Translate

Tuesday, September 12, 2017

കുടുംബയൂണിറ്റ് പ്രസിഡന്റിന്റെ ശുപാര്‍ശ കത്ത് ഹാജരാക്കിയില്ലെങ്കില്‍ പള്ളി കുദാശകള്‍ മുടക്കുമെന്ന് വികാരി
പി.സി റോക്കി മൊ: 9961217493

പെരുമ്പാവൂര്‍ മണ്ഡലം വല്ലം ഫൊറോനയുടെ അധീനതയിലുള്ള പെരിയാറിന്റെ തീരത്തെ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകയില്‍ തൊള്ളായിരത്തോളം ഇടവകാംഗങ്ങളും 27 കുടുംബയൂണിറ്റുകളുമുണ്ട്. മാസത്തിലൊരിക്കല്‍ ഇവയിലെ ഓരോ യൂണിറ്റിലും കുടുംബയോഗം നടത്തപ്പെടും. കുടുംബയോഗം ചേരാത്ത കുടുംബങ്ങളും ഉണ്ട്. കുടുംബയോഗം നടത്താന്‍ കഴിയാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചും ആ വീട്ടുകാരെ സന്ദര്‍ശിച്ചും ഇതിന്റെ കാരണം തിരക്കുവാന്‍ വികാരി നേരിട്ട് വീടുകളിലെത്തി വിവരം ആരായുമത്രേ. ഇവരുടെയൊക്കെ പേരുകള്‍ ഒരു ഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണന്നാണറിവ്. പലരും സാമ്പത്തിക ബുദ്ധിമുട്ടും സ്ഥലസൗകര്യമില്ലായ്മയും ജീവിത തിരക്കുകളും മൂലം കുടുംബയോഗം നടത്താറില്ല.
കുറെപ്പേര്‍ കുടുംബയൂണിറ്റുകളില്‍ നടക്കുന്ന ചില സംസ്‌കാരശൂന്യമായ കലാപരിപാടികളും ഭക്തരെന്ന് നടിക്കുന്ന ചില തീവ്ര ഭക്തരുടെ ചേഷ്ടകളും വാചക കസര്‍ത്തുകളും ഇഷ്ടപ്പെടാത്തതും മൂലമാണ് യോഗങ്ങള്‍ കൂടാനനുവദിക്കാത്തതെന്നും കേള്‍ക്കുന്നു. തന്നെയുമല്ല വൈകീട്ട് 6.30 മുതല്‍ 9.30 വരെ കുഞ്ഞുകുട്ടികളുള്ള വീടുകളില്‍ മൈക്ക് വച്ച് കലാപരിപാടികള്‍ നടത്തുന്നതു കൊണ്ടുള്ള ശബ്ദകോലാഹലങ്ങള്‍ മൂലവും ഇതു മുടക്കാറുണ്ട്.
കാലടിക്കടുത്തുള്ള ഒരു പള്ളിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് അവസാനിക്കുന്ന കുടുംബയോഗം  നടത്തുന്നുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. എന്തായാലും കുടുംബയൂണിറ്റ് മുടക്കു വരുത്തുന്നവര്‍ക്കുള്ള ശിക്ഷയായി അവരുടെ കുദാശകള്‍ മുടക്കുമെന്ന ഒരു ഓര്‍ഡറാണ് പുതിയതായി ചാര്‍ജെടുത്തിരിക്കുന്ന വികാരിയുടെ കല്‍പ്പനകളിലൊന്ന് എന്ന് കേള്‍ക്കുന്നു. പല വിശ്വാസികളും ഇതിനെതിരെ മുറുമുറുപ്പുമായി രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്.
ഈ ഇടവക മുമ്പ് ഭരിച്ചിരുന്ന വൈദീകര്‍ നാടിന്റെ വികസനത്തിന് ഉതകുംവിധം ബാങ്കും വായനശാലയും മറ്റും സ്ഥാപിച്ച് സല്‍പ്പേരുണ്ടാക്കിയവരാണ്. ഇതിനു നേരെ വിപരീതമായുള്ള പ്രവര്‍ത്തന ശൈലികളാണ് പുതിയ വികാരിയുടേതെന്ന് ആക്ഷേപമുയരുന്നു.
ആഘോഷ സദ്യകള്‍ നടത്തുമ്പോള്‍ ഇവിടുത്തെ വൈദീകര്‍ക്ക് മട്ടന്‍, ചിക്കന്‍ എന്നീ പോഷകസമൃദ്ധമായ വിഭവങ്ങള്‍ എത്തിച്ചുകൊടുക്കണമെന്ന് പറയുന്നതായി പലരും പറഞ്ഞു കേള്‍ക്കുന്നു. പരിശുദ്ധവും പരിവാനവുമെന്ന് വിശ്വസിക്കപ്പെടുന്ന ബലിപീഠത്തില്‍ നിന്ന് ദിവ്യബലി അര്‍പ്പിക്കുന്നതിനിടെ അറുപതാം പേജിലെ പാട്ട് അന്‍പതാം പേജിലെ പാട്ട് ഇവയൊക്കെ ആലപിക്ക് എന്ന് അള്‍ത്താരയില്‍ നിന്നും ഉച്ചത്തില്‍ പറയുന്നത് ശരിയല്ല എന്ന അഭിപ്രായവും ചര്‍ച്ചയാകുന്നുണ്ട്.
തിരുനാളുകളില്‍ വെടിക്കെട്ട് വേണ്ട, നേര്‍ച്ചസദ്യകള്‍ പാടില്ല, ആഡംബര ധൂര്‍ത്ത് കുറയ്ക്കണം, പരിസ്ഥിതിക്ക് കോട്ടം തട്ടാതിരിക്കാന്‍ പള്ളി മുറ്റത്ത് ടൈല്‍ വിരിക്കരുതെന്നും ടാറിടരുതെന്നും കെ.സി.ബി.സി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളിമുറ്റം ടൈല്‍ വിരിക്കുവാന്‍ പള്ളിമുറ്റത്ത് ടൈല്‍ ഇറക്കിക്കഴിഞ്ഞു. പള്ളി വരുമാനത്തില്‍ 25ശതമാനമെങ്കിലും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം എന്നൊക്കെ എപ്പിസ്‌കോപ്പല്‍ അസംബ്ലിയും കെ.സി.ബി.സിയും നിര്‍ദ്ദേശിക്കുമ്പോള്‍ ഇതൊന്നും കത്തോലിക്കാ പള്ളികളില്‍ പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. 2017 സെപ്റ്റംബര്‍ 1,2 തീയതികളില്‍ പള്ളിയുടെ തൊട്ടുള്ള  വി. പത്താംപീയുസിന്റെ കപ്പേളയില്‍ നടത്തപ്പെട്ട തിരുനാള്‍ നൊവേന ദിവസങ്ങളിലെല്ലാം വെടിക്കെട്ട് നടന്നിരുന്നു. അവസാനദിവസം തിരുനാളിന് ഉഗ്രസ്‌ഫോടകശക്തിയുള്ള ഗുണ്ടും പടക്കവും മറ്റും പൊട്ടിച്ച് ആഘോഷിക്കുകയുണ്ടായി. സമീപത്തെ പള്ളികളിലെല്ലാം തന്നെ വെടിക്കെട്ട് സ്ഥിരം പരിപാടിയാണ്.
കെ.സി.ബി.സിയുടെയും മതമേലധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ക്കോ, ഇടയലേഖനങ്ങള്‍ക്കോ വില കല്‍പ്പിക്കാതെ പള്ളി വികാരിമാര്‍ നടത്തുന്ന ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ വന്‍ ഭവിഷ്യത്തുകള്‍ക്ക് ഇടവരുത്തുമെന്നും കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഇവര്‍ പെരുമാറുമെന്നും കേരളത്തിലാകെ ചര്‍ച്ചയാണ്.

No comments:

Post a Comment