Translate

Thursday, August 10, 2017

പാലാ മെത്രാനൊരു കത്ത്- പൂഞ്ഞാർ ഇടവകാംഗങ്ങൾ


ക്രൈസ്തവ സഭ വിമർശിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപെടുകയും ചെയ്യുന്നുണ്ടെങ്കിൽ അത് വൈദികരുടെ അപാകതകൾ കൊണ്ടാണെന്ന് കർദ്ദിനാൾ ആലഞ്ചേരി തിരുമേനി അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ കത്തോലിക്കാ വൈദികരുടെ മഹാ സംഗമത്തിൽ പ്രസംഗിക്കാൻ ഇടയായത് പൂഞ്ഞാർ പള്ളി വികാരിയേയും പാലാ കത്തീഡ്രൽ പള്ളി വികാരിയേയും ഉദ്ദേശിച്ചാണെന്നാണല്ലോ പരക്കെയുള്ള ആക്ഷേപം ! അടുത്ത നാളിൽ ഇവർ രണ്ടാളും വിവാദങ്ങൾ കൊണ്ട് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നല്ലോ .
പൂഞ്ഞാർ പള്ളി വികാരിയെ സംബന്ധിച്ചാണെങ്കിൽ, മാതാവിന്റെ കാര്യത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുമെന്നതൊഴിച്ചാൽ വേറെ യാതോരു കുഴപ്പവുമില്ലാത്തയാളാണ്. കേരളസഭയക്ക് നാണക്കേടുണ്ടാക്കാൻ കൂടിയ, പിതാവിന്റെ സഹപാഠിയായ മറ്റെ യാളേപ്പോലെ ഗുണ്ടായിസമൊന്നുമില്ല. പൂഞ്ഞാർ ഇടവകാംഗങ്ങൾ ഒന്നടങ്കം ഞങ്ങളുടെ വികാരിയച്ചനു പിന്നിൽ ഉറച്ചു നിൽക്കുന്നു.
 കല്ലറങ്ങാട്ടുതിരുമേനി പതിനഞ്ച് ലക്ഷം രൂപയാണ് ചേർപ്പുങ്കൽ ആശുപത്രിക്കു വേണ്ടി പിരിച്ചുകൊടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. വികാരിയച്ചൻ എവിടുന്നത് ഒപ്പിക്കും ? ഇടവകാംഗങ്ങളിൽ മഹാഭൂരിപക്ഷം റബ്ബർകൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന വരാണ് . റബ്ബറിനാണെങ്കിൽ കാലങ്ങളായി വിലയുമില്ല. ഒടുവിൽ വികാരിയച്ചൻ പതിവുപോലെ മാതാവിന്റെ പേരിലൊരു പണിയങ്ങൊപ്പിച്ചു ! അത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് സർവ്വനാശമുണ്ടാക്കി. വികാരിയച്ചന് ധ്യാനകേന്ദ്രത്തിൽ പോലും പോകാൻമേലാത്ത സ്ഥിതിയാണിപ്പോൾ ! ഇടവകയുടെയോ രൂപതയുടെയോ ഓരോ സ്ഥാപനവും തുടങ്ങാൻ വേണ്ടി പണപ്പിരിവ് നടത്തുമെങ്കിലും പിന്നീട് വിശ്വാസികൾക്ക് ഒരു സേവനവും സൗജന്യമായോ സൗജന്യ നിരക്കിലോ ലഭിക്കാറില്ല. ചേർപ്പുങ്കൽ ആശുപത്രി തുടങ്ങിയാൽ ഒരു പനിഗുളിക പോലും വിശ്വാസികൾക്ക് ഫ്രീയായി കിട്ടുമെന്ന് വിചാരിക്കുകയും വേണ്ട. പിന്നെന്തിന് ഞങ്ങൾ പണം മുടക്കണം പിതാവേ ?  തന്നെയുമല്ല, ചില വൈദീക വേന്ദ്രൻമാർ നടത്തിയ സാമ്പത്തിക തിരിമറിയുടെ ബാധ്യത വിശ്വാസികൾ എന്തിന് ഏറ്റെടുക്കണം ? സ്ഥാപനം ഉയർന്നു കഴിഞ്ഞാൽ ഉടമസ്ഥാവകാശം അരമനയ്ക്കും റോമിലെ വലിയ പിതാവിനും !
ഞങ്ങളുടെ കുട്ടികൾ വിശന്നുകരയുമ്പോൾ
കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനുവേണ്ടി ഞങ്ങൾ നെട്ടോട്ടമോടുമ്പോൾ
ഞങ്ങളുടെ പെൺമക്കൾ പുരനിറഞ്ഞു നിൽക്കുമ്പോൾ
വൃദ്ധ മാതാപിതാക്കളെയും കൊണ്ട് ഞങ്ങൾ ചികിത്സ കിട്ടാതെ അലയുമ്പോൾ ......
ക്ഷമിക്കണം പിതാവേ, അപ്പോഴൊന്നും നിങ്ങളെ ആരേയും ഈ വഴിക്ക് കാണാറില്ല. ഞങ്ങളൊക്കെ എങ്ങനെ ജീവിച്ചു പോകുന്നെന്ന് അങ്ങ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഈ പഞ്ഞകാലത്ത് ഞങ്ങളെ ഞെക്കിപ്പിഴിയാൻ ഇറങ്ങിപ്പുറപ്പെടുമായിരുന്നോ ? നിങ്ങൾക്ക് അരമന മോടിയാക്കാനും ആശുപത്രിയുണ്ടാനും അൾത്താര പുതുക്കിപ്പണിയാനും ഞങ്ങളുടെ കാശ് വേണം . പിന്നെ ഞങ്ങളെ വേണ്ട .
 രാജ്യ നിയമങ്ങൾക്ക് വിരുദ്ധമായി കറൻസി നോട്ടുകൾ മാത്രം സ്വീകരിക്കുകയും ചെക്കും ഡ്രാഫ്റ്റും എമൗണ്ട് ട്രാൻസ്ഫറിങ്ങും ഒഴിവാക്കി പണമിടപാടുകളുടെ സുതാര്യത നഷ്ടപെടുത്തുക വഴി അങ്ങ് ഞങ്ങൾക്ക് ദുർമാതൃകയാവുകയാണെന്നോർക്കണം. പിതാവേ ,
ആഗസ്റ്റ് 20 ഞായറാഴ്ച ആശുപത്രി പിരിവ് കൊണ്ടുപോകാനുള്ള വണ്ടിയുമായി അങ്ങ് ഞങ്ങളുടെ പള്ളിയിൽ വരാനിരിക്കയാണല്ലോ -
വരരുതേ....
ഞങ്ങളോട് അല്പമെങ്കിലും ദയവുണ്ടെങ്കിൽ ഇവിടേയ്ക്ക് വരരുതേ .......
അത്രമാത്രം സാമ്പത്തിക പ്രതിസന്ധിയിലാണ് ഞങ്ങൾ:
ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിലയില്ല
ഞങ്ങളുടെ കുട്ടികൾക്ക് ജോലിയില്ല
ബാങ്കുകളിലെ ബാധ്യത ഓരോ ദിവസവും
കൂടിക്കൂടി വരുന്നു.
ഈ കർക്കിടക മാസം എങ്ങനെ തള്ളിനീക്കുമെന്ന് ഒരെത്തും പിടിയുമില്ല .
അങ്ങ് കരുണാമയനായ യേശുവിന്റെ പാത പിൻതുടരുന്നവനായതുകൊണ്ട് ഞങ്ങളോട് കരുണകാണിക്കുമെന്ന് പ്രത്യാശിക്കുന്നു.
കഷ്ടതയനുഭവിക്കുന്ന
പൂഞ്ഞാർ ഇടവകാംഗങ്ങളുടെ കണ്ണീരുതൊട്ടുനക്കിയവനെന്നും അവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയവനെന്നുമുള്ള ദുഷ്പേര് കേൾക്കാൻ കല്ലറങ്ങാട്ടു പിതാവിന് ഇടവരാതിരിക്കട്ടെ .

     മിശിഹായിൽ സ്വന്തം
പൂഞ്ഞാർ ഇടവകാംഗങ്ങൾ

No comments:

Post a Comment