Translate

Wednesday, August 2, 2017

മാർട്ടിൻ ലൂഥറിന്റെ വിപ്ലവങ്ങളും നവീകരണ ചിന്തകളും


ജോസഫ് പടന്നമാക്കൽ

ജർമ്മൻ പുരോഹിതനായിരുന്ന 'മാർട്ടിൻ ലൂഥർ' നവീകരണ മതങ്ങളുടെ (പ്രൊട്ടസ്റ്റന്റ് ചർച്ച്) സ്ഥാപക പിതാവായി അറിയപ്പെടുന്നു.  ദൈവത്തിന്റെ ശിക്ഷ ഒഴിവാക്കാൻ പാപമോചനം പണം കൊടുത്ത് വാങ്ങിക്കാമെന്നുള്ള മാർപ്പാപ്പയുടെ ഉത്തരവിനെതിരെ വിവാദങ്ങളുണ്ടാക്കിയിരുന്നു.  അദ്ദേഹത്തിൻറെ  '95 വാദങ്ങളിൽ'ക്കൂടി (95 Thesis)മാർപ്പായ്ക്കെതിരെയും റോമൻ ചക്രവർത്തി ചാൾസ് അഞ്ചാമനെതിരെയും വെല്ലുവിളികളുയർത്തിയിരുന്നു.  ബൈബിൾ മാത്രം ക്രിസ്തിയതയുടെ അടിസ്ഥാനമെന്ന് അനുയായികളെ പഠിപ്പിച്ചു. പുരോഹിതരുടെ തെറ്റായ ബൈബിൾ വ്യാഖ്യാനങ്ങൾക്ക് യാതൊരു നിയമ സാധുതയുമില്ലെന്ന്  വിശ്വസിച്ചിരുന്നു.  അദ്ദേത്തിന്റെ  വാദപ്രസ്താവങ്ങളിൽ (95 Theses) കേന്ദ്രീകൃതമായ രണ്ടു വിശ്വാസങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ബൈബിൾ ക്രിസ്ത്യൻ വിശ്വാസത്തിന്റെ ആധികാരിക ഗ്രന്ഥമാണ്. രണ്ടാമത്തേത് രക്ഷയുടെ കവാടം വിശ്വാസത്തിൽക്കൂടിയാണ്, പ്രവർത്തികളിൽക്കൂടിയല്ല.  ചരിത്ര പ്രസിദ്ധമായ ലൂഥറിന്റെ '95 തീസിസ്' അവതരിപ്പിച്ചിട്ട് 2017 ഒക്ടോബർ മുപ്പത്തിയൊന്നാം തിയതി അഞ്ഞൂറു വർഷം തികയുന്നു.

ഇന്നു കാണുന്ന  ഭൂപടത്തിലുള്ള ആധുനിക ജർമ്മനിയുടെ ഭാഗമായ 'സാക്സോണിയിൽ (Saxony) ഐസ്‌ലെബൻ' (Eisleben)എന്ന സ്ഥലത്ത് 1483 നവംബർ പത്താംതീയതി 'മാർട്ടിൻ ലൂഥർ'  ജനിച്ചു. അദ്ദേഹത്തിൻറെ പിതാവ് ധനികനായിരുന്നു.  മാതാപിതാക്കളായ 'ഹാൻസും മാർഗരേറ്റും' കൃഷി പാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുമുള്ളവരായിരുന്നു. എന്നാൽ ഹാൻസിന് ലോഹം ഉരുക്കുന്ന വ്യവസായവും ഖനന വ്യവസായവും ഉണ്ടായിരുന്നു. ഖനനം വളരെയധികം കഠിനമായ പ്രയത്നമാവശ്യമുള്ള വ്യവസായമെന്നു ഹാൻസിനറിയാമായിരുന്നു. അതുകൊണ്ടു മാർട്ടിനെ ഒരു നിയമജ്ഞൻ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. 1484-ൽ ഹാൻസിന്റെ കുടുംബം മാൻസ്‌ഫീൽഡിൽ താമസം മാറ്റി. അവിടെ അദ്ദേഹം സമ്മിശ്ര ലോഹങ്ങൾ ഖനനം ചെയ്യുന്ന വ്യവസായം തുടർന്നുകൊണ്ടിരുന്നു.

മാർട്ടിൻ ലൂഥർ ഏഴാം വയസിൽ മാൻസ്‌ഫീൽഡിൽ(Mansfeld) ഒരു സ്‌കൂളിൽ ചേർന്നു. പതിന്നാലാം വയസിൽ മാഗ്‌ഡെബർഗ് (Magdeburg) എന്ന സ്ഥലത്തുള്ള സ്‌കൂളിൽ പഠനം തുടർന്നു. 1498-ൽ താൻ ജനിച്ച സ്ഥലമായ ഐസ്‌ലബെൻ (Eisleben) എന്ന സ്ഥലത്ത് വരുകയും അവിടെ ഗ്രാമറും ലോജിക്കും ഭൗതിക ശാസ്ത്രവും തത്ത്വ മീമാംസയും പഠിച്ചുകൊണ്ടുമിരുന്നു. 1501-ൽ ഇർഫർട് (Erfurt) യുണിവേസിറ്റിയിൽ ചേരുകയും ആർട്സിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.  1501-ൽ പിതാവിന്റെ ആഗ്രഹം അനുസരിച്ച് അദ്ദേഹം എർഫെർട് യുണിവേഴിസിറ്റിയിൽ നിയമം പഠിക്കാനാരംഭിച്ചു. നിയമത്തിൽ കൂടുതൽ പഠിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് തത്ത്വശാസ്ത്രത്തിൽ പഠനം തുടങ്ങി. പ്രധാനമായും അരിസ്റ്റോട്ടിലിന്റെ ജ്ഞാന ദർശനങ്ങൾ ഉൾക്കൊണ്ടുള്ള പഠനമായിരുന്നു നടത്തിയിരുന്നത്. തത്ത്വശാസ്ത്രങ്ങളിൽ താൽപ്പര്യം കുറയുകയും തന്മൂലം  ഒരു സന്യാസിയാകാനുള്ള മോഹമുണ്ടാകുകയും ചെയ്തു.

1505 ജൂലൈയിൽ അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയുണ്ടാകുന്ന ഒരു സംഭവമുണ്ടായി. ആകാശത്തിൽ വലിയൊരു ഇടിമുഴക്കത്തിന്റെ ശബ്ദം കേട്ട് അദ്ദേഹം പേടിച്ചരണ്ടു പോയിരുന്നു. കുട്ടികളുടെ പുണ്യവതിയായ വിശുദ്ധ 'അന്ന'യോട് അത്യന്തം ഭയത്തോടെ പ്രാർത്ഥിക്കാനും തുടങ്ങി. അന്നത്തെ ഭയത്തിന്റെ ആഘാതത്തിൽ വിലപിച്ചുകൊണ്ടു "എന്നെ രക്ഷിക്കൂ, ഞാനൊരു സന്യാസിയാകാമെന്ന്'  അദ്ദേഹം പ്രതിജ്ഞ ചെയ്തു. ഇടിയും ഭീകര രൂപത്തിൽ വന്ന കൊടുങ്കാറ്റും പിന്നീട് ശാന്തമാവുകയും  അപകടത്തിൽനിന്ന് രക്ഷപെട്ടെന്നുള്ള ഒരു ആത്മബോധം അദ്ദേഹത്തിൻറെ ഉള്ളിൽ നിറയുകയും ചെയ്തു.

ഒരു പുരോഹിതനാകാനുള്ള തീരുമാനത്തോട് മാർട്ടിന്റെ  പിതാവിന് ഒട്ടും യോജിക്കാൻ സാധിച്ചിരുന്നില്ല. മറ്റാരുടെയും സ്വാധീനത്തിനു കീഴ്‌വഴങ്ങാതെ അദ്ദേഹം വിശുദ്ധയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കാനും തീരുമാനിച്ചു. അല്ലെങ്കിൽ നരകവും ദൈവത്തിന്റെ ശാപവും കിട്ടുമെന്ന് ഭയപ്പെട്ടിരുന്നു. സന്യാസ മഠത്തിലെ ജീവിതം ആത്മീയ തലത്തിൽ രക്ഷപ്പെടുത്തുമെന്നും ചിന്തിച്ചു. സന്യാസ ജീവിതം തുടങ്ങിയ ശേഷം ആദ്യത്തെ കുറെ വർഷങ്ങൾ മാർട്ടിനെ സംബന്ധിച്ച് ബുദ്ധിമുട്ടുളള കാലങ്ങളായിരുന്നു. കാരണം, അദ്ദേഹം തേടി വന്ന, അദ്ദേഹത്തിൻറെ ഭാവനയിലുണ്ടായിരുന്ന ആത്മീയത അവിടെയുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ വിശ്വസ്ഥനായ ഒരു ഉപദേഷ്ടാവ് ക്രിസ്തുവിൽ മാത്രം ധ്യാനിച്ച് ജീവിക്കാൻ ഉപദേശിച്ചു. അതനുസരിച്ച്  ഓരോ ദിവസവും മണിക്കൂറുകളോളം ധ്യാന നിരതനായും പ്രാർത്ഥനകളും ഉപവാസങ്ങളുമായും സമയം ചെലവഴിച്ചിരുന്നു.

സ്വന്തം ജീവിതത്തിലെ പരാജയങ്ങളോടൊപ്പം സഭയ്ക്കുള്ളിൽ അഴിഞ്ഞാടുന്ന അഴിമതികളെപ്പറ്റിയും അദ്ദേഹം വ്യാകുലനായിരുന്നു. ബൈബിളിലെ വചനങ്ങൾക്കെതിരെ സഭയുടെ പ്രവർത്തനങ്ങളിലും അസന്തുഷ്ടനായിരുന്നു. ഇരുപത്തിയേഴാം വയസിൽ  റോമിൽ ഒരു കോൺഫെറൻസിൽ സംബന്ധിക്കാനുള്ള അവസരം ലൂഥറിനു ലഭിച്ചു. അഗസ്റ്റിനിയൻ ആശ്രമത്തെ പ്രതിനിധികരിച്ച് അദ്ദേഹം 1510-ൽ റോമ്മാ സന്ദർശിച്ചു. അവിടെ കണ്ട പുരോഹിതരുടെ പേക്കൂത്തുകളിലും അസന്മാർഗികതകളിലും   അഴിമതികളിലും അദ്ദേഹം ഞെട്ടി പോയിരുന്നു. ശുദ്ധീകരണ സ്ഥലങ്ങളിലുള്ള ആത്മാക്കളെ പണം നൽകി മോചിപ്പിക്കുന്നതിനും  പാപമോചനത്തിനും പുരോഹിതർ പണം ഈടാക്കിയിരുന്നു.  റോമിൽ നിന്ന് മടങ്ങി വന്നശേഷം അദ്ദേഹം 'വിറ്റൻബെർഗ് യൂണിവേഴ്സിറ്റിയിൽ' തന്റെ ആളിക്കത്തുന്ന രോഷം ശമിക്കാനും ആത്മീയത തേടാനും വീണ്ടും പഠനം ആരംഭിച്ചു. അവിടുന്ന് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിക്കുകയും യൂണിവേഴ്‌സിറ്റിയുടെ പ്രൊഫസറായി നിയമിതനാവുകയും ചെയ്തു. ബൈബിൾ വചനങ്ങൾ നല്ലവണ്ണം ഹൃദ്യസ്ഥമാക്കിയ ശേഷം ക്രിസ്ത്യൻ തീയോളജിയിൽ അദ്ദേഹം ഒരു ജ്ഞാനിയായി അറിയപ്പെടുകയും ചെയ്തു.

"റോമ്മാക്കാർക്കെഴുതിയ വചനം 1:17 വാക്യപ്രകാരം "അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. 'നീതിമാൻ വിശ്വാസത്താൽ ജീവിക്കും' എന്നു എഴുതിയിരിക്കുന്നുവല്ലോ." ലൂഥറിനെ ഏറ്റവുമധികം വിവാദമാക്കിയ ഒരു വചനമാണിത്. ലൂഥർ പറഞ്ഞു, 'ദൈവത്തിന്റെ നീതിമാൻ എന്ന പദത്തെ ഞാൻ വെറുക്കുന്നു, എല്ലാ ഗുരുക്കളും എന്നെ അങ്ങനെ പഠിപ്പിക്കുന്നു. അതായത് ദൈവം നീതിമാനും അനീതി പ്രവർത്തിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു.' വിശ്വാസം കൊണ്ട് യുവാവായ ലൂഥറിനു ജീവിക്കാൻ സാധിച്ചിരുന്നില്ല. കാരണം അദ്ദേഹം നീതിമാനല്ലെന്നറിയാമായിരുന്നു. എങ്ങനെ നീതി ബോധത്തോടെ സ്വയം ജീവിതത്തെ പ്രകാശിപ്പിക്കാമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. നീതിമാനാകാനുള്ള മോഹങ്ങൾക്കും ധർമ്മസങ്കടങ്ങൾക്കും ചിന്താക്കുഴപ്പങ്ങൾക്കും വിശ്വാസത്തിലധിഷ്ടിതമായുള്ള പരിഹാരം തേടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു, "ദൈവത്തിന്റെ കൃപയാൽ താൻ രാത്രിയും പകലും ഒരുപോലെ ധ്യാന നിരതനായിരുന്നു. നീതിമാനായ ദൈവത്തിൽക്കൂടി വിശ്വാസമെന്ന നീതിയാലേ ഞാൻ ജീവിക്കാൻ പഠിച്ചു. ഞാൻ വീണ്ടും ജനിച്ചതുപോലെ, സ്വർഗ്ഗവാതിൽ എനിക്കുമുമ്പാകെ തുറക്കപ്പെട്ടപോലെ അനുഭവങ്ങളുണ്ടായി."

1513-ൽ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കവേ ബൈബിളിലെ ഗീതങ്ങൾ എന്ന അദ്ധ്യായം  (Psalm 22) അദ്ദേഹത്തെ ആകർഷിച്ചിരുന്നു. സ്വയം അദ്ദേഹത്തിൽ ദൈവത്തിന്റെ പ്രകാശിതമായ ഒരു ജ്ഞാനോദയം ഉണ്ടായതായുള്ള  തോന്നലുമുണ്ടായി. പോളിന്റെ സുവിശേഷത്തിലെ 'വിശ്വാസ'മെന്ന  സത്യമാണ് നീതിയുടെ ഉറവിടമെന്നതും മനസിലാക്കി.  ദൈവത്തെ ഭയപ്പെടുന്നതും മതത്തിന്റെ തത്ത്വങ്ങളിൽ അടിമപ്പെടുന്നതുമല്ല രക്ഷയുടെ അദ്ധ്യാത്മികതയെന്നും അദ്ദേഹം തിരിച്ചറിഞ്ഞു.  സഭാനവീകരണത്തിന് അദ്ദേഹത്തിൻറെ മുമ്പിൽ ഒരു വഴി തുറന്നുകിട്ടിയതു ബൈബിളിലുള്ള ജ്ഞാനത്തിൽനിന്നുമായിരുന്നു. മനസ്സിൽ പൊന്തി വന്ന പുത്തനായ നവീകരണ ചിന്തകൾ അദ്ദേഹത്തിന്റെ ദൈവികമായ കാഴ്ചപ്പാടിനും ജീവിതത്തിനു തന്നെയും മാറ്റങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.

ഒരു പുരോഹിതനെന്ന നിലയിൽ ലൂതറിന്റെ ജീവിതം മഹനീയവും ആദർശപൂർണ്ണവുമായിരുന്നു. സദാ സമയവും ധ്യാനനിമഗ്നനായും ഉപവാസം അനുഷ്ടിച്ചും ഒരു യോഗിയെപ്പോലെ കഠിന വ്രതങ്ങൾ പാലിച്ചും പുതപ്പു പുതക്കാതെ തണുപ്പ് സഹിച്ചും സ്വയം ശരീരത്തിൽ ചാട്ടകൊണ്ടടിച്ചും കഠിന വ്രതങ്ങൾ അനുഷ്ടിച്ചു വന്നു. 'സ്വന്തം ജീവിതത്തിലെ അനുഷ്ഠാനങ്ങളിൽക്കൂടി ആർക്കെങ്കിലും സ്വർഗം ലഭിക്കുമെങ്കിൽ അത് തനിക്കു മാത്രമായിരിക്കുമെന്നും' ലൂഥർ പറയുമായിരുന്നു. ഇതെല്ലാം ദൈവത്തിനുവേണ്ടി അദ്ദേഹം ചെയ്‌തെങ്കിലും മനസമാധാനം ഒരിക്കലും ലഭിച്ചിരുന്നില്ല. ദൈവത്തിന്റെ ശാപത്തെയും ദൈവശിക്ഷയെയും എന്നും ഭയപ്പെട്ടിരുന്നു. നിത്യ നരകശിക്ഷയും അദ്ദേഹത്തിൻറെ മനസിനെ അനിയന്ത്രിതമാക്കിയിരുന്നു.

ഒരു സന്യാസിയെന്ന നിലയിൽ ലൂതറിന്റെ  ജീവിതം നിരവധി വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. സർവ്വ സുഖങ്ങളെയും ത്യജിച്ചുകൊണ്ടുള്ള കഠിനമായ അനുഷ്ഠാനങ്ങളും ആരംഭിച്ചു. കൂടെ കൂടെ കുമ്പസാരിക്കലും നടത്തുമായിരുന്നു.  എന്നിട്ടും ആത്മീയതയിൽ എവിടെയോ ശൂന്യത അദ്ദേഹത്തിനനുഭവപ്പെട്ടിരുന്നു. അതൃപ്തി നിറഞ്ഞ മനസെവിടെയോ വ്യാപരിച്ചുകൊണ്ടിരുന്നു. സമ്മിശ്രങ്ങളായ ദുഃഖങ്ങളും അസമാധാനവും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പാപബോധങ്ങളിൽ നിരാശനായിരുന്നു. ദുഃഖിതനായ അദ്ദേഹത്തെ മാനസികമായ നീർച്ചുഴിയിൽനിന്നും കരകയറ്റാൻ അദ്ദേഹത്തിൻറെ ആദ്ധ്യാത്മിക ഗുരു വേണ്ടവിധം സമയോചിതമായ ഉപദേശങ്ങൾ നൽകി സഹായിക്കുന്നുണ്ടായിരുന്നു. എന്നിട്ടും മനസിന്റെ സമനില കൈവരിക്കാൻ  സാധിച്ചിരുന്നില്ല.

1517-ൽ ലിയോ പത്താമൻ മാർപ്പാപ്പ 'സെന്റ് പീറ്റേഴ്സ് ബസിലിക്ക' പണിയാനായുള്ള ചെലവുകൾക്കായി വിശ്വസി സമൂഹത്തോട് പണം മേടിച്ചുകൊണ്ടുള്ള പാപമോചന പദ്ധതി തയ്യാറാക്കി. പോപ്പിന്റെ ഈ തീരുമാനത്തിൽ മാർട്ടിൻ ലൂഥർ കുപിതനാവുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു.   'പാപപൊറുതിയ്ക്ക് വിശ്വസം മാത്രം പോരേ; അവിടെ സഭയ്ക്ക് എന്തിനു പണം കൊടുക്കണമെന്നുള്ള വാദങ്ങളുമായി മാർട്ടിൻ ലൂഥർ രംഗത്തുവന്നു. 'രക്ഷയുടെ കവാടത്തിനായി ക്രിസ്തുവിൽ വിശ്വസിക്കുക, അല്ലാതെ ധനം കൊടുത്താൽ മോക്ഷം ലഭിക്കില്ലെന്നും' അദ്ദേഹം വിശ്വസിച്ചു.

ലൂഥർ  സഭയ്‌ക്കെതിരെ 95 വാദങ്ങൾ  (95 Thesis) എഴുതിയുണ്ടാക്കുകയും പള്ളികളുടെ മുമ്പിൽ പതിപ്പിച്ചു പരസ്യപ്പെടുത്തുകയുമുണ്ടായി. കാര്യകാരണ സഹിതമുള്ള ലൂഥറിന്റെ 'വാദങ്ങൾ'   വിവാദങ്ങളായി ചർച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും അത് അന്നുവരെ പുലർത്തി വന്നിരുന്ന വിശ്വാസങ്ങൾക്ക് കോട്ടം തട്ടുവാൻ കാരണമായി. പാപമോചന വ്യാപാരം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ലൂഥർ 'മൈൻസി'ലുള്ള ആർച്ച് ബിഷപ്പ് ആൽബർട്ട് ആള്ബറിച്ചിനു (Archbishop Albert Albrecht) ഒരു കത്തെഴുതിയിരുന്നു. ലൂഥർ തയ്യാറാക്കിയ '95 വാദങ്ങൾ'   രണ്ടാഴ്ചയ്ക്കുള്ളിൽ ജർമ്മനി മുഴുവനും രണ്ടുമാസത്തിനുള്ളിൽ യൂറോപ്പ് മുഴുവനും  വ്യാപിച്ചിരുന്നു.

1517-ൽ സർവ്വ വിശുദ്ധന്മാരുടെ തിരുന്നാൾ ആഘോഷിച്ചിരുന്ന ഒരു ദിനത്തിൽ 'ജൊഹാൻ റ്റെട്സൽ' (Johann Tetzel) എന്ന ഉപദേശി പാപമോചനം പണം മേടിച്ചു വിൽക്കുന്നതിൽ ലൂഥർ എതിർത്തു. ഇത് സഭയുടെ തീരുമാനമായിരുന്നു. ഒരു വ്യക്തിയോ വ്യക്തിയുടെ മരിച്ചുപോയവർക്കോ ഉള്ള പാപങ്ങൾ പണം കൊടുത്താൽ മാറുമെന്നായിരുന്നു പ്രചരണം. ഒരിക്കൽ ഭണ്‌ഡാരത്തിൽ പണം നിക്ഷേപിച്ചാൽ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാവ് സ്വർഗ്ഗത്തിലെത്തുമെന്നായിരുന്നു 'റ്റെട്സൽ' പഠിപ്പിച്ചിരുന്നത്. ലൂഥർ അത് തന്റെ '95 വാദങ്ങളിൽ'ക്കൂടി (95 Thesis) സഭയെ ചോദ്യം ചെയ്തു.

ലൂഥർ തൊടുത്തുവിട്ട ഈ അവഹേളനങ്ങൾ അവസാനിപ്പിക്കാൻ സഭ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 1518- ഒക്ടോബറിൽ 'ഓഗ്സ്ബർഗിൽ' കർദ്ദിനാൾ തോമസ് ക്യാജേതൻ (Cardinal Thomas Cajetan) ഒരു സമ്മേളനം വിളിച്ചുകൂട്ടുകയും മാർട്ടിൻ ലൂതറിന്റെ മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന '95 വാദങ്ങൾ'  പിൻവലിക്കാനും ആവശ്യപ്പെടുകയും ചെയ്തു.  പുറപ്പെടുവിച്ച 'വാദങ്ങൾ'  പിൻവലിക്കുകയില്ലെന്നും പിൻവലിക്കണമെങ്കിൽ ക്രിസ്തു വചനങ്ങൾ തെറ്റാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മാർപ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്നും  വാദിച്ചു. ലൂഥറിനെ സഭയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണികളും സഭാ നേതൃത്വം മുഴക്കിക്കൊണ്ടിരുന്നു.

1519-ൽ വിറ്റൻബെർഗിൽ മാർട്ടിൻ ലൂഥർ സഭയുടെ അനീതികളെപ്പറ്റി പ്രഭാഷണങ്ങൾ നടത്തിയതിനു പുറമേ ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു. ആ വർഷം ജൂൺ-ജൂലൈ മാസത്തിൽ അദ്ദേഹം മാർപ്പാപ്പയ്ക്ക് വിശുദ്ധ ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാനുള്ള അധികാരമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. അത് മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ആക്രമണമായിരുന്നു.  1519-ൽ ലെയ്‌പ്‌സിങ് (Leipzig) എന്ന സ്ഥലത്തു നടന്ന ഒരു പൊതുവിവാദത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. " കൈകളിൽ ബൈബിൾ പിടിച്ചുകൊണ്ടു നടക്കുന്ന സാധാരണക്കാരനായ ഒരു വിശ്വാസി, മാർപ്പായേക്കാളും ഉത്കൃഷ്ടവ്യക്തിയാണെന്നും" അദ്ദേഹം പറഞ്ഞു. 'എല്ലാ ക്രിസ്ത്യാനികളും പുരോഹിതരാണ്. അതുകൊണ്ടു സഭ ഭരിക്കുന്നവർ ആവശ്യമേറിയ കാലോചിത പരിഷ്‌ക്കാരങ്ങൾ നടപ്പാക്കേണ്ടതാണെന്നും'അഭിപ്രായപ്പെട്ടു. 1520-ജൂൺ പതിനഞ്ചാം തിയതി ലൂഥറിന്റെ വിമർശനങ്ങളിൽ സഹികെട്ട മാർപ്പാപ്പ ലൂഥറിനെ മതത്തിൽനിന്ന് പുറത്താക്കുമെന്നുള്ള അന്ത്യശാസനം നൽകി. 1520 ഡിസംബർ പത്താംതീയതി മാര്‍പാപ്പയുടെ ഉത്തരവ്‌ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ  ലൂഥർ പരസ്യമായി കത്തിച്ചുകളഞ്ഞു.

റോമൻ ചക്രവർത്തി 'ചാൾസ് അഞ്ചാമൻ' രാജാവിന്റെ മുമ്പിൽ 1521-ൽ ലൂഥറുമായി ഒരു വിവാദം സംഘടിപ്പിച്ചിരുന്നു. ലൂതറിന്റെ കാഴ്ചപ്പാടുകളെ മടക്കിയെടുക്കാനുള്ള വിസ്താരമെന്ന് അദ്ദേഹത്തിന് മനസിലായി. 'വിശുദ്ധ വചനങ്ങളിൽ തെളിവുകൾ തരാത്തിടത്തോളം അല്ലെങ്കിൽ വ്യക്തമായ കാര്യ കാരണങ്ങൾ കൊണ്ട് ബോധ്യമാക്കാത്തടത്തോളം തന്റെ വിശ്വാസങ്ങൾ മാറ്റിപ്പറയുകയില്ലെന്നു' ലൂഥർ പ്രഖ്യാപിച്ചു. 'സ്വന്തം മനഃസാക്ഷിക്കെതിരെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും ഇതാണ് തന്റെ നിലപാട്, ദൈവം സഹായിക്കട്ടെയെന്നും' അദ്ദേഹം പറഞ്ഞു.

1521-ൽ മാർട്ടിൻ ലൂഥറിനെ ഔദ്യോഗികമായി റോമൻ കത്തോലിക്കാ സഭയിൽനിന്ന് പുറത്താക്കി. ലൂഥറിനെ സഭാ വിരോധിയും കുറ്റക്കാരനായും പാഷണ്ഡിയായും വിധിച്ചു. നിയമപരമായി പിടികിട്ടാപ്പുള്ളിയായി വിളംബരവും ചെയ്തു. അക്കാലത്തെ രാജകീയ വിളംബരത്തിൽ ലൂഥർ കുറ്റക്കാരനെന്ന് വിധിച്ചു. ലൂഥർ അപ്രത്യക്ഷനാവുകയും വാർട്ട്ബർഗിലുള്ള ഒരു കെട്ടിടത്തിനുള്ളിൽ (Wartburg Castle)പത്തു മാസം ഒളിച്ചു താമസിക്കുകയും ചെയ്തു.  1522-ൽ അദ്ദേഹം വിറ്റൻബർഗിൽ എത്തുകയും അനുയായികളുടെ സഹായത്തോടെ നവീകരണ യജ്ഞങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള കാലങ്ങളിൽ ലൂഥർ കൂടുതലും തർക്കവിഷയങ്ങളിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ പോലും ശത്രുക്കളായും മാറപ്പെട്ടു.

അറസ്റ്റിന്റെ ഭീക്ഷണിയുണ്ടായിരുന്ന കാലത്തും അദ്ദേഹത്തിന് 'ലൂതറ'നിസം സ്ഥാപിക്കാൻ സാധിച്ചു. ജർമ്മൻ രാജകുമാരനുൾപ്പടെ അനേകായിരം അനുയായികളെ ലഭിക്കുകയും ചെയ്തു.  1524-ൽ കാർഷിക വിപ്ലവം ഉണ്ടായപ്പോൾ ലൂഥർ കർഷകർക്കെതിരായ നിലപാടുകൾ എടുക്കുകയും ഭരണാധികാരികൾക്കൊപ്പം നിലകൊള്ളുകയും ചെയ്തു. അത് ലൂഥറൻ സഭയുടെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്തു. ആ കാലഘട്ടത്തിൽ ആയിരക്കണക്കിന് കർഷകർ കൊല്ലപ്പെട്ടെങ്കിലും ലൂതറിന്റെ സഭ വളർന്നുകൊണ്ടിരുന്നു.  രാജഭരണത്തോടൊപ്പം ലൂഥറും അനുയായികളും ഒത്തുചേർന്ന് കൃഷിക്കാരുടെ വിപ്ലവം അടിച്ചമർത്താൻ സഹായിക്കുകയും ചെയ്തു.  മറ്റുള്ള നവീകരണ വാദികളെയും പ്രത്യേകിച്ച് സ്വിസ് നവീകരണക്കാരനായ ഉൾറിച്ചു ശ്വിൻഗ്ലിയെയും (Ulrich Zwingli) ലൂഥർ വിമർശിക്കുമായിരുന്നു.

1525-ൽ അദ്ദേഹം കാതറീനാ വോൺ ബോറ (Katharina von Bora) എന്ന കന്യാസ്ത്രിയായിരുന്ന സ്ത്രീയെ വിവാഹം ചെയ്തു. അവരെ കോൺവെന്റിൽ നിന്നും പുറത്താക്കിയ കാരണം വൈറ്റൻബർഗിൽ അഭയാർത്ഥിയായി കഴിയുകയായിരുന്നു. അന്നുമുതൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതർക്കും വിവാഹം കഴിക്കാമെന്നുള്ള കീഴ്വഴക്കം കുറിച്ചു. കാലക്രമത്തിൽ ലൂഥർ-കാതറീനാ ദമ്പതികൾക്ക് ആറു മക്കൾ ജനിക്കുകയും ചെയ്തു.

ലൂഥറിനെ സംബന്ധിച്ച് സഭയെന്നാൽ അപ്പോസ്തോലിക പാരമ്പര്യമെന്ന അർത്ഥമാകുന്നില്ല. പകരം അത് അദ്ദേഹത്തിൻറെ ചിന്തയിൽ വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു സമൂഹമെന്നായിരുന്നു.   നിത്യരക്ഷയെന്നു പറയുന്നത് കൂദാശകൾ വഴിയല്ല പകരം വിശ്വാസത്തിൽക്കൂടിയെന്നും അദ്ദേഹത്തിൻറെ പ്രമാണമായിരുന്നു. 'സാമൂഹിക ജീവിയായ മനുഷ്യനിൽ നന്മകളുടെ സ്പുരണങ്ങൾ പൊട്ടിത്തെറിക്കണം, അതായത് ദൈവത്തെ അന്വേഷിക്കണം. അടിസ്ഥാനമില്ലാത്ത ദൈവശാസ്ത്രം വിഡ്ഢികൾ പഠിപ്പിക്കുന്നു. വിനയവും ശാലീനതയും ദൈവത്തിന്റെ കൃപകൊണ്ട് നേടിയെടുക്കണം.'

ഒരാളിന്റെ നന്മതിന്മകളുടെ അടിസ്ഥാനത്തിലല്ല നിത്യരക്ഷയെന്നു അദ്ദേഹം വിശ്വസിച്ചിരുന്നു. നിത്യ രക്ഷ ദൈവത്തിന്റെ ദാനമാണ്. നിത്യമായി രക്ഷപെടാൻ പൂർണ്ണ ഹൃദയത്തോടെ യേശുവിനെ നാഥനായി സ്വീകരിക്കണമെന്നും  വിശ്വസിച്ചിരുന്നു. പാപമോചനത്തിനായി പള്ളിയ്ക്ക് സംഭാവനകൾ കൊടുക്കുന്ന കീഴ്വഴക്കത്തെ  എതിർത്തിരുന്നു. ജർമ്മൻ ദേശീയ വാദിയായിരുന്ന അദ്ദേഹം ബൈബിളിനെ ലത്തീൻ ഭാഷയിൽ നിന്നും സ്വന്തം മാതൃഭാഷയായ ജർമ്മനിയിലേയ്ക്കും തർജ്ജിമ ചെയ്തു. ഇംഗ്ലീഷ് പരിഭാഷയായ 'കിംഗ് ജെയിംസ്' ബൈബിൾ രചിച്ചപ്പോഴും ലൂതറിന്റെ ജർമ്മൻ ബൈബിളിനെ സ്വാധീനിച്ചിരുന്നു. ലൂഥർ രചിച്ച കീർത്തനങ്ങൾ പിന്നീട് പൊതു സമൂഹാരാധനയ്ക്ക് പ്രയോജനപ്പെട്ടിരുന്നു.

അദ്ദേഹം ഏഴു കൂദാശകളിൽ നിന്ന് സഭയ്ക്കുള്ളത് രണ്ടു കൂദാശകളായി ചുരുക്കി. മാമ്മോദീസ്സായും ദിവ്യ അത്താഴവും മാത്രം കൂദാശകളായി അംഗീകരിച്ചു.  'സഭയുടെ നിയമങ്ങളിൽ നിന്ന് വിശ്വാസികൾ ഇനിമേൽ സ്വതന്ത്രരെന്നും' പ്രഖ്യാപിച്ചു. 'എങ്കിലും അയൽക്കാരനെ സ്നേഹിക്കാൻ കടപ്പെട്ടിരിക്കുമെന്നും' ലൂഥർ പറഞ്ഞു.

അവസാന കാലം ലൂഥറിന്റെ ഭാഷാശൈലികൾ വ്യത്യസ്തവും വേദനാജനകവുമായിരുന്നു. ലൂഥർ പ്രായം കൂടുംതോറും കൂടുതൽ കലഹപ്രിയനായും കാണപ്പെട്ടു. യഹൂദരും പോപ്പും അദ്ദേഹത്തിന്റെ ദൈവ ശാസ്ത്ര ശത്രുക്കളായിരുന്നു. അവർക്കെതിരായ വാക്കുകൾകൊണ്ടുള്ള ശരങ്ങൾ അച്ചടിഭാഷയ്ക്ക് യോഗ്യമായിരുന്നില്ല.  യഹൂദരെ രൂക്ഷമായി വിമർശിക്കുകയും ശത്രുതാ മനോഭാവം പുലർത്തുകയും ചെയ്തിരുന്നു. യഹൂദരുടെ വീടുകൾ നശിപ്പിക്കാനും അവരുടെ സിനഗോഗുകൾ കത്തിക്കാനും അവരുടെ സ്വത്തുക്കൾ കണ്ടെടുക്കാനും സ്വാതന്ത്ര്യത്തെ ഹനിക്കാനും ആഹ്വാനം ചെയ്തിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ ലൂഥറിന്റ യഹൂദ വിരോധത്തെ മുതലാക്കുകയും ചെയ്തു.

മാർട്ടിൻ ലൂഥർ രോഗിയായി കഴിഞ്ഞപ്പോഴും സാധാരണ ആരോഗ്യമുള്ളവരെപ്പോലെ  ജീവിതത്തെ ക്രമീകരിച്ചിരുന്നു. ജീവിത സാഹചര്യങ്ങളാണ് അദ്ദേഹത്തെ രോഗിയാക്കിയത്. ആശ്രമത്തിൽ ശരിയായി ഭക്ഷണം കഴിക്കാതെയും നീണ്ട രാത്രികളും പകലുകളുമില്ലാതെയുള്ള മാനസിക ജോലികളും പിന്നീടുളള കാലങ്ങളിൽ സുലഭമായ ഭക്ഷണവും ആർഭാട ജീവിതവും ലൈംഗികതയും അദ്ദേഹത്തെ രോഗിയാക്കിയെന്ന് വേണം കരുതാൻ. വാർട്ട്ബർഗിൽ (Wartburg) നിന്ന് മാറി ദൂരെയുള്ള സ്ഥലത്ത് ഒളിച്ചു താമസിച്ചിരുന്ന നാളുകളിൽ ലൂഥറിനു വയറ്റിൽ വേദന കഠിനമായി ഉണ്ടാകുമായിരുന്നു. 'ദൈവം  വയറ്റു വേദന കൊണ്ട് തന്നെ പീഡിപ്പിക്കുന്നുവെന്ന്' 1521-ലുള്ള അദ്ദേഹത്തിൻറെ ഒരു കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ ഉറക്കമില്ലാതെയും സമാധാനമില്ലാതെയുമുള്ള ജീവിതമായിരുന്നു അന്ത്യനാളുകളിലുണ്ടായിരുന്നത്. 1526-ൽ കിഡ്നിയ്ക്ക് തകരാറു വരുകയും കഠിനമായ വേദന സഹിക്കുകയും ചെയ്തിരുന്നു. ഡോക്ടർമാരെ വിശ്വാസം ഇല്ലായിരുന്നു. നൈരാശ്യവും മാനസിക വിഭ്രാന്തിയും അദ്ദേഹത്തെ ബാധിച്ചിരുന്നു.

1546 ഫെബ്രുവരി പതിനെട്ടാം തിയതി മാർട്ടിൻ ലൂഥർ മരണമടഞ്ഞു. ലൂഥറിനു ശേഷം വന്ന  നവീകരണക്കാരായ കാൽവിൻ, ശ്വിൻഗ്ലി, ക്‌നോക്സ്, ക്രാന്മർ (Calvin,Zwingli, Knox, and Cranmer) എന്നീ നവോത്ഥാനക്കാരെല്ലാം അദ്ദേഹത്തിൽനിന്ന്  ആവേശഭരിതരായിരുന്നു. ഏതു ലൈബ്രറിയിൽ പോയാലും മാർട്ടിൻ ലൂതറിന്റെ പുസ്തകങ്ങൾ ഷെൽവുകളിൽ നിറഞ്ഞിരിക്കുന്നതായി കാണാം. അദ്ദേഹം പറഞ്ഞ ഒരു  ഉദ്ധരണി ഇങ്ങനെ, "എന്റെ കൈകൾ നിറയെ നിധികളുണ്ടായിരുന്നു...എനിക്കതെല്ലാം നഷ്ടപ്പെട്ടു...ദൈവത്തിന്റെ കരങ്ങളിൽ എന്തെല്ലാം നിക്ഷേപിച്ചുവോ അത് മാത്രം ബാക്കി നിൽക്കുന്നു... ലോകം നാളെ കഷണം കഷണങ്ങളായി പൊട്ടി ചിതറിയാലും ഞാൻ എന്റെ വാഗ്‌ദാനഭൂമിയിൽ ആപ്പിൾ മരങ്ങൾ നട്ടുകൊണ്ടിരിക്കും."
Katharina von Bora

Roman Emperor Charls 5

No comments:

Post a Comment