Translate

Friday, September 1, 2017

സഭയുടെ നവീകരണവും ടെലി കൂടിയാലോചനകളും

ജോസഫ് പടന്നമാക്കൽ

കേരള കത്തോലിക്ക സഭയുടെ നവീകരണം സംബന്ധിച്ച ഒരു ടെലി യോഗം 2017 ഓഗസ്റ്റ്  ഇരുപത്തിയഞ്ചാം തിയതി ശ്രീ ചാക്കോ കളരിക്കൽ, ശ്രീ ജോസ് കല്ലിടുക്കൽ എന്നിവരുടെ നേതൃത്വത്തിൽ കൂടുകയുണ്ടായി.  യോഗത്തിൽ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള എഴുപതോളം പേർ പങ്കെടുത്തിരുന്നു.  അവരിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ഇരുപത്തിയഞ്ചു പ്രശസ്ത വ്യക്തികൾ യോഗത്തിൽ സജീവമായി ചർച്ചകളിൽ പങ്കെടുക്കുകയും സഭയുടെ ഇന്നത്തെ പോക്കിനെ സംബന്ധിച്ച കാര്യങ്ങളെ വിലയിരുത്തുകയും ചെയ്തു. സഭയുടെ ഭരണസംവിധാനത്തിലുള്ള അതൃപ്തിയും ചർച്ചകളിൽ പങ്കെടുത്തവരുടെ അഭിപ്രായങ്ങളിൽ പ്രകടമായിരുന്നു. പുരോഹിതരെയും അവരെ മാത്രം അനുസരിക്കുന്ന അല്മായരെയും ഒഴിച്ചുനിർത്തി സഭയുടെ നവീകരണാശയങ്ങളുമായി യോജിക്കുന്നവരുടെ മാത്രം ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ പൊന്തി വന്നിരുന്നു. ക്രിയാത്മകമായ ആശയങ്ങൾ സഭയ്ക്കുള്ളിൽ നിന്ന് വരുന്ന സമയമെല്ലാം അത്തരം അഭിപ്രായങ്ങൾ പറയുന്നവർക്കെതിരെ ശത്രുക്കളെപ്പോലെ പെരുമാറാനാണ് സഭാധികാരികൾ നാളിതുവരെ ശ്രമിച്ചിട്ടുള്ളത്. യാഥാസ്ഥിതിക വലയത്തിൽ നിന്നും സഭയെ മോചിപ്പിക്കാനാണ് ഫ്രാൻസീസ് മാർപാപ്പാ പോലും ശ്രമിക്കുന്നത്. മാർപ്പാപ്പായ്ക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ടുള്ള സഭാ മക്കളുടെ ഒത്തുരുമയും നവീകരണ ചിന്തകൾക്ക് ധാർമ്മിക പിന്തുണയാകും. 

കത്തോലിക്ക സഭയിലെ പൗരാഹിത്യ മേൽക്കോയ്മയിൽ ക്രിസ്തു ചൈതന്യം പാടെ നഷ്ടപ്പെട്ടിരിക്കുന്നു. കത്തോലിക്കരെ ക്രിസ്ത്യാനികളെന്നു വിളിക്കാൻ പോലും ഇതര സഭകൾ തയാറാവുന്നില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണം  ഒരു സംഘടന രൂപീകരിക്കുന്നതിൽക്കൂടി ലക്ഷ്യമിടുന്നുണ്ട്. സഭയുടെ നഷ്ടപ്പെട്ട ആത്മീയത വീണ്ടെടുക്കണം. പൗരാഹിത്യ മേഖല മുഴുവനായും ആഡംബരവും ധൂർത്തും നിറഞ്ഞിരിക്കുന്നു. പുരോഹിതർ ലളിതമായി ജീവിക്കണമെന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനത്തിന് കേരളത്തിലെ സീറോ മലബാർ സഭ യാതൊരു പ്രാധാന്യവും നൽകാറില്ല. കോടിക്കണക്കിന് ഡോളർ മുടക്കിയുള്ള പള്ളികൾ മേടിക്കലും ആഡംബര കാറുകളും പുരോഹിതർക്ക് താമസിക്കാനുള്ള ഫൈവ് സ്റ്റാർ പാർപ്പിടങ്ങളുമാണ് സഭയെ നയിക്കുന്നവർക്ക് താൽപ്പര്യം. കേരളത്തിലെ ദരിദ്രന്റെ കുടിലിനെപ്പറ്റിയോ വിശന്നു വലയുന്ന ദരിദ്രന് ഒരു നേരം ഭക്ഷണം കഴിക്കാൻ കൊടുക്കാനോ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനോ സഭാനേതൃത്വം താൽപ്പര്യപ്പെടാറില്ല.

കേരള കത്തോലിക്ക നവീകരണ പ്രസ്ഥാനം (Kerala Catholic Reformation Movement) കേരളത്തിലെ പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. കെ.സി.ആർ.എം എന്ന് ചുരുക്കിപ്പറയും.   ഈ സംഘടന സഭയിലെ പുരോഹിതരുടെയും മെത്രാന്മാരുടെയും  അഴിമതികൾക്കും അനീതികൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്തിക്കൊണ്ടിരിക്കുന്നു. കോടതികളിൽക്കൂടി നീതി തേടിയും സമരം ചെയ്തും നിരാഹാരം ഇരുന്നും പ്രകടനങ്ങൾ നടത്തിയും കെ.സി.ആർ.എം. സംഘടന വളരെയേറെ നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. യാതൊരു മനഃസാക്ഷിയുമില്ലാതെ ദളിതന്റെ ശവ സംസ്ക്കാരം  നിഷേധിക്കലും അവരെ പീഡിപ്പിക്കലും  പുരോഹിതർക്ക് പതിവായിരുന്നു. കെ.സി.ആർ.എമ്മിന്റെ ധീരമായ പോരാട്ടങ്ങളെ ഭയന്ന് അത്തരം നീതി നിഷേധത്തിന്റെ കഥകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുരോഹിതർ ആവർത്തിക്കുന്നത് കേൾക്കുന്നില്ല.

സീറോ മലാബാർ സഭയുടെ പുരോഹിതരിൽ നിന്നും ശിങ്കടികളിൽനിന്നും സ്ത്രീകൾക്കെതിരെയും,  കന്യാസ്ത്രികൾക്കെതിരെയും പീഡനങ്ങൾ വർദ്ധിച്ചു വരുന്നു. പാപ പൊറുതിക്കും നിത്യരക്ഷയ്ക്കും കവാടങ്ങളായി കരുതുന്ന കുമ്പസാരക്കൂടുകൾ സ്ത്രീകളുടെ സ്വകാര്യ ജീവിതത്തിനും ഭീഷണിയാവുന്നു. മഠങ്ങളിൽ കൊലപാതകങ്ങൾ വരെ ഉണ്ടാകാറുണ്ട്. പണവും സ്വാധീനവും കൈക്കലാക്കിയിരിക്കുന്ന അഭിഷിക്ത ലോകം കേസുകൾ മായിച്ചു കളയാനാണ് ശ്രമിക്കുന്നത്. എവിടെ അസമത്വം ഉണ്ടാകുന്നുവോ അവിടെയെല്ലാം കെ.സി.ആർ. എം. എന്ന സംഘടന ശബ്ദം ഉയർത്തിയിട്ടുണ്ട്. രക്തശുദ്ധീകരണ വാദത്തിൽ ക്നാനായ ക്രിസ്ത്യാനികളെ പള്ളികളിൽ നിന്ന് പുറത്താക്കുന്നതിനെതിരെയും കെ.സി.ആർ.എം പ്രതികരിക്കുന്നു. മാന്യമായി ജീവിക്കുന്ന കുടുംബങ്ങളെ തകർക്കുന്ന ആസൂത്രിതമായ നയമാണ് പുരോഹിതർ പള്ളികളിൽ അനുവർത്തിച്ചു വരുന്നത്. പൗരാഹിത്യം ഉപേക്ഷിച്ചവരുടെ  സംഘടനയും കെ.സി ആർ.എം. നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അവർക്ക് ജീവിത സൗകര്യങ്ങളും പാർപ്പിടവും ഉണ്ടാക്കി കൊടുക്കാനുള്ള ശ്രമത്തിൽ സംഘടന തീവ്രമായുള്ള ശ്രമത്തിലുമാണ്.

അധികാരവും പണവും പുരോഹിതരെ ഏൽപ്പിക്കുന്നത് ആപത്തായിരിക്കുമെന്ന് കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ ചരിത്രം ഒന്നു കണ്ണോടിച്ചാൽ മനസിലാകും. ഒരു പുരോഹിതൻ കൊലക്കേസിലോ പീഡനങ്ങളിലോ അകപ്പെട്ടാൽ ഉന്നത സ്ഥാനങ്ങളിലെ സ്വാധീനമുപയോഗിച്ച്   കേസുകൾ തേച്ചുമായ്ച്ചും കളയും. അഭയാക്കേസിന് കോട്ടയം രൂപത എത്ര കോടികൾ മുടക്കിയെന്നതിനും കണക്കില്ല. മുൻ സുപ്രീം കോടതി ജഡ്ജി പരേതനായ കൃഷ്ണയ്യർ  തയ്യാറാക്കിയ ചർച്ച് ആക്റ്റ് നടപ്പാക്കാൻ മാറിമാറി വരുന്ന സർക്കാരുകൾ പോലും ഭയപ്പെടുന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും മതപരമായ സ്വത്തുക്കൾക്ക് സർക്കാരിന്റെ നിയന്ത്രണമുണ്ട്. എന്നാൽ അല്മായർ നേർച്ചകളായി  നൽകിയ സഭാവക സ്വത്തുക്കളിൽമേൽ അധികാരം അതാത് രൂപതാ ബിഷപ്പുമാർക്കാണ്. അതിനെതിരെ ഏകീകൃതമായ ഒരു നിയമത്തിനായി കെ.സി.ആർ.എം. മുറവിളികൾ കൂട്ടിയിട്ടും ഈ ബില്ലിനെ നാളിതുവരെ നിയമമാക്കിയിട്ടില്ല. പുരോഹിതർക്ക് അല്മെനികളുടെ മേൽ ലഭിച്ചിരിക്കുന്ന അധികാരം വിട്ടുകൊടുക്കാൻ അവർ ഒരുക്കവുമല്ല.

ഇന്ന് നിലവിലുള്ള പള്ളികളോടനുബന്ധിച്ച സംഘടനകൾ എല്ലാംതന്നെ പുരോഹിതരുടെ നേതൃത്വത്തിലും തീരുമാനങ്ങളിലും പ്രവർത്തിക്കുന്നു.  പുരോഹിതരും അല്മായരും തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ അത്തരം സംഘടനകൾ പുരോഹിതരുടെ ഇഷ്ടത്തിനൊപ്പമേ നിൽക്കുള്ളൂ. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുടെ കുടുംബത്തിലെ മാമ്മോദീസാ, കല്യാണം, വിവാഹം, മരണം മുതലായ ചടങ്ങുകളിൽ നിസ്സഹകരിക്കാൻ പുരോഹിതർക്ക് യാതൊരു മടിയുമില്ല. പള്ളികളുടെ മാസക്കുടിശിഖ  മുടക്കുന്നവർക്കോ, പള്ളിപണിക്കുള്ള വീതം കൊടുക്കാത്തവർക്കോ   പള്ളിയിൽ നിന്നും മുടക്കു കല്പിക്കുന്നതും സാധാരണമാണ്.

അല്മായനെന്നു പറഞ്ഞാൽ പുരോഹിതരുടെ മുമ്പിൽ നാക്കിറങ്ങി പോയ ഒരുതരം വർഗ്ഗമെന്നും കരുതണം. സിംഹാസനത്തിലിരിക്കുന്നവർക്ക് ആരെയും ഭയപ്പെടേണ്ട എന്ന മട്ടിലാണ് അല്മായരെ പേടിപ്പിച്ചുകൊണ്ടു ബിഷപ്പുമാരും പുരോഹിതരും സഭയെ ഭരിച്ചുകൊണ്ടിരിക്കുന്നത്. മെത്രാനെന്നു പറഞ്ഞാൽ കൈമുത്തിപ്പിച്ചുകൊണ്ടു  എഴുന്നള്ളിച്ചു നടക്കേണ്ടവരല്ലെന്നും സാധാരണക്കാരുടെയിടയിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥരെന്നും അവരെ മനസിലാക്കേണ്ടതായുണ്ട്.  അല്മായൻ പുരോഹിതരുടെ വളർത്തു നായയെന്ന മനോഭാവമാണ് ഇവർക്കുള്ളത്. ശക്തമായ പ്രതികരണങ്ങളിൽക്കൂടിയും സംഘടനയുടെ ബലത്തിലും മാറ്റങ്ങൾ കൂടിയേ തീരൂ. ബൗദ്ധികമായി ഇവരെ ചോദ്യം ചെയ്യാൻ സഭാ പൗരന്മാരുടെ ഒരു സംഘടനയുടെ ആവശ്യവും ഇവിടെ പ്രസക്തമാണ്.

കെ.സി.ആർ.എം സംഘടന, സഭയുടെ അനീതിക്കും അഴിമതിക്കുമെതിരെ എന്നും ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു.  പള്ളികളുടെ  ഗുണ്ടകളും പോലീസുകാരും പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തുന്ന കെ.സി. ആർ. എം.പ്രവർത്തകരെ വിരട്ടുകയും ഭീക്ഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്. പുരോഹിതരും മെത്രാന്മാരും  സഭാപൗരന്മാർക്കെതിരെയുള്ള ഗുണ്ടാ വിളയാട്ടത്തിൽ യാതൊന്നും അറിയാത്തവരെപോലെ നിശബ്ദരായി അഭിനയിക്കുകയും ചെയ്യും. അമേരിക്കയിലും പുരോഹിതർ വിശ്വാസികളെ കള്ളക്കേസുകളിൽ കുടുക്കി കോടതികളിൽ കയറ്റിയ സംഭവങ്ങളുമുണ്ട്.

പ്രസിദ്ധ സാഹിത്യകാരനും അമേരിക്കൻ മലയാളം പത്രങ്ങളിൽ സ്ഥിരം എഴുത്തുകാരനുമായ ശ്രീ എ.സി.ജോർജായിരുന്നു വീഡിയോ കോൺഫറൻസിനെ നയിച്ചിരുന്നത്. മോഡറേറ്ററെന്ന നിലയിൽ സദസിനെ ആരോഗ്യപരമായ ചർച്ചകളിൽ പങ്കെടുപ്പിക്കാൻ ശ്രീ ജോർജിന് പ്രത്യേകമായ ഒരു കഴിവുണ്ട്. നല്ലയൊരു വാഗ്മിയെന്ന നിലയിൽ അദ്ദേഹത്തിൻറെ അഭിപ്രായപ്രകടനങ്ങൾ സദസിനെയും പ്രീതിപ്പെടുത്തിയിരുന്നു. കോൺഫറൻസിൽ പങ്കെടുത്തവരെല്ലാം ബൗദ്ധിക തലങ്ങളിൽ നാനാതുറകളിൽ പ്രാവിണ്യം നേടിയവരും എഴുത്തുകാരും ഉയർന്ന തൊഴിൽ നിലവാരമുള്ളവരും സമൂഹത്തിൽ അറിയപ്പെടുന്നവരുമായിരുന്നു. അവർ പങ്കുവെച്ച അഭിപ്രായങ്ങൾ ക്രിയാത്മകവും വിജ്ഞാനം പകരുന്നതുമായിരുന്നു. ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. അതിനുശേഷം വീഡിയോയിൽ പങ്കെടുത്തവരിൽ പലരും സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

സഭാ ചരിത്രകാരനും   സാമൂഹിക സാംസ്ക്കാരിക പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവുമായ ശ്രീ ചാക്കോ കളരിക്കലിന്റെ ആമുഖത്തോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ ചാക്കോയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.

"പ്രിയപ്പെട്ട സഭാ പൗരന്മാരെ! എന്നെപ്പോലുള്ള പഴയകാല കുടിയേറ്റക്കാരുടെ ആദ്യകാലങ്ങളിലുണ്ടായിരുന്ന സാമൂഹിക കൂട്ടായ്മയിൽ എല്ലാ ജാതികളിലും മതങ്ങളിലുമുണ്ടായിരുന്നവർ പങ്കെടുത്തിരുന്നു. പുതിയ പുതിയ കുടിയേറ്റക്കാരും അവരുടെ ബന്ധുജനങ്ങളും വന്നു കഴിഞ്ഞപ്പോൾ ഓരോരുത്തരുടെയും മനസ്സിൽ നിറഞ്ഞിരുന്ന ജാതിയും മതവും പുറത്തു വരാൻ തുടങ്ങി. സാമൂഹിക ചിന്താഗതികളിലും സാഹോദര്യത്തിലും മത മൈത്രിയിലും ആചരിച്ചു വന്നിരുന്ന കൂട്ടായ്മകൾ ഓരോ മതക്കാരുടെയും കുത്തകയായി മാറ്റപ്പെട്ടു. വിഭാഗീയ സങ്കുചിത ചിന്താഗതികളോടെ മിക്ക സമ്മേളനങ്ങളും ഇന്ന് വിളിച്ചു കൂട്ടുന്നു. അങ്ങനെ സ്നേഹത്തിലും മതമൈത്രിയിലും കുടിയേറ്റക്കാർ ഒന്നിച്ചുകൂടിയുള്ള ആഘോഷങ്ങൾ കാലഹരണപ്പെട്ടുപോവുകയും ചെയ്തു. നമുക്കറിയാം അമേരിക്കയിലിന്ന് വൈറ്റ് സുപ്രമസിസ്റ്റ് ( White Supremacist) ആശയം തലപൊക്കി മെൽറ്റിംഗ് പോട്ട് (melting pot) എന്ന അമേരിക്കൻ വീക്ഷണത്തെ നശിപ്പിക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്നു, നിറത്തിൻറെ പേരിലും കൂടാതെ വിദേശീയരോടുള്ള വേർതിരിവിൻറെ പേരിലുമുള്ള വിവേചനങ്ങളും  അമേരിക്കൻ മുഖ്യ ധാരയിലുമുണ്ട്.   ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള കലാപങ്ങൾ നിത്യസംഭവങ്ങളാണ്. ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ ലത്തീൻ, സീറോമലങ്കര, സീറോമലബാർ എന്നിങ്ങനെ മൂന്നുറീത്തുകളാണുള്ളത്. ലത്തീൻറീത്തിൽ പല സോഷ്യൽ സ്റ്റാറ്റസ്സിലുള്ളവരുണ്ട്. സീറോമലബാർ സഭയിൽ തെക്കുംഭാഗ/വടക്കുംഭാഗ/പുതുക്രിസ്ത്യാനി വേർതിരുവുകളുണ്ട്. മൂന്നുകോടതികൾ കോട്ടയം രൂപതയ്ക്ക് പ്രതികൂലമായി വിധിച്ചിട്ടും ലക്ഷങ്ങൾ ചിലവഴിച്ച് സുപ്രീംകോടതിയിൽ അപ്പീലിന് പോയിരിക്കയാണ്. എന്തിനുവേണ്ടി? ക്രിസ്തീയതയ്‌ക്കെതിരായി ജാതിവ്യവസ്ഥ നിലനിർത്താൻ!"

ശ്രീ ചാക്കോ തുടർന്നും പറഞ്ഞു, "ഇന്ന് ലോകം മുഴുവൻ മതം, ജാതി, രാഷട്രീയം, നിറം, രക്തം, ലിംഗം തുടങ്ങിയവകളിൽ അധിഷ്ഠിതമായ വിവേചനാത്മകചിന്ത വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സഭാപൗരന്മാരെന്ന നിലയ്ക്ക്, നമ്മുടെ ഉത്തരവാദിത്വങ്ങളിൽനിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ഇന്ന് പ്രവർത്തിയിൽ കൊണ്ടുവരേണ്ട സാഹോദര്യത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാൻ കെല്പുള്ള, ചിന്താശക്തിയുള്ള, പ്രവർത്തനശേഷിയുള്ള കുറെ സുമനസ്കരെ യോജിപ്പിച്ചുകൊണ്ട് അമേരിക്കയിലും കാനഡയിലും എന്നുവേണ്ട ലോകം മുഴുവനും വ്യാപിക്കുന്ന രീതിയിലുള്ള ഒരു സംഘടന രൂപീകരിക്കുക എന്നാണ് ഞാൻ വിഭാവനം ചെയ്യുന്നത്. പള്ളിയോടും പട്ടക്കാരോടും സഭാമേലധ്യക്ഷന്മാരോടും വഴക്കടിക്കാനല്ല; വഴക്കടിച്ചിട്ടുകാര്യവുമില്ല. മറിച്ച്, ചർച്ച് സിറ്റിസൺസ് ഫ്രറ്റേർണിറ്റി (Church Citizens Fraternity ) - യെ ഊട്ടിവളർത്താനുള്ള ഒരു വേദിയായിട്ടാണ് ഞാൻ ഈ സംഘടനയെ കാണുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ ആദരവോടെയും തുറന്ന മനസോടെയും ഞാൻ കാണുന്നു."

ശ്രീ ചാക്കോയുടെ പ്രസംഗത്തിനുശേഷം സദസിലുണ്ടായിരുന്ന ഇരുപത്തിയഞ്ചിൽപ്പരം പേർ വ്യത്യസ്തങ്ങളായ  സുചിന്തിതാഭിപ്രായങ്ങളും പ്രകടിപ്പിച്ചിരുന്നു. വീഡിയോ കോൺഫെറെൻസിൽ വന്ന ഏതാനും പേരുടെ  അഭിപ്രായങ്ങൾ  താഴെ അക്കമിട്ടു വിവരിക്കുന്നു.

(1) 'സഭയിൽ നിന്ന് പുറത്തുപോവാനും സഭയ്ക്കുള്ളിൽനിന്ന് എന്തിനു യുദ്ധം ചെയ്യുന്നുവെന്നും' ചോദ്യമുണ്ടായി.

(2)'സഭയെന്നാൽ പുരോഹിതന്റെ തറവാട് സ്വത്തല്ല. ഓരോ അല്മായന്റെയും പൂർവികർ സ്വരൂപിച്ച സ്വത്തുകൊണ്ടാണ് പുരോഹിതർ മാത്രം ആഡംബരമായി ജീവിക്കുന്നത്. പുരോഹിതരുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്യുന്നവർ പുറത്തു പോവണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അവരുടെ ആഗ്രഹത്തിന് കീഴടങ്ങി പുറത്തു പോവുന്നവർ ഭീരുക്കളെന്നു മാത്രമേ ചിന്തിക്കാൻ സാധിക്കുള്ളൂ. നിശബ്ദരായിരിക്കരുത്, നമ്മളാൽ കഴിയുന്നതും ചെയ്യുക, സഭയ്ക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പ്രതികരിക്കുക തന്നെ വേണമെന്നുള്ള' അഭിപ്രായത്തിനായിരുന്നു കോൺഫെറെൻസിൽ കൂടുതൽ ശക്തിയുണ്ടായിരുന്നത്.

(3)'സമുദായ കാര്യങ്ങളെ സംബന്ധിച്ചുള്ള നേതൃത്വം കൊടുക്കേണ്ടത് അല്മായരാണ്, പുരോഹിതരല്ല. അല്മായരുടെ അദ്ധ്വാനം കൊണ്ട് നേടിയെടുത്ത പള്ളി സ്വത്തുക്കളിലും സാമ്പത്തിക കാര്യങ്ങളിലും ഇടപെടാൻ പുരോഹിതരെ അനുവദിക്കരുത്. നേർച്ചപ്പണത്തിന്റെ മുഴുവനായി കണക്കുകൾ അല്മായരെ ബോധ്യപ്പെടുത്തണം.'

(4)സുപ്രീം കോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യർ എഴുതിയുണ്ടാക്കിയ ചർച്ച് ആക്റ്റ് പാസാക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങൾ പുരോഹിതന്റെ കൈകളിൽനിന്നും കൈ വിട്ടുപോവുമെന്ന ഭയമാണ് അവർ ചർച്ച് ആക്റ്റിനെ എതിർക്കുവാനുള്ള കാരണമെന്നും' അഭിപ്രായങ്ങൾ വന്നിരുന്നു.

(5)'ഷിക്കാഗോയിൽ രൂപത സ്ഥാപിച്ചശേഷം രൂപതാധികാരികൾ പഴയ തലമുറയെയും ഇവിടെ ജനിച്ച പുതുതലമുറയെയും പരിപൂർണമായി അവഗണിച്ച ചരിത്രമാണുള്ളത്. ആത്മീയ ചിന്താഗതികളോടെയല്ല പുരോഹിതർ പ്രവർത്തിക്കുന്നത്. ആഫ്രിക്കയിലും എത്തിയോപ്പിയയിലും സേവനം ചെയ്യാൻ ഇവർക്ക് മനസ് വരില്ല. ഇറാക്കിലും സിറിയായിലും പോയാൽ തല പോകുമെന്നും അറിയാം. അമേരിക്കയിലെ  കുടിയേറിയവരുടെ മടിശീലയിലാണ് പുരോഹിതരുടെ നോട്ടം മുഴുവനും. ജോലി ചെയ്യാനും കഴിയില്ല. ജോലി ചെയ്യുന്നവന്റെ അദ്ധ്വാനഫലം പിടിച്ചെടുക്കുകയും വേണം. ഇടവകകൾ സ്ഥാപിച്ച് സ്വത്ത് വർദ്ധിപ്പിക്കണമെന്ന ഉദ്ദേശമേ രൂപതയ്‌ക്കുള്ളൂ.

(6)ഒരു ക്ലർക്കിനു ചെയ്യാനുള്ള ജോലിക്കു മാത്രം കൊച്ചുമെത്രാൻ, വലിയ മെത്രാൻ, ചാൻസലർ, മോൺസിഞ്ഞോർ, വികാരി എന്നിങ്ങനെ പദവികൾ രൂപതയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ആഘോഷപരമായ പോസ്റ്റുകൾ അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം അധികപ്പറ്റാണ്. ദരിദ്രരരെ സഹായിക്കേണ്ടതിനുപകരം വേലി തന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ് സഭയിലുള്ളത്.

(7) 'രൂപത സ്ഥാപിക്കുന്നതിനു മുമ്പ്  കൂടുതൽ എക്യൂമെനിക്കൽ കൂട്ടായ്മ ഉണ്ടായിരുന്നു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ തമ്മിൽ പരസ്പ്പരം ഒരു വിവേചനം കാണിച്ചിരുന്നില്ല. പല കുടുംബങ്ങളും സൗഹാർദത്തിലും സാഹോദര്യത്തിലും കഴിഞ്ഞിരുന്നു. സീറോ മലബാറിലെ പുരോഹിതരെ ഈ നാട്ടിൽ ഇറക്കുമതി ചെയ്ത ശേഷം അന്നുണ്ടായിരുന്ന സ്നേഹത്തിന്റെ കൂട്ടായ്മ ഇല്ലാതായി. ക്രിസ്തു തന്നെ പലതായി വിഭജിക്കപ്പെട്ടു. പല കുടുംബങ്ങളിലും ഇടപെട്ട്‌ പളളി ഭരിക്കേണ്ട പുരോഹിതർ കുടുംബം കലക്കികളായും മാറി.'

(8) 'പുരോഹിത ലോകം അല്മായരെ ബോദ്ധ്യപ്പെടുത്താൻ കള്ളങ്ങൾ നിറഞ്ഞ കഥകൾ സൃഷ്ടിക്കുന്നു.  സത്യസന്ധമായ ബോധവൽക്കരണം വിഭാവന ചെയ്യുന്ന ഒരു സംഘടനയുടെ ആവശ്യവും യോഗം ചർച്ച ചെയ്തു. വിശ്വാസികളുടെയിടയിൽ സഭയോടുള്ള ആത്മരോഷം മൂലം വേറെയും സംഘടനകൾ രൂപപ്പെട്ടിട്ടുണ്ട്. അത്തരം സംഘടനകളെല്ലാം അതാത് ഇടവകയിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. ദേശീയ തലത്തിൽ ഒരു സംഘടന എന്തുകൊണ്ടും മാറ്റം വരുത്തും.'

(9) 'അല്മായരുടെ പണം സ്വീകരിക്കുന്നതൊഴിച്ച് പുരോഹിതരും മെത്രാന്മാരും അല്മായരെ ശ്രവിക്കാറില്ല. ഭൂരിഭാഗം പുരോഹിതർക്കും മെത്രാന്മാർക്കും ഇന്റെർനെറ്റുമായി പരിചയമില്ല. അല്മായർ ഒരു കത്തയച്ചാൽ കർദ്ദിനാൾ മുതൽ താഴോട്ടുള്ളവർ മറുപടിയും അയക്കില്ല. മുത്തുക്കുടകളുടെ കീഴെ കൈകളിൽ കുരിശു പിടിച്ച് അനുഗ്രഹിച്ചു മാത്രം നടന്നാൽ ആത്മീയതയാവില്ല. ആടുകളുടെ പിന്നാലെ നടന്നിരുന്ന  ഇടയന് ഇന്ന് മുന്നാലെ നടക്കാനാണ് ഇഷ്ടം.'

(10) 'അമേരിക്കയിൽ പള്ളിയും പട്ടക്കാരനും വന്നതിനുശേഷമാണ് ഇവിടെ കുടിയേറ്റ ജനതയുടെ സമാധാനം നഷ്ടപ്പെട്ടത്. എത്ര പണം കൊടുത്താലും ആർത്തി പിടിച്ച പുരോഹിതർക്ക് തൃപ്തി വരുകയില്ല. പള്ളിയോട് ഒത്തൊരുമിച്ചു നിന്നില്ലെങ്കിൽ സുഹൃത്തുക്കളും സ്വന്തം ബന്ധുജനങ്ങൾപോലും അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കും. കാരണം പുരോഹിതരുടെ വിശുദ്ധ നുണകൾ അത്രമാത്രം ശക്തിയേറിയതാണ്.'

(11)'അനാചാരത്തിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന കേരള കത്തോലിക്ക സഭ അമേരിക്കയിൽ അടുത്ത തലമുറവരെ നിലനിൽക്കില്ല. ലോകം മുഴുവനും തന്നെ അനേകായിരം പള്ളികൾ പൂട്ടിക്കഴിഞ്ഞിരിക്കുന്നു. പള്ളികളുടെ സ്ഥാനങ്ങൾ തീയേറ്ററുകളും വ്യവസായ സ്ഥാപനങ്ങളുമായി മാറ്റപ്പെട്ടിരിക്കുന്നു. രണ്ടാം തലമുറയ്ക്ക് മലയാള ഭാഷയോ ആരാധനയിലെ മംഗ്ളീഷ് ഭാഷയോ മനസിലാക്കാനും സാധിക്കില്ല.'

(12)  'അമേരിക്കയിൽ വളരുന്ന ഒരു കുട്ടിയ്ക്ക് ഇന്ത്യ, അമേരിക്ക, വത്തിക്കാൻ എന്നിങ്ങനെ മൂന്നു രാജ്യങ്ങളെ സ്നേഹിക്കണം. ഒരു പെരുന്നാളിന് പോയാൽ മൂന്നു കൊടികളും പിടിക്കണം. കൂടാതെ ക്രിസ്ത്യനും കത്തോലിക്കനും സീറോമലബാറും ഒരേ സമയത്ത് ത്രിത്വം പോലെ ആചരിക്കണം. ഇതിൽ ക്രിസ്തു എവിടെയെന്നും വളരുന്ന കുഞ്ഞുങ്ങൾക്ക് അറിഞ്ഞു കൂടാ. വേദപാഠം ക്ലാസ്സിൽ പുരോഹിതരുടെ മംഗ്‌ളീഷും പഠിക്കണം. വിശുദ്ധ തോമസ് കേരളത്തിൽ വന്നുവെന്നും കേരള ക്രിസ്ത്യാനികൾ നമ്പൂതിരിമാരുടെ തലമുറകളെന്നും വിശ്വസിക്കണം. വളരുന്ന പിള്ളേരെ കേരള സംസ്ക്കാരം പഠിപ്പിക്കാൻ പുരോഹിതർ ശ്രമിക്കും. പെൺകുട്ടികൾ അമേരിക്കൻ രീതിയിൽ വേഷങ്ങൾ ഇട്ടാൽ അൾത്താരയിൽ നിൽക്കുന്ന പുരോഹിതർക്ക് ഇഷ്ടപ്പെടില്ല. സാരി ചുറ്റിയും കപ്പ തിന്നും ജീവിച്ചിരുന്ന മുതിർന്ന തലമുറകളുടെ സംസ്ക്കാരവും വേഷവും അമേരിക്കയിൽ വളരുന്ന കുഞ്ഞുങ്ങളിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അവർക്ക് ക്രിസ്ത്യൻ വിശ്വസവും കത്തോലിക്കാ വിശ്വാസവും പോരാ, കുട്ടികളെ സീറോ മലബാറെന്നു വേർതിരിക്കണം. പെൺകുട്ടികളുടെ സാരികളേക്കാളും കണ്ണ് മഞ്ചിക്കുന്ന വേഷങ്ങളാണ് ഓരോ മെത്രാനും അണിഞ്ഞിരിക്കുന്നത്. രാജകീയ വേഷം ധരിച്ചാൽ അല്മായരിൽ നിന്നും കൂടുതൽ ബഹുമാനം ലഭിക്കുമെന്നും അഭിഷിക്തർ ചിന്തിക്കുന്നു. കാലം മാറിയിട്ടും യാഥാസ്ഥിതികരായ പുരോഹിതരുടെ ചിന്താഗതികൾക്ക് മാത്രം മാറ്റം വരുന്നില്ല.'

(13) 'അമേരിക്കയുടെ ഏതു സ്ഥലങ്ങളിലും റോമ്മായുടെ കീഴിലുള്ള കത്തോലിക്ക പള്ളികളുണ്ട്. ആ സ്ഥിതിക്ക് ഈ നാട്ടിൽ സീറോ മലബാർ സഭയുടെ സേവനത്തിന്റെ ആവശ്യമില്ല. ആത്മീയത തേടി സ്വന്തം റീത്തെന്നു പറഞ്ഞു പള്ളിതേടി പോവേണ്ടതുമില്ല. സ്ഥലത്തുള്ള ലത്തീൻ പള്ളികളിൽ കുർബാന കണ്ടിട്ട് സീറോ മലബാർ പള്ളികളിൽ കൊടുക്കേണ്ട പണം കൊണ്ട് ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ ദരിദ്രരാജ്യങ്ങളിലെ പാവങ്ങളെ സാമ്പത്തികമായി സഹായിച്ചാൽ അത് കൂടുതൽ ‌ ക്രിസ്തീയതയായിരിക്കും.'

(14) സീറോ മലബാർ പള്ളികളുടെ രീതികളും ആചാരങ്ങളും മുഴുവനായും ബൈബിളിനെതിരെയാണ്. പഴയ നിയമത്തിലെ പുരോഹിതരുടെ പുതിയ പതിപ്പാണ് സീറോ മലബാർ പുരോഹിതർ. മനുഷ്യകല്പനകളെയല്ല ദൈവകല്പനകളെയാണ് അനുസരിക്കേണ്ടത്. ഇന്ന് സഭയിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നവരാണ് ഭൂരി ഭാഗവും. അതിനു നവീകരണം ആവശ്യമാണ്. നവീകരണത്തിനായി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നും സമഗ്രമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

(15)മനുഷ്യത്വവും മാനുഷികമൂല്യങ്ങളും സഭയ്ക്കാകെ നഷ്ടപ്പെട്ടിരിക്കുന്നു. അല്മായരുടെ നേർച്ചപ്പണം ഉപയോഗിച്ച് വക്കീൽ നോട്ടീസുവരെ അല്മായർക്കെതിരെ പുരോഹിതരും ശിങ്കടികളും നൽകുന്നു.  വലിയൊരു അല്മായ വിഭാഗം പുരോഹിതർ പറയുന്നതുമാത്രമേ ശ്രവിക്കുള്ളൂ. തെറ്റാണെങ്കിലും ചതിയാണെങ്കിലും പുരോഹിതനിൽ ഭൂരിഭാഗവും അമിതവിശ്വസം പുലർത്തുന്നതു കാണാം.  അതിനൊരു മാറ്റം വരണം.

(16) ലോകം മുഴുവനായി പതിനായിരക്കണക്കിന് ക്രിസ്തീയ സഭകളുണ്ടെന്നാണ് കണക്കായിരിക്കുന്നത്. ആദിമ സഭയിൽ പൗരാഹിത്യം ഉണ്ടായിരുന്നില്ല. ദിവ്യ ബലിയെ ചുറ്റിപ്പറ്റിയുള്ള ആചാരങ്ങൾ കത്തോലിക്കാ സഭയുടെ കുത്തകയായപ്പോൾ പൗരാഹിത്യ മേൽക്കോയ്മ അതിനുള്ളിൽ നുഴഞ്ഞു കയറി. പുരോഹിത മതം വന്നപ്പോൾ മുതൽ ക്രിസ്തുമാർഗവും സത് ഗുരുവും സഭയ്ക്ക് നഷ്ടപ്പെട്ടു.

(17) അമേരിക്കയിൽ കത്തോലിക്കരെ ക്രിസ്ത്യാനികളെന്നു പോലും ഭൂരി ഭാഗം ജനത അംഗീകരിച്ചിട്ടില്ല. കത്തോലിക്കരെന്നും മറ്റുള്ളവരെ ക്രിസ്ത്യാനികളെന്നുമാണ് അറിയപ്പെടുന്നത്. ഒരേ ക്രിസ്തുവിനുവേണ്ടി സഭകൾ തമ്മിൽ മത്സരിക്കുന്നു. സീറോ മലബാറും ലത്തീൻ സഭയും, ക്നാനായും തമ്മിൽ പരസ്പരം മത്സരത്തിലും വിദ്വെഷത്തിലും ചിലപ്പോൾ ശത്രുതാ മനോഭാവം പുലർത്തുകയും ചെയ്യുന്നു.

(18) ക്രിസ്ത്യാനിറ്റി തന്നെ ഒരു വ്യവസായ സ്ഥാപനമാണ്. അത് ക്രിസ്ത്യാനിയറ്റിയല്ല വാസ്തവത്തിൽ ചർച്ചിയാനിറ്റിയെന്നു വിളിക്കണം. നമുക്ക് വേണ്ടത് പൗരാഹിത്യത്തിന്റെ മേൽക്കോയ്മയുള്ള ഒരു മതമല്ല ആദിമ സഭകളുടെ ചൈതന്യം വീണ്ടെടുത്ത ക്രിസ്തുവിന്റെ സഭയാണ് വേണ്ടത്.

(19) നമ്മുടെ ഉദ്യമം വെറുപ്പിൽ നിന്നുമായിരിക്കരുത്, സ്നേഹത്തിൽനിന്നുമായിരിക്കണം. നമ്മുടെ ലക്ഷ്യം സഭയെ നശിപ്പിക്കുകയെന്നല്ല സഭയെ നന്മയുടെ പന്ഥാവിൽ നയിക്കണമെന്നുള്ളതായിരിക്കണം. പൂർണ്ണമായ ക്രിസ്തുമാർഗം മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം.

കേരളത്തിൽ പാലാ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന കെ.സി.ആർ.എം. എന്ന സംഘടനയുടെ ആശയങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ അമേരിക്കയിൽ ഒരു സംഘടന രൂപീകരിക്കാൻ  ഈ യോഗം തീരുമാനിക്കുകയുണ്ടായി. അമേരിക്കൻ സാംസ്ക്കാരിക ജീവിതത്തിൽ നമ്മുടെ സംസ്‌കാരവുമായി വ്യത്യസ്തമായ സാഹചര്യങ്ങളുണ്ടാവുമെങ്കിലും പുതിയ തലമുറകളെ  വഴിതെറ്റിക്കാതിരിക്കാനുള്ള എല്ലാ കരുതലുകളും ലക്ഷ്യമിട്ടായിരിക്കണം സംഘടന പ്രവർത്തിക്കേണ്ടതെന്നും യോഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. ഒരു സംഘടന രൂപീകരിക്കാനും ഭാവി പരിപാടികൾ തീരുമാനിക്കാനും സഭാപൗരന്മാർ സെപ്റ്റംബർ മുപ്പതാംതിയതി ഷിക്കാഗോയിൽ സമ്മേളിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഇന്ത്യയിലെ സുപ്രീം കോർട്ട് ' ട്രിപ്പിൾ തലാഖ് ' ക്കിനെതിരെ വിധി പ്രസ്താവിച്ചതിൽ ജഡ്ജിമാരെ അഭിനന്ദിക്കുന്ന ഒരു പ്രമേയം  ടെലികോൺഫെറൻസിൽ ഐകകണ്ഡേന  പാസാക്കി.  ശ്രീ ജോസ് കല്ലിടുക്കിലാണ് പ്രമേയം അവതരിപ്പിച്ചത്. കൂടാതെ ശ്രീ ചാക്കോ കളരിക്കൽ പറഞ്ഞു, "നാം രൂപീകരിക്കാൻ പോവുന്ന സഭാപൗരന്മാരുടെ ഈ സംഘടന ക്രൈസ്തവ മാതൃകയനുസരിച്ചായിരിക്കണം. ആഗോളവ്യാപകമായി പ്രതിഫലിക്കപ്പെടുകയും വേണം. സഭയുടെ നവീകരണം സംബന്ധിച്ച ക്രിയാത്മകമായ ആശയങ്ങളും ഉൾക്കൊണ്ടിരിക്കണം. സമാനമായ മറ്റു സംഘടനകളുമായി യോജിച്ച് സഭയിൽ തന്നെ മാറ്റങ്ങളുടേതായ ഒരു പുതുയുഗം തന്നെ സൃഷ്ടിക്കണം.  പവിത്രവും പരിപാവനവുമായ ഒരു സഭയാണ് നമുക്ക് ആവശ്യം."

ചോദ്യോത്തര വേളകൾക്കു ശേഷം വീഡിയോ കോൺഫെറൻസ് അവസാനിപ്പിക്കുകയും മോഡറേറ്റർ ശ്രീ എ.സി. ജോർജ് യോഗത്തിൽ സംബന്ധിച്ചവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.


സീറോ മലബാർ കത്തീഡ്രൽ, ഷിക്കാഗോ 


EMalayalee News:


No comments:

Post a Comment