാഹികളും പ്രവർത്തകരും ആശുപത്രി സന്ദർശിച്ചു. ദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ തലത്തിലും സഭാതലത്തിലും ഇതുസംബന്ധിച്ച് സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം. 

പള്ളിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും വൻ വിലപിടിപ്പുള്ള ടണ്ണുകണക്കിന് സിലിക്കാ സാന്റ് മാസങ്ങളായി വിറ്റുവരുന്നതായും ഈ ഇനത്തിൽ  പള്ളിയിലേയ്‌ക്കെത്തിയ കോടികൾ കാണാനില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകളും, മറ്റു കണക്കുകളും വികാരി വിശ്വാസികളുടെ മുന്നിൽ വയ്ക്കാതെ മറച്ചുവയ്ക്കുന്നത് വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഒരു വിശ്വാസിയെ ബലമായി പുറത്താക്കുന്നതിനും ശ്രമം ഉണ്ടായി.
അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ കീഴിൽ ദശലക്ഷ കോടികളുടെ പള്ളിപണികളും,പാരിഷ് ഹാൾ നിർമ്മാണങ്ങളും, ഇത്തരത്തിലുളള പള്ളിസ്വത്തുക്കളുടെ ക്രയവിക്രയങ്ങളും നടക്കുകയാണ്. ഇതിലെല്ലാം വൻ ക്രമക്കേടുകളാണ് നടക്കുന്നത്.  കാലിത്തൊഴുത്തിൽ ജനിച്ച് ഭൗതിക സ്വത്തുക്കൾ ഉപേക്ഷിച്ച് സ്‌നേഹംകൊണ്ട് മനുഷ്യഹൃദയങ്ങൾ കീഴടക്കിയ യേശുനാഥന്റെ പേരിലാണ് ഈ കൊള്ളകളെല്ലാം നടക്കുന്നത്. ലാളിത്യത്തിന്റെയും സേവനത്തിന്റെയും സ്‌നേഹത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് സമൂഹത്തിനും മറ്റു മതവിഭാഗങ്ങൾക്കും മുന്നിൽ മാതൃകയായി തീർന്നിരുന്ന പുരോഹിതർ എന്നും ആദരിക്കപ്പെട്ടവർ ആയിരുന്നു. ഞങ്ങൾ ക്രിസ്ത്യാനികളാണെന്ന് അഭിമാനത്തോടെ തലഉയർത്തിനിന്നു പറയുവാൻ വിശ്വാസികൾക്കും കഴിയുമായിരുന്നു.
എന്നാലിന്ന് ഭൂരിപക്ഷം പുരോഹിതരും കന്യാസ്ത്രീകളും അവരുടെ ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് ആടമ്പരത്തിന്റെയും ശാരിരിക സുഖലോലുപതയുടെയും ധൂർത്തിന്റെയും പണസമ്പാതനത്തിന്റെയും പിന്നാലെയുള്ള മ്ലേച്ചമായ ജീവിതരീതിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തകാലത്തായി വൻ തോതിൽ പീഡനങ്ങളും കൊലപാതകങ്ങൾ വരെയും ഇവർക്കിടയിൽ  വർദ്ധിച്ചുവരികയാണ്.ഫാദർ റോബിനേയും , കൊക്കനെയും ,ഫിഗറസിനേയും പോലുള്ള നിരവധി പേരുണ്ടാവുന്നു. അഭയമാരുടെ എണ്ണവും വൻതോതിൽ  പെരുകുന്നു.   മറ്റു മതസമൂഹങ്ങൾക്കു മുന്നിൽ  ഇത്തരം സംഭവങ്ങൾ ക്രിസ്തീയ സമൂഹത്തിന് അപമാനകരമാണ് .ക്രിസ്ത്യാനികൾ തലയിൽ മുണ്ടിട്ട് തലകുനിച്ചുനടക്കുകയാണിപ്പോൾ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി നിലപാടുസ്വികരിക്കണം കുറ്റക്കാരെ സംരക്ഷിക്കുന്ന രീതി മാറണം


 വിദേശ ക്രിസ്റ്റ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ മൊത്തമായി പള്ളിയും പട്ടക്കാരനേയും വേണ്ടെന്നുവച്ച്,  ക്രിസ്തുവിന്റെ വചനം ഉൾക്കൊണ്ട് അതുമായി പുറത്തേയ്ക്കുവന്ന് കൂറ്റൻ പള്ളികൾ ശൂന്യമാക്കിയതുപോലെ,  താമസമില്ലാതെ ഇവിടെയും ചരിത്രം ആവർത്തിക്കുവാനിടയുള്ളതിനാൽ  ജാഗ്രതയോടെ  അനീതിക്കെതിരെ  വിശ്വാസസമൂഹം സംഘടിതരായി രംഗത്തുവരണമെന്നും തിരുനെല്ലൂർ പള്ളിയിൽ നീതിക്കുവേണ്ടി പോരാടുന്ന വിശ്വാസികൾക്ക് പൊതു സമൂഹത്തിന്റെ പിൻതുണ ഉണ്ടാവണമെന്നും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആഹ്വാനം ചെയ്യുന്നു.  


No comments:

Post a Comment