Translate

Tuesday, August 15, 2017

''ദശാംശം ചോദിക്കാന്‍ ഇവര്‍ക്കെന്തധികാരം?'



-കെ. ജോര്‍ജ് ജോസഫ് (KCRM ട്രഷറര്‍)

[KCRM-ന്റെ പ്രതിഷേധപ്രകടനം വന്‍പോലീസ് സന്നാഹമുപയോഗിച്ച്, പാലാ ഹെഡ്‌പോസ്റ്റോഫീസിനുസമീപത്തു തടഞ്ഞ സാഹചര്യത്തില്‍ അവിടെത്തന്നെ ഒരു വിശദീകരണയോഗം നടത്തുകയുണ്ടായി. അതില്‍ ആദ്യം സംസാരിച്ച ഗഇഞങ മുന്‍പ്രസിഡണ്ട് കെ. ജോര്‍ജ് ജോസഫിന്റെ പ്രസംഗമാണ് താഴെ] 

പ്രിയ സുഹൃത്തുക്കളേ, 

നമ്മള്‍ വളരെ സമാധാനപരമായി, ഗാന്ധിയന്‍ മാര്‍ഗത്തില്‍ അക്രമരഹിതമായി  പ്രതിഷേധിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍, നമ്മളെ പൊലീസ് തടഞ്ഞിരിക്കുകയാണ്. നമ്മുടെ ഈ ചെറിയ പ്രതിഷേധംപോലും മെത്രാനും കൂട്ടരും ഭയപ്പെടുന്നു എന്നാണിതു കാണിക്കുന്നത്. അതു കൊള്ളേണ്ടിടത്തു കൊള്ളുന്നുവെന്നും ഇതു വ്യക്തമാ
ക്കുന്നു. പൊതുനിരത്തിലൂടെ സഞ്ചരിക്കാന്‍പോലും മെത്രാന്റെ അനുമതിവേണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മെത്രാന്റെ ഈ നിലപാടുതന്നെയാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിനു നമ്മളെ നിര്‍ബന്ധിച്ചത്. ആശുപത്രിക്കായി സംഭാവനയെന്നപേരില്‍ കൊള്ളപ്പിരിവു നടത്തുന്നതിനെതിരെയാണ് നമ്മുടെ ഈ പ്രതിഷേധം. 

ഏകാധിപതിയായ മെത്രാന്‍ തീരുമാനങ്ങളെടുക്കുകയും അതിന്റെ ഭാരംവഹിക്കാന്‍ മറ്റുള്ളവര്‍ നിര്‍ബ്ബന്ധിതരാകുകയും ചെയ്യേണ്ടിവരുന്ന ദുര്യോഗമാണ് നമ്മുടെ സമുദായം ഇന്നു നേരിടുന്നത്. വിശ്വാസം ചൂഷണത്തിനുള്ള ഉപാധിയായി മാറിയിരിക്കുന്നു. ഗതികേടുകൊണ്ട് വിശ്വാസികള്‍ നിശ്ശബ്ദരായി സഹിക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ടാവാം. അതൊരവസരമായിക്കണ്ട് കൊള്ളയടിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ നമുക്കു കഴിയില്ല. സഭാധികാരികളുടെ ആ നിലപാടിനെതിരെ വിശ്വാസികളെ ബോധവത്ക്കരിക്കുകയാണ് നമ്മളുടെ ഈ പ്രതിഷേധത്തിന്റെ ലക്ഷ്യം.

നമുക്കറിയാം, ഈ ദിവസങ്ങളില്‍ നമ്മുടെ രൂപതയില്‍ ചേര്‍പ്പുങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനുവേണ്ടി വമ്പിച്ച ഒരു പിരിവു നടന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്റെപേരില്‍ ഭീഷണിയുടെ സ്വരംകലര്‍ന്ന കത്തുകള്‍, വന്‍തുക രേഖപ്പെടുത്തി, ഇടവകതോറും നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇവിടെ അത്താഴപ്പട്ടിണിക്കാര്‍, കൂലിപ്പണിക്കാര്‍, ഉല്പന്നങ്ങള്‍ക്ക് വിലയില്ലാതെ നട്ടെല്ലൊടിഞ്ഞിരിക്കുന്ന കര്‍ഷകര്‍, അന്നന്നത്തെ അപ്പത്തിനുവേണ്ടി പണിയെടുക്കുന്ന മറ്റു തൊഴിലാളികള്‍, കൂടാത പൊതുജനത്തിന്റെ നികുതിപ്പണംകൊണ്ടു ശമ്പളവും പെന്‍ഷനും പറ്റുന്ന കുറേപ്പേര്‍... ഇവരുടെയെല്ലാം സാമ്പത്തികസ്രോതസുകള്‍ തെരഞ്ഞുപിടിച്ച്, ഊതിപ്പെരുപ്പിച്ച്, വന്‍തുകകള്‍ കത്തില്‍ എഴുതിവയ്ക്കുകയാണ്! എന്നിട്ട്, ഒരു സമാന്തരസര്‍ക്കാരായി നിന്നുകൊണ്ട്, അതു വിശ്വാസികള്‍ നല്‍കേണ്ട ദശംശമാണെന്നു പറഞ്ഞു ചോദിക്കുകയാണ്! ദശാംശം പിരിക്കാന്‍ ഇവര്‍ക്കെന്താണ് അധികാരം? ദശാംശം പിരിക്കാന്‍ യേശു പറഞ്ഞിട്ടുണ്ടോ? ആരാണിവര്‍ക്ക് നമ്മെ ഭരിക്കാന്‍ അധികാരം കൊടുത്തത്? ഇവര്‍ നമ്മുടെ ആത്മീയശുശ്രൂഷകരാണ്. എങ്ങനെയാണ് ശുശ്രൂഷകന്‍  ഭരണാധികാരിയാകുന്നത്? നിങ്ങളുടെ ഭരണം വിശ്വാസികള്‍ക്കു വേണ്ടെങ്കില്‍ നിങ്ങളെന്തിനാണു ഹേ, ഭരിക്കാന്‍ വരുന്നത്? നിങ്ങള്‍ മാന്യമായി ആത്മീയപ്രബോധനം നടത്തൂ...
 
നമ്മുടെ പുരോഹിതരെന്താ ഇപ്പോള്‍ ചെയ്യുന്നത്? അടുത്തകാലത്തെ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമെല്ലാം നമ്മള്‍ വായിക്കുകയും കാണുകയും ചെയ്യുന്നതെന്താണ്? നമ്മുടെ പാവപ്പെട്ട പെണ്‍കുട്ടികളെയും അമ്മമാരെയും ചൂഷണം ചെയ്യുക-അതാണിപ്പോള്‍ ഇവരുടെ പണി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോടാണ് നമ്മുടെ അച്ചന്മാര്‍ക്കിപ്പോള്‍ കൂടുതല്‍ കമ്പം. അവര്‍ക്ക് ദിവ്യഗര്‍ഭമുണ്ടാക്കുകയാണ് പ്രധാന പരിപാടി. ഈ അവിഹിതങ്ങളും അവ സംബന്ധിച്ച കേസുകളുമെല്ലാം മൂടിവയ്ക്കാന്‍വേണ്ടി ഇപ്രകാരം അവിഹിതമാര്‍ഗത്തില്‍ സമ്പാദിക്കുന്ന പണം ഉപയോഗിക്കുകയാണിവര്‍. നമുക്കുണ്ടായിരിക്കുന്ന വലിയൊരു ദുര്യോഗമാണിത്. 

ഇതിനെല്ലാം പുറമെയാണ്, ഇപ്പോളൊരു പുതിയ സംരംഭം. നമ്മുടെ പ്രദേശത്ത് ആവശ്യത്തിലേറെ ആശുപത്രികളുണ്ട്. ആശുപത്രികള്‍ ഇന്ന് കച്ചവടസ്ഥലമാണ്; ഒരു പരിധിവരെ അറവുശാലകളാണ്. അനീതിമാത്രമേ അവിടെ നടക്കുന്നുള്ളു. നമ്മുടെ പാവപ്പെട്ട മക്കളും സഹോദരിമാരും ഇവര്‍ നടത്തുന്ന ഹോസ്പിറ്റലുകളില്‍ ചെയ്യുന്ന ജോലിക്ക് നിസാരശമ്പളംമാത്രം കൊടുത്താണ് ഇവര്‍ തങ്ങളുടെ ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന്, ഈയടുത്ത കാലത്തു നടന്ന നേഴ്‌സുമാരുടെ സമരം നമ്മളെ ബോധ്യപ്പെടുത്തി. അപ്പോഴിതാ വന്നിരിക്കുന്നു, പാലാ രൂപതയുടേതായി ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രൈവറ്റ് ഹോസ്പിറ്റല്‍! ഏതാണ്ട് പത്തുമുന്നൂറു കോടിരൂപയാണ് എസ്റ്റിമേറ്റ് ഇട്ടിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ആ തുക പാലാ രൂപതയില്‍നിന്നുമാത്രം പിരിച്ചെടുക്കുകയാണ്! എന്തു ഭീകരമാണിത്? 

ഇതില്‍ ഏറ്റം കൗതുകകരമായി തോന്നിയ ഒരു കാര്യമുണ്ട്. അതായത്, ഈ ഹോസ്പിറ്റല്‍ കെട്ടിടം പണികഴിഞ്ഞാലുടന്‍ അതു വാങ്ങാനായി ഈ രാജ്യത്തെ ഒരു കുത്തക സാമ്പത്തിക ഇടപാട്സ്ഥാപനം അച്ചാരം കൊടുത്തുവെന്നാണ് അറിയുന്നത്. ആ അച്ചാരം വാങ്ങിയിട്ടാണത്രെ, പാവപ്പെട്ട മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട്, ഒരു നല്ല കാര്യമാണ്, നമ്മുടെ സമൂഹത്തിനുവേണ്ടിയുള്ളതാണ്, ഔദാര്യമാണ്, സ്‌നേഹമാണ്, സഹനമാണ്, പുണ്യമാണ്, നമ്മുടെ സമുദായത്തിന്റെ അഭിമാനമാണ് എന്നിങ്ങനെ വലിയ വലിയ, ആശയങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് വിളമ്പിക്കൊണ്ട് കുത്തിപ്പിരിക്കുന്നത്! സത്യത്തില്‍ കുത്തിപ്പിരിവുതന്നെയാണിത്. അന്‍പതിനായിരമെന്നും ഒരു ലക്ഷമെന്നും 5 ലക്ഷമെന്നുമൊക്ക കുറിച്ചുകൊടുത്തിട്ട്, വിശുദ്ധളോഹയുമിട്ട് ഗുണ്ടാപ്പിരിവിനിറങ്ങുകയാണ്! 

ഇവിടെ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന മാസശമ്പളം അപ്പാടെ, യാതൊരു കിഴിവുകളും കൂടാതെ, തരണം എന്നവകാശപ്പെടുകയാണ്; ഓരോ അദ്ധ്യാപകനും ഒരു ലക്ഷമെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെടുകയാണ്! കൊടുത്തേല്‍പ്പിച്ചിട്ട് തിരിച്ചു ചോദിക്കുന്നതുപോലെയാണ് ചോദ്യം! കുടുംബജീവിതത്തിന്റെ യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാത്ത ഈ തെമ്മാടിക്കൂട്ടത്തിന് ഇപ്രകാരം ചോദിക്കാന്‍ എന്തവകാശം? ഈയിടയ്ക്കും, കാപ്പിത്തോട്ടവും മുന്തിരിത്തോട്ടവും വിറ്റ് രൂപതയ്ക്ക് കോടികള്‍ കിട്ടി എന്നറിയുന്നു. ആ പണമെന്തു ചെയ്തു? 'റിവര്‍വ്യൂ' റോഡിനു സ്ഥലം വിട്ടുകൊടുത്തവകയില്‍ പതിനാറുകോടി ഒന്നിച്ചു കിട്ടിയല്ലോ; അതെന്തു ചെയ്തു? അതുപയോഗിച്ച് പുതിയ ഷോപ്പിങ് കോംപ്ലക്‌സ് പണിയുകയാണ്. ഇവിടെനിന്നു നോക്കിയാല്‍ കാണാവുന്ന ആ മറയ്ക്കുള്ളില്‍ അതിന് അടിസ്ഥാനമിട്ടുകഴിഞ്ഞു! പാലാ രൂപതയില്‍ത്തന്നെ എത്രയോ പേര്‍ വീടില്ലാത്തവരായുണ്ട്! എത്രയോ ദളിത് കത്തോലിക്കര്‍ പുറമ്പോക്കുകളില്‍ കഴിയുന്നു! അപ്പോളാണിവരുടെ ഷോപ്പിംഗ് കോംപ്ലക്‌സ് പൂതി! ആരോടു ചോദിച്ചിട്ടാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്? വിശ്വാസികള്‍ പണം നല്‍കണമെങ്കില്‍ അവരോടു കാര്യം പറഞ്ഞ് അംഗീകാരം നേടണം. അവര്‍ ആടുകളോ അറവുമാടുകളോ അല്ല; സഭാപൗരന്മാരാണ്. പുരോഹിതര്‍ക്കു കുതിരകയറാനുള്ളവരല്ല, അവര്‍.
 
ഇത്തരം അതിക്രമംനിറഞ്ഞ ഒരു പിരിവിനും, ഒരു സാമ്പത്തിക ഇടപാടിനും ഞങ്ങള്‍ നിന്നുതരില്ല. ഒരു സംശയവും വേണ്ട, ഞങ്ങള്‍ കഴിയുന്നത്ര ശക്തിയോടെ നിങ്ങളുടെ ഈ നീക്കത്തെ എതിര്‍ക്കുകയും ചെറുത്തു തോല്‍പ്പിക്കുകയുംചെയ്യും.  
ഇവിടെ വലിയവലിയ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കമ്പനിയായി രജിസ്റ്റര്‍ ചെയ്തുകൊണ്ടാണ്. ഈ രാജ്യത്ത് അതിനു നിയമമുണ്ട്. അല്ലെങ്കില്‍ സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്യുക. മെത്രാനും അച്ചനുമൊക്കെ അതിനു മുകളില്‍ക്കയറി ഇരിക്കുകയുമാകാം. ഇഷ്ടംപോലെ 'നോക്കുകൂലി' വാങ്ങി 'പുട്ടു'മടിക്കാം. പക്ഷേ, അപ്പോള്‍ ഷെയര്‍ എടുക്കുന്നവര്‍ കണക്കു
ചോദിക്കും; കണക്കു കൃത്യമായി പറയേണ്ടിവരും. നിങ്ങള്‍ ഭയപ്പെടുന്നത് അതാണെന്നു ഞങ്ങള്‍ക്കറിയാം. കണക്കു കാണിക്കാന്‍ നിങ്ങള്‍ തയ്യാറല്ല. കൈയില്‍ വാങ്ങി ളോഹയുടെ കീശയിലേക്കിടുകയെന്നതാണ് നിങ്ങളുടെ പരിപാടി. അതിനിമേല്‍ ഞങ്ങളനുവദിക്കില്ല. നിങ്ങള്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍ പണിതിട്ട് അതിന്റെ വാടകയും സെക്യൂരിറ്റിയും എന്തു ചെയ്യുകയാണ്? നിങ്ങള്‍ കള്ളടിച്ചും പെണ്ണുപിടിച്ചും വണ്ടിയോടിച്ചും ധൂര്‍ത്തടിക്കുകയല്ലേ? ഇനി ഞങ്ങളതിനു നിന്നുതരില്ല. ഒരു കാരണവശാലും ഇത്തരം പിരിവുകളോടു ഞങ്ങള്‍ സഹകരിക്കില്ല. വിശ്വാസികള്‍കൂടി അംഗീകരിക്കുന്ന, വിശ്വാസികള്‍കൂടി തീരുമാനിക്കുന്ന കാര്യങ്ങള്‍ മാത്രമേ നടത്താന്‍ അനുവദിക്കൂ... 

തല്‍ക്കാലം ഞാന്‍ നിര്‍ത്തുകയാണ്. എല്ലാവരും ഞങ്ങളോടു സഹകരിക്കണമെന്നും നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു. നന്ദി, നമസ്‌കാരം! 

ഫോണ്‍: 9037078700

No comments:

Post a Comment